Read Time:29 Minute

നമ്മുടെ വിഷയം  ഇന്ത്യയിലെ ആദിമ മനുഷ്യരെക്കുറിച്ചാണ്. രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് യുറേഷ്യയിൽ എവിടെയും മനുഷ്യർ ഉണ്ടായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. നമ്മുടെ ജനുസ്സായ (genus) ‘ഹോമോ’, ആഫ്രിക്കയിലെ പൗരാണിക നരവംശശാഖകളിലൊന്നായാണ് ഉടലെടുത്തത്‍.  ഇവർ ആഫ്രിക്കയിൽ നിന്ന് യുറേഷ്യയിലേക്ക് രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്,  എത്തുകയും പിന്നീട് ഇന്ത്യയുൾപ്പെടെ യുറേഷ്യയിലുടനീളമുള്ള മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഏറ്റവും പൗരാണികമെന്ന് കരുതുന്ന  ‘ഹോമോ’ അസ്ഥികൂട -പുരാവസ്തു  അവശിഷ്ടങ്ങൾ ഏകദേശം 1.8 ദശലക്ഷം  ഇന്തോനേഷ്യയിലെ കോക്കസസിൽ നിന്നാണ് കണ്ടെത്തിയത്. ഫോസിൽ ‘ഹോമോ ഇറക്റ്റസ്’ എന്ന സ്‌പീഷീസിൻറേതെന്നാണ് വിദഗ്ധർ വർഗീകരണം നടത്തിയിട്ടുള്ളത്.

ആധുനിക മനുഷ്യരുടെ അഥവാ ഹോമോ സാപിയൻസിന്റെ വരവ്

എന്നാൽ ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ‘ആധുനിക മനുഷ്യരുടെ’ പൂർവ്വികർ 50,000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് അവിടെ വ്യാപിച്ചത്. ശരീരഘടനാപരമായി ആധുനിക മനുഷ്യരുടെ വലിയ തോതിലുള്ള വ്യാപനത്തിന് തെളിവുകളുണ്ട്. ഈ കുടിയേറ്റം, വീണ്ടും ആഫ്രിക്കയിൽ നിന്ന് പുറത്തേക്കാണ്, സംഭവിച്ചത്. ഏകദേശം അറുപതിനായിരം  മുതൽ എഴുപതിനായിരം വരെ വർഷങ്ങൾക്ക് മുൻപാണ് ആഫ്രിക്കയിൽ നിന്നുള്ള ഈ പ്രയാണം ആരംഭിച്ചത്. യൂറോപ്പിലുടനീളവും, കിഴക്കൻ ഏഷ്യയിലും, ദക്ഷിണേഷ്യയിലും, യുറേഷ്യയിലുടനീളവും, ‘മുൻകാല മനുഷ്യരെ’ സ്ഥാനഭ്രഷ്ടരാക്കിക്കൊണ്ടാണ് ഈ വ്യാപനം സംഭവിക്കുന്നത്. പക്ഷേ പ്രസ്തുത പുരാതന വംശങ്ങളുമായി ഇതിനിടയിൽ ‘പുത്തൻ കൂട്ടർ’ അല്പമൊക്കെ കൂടിക്കലരുകയും ചെയ്തു. കൂടിക്കലർന്നതിൻറെ ജനിതകത്തെളിവുകൾ പേറിയാണ് ഇന്നത്തെ മനുഷ്യർ ജീവിക്കുന്നത്. അക്കാര്യത്തിൽ ഭൂമിശാസ്ത്രപരമായ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകും. മുൻപറഞ്ഞ  ‘കുടിയേറ്റക്കാർക്ക് ‘ നമ്മുടേത് പോലെയുള്ള അതായത് ഇന്നത്തെ മനുഷ്യരുടേത് പോലുള്ള അസ്ഥികൂടങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ സ്‌പീഷീസ് ആയ ‘ഹോമോ സാപിയസിന്റെ’ കുടിയേറ്റമായിരുന്നു ഇത്. ഇന്ത്യ ഉൾപ്പെടെയുള്ള യുറേഷ്യയിൽ ആധുനിക മനുഷ്യരുടെ അതായത് ‘ഹോമോ സാപിയന്സിന്റെ’ അധിനിവേശം ഏകദേശം 50,000 വർഷങ്ങൾക്ക് മുമ്പാണ് സജീവമായി ആരംഭിക്കുന്നത്. ആധുനിക മനുഷ്യർ ആഫ്രിക്കയിൽ നിന്ന് ആദ്യമായി എവിടെയാണ് എത്തിയതെന്നും അവരുടെ വ്യാപനത്തിന്റെ പാത എന്താണെന്നും ഇന്നത്തെ നിലയിൽ അത്ര കൃത്യമായി നമുക്കറിയില്ല. ഇന്ന് ആൻഡമാൻ ദ്വീപുകളിൽ , ഓസ്‌ട്രേലിയയിലെയും ന്യൂഗിനിയയിലെയും, യുറേഷ്യയുടെ ചില  ഭാഗങ്ങളിലെയും പോലെ ‘ഇവരിൽ’ ചിലരുടെ താരതമ്യേന കലർപ്പില്ലാത്ത പിൻഗാമികൾ എന്ന് കരുതുന്ന ആളുകൾ ഉണ്ട്. അന്നു മുതൽ ആൻഡമാൻ ദ്വീപുകളിൽ കുടിയേറ്റം  നടന്നിട്ടുണ്ടോ, ഈ ദ്വീപുകൾ വളരെ നേരത്തെ തന്നെ ഇവരുടെ വാസസ്ഥലമായിരുന്നോ എന്നൊന്നും വ്യക്തമല്ല. മിക്കവാറും,  പൂർവ്വികർ തെക്ക്-കിഴക്കൻ ഏഷ്യയിലോ ദക്ഷിണേഷ്യൻ ഭൂഖണ്ഡത്തിലോ ആയിരിക്കും അധിവസിച്ചിരുന്നത്. ആൻഡമാൻ ദ്വീപുകളിലേക്കുള്ള തുടക്കത്തിലെ  കുടിയേറ്റം നടന്നിരുന്നതിനേക്കാൾ സാദ്ധ്യത പ്രധാന പ്രദേശങ്ങളിൽ നിന്ന് കാലക്രമേണ നടന്നതാവാനാണ് സാദ്ധ്യത. കാരണം ഭൂഖണ്ഡത്തിലെ പ്രധാനപ്രദേശങ്ങൾ വളരെ വലുതും സമ്പന്നമായ പരിതഃസ്ഥിതിയുമാണുണ്ടായിരുന്നത്. പക്ഷേ പ്രധാന ഭൂപ്രദേശത്ത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നാവണമെന്നില്ല, മറിച്ച് ഇന്തോനേഷ്യയുടെ സുമാത്ര പോലുള്ള ചില ഭാഗങ്ങളിൽ നിന്നോ അല്ലെങ്കിൽ മ്യാൻമറിൽ നിന്നോ ആവാം.

ഭാഷാഗോത്രങ്ങൾ

എന്നാൽ നമ്മൾ പരിഗണിക്കുന്ന കാര്യം ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ, പൊതുവെ ദക്ഷിണേഷ്യയിലെയും  ഇന്നത്തെ ജനസംഖ്യാ ഘടനയുടെ രൂപീകരണത്തെ പറ്റിയാണ്. ദക്ഷിണേഷ്യ ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന സ്ഥലങ്ങളിൽ ഒന്നാണ്, നൂറുകണക്കിന് ഭാഷകൾ, മഹത്തായ മനുഷ്യ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു, കൂടാതെ വലിയ ജനിതക വൈവിധ്യവും ഉണ്ട്. ഇന്ത്യയിലെ വൈവിധ്യമാർന്ന ആളുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ പരിശോധിക്കുമ്പോൾ നമ്മൾ കാണുന്ന ഒരു കാര്യം, ഇന്ത്യയിലെ ഭൂരിഭാഗം ഗ്രൂപ്പുകളും ഇൻഡോ-യൂറോപ്യൻ അല്ലെങ്കിൽ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നു എന്നതാണ്. (എന്നാൽ പൂർണ്ണമായും എല്ലാ വിഭാഗങ്ങളുമങ്ങനെയല്ല.)  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഭാഷാ കുടുംബങ്ങളാണിവ.

സിന്ധുനദീതട സംസ്കാരത്തിന്റെ പ്രദേശമായ ‘രാഖിഗഡിൽ’ നിന്നുള്ള ഒരു സാമ്പിൾ ഫോട്ടോ : വസന്ത് ഷിൻഡെ

സമീപകാല ജനിതകപഠനങ്ങൾ

വളരെ വ്യത്യസ്തമായ രണ്ട് പൂർവ്വിക ജനസംഖ്യയിൽ നിന്നുള്ള, പിന്തുടർച്ചയുടെയും പാരമ്പര്യത്തിൻറെയും  വ്യത്യസ്ത അനുപാതങ്ങളുടെയും, ഒരു ഗ്രേഡിയന്റിൽ പൊതുവെ ഈ ഭാഷാഗോത്രങ്ങൾ പാരമ്പര്യമായി സംസാരിക്കുന്ന ജനങ്ങളെ ഉൾപ്പെടുത്താം. ജനിതകപരമായ പഠനങ്ങൾ ഇത് ശരി വയ്ക്കുന്നു. പരസ്പരം വ്യത്യസ്തരായ രണ്ട് പൂർവ്വിക ജനസഞ്ചയങ്ങളിൽ നിന്നാണ് നമ്മൾ ഇൻഡ്യക്കാരുടെ ഉത്ഭവം. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ജനിതക ശാസ്ത്രജ്ഞനായ ഡേവിഡ് റെയ്ക്കും, പരിണാമജൈവശാസ്ത്രം, ജനിതകശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തുവിജ്ഞാനീയം, ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരുമൊത്ത് ഒരു പതിറ്റാണ്ടിലധികം നടത്തിയ വിശദമായ പഠനങ്ങൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു.  ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിൽ കെ.തങ്കരാജായിരുന്നു പഠനത്തിന് ചുക്കാൻ പിടിച്ച മറ്റൊരു പ്രമുഖൻ.  ഹൈദരാബാദിലാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്. 2000-കളുടെ അവസാനത്തിൽ ശേഖരണം ഊർജ്ജിതമായി നടന്നിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലെ വംശീയ വൈവിധ്യം ഉൾപ്പെടുന്ന ഒരു വലിയ തോതിലുള്ള പരിപാടി CCMB വഴി ഇന്ത്യൻ ഗവൺമെന്റ് നടത്തിയിരുന്നു.  500 ഗ്രൂപ്പുകളിൽ നിന്ന് 18,000-ത്തോളം സാമ്പിളുകൾ ശേഖരിച്ചിരുന്നു. പഠനസംഘത്തിൽ ഇൻഡ്യൻ നരവംശസത്രജ്ഞരായ വസന്ത് ഷിൻഡേ ഹാർവാർഡിലെ നിന്ന് തന്നെയുള്ള വാഗീഷ് നരസിംഹൻ എന്നിവരും ഉൾപ്പെടുന്നു.  മുൻ പറഞ്ഞപോലെ ഇന്ത്യൻ ശാസ്ത്രജ്ഞർക്കൊപ്പം പ്രവർത്തിക്കുന്ന ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ, ഡേവിഡ് റെയ്ക് ഉൾപ്പടെയുള്ള ജനിതക വിദഗ്ധരുടെ സംഘമാണ് പേപ്പറുകൾ തയ്യാറാക്കിയത്.  യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ സൈറ്റുകളിൽ നിന്ന് ലഭിച്ച പുരാതന ഡിഎൻഎ അവർ വിശകലനം ചെയ്തു. സിന്ധുനദീതട സംസ്കാരത്തിന്റെ പ്രദേശമായ ‘രാഖിഗഡിൽ’ നിന്നുള്ള ഒരു സാമ്പിൾ പ്രത്യേക പരാമർശം അർഹിക്കുന്നു.

ഹാരപ്പൻ സൈറ്റുകളും രാഖിഗഡിയും ഭൂപടത്തിൽ കടപ്പാട് : science.org

സിന്ധുനദീതട നാഗരികത

പഠനങ്ങളിൽ നിന്നുള്ള പ്രധാനനിഗമനങ്ങളായി ഡേവിഡ് റയ്ക് ചൂണ്ടിക്കാണിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്. സിന്ധുനദീതട നാഗരികതയിലെ പുരാതന ജനത പ്രധാനമായും തെക്ക്/തെക്കുകിഴക്കൻ ഏഷ്യയുമായി ബന്ധപ്പെട്ട, ഭക്ഷണം പ്രകൃതിയിൽ നിന്ന് ശേഖരിക്കുകയും  വേട്ടയാടുകയും ചെയ്തിരുന്നവരുടെയും (അതായത് ആഫ്രിക്കയിൽ നിന്നുള്ള ആദിമകുടിയേറ്റക്കാരുടെ പിന്മുറക്കാർ) ഇറാനുമായി ബന്ധപ്പെട്ട വേട്ടക്കാരുടെയോ ( ഒരുപക്ഷേ പ്രാഗ് കർഷകരുടെയോ)  മിശ്രണത്തിൻറെ പിന്തുടർച്ചക്കാരായിരുന്നു. ഇറാനുമായി ബന്ധപ്പെട്ടതാണെന്ന് മാത്രം പറയാൻ കാരണം അവരുടെ പൂർവ്വികർ യഥാർത്ഥത്തിൽ ഇറാനിയൻ പീഠഭൂമിയിൽ നിന്ന് നേരിട്ടെത്തിയ കർഷകർ ആയിക്കൊള്ളണമെന്നില്ല.  ഹാരപ്പൻ സംസ്കാരത്തിന് ആയിരക്കണക്കിന് വർഷങ്ങൾ  മുൻപ് ദക്ഷിണേഷ്യയിൽ ജീവിച്ചിരുന്നിരിക്കാം. ഏകദേശം പതിനായിരം മുതൽ എണ്ണായിരം വർഷങ്ങൾക്ക് മുൻപകണം ഇവർ ഇറാനിൽ നിന്ന് ദക്ഷിണേഷ്യയിലേക്കും, പിന്നീട് സിന്ധുനദീതടത്തിൻറെ പ്രദേശങ്ങളിലേക്കും ഇവർ എത്തിയത്.   പ്രസക്തമായ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നിന്നുള്ള പൗരാണിക ഡിഎൻഎയുടെ അഭാവം കാരണം അവർ എവിടെയാണ് അധിവസിച്ചിരുന്നതെന്ന് ഉറപ്പിച്ച് പറയാനാവില്ല. എന്നാൽ ഇറാനിയൻ പീഠഭൂമിയിൽ കാര്ഷികസംസ്കാരം സ്ഥാപിച്ച ജനങ്ങളിൽ നിന്ന്, മുൻപ് തന്നെ പിരിഞ്ഞു പോയ ശാഖയാണ് അവരെന്ന് ജനിതക തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. അവർ അക്കാലത്തെ തദ്ദേശീയരുമായി (ആഫ്രിക്കയിൽ നിന്നുള്ള ആദിമകുടിയേറ്റക്കാരുടെ പിന്മുറക്കാർ)  മിശ്രണം ചെയ്താണ് ഹാരപ്പൻ ജനത ഉദയം ചെയ്തത്. “സിന്ധുനദീതട ജനതതി ” (Indus Valley Cline) എന്ന് ഗവേഷകർ വിശേഷിപ്പിക്കുന്ന മനുഷ്യരുടെ പിന്തുടർച്ചയാണ് ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും നിവാസികളുടെ പ്രാഥമിക ഉറവിടം. Indus Valley Cline  – ഇൽ  രാഖിഗഡ് പ്രദേശത്തെ ഒരു ഹാരപ്പൻ വ്യക്തിയും കൂടാതെ തുർക്ക്മെനിസ്ഥാനിലെ ഗോണൂർ, ഇറാനിലെ ഷാർ-ഇ-സോഖ്ത എന്നിവിടങ്ങളിൽ അടക്കം ചെയ്ത 11 വ്യക്തികളും ഉൾപ്പെടുന്നു. ഇവർ സിന്ധുനദീതട സംസ്‌കാരത്തിൽ നിന്നുള്ള കുടിയേറ്റക്കാരോ വ്യവഹാര യാത്രികരോ ആണെന്നാണ് നിഗമനം. അക്കാലത്ത് സിന്ധു നദീതട നാഗരികതയും മെസപ്പൊട്ടാമിയൻ നാഗരികതയും തമ്മിൽ ബന്ധപ്പെട്ടിരുന്നുവെന്ന് പുരാവസ്തുഗവേഷകർ കരുതുന്നു.. ഇവരുടെ പൗരാണിക ഡി എൻ എ വിശകലനവിധേയമാക്കി ആധുനിക ജീനോമുകളുമായി താരതമ്യ ചെയ്താണ് നിഗമനങ്ങളിൽ എത്തിയത്.

കടപ്പാട് : science.org

സ്റ്റെപ്പി മൈഗ്രേഷൻ അഥവാ ‘ഇടയജനതയുടെ’ കുടിയേറ്റം

പഠനഫലമായി പ്രസിദ്ധീകരിച്ച രണ്ട്  പ്രബന്ധങ്ങൾ- ദ ഫോർമേഷൻ ഓഫ് ഹ്യൂമൻ പോപ്പുലേഷൻസ് ഇൻ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ (വഗീഷ് നരസിംഹൻ തുടങ്ങിയവർ), ഒരു പുരാതന ഹാരപ്പൻ ജീനോം സ്റ്റെപ്പി പാസ്റ്ററലിസ്റ്റുകളിൽ നിന്നോ ഇറാനിയൻ കർഷകരിൽ നിന്നോ (വസന്ത് ഷിൻഡെ തുടങ്ങിയവർ) വംശപരമ്പര ഇല്ലാത്തത്- എന്നിവ ചില വ്യത്യസ്ത വ്യാഖ്യാനങ്ങൾ സൃഷ്ടിച്ചു. വിവാദങ്ങളുമുണ്ടായി.

മുമ്പ് തന്നെ തർക്കമുണ്ടായിരുന്ന, എതിർവാദം ഉന്നയിക്കപ്പെട്ടിരുന്ന, അനുമാനങ്ങളാണ് ബിസിഇ രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിയിൽ യുറേഷ്യൻ പുൽമേടുകളിൽ (steppe) നിന്നുള്ള ഇടയന്മാരുടെ പിൻഗാമികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിയെന്നതും ഇന്തോ-യൂറോപ്യൻ ഭാഷകൾ ഭൂഖണ്ഡത്തിലേക്ക് കൊണ്ടുവന്നത്  ‘ഏതാണ്ട് തീർച്ചയായും’ അവർ തന്നെയാണെന്നതും. മുൻപറഞ്ഞ  പ്രബന്ധങ്ങൾക്ക് ശേഷം എതിർവാദങ്ങൾ ശരിയാണെന്ന മട്ടിൽ ധാരാളം വ്യാഖ്യാനങ്ങൾ ഉണ്ടായി. യഥാർത്ഥത്തിൽ  ഇന്ന് ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ  ജനിതകഘടനകളിൽ പൂജ്യം  മുതൽ മുപ്പത് ശതമാനം വരെ സംഭാവന ചെയ്തത്  യുറേഷ്യൻ പുൽമേടുകളിൽ (steppe) നിന്നുള്ള  കുടിയേറ്റക്കാരാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ബി സി ഇ രണ്ടാം സഹസ്രാബ്ദത്തിൻറെ  ആദ്യ പകുതിയിൽ, സ്റ്റെപ്പി ഇടയന്മാരുടെ പിൻഗാമികൾ വടക്ക് നിന്ന് ദക്ഷിണേഷ്യയിലേക്ക് പ്രവേശിച്ചു, കാലക്രമത്തിൽ ഇന്ന് ജീവിക്കുന്ന വിഭാഗങ്ങളുടെ  0-30 ശതമാനം വരെ ജീനുകൾ സംഭാവന ചെയ്തു. ഇന്നത്തെ വിവിധ ദേശങ്ങളിലെ വിവിധവിഭാഗങ്ങളെ ആശ്രയിച്ച് ഇതിൻറെ തോത് വ്യത്യാസപ്പെടുന്നു. കൂടാതെ ഇൻഡോ-യൂറോപ്യൻ ഭാഷകൾ ഇവരാണ് കൊണ്ടുവന്നതെന്നും ഏതാണ്ട് ഉറപ്പാണ്.  ഈ ജീനുകൾ ദക്ഷിണേഷ്യയിലേക്ക് കൊണ്ടുവന്ന യഥാർത്ഥ ആളുകൾ തൊഴിൽപരമായി ഇടയന്മാർ തന്നെയായിരുന്നുവെന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല എന്നത് യാഥാർഥ്യമാണ്. പക്ഷേ അവരുടെ പൂർവ്വികർ ഇടയന്മാരായിരുന്നു. അല്ലെങ്കിൽ അവർ സ്റ്റെപ്പി ഇടയന്മാരുടെ പിന്തുടർച്ചക്കാർ തന്നെയായിരുന്നു.ഇവരുടെ കുടിയേറ്റം നടന്നത് ഏതാണ്ട് മൂവായിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുന്പാണെന്നത് വ്യക്തം.

ഈ സ്റ്റെപ്പി മൈഗ്രേഷനെ കുറിച്ചുള്ള  പഠനങ്ങളിൽ നിന്ന് ഉയർന്ന് വരുന്ന മറ്റ് ചില ചോദ്യങ്ങൾ ഉണ്ട്. ഇത്രയും വലിയൊരു പ്രദേശത്തെ ജീൻ പൂളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഗണ്യമായ ഒരു സംഖ്യയിൽ അവർ എത്തിയോ? അങ്ങനെ വന്നവരിലെ സ്ത്രീ പുരുഷ അനുപാതം എന്തായിരുന്നു എന്നതിന് തെളിവുകളുണ്ടോ? കൂടുതലും പുരുഷന്മാർ ആയിരുന്നോ?  ‘ആര്യന്മാരുടെ’ അധിനിവേശം എന്ന സിദ്ധാന്തത്തെ പുതിയ പഠനം സാധൂകരിക്കുന്നുണ്ടോ?  റെയ്ക്ക് പറയുന്നതനുസരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഈ യുറേഷ്യയിൽ നിന്ന് പൂർവ്വികർ എത്തിയ പ്രവാഹത്തിൽ ലിംഗ പക്ഷപാതം ഉണ്ടെന്നതിന് തെളിവുകൾ ഇല്ല. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടിരുന്നുവെന്നത് പൂർണ്ണമായും വിശ്വസനീയവുമാണ്.

എന്നിരുന്നാലും, ഇവർ ഹാരപ്പൻ പിന്തുടർച്ചക്കാർ ഉൾപ്പടെയുള്ള തദ്ദേശീയരുമായി ഇടകലർന്ന പ്രക്രിയ ലൈംഗിക പക്ഷപാതപരമായ ഒന്നായിരുന്നു, അതിലൂടെ സ്റ്റെപ്പി വംശജരിൽ നിന്ന്  സമ്മിശ്ര ജനസംഖ്യയ്ക്ക് സംഭാവന നൽകിയത് മിക്കവാറും പുരുഷന്മാരാണ്. എന്നാൽ ഇന്നത്തെ പാകിസ്താനിലെ സ്വാത് താഴ്‌വരയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെ സ്റ്റെപ്പി വംശജർ ഇടകലർന്നത്  വിപരീത പാറ്റേണിൽ, ആണ്. അതായത്, മിശ്രണത്തിൽ മിക്ക സ്റ്റെപ്പി വംശപൂർവികരും സ്ത്രീകളായിരുന്നു. Y ക്രോമസോമിലെ ഡി എൻ എ ശ്രേണിയുടെ വിശകലനത്തിൽ നിന്നാണ് പിതൃവഴിയിലെ പാരമ്പര്യം മനസ്സിലാക്കുന്നത്. കാരണം Y ക്രോമസോം പിതാവിൽ നിന്ന് മാത്രം ലഭിക്കുന്നു. അത് പോലെ കോശങ്ങളിൽ ന്യൂക്ലിയസിന് വെളിയിലുള്ള മൈറ്റോകോൺഡ്രിയയിലെ ഡി എൻ എ ശ്രേണിയുടെ വിശകലത്തിൽ നിന്ന് മാതൃവഴിയിലുള്ള പാരമ്പര്യം മനസിലാക്കാം. സ്വാത് താഴ്‌വരയിലെ വെങ്കലയുഗത്തിന്റെയും ഇരുമ്പുയുഗത്തിന്റെയും അവസാനഘട്ടത്തിലെ മനുഷ്യരിൽ  വ്യക്തികളിൽ, Y ക്രോമസോമിൽ സ്റ്റെപ്പി മിശ്രണത്തിൻറെ അഭാവമോ ഗണ്യമായ കുറവോ ഗവേഷകർ കണ്ടെത്തിയിരുന്നു. സ്റ്റെപ്പി വംശജർ ഈ ഗ്രൂപ്പുകളിലേക്ക് പ്രധാനമായും സ്ത്രീകളിലൂടെ ഉൾപ്പെടുത്തപ്പെട്ടതെന്ന് മൈറ്റോകോൺഡ്രിയൽ വിശകലനം വ്യക്തമാക്കുകയും ചെയ്യുന്നു. പക്ഷേ ഇന്നത്തെ ദക്ഷിണേഷ്യക്കാരിൽ, പൊതുവെ വംശപരമ്പരയുടെ വിപരീത പാറ്റേൺ ആണ് ഗവേഷകർ നിരീക്ഷിച്ചത്. മധ്യേഷ്യയിൽ നിന്ന് ദക്ഷിണേഷ്യയിലേക്കുള്ള സ്റ്റെപ്പി വംശപരമ്പരയുള്ള ആളുകളുടെ കുടിയേറ്റം ലിംഗപരമായ പക്ഷപാതരഹിതമായിരുന്നിരിക്കണമെന്നും തുടർന്നുള്ള ഘട്ടങ്ങളിൽ ഇവരിൽ നിന്നുള്ള സ്ത്രീകളെ സ്വാത് താഴ്‌വരയിലെ ജനങ്ങളിലേക്ക്  ഉൾപ്പെടുത്തുപ്പെട്ടുവെന്നും ഇന്ത്യൻ ഉപഭൂഖണ്ഡമുൾപ്പടെ മിക്ക ദക്ഷിണേഷ്യക്കാരുടെയും പൂർവ്വികരിൽ ഇക്കൂട്ടരിൽ നിന്ന് പുരുഷന്മാരാണ് ഉൾപ്പെട്ടതെന്നുമാണ് ജനിതക തെളിവുകൾ വ്യക്തമാക്കുന്നത്.

നമുക്ക് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് സിന്ധുനദീതട നാഗരികതയുടെ ക്ഷയത്തിന് ശേഷമോ ക്ഷയോന്മുഖമായ അവസാനഘട്ടത്തിലോ ആവും യുറേഷ്യൻ പുൽമേടുകളിൽ നിന്നുള്ളവരുടെ വരവ്. അതിൽ ഒരു സായുധകീഴടക്കൽ ഉണ്ടായിരുന്നുവെന്ന് പറയാൻ തക്ക തെളിവുകൾ ഒന്നും തന്നെയില്ല. പക്ഷേ ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ ജനിതക മിശ്രണത്തിൽ പുൽമേടുകളിൽ നിന്ന് വന്ന, ഇൻഡോ-യൂറോപ്യൻ ഭാഷകളുടെ പൂർവരൂപം സംസാരിച്ചിരുന്ന കൂട്ടരുടെ പുരുഷന്മാരിൽ നിന്നാണ് അക്കാലത്തെ തദ്ദേശീയരിലേക്ക് ജനിതക മിശ്രണം സംഭവിച്ചത് എന്നത് വളരെ വ്യക്തവുമാണ്. (ക്ഷയോന്മുഖഘട്ടത്തിൽ സിന്ധുനദീതട ക്ലൈനിൽ പെട്ടവർ ഇന്ത്യയിടെ മറ്റ് പ്രദേശങ്ങളിലേക്ക് വിശേഷിച്ച് തെക്ക് കിഴക്കൻ പ്രദേശങ്ങളിലേക്ക് പരക്കുകയും അവിടങ്ങളിലെ മുൻനിവാസികളുമായി ഇടകലരുകയും ചെയ്തു എന്നും അനുമാനിക്കാം)

ഇന്നത്തെ ഇന്ത്യൻ ജനതയെ രൂപപ്പെടുത്തിയ ‘കൂട്ടിമുട്ടലുകൾ’ അഥവാ കൂടിച്ചേരലുകൾ നമുക്കിങ്ങനെ നാലായി സംഗ്രഹിക്കാം.

  1. ഇറാനിയൻ പിന്തുടർച്ചയായ വംശപരമ്പരയുടെയും തെക്ക്/തെക്കുകിഴക്കൻ ഏഷ്യയിലെ വേട്ടക്കാരായ  പൗരാണിക ജനതയുടെ വംശപരമ്പരയുടെയും മിശ്രണം. ഏകദേശം 7400-5700 വർഷങ്ങൾക്ക് മുമ്പ് പ്രസ്തുത മിശ്രണത്തിൽ  സിന്ധുനദീതട നാഗരികത രൂപം കൊണ്ടു.
  2. ഏകദേശം 4000-3000 വർഷങ്ങൾക്ക് മുമ്പ് പക്വതയാർന്ന സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് ശേഷം താരതമ്യേന കൂടുതൽ തെക്ക്/തെക്കുകിഴക്കൻ ഏഷ്യൻ വേട്ടക്കാരുമായി ബന്ധപ്പെട്ട വംശപരമ്പര വഹിക്കുന്ന തെക്കുകിഴക്ക് നിന്നുള്ള ആളുകളുമായി സിന്ധുനദീതട ക്ലൈനിലെ ആളുകളുടെ മിശ്രണം.  ഇത് പൂർവിക ദക്ഷിണേൻഡ്യൻ ജനതക്ക് ( Ancestral South Indian Population- ASI) ജന്മം നൽകി.
  3. ഏകദേശം 4000-2000 വർഷങ്ങൾക്ക് മുമ്പ് പക്വതയാർന്ന സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് ശേഷം സ്റ്റെപ്പി വംശജരെ വഹിക്കുന്ന വടക്ക് നിന്നുള്ള ആളുകളുമായി സിന്ധുനദീതട ക്ലൈനിലെ ആളുകളുടെ മിശ്രിണം.  ഇത് പൂർവിക ഉത്തരേൻഡ്യൻ ജനതക്ക് ( Ancestral North Indian Population- ANI ) ജന്മം നൽകി.
  4. ഈ രണ്ട് മിശ്രിത ജനതകളുടെ പുനർ മിശ്രണം  (2 , 3 )

ഇതിന് പുറമെയാണ്  ഇൻഡ്യയുടെ വടക്ക് കിഴക്കേ ഭാഗങ്ങളിൽ ഉണ്ടായ ഓസ്ട്രോ-ഏഷ്യാറ്റിക്, ബർമീസ് ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ കുടിയേറ്റവും മിശ്രണവും. പിൽക്കാലത് ഹൂണന്മാർ മുഗളന്മാർ യവനന്മാർ തുടങ്ങിയവരുടെ കടന്ന് വരവും, തൽഫലമായുണ്ടായ ചെറിയ കൂടിക്കലരലുകളും

കടപ്പാട് : science.org

സ്റ്റെപ്പി ഇടയന്മാരുടെ ഉത്ഭവം

കിഴക്കൻ യൂറോപ്പിലെ ‘നൊമാഡിക്‌’ ആയ ‘യംനയ’ സംസ്കാരത്തിൻറെ തുടർച്ചക്കാരാണ് യുറേഷ്യയിലെ  സെൻട്രൽ സ്റ്റെപ്പീസിലും (ബിഎംഎസി) പിന്നീട് ദക്ഷിണേഷ്യയിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും എത്തിയെതെന്നാണ് ഇപ്പോഴുള്ള നിഗമനം. പ്രയാണവഴിയിലൊക്കെ ഏറിയും കുറഞ്ഞും മിശ്രണം നടക്കുന്നുമുണ്ടായിരുന്നു. കൃത്യമായ റൂട്ടുകൾ നിലവിൽ അറിയില്ല. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുമ്പ് ഇത് വിദൂര കിഴക്കൻ യൂറോപ്പിൽ നിന്ന് ആരംഭിച്ചു (യമ്നയ അല്ലെങ്കിൽ അവരുടെ അടുത്ത ബന്ധുക്കളുമായി), പിന്നീട് 4500-4000 വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറ് കിഴക്ക്-മധ്യ യൂറോപ്പിലേക്ക് നീങ്ങി, യുറൽ പർവ്വതനിരകൾക്ക്  കുറുകെ കിഴക്കോട്ട് മധ്യ സ്റ്റെപ്പി (കസാഖ്സ്ഥാൻ), മധ്യേഷ്യ (തുർക്ക്മെനിസ്ഥാൻ പോലുള്ള സ്ഥലങ്ങൾ) എന്നിവിടങ്ങളിലേക്കും പിന്നീട് .4000-3500 വർഷങ്ങൾക്ക് മുമ്പ് ദക്ഷിണേഷ്യയിലും എത്തി.

കടപ്പാട് : science.org

‘ആര്യന്മാർ’ എന്ന് പറയാറുള്ള സ്റ്റെപ്പി ഇടയന്മാരിൽ നിന്നുള്ള ജനിതകസംഭാവന സമകാലിക ഇൻഡ്യൻ ജനതയിൽ എത്രത്തോളം ഉണ്ടെന്നത് മേഖലകളെയും വിഭാഗങ്ങളെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവെ ഉത്തരേന്ത്യയിൽ ഇതിന്റെ തോത് ദക്ഷിണേന്ത്യയിലേക്കാൾ ഏറെയാണ്. അത് പോലെ സമൂഹത്തിലെ ജാതിശ്രേണിയിൽ ‘ഉയർന്നവരെന്ന്’ കരുതുന്നവരിൽ മറ്റുള്ളവരെക്കാൾ പ്രസ്തുത തോത് കൂടുതലായിരിക്കും. ഉത്തരേന്ത്യയിലെ ബ്രാഹ്മണ, ഭൂമിഹാർ  ജാതികളിലാണ് ഇതേറ്റവും കൂടുതൽ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്.

അധികവായനയ്ക്

  1. David Reich, Kumarasamy Thangaraj, Nick Patterson, Alkes L. Price, and Lalji Singh, Reconstructing Indian Population History, Nature. 2009 Sep 24; 461(7263): 489–494.
  2. MICHAEL PRICE,Genome of nearly 5000-year-old woman links modern Indians to ancient civilization DNA from Harappan suggests South Asians can trace their ancestry to Indus Valley Civilization, 5 SEP 2019 SCIENCE
  3. Vasant Shinde, Vagheesh M. Narasimhan et al, An Ancient Harappan Genome Lacks Ancestry from Steppe Pastoralists or Iranian Farmers, CELL,  Volume 179, Issue 3, 17 October 2019, Pages 729-735.
  4. V.M.Narasimhan et al.,The formation of human populations in South and CentralAsia, Science 365, 7487(2019).DOI:10.1126/
  5. The Early Indians, Tony Joseph

അനുബന്ധ വായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
83 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

One thought on “ആരാണിന്ത്യക്കാർ ?

Leave a Reply

Previous post കുഞ്ഞോളം കുന്നോളം – Climate Comics – 4
Next post തൊട്ടിലിൽ കിടക്കുന്ന കുട്ടിക്ക് എന്തറിയാം ?
Close