മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ എം മുകുന്ദന്റെ “നൃത്തം“
എയ്ഡ്സ് കടന്നുവരുന്ന ആദ്യ മലയാളസാഹിത്യ കൃതിയാണ് എം.മുകുന്ദന്റെ നോവൽ “നൃത്തം‘. 2000 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച നോവലിൽ ഇന്റർനെറ്റ് യുഗത്തിലേക്ക് കടക്കുന്ന കേരളസമൂഹത്തെ പ്രതിനിധീകരിച്ച് ബാലകൃഷ്ണനും ശ്രീധരനും തമ്മിലുള്ള ഇ-മെയിൽ സന്ദേശങ്ങളിലൂടെയാണ് കഥ ഉരുത്തിരിയുന്നത്. ഗ്രാമീണ നർത്തകനായിരുന്ന ബാലകൃഷ്ണന്റെ നൃത്തമികവിൽ കേരളം സന്ദർശിക്കാനെത്തിയ ലോകപ്രശസ്ത നർത്തകൻ പാട്രിക് റോഡോൾഫ് ആകൃഷ്ടകനാവുന്നു. റോഡോൾഫിന്റെ ക്ഷണം സ്വീകരിച്ച് യൂറോപ്പിലേക്ക് പോകുന്ന ബാലകൃഷ്ണന് റോഡോൾഫ് അഗ്നിയെന്ന പേരു നൽകുന്നു. സ്വവർഗ്ഗ പ്രേമിയായ റോഡോൾഫ് ബാലകൃഷ്ണനിൽ അനുരക്തനാവുന്നതിന്റെയും സ്വവർഗ്ഗരതിയിലേർപ്പെടുന്നതിന്റെ സൂചനകൾ നോവലിൽ കാണാം.
“പെട്ടെന്ന് അപ്രതീക്ഷിതമായി റോഡോൾഫ് എന്നെ ആലിംഗനം ചെയ്ത് എന്റെ ചുണ്ടുകളിൽ ചുംബിച്ചു.” നാട്ടിലെ തന്റെ കാമുകിയായിരുന്ന രാജിയല്ലാതെ മറ്റാരും അങ്ങിനെ ചെയ്തിരുന്നില്ല എന്ന് ബാലകൃഷ്ണൻ പറയുന്നതിൽ നിന്നും റോഡോൾഫുമായുള്ള സ്വവർഗ്ഗാനുരാഗബന്ധത്തിന്റെ തുടക്കമായിരുന്നു അതെന്ന് മനസ്സിലാക്കാനാവും.
പിന്നീട് കുറേക്കൂടി വ്യക്തമായി റോഡോൾഫുമായുള്ള ശാരീരിക ബന്ധം ബാലകൃഷ്ണൻ വ്യക്തമാക്കുന്നുണ്ട്.
“നൂറുകണക്കിന് മൈലുകൾ ദൂരം നിർത്താതെയുള്ള കാറോട്ടം. കാലുകൾ തളരുന്നത് വരെയുള്ള നടത്തം. പകൽ ബിയർ. രാത്രി വൈൻ. മൂക്ക് മുട്ടെയുള്ള ഭക്ഷണം. രാത്രി ഹോട്ടലിൽ ഒരേകിടക്കയിൽ കിടന്ന് ഉറക്കം….”
“നമ്മുടെ മധുവിധു തീർന്നു“ റോഡോൾഫ് പറഞ്ഞു: “ഇനി അല്പം ഷോപ്പിങ് കൂടി നടത്തി നമുക്ക് പോകാം.”
റോഡോൾഫുമായുള്ള ബാലകൃഷ്ണന്റെ ബന്ധം കൂടുതൽ ദൃഢമാവുന്നുണ്ട്
“കമ്പനിയുടെ എല്ലാ യാത്രകളിലും മറ്റു നർത്തകർക്ക് പ്രത്യേക മുറികളുണ്ടെങ്കിലും ഞാനും റോഡോൾഫും ഒരു മുറി പങ്കിടുകയാണ് പതിവ്. ഞങ്ങൾ ഒരേ കുളിമുറിയിൽ കുളിക്കുകയും ഒരേ കിടക്കയിൽ കിടക്കുകയുമാണ് പതിവ്.”
അതിനിടെ ബാലകൃഷ്ണൻ തെരേസ എന്ന നർത്തകിയുമായി സ്നേഹബന്ധത്തിലാവുന്നുണ്ട്. റോഡോൾഫുമായുള്ള ബന്ധം ഉദ്ദേശിച്ചാവണം തെരേസ ചോദിക്കുന്നു: “ നിന്നെ ആണുങ്ങൾ മാത്രമാണോ പ്രേമിക്കുന്നത്? ഒരു പെണ്ണിനും നിന്നോട് പ്രേമം തോന്നിയിട്ടില്ലേ.”
തെരേസയുമായി പ്രണയത്തിലാവുന്ന ബാലകൃഷ്ണൻ റോഡോൾഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.
റോഡോൾഫിന് എന്തോ ഗുരുതരമായ രോഗം ബാധിച്ച് തുടങ്ങിയെന്നതിന്റെ സൂചനകളും നോവലിലുണ്ട്. അയാൾ ക്ഷീണിച്ച് വരികയും ഒരിക്കൽ കൈകൊടുത്തപ്പോൾ “പനി പിടിച്ചത് പോലെ അയാളുടെ കൈക്ക് ചൂടുണ്ടായിരുന്നു” എന്ന് ബാലകൃഷ്ണന് തോന്നി.
യൂറോപ്പിൽ നിന്നും അമേരിക്കയിലെത്തുന്ന ബാലകൃഷ്ണനോട് അലക്സാൻഡ്രിപ്പൂസ് എന്ന സുഹൃത്ത് പറഞ്ഞ വാക്കുകളിലാണ് എയ്ഡ്സിനെക്കുറിച്ചുള്ള പരാമർശം ആദ്യമായി നോവലിൽ പ്രത്യക്ഷപ്പെടുന്നത്.
“അമേരിക്ക നിനക്ക് പണം തരും. നിന്റെ യൌവനം നിലനിർത്തുകയും ചെയ്യും.”
“എയ്ഡ്സ് വന്ന് മരിച്ചില്ലെങ്കിൽ’“ ഞാനും ചിരിക്കാൻ ശ്രമിച്ചു. അലക്സാൻഡ്രിപ്പൂസ് തുടർന്നു. “എയ്ഡ്സ് വരുന്നതല്ല. നാമതിനെ വാങ്ങുന്നതാണ്. ഒരിക്കലും എയ്ഡ്സ് നമ്മുടെ ശരീരത്തിൽ സ്വയം ഉണ്ടാകുന്നില്ല.”
പാട്രിക്ക് റോഡോൾഫ് രണ്ട് കൈകളിലേയും ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യുന്നവിവരം ബാലകൃഷ്ണൻ അപ്രതീക്ഷിതമായി അറിയുന്നതാണ് നോവലിലെ ഏറ്റവും സ്തോഭജനകമായ രംഗം. എന്തുകൊണ്ടാണ് റോഡോൾഫ് ആത്മഹത്യ ചെയ്തതെന്ന് ബാലകൃഷ്ണന് മനസ്സിലായില്ല. റോഡോൾഫിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ അൽക്സിസ് ആണ് ആവിവരം ബാലകൃഷ്ണനെ അറിയിക്കുന്നത്
“അപ്പോൾ നീ അതറിഞ്ഞില്ല. അല്ലേ?” റോഡോൾഫിന് എയ്ഡ്സായിരുന്നു.”
റോഡോൾഫും ബാലകൃഷ്ണനും തമ്മിലുള്ള ബന്ധമാറിയാവുന്ന അലക്സിസ് തുടർന്ന് പറയുന്നു “ നീ ഒരു എലീസാ ടെസ്റ്റ് ചെയ്യണം. ഒന്നും ഉണ്ടായിട്ടല്ല. വെറുതെ മനസ്സിന്റെ സമാധാനത്തിന്.”
ബാലകൃഷ്ണൻ ചിന്തിക്കുന്നു; “ഒരു ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് എനിക്കറിയാം. കുളിമുറിയിലെ ഒരേ ടബ്ബിൽ ഒന്നിച്ചിരുന്ന് കുളിക്കുകയും ഉറക്കമുറിയിൽ ഒരേ കിടക്കയിൽ കിടന്ന് ഉറങ്ങുകയും ചെയ്ത് എനിക്ക് എന്തിന് ടെസ്റ്റ്?”
എയ്ഡ്സിനുള്ള ചികിത്സ ആരംഭിച്ചതിന് ശേഷമുള്ള കാലത്തോണോ കഥ നടക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും എയ്ഡ്സിനെ സംബന്ധിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ സമൂഹത്തിൽ വ്യാപിച്ചിട്ടുണ്ടാവണം.
ബാലകൃഷ്ണനോട് ഒരാൾ പറയുന്നുണ്ട് “എയിഡ്സ് വന്നവരെല്ലാം ആത്മഹത്യ ചെയ്തിട്ടില്ല.” എച്ച് ഐ വി പോസിറ്റീവുകാർക്ക് അഞ്ചോ പത്തോ വർഷം ജീവിക്കാൻ കഴിയും ചിലപ്പോൾ അതിലേറെയും.”
തിരികെ നാട്ടിലെത്തുന്ന ബാലകൃഷ്ണൻ പഴയ കാമുകി രാജിയെ കാണാൻ പോകുന്നുണ്ട്. രാജിയോട് ബാലകൃഷ്ണൻ പറയുന്നു:
“നാളെ ഞാൻ മടങ്ങി പോക്വാ…പോയാല് തിരിച്ച് വരൂന്ന് തോന്നുന്നില്ല. ഇനി ഒരിക്കലും നമ്മള് കണ്ടൂന്നു വരില്ല. അത് കൊണ്ട് അവസാനമായി നമുക്ക് കണ്ണുനിറയെ പരസ്പരം ഒന്ന് കാണാം. എന്താ?” ഞാൻ അവളുടെ കണ്ണുകളിൽ നേരെ നോക്കികൊണ്ട് പറഞ്ഞു: “എനിക്ക് എയിഡ്സാ മാറാത്ത രോഗാ.“
ബാലക്രുഷ്ണൻ രാജിയോടെ പറയുന്ന അവസാന വാചകത്തിന് മുകുന്ദന്റെ സ്വതസിദ്ധമായ തനിമ കാണാൻ കഴിയും.
“ന്നാലും പേരിന് ഒരു ഭംഗീണ്ട് എയ്ഡ്സ്ന്ന്ച്ചാല് സഹായം എന്നല്ലേ അർത്ഥം.”
മലയാള സാഹിത്യത്തിൽ എയ്ഡ്സ് ആദ്യമായി അവതരിപ്പിച്ച നോവൽ എന്ന നിലയിൽ “നൃത്തം“ വിലയിരുത്തപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു.