Read Time:30 Minute

ചിത്രിത ശലഭങ്ങളുടെ യാത്രാവിശേഷങ്ങള്‍

പടിഞ്ഞാറൻ ആഫ്രിക്ക മുതൽ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന വരെ അത്‌ലാന്റിക്‌ സമുദ്രത്തിന് കുറുകെ
ഏകദേശം 4200 കിലോമീറ്ററോളം 5 മുതൽ 8 ദിവസം വരെ ഇടവേളയില്ലാതെ സഞ്ചരിക്കുന്ന ചിത്രിത ശലഭങ്ങളുടെ (Painted Lady Butterfly) യുടെ യാത്രാവിശേഷങ്ങൾ

മികച്ച കാലാവസ്ഥയും ഭക്ഷണലഭ്യതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും തേടിയാണ് ജീവികള്‍ സാധാരണയായി ദേശാടനത്തില്‍ ഏര്‍പ്പെടുന്നത്. വെള്ളവും ഭക്ഷണവും തേടി വേനല്‍ക്കാലത്ത് ബഹുദൂരം സഞ്ചരിക്കുന്ന ആഫ്രിക്കന്‍ ആനകള്‍, മുട്ടയിടാനായി അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും ശുദ്ധജല നദികളിലേക്ക് നീന്തുന്ന സാൽമണ്‍ മത്സ്യങ്ങള്‍, വര്‍ഷത്തില്‍ മൂവായിരത്തോളം കിലോമീറ്ററുകള്‍ പ്രയാണം ചെയ്യുന്ന ആഫ്രിക്കയിലെ വൈല്‍ഡ് ബീസ്റ്റുകള്‍, ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക്ക വരെയും തിരിച്ചും സഞ്ചാരം നടത്തുന്ന ആര്‍ട്ടിക് ടേണുകള്‍ എന്നിവ ദേശാടനക്കാരുടെ ഇടയില്‍ പ്രശസ്തരാണ്. വലിയ ജീവികളുടെ ദേശാടനം സംബന്ധിച്ച് നമുക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കിലും ഷഡ്പദങ്ങള്‍ പോലെയുള്ള ചെറിയ ജീവികളുടെ വലിയ യാത്രകളെക്കുറിച്ച് നമുക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ഫോട്ടോ : ഹനീഷ് കെ.എം.

ഷഡ്പദങ്ങളില്‍ ചിലര്‍ ഭൂഖണ്ഡാന്തരയാത്രകള്‍ക്ക് പ്രസിദ്ധരാണ്. വളരെ ചെറിയ ഈ ജീവികളെ ഇങ്ങനെ നീണ്ട യാത്രകള്‍ക്ക് പ്രോചോദിപ്പിക്കുന്നത് ഏതൊക്കെ ഘടകങ്ങളാണ്, വലിയ ഊര്‍ജ്ജം വേണ്ട ഈ യാത്രയില്‍ ഇവരെ സഹായിക്കുന്ന കാര്യങ്ങള്‍ ഏതൊക്കെ, യാത്രയുടെ ഗതിയും ലക്ഷ്യസ്ഥാനവും തീരുമാനിക്കുന്നതെങ്ങനെ എന്നതൊക്കെ ശാസ്ത്രത്തിന് കൗതുകകരമായ കാര്യങ്ങളാണ്‌.

ആഫ്രിക്കയില്‍ നിന്നും മദ്ധ്യേഷ്യയില്‍ നിന്നും വിളകള്‍ക്ക് നാശമുണ്ടാക്കി നീങ്ങുന്ന വെട്ടുകിളിക്കൂട്ടങ്ങളെക്കുറിച്ചും എല്ലാവര്‍ഷവും വടക്കേ അമേരിക്കയിലെ അലാസ്ക മുതല്‍ മെക്സിക്കോ വരെയും തിരിച്ചും ദേശാടനം നടത്തുന്ന മൊണാര്‍ക്ക് ശലഭങ്ങളെ കുറിച്ചും ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. വെട്ടുകിളികള്‍ അനുകൂലമായ സാഹചര്യങ്ങളില്‍ പെറ്റുപെരുകി വലിയ കൂട്ടങ്ങളാകുന്ന ഘട്ടങ്ങളില്‍ മാത്രമാണ് വഴിയിലുള്ള പച്ചപ്പ്‌ മുഴുവന്‍ തിന്നു തീര്‍ത്ത് മുന്നോട്ട് പോവുന്നത്. അതുപോലെ അലാസ്കയില്‍ നിന്നും മെക്സിക്കോ വരെ സഞ്ചരിക്കുന്നത് മൊണാര്‍ക്ക് ശലഭങ്ങളുടെ, എട്ടുമാസത്തോളം ആയുസ്സുള്ള ഒരു ‘സൂപ്പര്‍’ തലമുറ ആണെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ വന്‍കരകള്‍ കടന്ന് ദേശാടനം നടത്തുന്ന മറ്റൊരു ചിത്രശലഭമാണ് ചിത്രിത (Painted Lady, Vanessa cardui).

ഫോട്ടോ : ഹനീഷ് കെ.എം.

രൂപവും പൊതുസ്വഭാവവും

ചിത്രിത ശരിക്കും ഒരു ആഗോളശലഭമാണ്. അന്റാര്‍ട്ടിക്ക, ആസ്ട്രേലിയ, തെക്കേ അമേരിക്കയിലെ ചില  ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങള്‍ ഒഴികെ ലോകത്തെ തണുപ്പ് കുറവുള്ള സ്ഥലങ്ങളിലെല്ലാം ചിത്രിതയെ കാണാന്‍ സാധിക്കും, അതുകൊണ്ട് തന്നെ  ലോകത്ത് ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ചിത്രശലഭം കൂടിയാണ്  ചിത്രിത. രോമപാദ (Nymphalidae) ശലഭകുടുംബത്തില്‍പ്പെട്ട ചിത്രിതയ്ക്ക് ഈ കുടുംബത്തിലെ മറ്റു പല ശലഭങ്ങളെയും പോലെ മുന്നിലെ ഒരു ജോഡി കാലുകള്‍ ചെറുതും രോമങ്ങള്‍ നിറഞ്ഞ് ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. ഇത് കാരണം ബാക്കിയുള്ള രണ്ടു ജോഡി കാലുകള്‍ മാത്രമേ പൂര്‍ണ്ണമായി വളര്‍ന്ന നിലയില്‍ കാണാന്‍ സാധിക്കൂ. കാലുകളിലെ ഈ അനുകൂലനം മികച്ച ബാലന്‍സ് നല്‍കുന്നതിനും ദൂരയാത്രകള്‍ക്ക് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ്‌ പരിണമിച്ചിട്ടുള്ളത്. ചെറിയ മുന്‍ കാലുകള്‍ പ്രധാനമായും രുചി അറിയുന്നതിനും ചെടികളിലെ രാസഘടകങ്ങള്‍ തിരിച്ചറിയാനുമാണ് ഉപയോഗപ്പെടുന്നത്. ചിറകിലെ ഓറഞ്ചു നിറത്തില്‍ കറുപ്പും വെളുപ്പും പൊട്ടുകള്‍ ഭംഗിയായി ചിത്രപ്പണി ചെയ്തത് പോലെ കാണുന്നത് കൊണ്ടാണ് ഇതിന് ചിത്രിത എന്ന പേര് ലഭിച്ചത്. ഇടത്തരം വലിപ്പമുള്ള ചിത്രിതയുടെ ചിറകകലം സാധാരണ 5  മുതല്‍  7.5 സെ. മി വരെയാണ്.

Painted Lady butterfly (Vanessa cardui). ഫോട്ടോ : Alvesgaspar Wikemedia Commons

ചിത്രശലങ്ങള്‍ ശീതരക്തജീവികളാണ്, അവയ്ക്ക് ഊര്‍ജ്ജസ്വലരാവാനും പറക്കാനും ശരീരോഷ്മാവ് 28  മുതല്‍  35 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ ആയി നിലനിര്‍ത്തേണ്ടതുണ്ട്. വെയില്‍ കാഞ്ഞാണ് സാധാരണ ശലഭങ്ങള്‍ ശരീരത്തിന് ആവശ്യമായ ചൂട് സ്വീകരിക്കുന്നത്. ചൂട് കൂടുതലുള്ള സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനായി ഇലകള്‍ക്കിടയില്‍ വിശ്രമിക്കുന്നതും കാണാം. അതുകൊണ്ട് ശലഭങ്ങള്‍ക്ക് അതിശൈത്യം അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. അമിതമായ തണുപ്പ് വരുന്നതിന് മുമ്പ് സമീപത്തെ ചൂടുള്ള സ്ഥലങ്ങളിലേക്ക് നീങ്ങുന്നത് ഒരു അതിജീവനമാര്‍ഗ്ഗം കൂടിയാണ്.

കടപ്പാട് : www.insectlore.com

ശലഭങ്ങള്‍ മുട്ട, ശലഭപ്പുഴു, പ്യൂപ്പ, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശലഭം എന്നീ ഘട്ടങ്ങളിലൂടെ വളര്‍ച്ച പൂര്‍ത്തിയാക്കുന്നതിനാല്‍, ഇവരുടെ ജീവിതം പ്രധാനമായും രണ്ടു തരം സസ്യങ്ങളെ ആശ്രയിച്ചാണ്‌; ലാര്‍വാ ഭക്ഷണസസ്യങ്ങളും തേന്‍ നുകരാന്‍ വേണ്ട സസ്യങ്ങളും. ഓരോ ഇനം ശലഭവും പ്രത്യേകയിനം ലാര്‍വാ ഭക്ഷണസസ്യങ്ങള്‍ മാത്രമേ ഉപയോഗിക്കൂ, അതുപോലെ ശലഭത്തിന്റെ ഇനവും വലിപ്പവും വളരുന്ന ആവാസവ്യവസ്ഥയും അനുസരിച്ച് പ്രത്യേകം ഇനം ചെടികളില്‍ നിന്ന് തേന്‍ നുകരാന്‍ താല്പര്യം കാണിക്കാറുണ്ട്. ഈ രണ്ടു വിഭാഗം സസ്യങ്ങളുടെ ലഭ്യത ശലഭങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യാവശ്യമാണ്. കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റവും അനുകൂലമായ സാഹചര്യത്തില്‍ ഒരു പ്രദേശത്തെ ശലഭങ്ങളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വന്‍ വര്‍ദ്ധനയും ശലഭങ്ങളെ ദൂരേയ്ക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കാറുണ്ട്.

ഫോട്ടോ : ഹനീഷ് കെ.എം.

ചിത്രിത ശലഭങ്ങള്‍ക്ക് ലോകത്താകമാനം മുന്നൂറില്‍പ്പരം ലാര്‍വാ ഭക്ഷണസസ്യങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി പ്രജനനം നടത്താന്‍ ലാര്‍വാ ഭക്ഷണസസ്യങ്ങളിലുള്ള ഈ വൈവിധ്യം സഹായിക്കുന്നുണ്ട്. ലോകത്തെ ചൂടുള്ള പ്രദേശങ്ങളിളെല്ലാം കാണപ്പെടുന്ന ഈ ശലഭം ഇവയില്‍ ചില പ്രദേശങ്ങളില്‍ കൂടുതലായി ദേശാടനസ്വഭാവം കാണിക്കുന്നുണ്ട്. കാലാവസ്ഥയിലും പ്രദേശത്തെ സസ്യജാലങ്ങളിലും ഉണ്ടാവുന്ന വലിയ മാറ്റങ്ങളാണ് ഈ പ്രദേശങ്ങളിലെ ശലഭയാത്രകളെ ഉത്തേജിപ്പിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്കും തിരിച്ചും, വടക്കേ അമേരിക്കയില്‍ മെക്സിക്കോയില്‍ നിന്ന് കാനഡ വരെയും തിരിച്ചും മധ്യപൂർവ്വേഷ്യയില്‍ നിന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുമാണ് സ്ഥിരമായി ചിത്രിത ശലഭങ്ങളുടെ വലിയതോതിലുള്ള ദേശാടനം നടക്കുന്നത്. ഇതില്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്കുള്ള ദേശാടനം വളരെ പ്രസിദ്ധവും ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുള്ളതുമാണ്.


ചിത്രിതയുടെ പ്രധാന ദേശാടനപാതകള്‍

ആഫ്രിക്ക-യൂറോപ്പ്-ആഫ്രിക്ക യാത്ര

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ആഫ്രിക്കയിലെ ശൈത്യകാലത്ത് സഹാറ മരുപ്രദേശങ്ങളില്‍ കൂടുതല്‍ സസ്യങ്ങള്‍ ഉണ്ടാവുന്നത് കൊണ്ട് ചിത്രിത ശലഭങ്ങള്‍ ആ ചെടികളില്‍ നിന്ന് തേന്‍ നുകര്‍ന്നും മുട്ടയിട്ടും മധ്യആഫ്രിക്കയിലെ സാവന്നയിലെക്കും ഉയരമുള്ള പ്രദേശങ്ങളിലേക്കും നീങ്ങുന്നു. ഈ പറക്കല്‍ പകല്‍ സമയത്ത് ഏകദേശം 25-30 കിലോമീറ്റര്‍ വേഗതയിലാണ്. തണുപ്പുള്ള രാത്രി സമയത്ത് മരുഭൂമിയിലെ ചെടികളില്‍ വിശ്രമിക്കുകയും അടുത്ത ദിവസം വീണ്ടും പ്രയാണം തുടരുകയും ചെയ്യും. സഹാറയിലും സാവന്നകളിലും അനുകൂലമായ സാഹചര്യമയതിനാല്‍ വളരെയധികം ശലഭങ്ങള്‍ വിരിഞ്ഞുണ്ടാവുകയും മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള വസന്തകാലത്ത് ഈ ശലഭങ്ങള്‍ മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ എത്തുന്നു. ദശലക്ഷക്കണക്കിന് ചിത്രിതശലഭങ്ങള്‍ ഈ കാലയളവില്‍ യൂറോപ്പിലേക്ക് നീങ്ങുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. വസന്തകാലത്തിന്റെ അവസാനത്തോടെ ഈ ശലഭങ്ങള്‍ മധ്യയൂറോപ്പും കടന്ന് വടക്കന്‍ യൂറോപ്പിലെത്തും. യുറോപ്പിലെ വേനല്‍ക്കാലത്ത്, ജൂണ്‍ മുതല്‍ ഓഗസ്റ്റ്‌ മാസം വരെയുള്ള സമയത്ത്, ചിത്രിതയെ ഈ വന്‍കരയിലെ മിക്കവാറും എല്ലായിടത്തും കാണാന്‍ കഴിയും. തേന്‍ നുകര്‍ന്നും പ്രജനനം നടത്തിയും ചിത്രിത ശലഭങ്ങള്‍ അനുകൂല സാഹചര്യം ശരിക്കും ആഘോഷമാക്കും. ഓഗസ്റ്റ്‌ അവസാനത്തോടെ ചിത്രിത ശലഭങ്ങള്‍ കൂടുതല്‍ വടക്കോട്ട്‌ നീങ്ങി ഐസ്ലാന്റില്‍ വരെ എത്താറുണ്ട്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള ശരത്കാലത്ത് യൂറോപ്പിലെ താപനില കുറയാന്‍ തുടങ്ങുമ്പോള്‍ ഇവര്‍ തിരിച്ചുള്ള പ്രയാണം ആരംഭിക്കും. സെപ്റ്റംബര്‍ അവസാനവും ഒക്ടോബറിലും ശലഭങ്ങള്‍ തിരിച്ചു ആഫ്രിക്കയിലെത്താന്‍ തുടങ്ങും. ആഫ്രിക്കയിലെത്തുന്ന ശലഭങ്ങള്‍ പുല്‍മേടുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും വ്യാപിച്ച്  പുതിയ തലമുറകളെ സൃഷ്ടിക്കാന്‍ തുടങ്ങുകയും വീണ്ടും ദേശാടനത്തിന്റെ അടുത്ത ചക്രം ആരംഭിക്കുകയും ചെയ്യും. ചിത്രിത ശലഭത്തിന്റെ ശരാശരി ആയുസ്സ് മൂന്നോ നാലോ ആഴ്ച മാത്രമാണ്, അതുകൊണ്ട് ഈ ദേശാടനത്തിന്റെ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കുന്നത് അഞ്ചോ ആറോ തലമുറകള്‍ എടുത്താണ്.

ഒരു ഗ്രാം മാത്രം ഭാരവും ഒരു മൊട്ടുസൂചിയുടെ മൊട്ടിന്റെ വലിപ്പമുള്ള തലച്ചോറും ഉപയോഗിച്ച് എങ്ങനെ ഈ കുഞ്ഞുശലഭങ്ങള്‍ കൃത്യമായ ദേശാടനപാത തെരഞ്ഞെടുക്കുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്. കാറ്റിന്റെ ആനുകൂല്യമാണ് ഈ യാത്രയില്‍ സഹായിക്കുന്ന ഏറ്റവും പ്രധാന ഘടകം. തടസ്സങ്ങളില്ലാതെ കാറ്റിനൊപ്പം യാത്രചെയ്യാന്‍ സാധാരണയായി അഞ്ഞൂറുമീറ്ററോളം ഉയരത്തിലാണ് ചിത്രിതകള്‍ പറക്കുന്നത്. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലെത്തുന്ന ശലഭങ്ങള്‍ തണുപ്പുകാലത്തോടെ അവിടെത്തന്നെ മരണമടയും എന്നാണ് നിരീക്ഷികര്‍ ആദ്യം കരുതിയിരുന്നത്, ഈ ശലഭങ്ങള്‍ തിരിച്ചു പറക്കുന്നതായി ആരും നിരീക്ഷിച്ചിട്ടില്ല എന്നതായിരുന്നു കാരണം. റഡാര്‍ ചിത്രങ്ങള്‍ ഉപയോഗിച്ചു പിന്നീട് നടന്ന പഠനത്തില്‍ ഈ ശലഭങ്ങള്‍ മനുഷ്യര്‍ക്ക് സാധാരണ കാണാന്‍ പറ്റാത്ത ഉയരത്തിലാണ്  (ഏകദേശം രണ്ടായിരം  മീറ്ററോളം ഉയരത്തില്‍) തിരിച്ചുള്ള യാത്ര നടത്തുന്നത് എന്നു കണ്ടെത്തി. യൂറോപ്പിലാകമാനം അനുയോജ്യമായ കാലാവസ്ഥയില്‍ വളരുന്നതിനാല്‍ തിരിച്ചുള്ള യാത്രയില്‍ ആദ്യയാത്രയേക്കാള്‍ കൂടുതല്‍ ശലഭങ്ങളെയും കാണുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ദീര്‍ഘയത്രകള്‍ക്ക് ശലഭങ്ങളെ സഹായിക്കുന്ന മറ്റു രണ്ടു ഘടകങ്ങള്‍ സൂര്യന്‍റെ സ്ഥാനവും കാന്തിക സൂചനകള്‍ ഉപയോഗിച്ച് ദിശകള്‍ അറിയാനുള്ള കഴിവുമാണ്.

ഇന്ത്യയിലേക്ക് 

വടക്കേ ആഫ്രിക്കയില്‍ നിന്നും വസന്തകാലത്ത് നിങ്ങിത്തുടങ്ങുന്ന ചിത്രിത ശലഭങ്ങളില്‍ ഒരു വിഭാഗം അറേബ്യന്‍ ഉപഭൂഖണ്ഡം കടന്ന് മദ്ധ്യേഷ്യയിലൂടെ ഇന്ത്യയിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും എത്തുന്നതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയത്തും ഈ ശലഭത്തെ കാണുന്നത് ഈ ശലഭം ഇവിടുത്തെ സ്ഥിരതമാസക്കാരാണ് എന്ന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. എന്നാല്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്തെ കൂടിയ എണ്ണം മഴക്കാറ്റിനൊപ്പം ഇവര്‍ മദ്ധ്യേഷ്യ കടന്ന് വരുന്നു എന്ന സൂചന ശരിവെയ്ക്കുന്നതാണ്. ഇന്ത്യയിലും കേരളത്തിലും ഉയര്‍ന്ന പ്രദേശങ്ങളിലാണ്‌ ഇവയെ കൂടുതലായി കാണുന്നത്. കേരളത്തില്‍ ഈ ശലഭം സാധാരണമല്ലെങ്കിലും മണ്‍സൂണിനോട്‌ അടുപ്പിച്ചുള്ള മാസങ്ങളില്‍ കൂടുതലായി കാണാറുണ്ട്. ഇന്ത്യയില്‍ ചിത്രിത സാധാരണയായി ലാര്‍വാ ഭക്ഷണസസ്യമായി ഉപയോഗിക്കുന്നത് ഡെയ്സിച്ചെടികള്‍, ചൊറിയണത്തിന്‍റെ കുടുംബത്തില്‍പ്പെട്ട ചെടികള്‍, പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ചില ചെടികള്‍ എന്നിവയാണ്. ചിത്രിതയുടെ മുട്ടയില്‍ നിന്നും ശലഭമാവാന്‍ ഏകദേശം 35 ദിവസമെടുക്കും. അനുയോജ്യമായ ഇലകളില്‍ മുട്ടയിട്ട് കഴിഞ്ഞാല്‍ നാലഞ്ചു ദിവസം കൊണ്ട് ശലഭപ്പുഴു പുറത്തുവരികയും ഇലകള്‍ ഭക്ഷിച്ച് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് അവ എട്ടു പത്തുദിവസം കൊണ്ട് പ്യൂപ്പയായി മാറുകയും ചെയ്യും. പ്യൂപ്പയില്‍ നിന്നും ശലഭാമാവാന്‍ വീണ്ടും ഒരാഴ്ചയോളം സമയമെടുക്കും.

കടപ്പാട് : nature.com

അത്‌ലാന്റിക്‌ കടന്നുള്ള പ്രയാണം 

ചിത്രിത ശലഭങ്ങളുടെ കാര്യത്തില്‍ പുതിയൊരു കണ്ടെത്തല്‍ അവര്‍ പടിഞ്ഞാറൻ ആഫ്രിക്ക മുതൽ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന വരെ അത്‌ലാന്റിക്‌ സമുദ്രത്തിന് കുറുകെ യാത്ര ചെയ്യുന്നതാണ്. കരയ്ക്ക് മുകളില്‍ പറക്കുമ്പോള്‍ ഇടയ്ക്ക് തേന്‍ നുകരാനും രാത്രിയില്‍ വിശ്രമിക്കാനും ഇടവേളകള്‍ എടുക്കാമെങ്കില്‍ കടലിനു മുകളില്‍ പറക്കല്‍ അത്ര എളുപ്പമല്ല. വിശ്രമിക്കാനോ ഊര്‍ജ്ജം ലഭിക്കാന്‍ തേന്‍ നുകരാനോ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഈ കുഞ്ഞന്‍ ശലഭം ഏകദേശം 4200 കിലോമീറ്ററോളം 5 മുതൽ 8 ദിവസം വരെ ഇടവേളയില്ലാതെ സഞ്ചരിക്കുന്നത്  തികച്ചും അത്ഭുതകരമാണ്.  ഫ്രഞ്ച് ഗയാനയിലെ കടപ്പുറത്ത് ദൂരയാത്രകഴിഞ്ഞു ക്ഷീണിച്ച രീതിയില്‍ കണ്ട കുറച്ചു ചിത്രിത ശലഭങ്ങളെകുറിച്ച് പഠിച്ച ശാസ്ത്രഞ്ജരാണ് ഈ ദുര്‍ഘടയാത്രയുടെ രഹസ്യങ്ങള്‍ ചുരുളഴിച്ചത്.

കടപ്പുറത്ത് കണ്ട ശലഭങ്ങള്‍ തദ്ദേശവാസിയല്ല എന്ന് ആദ്യമേ ഉറപ്പിച്ചു, കാരണം ആ മേഖലകളില്‍ ചിത്രിത ശലഭം സ്വാഭാവികമായി ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടില്ല. പിന്നെയുള്ള സാധ്യത വടക്കേ അമേരിക്ക, യൂറോപ്പ് അല്ലെങ്കിൽ ആഫ്രിക്ക എന്നിവിടങ്ങളില്‍ എവിടെ നിന്നെങ്കിലും എത്തിയതാവാനാണ്. ഈ വ്യത്യസ്ത മേഖലകളിലെ ശലഭങ്ങളുടെ ജനിതകഘടന പരിശോധിച്ചപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ഇണങ്ങുന്നത് ആഫ്രിക്കയിലെ ശലഭങ്ങളുമായാണെന്ന് കണ്ടെത്തി. ശലഭങ്ങളെ ഫ്രഞ്ച് ഗയാനയില്‍ കണ്ടെത്തിയത് മുതല്‍ കുറച്ചു ദിവസത്തെ കാറ്റിന്റെ ഗതി പരിശോധിച്ചപ്പോള്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും ആ ദിവസങ്ങളില്‍ ഏകദേശം ഒരേദിശയില്‍  500 മുതല്‍ 2000  മീറ്റര്‍ വരെ ഉയരത്തില്‍ നല്ല വേഗതയുള്ള കാറ്റുണ്ടായിരുന്നു എന്നു കണ്ടെത്തി. ഇത് ആ ശലഭങ്ങള്‍ ആഫ്രിക്കയില്‍ നിന്നും കടല്‍ കടന്ന് വന്നതാവാം എന്ന സൂചന നല്‍കി. ഈ കാര്യങ്ങള്‍ ഉറപ്പിക്കാനായി ശലഭങ്ങളില്‍ നിന്നും കണ്ടെടുത്ത പൂമ്പൊടികളുടെ ജനിതകം പരിശോധിച്ചപ്പോള്‍ പത്തുപതിനഞ്ചിനം ചെടികളുടെ ജനിതകം അവയില്‍ കണ്ടെത്തി. അതില്‍ രണ്ടെണ്ണം വടക്ക് കിഴക്ക്  ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന ചെടികളുടേതായിരുന്നു. കണ്ടെത്തിയ ശലഭങ്ങളുടെ ഉത്ഭവസ്ഥാനം പടിഞ്ഞാറേ ആഫ്രിക്കതന്നെയെന്ന് ഏകദേശം ഉറപ്പിക്കുന്നതായിരുന്നു ഈ വിവരം. ഇത് കൂടാതെ ആ ശലഭങ്ങളില്‍ നടത്തിയ റേഡിയോ ഐസോടോപ്പ് പരീക്ഷണങ്ങളില്‍ അവയുടെ തുടക്കം ചിലപ്പോള്‍ പടിഞ്ഞാറെ യൂറോപ്പ് ആയിരിക്കാം എന്നും കണ്ടെത്തി. അങ്ങനെയെങ്കില്‍ ആ ശലഭങ്ങള്‍ ഏകദേശം 7000 കിലോമീറ്ററോളം സഞ്ചരിച്ചാണ് തെക്കേ അമേരിക്കന്‍ തീരത്തെത്തിയത് എന്നു അനുമാനിക്കാം. ശലഭങ്ങള്‍ ശരീരത്തില്‍ കൊഴുപ്പുരൂപത്തില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള ഊര്‍ജ്ജമാണ് സാധാരണ പറക്കലിന് ഉപയോഗിക്കുന്നത്. എന്നാലും ഇത്രയും വലിയ യാത്രകള്‍ക്ക് ആ ഊര്‍ജ്ജം തികയാതെ വരും. അതുകൊണ്ട് കാറ്റിന്റെ ആനുകൂല്യത്തിലായിരിക്കണം ഇത്രയും ദൂരം വിജയകരമായി പൂര്‍ത്തിയാക്കി തീരമണഞ്ഞത്. അത്‌ലാന്റിക്കിന് കുറുകെയുള്ള ഇത്തരം യാത്രകള്‍ പൊതുവെയുള്ളതാണോ അതോ കാറ്റിന്റെ ഗതിയ്ക്കനുസരിച്ചു അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടി വരും.

Painted lady (Vanessa cardui). Photo : Arun Sathian Wikimedia Commons

ജൈവഭാരയാത്ര 

നല്ല കാലാവസ്ഥയും അനുയോജ്യമായ സസ്യജാലങ്ങളും തേടി ദശലക്ഷക്കണക്കിന് ഷഡ്പദങ്ങള്‍  ഭൂഖണ്ഡങ്ങള്‍  താണ്ടുമ്പോള്‍ വളരെയധികം ജൈവഭാരം കൂടിയാണ് ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് നീങ്ങുന്നത്. ഈ ജൈവ കൈമാറ്റം ആവാസവ്യവസ്ഥയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പൂമ്പൊടിയും മറ്റും വളരെ ദൂരത്തേക്ക് കൊണ്ടുപോവുന്നതിനാല്‍ പല ചെടികളുടെയും പരാഗണത്തില്‍ ഈ ദേശാടനം ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ചൂട് കൂടിയ മേഖലകളിലെ ചെടികള്‍ക്ക് തണുപ്പുള്ള മേഖലകളിലെ അതേയിനം ചെടികളുമായും തിരിച്ചും പരാഗണം നടക്കുമ്പോള്‍ അവയുടെ ജീനുകള്‍ കൂടുതല്‍ വ്യത്യസ്തമായ കാലാവസ്ഥയില്‍ വളരാന്‍ കഴിയുന്ന രീതിയില്‍ പരിണമിക്കുകയും ഇത് സസ്യങ്ങളുടെയും കാര്‍ഷിക വിളകളുടെയും ആരോഗ്യം വര്‍ധിക്കാനും സഹായിക്കുന്നു.

സിറ്റിസന്‍ സയന്‍സ് നിരീക്ഷണങ്ങള്‍ 

ശലഭങ്ങളുടെ ദേശാടനയാത്രകള്‍ കൃത്യമായി കണ്ടുപിടിക്കുന്നതിന് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട്. പക്ഷികളില്‍ ചെയ്യുന്നപോലെ ശരീരത്തില്‍ റിങ്ങോ ജി പി എസ് ഉപകരണങ്ങളോ ഉപയോഗിക്കാന്‍ സാധിക്കില്ല. ശലഭങ്ങളുടെ വളരെക്കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം, പല തലമുറകള്‍ എടുത്തുള്ള ദേശാടനം, കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുസരിച്ചുള്ള യാത്രയുടെ സ്വഭാവമാറ്റങ്ങള്‍, സസ്യജാലങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചുള്ള ശലഭങ്ങളുടെ എണ്ണത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയാണ് ഇത്തരം ദേശാടനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കുള്ള മറ്റു പ്രതിബന്ധങ്ങള്‍. വളണ്ടിയര്‍മാരെ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍, റഡാര്‍ ഉപയോഗിച്ചുള്ള  ശലഭയാത്രകളുടെ ട്രാക്കിംഗ്, സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സൂചനകള്‍ എന്നിവയാണ് ശലഭയാത്രകളുടെ രഹസ്യങ്ങള്‍ അറിയാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്തകാലത്ത് ഏറ്റവും ഫലപ്രദമായി ഉപകരിക്കുന്നത് ലോകമെമ്പാടുമുള്ള അമേച്ച്വര്‍ നിരീക്ഷകര്‍ പൗരശാസ്ത്ര (Citizen science) പ്ലാറ്റ്ഫോമുകള്‍ വഴി രേഖപ്പെടുത്തുന്ന നിരീക്ഷണങ്ങളാണ്. നിങ്ങളുടെ പ്രദേശത്തുള്ള കണ്ട ഒരു ശലഭത്തെയോ ശലഭപ്പുഴുവിന്റെയോ നിരീക്ഷണം ഒരു പക്ഷേ ശാസ്ത്രത്തിന് വളരെ വിലപ്പെട്ടതാവും. അത്തരം നിരീക്ഷണങ്ങള്‍ ജീവികളുടെ സ്വഭാവത്തെക്കുറിച്ചോ ആവാസവ്യവസ്ഥയെക്കുറിച്ചോ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയേക്കാം. അതുവഴി പ്രകൃതിയിലെ ജീവരഹസ്യങ്ങള്‍ കൂടുതല്‍ തിരിച്ചറിയാനും അവ മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ മികച്ച ജീവിത സാഹചര്യങ്ങള്‍ക്ക് സഹായകരമാവുകയും ചെയ്തേക്കാം.

അവലംബം

  1. Painted Lady migration secrets revealed | Butterfly Conservation (butterfly-conservation.org)
  2. The last leg of the longest butterfly migration has now been identified (sciencenews.org)
  3. Gerard Talavera, Roger Vila, Discovery of mass migration and breeding of the painted lady butterfly Vanessa cardui in the Sub-Sahara: the Europe–Africa migration revisited, Biological Journal of the Linnean Society, Volume 120, Issue 2, 1 February 2017, Pages 274–285, Discovery of mass migration and breeding of the painted lady butterfly Vanessa cardui in the Sub-Sahara: the Europe–Africa migration revisited | Biological Journal of the Linnean Society | Oxford Academic (oup.com)
  4. Suchan, T., Bataille, C.P., Reich, M.S. et al. A trans-oceanic flight of over 4,200 km by painted lady butterflies. Nat Commun 15, 5205 (2024). A trans-oceanic flight of over 4,200 km by painted lady butterflies | Nature Communications
  5. Painted lady’s roundtrip migratory flight is longest recorded in butterflies – British Ecological Society

പൂമ്പാറ്റകളെക്കുറിച്ച് മറ്റു ലൂക്ക ലേഖനങ്ങൾ

ശലഭചക്രം

QUIZ LUCA പേജ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പേനിന്റെ പരിണാമ പുരാണങ്ങൾ
Next post ചൈനയുടെ വേറിട്ട ചാന്ദ്ര പര്യവേഷണ പാദമുദ്രകൾ
Close