Read Time:31 Minute
ന്ന് ഇതെഴുതാൻ ലേഖകനോ, വായിക്കാൻ നിങ്ങളോ, ഒരു പക്ഷേ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല. കാരണം ‘മനുഷ്യ പൂർവ്വികർ’ ഏകദേശം ഒൻപത് ലക്ഷം വർഷങ്ങൾക്ക് മുമ്പ് പൂർണവംശനാശത്തിൻറെ വക്കിലെത്തിയിരുന്നു. നമ്മുടെ പൂർവികരായ ഒരു ‘ഹോമിനിൻ സ്പീഷീസ്’ ഏകദേശം ഒൻപത് ലക്ഷം വർഷങ്ങൾക്ക് മുൻപുള്ള കാലയളവിലെവിടെയോ വച്ച് അംഗസംഖ്യയിൽ അത്ര ചുരുങ്ങിപ്പോയിരുന്നു. ഒരു കൂട്ടം  ജനിതകശാസ്ത്രഗവേഷകരുടെ നിഗമനമാണിത്. കേവലം ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമാണ് മനുഷ്യരാശി മുഴുവൻ ഉണ്ടായതെന്ന് മിത്തുകളുണ്ട്. പക്ഷെ  ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത് 1280 പൂർവികരിൽ നിന്നാണ്  ഇന്നു ഭൂമിയിൽ കാണുന്ന എഴുനൂറ്റിത്തൊണ്ണൂറ് കോടിയോളം മനുഷ്യർ ഉണ്ടായി വന്നത് എന്നാണ്. എന്ന് മാത്രമല്ല നമ്മുടെ പൂർവ്വികർ 1,17,000 വർഷങ്ങളോളം അംഗസംഖ്യയിൽ വലിയ വ്യത്യാസമില്ലാതെ നാശത്തിന്റെ വക്കിൽ  തുടരുകയും ചെയ്തു. പ്രസ്തുത കാലയളവിൽ പ്രതികൂലമായ സംഭവഗതികൾ വീണ്ടും വന്ന് ഭവിച്ചിരുന്നെങ്കിൽ ഇത് പറയാൻ നമ്മൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല. അങ്ങനെ വലിയ പ്രതിസന്ധിയിൽ നിന്ന്  കരകയറിയാണ്, ഹോമോ സാപിയൻസായി കാലവഴിയിൽ പരിണമിച്ച്, ഇപ്പോൾ കാണുന്ന സംഖ്യയിൽ എത്തി നിൽക്കുന്നത്‌. ഇങ്ങനെയൊരു ‘ബോട്ടിൽ നെക്ക്’ മനുഷ്യരുടെ ജനിതകവൈവിധ്യ നഷ്ടത്തിൽ കലാശിച്ചുവെന്നും ഗവേഷകർ സമർത്ഥിക്കുന്നു.

1280 പൂർവികരിൽ നിന്നാണ്  ഇന്നു ഭൂമിയിൽ കാണുന്ന എഴുനൂറ്റിത്തൊണ്ണൂറ് കോടിയോളം മനുഷ്യർ ഉണ്ടായി വന്നത് എന്നാണ് പഠനം പറയുന്നത്. നമ്മുടെ പൂർവ്വികർ 1,17,000 വർഷങ്ങളോളം അംഗസംഖ്യയിൽ വലിയ വ്യത്യാസമില്ലാതെ നാശത്തിന്റെ വക്കിൽ  തുടരുകയും ചെയ്തു.

ജനിതകവിശകലനത്തിന് നവീനസങ്കേതം 

സമകാലികരായ 3154 ആധുനിക മനുഷ്യരുടെ ജനിതക പാരമ്പര്യം വിശകലനം ചെയ്താണ്  ഗവേഷകർ മുൻപറഞ്ഞ നിഗമനങ്ങളിൽ എത്തിയത്. ജനിതക ഡാറ്റ അപഗ്രഥനം ചെയ്ത് ജീനുകളിൽ മ്യൂട്ടേഷനുകൾ അഥവാ വ്യതിയാനങ്ങൾ വന്നുകൂടാൻ  എത്ര സമയമെടുക്കുമെന്ന് ഏകദേശം കണക്കാക്കാനാവും. കൂടാതെ വ്യത്യസ്ത ജനസഞ്ചയങ്ങളിലെ  ജീനുകളിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ച്, അവ വ്യത്യസ്തദിശകളിൽ ചരിക്കാൻ തുടങ്ങിയത് എപ്പോഴാണെന്നും മനസ്സിലാക്കാൻ കഴിയും. ജനസംഖ്യയിലെ ഏറ്റക്കുറച്ചിലുകൾ, ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതായാലും, ആധുനിക മനുഷ്യരുടെ ജനിതക ശ്രേണിയിൽ തിരിച്ചറിയാൻ കഴിയുന്ന അടയാളങ്ങൾ അവശേഷിപ്പിക്കുന്നു. അവയെ വിശകലനം ചെയ്യുന്നതിനായി, ചൈനീസ് ജനിതകശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷകർ ഫിറ്റ്കോൾ (Fit Coal ) എന്ന് നാമകരണം ചെയ്ത പുതിയ സങ്കേതം വികസിപ്പിച്ചെടുത്തു. ആഫ്രിക്കൻ ജനതയിലെ പത്ത് വിഭാഗങ്ങളിൽ നിന്നും ആഫ്രിക്കൻ ഇതര ജനങ്ങളുടെ നാല്പത് വിഭാഗങ്ങളിൽ നിന്നുമുള്ള 3154 വ്യക്തികളുടെ ജനിതക ഡാറ്റയിൽ ഗവേഷകർ ഈ സാങ്കേതികത ഉപയോഗിച്ചു. പരിണാമ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിൽ നിലനിന്നിരുന്ന ജനസംഖ്യാ വലിപ്പങ്ങളുടെ കണക്കുകളിൽ എത്തിച്ചേരുന്നതിനായിരുന്നു ശ്രമം.  കാലക്രമത്തിൽ പിന്നോട്ട് പോകുമ്പോൾ നിരവധി ജനിതക പരിവർത്തനങ്ങൾ സംഭവിച്ചിരിക്കാനുള്ള  സാധ്യതകളും ഫിറ്റ്‌കോൾ കണ്ടെത്തി. ഇപ്പോൾ നിലവിലുള്ള അവരുടെ ജീനോമുകൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ള പൂർവകാല ജനസംഖ്യാ പാറ്റേണുകളുടെ മാതൃക സൃഷ്ടിക്കുകയും  ചെയ്തു. 

നിഗമനങ്ങൾ 

ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഹൈപെങ് ലിയും  (Haipeng Li) സഹപ്രവർത്തകരുമാണ് പഠനം നടത്തിയത്. വാങ്ജി ഹൂ (Wangjie Hu) ആണ് സയൻസ് മാഗസിനിൽ 2023 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ പ്രഥമരചയിതാവ്. നമ്മുടെ വംശമായ  ഹോമോ സാപിയൻസ് ഉയർന്നുവരുന്നതിന് വളരെ മുമ്പുതന്നെ,  മനുഷ്യപൂർവ്വികർ അവരുടെ  അംഗസംഖ്യ ഗണ്യമായി കുറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്ന് പോയതായി പഠനം വെളിവാക്കുന്നു. പിറകോട്ട് 813,000-ഉം 930,000-ഉം വർഷങ്ങൾക്ക് ഇടയിലുള്ള കാലയളവിൽ നമ്മുടെ പൂർവികരായ ‘പുരാതന മനുഷ്യരുടെ’ സംഖ്യ ജനിതകശാസ്ത്രജ്ഞർ ‘ബോട്ടിൽ നെക്ക്’ എന്ന് വിളിക്കുന്ന  പ്രതിഭാസത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്നാണ് നിഗമനം. കാരണങ്ങൾ കൃത്യമായി വ്യക്തമല്ലെങ്കിലും മിക്കവാറും കഠിനമായ കാലാവസ്ഥാപാരിസ്ഥിതിക സാഹചര്യങ്ങളാൽ, നമ്മുടെ പൂർവികർ ഒരു വംശനാശത്തിൻറെ വക്കിലെത്തി. പഠനത്തിലെ കണക്കുകൾ അനുസരിച്ച്  അംഗസംഖ്യയിൽ 98.7 ശതമാനവും തുടച്ചുനീക്കപ്പെട്ടു. 1,280 അംഗങ്ങളുടെ  കൂട്ടം മാത്രമാണ്  ഒരു ഘട്ടത്തിൽ അതിജീവിച്ചിരുന്നുള്ളൂ. കുറഞ്ഞപക്ഷം പ്രജനനശേഷിയുള്ളവരുടെ സംഖ്യ കേവലം  1,280 ആയി ചുരുങ്ങി. പിന്നീട്  117,000 വർഷത്തേക്ക് അംഗസംഖ്യയിൽ കാര്യമായ വികാസം ഉണ്ടായതുമില്ല എന്നതാണ് ശ്രദ്ധേയം. ഏറെക്കുറെ അങ്ങനെതന്നെ തുടർന്നു.

‘ബോട്ടിൽ നെക്ക്’ പ്രതിഭാസം വലിയ തോതിലുള്ള  ‘ഇൻബ്രീഡിംഗിലേക്കും’ മനുഷ്യ ജനിതക വൈവിധ്യത്തിൻറെ നഷ്ടത്തിലേക്കും നയിച്ചിരിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ജനിതകവൈവിധ്യത്തിലെ കുറവ് മനുഷ്യരാശിയിൽ ഇന്നും തുടരുന്ന പ്രതിഭാസമാണ്. ഈ പ്രതിസന്ധി ശ്രദ്ധേയമായ ഒരു പുതിയ ഹോമിനിൻ സ്പീഷീസിൻറെ ഉത്ഭവത്തിന്  കാരണമായിരിക്കാമെന്നും അവർ സിദ്ധാന്തിക്കുന്നു. ചില ജനിതക കണക്കുകൂട്ടലുകളനുസരിച്ച്, പിൽക്കാല ‘പ്ലീസ്റ്റോസീനിൽ’, വലിയ മസ്തിഷ്കങ്ങളുള്ള  മൂന്ന് സ്പീഷിസുകളായ നിയാണ്ടർത്തലുകൾ, ഡെനിസോവൻസ്, ഹോമോ സാപിയൻസ് എന്നിവരുടെ  അവസാന പൊതു പൂർവ്വികനായ പുതിയ ഹോമിനിൻ പ്രത്യക്ഷപ്പെട്ട കാലയളവുമായി ‘ബോട്ടിൽ നെക്ക്’ ൻറെ  ടൈംലൈൻ  ഏകദേശം പൊരുത്തപ്പെടുന്നുണ്ട്: 

650,000 മുതൽ 950,000 വർഷങ്ങൾക്ക് മുൻപു വരെയുള്ള കാലയളവിൽ ആഫ്രിക്കയിലും യുറേഷ്യയിലും നിന്നുള്ള ഹോമിനിൻ ഫോസിൽ ശേഷിപ്പുകൾ അതീവ വിരളമാണെന്ന് ഹൈപെങ് ലി (Haipeng Li) ചൂണ്ടി കാണിക്കുന്നു. പ്രസ്തുത കാലയളവിൽ നിന്നുള്ള ഫോസിലുകൾ  അലഭ്യമായിരിക്കുന്നതോ അഥവാ അതീവ ദുർലഭമായിരിക്കുന്നതോ പുതിയ കണ്ടെത്തലുകൾ കൊണ്ട് വിശദീകരിക്കാമെന്നും  ലീ അഭിപ്രായപ്പെടുന്നു. 

‘പ്രതിസന്ധിയുടെ’ കാലഘട്ടം ആദ്യകാല-മധ്യകാല പ്ലീസ്റ്റോസീൻ പരിവർത്തനത്തിൻറെ ഭാഗമായിരുന്നെന്നാണ് കാലഗണന സൂചിപ്പിക്കുന്നത്. കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടം, ഹിമചക്രങ്ങൾ കൂടുതൽ ദൈർഘ്യമേറിയതും കൂടുതൽ തീവ്രവുമായി. ആഫ്രിക്കയിൽ, ഇത് ദീർഘകാല വരൾച്ചയിലേക്ക് നയിച്ചു. ആഫ്രിക്കയിലെയും യുറേഷ്യയിലെയും വന്യജീവി ഇനങ്ങൾ  ഈ കാലയളവിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായി.അതിശയകരമെന്നു പറയട്ടെ, നമ്മുടെ പൂർവ്വികർക്ക് വളരെക്കാലം വളരെ ചെറിയ അംഗസംഖ്യയുമായി അതിജീവിക്കാൻ കഴിഞ്ഞുവെന്ന് പഠനം സൂചിപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ മനുഷ്യ പൂർവ്വികരെ ഏതാണ്ട് തുടച്ചുനീക്കുകയും പുതിയ മനുഷ്യവർഗ്ഗങ്ങൾ ഉയർന്നുവരാൻ കാരണമാകുകയും  ചെയ്തിട്ടുണ്ടെന്ന് ലി പറയുന്നു. കാലക്രമേണ, ആധുനിക മനുഷ്യരുടെയും നമ്മുടെ വംശനാശം സംഭവിച്ച ബന്ധുക്കളായ ഡെനിസോവന്മാരുടെയും നിയാണ്ടർത്തലുകളുടെയും അവസാന പൊതു പൂർവ്വികരായി അവർ പരിണമിച്ചിരിക്കാം എന്നാണ് അനുമാനം. 

ഏകദേശം 813,000 വർഷങ്ങൾക്ക് മുമ്പ്, മനുഷ്യപൂർവ്വികരുടെ ജനസംഖ്യ വീണ്ടും വർദ്ധിക്കാൻ തുടങ്ങി. നമ്മുടെ പൂർവ്വികർ കടുത്ത പ്രതിസന്ധി അതിജീവിച്ച്, ഒരിക്കൽ കൂടി പുഷ്‌ടിപ്പെട്ട് വികസിച്ച് തഴച്ചുവളരാൻ സഹായിച്ച സാഹചര്യങ്ങൾ ഇനിയും  വ്യക്തമല്ല. ആഗോള ശൈത്യത്തിൻറെ  കാലഘട്ടം പിന്നീട്ട്  താപനില ഉയർന്ന കാലാവസ്ഥയും പൂർവമനുഷ്യർ തീയുടെ നിയന്ത്രിതോപയോഗം കണ്ടെത്തിയതും ഒരുപക്ഷേ ജനസംഖ്യാ കുതിച്ചുചാട്ടത്തിന് കരണമായിട്ടുണ്ടാവും. ഏകദേശം 813,000 വർഷങ്ങൾക്ക് മുമ്പ്, പഠനത്തിലെ പത്ത് ആഫ്രിക്കൻ വിഭാഗങ്ങളുടെയും അംഗസംഖ്യ 20 മടങ്ങ് വർദ്ധിച്ചതായി ആണ് കണക്കാക്കിയിരിക്കുന്നത്.

 പ്രതിസന്ധി  മനുഷ്യന്റെ ജനിതക വൈവിധ്യത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന്, ജിനാനിലെ ഷാൻഡോംഗ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ജനസംഖ്യാ ജനിതക ശാസ്ത്രജ്ഞനും പേപ്പറിന്റെ സഹരചയിതാവുമായ സിഖിയാൻ ഹാവോ പറയുന്നു. മസ്തിഷ്ക വലുപ്പം പോലുള്ള ആധുനിക മനുഷ്യരുടെ പല പ്രധാന സവിശേഷതകളും സ്വാധീനിക്കപ്പെടുന്നതിലേക്ക് അത് നയിച്ചിട്ടുണ്ടാവും. ജനിതക വൈവിധ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗം വരെ നഷ്ടപ്പെട്ടതായി അദ്ദേഹം കണക്കാക്കുന്നു. “മനുഷ്യൻറെ  പരിണാമത്തിലെ ഒരു പ്രധാന കാലഘട്ടത്തെ ഇത് പ്രതിനിധീകരിക്കുന്നു. അതിനാൽ പ്രധാനപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്, ”അദ്ദേഹം പറയുന്നു. നിയാണ്ടർത്താലുകളുടെയും ഡെനിസോവന്മാരുടെയും ആധുനിക മനുഷ്യരുടെയും വേറിട്ട പരിണാമത്തിന് പോലും ജനസംഖ്യാ ഞെരുക്കം കാരണമായിരിക്കാം, ഇവരെല്ലാം ഏകദേശം അക്കാലത്ത് ഒരു പൊതു പൂർവ്വികനിൽ നിന്ന് വേർപിരിഞ്ഞതായി കരുതപ്പെടുന്നു, 

വിലയിരുത്തലുകൾ, വിമർശനങ്ങൾ  

യേൽ സർവ്വകലാശാലയിലെ  നരവംശശാസ്ത്രജ്ഞയായ സെറീന ടുച്ചി ഗവേഷണരംഗത്ത് ഇങ്ങനെയൊരു കാൽവയ്പ്പ് അനിവാര്യമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നു. “ആദ്യകാല മനുഷ്യ പൂർവ്വികരുടെ ജനസംഖ്യാ ചലനാത്മകതയെക്കുറിച്ച് നമുക്ക് ഇപ്പോഴും വളരെ കുറച്ച് മാത്രമേ അറിയൂ, സാങ്കേതികരീതികളുടെ പരിമിതികളും ഹോമോ സ്പീഷീസുകളുടെ പുരാതന ഡിഎൻഎ ഡാറ്റ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളും തടസ്സങ്ങളായിരുന്നു. പുതിയ സാങ്കേതികരീതി 800,000 മുതൽ ഒരു ദശലക്ഷം വരെ വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലേക്ക് വെളിച്ചം വീശി. – പ്രസ്തുതകാലഘട്ടത്തിലെ പരിണാമവഴികൾ മിക്കവയും ഇത് വരെ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല,” അവർ പറയുന്നു.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ സ്ട്രിംഗറുടെ അഭിപ്രായത്തിൽ, മുൻകാല ജനസംഖ്യ പുനർനിർമ്മിക്കുന്നതിനുള്ള മറ്റ് രീതികൾ പോലെ, മ്യൂട്ടേഷൻ നിരക്കുകൾ പോലുള്ള ഘടകങ്ങളുടെ അനുമാനങ്ങളെയും ലളിതവൽക്കരണങ്ങളെയും ഫിറ്റ്കോൾ (FitCoal) ആശ്രയിക്കുന്നു. രചയിതാക്കൾ ഫിറ്റ്‌കോൾ ഗവേഷകർക്ക് ലഭ്യമാക്കിയതിനാൽ, അതിന്റെ കൃത്യത കൂടുതൽ പരീക്ഷിക്കപ്പെടുമെന്നും, നിയാണ്ടർത്തലുകളുടെയും ഡെനിസോവന്മാരുടെയും പോലെയുള്ള മറ്റ് ഹോമിനിഡുകളുടെ ജനിതകവിശകലനങ്ങളിലൂടെയുള്ള ജനസംഖ്യയെക്കുറിച്ച് അന്വേഷിക്കാൻ ഗവേഷകക്ക് ഇത് ഉപയോഗിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 എന്നിരുന്നാലും, ഗവേഷണത്തിൽ ഉൾപ്പെടാത്ത ജനസംഖ്യാ ജനിതകശാസ്ത്രജ്ഞർ പലരും ഈ നിഗമനങ്ങളെ അപ്പാടെ സ്വീകരിക്കുന്നില്ല  വിമർശനങ്ങൾ പലതുമുണ്ട്. മനുഷ്യരുടെ പൂർവ്വികർ  ജനസംഖ്യാ ബോട്ടിൽ നെക്ക്  എന്നറിയപ്പെടുന്ന ഒരു ഘട്ടത്തിൽ വംശനാശത്തിന്റെ അടുത്ത് എത്തിയിരിക്കാമെന്ന സാധ്യത അപ്പാടെ പൊതുവെ തള്ളിക്കളയുന്നില്ല. എങ്കിലും സംഗതമായ പല ചോദ്യങ്ങളുമുണ്ട്. 

പൂർവികമനുഷ്യരുടെ സംഖ്യ ഇത്രയധികം കുറഞ്ഞ് പോയ ഒരവസ്ഥ നമ്മുടെ പരിണാമചരിത്രത്തിൽ ഉണ്ടായിരുന്നുവെന്നതും, ദീർഘമായ കാലയളവിൽ അങ്ങനെ തുടർന്നുവെന്നതും  തീർച്ചയായും ജിജ്ഞാസ ഉളവാക്കുന്ന കാര്യങ്ങളാണ്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകനായ നിക്ക് ആഷ്ടൺ (Nick Ashton) ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു, “ഇത്തരം ഒരു അവസ്ഥ അതിജീവിക്കുന്നതിന് നല്ല സാമൂഹികകെട്ടുറപ്പുള്ള അതിജീവനരീതി ഉണ്ടായിരുന്നുവെന്നും   ഒരു പ്രത്യേക സ്ഥലത്തു മാത്രമായി അധിവസിച്ചിരുന്നുവെന്നും അനുമാനിക്കാം. ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഈ ചെറിയ സംഘം അതിജീവിച്ചതായി  കണക്കാക്കിയ കാലദൈർഘ്യമാണ്. ഇത് ശരിയാണെങ്കിൽ,  സമ്മര്‍ദ്ദങ്ങൾ കുറഞ്ഞ, മതിയായ വിഭവങ്ങളുള്ള, ചെറുതാണെങ്കിലും, ഏറെക്കുറെ സ്ഥിരതയുള്ള ആവാസവ്യവസ്ഥ  ലഭ്യമായിരുന്നിരിക്കണം.“ അങ്ങനെ അല്ലായിരുന്നെങ്കിൽ, സമ്മർദ്ദങ്ങൾ ഏറിയിരുന്നവെങ്കിൽ വംശനാശത്തിലേക്ക് പൂർവികർ നീങ്ങുമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. അത് പോലെ ആ കാലയളവിൽ പെരുകാനും പടരാനുമുള്ള സ്ഥലകാലസാഹചര്യങ്ങൾ നമ്മുടെ പൂർവികർക്ക് ലഭ്യമായില്ല എന്നും കരുതണം. 

ഗവേഷകരുടെ കണ്ടെത്തലുകൾ കൂടുതൽ പുരാവസ്തു-ഫോസിൽ തെളിവുകളുടെ പിന്തുണ നേടേണ്ടതുണ്ടെന്ന് ആഷ്ടൺ ചൂണ്ടിക്കാണിക്കുന്നു മനുഷ്യപൂർവികരുടെ സംഖ്യ ആഗോളതലത്തിൽ തുലോം കുറഞ്ഞുപോയി എന്നതിന് കൃത്യമായ തെളിവുകൾ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. “ആഫ്രിക്കയ്ക്ക് പുറത്തുള്ള പുരാവസ്തു സൈറ്റുകളുടെ എണ്ണം ഇത് അങ്ങനെയല്ലെന്ന് സൂചിപ്പിക്കുന്നു.” ആഫ്രിക്കയിൽ തന്നെ കെനിയ, പുറത്ത് യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ അക്കാലത്തെ ചില ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പുരാവസ്തു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു, എന്നാൽ പ്രാദേശികമായി അങ്ങനെയൊരു പ്രതിസന്ധി സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും ആഷ്ടൺ പറയുന്നു. “പ്രാദേശിക വരൾച്ചയോ അഗ്നിപർവ്വത പ്രവർത്തനമോ മറ്റ് പാരിസ്ഥിതിക ഘടകങ്ങളോ ആകട്ടെ, നിർദ്ദിഷ്ട പ്രതിസന്ധിയുടെ  കാരണങ്ങൾ അന്വേഷിക്കുന്നത് ഫലപ്രദമായിരിക്കും,” അദ്ദേഹം പറയുന്നു. ഏതൊരു ജനസംഖ്യാ തകർച്ചയും ഒരു പരിമിതമായ ഗ്രൂപ്പിനെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്ന് അത് സൂചിപ്പിക്കുന്നു, ഒരുപക്ഷേ ആഫ്രിക്കയിൽ, അവർ ആധുനിക മനുഷ്യരുടെ പൂർവ്വികർ ആയിരിക്കാം. ഇതിന്  മറുപടിയായി, യുറേഷ്യയിലും കിഴക്കൻ ഏഷ്യയിലും ജീവിച്ചിരുന്ന ഹോമിനിനുകൾ ആധുനിക മനുഷ്യരുടെ ഉത്ഭവത്തിൽ  പങ്ക് വഹിച്ചിട്ടുണ്ടാവില്ലെന്ന്  രചയിതാക്കൾ മറുപടി നൽകുന്നു. “പുരാതനമായ ഒരു ചെറിയ ജനസഞ്ചയം എല്ലാ ആധുനിക മനുഷ്യരുടെയും പൂർവ്വികരാണ്. അല്ലാത്തപക്ഷം നമ്മുടെ ഡിഎൻഎയിൽ അതിൻറെ അടയാളങ്ങൾ ഉണ്ടാകുമായിരുന്നില്ല,” ലി പറഞ്ഞു.അതായത് അങ്ങനെ പ്രതിസന്ധി നേരിട്ട് എണ്ണം തുലോം കുറഞ്ഞു പോയ ഹോമിനിൻ കൂട്ടത്തിൽ നിന്നാണ് ആധുനിക മനുഷ്യരായ നമ്മൾ, പരിണമിച്ച് വന്നത്. അത് കൊണ്ട് ഇപ്പോഴത്തെ മനുഷ്യരുടെ ജനിതകവിശകലനം കൊണ്ട് നേര്‍ വംശപരമ്പരയിലുള്ള നമ്മുടെ പൂർവികരെക്കുറിച്ച് മാത്രമാണ്  അറിയാൻ കഴിയുന്നത് എന്ന് സാരം.

നമ്മുടെ പൂർവ്വികർ ഇത്രയും ചെറിയ സംഖ്യകളിൽ അതിജീവിച്ച ഈ നീണ്ട കാലഘട്ടം ആധുനിക മനുഷ്യരുടെയും നമ്മുടെ അടുത്ത ബന്ധുക്കളായ നിയാണ്ടർത്തലുകളുടെയും ഡെനിസോവന്മാരുടെയും അവസാനത്തെ പൊതു പൂർവ്വികരായേക്കാവുന്ന തികച്ചും പുതിയൊരു ജീവിവർഗത്തിന്റെ പരിണാമത്തിലേക്ക് നയിച്ചിട്ടുണ്ടാവുമെന്ന്  പഠനത്തിന്റെ രചയിതാക്കൾ അഭിപ്രായപ്പെടുന്നുവെന്ന്  മുമ്പ് സൂചിപ്പിച്ചല്ലോ . 500,000 മുതൽ 700,000 വരെ വർഷങ്ങൾക്ക് മുമ്പ് ഈ ജീവിവർഗങ്ങളുടെ പൊതു പൂർവ്വികർ ജീവിച്ചിരുന്നതായി സൂചിപ്പിക്കുന്ന ചില ജനിതക തെളിവുകളുമായി ഈ ആശയം യോജിക്കുന്നുണ്ടെന്ന്  ആഷ്ടൺ പറയുന്നു. “എന്നാൽ സാധ്യമായ മറ്റ് വ്യാഖ്യാനങ്ങളുമുണ്ട്,” അദ്ദേഹം തുടരുന്നു. ഉദാഹരണത്തിന്, ഫോസിൽ പഠനങ്ങൾ, തലയോട്ടിയും പല്ലിൻറെ ആകൃതിയും പോലുള്ള രൂപാന്തര മാറ്റങ്ങൾ ട്രാക്കുചെയ്യുന്നത്, ഏതെങ്കിലും ബോട്ടിൽ നെക്കിന്  മുമ്പ് തന്നെ വംശങ്ങൾ  വ്യതിചലിച്ചിട്ടുണ്ടെന്ന് സൂചനകൾ നൽകുന്നു. അതായത് നിയാണ്ടർത്തലുകളും ഡെനിസോവനുകളും ബോട്ടിൽ നെക്കിന്റെ ആഘാതങ്ങൾ ഒഴിവാക്കുമായിരുന്നു.

വളരെ പൗരാണികമായ കാലത്ത് മനുഷ്യരുടെയായാലും മനുഷ്യപൂർവികരുടെ ആയാലും അംഗസംഖ്യയിൽ സംഭവിച്ച വ്യതിയാനങ്ങൾ നിർണയിക്കുകയെന്നത് വളരെ സങ്കീർണ്ണമായ, ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. കൂടാതെ ഇതുപോലെയുള്ള ഗണിതപരമായ മോഡലിംഗിന് അനിശ്ചിതത്വങ്ങൾ പലതുമുണ്ട്. അത് കൊണ്ട് നിർണ്ണയ രീതിയുടെ കൃത്യതയെക്കുറിച്ച് വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഗവേഷകർ നടത്തിയ  ഡാറ്റാവിശകലനത്തിലെ അനിശ്ചിതത്വസാദ്ധ്യത പരിഗണിക്കുമ്പോൾ  നിഗമനങ്ങൾ ‘അങ്ങേയറ്റം സംശയാസ്പദമാണെന്ന് ’ ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിലെ ജനസംഖ്യാ ജനിതകശാസ്ത്രഗ്രൂപ്പ് ലീഡറായ സ്റ്റീഫൻ ഷിഫെൽസ് പറയുന്നു. ഗവേഷണത്തിനായി ഉപയോഗിച്ച ഡാറ്റ വർഷങ്ങളായി ഉപയോഗത്തിലുണ്ട്. അത്പോലെ തന്നെ മുൻകാല ജനസംഖ്യാകണക്കുകൾ അനുമാനിക്കാൻ ഉപയോഗിച്ച് വന്ന നിലവിലുണ്ടായിരുന്ന സങ്കേതങ്ങളുമുണ്ട്. അവയുപയോഗിച്ച് വംശനാശത്തിന് സമീപമുള്ള സംഭവങ്ങളൊന്നും കണ്ടെത്തനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മോഡലിംഗ് ഗവേഷണരീതികൾ അല്പം വിശാലമായ പരിധികൾക്കുള്ളിലുള്ള ഏകദേശ നിഗമനമാണ് സാധാരണയായി നൽകാറുള്ളത്. പക്ഷേ ഇവിടെയുള്ള അനുമാന പരിധി 1,270-നും 1,300-നും ഇടയിലാണ്. അകലം വെറും 30. അത്ര കൃത്യത മോഡലിംഗിൽ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് വിമർശനം. 

വിസ്കോൺസിൻ സർവ്വകലാശാലയിലെ ജനസംഖ്യാ ജനിതകശാസ്ത്രജ്ഞനായ ആരോൺ റാഗ്സ്ഡേൽ, ജനിതക-ഫോസിൽ ഡാറ്റയും താരതമ്യേന വിരളമായ ഒരു കാലഘട്ടത്തിലെ മനുഷ്യ പരിണാമത്തെക്കുറിച്ച് വളരെ കൗതുകകരമായ, ജിജ്ഞാസയുണർത്തുന്ന കാര്യങ്ങളാണെന്ന് അഭിപ്രായപ്പെടുന്നു. “അവരുടെ നിഗമനങ്ങൾ മറ്റ് രീതികൾ ഉപയോഗിച്ച് ആവർത്തിക്കാനാവുമോ എന്ന് കാണാൻ ഞാൻ ആകാംക്ഷയിലാണ്,” റാഗ്സ്ഡേൽ പറയുന്നു. പക്ഷേ യഥാർത്ഥസ്ഥിതിഗതികൾ ഗവേഷകരുടെ നിഗമനങ്ങൾ പോലെ  ‘ഭീകരമായിരുന്നെന്ന്’ റാഗ്‌സ്‌ഡെയ്‌ലിന് ബോധ്യപ്പെട്ടിട്ടില്ല. മനുഷ്യ പൂർവ്വികർ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു എന്ന് ഈ ഫലങ്ങളിൽ നിന്ന് അനുമാനിക്കുന്നത്  അൽപ്പം കടന്ന കൈ ആകുമെന്ന് അദ്ദേഹം കരുതുന്നു.. ഫിറ്റ്‌കോൾ പോലുള്ള “പ്രജനന ജനസംഖ്യാ ” രീതികൾ കണക്കാക്കുന്നതിനേക്കാൾ നിർദ്ദിഷ്ട പ്രതിസന്ധി കാലയളവുകളിൽ യഥാർത്ഥ ജനസംഖ്യ വളരെയധികമായിരിക്കുമെന്ന്  റാഗ്സ് ഡെയ്ൽ കരുതുന്നു, അനേക തലമുറകൾ ഒരു ചെറിയ സംഖ്യയുമായി മനുഷ്യ പൂർവ്വികർ മാറ്റമില്ലാതെ തുടർന്നുവെന്ന നിഗമനം സന്നിഗ്ദ്ധമാണ്. ചെറിയ കാലയളവിൽ അങ്ങനെ സംഭവിക്കാൻ സാദ്ധ്യത കൂടുതലുണ്ട്. സുദീർഘമായ ഒരു കാലയളവിൽ അങ്ങനെ തുടർന്നിരിക്കാനുള്ള സംഭാവ്യത തുലോം വിരളമാണ്. അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരം വിമർശനങ്ങൾ നേരിടാൻ വേണ്ടി  പ്രബന്ധരചയിതാക്കൾ രചയിതാക്കൾ ചില മുൻ മോഡലുകളിൽ ഉപയോഗിച്ച് പഠനം ആവർത്തിക്കാൻ ശ്രമിച്ചു. അപ്പോൾ സമാനമായ  ജനസംഖ്യാ തകർച്ച അവർക്ക് കണ്ടെത്താനായെന്നത് ശ്രദ്ധേയമാണ്. എങ്കിലും മുൻപ് നടന്ന പഠനങ്ങളിൽ അങ്ങനെയൊരു കണ്ടെത്തൽ ഉണ്ടായിരുന്നില്ല. അത് കൊണ്ട് കാര്യങ്ങൾ ഉറപ്പിക്കുക ഇന്നത്തെ നിലയിൽ സാദ്ധ്യമല്ലന്നാണ് പലരുടെയും നിലപാട്. 

 പ്രതിസന്ധി കാലയളവ് വളരെ പുരാതനമായതിനാൽ അക്കാലത്തെ  ഡിഎൻഎ കൂടുതലായി  ലഭിക്കാൻ സാദ്ധ്യത കുറവാണ്. നിലവിലെ രീതികൾ ഉപയോഗിച്ചെങ്കിലും. ഇതുവരെ കണ്ടെടുത്ത ഏറ്റവും പഴക്കമുള്ള ഹോമിനിൻ ഡിഎൻഎയ്ക്ക് നാല് ലക്ഷം  വർഷത്തെ പഴക്കമേ ഉള്ളൂ. തന്നെയുമല്ല മാനവികതയുടെ കളിത്തൊട്ടിലായ ആഫ്രിക്കയിലെ കാലാവസ്ഥ പുരാതന ഡിഎൻഎയുടെ സംരക്ഷണത്തിന് അത്രയൊന്നും അനുയോജ്യമല്ല. ശിലായുഗ ഉപകരണങ്ങളും അസ്ഥികളും പോലെയുള്ള ൾ പോലെയുള്ള അവശിഷ്ടങ്ങളും കണ്ടെത്തുക ദുഷ്കരമാണ്. എന്നാൽ ഈ പ്രധാന കാലഘട്ടത്തിൽ നിന്ന് പല  സൈറ്റുകൾ നിലവിലുണ്ട്. കിഴക്കൻ, തെക്കൻ ആഫ്രിക്ക, ചൈന, ഇന്തോനേഷ്യ, സ്പെയിൻ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയ തലയോട്ടികളുടെയും എല്ലുകളുടെയും കൂടുതൽ പരിശോധനകൾ നടത്തിയാൽ, അസ്ഥികളിൽ കാണപ്പെടുന്ന പരിണാമപരമായ മാറ്റങ്ങൾ, ജനിതകപഠനമാതൃകകളിൽ നിന്ന്  മാതൃകകളിൽ നിന്ന് ലഭിച്ച നിഗമനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശാസ്ത്രജ്ഞരെ  സഹായിക്കും. പുരാവസ്തു, മനുഷ്യ ഫോസിൽ തെളിവുകകളുമായി താരതമ്യം ചെയ്ത്  ജനിതക സിദ്ധാന്തം സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. പ്രസ്തുത ബോട്ടിൽ നെക്ക് കണക്കാക്കപ്പെടുന്ന കാലയളവിലെ നിലവിലുള്ളതും പുതിയതുമായ സൈറ്റുകളുടെ കൂടുതൽ പരിഷ്കരിച്ച കാലനിർണ്ണയവും വിശകലനവും   ഇതിന് ആവശ്യമുണ്ട്. 


അധിവായനയ്ക്ക്
  1. Hu, W. et al. Science 381, 979–984 (2023).
  2. Hanna Ikarashi, Human Ancestors Nearly Went Extinct 900,000 Years Ago, Scientific American. September 2023
  3. Our Human Ancestors Very Nearly Went Extinct 900,000 Years Ago, Genetics Suggest, Brian Handwerk, August 31, 2023, Smithsonian Magazine
  4. Daniel Lawler, Skepticism about claim human ancestors nearly went extinct
  5. September 15, 2023, https://phys.org/news/2023-09-skepticism-human-ancestors-extinct.html

മനുഷ്യപരിണാമം – ലേഖനങ്ങളുടെയും വീഡിയോകളുടെയും ക്രോഡീകരണം


Happy
Happy
40 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ആന്റി ബയോട്ടിക്കുകൾ നിഷ്ഫലമാകുന്ന കാലം വരുമോ ? – പാനൽ ചർച്ച രജിസ്ട്രേഷൻ ആരംഭിച്ചു
Next post പുതിയ കാലത്തെ സംരംഭകത്വം – വെബിനാർ
Close