Read Time:21 Minute

സ്മാർട്ട് കൃഷി: ചെറുകിട കർഷകനും മുന്നേറാം

നുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കം കൃഷിക്കുമുണ്ട്. തലമുറകളായി ആർജിച്ച അറിവിൻറെ അടിസ്ഥാനത്തിലാണ് കൃഷിസമ്പ്രദായങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. കാർഷികരംഗം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി 25 വർഷംകൊണ്ട് 70% ഉത്പാദന വർദ്ധനവ് ഉണ്ടാക്കുക എന്നതാണ്. ഭൂമിയുടെയും ജലത്തിന്റെയും ദൗർലഭ്യവും കാലാവസ്ഥാവ്യതിയാനവും ഈ വെല്ലുവിളിയുടെ കാഠിന്യം വർധിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ നൂതനസങ്കേതങ്ങൾ സമന്വയിപ്പിച്ച സ്മാർട്ട് ഫാമിങ്ങിലൂടെ ഈ വെല്ലുവിളി വിജയകരമായി നേരിടാൻ കഴിയും.

എന്താണ് സ്മാർട്ട് ഫാമിങ്

ആധുനിക കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ്  സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചെയ്യുന്ന സൂക്ഷ്മകൃഷിയാണ് സ്മാർട്ട് ഫാമിങ് എന്ന് പൊതുവെ അറിയപ്പെടുന്നത്. കാർഷികരംഗത്തിന്റെ ആധുനികവത്കരണത്തിൽ ഡാറ്റാശേഖരണം ഒരു പ്രധാന പങ്കുവഹിക്കുന്നു. കാലാവസ്ഥ, മണ്ണ്, രോഗകീടങ്ങൾ, വിപണി, ഉത്പാദനക്ഷമത, സംസ്കരണം, കൃഷിയനുബന്ധ മേഖലകളായ മൃഗസംരക്ഷണം, മൽസ്യബന്ധനം തുടങ്ങിയ എല്ലാ മേഖലകളിൽനിന്നും തനതു സവിശേഷതയുള്ള പലതരത്തിലും, വലുപ്പത്തിലുമുള്ള ഡാറ്റ ശേഖരിക്കേണ്ടതുണ്ട്. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡാറ്റാശേഖരണം, സംഭരണം, വിശകലനം എന്നിവയും, ആ വിശകലനത്തിൻറെ അടിസ്ഥാനത്തിലുള്ള കൃഷിയുമാണ് സ്മാർട്ട് ഫാമിങ്ങിന്റെ അടിസ്ഥാനതത്വം. അസംസ്‌കൃത വസ്തുക്കളുടെ സമുചിതമായ ഉപയോഗത്തിലൂടെ ഉത്പാദനം വർധിപ്പിക്കുകയും, അതേസമയം അസംസ്‌കൃതവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക, പ്രകൃതിസംരക്ഷണം ഉറപ്പാക്കുക എന്നിവയും സ്മാർട്ട് ഫാമിങ്ങിന്റെ ലക്ഷ്യങ്ങളാണ്. സെൻസറുകൾപോലെയുള്ള സ്മാർട്ട് ഉപകരണങ്ങളുടെ പ്രയോഗമാണ് ഇതിനെ മറ്റ് കൃഷിസമ്പ്രദായങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നത്. കൃഷിഭൂമിയിൽനിന്നോ, കന്നുകാലികളിൽനിന്നോ, വിപണിയിൽനിന്നോ തത്സമയം സെൻസറുകൾവഴി ശേഖരിക്കുന്ന ഡാറ്റ അപ്പപ്പോൾതന്നെ വിശകലനംചെയ്ത് വേണ്ട നടപടികൾ എടുക്കുകയാണ് സ്മാർട്ട് ഫാമിങ്ങിൽ പൊതുവെ ചെയ്യുന്നത്. പലപ്പോഴും നടപടികൾ എന്നത് എസ്.എം.എസ്. അയയ്ക്കുകയോ, ഫെർട്ടിഗേഷൻ സംവിധാനംപോലെ പല ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയോ അതുപോലെ എന്തുവേണമെങ്കിലും ആകാം.

സ്മാർട്ട് ഫാമിങ് സംവിധാനത്തിനുവേണ്ട ചില പ്രധാന ഘടകങ്ങൾ:

  1. IoT ഉപകരണങ്ങൾ
  2. മാപ്പിങ്ങിനും, ഡാറ്റാ വിശകലനത്തിനുമുള്ള സോഫ്റ്റ് വെയറുകൾ
  3. സെൻസറുകൾ
  4. ഇന്റർനെറ്റ്
  5. ഉല്പാദനം, സംസ്കരണം എന്നിവയ്ക്കുവേണ്ട യന്ത്രസാമഗ്രികൾ.

മേൽപ്പറഞ്ഞവയിൽ ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT) എന്ന വിഭാഗത്തിൽപെട്ട ഉപകരണങ്ങളുടെ എല്ലാ ഘടകങ്ങളും ഇന്റർനെറ്റുവഴി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരു പ്രധാന ഭാഗമായ സെൻസറുകൾ ഡാറ്റ ശേഖരിച്ചു ഇന്റർനെറ്റുവഴി വിശകലനത്തിനും, സംഭരണത്തിനുമുള്ള സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നു. വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, തുടർനടപടി കൈക്കൊള്ളേണ്ട ഘടകത്തിലേക്ക് അതിനുള്ള നിർദേശം ഇന്റർനെറ്റുവഴി എത്തിക്കും. അതേത്തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ, IoT യുടെ ഘടകങ്ങൾ കൃത്യമായി നടപ്പിൽ വരുത്തും. ചില IoT ഉപകരണങ്ങൾ ഒരു സ്മാർട്ട് ഫാമിങ് സമ്പ്രദായത്തിനുവേണ്ട മിക്കവാറും എല്ലാ കാര്യങ്ങളും ഒറ്റയ്ക്കുതന്നെ ചെയ്യാൻ പ്രാപ്തിയുള്ളവയാണ്.

കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണസ്ഥാപനം

ഇലക്ട്രോണിക് ക്രോപ്

സ്മാർട്ട്ഫാമിങ് മേഖലയിലേക്ക്‌  കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണസ്ഥാപനം നടത്തിയ ചുവടുവെയ്പാണ് ഇലക്ട്രോണിക് ക്രോപ് അഥവാ ഇ-ക്രോപ് എന്ന സാങ്കേതികവിദ്യ. അടുത്ത കാലത്തായി ഈ സാങ്കേതിക വിദ്യയ്ക്ക് കേന്ദ്രഗവൺമെന്റിന്റെ പേറ്റന്റ് ലഭിക്കുകയുണ്ടായി. സൂര്യപ്രകാശത്തിൽനിന്ന് കാലാവസ്ഥയ്ക്കനുസരിച്ച് വെള്ളത്തിന്റെയും പോഷകങ്ങളുടെയും സഹായത്തോടെ ചെടികൾ സ്വയം ആഹാരം പാകംചെയ്യുകയും അവയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് അവയുടെ സംഭരണാവയവങ്ങളിൽ കരുതിവെക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യൻ അവൻറെ ആവശ്യത്തിനായി കൊയ്തെടുക്കുന്നത്. എന്നാൽ ഇലക്ട്രോണിക് ക്രോപ് ആകട്ടെ, ചെടിയിൽ നടക്കുന്ന ഈ പ്രക്രിയകൾ മുഴുവൻ കൃത്യമായി പുനരാവിഷ്കരിക്കുന്നു. ഈ സാങ്കേതികവിദ്യ ഗണിതശാസ്ത്ര സമവാക്യങ്ങളിൽ അധിഷ്ഠിതമാണ്. ഇതുവഴി ചെടി ഉത്പാദിപ്പിക്കുന്ന വിളവ് കൃത്യമായി കണക്കാക്കാൻ ഈ ഉപകരണത്തിന് സാധിക്കുന്നു. ചെടി നട്ടിരിക്കുന്ന സ്ഥലത്തെ അന്തരീക്ഷത്തിലെ താപനില, ആർദ്രത, ജലാംശം, സൗരോർജ്ജം, കാറ്റിൻറെ വേഗത, മണ്ണിലെ ജലാംശം തുടങ്ങി ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾവഴി ഉപകരണം മനസ്സിലാക്കും. തുടർന്ന് അതത് ദിവസം ചെടി ഉത്പാദിപ്പിക്കുന്ന വിളവും അതുവരെ ആകെ ഉത്പാദിപ്പിച്ച വിളവും കണക്കാക്കുന്നു. ജീവനുള്ള ചെടി അത് വളരുന്ന സാഹചര്യത്തിൽ ആഹാരം ഉത്പാദിപ്പിക്കുമ്പോൾ അതിന്റെ ഇലക്ട്രോണിക് പതിപ്പായ ഇ-ക്രോപ് അതേ ചെടി അതേ സാഹചര്യത്തിൽ എത്ര ആഹാരം ഉണ്ടാക്കി എന്ന് കണക്കാക്കുന്നു.

ജീവനുള്ള ചെടിയിൽനിന്ന് ഇ-ക്രോപ്പിനുള്ള മറ്റൊരു വ്യത്യാസം ഇ-ക്രോപ്പിന്റെ കാര്യങ്ങൾ ഔട്ട് മുൻകൂട്ടി കാണാനുള്ള കഴിവാണ്. ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തിൽ എത്ര വിളവുകൂടി ചെടി ഉല്പാദിപ്പിക്കുമെന്നും എത്ര ഉല്പാദിപ്പിക്കാനുള്ള ശേഷി അതിനുണ്ടെന്നുമുള്ള കണ്ടെത്തലുമാണ് ഇതിൽ പ്രധാനം. ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തിലെ കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ചെടിയുടെ ഉത്പാദനം പ്രവചിക്കുന്നത്.

ചെടിയിൽനിന്നുള്ള ഉത്പാദനം അതിന്റെ ഉത്പാദനശേഷിയുടെ പരമാവധിവരെയുള്ള ഏതളവുവരെയും ലഭിക്കാൻ ഓരോ ദിവസവും ചെടിക്ക് നൽകേണ്ട വെള്ളത്തിന്റെയും വളത്തിന്റെയും അളവ് ഈ ഉപകരണം കൃത്യമായി കണക്കാക്കി അഗ്രോ അഡ്വൈസറി ആയി കൃഷിക്കാരന്റെ മൊബൈലിലേക്ക് SMS സന്ദേശമായി അയച്ചുകൊടുക്കും. ഒരേ തരത്തിലുള്ള കാലാവസ്ഥ അനുഭവപ്പെടുന്ന ഒരു ഭൂപ്രദേശത്തിന് മൊത്തമായി അഗ്രോ അഡ്വൈസറി നൽകാൻ ഒരു ഇ-ക്രോപ് ഉപകരണം മതിയാകും. ഒരേ ഉപകരണത്തിൽതന്നെ എത്ര വിളകളുടെ വളർച്ച വേണമെങ്കിലും പുനരാവിഷ്കരിക്കാൻ കഴിയും.

ഇലക്ട്രോണിക് ക്രോപ്

ഉദാഹരണത്തിന് ഒരേ കാലാവസ്ഥ അനുഭവപ്പെടുന്ന ഒരു പ്രദേശത്തിൽപ്പെടുന്ന കുറച്ചു സ്ഥലത്ത് ഒരു  കർഷകൻ നെല്ലും, വേറെ കുറച്ചു സ്ഥലത്ത് വേറൊരു കർഷകൻ മരച്ചീനിയും, ഇനി അതേ പ്രദേശത്തുതന്നെ മറ്റൊരു  സ്ഥലത്തു  മറ്റൊരു  കർഷകൻ വാഴയും കൃഷി ചെയ്തെന്നിരിക്കട്ടെ. ഈ പ്രദേശത്ത് മൊത്തമായി ഒരു ഇ-ക്രോപ് സ്ഥാപിച്ച്  കർഷരുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, വിളകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും ഇ-ക്രോപ്പിനു നൽകും. കാലാവസ്ഥയുടെയും, മണ്ണിന്റെയും, വിളയുടെയും സവിശേഷതകൾ സ്വയംവിശകലനം ചെയ്ത് ഇ-ക്രോപ് അവയുടെ വളർച്ച പുനരാവിഷ്കരിച്ച് ഓരോ വിളയ്ക്കും വേണ്ട അഗ്രോ അഡ്വൈസറി തയ്യാറാക്കുന്നു. അതിനുശേഷം നെല്ലിനെക്കുറിച്ചുള്ള അഡ്വൈസറി ആദ്യത്തെ കർഷകന്റെ മൊബൈലിലേക്കും, മരച്ചീനിയെക്കുറിച്ചും, വാഴയെക്കുറിച്ചുമുള്ള അഡ്വൈസറികൾ യഥാക്രമം രണ്ടാമത്തെയും, മൂന്നാമത്തെയും കർഷകരുടെ മൊബൈലിലേക്കും അയച്ചു കൊടുക്കുന്നു. ഈ പ്രവർത്തനങ്ങൾ എല്ലാംതന്നെ ഓട്ടോമാറ്റിക് ആയാണ് നടക്കുന്നതെന്നാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

വിളവിനെക്കുറിച്ചുള്ള പ്രവചനം കൃഷി ഭൂമിയിൽനിന്ന് നേരിട്ട് നടത്തുന്നതിനാൽ അതിന്റെ കൃത്യത വളരെ കൂടുതലായിരിക്കും. ദേശീയ-സംസ്ഥാന തലങ്ങളിൽ കാർഷികോദ്പാദനം കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ ഈ ഉപകരണത്തിന് സാധിക്കും.

ഉത്പാദനം കൂട്ടാൻ ഓരോ ദിവസവും നൽകേണ്ട വളത്തിന്റെയും വെള്ളത്തിന്റെയും  അളവ് കൃത്യതയോടെ ഈ ഉപകരണം നൽകുന്നു. അതുപ്രകാരം കൃഷിചെയ്യുന്നതിലൂടെ വെള്ളത്തിന്റെയും വളത്തിന്റെയും അളവ് കുറച്ചുകൊണ്ട്  ഉത്പാദനം വർദ്ധിപ്പിക്കാനും അങ്ങനെ പരിസ്ഥിതി മലിനീകരണം ലഘൂകരിക്കാനും കഴിയും.

കിഴങ്ങുവർഗ്ഗവിളകൾക്ക് പുറമേ നെല്ല്, ഗോതമ്പ്. പച്ചക്കറികൾ തുടങ്ങി മറ്റു വിളകളുടെയും വളർച്ച പുനരാവിഷ്കരിക്കാനുള്ള സംവിധാനമൊരുക്കി ഈ ഉപകരണത്തിന്റെ ഗുണം കൂടുതൽ കർഷകരിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണസ്ഥാപനം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

e-Crop അധിഷ്ഠിത സ്മാർട്ട് കൃഷിയുടെ വിജയഗാഥ

നെടുമങ്ങാട് ബ്ലോക്കിൽപെട്ട ആനാട്, അരുവിക്കര, പനവൂർ, വെമ്പായം, കരകുളം എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരാണ് മരച്ചീനി, മധുരക്കിഴങ്ങ്, ചേന, വാഴ എന്നീ വിളകളിൽ ഈ നൂതന സാങ്കേതികവിദ്യ പരീക്ഷിച്ചത്. കേരള സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്‍റെ ധനസഹായത്തോടെ സി.റ്റി.സി.ആർ.ഐ യിലെ പ്രിൻസിപ്പൽസയന്റിസ്റ്റ്   ഡോ.സന്തോഷ്മിത്രയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി  നടപ്പിലാക്കിയത്.

വിളവെടുത്ത മരച്ചീനിയുമായി അരുവിക്കര പഞ്ചായത്തിലെ കർഷകൻ

വളരെ ചിട്ടയായിട്ടാണ് ഈ പദ്ധതി  നടപ്പിലാക്കിയത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ പരീക്ഷണത്തിനുള്ള പഞ്ചായത്തുകളെയും, അവിടത്തെ കർഷകരെയും ആദ്യം  തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കർഷകരുടെ കൃഷിഭൂമിയിലെ മണ്ണുപരിശോധനയാണ് ആദ്യം ചെയ്തത്. സ്ഥാപനം വികസിപ്പിച്ചെടുത്ത ഇ-ക്രോപ്പ്  എന്ന ഉപകരണം പദ്ധതി നടപ്പാക്കുന്ന എല്ലാ കൃഷിഭവനുകളിലും സ്ഥാപിച്ചു. ഇതുവഴി അതത് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരുടെ ഭൂമിയിലെ കാലാവസ്ഥ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് വിശകലനംചെയ്യുന്നതാണ് ഈ കൃഷി സമ്പ്രദായത്തിലെ ഒരു പ്രധാന ഘട്ടം. ഇ-ക്രോപ്പ് സ്ഥാപിച്ചതിനുശേഷം കർഷകർക്കുവേണ്ടി സ്ഥാപനത്തിൽവെച്ച് സ്മാർട്ട്കൃഷിയെക്കുറിച്ചുള്ള ഒരു പരിശീലനപരിപാടി സംഘടിപ്പിച്ചു.

സംസ്ഥാന കൃഷിമന്ത്രി ശ്രീ. പി.പ്രസാദ് മുഖ്യാതിഥിയായിരുന്ന പ്രസ്തുത ചടങ്ങിൽ സ്ഥാപനം വികസിപ്പിച്ച  ഇ-ക്രോപ്പ്   അധിഷ്ഠിത സ്മാർട്ട് ഫെർട്ടിഗേഷൻ സംവിധാനം സെക്രട്ടറിയേറ്റിൽ ഇരുന്നുകൊണ്ട് റിമോട്ടായി പ്രവർത്തിപ്പിച്ചാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

പരിശീലനപരിപാടിയെത്തുടർന്ന് കർഷകർ മരച്ചീനി,  മധുരക്കിഴങ്ങ്, വാഴ, ചേന എന്നീ വിളകളുടെ കൃഷി രണ്ട് രീതിയിൽ ചെയ്യുകയുണ്ടായി. അവർ നേരത്തേ തുടർന്നുവരുന്ന രീതിയിലും, പുതിയ സ്മാർട്ട് രീതിയിലും ഒരേ സ്ഥലത്ത് അടുത്തടുത്തായി കൃഷിചെയ്തു. ഓരോ ദിവസവും കാലാവസ്ഥയിലും മണ്ണിലുമുള്ള വ്യതിയാനങ്ങൾ വിശകലനം ചെയ്ത് ചെടിക്ക് നൽകേണ്ട വളത്തിന്റെയും വെള്ളത്തിന്റെയും അളവിനെക്കുറിച്ചുള്ള നിർദേശങ്ങൾ അതത് കൃഷിക്കാരന്റെ മൊബൈലിൽ SMS സന്ദേശമായി ഇ-ക്രോപ് എത്തിച്ചു കൊടുത്തു. ഇ-ക്രോപ്പിന്റെ നിർദ്ദേശങ്ങൾ സി. റ്റി. സി. ആർ. ഐ – യിലെ  ടീം അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രം ചെടിക്ക് നൽകി. അതതിന്റെ കാലദൈർഘ്യം പൂർത്തിയാകുന്നതനുസരിച്ചു ഓരോ വിളയുടെയും വിളവെടുപ്പ് നടത്തി. ആദ്യം വിളവെടുത്തത് മധുരക്കിഴങ്ങാണ്. സാധാരണ കൃഷിരീതിയിൽ ലഭിക്കുന്നതിന്റെ 218% വിളവർധനവാണ് പുതിയ രീതിയിലൂടെ കിട്ടിയത്. പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവയുടെ അളവ് യഥാക്രമം 49%, 73%, 57% ആയി കുറയ്ക്കാനും സാധിച്ചു. ഇതും കർഷകർക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇതേ പദ്ധതിയിൽ മരച്ചീനി, വാഴ, ചേന എന്നീ വിളകളിൽ സ്മാർട്ട് കൃഷിയിലൂടെ വിളവ് യഥാക്രമം 187%, 152%,  218% ആയാണ് വർധിച്ചത്.
സ്മാർട്ട് കൃഷിയുടെ ഈ വിജയം മറ്റുവിളകളിലേക്കും, രോഗകീടനിയന്ത്രണം, വിപണനം എന്നീ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാപനം.

സംസ്ഥാന പ്ലാനിംഗ്  ബോർഡിന്‍റെ  സഹായത്തോടെ ഇ-ക്രോപ്പ്  നെ ‘Intelligent’  ആക്കി സ്മാർട്ട് കൃഷിയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള പരീക്ഷണം വിജയകരമായി നടത്തുകയുണ്ടായി. മലപ്പുറംജില്ലയിലെ വണ്ടൂർ, കൂട്ടിലങ്ങാടി എന്നീ പഞ്ചായത്തുകളിലായിരുന്നു ഈ പരീക്ഷണം. ഇതുവഴി ഏതൊരു വിളയെക്കുറിച്ചും മനസ്സിലാക്കാനുള്ള ശേഷി e-Crop  ന്കൈവന്നിട്ടുണ്ട്.

സ്മാർട്ട് ഫാമിങ്: സവിശേഷതകളും ആശങ്കകളും

സ്മാർട്ട് ഫാമിങ്ങിന്റെ ഏറ്റവും പ്രധാന സവിശേഷത വിഭവങ്ങൾ കുറച്ചു കൊടുത്തുകൊണ്ട് കൂടുതൽ ഉല്പാദനക്ഷമത നേടാം എന്നതാണ്. വിഭവങ്ങളുടെ കൃത്യമായ ആവശ്യകത കണക്കാക്കി അതുമാത്രം വിളയ്ക്ക് നല്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ഇത്തരത്തിൽ വിഭവങ്ങൾ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്നതുകൊണ്ട്, അവയുടെ അനാവശ്യമായ ശോഷണം നിയന്ത്രിക്കപ്പെടുന്നു. പ്രകൃതിമലിനീകരണം തടയാനും ഇതുവഴി സാധിക്കുന്നു.

സ്മാർട്ട് ഫാമിങ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പ്രധാന ആശങ്ക ഇതിൻറെ ചെലവിനെക്കുറിച്ചാണ്. ചെറുകിട കർഷകർക്ക് ഇത് താങ്ങാൻ കഴിയില്ല എന്ന  വിമർശനം നിലനിൽക്കുന്നുണ്ട്. തൊഴിലില്ലായ്മ വർദ്ധിപ്പിക്കും എന്ന ആക്ഷേപവും നിലവിലുണ്ട്. ഒരു സ്മാർട്ട് ഫാമിങ് സംവിധാനം സജ്ജമാക്കാനുള്ള ചെലവ് കൂടുതലാണെങ്കിലും അത് തുടക്കത്തിൽ ഒരൊറ്റത്തവണ മാത്രം ചെലവാക്കിയാൽ മതി. ഇതേ സംവിധാനം വർഷങ്ങളോളം വളരെ നിസ്സാരമായ ചെലവിൽ നിലനിർത്താൻ കഴിയും. കേരളംപോലെ ചെറുകിടകർഷകർ കൂടുതലുള്ള ഒരു പ്രദേശത്ത് കർഷക കൂട്ടായ്മയിലൂടെ ഇത് നടപ്പാക്കാൻ കഴിയും. കൂട്ടായി നടപ്പാക്കുമ്പോൾ ഓരോ കർഷകനുമുള്ള ചെലവ് വളരെ നിസ്സാരമാണെന്നു മനസ്സിലാകും. സംസ്ഥാനത്തെ കൃഷി സമ്പൂർണമായി സ്മാർട്ടാക്കി പുതിയ വിജയഗാഥകൾ രചിക്കാനും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും, ലോകത്തിനുതന്നെയും പിന്തുടരാവുന്ന പുതിയ മാതൃകകൾ  സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം.

വികസിത രാജ്യങ്ങൾ വിവരസാങ്കേതികവിദ്യയിലൂടെ മൂന്നാം ഹരിത വിപ്ലവത്തിലേക്ക് കുതിക്കാൻ തയ്യാറെടുക്കുമ്പോൾ, ഈ സാങ്കേതികവിദ്യയുടെ പ്രധാന ബുദ്ധി കേന്ദ്രമായ നമ്മുടെ രാജ്യം ഒരു തരത്തിലും പിന്തള്ളപ്പെടാൻ പാടില്ല

LUCA TALK

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്
Next post മ്യൂസ് മുതൽ മ്യൂസിയം വരെ
Close