Read Time:46 Minute

ഒക്ടോബർ 1- വയോജന ദിനം

ആയുർദൈർഘ്യത്തിന്റെ കാല ദേശഭേദങ്ങൾ അവതരിപ്പിച്ചു കൊണ്ട് വാർധക്യത്തെ നിർവചിക്കാൻ ശ്രമിക്കുന്ന ലേഖനം. വാർധക്യത്തിൽ വരുന്ന മാനസിക – ശാരീരിക മാറ്റങ്ങളും ഡിസബിലിറ്റി എന്ന നിലയിലുള്ള അതിന്റെ സ്വാധീനവും കുടുംബത്തിന്റെയും ബന്ധുക്കളുടെയും പങ്കും ചർച്ചചെയ്യുന്നു. വാർധക്യത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ ഇനിയും ധാരാളം പഠനങ്ങൾ ഉണ്ടായാലേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാവൂ, വൃദ്ധ സൗഹൃദനയങ്ങളും ആവിഷ്കരിക്കപ്പെടുകയുള്ളൂ.

ഡോ.യു.നന്ദകുമാർ എഴുതുന്നു…

സമൂഹത്തിന്റെ ആയുർദൈർഘ്യം വർധിച്ചു വന്നിട്ട് അധികനാളായിട്ടില്ല. വാർധക്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ വ്യക്തികളുടെ ജീവിതദൈർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ പൂർവികർ എത്രനാൾ ജീവിച്ചിരുന്നിരിക്കാം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പ്രയാസമാണ്. പുരാതന മനുഷ്യർ അവരുടെ ജീവിതത്തെപ്പറ്റിയോ ജീവിത കാലയളവിനെപ്പറ്റിയോ കൃത്യമായ രേഖകളൊന്നും അവശേഷിപ്പിച്ചിട്ടില്ല. നാമിപ്പോൾ കാണുന്നതുപോലെ എൺപതും തൊണ്ണൂറും വയസ്സുവരെ മനുഷ്യർ പഴയകാലത്ത് ജീവിച്ചിരുന്നില്ല. രണ്ട് അടിസ്ഥാന സങ്കൽപ്പങ്ങളിൽ നിന്ന് ഈ വിഷയത്തിലേയ്ക്ക് വരാം.

അമേരിക്കയിൽ ആന്ത്രപ്പോളജി പ്രൊഫസർമാരായ റേച്ചൽ കാസ്പറി, സാങ്-ഹീ ലീ എന്നിവർ ഒരു നൂതനാശയം വികസിപ്പിച്ചു. ആർക്കിയോളജിസ്റ്റുകൾ ലോകമെമ്പാടും മനുഷ്യാവശിഷ്ടങ്ങൾ പഠിക്കാൻ ഖനനം നടത്തുന്നു; അവിടെ കണ്ടെത്തുന്ന പുരാതന അസ്ഥികൾ പഠിക്കുകയും അവയുടെ പ്രായം കണ്ടെത്തുകയും ചെയ്യുകയാണ് ആദ്യ ഘട്ടം.

വ്യത്യസ്ത പ്രായങ്ങളിൽ മരിച്ചവരുടെ താരതമ്യപഠനത്തിന് ശേഷം ഗവേഷകരുടെ അനുമാനം ഇതായിരുന്നു: മനുഷ്യന്റെ ആയുസ്സ് 30 വയസ്സിനപ്പുറത്തേയ്ക്ക് കടന്നിട്ട് ഏതാണ്ട് 30000 വർഷമേ ആയിട്ടുള്ളു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മുത്തശ്ശരുടെ കാലമാരംഭിക്കുന്നത് അപ്പോഴാണെന്ന് കാണാം. മൂന്ന് തലമുറക്കാർ ഒപ്പം ജീവിക്കുക തീർച്ചയായും സാമൂഹിക പരിണാമത്തിലെ പ്രധാന ഘട്ടമായിക്കാണാം.

ദീർഘായുസ്സിന്റെ രഹസ്യങ്ങൾ

പ്രതീക്ഷിത ആയുർദൈർഘ്യം എന്നാൽ, ഒരു സമൂഹത്തിലെ മുഴുവൻ പേരെയും പരിഗണിച്ച് ശരാശരി ആയുസ്സ് എത്രയെന്ന കണ്ടെത്തലാണ്. ഒരു സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനിത് ആവശ്യമായി വരും. ഉദാഹരണത്തിന്, 2011-ലെ സെൻസസ് പ്രകാരം 60 ന് മേൽ പ്രായമുള്ളവർ 8.6% ആയിരുന്നു. ഇത് പ്രതിവർഷം 3% വെച്ചു വർധിക്കുമെന്നും കണ്ടെത്തുകയുണ്ടായി. അങ്ങനെയെങ്കിൽ 2031-ൽ 13.1%, 2051-ൽ 19% വുമായി വികസിക്കും. അന്നത്തെ ജനസംഖ്യയായ 168.5 കോടിയിൽ ഏതാണ്ട് 32 കോടി മുതിർന്ന പൗരർ ഉണ്ടാകുമെന്നാണ് കണക്ക്. അവരിൽ 75% പേർക്കും എന്തെങ്കിലും ദീർഘകാല ആരോഗ്യപ്രശ്നങ്ങളുണ്ടാകും; ആരോഗ്യകരമായ വാർധക്യം (healthy ageing) ദീർഘദൃഷ്ടിയോടുള്ള ആസൂത്രണമില്ലെങ്കിൽ അപ്രാപ്യമാകുമെന്നർഥം. അവരിൽ തന്നെ ഏതെങ്കിലും ഡിസബിലിറ്റിയുള്ളവർ 40% വും മാനസിക പ്രശ്നങ്ങളുള്ളവർ 20% ഉണ്ടാകും. സമാനമായ കണക്കുകൾ കേരളത്തിലും ഉണ്ട്. ഭാവി ആസൂത്രണം ചെയ്യാൻ പ്രതീക്ഷിത ആയുർദൈർഘ്യം ഉപകാരപ്പെടും.

ജീവിത കാലയളവ് (life span) അഥവാ ആയുസ്സ് നമ്മുടെ പൊതുജീവിതത്തെക്കാണാനുള്ള മറ്റൊരു മാർഗമാണ്. ഒരു വ്യക്തിക്ക് കൂടിയാൽ എത്രകാലം ജീവിക്കാമെന്ന് നോക്കുകയാണ് ഇവിടെ. ഒരു മനുഷ്യായുസ്സ് 122 വർഷമാണെന്ന് കരുതപ്പെടുന്നു. രേഖകളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഇതിനപ്പുറം ഒരാളുണ്ട്; ഫ്രഞ്ച് വനിത ഷാൻ കാൽ മങ് (Jeanne Calment, 1875-1997). കണക്കുകൾ പ്രകാരം 122 വർഷവും 164 ദിവസവും ആയിരുന്നു അവരുടെ ആയുസ്സ്. അവർ ജനിച്ചപ്പോൾ ഫ്രഞ്ച് വനിതകളുടെ ശരാശരി ആയുർദൈർഘ്യം വെറും 45 വർഷമായിരുന്നു. അവരെക്കുറിച്ച് ലൗറേൻ കോളിൻസ് (Lauren Collins) എഴുതിയ വിശദമായ ലേഖനം ന്യൂയോർക്കറിൽ വായിക്കാം. ജീവിതം പോകെപ്പോകെ ബന്ധുക്കൾ ഒന്നൊന്നായി മരിച്ചുപോവുകയും അനേക ദശകങ്ങൾ അവർ ഒറ്റയ്ക്ക് ഒരു ഫ്ളാറ്റിൽ താമസിക്കുകയും ചെയ്തു. നൂറു വയസ്സെത്തിയവരിൽ മരണനിരക്ക് കുറയുന്നതായി തോന്നുന്നതായി അവരുടെ ജീവിതം പഠനവിഷയമാക്കിയ ചിലർ അഭിപ്രായപ്പെടുകയുണ്ടായി.

സാങ്കേതികമായി, സാധ്യമായ ലൈഫ് സ്പാൻ കാലയളവിന്റെ എത്രഭാഗമാണ് നമ്മുടെ സമൂഹത്തിന് ജീവിക്കാനാകുക എന്ന് കണ്ടെത്താൻ ഇപ്പോൾ സാധിക്കുന്നു. ലോകത്തു ഏറ്റവുമുയർന്ന ആയുർദൈർഘ്യമുള്ള (ഹോങ്കോങ് ഒഴികെ) രാജ്യം ജപ്പാൻ ആണ്; ഏറ്റവും കുറവ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്. പ്രതീക്ഷിത ആയുർദൈർഘ്യം ജപ്പാനിൽ 85.03 ഉം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 54.36 ഉം വർഷമാണ്. മനുഷ്യായുസ്സിന്റെ കണക്കിൽ പറഞ്ഞാൽ ആയുർദൈർഘ്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന ജപ്പാൻകാർ മനുഷ്യായുസിന്റെ 69.697% ഉം സെൻട്രൽ ആഫ്രിക്കൻ സമൂഹം 44.557% ഉം ഭാഗം മാത്രമേ ജീവിക്കുന്നുള്ളൂ. മറ്റുള്ളവർ ഇതിനിടയിൽ കാണും. അപ്പോൾ ഇതിലാരെയൊക്കെ വൃദ്ധർ എന്ന് വിളിക്കാം എന്നതുപോലും സങ്കീർണമായ ചോദ്യമാണ്.

നൂറു വയസ്സു പിന്നിട്ടു ശതായുഷ്മരും (centenarians) നൂറ്റിപ്പത്തു വയസ്സു പിന്നിട്ട് അതിശതായുഷ്മരും (supercentenarians) ജപ്പാനിലുണ്ട്. അതിശതായുഷ്മർ 2015-ലെ കണക്കനുസരിച്ചു 263 പേരുണ്ടായിരുന്നു. മരണത്തോടടുക്കും വരെ ആരോഗ്യകരമായ ജീവിതം നയിക്കാനാകുന്നുവെന്നതാണ് ഇവരുടെ പൊതുപ്രത്യേകത. അറുപതാം വയസ്സുമുതൽ കാണപ്പെടുന്ന സ്ട്രോക്ക്, ഹൃദ്രോഗം, കാൻസർ എന്നിവ ഇവരെ അലട്ടാറില്ല. മരണത്തോടടുത്തു മാത്രമാണ് എന്തെങ്കിലും തരം അനാരോഗ്യം മൂലം ആശ്രയത്വം നേരിടുന്നത്. അതിശതായുഷ്മർ ലോകത്താകെ 500-ൽ താഴെ പേരെ ഉണ്ടാകാനിടയുള്ളൂ. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ (2010) നൂറ്റിപ്പത്ത് കടന്ന 663 പേരെ കണ്ടെത്തിയെന്ന് പറയുന്നു. നൂറു കടന്ന ആയിരം പേരിൽ ഒരാൾ മാത്രമേ നൂറ്റിപ്പത്ത് കടക്കൂ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ രേഖകൾ പ്രകാരം രണ്ട് പേർ നൂറ്റിപ്പത്ത് വയസ്സ് കടന്ന് ജീവിക്കുകയുണ്ടായി.

നൂറു കഴിഞ്ഞു ജീവിക്കുന്നവർ ദീർഘകാല രോഗങ്ങളുമായി മല്ലടിക്കുന്നവരല്ല; എഴുപത്, എൺപത്, വയസ്സുകളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും പല ക്രോണിക് രോഗങ്ങളുമായി പൊരുതുന്നവരാണ്. പ്രമേഹം, രക്താതിമർദം, ശ്വാസകോശ രോഗങ്ങൾ, കാൻസർ, സന്ധിരോഗങ്ങൾ എന്നിവയുടെ ചികിത്സ വ്യക്തിക്കും സമൂഹത്തിനും അധികഭാരമാണ്. എന്നാൽ, നൂറു കഴിയുന്നവർ ആരോഗ്യത്തോടെ ജീവിക്കുകയും മരണത്തോടടുത്ത നാളുകളിൽ മാത്രം രോഗിയാകുകയും ചെയ്യുന്നു.

രോഗാതുരതയുടെ ആശയത്വം പരിമിതമായി മാത്രം അനുഭവിക്കുന്നതിനാൽ വർധിച്ച ആയുഷ്കാലത്തിന്റെ പൊരുൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നു. അസാമാന്യമായ ആയുർദൈർഘ്യം അസാമാന്യമായ രോഗപ്രതിരോധത്തെക്കൂടി സൂചിപ്പിക്കുന്നു. ശതായുഷ്മർ, അവരോടൊപ്പം ജനിച്ചവരെക്കാൾ 22 വർഷത്തിലധികം ആയുസ്സ് കൈവരിച്ചവരാണ്. ശതായുഷ്മർ അധികമായി കാണപ്പെടുന്ന ചില പ്രദേശങ്ങളുണ്ട്; ഒകിനാവ (ജപ്പാൻ), ഇകാരിയ (ഗ്രീസ്), സാർഡീനിയ (ഇറ്റലി) എന്നിവിടങ്ങളിൽ ദീർഘായുസ്സുള്ളർ അധികമായുണ്ട്. വ്യവസായവൽക്കരണത്തിലും വരുമാനത്തിലും പിന്നിലും, അവരുടെ തന്നെ രാജ്യത്തിലെ മറ്റു സിറ്റികളോട് സമ്പർക്കം പരിമിതപ്പെടുത്തിയും വികസിത പ്രദേശങ്ങളിലെ ജീവിതശൈലിയിൽ നിന്നകന്നും ജീവിക്കുന്നതായും കാണുന്നു.

ദീർഘായുസ്സിനു കാരണമാകുന്ന ഘടകങ്ങളിൽ ഉദ്ദേശം 25% സ്വാധീനമാണ് ജീനുകൾ വഹിക്കുന്നത് എന്നു കരുതപ്പെടുന്നു. ഏതെല്ലാം ജീനുകളാണെന്നോ അവയുടെ പ്രവർത്തനം എങ്ങനെയാണെന്നോ കൃത്യമായി പറയാനായിട്ടില്ല. ചില ജനിതക വ്യതിയാനങ്ങളും ദീർഘായുസ്സും തമ്മിൽ ഒത്തുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോളിമോർഫിസം (poly morphisms) എന്ന മാറ്റങ്ങൾ APOE, FOXO3, CETP ജീനുകളിൽ കാണാം. എന്നാൽ, എല്ലാ ശതായുഷ്മരിലും ഈ വ്യതിയാനങ്ങൾ കാണാനാവുന്നില്ല, അതിനർഥം, ദീർഘായുസ്സിനെ പിന്തുണയ്ക്കുന്ന അനേകം ജനിതക മാറ്റങ്ങളിൽ ചിലതുമാത്രം കണ്ടെത്തിയെന്നാവാം.

ദീർഘായുസ്സിന്റെ പിന്നിലെ നിഗൂഢതകളിലേക്ക് അന്വേഷണം നടത്തുന്ന ഫറാഹാൻ (Faraghan), ബാർസിലായ് (Barzilai), എന്ന ഗവേഷകർ എഴുതിയ ലേഖനം (2021) ദ കോൺ വെർസേഷൻ (The Conversation) എന്ന പ്രസിദ്ധീകരണത്തിൽ കാണാം. നൂറുകൊല്ലത്തിലധികം ആയുസ്സുള്ളവരിൽപ്പോലും ഇതര ജനങ്ങളിൽ കാണുന്ന, രോഗകാരികളായ ജനറ്റിക് വേരിയന്റുകളുടെ സാന്നിധ്യമുണ്ട്. അൽ ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട APOE4 എന്ന ജനിതകഘടകം പോലും അവരിൽ കണ്ടെത്തിയിട്ടുണ്ടങ്കിലും അവർക്ക് രോഗബാധയുണ്ടാകുന്നില്ല. രോഗങ്ങളെ ചെറുത്തുനിൽക്കുന്ന മറ്റു ജനറ്റിക് വ്യതിയാനങ്ങൾ അവർക്ക് രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്നതാവും സത്യം. ദീർഘായുസ്സുള്ള 60% പേരിലും കുട്ടിക്കാലത്തുതന്നെ വളർച്ചയെ നിയന്ത്രിക്കുന്ന ജീനുകളിൽ അനുകൂല സ്വാധീനം ചെലുത്തുന്ന ജനിതക മാറ്റങ്ങൾ ഉള്ളതായി കണ്ടിട്ടുണ്ട്. ഗ്രോത്ത് ഹോർമോണുമായി (Growth hor mone) അടുത്ത ബന്ധമുള്ള IGF 1 എന്ന ഘടകം ഇതിലൊന്നാണ്. മധ്യവയസ്കരിലും മുതിർന്നവരിലും IGF 1 ഏറിനിന്നാൽ തുടർനാളുകളിൽ രോഗാതുരത വർധിക്കുമെന്നും തെളിവുണ്ട്. ആരോഗ്യത്തോടെ ദീർഘമായി ജീവിക്കുന്നതിന്റെ രഹസ്യങ്ങൾ ക്രമേണ ചുരുളഴിഞ്ഞു വരുന്നു എന്നു പറയാം.

വാർധക്യവും ശാരീരിക മാറ്റങ്ങളും

എന്താണ് വാർധക്യം എന്ന് പെട്ടെന്ന് പറയാനാവില്ലെങ്കിലും വാർധക്യത്തിൽ വന്നുചേരുന്ന മാറ്റങ്ങൾ ഏറെക്കുറെ വ്യക്തതയോടെ ഇന്ന് പറയാനാവും. ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്നതാകയാൽ വാർധക്യാനുഭവങ്ങൾ സാർവത്രികവും സുപരിചിതവുമാണ്. .

വാർധക്യത്തിലെത്തിയ വ്യക്തിയുമായി സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ഭാഷാരീതികൾ വാർധക്യത്തെ പരസ്പരം അംഗീകരിക്കുന്നുവെന്ന ധാരണ പങ്കിടുന്നു. അതിനാൽ, വാർധക്യത്തിലെ മാറ്റങ്ങളിൽ ജീവശാസ്ത്ര, മാനസിക, സാമൂഹിക, സാംസ്കാരിക മാനങ്ങൾ കണ്ടെത്താം

ഏറ്റവും പ്രകടമായ ശാരീരിക മാറ്റങ്ങളിൽ കാഴ്ച, കേഴ്വി, ഗന്ധം, രുചി, ഗ്രഹണശേഷി, ത്വക്ക് എന്നിവയിലെ മാറ്റങ്ങൾ ഉൾപ്പെടുന്നു. ശരീരത്തിലെ മറ്റിടങ്ങളിലും തുടർച്ചയായ മാറ്റങ്ങളാണ് വാർധക്യത്തിൽ നിരന്തരം ഉണ്ടാകുന്നത്. അസ്ഥികളിലും മാംസപേശികളിലും ഗണ്യമായ മാറ്റങ്ങളുണ്ടാകുന്നു. അവയുടെ അളവ് കുറയുകയും പേശീബലം ചുരുങ്ങുകയും ചെയ്യും കുറെയിടങ്ങളിലെങ്കിലും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയുമുണ്ട്. ഇത് അസ്ഥികൾ പൊട്ടാനും ദുർബലതയുണ്ടാകാനും ജീവിത ഗുണമേന്മയിൽ ഇടിവുണ്ടാകാനും കാരണമാകും. പരാശ്രയത്വം വർധിക്കുമ്പോൾ വാർധക്യം രോഗാതുരമാകും. പ്രായം കൂടുന്നമുറയ്ക്ക് മാംസപേശികളുടെ ശക്തി പ്രതിവർഷം 1.5% എന്ന കണക്കിലും 60 നു മേലെ ഇതിന്റെ തോത് 3% ത്തിലേയ്ക്ക് കൂടുകയും ചെയ്യും. മാംസ്യം ഉത്പാദിപ്പിക്കാനാവാത്തതിനാൽ പേശികളിലെ കോശങ്ങളുടെ സംഖ്യ കുറയുകയും അവയുടെ വലുപ്പം ചുരുങ്ങുകയും ചെയ്യും. പേശികൾക്ക് ബലം ഉത്പാദിപ്പിക്കാനുള്ള കഴിവ് കൂടുതൽ പ്രകടമാകും. ഇതിന് വിവിധ ജീവിതശൈലിയുമായി ബന്ധമുണ്ട്; പേശികൾക്ക് ബലം ഉത്പാദിപ്പിക്കാനാകുന്നില്ലെങ്കിൽ സമൂഹത്തിൽ ആ വ്യക്തിയുടെ പ്രവർത്തനക്ഷമതയിൽ ഗണ്യമായ ഇടിവുണ്ടാകുന്നു. പൊതുവേ ഉദാസീന ജീവിതം നയിക്കുന്നവരിൽ ഇതിന്റെ ആഘാതം കൂടുതലായി കാണും. ചെറുപ്പക്കാരിലും മുതിർന്നവരിലും നടത്തിയ പഠനങ്ങളിൽ ആരോഗ്യമുള്ള മുതിർന്നവരിൽ പോലും പേശികൾക്ക് കാര്യമായ മാറ്റമുണ്ടാകുന്നതായി കണ്ടെത്തി. മുതിർന്നവരുടെ പേശികൾ 25-30% വരെ ചുരുങ്ങിയതായി കാണപ്പെട്ടു; ചെറുപ്പക്കാരെപ്പോലെ വേഗത്തിൽ പ്രതികരിക്കാനുള്ള കെൽപ്പുമില്ലാതായി. പേശികൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ജലാംശം കുറയുകയും ചെയ്യുന്നു. ഇത് പേശികളുടെ ഇലാസ്തികതയെ ബാധിച്ചു പേശീമുറുക്കത്തേലേയ്ക്ക് (muscle stiffnss) നയിക്കുകയും ചെയ്യുന്നു.

മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് നമുക്ക് സുപരിചിതമാണ്. മസ്തിഷ്കത്തിന്റെയും ജ്ഞാനേന്ദ്രിയ (cognition) സംബന്ധവുമായ പ്രശ്നങ്ങൾ പ്രാരംഭത്തിൽ ആരും ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. നേരിയ ശ്രദ്ധക്കുറവ്, ഒന്നിലധികം പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള വൈഷമ്യം, കാര്യങ്ങൾ ഗ്രഹിക്കാനും ആസൂത്രണം ചെയ്യാനും അനുഭവിക്കുന്ന വേഗതക്കുറവ്, എന്നിവ മുതിർന്ന പൗരരിൽ കണ്ടെന്നു വരാം. പുറത്തുനിന്നുള്ള വിവരങ്ങളും (information) ഗ്രഹണക്ഷമമായ സ്റ്റിമുലസ് (stimulus) ഉപയോഗിച്ച് ആശയ രൂപീകരണം നടത്തുന്നതിലും പോരായ്മകൾ ഉണ്ടാകും. പലപ്പോഴും തുടക്കത്തിലിത് ‘നോർമലി’ന്റെ പരിധിക്കുള്ളിലായി മാത്രമേ നമുക്ക് തോന്നു. ഇത് മുതിർന്നവരുടെ സാമൂഹിക ജീവിതത്തിൽ റിസ്ക് വർധിപ്പിക്കുകയും വീഴ്ച, അപകടങ്ങൾ എന്നിവയിൽപ്പെടുകയും ചെയ്യാം. ലഘുവായ ജ്ഞാനേന്ദ്രിയ വ്യതിയാനങ്ങൾ ഉള്ള ചിലർ ക്രമേണ മറവി രോഗത്തിലേയ്ക്ക് വഴുതിപ്പോകാനുമിടയുണ്ട്. പ്രായം കൂടുന്നതനുസരിച്ചു മസ്തിഷ്കത്തിന്റെ വ്യാപ്തിയിൽ മെല്ല കുറവുണ്ടാകുന്നു. മസ്തിഷ്കത്തിലെ ന്യൂറോണുകളും അവ പരസ്പരം ബന്ധിച്ചിരിക്കുന്ന ഡെൻട്രിറ്റിക് ശൃംഖലകളിലും ശോഷണം ബാധിച്ചുതുടങ്ങും. പ്രായം മുന്നേറുമ്പോൾ മസ്തിഷ്കത്തിലെ രക്തചംക്രമണവും കുറഞ്ഞുവരും; വ്യത്യസ്ത പ്രദേശങ്ങളെ ഉത്തേജിപ്പിച്ചു കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ പ്രയാസമേറും. പശ്നങ്ങൾ അപഗ്രഥിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമുള്ള കഴിവിനെയും സമയബന്ധിതമായി ചെയ്യുന്ന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതു കാണാം.

ഹോർമോണുകളുടെ വ്യതിയാനം വാർധക്യത്തിൽ ഉണ്ടാകും. സ്ത്രീകളിൽ ആർത്തവവിരാമം ശരീരത്തെ ബാധിക്കുന്നത് നമുക്കറിയാം. ഈസ്ട്രോജൻ കുറയുന്നതാണ് മുഖ്യകാരണം. പ്രമേഹം, തൈറോയിഡ് രോഗങ്ങൾ എന്നിവ ധാരാളമായി കണ്ടുവരുന്ന ഹോർമോൺ രോഗങ്ങളാണ്. ചില പ്രധാന വിറ്റാമിനുകളും ധാതുക്കളും സൂക്ഷ്മപോഷകങ്ങളും (micro nutrients), വാർധക്യത്തിലെ ഭക്ഷണ രീതിമൂലം അപര്യാപ്തമാകാറുണ്ട്. ഇത് മുതിർന്നവരിൽ പോഷകാഹാരക്കുറവിന്റെ അനുബന്ധപ്രശ്നങ്ങൾക്കു കൂടി കാരണമാകുന്നു.

പ്രായം ഉയരത്തെയും വണ്ണത്തെയും ബാധിക്കുന്നു. നാൽപ്പതു കഴിഞ്ഞാൽ, ഓരോ ദശകത്തിലും ഒരു സെന്റീമീറ്റർ എന്നതോതിൽ ഉയരം കുറയുന്നതായിക്കാണുന്നു. ഏതാണ്ട് എഴുപതു വയസ്സുവരെ ഇങ്ങനെ തുടരും; അപ്പോൾ, യുവത്വത്തിൽ ഉണ്ടായിരുന്നതിനേക്കാൾ മൂന്ന് സെന്റീമീറ്റർ പൊക്കം കുറയുന്നതിൽ അത്ഭുതമില്ല. തുടർന്നുള്ള കാലം പൊക്കം കുറയുന്നതിന്റെ തോതും കൂടുന്നതായാണ് കാണുന്നത്. സന്ധികളിലെ തേയ്മാനം, കശേരുക്കളിലും ഡിസ്കുകളിലും ഉണ്ടാകുന്ന ജീർണത, പേശികളിൽ സംഭവിക്കുന്ന അനിലാസ്തികത, എന്നിവ കാരണങ്ങളായി കരുതപ്പെടുന്നു.

ശരീരഭാരത്തിലും വാർധക്യത്തിൽ മാറ്റമുണ്ടാകുന്നു. പുരുഷന്മാർക്ക് 55-58 വയസ്സ് കാലത്ത് വണ്ണം കൂടുന്നതാണ് പതിവ്. ഇത് ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ കുറയുന്നതിനാൽ സംഭവിക്കുന്നതാണ്. അടുത്ത പത്ത് വർഷത്തിന് ശേഷം ശരീരഭാരം കുറഞ്ഞുതുടങ്ങും. സ്ത്രീകൾക്ക് 65 വയസ്സുവരെ ശരീരഭാരം കൂടിവരുകയും പിന്നീട് കുറഞ്ഞു തുടങ്ങുകയും ചെയ്യും. വാർധക്യത്തിൽ പേശികൾ ശുഷ്കിക്കുകയും അതിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നതിനാലാണ് ശരീരഭാരം കുറയുന്നത്. ജലം, മാംസപേശി എന്നിവയെക്കാൾ സാന്ദ്രത കുറവാണല്ലോ കൊഴുപ്പിന്. യുവാക്കളിൽ ഉള്ളതിനേക്കാൾ 30% കൊഴുപ്പ് കൂടുതൽ ഉണ്ടാകും അവരുടെ വാർധക്യത്തിൽ. മറ്റു ഹോർമോണുകളുടെ ഏറ്റക്കുറച്ചിലും വാർധക്യത്തെ സ്വാധീനിക്കും. ഗ്രോത്ത് ഹോർമോൺ വാർധക്യത്തിൽ കുറയുന്നു; ലെപ്റ്റിൻ, തൈറോയ്ഡ് ഹോർമോൺ, എന്നിവയുടെ സ്വാധീനശക്തിയിൽ കുറവുണ്ടാകുന്നു.

ലൈംഗികതയും മാനസികാരോഗ്യവും കുടുംബവും

വാർധക്യം ലൈംഗികതയുടെ വാതിലുകളടയ്ക്കുന്നു എന്ന ധാരണ ശരിയല്ല. പ്രായം മുന്നേറുമ്പോൾ ശരീരത്തിനും അവയവങ്ങൾക്കും മാറ്റമുണ്ടാകുന്നത് പോലെ ലൈംഗികതയിലും മാറ്റങ്ങളുണ്ടാകാം; എന്നാൽ, മറ്റവസ്ഥകളിൽ എന്നപോലെ പ്രായത്തിനു പൊരുത്തപ്പെടുന്ന ലൈംഗികത വാർധക്യത്തിൽ ഉണ്ടാകുന്നതിൽ യാതൊരു തെറ്റും കാണേണ്ടതില്ല. വ്യക്തികൾ തങ്ങളുടെ വ്യക്തിത്വത്തെ സമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ ലൈംഗികതയ്ക്ക് വലിയ പങ്കുണ്ട്. അങ്ങനെ നോക്കിയാൽ സ്വത്വബോധത്തിന്റെ കൂടി ഭാഗമാണ് ലൈംഗികത. വികാരങ്ങൾ, വിചാരങ്ങൾ, മറ്റു ള്ളവരുമായി ബന്ധം സ്ഥാപിക്കൽ, അടുപ്പം കണ്ടെത്തൽ, വൈകാരികമായ പ്രകടനം എല്ലാം ലൈംഗികത തന്നെ. യുവാക്കളിൽ നിന്ന് വ്യത്യാസമുണ്ടെങ്കിലും രണ്ടു മുതിർന്നവർ സമയം, ബന്ധം, വിശ്വാസം എന്നിവ പങ്കിടുന്നത് ലൈംഗിക സഫലീകരണത്തെ സൂചിപ്പിക്കുന്നു. ഇതിനർഥം മുതിർന്നവരിൽ ശാരീരിക ബന്ധം ഉണ്ടാകില്ലെന്നല്ല. അവരുടേതായ രീതിയിൽ സന്തോഷപ്രദമായ ശാരീരിക ബന്ധം സാധ്യമാക്കുന്ന മുതിർന്നവരുണ്ട്. ഇതിൽ അസ്വാഭികതയില്ലെന്നുമാത്രമേ അർഥമുള്ളൂ.

യുവാക്കളായിരുന്നപ്പോൾ ലഭിച്ചിരുന്നതിലധികം സന്തോഷം വാർധക്യത്തിലെ ലൈംഗികബന്ധത്തിൽ കണ്ടെത്തുന്നവരുണ്ട്. എന്നാൽ, ശാരീരിക മാറ്റങ്ങൾ, ക്ഷീണം, മാനസിക രോഗാവസ്ഥകൾ, ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ, പ്രമേഹം, സന്ധി-പ്രോസ്റ്റേറ്റ് രോഗങ്ങൾ എന്നിവ ലൈംഗിക താൽപ്പര്യത്തെ ബാധിക്കും. അതുപോലെ, വാർധക്യത്തിൽ ജനനേന്ദ്രിയത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ലൈംഗികബന്ധം പ്രയാസമാക്കും. എന്നാൽ, ഇതിൽ പലതിനും ശ്രദ്ധാപൂർവം ചികിൽസിച്ചാൽ അനുകൂലമായ ഫലം ലഭിക്കുമെന്നതിനാൽ ശാസ്ത്രീയ ചികിത്സ ലഭ്യമാക്കാൻ ശ്രമം നടത്തേണ്ടതാണ്.

പ്രകാശ്, കുക്രെതി, (Prakash, Kukreti, 2013) എന്നിവരുടെ പ്രബന്ധം വാർധക്യത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നു. ഇന്ത്യയിൽ 75% വൃദ്ധരും ഗ്രാമങ്ങളിലാണുള്ളത്, അതിൽ 90% പേരും അസംഘടിത മേഖലയിൽ പ്രവർത്തിച്ചിരുന്നവരായിരുന്നതിനാൽ ശിഷ്ടജീവിതത്തിൽ കൃത്യവരുമാനമൊന്നുമില്ല. ബഹുഭൂരിപക്ഷം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്നത് അവരുടെ അരക്ഷിതത്വം വർധിപ്പിക്കുന്നു. ജീവിതാനുഭവങ്ങളും കുടുംബത്തിന്റെ കെട്ടുറപ്പും മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിനാൽ വിശദമായ പഠനങ്ങൾ അത്യാവശ്യമുള്ള മേഖലയാണിത്. വൃദ്ധരിൽ നടന്ന പഠനങ്ങളിൽ എത്രപേർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട് എന്നതിൽ സമാനാഭിപ്രായമില്ല. ചിലർ 9% റിപ്പോർട്ട് ചെയ്യുമ്പോൾ മറ്റുള്ളവർ 61% വരെ ഉള്ളതായി കാണുന്നു. സാധാരണയായി കാണപ്പെടുന്ന മാനസിക പ്രശ്നം വിഷാദരോഗമാണ്. വിഷാദത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും കാണാതെപോകുന്നത് ചികിത്സ വൈകാൻ കാരണമാകും. മറവിരോഗമാണ് കണ്ടുവരുന്ന മറ്റൊരു പ്രശ്നം. മറ്റുമനസികരോഗങ്ങളുമായി ചേർന്ന് വരുമ്പോൾ ചികിത്സയേയും പരിചരണത്തേയും സങ്കീർണമാക്കും.

ലോകാരോഗ്യ സംഘടനയും വാർധക്യത്തിലെ പ്രധാന പ്രശ്നങ്ങളായി കാണുന്നത് വിഷാദവും മറവി രോഗങ്ങളും തന്നെ. ഉത്കണ്ഠ ഉദ്ദേശം 4% പേരെ ബാധിക്കുന്നുണ്ടാവാം. ഒരു ശതമാനം പേർ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട രോഗാതുരതയും കാണപ്പെടും. ഇത് പലപ്പോഴും ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽ വരണമെന്നില്ല.

ശാരീരികാസ്വാസ്ഥ്യങ്ങളും മനസികാനാരോഗ്യവും കെട്ടുപിണഞ്ഞു കിടക്കുന്നതിനാൽ രണ്ടും ഒപ്പം പരിഗണിക്കേണ്ടതാണ്. ഒന്ന് മറ്റേതിനെ സങ്കീർണമാക്കുകയും ചെയ്യും. പലതരത്തിലുള്ള വിയോഗങ്ങൾ വൃദ്ധർ അനുഭവിക്കാറുണ്ട്; സമപ്രായക്കാരുടെ, സുഹൃത്തുക്കളുടെ, ജീവിതപങ്കാളികളുടെ, സഹോദരങ്ങളുടെ, മക്കളുടെ. നഷ്ടങ്ങളുടെ ദുഃഖവും ഓർമകളും അവരുടെ ജീവിതം ക്ലേശകരമാക്കുന്നു. വാർധക്യത്തിലെ ആത്മഹത്യാ പ്രവണതയും ഗൗരവമേറിയതാണ്. മുതിർന്നവർ ഏതാണ്ട് 25% ആത്മഹത്യക്ക് വിധേയരാകുന്നു.

വയോജന പീഡനം വാർധക്യത്തിലെ മറ്റൊരു പ്രശ്നം തന്നെ. എന്തുതരം പീഡനത്തിനും അവർ വിധേയരാകാം. ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങളാണേറെ. വീടിനുള്ളിൽ അസഭ്യം പറയുന്നതും ചെലവിനുള്ള പണം നൽകാത്തതും ഉപേക്ഷിക്കപ്പെടുന്നതും പീഡനങ്ങളിൽപെടും. മുതിർന്നവരുടെ അന്തസ്സിനേയും ബഹുമാന്യതയെയും ഹനിക്കുന്നതിനാൽ ഇതും ഗൗരവമായ പരിഗണനയർഹിക്കുന്നു. വൃദ്ധരിൽ ആറിൽ ഒരാൾ എന്തെങ്കിലും പീഡനം അനുഭവിക്കുന്നവരാണ്.

കേരളത്തിലെ മുതിർന്നവരുടെ അവസ്ഥ – 2011 എന്ന പഠനം ബംഗളുരുവിലെ സാമൂഹിക സാമ്പത്തിക പരിവർത്തനത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് (Institute for Social and Economic Change, Bengaluru) 2013-ൽ പൂർത്തിയാക്കി. ജെയിംസ്, ശ്യാമള വർമ തുടങ്ങിയവരാണ് സമ്പാദകർ. ഇതിൽ വാർധക്യത്തിലെ വിവിധ അനുഭവങ്ങൾ പരിഗണിക്കപ്പെടുന്നു.

മുതിർന്നവരിൽ 13% മാത്രമാണ് തങ്ങൾ മെച്ചപ്പെട്ട ആരോഗ്യം അനുഭവിക്കുന്നതായി പറയുന്നത്; 34% പേർക്കും ആരോഗ്യാവസ്ഥ മോശമെന്നാണ് തോന്നിയിരുന്നത്. മുതിർന്നവരിൽ വലിയൊരു വിഭാഗം പേരും കൂടുതൽ മെച്ചപ്പെട്ട ആരോഗ്യം കാംക്ഷിക്കുന്നു. വയോജന പീഡനം അടുത്തകാലങ്ങളിലാണ് പൊതു ശ്രദ്ധയാകർഷിച്ചത്. മുൻകാലങ്ങളിൽ കുടുംബങ്ങൾക്കുള്ളിൽ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന കാര്യമായിരുന്നു.

വയോജനങ്ങളുടെ പ്രായം ഏറിവരുന്നതിനനുസരിച്ചു അവരുടെമേൽ നടക്കുന്ന പീഡനങ്ങളും വർധിക്കുന്നു. ഉദ്ദേശം മൂന്ന് ശതമാനം മുതിർന്നവർ ഏതെങ്കിലും തരം പീഡനം അനുഭവിക്കുന്നു. ശാരീരികപീഡനം ഒരു ശതമാനം സ്ത്രീകളും അര ശതമാനം പുരുഷന്മാരും ആണ് റിപ്പോർട്ട് ചെയ്യുന്നത്. സ്വയം വിലയിരുത്തുന്ന ടെസ്റ്റുകൾ ഉപയോഗിച്ച് മാനസികാരോഗ്യവും പഠനവിധേയമാക്കി. കേരളത്തിൽ 39% മുതിർന്നവർ മാനസിക വൈഷമ്യം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ മറ്റിടങ്ങളെക്കാൾ ഇത് മെച്ചമെന്ന് പറയാമെങ്കിലും പ്രായം കൂടുമ്പോൾ മാനസികാരോഗ്യം കുറഞ്ഞുവരുന്നത് ഗൗരവമുള്ള വയോജന പ്രശ്നമായി കാണാനാകണം. എഴുപതു വയസ്സിൽ താഴെ മാനസികാരോഗ്യം കുറവാണന്നു കരുതുന്നവർ 33% മാണെങ്കിൽ, 80 വയസ്സിനുമേൽ ഇത് 57% ആയി ഉയരുന്നതും ശ്രദ്ധയർഹിക്കുന്നു.

ആയുർദൈഘ്യം വർധിച്ചതോടെ കുടുംബങ്ങളിൽ രണ്ടോ അതിലധികമോ തലമുറകൾ ഒന്നിച്ചു ജീവിക്കുന്ന അവസ്ഥ സംജാതമായി. മൂന്നു തലമുറക്കുടുംബങ്ങൾ ഏറെക്കുറെ ഒന്നിച്ചു ജീവിക്കുന്ന കാലം പുതിയ അനുഭവമായിരുന്നു. എന്നാൽ, അതിവേഗം വികസിച്ചുവന്ന അണുകുടുംബങ്ങൾ മൂന്നുതലമുറക്കുടുംബങ്ങളെന്ന സങ്കൽപ്പത്തെ വിഘടിപ്പിച്ച് മാതാപിതാക്കളും കുട്ടികളും എന്ന മാ തൃകയിലേക്ക് ഉറപ്പിച്ചു. ഒരു കൂരയ്ക്ക് കീഴെ രണ്ടു തലമുറകളായി പരിമിതപ്പെട്ടുവെങ്കിലും പ്രായം കൂടിയവരും കുറഞ്ഞവരും പരസ്പരം സഹായം കൈമാറുകയും സ്നേഹം പങ്കിടുകയും ചെയ്യുന്ന പുതിയ മാതൃക ഉദയം ചെയ്തു. ലോകമെമ്പാടും ഏറിയും കുറഞ്ഞും ഈ മോഡൽ കാണാം. അണുകുടുംബ മോഡലിന് അത്ര ദൃഢതയോന്നും അവകാശപ്പെടാനില്ല.

വിവാഹം, വിവാഹമോചനം, ആകസ്മിക മരണം, പ്രവാസം എന്നിവമൂലം ശക്തമെന്നു തോന്നിയ അണുകുടുംബങ്ങളുടെ സൂക്ഷ്മനിർമിതിയിൽ മാറ്റംവരും. അതിനാൽ, പ്രതിസന്ധിക്കാലത്ത് ഈ ബന്ധങ്ങൾ പ്രവർത്തനക്ഷമമായി തുടരുമോ അതോ മുതിർന്നവരോടുള്ള പ്രതിബദ്ധത അവ്യക്തമായി ഒരുതരം ദ്രവാവസ്ഥയിലേക്ക് മാറുമോ എന്നതൊക്കെ ചിന്തിക്കേണ്ട വിഷയമാണ്.

വാർധക്യ കാലത്ത് കുടുംബങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയുടെ സ്വഭാവം, ഉറപ്പ്, എന്നിവ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. കുടുംബങ്ങളിലെ അംഗങ്ങൾ, അവർക്ക് തമ്മിൽ പരസ്പരം നിലനിൽക്കുന്ന ബന്ധം എന്നിവ വിശാലമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.

.

സിൽവർസ്റ്റെയ്ൻ, ഗിയറുസ്സോ, (Silverstein, Giarrusso, 2010) എന്നീ ഗവേഷകർ 2010-ൽ പ്രസിദ്ധീകരിച്ച ലേഖനം പ്രായമേറുന്ന കുടുംബങ്ങളിലെ ബന്ധങ്ങളെ പഠനവിധേയമാക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിലെ കുടുംബങ്ങളിൽ കണ്ടുവരുന്ന ശുശ്രൂഷാരീതികൾ നിരീക്ഷിച്ചപ്പോൾ നാലു സുപ്രധാന തീമുകൾ കാണാമെന്ന് അവർ മനസ്സിലാക്കി.

  1. കുടുംബാംഗങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങളുടെ സങ്കീർണത;
  2. കുടുംബഘടനയിലും വീടകങ്ങളിലും ഉള്ള വൈവിധ്യം;
  3. കുടുംബാംഗങ്ങളുടെ റോൾ, അവരുടെ പ്രവർത്തനങ്ങൾ എന്നിവയിൽ കാണാവുന്ന പരസ്പരാശ്രയത്വം;
  4. പരിചരണത്തിന്റെ മാതൃകയും ഫലപ്രാപ്തിയും.

കുടുംബത്തിലെ അംഗങ്ങൾ ശക്തമായ കൂട്ടായ്മയായി പുറമേ തോന്നുമെങ്കിലും അവർ മറ്റുള്ളവരോട് ഒരേസമയം സൗഹാർദപരവും ശത്രുതാപരവുമായ വികാരങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതായി 1990-നു ശേഷം വന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. മൂന്നു തലമുറയിൽപ്പെട്ട കുടുംബാംഗങ്ങളിൽ കാണുന്ന ഐക്യദാർഢ്യം (solidarity) പോലെതന്നെ അവർക്കിടയിൽ ഉഭയഭാവനയും (ambivalence) ഉണ്ടാകുമെന്നർഥം. കുടുംബങ്ങൾക്കും കുടുംബാംഗങ്ങൾക്കും പ്രായമേറുമ്പോൾ, പരിചരണത്തിന്റെ ഉത്തരവാദിത്തത്തിൽ രണ്ടു പരസ്പരവിരുദ്ധമായ ചിന്താഗതികളും മത്സരിച്ചുകൊണ്ടിരിക്കും. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ പല പുതിയ പഠനങ്ങളും കുടുംബങ്ങളിലെ ഈ പ്രവണതകൾ പഠനവിധേയമാക്കാൻ ശ്രമിക്കുന്നു.

പലതരത്തിലുള്ള സാമൂഹിക ശക്തികൾ രണ്ടു തലമുറയിൽപ്പെട്ട കുടുംബാംഗങ്ങളുടെ മേൽ സമ്മർദമുണ്ടാക്കിക്കൊണ്ടിരിക്കും. തൊഴിൽ, യാത്ര എന്നിവ സൃഷ്ടിക്കുന്ന സമ്മർദത്തിന് രണ്ടാം തലമുറയ്ക്ക് കുറേയൊക്കെ വഴങ്ങേണ്ടിവരും. ഇതിനെ ഘടനാപരമായ (structural ambivalence) ഉഭയഭാവന എന്നു പറയും. എന്നാൽ, ഒന്നിലധികം മക്കളുള്ള ഒന്നാം തല മുറയിലെ മുതിർന്ന മാതാപിതാക്കളോട് അവരുടെ മക്കൾ പ്രതികരിക്കുന്നതിൽ മറ്റൊരു സാമൂഹിക ശക്തികൂടി കാണപ്പെടുന്നു. മക്കൾ എല്ലാവരും ഏതാണ്ട് സമാനമായ രീതിയിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽ പങ്കാളികളാകുന്നില്ലെങ്കിൽ അവർക്കിടയിൽ ഉണ്ടാകുന്നത് കളക്ടീവ് (collective) ഉപഭാവനയെന്നാണ് അറിയപ്പെടുന്നത്. മാതാപിതാക്കളുടെ സ്വമക്കൾക്ക് തുല്യമായിട്ടല്ല പങ്കിട്ടിരിക്കുന്നത് എന്ന തോന്നൽ മറ്റൊരുദാഹരണമായിക്കാണാം. മറ്റു സാമൂഹികധാരകളുടെ സ്വാധീനവും പ്രകടമാണ്. മാതാപിതാക്കളുടെയോ മക്കളുടെയോ വിവാഹബന്ധത്തിന്റെ കെട്ടുറപ്പ്, വിവാഹിതരായി ജീവിക്കുന്ന കാലം, വ്യക്തികളുടെ പ്രായം, പുനർവിവാഹവും പുതിയ കുടുംബങ്ങൾ സ്ഥാപിക്കലും എല്ലാം പരിചരണത്തിന്റെ ഗുണമേന്മയെ കൂടിയും കുറഞ്ഞും സ്വാധീനിക്കാം.

സാവിത്രി രാജീവൻ രചിച്ച “അമ്മയെ കുളിപ്പിക്കുമ്പോൾ” എന്ന കവിതയുടെ ആദ്യവരികൾ ചുവടെ ചേർത്തിരിക്കുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കവിതയിൽ വായിക്കാം. മറ്റെല്ലാം കവിതയ്ക്കു തന്നെ പറയാനാവുന്നുവല്ലോ.

വാർധക്യം എന്ന ഡിസബിലിറ്റി

മനുഷ്യർ എന്ന അവസ്ഥയിൽ ജീവിക്കുമ്പോൾ പലതരത്തിൽ നമുക്കനുഭവപ്പെടുന്ന മാറ്റങ്ങളെ ഡിസബിലിറ്റി എന്ന് വിളിക്കാം. ലോകത്താകെ 15% പേർ എന്തെങ്കിലും ഡിസബിലിറ്റി അനുഭവം ഉള്ളവരാണ്. ശരീരത്തിന്റെ ഘടനയിലോ പ്രവർത്തനത്തിലോ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഡിസബിലിറ്റിയായി പരിഗണിക്കാം. സമൂഹമോ ഇതര വ്യക്തികളോ നമ്മോടിടപെടുമ്പോൾ നമ്മുടെ പങ്കാളിത്തത്തെ അവരുടെ മുൻവിധികളും ധാരണകളും ഉപയോഗിച്ച് തടയുകയാണെങ്കിൽ അതും ഡിസബിലിറ്റിയായി പരിഗണിക്കണം. അറുപതുകടന്ന മുതിർന്നവരിൽ 46% പേർക്കും എന്തെങ്കിലും തരത്തിലുള്ള ഡിസബിലിറ്റി ഉണ്ടാകും. ഇതൊരു വലിയ ഭാരമാണ് സമൂഹത്തിൽ ഏൽപ്പിക്കുന്നത്.

പ്രായംതന്നെ സ്വതന്ത്ര ജീവിതത്തിൽ പ്രതിബന്ധങ്ങൾക്ക് കാരണമാകും. പ്രായം കൂടിയവർക്ക് കഴിവുകൾ കുറവാണെന്ന് ധാരണ ശക്തമായതിനാൽ അവർക്കിഷ്ടമുള്ള പലതും ചെയ്യുന്നതിൽ ചെറുപ്പക്കാരായവർ തടസ്സം സൃഷ്ടിക്കുന്നു.

ബംഗളൂരിലെ സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിനായുള്ള ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ മുതിർന്നവരിൽ നടത്തിയ പഠനം നേരത്തെ പരാമർശിക്കപ്പെട്ടുവല്ലോ. വാർധക്യത്തിലെ പ്രവർത്തനക്ഷമതയും ഗവേഷകർ പഠനവിഷയമാക്കി. ഇത് ഡിസബിലിറ്റിയുടെ സ്കെയിൽ ആയി പരിഗണിക്കാം. രണ്ട് സ്കെയിലുകളാണ് കേരളത്തിൽ വാർധക്യത്തിലെത്തിയവരുടെ ഡിസബിലിറ്റി കണ്ടെത്താൻ ഉപയോഗിച്ചത്.

  1. ദൈനം ദിന ജീവിതത്തിലെ അടിസ്ഥാന പ്രവർത്തനങ്ങൾ (Activities of Daily Living, ADL);
  2. ദൈനംദിന ജീവിതത്തിലെ സമൂഹാധിഷ്ഠിത പ്രവർത്തനങ്ങൾ (Instrumental Activities of Daily Living, IADL).

രണ്ടും നമ്മുടെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത തലങ്ങൾ പരിശോധിക്കുന്ന സ്കെയിലുകൾ തന്നെ. കാറ്റ്സ് (Katz) എന്ന ഗവേഷകനാണ് ADL രൂപകൽപ്പന ചെയ്തത്. ഒരു വ്യക്തിക്ക് സ്വതന്ത്രമായി ജീവിക്കൻ ഏറ്റവും പ്രാഥമിക കാര്യങ്ങൾ പരസഹായം കൂടാതെ ചെയ്യാനാകുമോ എന്ന് ADL അന്വേഷിക്കുന്നു. ഭക്ഷണം കഴിക്കുക, ബാത്റൂം ടോയ്ലറ്റ് സ്വയം ഉപയോഗിക്കുക, ബെഡിലും കസേരയിലും മറ്റും ഇരിക്കുക, മലമൂത്ര വിസർജനത്തിൽ നിയന്ത്രണം ഉണ്ടാകുക. ഇത്രയും കാര്യങ്ങളാണ് ടെസ്റ്റ് ചെയ്യുന്നത്. ഇതിൽ രണ്ടോ അതിലധികമോ കാര്യങ്ങളിൽ പരസഹായം വേണം എങ്കിൽ, ആ വ്യക്തി തീവ്രമായ ഡിസബിലിറ്റി അവസ്ഥയിൽ കഴിയുന്നു എന്ന് മനസ്സിലാക്കാം. ആ വ്യക്തിക്ക് പരസഹായമില്ലാതെ ജീവിക്കാൻ പ്രയാസമാണ്. എല്ലാ ADL പ്രവർത്തങ്ങളും സ്വതന്തമായി ചെയ്യാനാകും എങ്കിൽ ആ വ്യക്തി സ്വന്തം വീട്ടിൽ കഴിയാൻ പ്രാപ്തി നേടി എന്നർഥം. എന്നാൽ, ആ വ്യക്തിയ്ക്ക് സമൂഹത്തിൽ സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനാകുമോ എന്ന് കണ്ടെത്തുന്നത് ലൗറ്റോൺ (Lawton) രൂപകൽപ്പന ചെയ്ത IADL ടെസ്റ്റ് ചെയ്തുനോക്കണം.

IADL വീടിനകത്തും പുറത്തും ജീവിക്കാനാവശ്യമായ ചില സങ്കീർണമായ പ്രവർത്തനങ്ങൾ പരിശോധിക്കുന്നു. ഉദാഹരണത്തിന്, ടെലിഫോൺ ഉപയോഗിക്കാനാകുക, പണം കൈകാര്യം ചെയ്യാനാകുക, വീട് സൂക്ഷിക്കുക, ഭക്ഷണം തയ്യാറാക്കുക, വസ്ത്രങ്ങൾ അലക്കുക, പുറത്തുപോയി സാധനങ്ങൾ വാങ്ങാൻ കഴിയുക, കുറച്ചുദൂരം യാത്രചെയ്യാനാകുക, സ്വന്തമായി മരുന്നുകൾ കഴിക്കുക എന്നിവ ഉൾപ്പെടുന്നു. ഇതെല്ലം ചെയ്യാനാകുന്ന വ്യക്തിക്ക് സമൂഹത്തിൽ ഒറ്റയ്ക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയും. അപ്പോൾ ADL ഉം IADL ഉം തമ്മിലുള്ള അടിസ്ഥാന വ്യത്യാസമിതാണ്. ADL സാധ്യമല്ലാത്ത വ്യക്തി ഗുരുതരമായ ഡിസബിലിറ്റി അനുഭവിക്കുന്നു. പരാശ്രയം കൂടാതെ ആ വ്യക്തിക്ക് ജീവിക്കാനാകില്ല. IADL സാധ്യമായ വ്യക്തിക്കും ഡിസബിലിറ്റിയുണ്ടെങ്കിലും ആ വ്യക്തി സ്വന്തം വീട്ടിൽ സ്വതന്ത്രയാണ്. സമൂഹത്തിൽ ഇടപെടാനുള്ള കഴിവ് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. സ്വതന്ത്രമായ ജീവിതം ഉറപ്പാക്കാൻ അവർ താമസിക്കുന്ന വീട്ടിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കണം എന്ന് തീരുമാനിക്കാൻ ഈ ടെസ്റ്റുകൾ നമ്മെ സഹായിക്കും. ആയുസ്സും ആയുർദൈർഘ്യവും വർധിച്ചുവരുന്ന ഇക്കാലത്ത് വാർധ ക്യത്തിലെത്തുന്നവരുടെ ജീവിതാവസ്ഥയിൽ കൂടുതൽ ഗവേഷണം നടക്കാനുണ്ട്. വികസിത രാജ്യങ്ങളിൽ എന്നപോലെ നമ്മുടെ സാഹചര്യങ്ങളെയും സാമൂഹികാവസ്ഥയും അക്കാദമിക് പഠനങ്ങൾക്ക് വിധേയമാക്കുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുകയും ചെയ്യുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.


അധികവായനയ്ക്ക്
  1. https://www.verywellhealth.com/ longevity-throughout-history-2224054 
  2. Collins, Lauren Was Jeanne Calment the oldest person who ever lived… The New Yorker, Feb 2020. 
  3. https://en.wikipedia.org/wiki/Supercentenarian. 
  4. https://medlineplus.gov/genetics/ understanding/traits/longevity/ 
  5. https://theconversation.com/why-its still-a-scientific-mystery-how-some-can live-past-100-and-how-to-crack-it 172020 
  6. Prakash, O., Kukreti, P. State of Geriatric Mental Health in India. Curr Tran Geriatr Gerontol Rep 2, 1-6 (2013). https://doi.org/10.1007/s13670 012-0034-1 
  7. https://www.who.int/news-room/fact sheets/detail/mental-health-of-older adults 
  8. http://www.isec.ac.in/ BKPAI Kerala State % 20report.pdf 
  9. Silverstein M, Giarrusso R; (2010): https://doi.org/10.1111/j.1741 3737.2010.00749.x 
  10. https://www.un.org/development/ desa/disabilities/disability-and ageing.html

കടപ്പാട് : 2022 ജൂലൈ ലക്കം ശാസ്ത്രഗതി


Happy
Happy
43 %
Sad
Sad
29 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹരിതവിപ്ലവം എങ്ങനെ നമ്മുടെ പട്ടിണി മാറ്റി ? – LUCA TALK വീഡിയോ കാണാം ?
Next post വയസ്സാകുന്ന ലോകം
Close