Read Time:23 Minute

ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത

കാർഷിക തോട്ടങ്ങളുടെ ഇടയിൽ പരസ്പരം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന, ലക്ഷകണക്കിന് ആളുകൾ ഉണ്ടായിരുന്ന വൻ നാഗരികതകൾ ഇന്ന് കൊടുംകാടായി കിടക്കുന്ന ആമസോണിൽ ഉണ്ടായിരുന്നു. ലിഡാർ ഉപയോഗിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber

കേൾക്കാം

എഴുതിയത് : ഡാലി ഡേവിസ്, അവതരണം : അഞ്ജലി ജെ.ആർ

ആകാശരഹസ്യങ്ങളുടെ ചുരുളുകൾ വിടർത്തുന്നത്ര തന്നെ ജിജ്ഞാസയാണ് മനുഷ്യനു കാടിന്റെ നിഗൂഡതകളന്വേഷിക്കാനും. ആകാശത്ത് നക്ഷത്രജനനം നടക്കുന്ന സൃഷ്ടിയുടെ തൂണുകളുടെ ചിത്രങ്ങളൊപ്പിയെടുക്കാനുള്ള അതേ കൗതുകമാണു ആമസോൺ കാടിൻ്റെ നടുവിൽ നിഗൂഡതയിലൊളിച്ച് കിടക്കുന്ന ചരിത്രാതീത നാഗരികതയെ തേടാനും. ഭൂതവും ഭാവിയും മനുഷ്യനെ വർത്തമാനകാലത്ത് അതിശയിപ്പിച്ച് കൊണ്ടിരിക്കും.

ഇതെന്താണു കവിതയോ? ഇവൾക്കിതെന്താണു പാത്തു ഇന്നാളത്തെ നീരാളി സ്വപ്നം പോലെ പിന്നെയും തുടങ്ങിയോ?

അതൊന്നുമല്ല സ്വപ്നേച്ചി ഈ മാസത്തെ സയൻസ് മാഗസിനിൽ ആമസോൺ കാട്ടിൽ 2000 വർഷം പഴക്കമുള്ള നാഗരികത കണ്ടെത്തി എന്ന് വായിച്ചത് മുതൽ തുടങ്ങിയതാണ്. സിനുവിനിപ്പോൾ ആമസോണിൽ പോകണം.

അതിനെന്താ ആ മൊബൈൽ തുറന്നാൽ ആമസോൺ ആപ്പില്ലേ..

എൻ്റെ സ്വപ്നേച്ചി അതല്ല ആമസോൺ കാട് തെക്കേ അമേരിക്കയിലുള്ള ലോ/കത്തിലെ ഏറ്റവും വലിയ കൊടുംകാട്!

കൊടുംകാട്ടിലോ എന്തിന്!

ഗവേഷണത്തിന്.  ആമസോണിൽ ഇനിയും കുറേ നാഗരികതകൾ ഒളിച്ചു കിടക്കുന്നുണ്ടാകും. അതൊക്കെ കണ്ടെത്താൻ.

ആഹാ അതുകൊള്ളാം ഇപ്പോൾ ഫിസിക്സ് ലേസർ ഗവേഷണമൊക്കെ കഴിഞ്ഞ് കാട് കുഴിക്കാനാണോ പോക്ക്.

അയ്യയ്യോ സ്വപ്നേച്ചി ഇപ്പോൾ പുരാവസ്തു ഗവേഷണവും നാഗരികത കണ്ടെത്തലുമൊക്കെ അങ്ങനെ കുഴിച്ച് കുഴിച്ചൊന്നുമല്ല കണ്ടെത്തുന്നത്. അതിനും ലേസറാണ്.

ങേ എന്ത് നമ്മൾ സൂപ്പർമാർക്കെറ്റിൽ സ്കാൻ ചെയ്യാൻ ഉപയോഗിക്കുന്ന ലേസറോ.

‘അതും ലേസർ തന്നെ. അത് ഇൻഫ്രറെഡ് ലേസർ. ലേസർ പോയൻ്ററിൽ ചിലപ്പോൾ പച്ച ലേസർ. പിന്നെ ലേസർ ഷോകളിൽ പല പല ലേസർ. പക്ഷേ ഇവിടെ അതൊന്നുമല്ല. ഇത് ലിഡാർ അതായത് ലേസർ ഇമേജിങ്, ഡിറ്റക്ഷൻ ഏൻ്റ് റേജിങ്. [LIDAR -laser imaging, detection, and ranging]. ലേസർ ഒക്കെ ഒന്നു തന്നെ, ഇൻഫ്രാറെഡും, അൾട്രാവയലറ്റും, വിസിബിളും. പക്ഷേ തിരിച്ചു വരുന്ന ലേസറും ജി.പി.എസും എയറോപ്ലെയ്നും ഒക്കെ വച്ച് മൊത്തം കാടിൻ്റേയും 3 ഡി പടങ്ങൾ കൂടിയ റെസലൂഷനിൽ എടുക്കും. കാടിന്റെ മൊത്തം റ്റോപോഗ്രഫിയും അതായത് ഉയർച്ചകൾ, താഴ്ചകൾ  ഒക്കെ ഒരു ഫോട്ടോ പോലെ കാണാം. ഇതേ ലിഡാർ വച്ച് നഗരങ്ങളുടെ കെട്ടിടങ്ങളും കടലിൻ്റെ അടിത്തട്ടും ഒക്കെ മാപ്പ് ചെയ്യാം. ഏകദേശം നമ്മൾക്കറിയുന്ന റഡാറും സോണാറും ഒക്കെ പോലെ തന്നെ. റഡാർ റേഡിയോ തരംഗങ്ങളുടെ തിരിച്ച് വരുന്ന സമയവും സോണാർ ശബ്ദതരംഗങ്ങളുറ്റെ തിരിച്ചു വരവും ആണു അടയാളപ്പെടുത്തുന്നതെങ്കിൽ ഇവിടെ ലൈറ്റ് അല്ലെങ്കിൽ ലേസറിൻ്റെ തിരിച്ച് വരവാണ് ആയുധം. ആ തിരിച്ചു വരുന്ന ലേസറിനനുസരിച്ചാണ് കാടിൻ്റെയും കടലിൻ്റേയും നഗരങ്ങളുടേയും ഒക്കെ ഏരിയൽ ഫോട്ടോകൾ എടുക്കുന്നത്.’

‘മോളേ, പാത്തൂ സ്വപ്നേച്ചിയ്ക്ക് ശരിയ്ക്ക് ക്ലാസ്സെടുത്ത് കൊടുക്ക് എനിക്ക് ഒരു അസ്സൈന്മെൻ്റ് തീർക്കാനുണ്ട്’.

‘അതായത് സ്വപ്നേച്ചി മനുഷ്യർ കരുതിയിരുന്നത് ആമസോൺ കാടുകൾ മനുഷ്യർ തൊടാതെ കിടന്നിരുന്ന അകളങ്കിതമായ കാടുകളാണെന്നായിരുന്നു. ഒരുപക്ഷേ, സ്വദേശികളായ കുറച്ച് ഗോത്രവർഗ്ഗക്കാരുണ്ടായിരിക്കും. എന്നാൽ നാഗരികതയൊക്കെ വന്നത് യൂറോപ്യന്മാരുടെ കോളനിവത്കരണത്തിലൂടെ ആണെന്നായിരുന്നു നമ്മുടെ വിചാരം.

പക്ഷേ, ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങൾ കാണിക്കുന്നത്, അങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്നാണ്. അകളങ്കിതമായിരുന്നില്ലെന്ന് മാത്രമല്ല, വലിയൊരു നാഗരികത, അതും കാർഷിക തോട്ടങ്ങളുടെ ഇടയിൽ പരസ്പരം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന, ലക്ഷകണക്കിന് ആളുകൾ ഉണ്ടായിരുന്ന വൻ നാഗരികതകൾ ഇന്ന് കൊടുംകാടായി കിടക്കുന്ന ആമസോണിൽ ഉണ്ടായിരുന്നു.’

‘അത്രയും വലിയ കാട്ടിൽ അവരെങ്ങനെ ഇത്രവലിയ നഗരങ്ങളുണ്ടാക്കി.’

‘അന്ന് ആമസോൺ അത്രവലിയ വനമായിരുന്നില്ല എന്നാണിപ്പോൾ മനസ്സിലാക്കുന്നത്. ‘

‘അപ്പോൾ ആരും ഇതുവരെ അത് മനസ്സിലാക്കിയിരുന്നില്ലേ?’

ഫ്രാൻസിസ്കോ ദേ ഓറിയാന (Francisco de Orellana)

സത്യം പറഞ്ഞാൽ പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ ജീവിച്ചിരുന്ന ഫ്രാൻസിസ്കോ ദേ ഓറിയാന (Francisco de Orellana) ആമസോൺ കാടുകളിൽ പര്യവേക്ഷണം നടത്തി അവിടെ മൈലുകളോളം നീണ്ടുകിടക്കുന്ന സെറ്റിൽമെൻ്റുകൾ ഉണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഓറിയാനയുടെ റിപ്പോർട്ടുകളിൽ അവർ കഴിച്ച ഭക്ഷണസാധനങ്ങൾ, ഇറച്ചി, പക്ഷികൾ, മീൻ പിന്നെ അവകാഡോ, കൈതചക്ക, പ്ലം, ആത്തചക്ക ഉൾപ്പെടെയുള്ള വിപുലമായ പഴങ്ങളും രേഖപ്പെടുത്തിയിരുന്നു. പക്ഷേ, രണ്ടാം തവണ ഓറിയാനയ്ക്ക് ഈ സ്ഥലം കണ്ടെത്താനായില്ല. പിന്നെ കുറേക്കാലം യൂറോപ്യന്മാർ ആമസോണിൽ എത്തിയില്ല. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ജസ്യൂട്ട് പാതിരികൾ വന്ന് അവിടെ സെറ്റിൽമെൻ്റ് ഉണ്ടാക്കിയപ്പോൾ ഓറിയാന പറഞ്ഞ, ആയിരകണക്കിനു മനുഷ്യരും, മൈലുകളളോളം നീണ്ടു കിടക്കുന്ന നാഗരികമായ റോഡുകളും, ജലവിതരണവും, കൃഷിയുമുള്ള നാഗരികതയൊന്നും കണ്ടെത്തിയില്ല. കൊടുംകാടും സ്വദേശഗോത്രങ്ങളുടെ ചെറിയ ചെറിയ കൂട്ടങ്ങളും മാത്രം.  സ്വാഭാവികമായും ഓറിയാന നുണയനായി മുദ്രകുത്തപ്പെട്ടു. പിന്നീട്, ഇരുപതാം നൂറ്റാണ്ടിൽ ആമസോണിലെ മണ്ണ് വലിയ രീതിയിലുള്ള കൃഷിക്ക് അനുയോജ്യമല്ല എന്നു കണ്ടെത്തിയതോടെ ഓറിയാനയെയും അയാളുടെ റിപ്പോർട്ടുകളേയും ഗവേഷകലോകം തള്ളികളഞ്ഞു. ഈയടുത്ത് വരെ ആമസോൺ കാടുകൾ മനുഷ്യൻ തൊടാത്ത വന്യതയുടെ പര്യായമായി തുടർന്നു.

മൈക്കൽ ഹെക്കൻബെർഗർ

അങ്ങനെയിരിക്കെയാണു 1992 ഇൽ മൈക്കൽ ഹെക്കൻബെർഗർ എന്ന നരവംശ ശാസ്ത്രജ്ഞൻ ബ്രസീലിലെ ആമസോൺ തീരത്ത് അവധിക്കാലം ചെലവഴിക്കാനെത്തി. അവിടെ ഒരു ഗോത്രത്തലവൻ മെക്കലിനെ ഒരു സ്ഥലം കാണിച്ചു കൊടുത്തു. അവിടെ ഒരു വലിയ തുരങ്കത്തിൽ ധാരാളം കളിമൺ പാത്രങ്ങളും കഷണങ്ങളും അയാൾ കണ്ടെത്തി. ജിജ്ഞാസ സഹിക്കാൻ വയ്യാതെ അവധി റദ്ദാക്കി മൈക്കേൽ പരിവേക്ഷണത്തിനിറങ്ങി. അതിശയകരമായ രീതിയിൽ, അപ്പോൾ ഉള്ള ഗോത്രവർഗ്ഗ സെറ്റിൽമെന്റുകളേക്കാൾ വലിയ ഭൂമിയിലെ നിർമ്മാണങ്ങൾ അവർ കണ്ടെത്തി.

മെക്കേലിനു ഉറക്കമില്ലാത്ത രാത്രികളുടെ  10 കൊല്ലം! 19 അതിപുരാതന സെറ്റിൽമെൻ്റുകളാണു 10 വർഷം കൊണ്ട് കണ്ടെത്തി മൈക്കൽ ഹെക്കൻബെർഗർ സയൻസ് മാഗസിനിൽ പ്രസിദ്ധികരിച്ചത്. സെറ്റിൽ മെൻ്റുകൾ മാത്രമല്ല, അവയ്ക്കിടയിൽ ശ്രദ്ധപൂർവ്വം പരിപാലിച്ചിരുന്ന കൃഷിസ്ഥലങ്ങളും ഉണ്ടായിരുന്നുവെന്ന് ഈ പഠനം കണ്ടെത്തി. എ.ഡി 800 നും -1600 ഇടയിൽ അയ്യായിരത്തോളം ജനങ്ങൾ താമസിച്ചിരിക്കാൻ ഇടയുള്ള ഈ സെറ്റിൽമെൻ്റുകൾ അക്കാലത്തെ യൂറോപ്യൻ നഗരങ്ങൾക്ളോളം തന്നെ വലുതായിരുന്നിരിക്കണം.’

ഹോ! ശരിയ്ക്കും കൗതുകകരം. ഇത്രയും വലിയ സെറ്റിൽമെറ്റുകളായിരുന്നീട്ടും അവയെങ്ങനെ  പര്യവേക്ഷകരുടെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു?

കാര്യം അത് അതിശയമായി തോന്നുമെങ്കിലും, വളരെ ലളിതമാണു. ഈ സെറ്റിൽമെൻ്റുകൾ എല്ലാം തന്നെ മൺകട്ടയും മരവും ഉപയോഗിച്ച് പണിതവായിരുന്നു. കല്ലുകൾ ആ സ്ഥലങ്ങളിൽ ഒട്ടും ലഭ്യമല്ല. ഉഷ്ണമേഖല കാലാവസ്ഥയിൽ മഴയും വെയിലും കൊണ്ട് അവ മണ്ണിൽ ചേർന്നു. ആർത്ത് വളരുന്ന മരങ്ങൾക്കിടയിൽ ഗവേഷകർക്ക് പ്രത്യേകിച്ചൊന്നും കണ്ടെത്താനില്ലായിരുന്നു. ആ ഗോത്രത്തലവൻ കാണിച്ചു കൊടുത്തില്ലായിരുന്നെങ്കിൽ മൈക്കൽ ഹെക്കൻബെർഗും ഇത് കണ്ടെത്തില്ലായിരുന്നല്ലോ.

അൽസയോ റാൻസി (Alceu Ranzi)

ഇതേസമയം ആമസോൺ വനങ്ങൾ വെട്ടിവെളുപ്പിച്ച് കൃഷിയാരംഭിച്ചപ്പോൾ ധാരാളം ഭൂനിർമ്മിതികൾ പല പല രൂപത്തിലും ആകൃതിയിലും കണ്ടെത്തിയിരുന്നു. ആമസോൺ വനങ്ങളുടെ മിക്കഭാഗത്തും ഇത്തരം ഭൂനിർമ്മിതികൾ കണ്ടെത്തിയെങ്കിലും കൃത്യമായി അതെന്താണെന്നു മനസ്സിലാക്കാൻ ഗവേഷകർക്കായില്ലെന്നതിനാൽ 11 വർഷങ്ങളോളം ഈ കണ്ടെത്തെലുകൾ റിപ്പോർട്ട് ചെയ്യാതെ പോയി. 1999 ബ്രസീലിലെ ഒരു പ്രസിദ്ധ ഫോസ്സിൽശാസ്ത്രജ്ഞൻ അൽസയോ റാൻസി (Alceu Ranzi) യാണു പിന്നീട് ചതുരത്തിലും ഡയമണ്ടാകൃതിയിലും ദീർഘചതുരത്തിലുമൊക്കെയുള്ള, പിന്നീട് ജിയോഗ്ലിഫുകൾ എന്ന് വിളിക്കപ്പെട്ട ഈ ഭൂമിർമ്മിതികളെ ആമസോൺ വനങ്ങളിലങ്ങോളമിങ്ങോളം കണ്ടെത്തി റിപ്പോർട്ട് ചെയ്തത്.

ജിയോഗ്ലിഫുകൾ

ഇത്രയും വിപുലമായതും ആമസോണിലങ്ങോളമിങ്ങോളം പരന്ന് കിടക്കുന്നതുമായ ഈ ജിയോഗ്ലിഫുകൾ മനുഷ്യരുണ്ടാക്കിയതാണെണ് ഉറപ്പായിരുന്നു. ഉൽഖനനങ്ങളിൽ കിട്ടിയ സാധങ്ങളൂടെ കാർബൺ ഡേറ്റിങ് എ. ഡി 200  നും എ. ഡി 1200 നും ഇടയിലായിരുന്നു; യൂറോപ്യന്മാർ എത്തുന്നതിനും യൂറോപ്യൻ നഗരങ്ങൾ ഉണ്ടാകുന്നതിനും  എത്രയോ കാലം മുൻപ്. പക്ഷേ ആര്? എന്തിനു? ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടന്നു.

എന്നട്ട് ?

എന്നീടെന്താ 2017 ആയപ്പൊഴേക്കും 500 ഓളം ജിയോഗ്ലിഫുകൾ കൈയ്യിൽ വച്ച് നരവംശ ഗവേഷകരിങ്ങനെ ആമസോണിനെ നോക്കി

കാട് കറുത്ത കാട്മനുഷ്യാദ്യം പിറന്ന വീട് 

എന്ന് പാടി കൊണ്ടിരിക്കെ അവരുടെയടുത്തേക്ക് ഭൗതീകഗവേഷകർ വന്നു.

അവരുടെ കയ്യിൽ മറ്റൊരു സൂത്രമുണ്ടായിരുന്നു. അതാണു സിനു പറഞ്ഞ ലിഡാർ.

ഫിസിക്സുകാർ : എന്തു പറ്റിയടോ മനുഷ്യരേ മൊട്ടകച്ചോടത്തിൽ നഷ്ടം വന്ന പോലെയുണ്ടല്ലോ.

ആന്ത്രപോളജിസ്റ്റുകാർ : 500 ജിയോഗ്ലികളുണ്ട് കയ്യിൽ. ഇനിയും കിട്ടും വേണമെങ്കിൽ. എവിടന്നു വന്നു, എന്തിനു വന്നു. ഉത്തരമില്ല,.

ഫിസിക്സുകാർ – ഞങ്ങളുടെ കയ്യിൽ കുറച്ച് ലിഡാർ ഉണ്ട് എടുക്കട്ടെ?

ആന്ത്രപോളജിസ്റ്റുകാർ – എന്നു വച്ചാൽ?

ഫിസിക്സുകാർ -നിങ്ങളിപ്പോൾ ആകെ മൊത്തം നടന്നും കുഴിച്ചു നോക്കിയും ഒക്കെയാണല്ലോ കാര്യങ്ങൾ മനസ്സിലാക്കുന്നത് പത്തും പതിനഞ്ചും കൊല്ലം കൊണ്ടാണു ഒരു പഠനം പ്രസിദ്ധീകരിക്കുന്നത്. ഞങ്ങൾ ഈ ലാൻഡ്സ്കേപ്പൊക്കെ ലേസർ വച്ച് സ്കാൻ ചെയ്ത്, ജിപിയെസ് വച്ച് ജിയോലൊകേറ്റ് ചെയ്ത് തരാം. പിന്നെ അതെന്തൊക്കെയാണെന്ന് നിങ്ങൾ നോക്കിയിട്ട് മനസ്സിലാക്കിയാൽ മതിയല്ലോ. നടന്ന് ചെരിപ്പ് തേയണ്ട! എങ്ങനെയുണ്ട് ഐഡിയ.

ആന്ത്രപോളജിസ്റ്റുകാർ : സൂപ്പർ കൊടുകൈ.

അങ്ങനെ അവരൊന്നിച്ച് ഗവേഷം തുടങ്ങിയല്ലേ-

അതേ അതുതന്നെ സംഭവിച്ചു. ഗേം ചേഞ്ച്ഡ്. നരവംശശാസ്ത്രജ്ഞരും ഭൗതീകശാസ്ത്രജ്ഞരും ചേർന്ന് ഡിജിറ്റലി ആമസോണിലെ കാട് വെട്ടിതെളിച്ചു. പത്ത് കൊല്ലമെടുത്ത് നടന്ന് തീർത്ത് കണ്ടെത്തിയിരുന്നത്. അഞ്ച് മിനിറ്റ് പറക്കൽ കൊണ്ട് ലിഡാർ പടമെടുത്ത് കൊടുക്കും. 2018-ൽ ആദ്യത്തെ ഷോക്കിങ് പഠനം പുറത്ത് വന്നു. പത്ത് കൊല്ലം മുൻപ് മൈക്കൽ ഹെക്കൻബെർഗിനെ പ്രസിദ്ധനാക്കിയ മാട്ടോ ഗ്രോസ്സോ സ്ഥലത്ത് നിന്നും തന്നെ.  കുന്നുകൾക്കു മുകളിൽ ഉണ്ടാക്കിയ, പരസ്പരം ബന്ധിക്കപ്പെട ചെറുഗ്രാമങ്ങൾ, ഇവയ്ക്കിടയിൽ കൃഷിസ്ഥലങ്ങൾ, വരമ്പുകൾ, പരസ്പരം ബന്ധിക്കപ്പെട്ട റോഡുകൾ എല്ലാം പര്യവേക്ഷകർക്ക് തെളിഞ്ഞ് വന്നു. ഈ സ്ഥലങ്ങളിലെ ഉൽഖനനത്തിൽ കളിമൺ പാത്രങ്ങളും ശവക്കല്ലറകളും കണ്ടെത്തി.  പുതിയതായി കണ്ടെത്തിയ ഈ ഗ്രാമങ്ങളൊക്കെ ആമസോൺ നദിക്കരയിൽ നിന്നും വളരെ ഉള്ളില്ലായിരുന്നു. സെറ്റിൽമെറ്റുകൾ ഉണ്ടെങ്കിൽ അത് നദിക്കരയിലേ ആവുകയുള്ളൂ എന്നൊരു ഊഹവും അതോടെ പൊളിഞ്ഞു. മൊത്തം ആമസോൺ ഉൾവനങ്ങളിൽ പരസ്പരം ബന്ധിക്കപ്പെട്ട് കിടന്ന ഈ സെറ്റിൽമെൻ്റുകളിൽ ഏകദേശം 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വരുമെന്നാണു കപ്യൂട്ടർ അൽഗോരിതവും സിമുലേഷനും വച്ചുള്ള പഠനങ്ങൾ കാണിക്കുന്നത്.

ലിഡാർ ചിത്രങ്ങൾ

പിന്നീട് 2022 ലിഡാർ വച്ച് തന്നെ ബൊളീവിയയിൽ സ്വന്തമായി പ്രതിരോധ സംവിധാനങ്ങളും ജലവിതരണവുമുള്ള വലിയ രണ്ട് നഗരങ്ങൾ തന്നെ കണ്ടെത്തി. ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച് 90 ലക്ഷം ജനങ്ങൾ അവരെ ഈ ആമസോണിയൻ പുരാതന നഗരങ്ങളിൽ ഉണ്ടായിരുന്നിരിക്കാം എന്ന് കണക്കാക്കുന്നു. ചിലപ്പോൾ 100 ലക്ഷമോ 200 ലക്ഷമോ ഉണ്ടായിരുന്നിരിക്കാം. നമ്മുടെ പഴയ ഫ്രാൻസിസ്കോ ഡി ഓറിയാനോ സ്പെയിനിൽ നിന്നും പുറപ്പെടുമ്പോൾ സ്പെയിനിൻ്റെ ജനസംഖ്യ വെറും 65 ലക്ഷമായിരുന്നു.

ഇക്കണ്ട മനുഷ്യരൊക്കെ പിന്നീടെങ്ങോട്ട് പോയി?

യൂറോപ്യന്മാർ വന്നപ്പോൾ കൊണ്ടുവന്ന വസൂരിയും ഇൻഫ്ലുവെൻസയും ഈ രോഗങ്ങൾക്കെതിരെ  ഒട്ടും പ്രതിരോധമില്ലാതിരുന്ന 99% തദ്ദേശിയരേയും ഒന്നോ രണ്ടോ തലമുറകൊണ്ട് കൊന്നൊടുക്കിയതായിട്ടാണു ഇപ്പോൾ അനുമാനിക്കുന്നത്. അല്ലാതെ ഓറിയാനോ കണ്ട ഇക്കണ്ട മനുഷ്യരൊക്കെ എവിടെ ഓടി പോകാൻ! മനുഷ്യരു ചത്തൊടുങ്ങിയപ്പോൾ അവരുണ്ടാക്കിയ മൺകൊട്ടാരങ്ങളും മണ്ണിലലിഞ്ഞ് കാട് വന്നു മൂടിപോയി.

അതിരിക്കട്ടെ, നീ നേരത്തെ പറഞ്ഞില്ലേ ആമസോൺ മണ്ണ് കൃഷിക്ക് പറ്റിയതല്ലെന്ന്. പിന്നെ ഈ ആമസോണിയൻ മനുഷ്യരെങ്ങനെ ഇത്രയധികം കൃഷി ചെയ്തു?- ഇത്രയധികം മനുഷ്യർക്ക് ആഹാരം കൊടുത്തു?

ലിഡാർ ചിത്രങ്ങൾ

ആ അതിനുള്ള ഉത്തരമാണു ടെറ പ്രെറ്റ. ആമസോണിലെ ഓറഞ്ച് മണ്ണിൽ നിന്നും വ്യത്യസ്തമായി ചില സ്ഥലത്ത് കറുത്ത ഫലഭൂയിഷ്ഠമായ മണ്ണ് ചില ഗവേഷകർ റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം മണ്ണിൽ വളരുന്ന കരിമ്പിനു പത്തടി നീളവും ഒരു കൈയുടെ വണ്ണവുമുണ്ടെന്ന റിപ്പോർട്ടുകൾ ഓറിയാനോയുടെ റിപ്പോർട്ട് പോലെ തന്നെ ഒരു മിത്ത് ആണെന്നാണു ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പിന്നീട് യഥാർത്ഥത്തിൽ അത്തരം മണ്ണ് പരിശോധിക്കാൻ ആരംഭിച്ചപ്പോൾ അതിൽ ജൈവാവശിഷ്ടങ്ങളും എല്ലും അടുപ്പിലെ ചാരവും പിന്നെ കള്ളിമൺ കഷ്ണങ്ങളും കണ്ടെത്തി. ഇത് ആമസോണിൻ്റെ സ്വന്തം മണ്ണല്ല. അവിടെ ജീവിച്ച മനുഷ്യർ ഉണ്ടാക്കിയ മണ്ണാണ്. അവരിതെങ്ങനെ ഉണ്ടാക്കി. എന്തൊക്കെയാണ് ഇതിൻ്റെ ഘടകങ്ങൾ എന്ന മറ്റൊരു അന്വേഷണത്തിലാണ് ശാസ്ത്രലോകം. ആ രഹസ്യം കണ്ടെത്തിയാൽ ഇന്നുപയോഗിക്കുന്ന രാസവള പ്രയോഗത്തിനു ബദലാകും. കൃഷി ചെയ്യാൻ പറ്റാത്ത മണ്ണുള്ള സ്ഥലങ്ങളിൽ മനുഷ്യർക്ക് ആഹാരമെത്തിക്കാൻ ഈ രഹസ്യത്തിനു കഴിയും . ആദിമ ആമസോണിയൻ സെൻ്റിൽ മെൻ്റുകളിലെല്ലാം തന്നെ ഈ റ്റെറാപ്രെറ്റയുടെ സാന്നിധ്യം വൻതോതിൽ കണ്ടെത്തിയിട്ടുണ്ട്. തങ്ങൾക്കാവശ്യമുള്ള മരങ്ങളെ അവർ തങ്ങളുടെ തോട്ടത്തിൽ ശ്രദ്ധാപൂർവ്വം വളർത്തിയെടുക്കുകയായിരുന്നു. ഇപ്പോഴുള്ള ആമസോൺ വനാന്തരങ്ങളിലെ മരങ്ങൽ, ബ്രസീൽ നട്ട്,ആമസോൺ ട്രീ ഗ്രേപ്പ്, ഐസ്ക്രീം ബീൻ ട്രീ, കോകോ ട്രീ തുടങ്ങി ഒരു ജനതയ്ക്ക് പോഷകാഹാരം നൽകാൻ കഴിയുന്ന ഇവയെല്ലാം പഴയ നാഗരികതോട്ടങ്ങളിൽ ഉണ്ടായിരുന്നതും ആളുകൾ ചത്തൊടുങ്ങിയപ്പോൾ വനാന്തരങ്ങളായി മാറിയതുമാകണം.

ഒഹ് എന്തൊക്കെ അത്ഭുതങ്ങളാണ്. അല്ലിപ്പോ ഇന്ന് ഇത്രയ്ക്കും എക്സൈറ്റഡ് ആവാൻ കാരണമെന്താ?

‘സയൻസിൽ പുതിയ ലീഡാർ പഠനത്തിൻ്റെ റിപ്പോർട്ട് വന്നു. ഇക്വഡോറിലെ ആമസോൺ വനാന്തരങ്ങളിൽ 10000 പേരെങ്കിലും ചുരുങ്ങിയതുണ്ടായിരുന്നതും ബി.സി 500 കളിൽ നിലനിന്നിരുന്നതുമായ മറ്റൊരു വലിയ സെറ്റിൽമെൻ്റ് കണ്ടെത്തി. ഇത് മായൻ നാഗരികത റോമാസാമ്രാജ്യം എന്നിവയുടെ സമകാലീനമാകാൻ സാധ്യതയുണ്ട്. അത്തരമൊന്ന് കാണാനാഗ്രഹിക്കാത്ത ഏത് ഗവേഷകയുണ്ടിവിടെ!’

  • Laser mapping reveals oldest Amazonian cities, built 2500 years ago >>>
  • Two thousand years of garden urbanism in the Upper Amazon >>>
  • Lidar reveals pre-Hispanic low-density urbanism in the Bolivian Amazon >>>
  • ‘Lost’ Amazonian cities hint at how to build urban landscapes without harming nature >>>
microscopic shot of a virus

പംക്തിയിലെ മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത

  1. സൂപ്പർ. ഡാലി ഡേവിസിന്റെ ലേഖനം. അതിലുപരി അഞ്ജലി സ്വരസ്യയുടെ ശബ്ദം. അഞ്ജലി സ്വരസ്യയുടെ ശബ്ദം ലേഖനത്തിലൂടെ നമ്മളെ കൈപിടിച്ച് നടത്തിക്കൊണ്ട് ആമസോൺ കാടുകളിലേക്ക് എത്തിച്ചു. ആറാം തമ്പുരാൻ സിനിമയിൽ മഞ്ജു വാര്യർ മോഹൻലാലിനെ തടഞ്ഞുനിർത്തി ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ടല്ലോ. ആ ശബ്ദത്തിന്റെ ചില ടോണുകളാണ് അഞ്ജലി സ്വാരസ്യ യുടേത്. അതുപോലെ ഒടിയൻ സിനിമയിലെ കഞ്ഞി എടുക്കട്ടെ എന്ന് പറഞ്ഞതുപോലെ ഉള്ള ഡയലോഗുകൾ ആണ് ഡാഡി ഡേവിസിന്റെത്. വളരെ മനോഹരം എന്ന് പറയാതിരിക്കാൻ നിർവാഹമില്ല.

Leave a Reply

Previous post നഗര പ്രളയങ്ങൾ – കാണുന്നതും, കാണാതെ പോവുന്നതും
Next post പുനഃസ്ഥാപനത്തിന് ഏഴു മാർഗ്ഗങ്ങൾ
Close