Read Time:21 Minute

കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്

കുപ്പിയിലടച്ച ഒരു ലിറ്റർ കുടിവെള്ളത്തിൽ എത്ര പ്ലാസ്റ്റിക് ശകലങ്ങളുണ്ടാവും? നൂറോ ആയിരമോ ഒന്നുമല്ല. ശരാശരി രണ്ട് ലക്ഷത്തിനാല്പത്തിനായിരം ചെറുശകലങ്ങൾ ഉണ്ടെന്നാണ് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് നൂറ് മടങ്ങാണിത്. തന്നെയുമല്ല കുപ്പിയിലടച്ച കുടി വെള്ളത്തിലെ ഒരു മൈക്രോമീറ്ററിൽ താഴെ വലിപ്പമുള്ള നാനോപ്ലാസ്റ്റിക്സ്  കണങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ആദ്യമായി നടത്തിയ പഠനമാണിത്.  ഒരു ലിറ്റർ പായ്ക്ക് ചെയ്ത കുടിവെള്ളത്തിൽ  110,000 മുതൽ 370,000 വരെ കണികകൾ ഗവേഷകർ കണ്ടെത്തി. അവയിൽ 90 ശതമാനവും നാനോപ്ലാസ്റ്റിക് ആയിരുന്നു. മുൻകാല പഠനങ്ങൾ മൈക്രോപ്ലാസ്റ്റിക്കിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അഞ്ച് മില്ലിമീറ്റർ മുതൽ ഒരു  മൈക്രോമീറ്റർ വരെ നീളമുള്ള പോളിമർ ശകലങ്ങളാണ് മൈക്രോപ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്നത്. ഒരു മൈക്രോമീറ്ററിൽ താഴെവലിപ്പമുള്ള എല്ലാ ശകലങ്ങളും നാനോപ്ലാസ്റ്റിക് ആയി കണക്കാക്കുന്നു. അതായത് ഒരു മീറ്ററിൻ്റെ ദശലക്ഷത്തിൽ ഒന്നിൽ താഴെ മാത്രം വലിപ്പം. നാനോകണങ്ങൾ സാധാരണ മൈക്രോസ്കോപ്പിന് കീഴിൽ കാണാൻ കഴിയില്ല.

പുതിയ സാങ്കേതികവിദ്യ 

പ്ലാസ്റ്റിക് നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണ്, അതോടൊപ്പം പ്ലാസ്റ്റിക് മലിനീകരണമെന്നത് ആശങ്കയുണർത്തുന്ന കാര്യവുമാണ്. പ്ലാസ്റ്റിക്ക് വസ്തുക്കൾ കാലപ്പഴക്കത്തിൽ ക്രമേണ വിഘടിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വിഘടിച്ച് മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കുന്ന ചെറിയ കണങ്ങൾ  ഉണ്ടാകുന്നു, അവയ്ക്ക്  വീണ്ടും ഒരു മൈക്രോമീറ്ററിൽ താഴെ വലിപ്പമുള്ള നാനോപ്ലാസ്റ്റിക് എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മശകലങ്ങളായി വിഘടിക്കാൻ കഴിയും. 2024 ജനുവരിയിൽ നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കുപ്പിവെള്ളത്തിലെ നാനോകണങ്ങളുടെ എണ്ണം അറിയാനും രാസഘടന വിശകലനം ചെയ്യാനും കഴിയുന്ന ഒരു പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. വെയ് മിൻ (Wei Min) ബെയ്‌സാൻ യാൻ (Beizhan Yan) എന്നീ ശാസ്‌ത്രജ്ഞർ ചേർന്നാണ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത്. മുമ്പ്  മൈക്രോപ്ലാസ്റ്റിക് മാത്രമായിരുന്നു പ്രധാനമായി പഠനവിധേയമാക്കിയിരുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ വിൽക്കുന്ന മൂന്ന് ജനപ്രിയ ബ്രാൻഡുകളുടെ ഒരു ലിറ്റർ വെള്ളത്തിൽ പ്ലാസ്റ്റിക് ശകലങ്ങളുടെ എണ്ണം 110,000 നും 370,000 നും ഇടയിലാണെന്ന് സംഘം കണ്ടെത്തി. ഏത് ബ്രാൻഡ് കുപ്പിവെള്ളമാണ് അവർ പഠനത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

റ്റിമുലേറ്റഡ് രാമൻ സ്‌കാറ്ററിംഗ് (SRS) മൈക്രോസ്‌കോപ്പി. Credit : Proc Natl Acad Sci U S A. 2024 Jan 16

പതിനഞ്ച് വർഷം മുമ്പ് വെയ് മിൻ  കണ്ടെത്തിയ ഒരു ഇമേജിംഗ് ടെക്‌നിക് ഇതിനായി പരിഷ്‌ക്കരിച്ചെടുത്തു. സ്റ്റിമുലേറ്റഡ് രാമൻ സ്‌കാറ്ററിംഗ് (SRS) മൈക്രോസ്‌കോപ്പി എന്ന് വിളിക്കുന്ന സാങ്കേതികത, ജീവനുള്ള കോശങ്ങളിലെ ചെറിയ തന്മാത്രകളെ കണ്ടെത്താൻ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രണ്ട് ലേസർ ബീമുകൾ സാമ്പിളിൽ കേന്ദ്രീകരിച്ച് തിരിച്ചറിയേണ്ട തന്മാത്രകളെ ഉത്തേജിപ്പിക്കുന്നു. തന്മാത്രകൾ അവയെ മനസ്സിലാക്കാൻ  കഴിയുന്ന രീതിയിൽ പ്രകാശസിഗ്നലുകൾ പുറപ്പെടുവിക്കുന്നു. ലളിതമായി പറഞ്ഞാൽ ഇങ്ങനെയാണ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. മറ്റ് പല രീതികളിൽ നിന്നും വ്യത്യസ്തമായി, SRS മൈക്രോസ്കോപ്പിയിൽ തന്മാത്രകളെ  കണ്ടെത്തുന്നതിന് അവ പ്രത്യേകം ലേബൽ ചെയ്യേണ്ട ആവശ്യമില്ല. ടെക്നിക്കിന് ഒരു മൈക്രോമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്ന് സ്ഥിരീകരിച്ച ശേഷം, സാധാരണയായി കാണുന്ന ഏഴ് തരം പ്ലാസ്റ്റിക്കുകൾ കണ്ടെത്തുന്നതിന് അവർ ‘മെഷീൻ ലേണിംഗിനെ’ അടിസ്ഥാനമാക്കി ഒരു അൽഗോരിതം വികസിപ്പിച്ചെടുത്തു. പിന്നീട് മൂന്ന് ബ്രാൻഡുകളിലെ മൈക്രോ- നാനോപ്ലാസ്റ്റിക്‌ കണങ്ങൾ  സംഘം വിശകലനം ചെയ്തു. നാനോപ്ലാസ്റ്റിക് ലോകത്ത് SRS മൈക്രോസ്കോപ്പി പ്രയോഗിക്കുന്ന ആദ്യ പഠനമാണിത്.

പഴയ സാങ്കേതികവിദ്യകളനുസരിച്ച് മണിക്കൂറുകൾ വേണ്ടി വരുന്ന പരീക്ഷണങ്ങൾക്ക് പകരം മൈക്രോസെക്കൻഡുകളിൽ നാനോപാർട്ടിക്കുകളുടെ ഇമേജുകൾ വ്യക്തമായി തിരിച്ചറിയാനും രേഖപ്പെടുത്താനും SRS-ന് കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. കലകളോ കോശങ്ങളോ പഠനവിധേയമാക്കുമ്പോൾ  അവയ്ക്ക് ദോഷം വരുത്താതെ പ്രയോഗിക്കാൻ കഴിയുമെന്ന മെച്ചവുമുണ്ട്.

വിവിധയിനം പ്ലാസ്റ്റിക് കണങ്ങൾ 

പരീക്ഷണങ്ങളിൽ നിന്ന് ഏഴ് തരം പ്ലാസ്റ്റിക്കുകൾ തിരിച്ചറിയാൻ കഴിഞ്ഞു.  പോളി അമൈഡ് (poly amide), പോളി എഥിലീൻ ടെറെഫ്താലേറ്റ് (PET), പോളി പ്രൊപിലിൻ (PP), പോളി എഥിലീൻ (PE), പോളി മെഥിൽ മെഥാക്രൈലേറ്റ് (PMMA), പോളി വിനൈൽ ക്ലോറൈഡ് (PVC), പോളിസ്റ്റൈറൈൻ(PS) എന്നിവയാണവ. ഏറ്റവും സാധാരണമായി കണ്ടത് പോളിഅമൈഡ് കണങ്ങൾ ആയിരുന്നു. ജലം ശുദ്ധീകരിക്കാനുള്ള  ഉപകരണങ്ങളിൽ നൈലോൺ കൊണ്ട് നിർമിച്ച ഫിൽറ്ററുകൾ ഉപയോഗിക്കാറുണ്ട്. നൈലോൺ ഒരു തരം പോളി അമൈഡ് ആണ്. അതിൽ നിന്നാവും ഇവ വരുന്നത്. പോളി എഥിലീൻ  ടെറഫ്താലേറ്റും (PET) ധാരാളമായി കണ്ടെത്തി. വെള്ളത്തിനും സോഡയ്ക്കും മറ്റ് പല പാനീയങ്ങൾക്കും കുപ്പികൾ നിർമ്മിക്കാൻ PET ഉപയോഗിക്കുന്നതിനാൽ ഇത് പ്രതീക്ഷിക്കാവുന്നതാണ്. PET കണങ്ങൾ താരതമ്യേന  വലുതായിരുന്നു. വെള്ളമടങ്ങുന്ന കുപ്പിയിൽ നിന്ന് നേരിട്ട് വന്നതായതിനാലാവും ഇങ്ങനെ സംഭവിക്കുന്നത്. മറ്റുള്ളവ 200 നാനോമീറ്ററിൽ താഴെയായിരുന്നു.  മറ്റ് പ്ലാസ്റ്റിക്കുകളും ശുദ്ധീകരണ പ്രക്രിയയിൽ  ഉപയോഗിക്കാറുണ്ട്. അവ അങ്ങനെ വന്നതാവാം. അല്ലെങ്കിൽ പ്രകൃതിയിൽ വച്ച് തന്നെ ജലത്തിൽ പ്ലാസ്റ്റിക് മലിനീകരണം സംഭവിച്ചതുമാവാം. മുമ്പേ  പറഞ്ഞ ഏഴ് പ്ലാസ്റ്റിക് വിഭാഗങ്ങളിൽ പെടാത്ത ദശലക്ഷക്കണക്കിന് അധിക കണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ മറ്റ് ഓർഗാനിക് – ഇനോർഗാനിക് കണങ്ങളാവും. ഇതര നാനോപ്ലാസ്റ്റിക് ആണോയെന്ന് വ്യക്തമല്ല. എന്തായാലും മനുഷ്യൻ നാനോപ്ലാസ്റ്റിക്കുമായി വരുന്ന  സമ്പർക്കത്തെക്കുറിച്ച്  മെച്ചപ്പെട്ട ധാരണ ലഭിക്കാൻ  പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. “ഇത് മുമ്പ് തുറന്നുകിട്ടാത്ത പ്ലാസ്റ്റിക് നാനോ ലോകത്തേക്ക്  നോക്കാനുള്ള ഒരു ജാലകം തുറക്കുന്നു,” ബെയ്‌സാൻ യാൻ പറയുന്നു.

അപകടസാധ്യത 

മനുഷ്യൻ്റെ ആരോഗ്യത്തിന് ഏറ്റവും അപകടകരമായ പ്ലാസ്റ്റിക് മലിനീകരണം നാനോപ്ലാസ്റ്റിക് ആണെന്ന് വിദഗ്ധർ പറയുന്നു. കാരണം അവ അന്നനാളത്തിലൂടെയോ  ശ്വാസകോശങ്ങളിലൂടെയോ രക്തപ്രവാഹത്തിൽ പ്രവേശിക്കാനും അത് വഴി മനുഷ്യകോശങ്ങളിലേക്ക് കടന്നു കയറാനും  അവയവങ്ങളെ ബാധിക്കാനും സാധ്യത കൂടുതലാണ്. മനുഷ്യരക്തം, ശ്വാസകോശം, മറുപിള്ള, വൃഷണം, കുടൽ, മലം,  തുടങ്ങിയ ഭാഗങ്ങളിൽ  പ്ലാസ്റ്റിക് കണങ്ങളുടെ തെളിവുകൾ മുൻകാല ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നാനോകണങ്ങളുടെ വലിപ്പക്കുറവ്  അവയെ കണ്ടുപിടിക്കുന്നതിനും പഠിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്ലാസ്റ്റിക്കിൻ്റെ  ചെറിയ കണികകൾക്ക് പ്ലാസൻറയിലൂടെ ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിലേക്കും കടക്കാൻ കഴിയുമെന്നും മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. എലികളിൽ നടത്തിയ പഠനത്തിൽ, ഗർഭിണിയായ എലി പ്ലാസ്റ്റിക് കണികകൾ അകത്താക്കിയതിനോ ശ്വസിച്ചതിനോ 24 മണിക്കൂറിന് ശേഷം കുഞ്ഞിൻ്റെ വികസിക്കുന്ന തലച്ചോറ്, ഹൃദയം, കരൾ, വൃക്ക, ശ്വാസകോശം എന്നിവയിൽ പ്ലാസ്റ്റിക് രാസവസ്തുക്കൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സൂക്ഷ്മ കണികകൾ മനുഷ്യരിലും പ്രധാന അവയവങ്ങളിലെ കോശങ്ങളെയും കലകളെയും ബാധിക്കുകയും കോശപ്രക്രിയകളെ തടസ്സപ്പെടുത്തുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. മനുഷ്യശരീരത്തിൽ ഇവ അടിഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കുമോ അതോ ശരീരത്തിന് അവയെ പുറന്തള്ളാൻ കഴിയുമോ എന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു. മനുഷ്യരിൽ പ്ലാസ്റ്റിക് കണികകൾ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് കൃത്യമായ തെളിവുകളൊന്നും അടുത്തകാലം വരെ ലഭിച്ചിട്ടില്ലായിരുന്നു. എന്നാൽ പുതിയൊരു പഠനത്തിൽ ഹൃദയധമനികളിൽ അടിയുന്ന കൊഴുപ്പിൽ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിദ്ധ്യം ഹ്യദയാഘാത സാധ്യത  വർദ്ധിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടു. ഇത് കൂടാതെയാണ് പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള ഇതര രാസവസ്തുക്കൾ കോശങ്ങളിലേക്കും കലകളിലേക്കും നിക്ഷേപിക്കാനുള്ള സാധ്യത. വളരെ നേരിയ അളവിലാണെങ്കിലും ബിസ്ഫെനോൾ, ഫ്താലേറ്റുകൾ, ഫ്ലേം റിട്ടാർഡൻ്റുകൾ, പോളിഫ്ലൂറിനേറ്റഡ് പദാർത്ഥങ്ങൾ, ഘന ലോഹങ്ങൾ എന്നിവ പ്ലാസ്റ്റിക്കുകളിൽ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് നിർമ്മിക്കുമ്പോഴും അവയുപയോഗിച്ച് വസ്തുക്കൾ ഉണ്ടാക്കുമ്പോഴും ഉപയോഗിക്കുന്നവയാണിവ. ബിസ്ഫെനോളും, ഫ്താലേറ്റുകളുമൊക്കെ എൻഡോക്രൈൻ സന്തുലനത്തെ ബാധിക്കാൻ സാധ്യതയുള്ളവയാണ്. രാസവസ്തുക്കൾ കരളിലേക്കും വൃക്കയിലേക്കും ‘ബ്ലഡ് ബ്രെയിൻ ബാരിയർ’ കടന്ന് തലച്ചോറിലേക്കും പ്ലാസൻ്റയിലൂടെ ഗർഭസ്ഥ ശിശുവിലേക്കും  എത്തിച്ചേരാനുള്ള  സാധ്യത  തള്ളിക്കളയാനാവില്ലെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നാനോകണങ്ങളുടെ സാന്നിധ്യം  കുപ്പിയിലടച്ച കുടിവെള്ളത്തിൽ കണ്ടെത്തിയതിനാൽ പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നമ്മൾ മനസ്സിലാക്കിയിരിക്കുന്നതിനേക്കാൾ വളരെ അധികമാണെന്ന് കരുതേണ്ടി വരും. ശിശുക്കളും കൊച്ചുകുട്ടികളും കൂടുതൽ അപകടസാധ്യതകൾ അഭിമുഖീകരിച്ചേക്കാം, കാരണം അവരുടെ വികസിക്കുന്ന തലച്ചോറും ശരീരവും പലപ്പോഴും ഇത്തരം എക്സ്പോഷറുകളിൽ നിന്നുള്ള പ്രത്യാഘാതങ്ങൾക്ക് വിധേയമാകാനുള്ള സാധ്യത  കൂടുതലാണ്.

തുടർ ഗവേഷണത്തിന്റെ ആവശ്യകത 

എന്തായാലും പുതിയ രീതി ശാസ്ത്ര സമൂഹം പൂർണ്ണമായി അവലോകനം ചെയ്യേണ്ടതുണ്ട്. കൂടാതെ നമ്മുടെ പരിസ്ഥിതിയിൽ നാനോപ്ലാസ്റ്റിക് കണ്ടെത്തുന്നതിനും അളക്കുന്നതിനുമുള്ള സ്റ്റാൻഡേർഡ് രീതികൾ വികസിപ്പിക്കുന്നതിന് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്. നിലവിൽ സ്റ്റാൻഡേർഡ് രീതികളുടെ അഭാവമുണ്ട്. തന്നെയുമല്ല  നാനോ, മൈക്രോ പ്ലാസ്റ്റിക് കണങ്ങളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അഭിപ്രായ സമന്വയവും ഉണ്ടായിട്ടില്ല. അതിനാൽ, കുടിവെള്ളത്തിലെ കണങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ഉപഭോക്താക്കളെ അനാവശ്യമായി ഭയപ്പെടുത്തുമെന്ന വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന പ്ലാസ്റ്റിക് കണങ്ങൾ എവിടെയൊക്കെ എത്തുന്നുവെന്ന് മനസ്സിലാക്കാൻ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. പ്രകൃതിയിലെ ജലസ്രോതസ്സുകൾ എത്ര മലിനപ്പെട്ടിട്ടുണ്ടെന്നും അറിയേണ്ടതാണ്. അത് പോലെ കുപ്പിവെള്ളത്തിൻറെയും ടാപ്പിൽ നിന്ന് ലഭിക്കുന്ന വെള്ളത്തിൻറെയും, നമ്മുടെ നാട്ടിലാവുമ്പോൾ കിണർ വെള്ളത്തിൻറെയും താരതമ്യവും ആവശ്യമുണ്ട്..ഭാവിയിൽ, ടാപ്പ് വാട്ടർ, ഇൻഡോർ, ഔട്ട്ഡോർ വായു സാമ്പിളുകൾ, ബയോളജിക്കൽ ടിഷ്യുകൾ തുടങ്ങിയ  പാരിസ്ഥിതിക സാമ്പിളുകൾ വിശകലനം ചെയ്യാൻ ഗവേഷകസംഘം ഉദ്ദേശിക്കുന്നുണ്ട്. പല തുണിത്തരങ്ങളിലും നൈലോൺ, PET തുടങ്ങിയ ചില പ്ലാസ്റ്റിക്കുകൾ ഉൾപ്പെടുന്നതിനാൽ, അലക്കുമ്പോൾ മലിനജലത്തിൽ പ്ലാസ്റ്റിക് സാന്നിധ്യം  കുറയ്ക്കാൻ കഴിയുന്ന ഫിൽട്ടറുകൾ വികസിപ്പിക്കാനും സംഘത്തിന്  പദ്ധതിയുണ്ട്.

മുൻകരുതലുകൾ 

ശാസ്ത്രം ഈ മേഖലയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുമ്പോൾ നമുക്ക് മുൻകരുതൽ എന്ന നിലയിൽ പ്ലാസ്റ്റിക്കുകളുമായുള്ള സമ്പർക്കം കുറയ്ക്കാൻ പല കാര്യങ്ങളും ചെയ്യാൻ കഴിയും. എക്സ്പോഷർ കുറയ്ക്കുന്നതിന് ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിൽ നിന്നുള്ള ടാപ്പ് വെള്ളം അല്ലെങ്കിൽ കിണർ വെള്ളം കഴിവതും ഉപയോഗിക്കാം. പ്ലാസ്റ്റിക്ക് വസ്തുക്കളിൽ നിന്ന് ചെറു കണങ്ങൾ  ഉതിരുമെന്ന് ആളുകൾ പൊതുവേ  കരുതാറില്ല. പക്ഷേ അങ്ങനെ സംഭവിക്കുന്നുണ്ട്.

കുപ്പിയുടെ അടപ്പ് ആവർത്തിച്ച് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിലൂടെയോ കുപ്പിക്ക്  ചതവോ പരുക്കോ ഉണ്ടാകുമ്പോഴും ചൂടാകുമ്പോഴുമെല്ലാം പ്ലാസ്റ്റിക്കിൻ്റെ കണികകൾ  ഉതിരുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് വെള്ളത്തിനായി വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പി ആവർത്തിച്ച് ഉപയോഗിക്കാതിരിക്കുക, ചൂട് പാനീയങ്ങൾ അതിൽ എടുക്കാതെയിരിക്കുക എന്നതൊക്കെ നമുക്ക് പാലിക്കാവുന്നതേയുള്ളൂ. ഇത് പ്ലാസ്റ്റിക് പാത്രത്തിലടച്ചതോ  പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതോ ആയ മറ്റ് ഭക്ഷണപാനീയങ്ങൾക്കും ബാധകമാണ്. പൊതുവേ  പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുക. ബദൽ രീതികൾ സ്വീകരിക്കാൻ തയ്യാറാവുക എന്നിവയൊക്കെ  പരിഗണിക്കാവുന്ന കാര്യമാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയരുത് എന്ന് പറയേണ്ടതില്ലല്ലോ.

നമ്മുടെ നാട്ടിൽ കിണർ വെള്ളത്തിലും ടാപ്പ് വഴി ലഭിക്കുന്ന വെള്ളത്തിലും മൈക്രോ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏതൊക്കെ തരമെന്നും കണ്ടെത്താനുള്ള ഒരു ഗവേഷണ പ്രോജക്ട് ‘ലൂക്ക’യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നുണ്ട്. ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന സിറ്റിസൺ സയൻസ് പ്രോജക്ടാണിത്. കുപ്പി വെള്ളം കൂടി അതിൽ ഉൾപ്പെടുത്താവുന്നതാണ്. പൈലറ്റ് പ്രോജക്ട് ചെർപ്പുളശ്ശേരി നഗരസഭയിൽ ഉത്‌ഘാടനം ചെയ്യപ്പെട്ട് കഴിഞ്ഞു. കൂടുതൽ ഗവേഷണങ്ങൾ നമ്മുടെ നാട്ടിലും നടക്കേണ്ടതുണ്ട്. സർക്കാർ ഏജൻസികളും സർവകലാശാലകളും ഒക്കെ ഉൾപ്പെടുന്ന വലിയ പദ്ധതിയാണ് വേണ്ടത്. ‘ലൂക്ക’ ഏതായാലും അതിന് തുടക്കം കുറിച്ച് കഴിഞ്ഞു.

അധിക വായനയ്ക്ക്

  1.  Rapid single-particle chemical imaging of nanoplastics by SRS microscopy. Qian N, Gao X, Lang X, Deng H, Bratu TM, Chen Q, Stapleton P, Yan B, Min W. Proc Natl Acad Sci U S A. 2024 Jan 16;121(3):e2300582121. doi: 10.1073/pnas.2300582121. Epub 2024 Jan 8. PMID: 38190543. >>>
  2. Synthetic Polymer Contamination in Bottled Water, Sherri A. Mason, Victoria G. Welch, Joseph Neratko, Front. Chem., 11 September 2018, Sec. Analytical Chemistry, Volume 6 – 2018 | https://doi.org/10.3389/fchem.2018.00407
  3. Microplastics Linked to Heart Attack, Stroke and Death, Max Kozlov & Nature Magazine, Scientific American, March 9, 2024 >>>
  4. Plasticenta: First evidence of microplastics in human placenta, Antonio Ragusa et. al. Environ Int, 2021 Jan:146:106274. doi: 10.1016/j.envint.2020.106274. >>>

അനുബന്ധ വായനയ്ക്ക്

പ്ലാസ്റ്റിക് അറിയേണ്ടതെല്ലാം

ലൂക്ക തയ്യാറാക്കിയ പ്രത്യേക പതിപ്പ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
67 %

Leave a Reply

Previous post ഇന്ത്യന്‍ ശാസ്ത്രരംഗം: കുതിപ്പും കിതപ്പും
Next post സ്മാർട്ട് കൃഷി: ചെറുകിടകർഷകനും മുന്നേറാം
Close