പൗരാണിക ജീവിതങ്ങളുടെ സ്നാപ്ഷോട്ടുകൾ
അമ്പതിനായിരം വർഷം മുൻപ് സ്പെയിനിലെ എൽ സാൾട്ട് (El Salt) എന്ന സ്ഥലത്തെ നദിക്കരയിലൂടെ കടന്ന് പോയ നിയാണ്ടർത്താൽ മനുഷ്യർ അവിടെ കുറച്ച് നാൾ തമ്പടിച്ച് അടുപ്പ് കൂട്ടി ചൂട് കാഞ്ഞ്, കല്ലായുധങ്ങൾ ഉപയോഗിച്ച് വേട്ടയാടി, വേവിച്ച് തിന്ന്, അപ്പിയിട്ട് അവിടം കടന്ന് പോയി. അമ്പതിനായിരം വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യരുടെ അടുപ്പും അപ്പിയും ആർകിയോ മാഗ്നെറ്റിക് ഡേറ്റിങ്ങ് (Archaeomagnetic dating) പഠനം നടത്തിയതിന്റെ വിശേഷങ്ങൾ വായിക്കൂ…
ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber
“എടീ പാത്തൂ, നമ്മടെ അഭിനവ പുരാവസ്തു ഗവേഷകയെവിടെ? പുരാവസ്തു വിട്ട് ഫിസിക്സിലേക്ക് തിരിച്ചു വന്നോ?”
“എവടന്ന്! സിനു ഇമ്മടെ കയ്യീന്ന് പോയി സ്വപ്നേച്ചി. ആമസോൺ കാട്ടിൽ ലിഡാർ വച്ച് തെരഞ്ഞത് 2000 വർഷം പഴക്കമുള്ള നാഗരീകതയായിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രാന്ത് അൻപതിനായിരം വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യരുടെ അടുപ്പും അപ്പിയും അന്വേഷിക്കാനാ.. ആർകിയോ മാഗ്നെറ്റിക് ഡേറ്റിങ്ങ് (Archaeomagnetic dating).”
“അതെന്തൂട്ട് പരിപാടി? കാർബൺ ഡേറ്റിങ്ങ്, റേഡിയോ ആക്ടീവ് ഡേറ്റിങ്ങ്, ലൂമിനസൻസ് ഡേറ്റിങ്ങ് എന്നൊക്കെ നമ്മൾ ബയോളിജിക്കാരും കേട്ടീട്ടുണ്ട്. ഇതെന്താണീ ആർകിയോ മാഗ്നെറ്റിസം?”
“സിനുമോളെ ദേ നിനക്ക് ഫെയ്ന്മാൻ ടെക്നിക് പരീക്ഷിക്കാൻ ഒരു ഇര. അടിച്ചു കയറി വാ..”
“ഫെയ്ന്മാൻ ടെക്നികോ അതെന്ത് ടെക്നിക്?”
“അതറിയില്ലെ! ഒരു പുതിയ കാര്യം ശരിയ്ക്കും മനസ്സിലായോ എന്നറിയാൻ അതിനെ കുറിച്ച് ഒന്നും അറിയാത്ത ആളെ, പറ്റിയാൽ ഒരു സ്കൂൾ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കിക്കാൻ സാധിച്ചാൽ നിങ്ങൾക്ക് ആ കാര്യം മനസ്സിലായി എന്നർത്ഥം.”
(കെറ്റിലിലെ കാപ്പി, ഹോസ്റ്റലിലെ അത്യാഡംഭരമാണ്. കാപ്പി നിർമ്മാണത്തിൽ മുഴുകിയിരുന്ന സിനു വേഗം തന്നെ തന്നെ കാപ്പി കപ്പുമെടുത്ത് സ്വപ്നേച്ചിയ്ക്കുള്ള ക്ലാസ്സ് ആരംഭിക്കുകയായി.)
“അതായത്, സ്വപ്നേച്ചി, നമ്മളെങ്ങനെയാണ് നോർത്ത് പോള് കണ്ടു പിടിക്കുന്നത്?”
“കാന്തമുപയോഗിച്ച്.. വടക്ക് നോക്കിയന്ത്രം. അതിൻ്റെ വടക്ക് ഭൂമിയുടെ ഉത്തരധ്രുവമായിരിക്കുമല്ലോ? “
“ആയിരിക്കും പക്ഷേ അത് ഭൗമവടക്ക് ആയിരിക്കില്ല, ഭൂമിയുടെ കാന്തിക ഉത്തരധ്രുവമായിരിക്കും. “
“ങേ. അത് തമ്മിലെന്താ വ്യത്യാസം?”
“ഭൂമിയുടെ അച്ചുതണ്ടിൻ്റെ ദിശയാണ് ഭൗമവടക്ക്, നമ്മുടെ ഭൂപടത്തിൽ അക്ഷാംശം 90 ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം. വടക്ക് നോക്കിയന്ത്രം വഴി നമ്മൾ കണ്ടുപിടിക്കുന്നത് ഭൂമിയുടെ കാന്തിക വടക്കാണ്.
ഇപ്പോൾ ഇവ തമ്മിൽ ഏതാണ്ട് 500 കി.മി വ്യത്യാസമുണ്ട്. ഈ വ്യത്യാസം എല്ലാ വർഷവും ഏതാണ്ട് 10 മുതൽ 40 കി.മി വരെ മാറും. ഈ വ്യത്യാസത്തെയാണ് കാന്തിക ചരിവ് (magnetic inclination) എന്ന് പറയുന്നത്.”
“അയ്യോ അപ്പോ ചരിവ് കൂടി കൂടി കുറേക്കാലം കഴിയുമ്പോൾ വടക്കുനോക്കി യന്ത്രങ്ങളൊക്കെ തെക്ക് നോക്കി യന്ത്രങ്ങളാകുമല്ലോ! “
“അതാണ് പോളാർ ഷിഫ്റ്റ് തിയറി. ഏകദേശം 800,000 കൊല്ലം ജീവിച്ചിരിക്കാൻ പറ്റിയാൽ ഇപ്പോഴുള്ള നമ്മുടെ കോമ്പസ്സുകൾ എല്ലാം തെക്കോട്ട് നോക്കുന്നത് നമുക്ക് കാണാൻ പറ്റുമായിരിക്കും.”
“ഐവ! അതെന്താ അങ്ങനെ?”
“ഭൂമിക്ക് കാന്തിക മണ്ഡലം ഉണ്ടായത് ഭൂമിയുടെ അകക്കാമ്പിലുള്ള ഇരുമ്പ് കാരണമല്ലേ, ആ അകക്കാമ്പിനു പുറത്തുള്ള ദ്രാവക ഇരുമ്പിനും ഇതിൽ പങ്കുണ്ട്. ഈ ദ്രാവക ഇരുമ്പിൻ്റെ ചലനങ്ങൾ കാരണമാണ് കാന്തിക ഉത്തരധ്രുവം ഇങ്ങനെ മാറുന്നത്. “
“നിക്ക് നിക്ക് .. പുരാവസ്തു ഗവേഷണം പറഞ്ഞ് പറഞ്ഞ് ഇപ്പോൾ ജിയോഫിസിക്സ് ആയോ?”
“അങ്ങോട്ടേയ്ക്ക് വരല്ലേ.. ഒന്ന് ക്ഷമിക്ക് സ്വപ്നേച്ചി..”
“അപ്പോ ഒരു കാലഘട്ടത്തിനനുസരിച്ച് കാന്തിക മണ്ഡലം മാറും എന്ന് മനസ്സിലായല്ലോ. ഇനി ഇങ്ങനെ മാറുന്ന കാന്തിക മണ്ഡലത്തെ സംരക്ഷിച്ചു വയ്ക്കുന്ന വസ്തുക്കൾ ഉണ്ടെങ്കിലോ?”
“ആ വസ്തുക്കളുടെ കാന്തികത പഠിച്ചാൽ ആ കാലഘട്ടം ഏതാണെന്ന് അറിയാൻ പറ്റും.”
“അദ്ദന്നെ..”
“അങ്ങനെ കാലഘട്ടം മനസ്സിലാക്കുന്ന സങ്കേതിക രീതിയാണീ പറഞ്ഞ ആർക്കിയോ മാഗ്നെറ്റിക് ഡേറ്റിങ്.”
“അയ് ശരിയ്ക്കും മനസ്സിലായില്ല. ഇത് കാർബൺ ഡേറ്റിങ്ങ് പോലെയാണോ?”
“രണ്ട് കാര്യങ്ങളാണ് ആർകിയോമാഗ്നെറ്റിക് ഡേറ്റിങ്ങിനു ആവശ്യം ഒന്ന് ഭൂമിയുടെ കാലകാലങ്ങളിലുള്ള കാന്തികത. ഒരോകാലത്തും ഒരോ സ്ഥലത്തുമുള്ള കാന്തികചരിവ് കണ്ടുപിടിച്ച് രേഖപ്പെടുത്തി വച്ചീട്ടുണ്ട്. അതിൻ്റെ പേരാണ് സെക്യുലർ വേരിയേഷൻ കർവ് (secular variation (SV) curve). രണ്ടാമത് വേണ്ടത് അതത് കാലത്തെ കാന്തികത മാറാതെ സൂക്ഷിക്കപ്പെടുന്ന വസ്തുക്കളാണ്. ഒരു ഉദാഹരണം മാഗ്നറ്റൈറ്റ് ആണ്. ഇത് ഒരു ഇരുമ്പിൻ്റെ ഒരു അയിര് ആണല്ലോ. നമ്മുടെ കളിമണ്ണിലൊക്കെ ധാരാളമുണ്ടാകും. ഈ മാഗ്നെറ്റൈറ്റിനു കാന്തികതയുണ്ട്. പക്ഷേ ഒരു പ്രത്യേക ചൂടിനു മുകളിൽ ചൂടാക്കിയ കാന്തികയുള്ള വസ്തുക്കളുടെ കാന്തികത നഷ്ടപ്പെടും. അഥവ അവയുടെ കാന്തികത ഭൂമിയുടെ കാന്തിക ദിശയിൽ ഉറച്ച് പോകും. ഈ ചൂടിനെയാണ് ആ വസ്തുവിൻ്റെ ക്യൂറി ചൂട് (Curie temperature) എന്ന് പറയുന്നത്. മാഗ്നൈറ്റൈറ്റിൽ ഇങ്ങനെ ഉറച്ച് പോയ അക്കാലത്തെ ഭൂമിയുടെ കാന്തിക ദിശ കണ്ടെത്തിയാൽ നേരത്തെ പറഞ്ഞ സെക്യുലർ വേരിയേഷൻ കർവിൽ ഒത്തുനോക്കി ഈ മാഗ്നെറ്ററ്റ് അവസാനം ചൂടായ സമയ അറിയാൻ പറ്റില്ലെ?”
“ആ അത് പറ്റും. പക്ഷേ ആരാണീ മാഗ്നെറ്റൈറ്റ് കുത്തിയിരുന്ന് ചൂടാക്കുന്നത്?”
“ഹയ്.. അതാരും കുത്തിയിരുന്ന് ചൂടാക്കുന്നതല്ലെന്നേ.. പണ്ട് പണ്ട് നിയാണ്ടർത്താൽ മനുഷ്യർ തീകായാനും പാചകം ചെയ്യാനും ഒക്കെ അടുപ്പുണ്ടാക്കിയിരിക്കില്ലേ. അത് കളിമണ്ണ് കൊണ്ടാവില്ലേ.. ആ കളിമണ്ണിൽ ധാരാളം മാഗ്നെറ്റൈറ്റ് കാണില്ലേ.. മാഗ്നെറ്റൈറ്റിൻ്റെ ക്യൂറി ചൂട് ഏതാണ്ട് 600 °C ആണ്. നിയാണ്ടർത്താൽ അമ്മൂമ്മമാരുടെ അടുപ്പുകൾ കണ്ടുപിടിച്ചാൽ അവിടെ നിന്നും ആ മഗ്നെറ്റൈറ്റ് സാമ്പിളുകൾ എടുത്ത് കാന്തികത പരിശോധിച്ചാൽ ആ അടുപ്പ് അവസാനം കത്തിച്ച സമയം അറിയാൻ പറ്റുമല്ലോ.
“ഒഹ്.. അയ് ശരി.. അടിപൊളിയാണല്ലോ. അപ്പോ പണ്ടത്തെ അടുപ്പും നോക്കി നടക്കക്കുകയാണോ പുരാവ്സ്തുക്കാരുടെ ഇപ്പൊഴത്തെ പണി.”
“എൻ്റെ സ്വപ്നേച്ചി.. ഗവേഷണത്തിനു വേണ്ട വസ്തുക്കൾ നമ്മൾ ഉണ്ടാക്കുകയല്ലല്ലോ, കിട്ടുന്ന സാധനങ്ങൾക്കനുസരിച്ച ഗവേഷണായുധങ്ങൾ നമ്മൾ ഉണ്ടാക്കുകയല്ലേ ചെയ്യുക.”
“അത് ശരിയാണല്ലോ.”
“മനുഷ്യർ തീകണ്ട്പിടിച്ച കാലം മുതൽ അടുപ്പ് കൂട്ടിയിട്ടുണ്ടാവില്ലേ. അപ്പോൾ മനുഷ്യരുണ്ടായിരുന്ന ഇടങ്ങളിലൊക്കെ കളിമണ്ണടുപ്പുകളും ഉണ്ടായിരിക്കാനിടയില്ലേ.. അങ്ങനെയുള്ള ആർക്കിയോളജിക്കൽ സൈറ്റുകൾ കണ്ടെത്തുമ്പോൾ അവിടെ ഇതുപോലുള്ള അടുപ്പുകൾ ഉണ്ടോ എന്ന് നോക്കും. എന്നീട്ട് അതിൽ നിന്നും നല്ല നല്ല സാമ്പിളുകൾ ശേഖരിച്ച് കാന്തികത പഠിക്കും. അത്ര എളുപ്പമല്ല ഇതൊന്നും. അതുകൊണ്ടാണ് ശാസ്ത്രലോകത്തിനു ഇത്ര ആവേശം.”
“എന്താണിപ്പോൾ ഇത്ര ആവേശം കൊള്ളാൻ ഉണ്ടായത്?”
“അമ്പതിനായിരം വർഷം മുൻപ് സ്പെയിനിലെ എൽ സാൾട്ട് (El Salt) എന്ന സ്ഥലത്തെ നദിക്കരയിലൂടെ കടന്ന് പോയ നിയാണ്ടർത്താൽ മനുഷ്യർ അവിടെ കുറച്ച് നാൾ തമ്പടിച്ച് അടുപ്പ് കൂട്ടി ചൂട് കാഞ്ഞ്, കല്ലായുധങ്ങൾ ഉപയോഗിച്ച് വേട്ടയാടി, വേവിച്ച് തിന്ന്, അപ്പിയിട്ട് അവിടം കടന്ന് പോയി. പോയപ്പോൾ അടുപ്പും ആയുധങ്ങളും അപ്പിയും അവിടെയുപേക്ഷിച്ചു. ഇപ്പോഴത്തെ മനുഷ്യർ അത് കുഴിച്ച് നോക്കി അന്ന് അവരെന്തൊക്കെ ചെയ്തു എന്ന് ഗവേഷണം നടത്തുന്നു. എല്ലാ പുരാവസ്തുക്കളും മണ്ണിലെ ഒരൊറ്റ അടരിൽ ആയത് കൊണ്ട് ഈ വസ്തുക്കളെല്ലാം ഒരൊറ്റ കൂട്ടം മനുഷ്യരുപേക്ഷിച്ചതായിരിക്കാം എന്നനുമാനിക്കാനേ കേവല ഡേറ്റിങ് (absolute dating method) സങ്കേതികതകൾ അനുസരിച്ച് പറ്റൂ. അമ്പതിനായിരം വർഷം എന്നു പറയുമ്പോൾ ഒരു ആയിരം വർഷം അങ്ങോട്ടോ ഇങ്ങോട്ടോ മാറും (error bar).
അപ്പോഴാണ് ആന്ഗല ലാന്ഗുനില (Ángela Herrejón-Lagunilla) യും കൂട്ടരും ആർകിയോ മാഗ്നെറ്റിക് ഡേറ്റിങ്ങ് പഠനങ്ങൾ അതേ സൈറ്റിൽ നടത്തുന്നത്. എൽ സാൾട്ടിലെ ആ യൂണിറ്റിൽ (Unit x) അഞ്ച് അടുപ്പുകളിലാണ് പഠനം നടത്തിയത്. ആദ്യം കത്തിച്ച അടുപ്പും അവസാനം കത്തിച്ച അടുപ്പും തമ്മിൽ ഏതാണ്ട് ഇരുനൂറ്- ഇരുനൂറ്റി നാല്പത് വർഷത്തെ വ്യത്യാസമുണ്ടെന്നാണ് ഇവരുടെ പഠനം കാണിക്കുന്നത്. അതായത് നിയണ്ടർത്താൽ മനുഷ്യരുടെ വിവിധ തലമുറകൾ ഈ പ്രത്യേക സ്ഥലം അവരുടെ യാത്രകൾക്കിടയിൽ ഉപയോഗിച്ചിരുന്നു.
അത് മാത്രമല്ല ഈ പഠനത്തിൻ്റെ പ്രത്യേകത. ഇത്രകാലവും ഭൗമവിജ്ഞാനമുപയോഗിച്ച് ആയിരക്കണക്കിനു വർഷങ്ങളുടെ ഇടയിലുള്ള ചരിത്ര അറിവുമാത്രമാണ് നമുക്ക് ലഭിച്ചിരുന്നത്. ഇത്രയും കാലത്തിനിടയിൽ നിരവധി മനുഷ്യ തലമുറകൾ ജനിച്ചു മരിക്കും. ഇതാദ്യമായാണ് ഏകദേശം ഒരു മനുഷ്യായുസ്സിനോളമൊക്കുന്ന ചരിത്ര അറിവുകൾ മനസ്സിലാക്കാൻ സാധിക്കുന്നത്. അതിപുരാതന മനുഷ്യചരിത്ര സ്നാപ് ഷോട്ടുകൾ എന്നൊക്കെ വേണമെങ്കിൽ ഇത്തരം അറിവുകളെ വിശേഷിപ്പിക്കാൻ പാകത്തിലുള്ള അറിവുകളായിരിക്കും അവയിൽ നിന്നും കിട്ടുന്നത്. “
“സിനു, അടുത്ത തവണ വരുമ്പോൾ ആ അടുപ്പുകളുടെ അടുത്തുണ്ടായിരുന്നൂന്ന് പറഞ്ഞ കാരണവർ ഇട്ട് വച്ച അപ്പികളുടെ പഠനത്തിൻ്റെ വിശേഷങ്ങൾ വിസ്തരിക്കണം കേട്ടോ.. “
അധിക വായനയ്ക്ക്
- These Neanderthal fire pits offer an extraordinarily precise snapshot of ancient life >>>
പംക്തിയിലെ മറ്റു ലേഖനങ്ങൾ