Read Time:19 Minute

കേൾക്കാം..

രചന : കിരൺ കണ്ണൻ അവതരണം :നൗഫൽ കൊടുങ്ങല്ലൂർ

ഒരു ത്രില്ലിംഗ് സ്റ്റോറി !

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും , തെക്ക് കിഴക്കൻ ഏഷ്യയിലും’ പപ്പാ ന്യൂ ഗിനിയിലും’ ചൈനയിലും, ജപ്പാനിലും, ഓസ്‌ട്രേലിയയിലും മാത്രം കാണപ്പെടുന്ന ഒരു കുഞ്ഞു ചിത്ര ശലഭമുണ്ട് , കോമൺ ബാൻഡഡ്‌ ഔൾ (Common Banded Awl) എന്ന പേരിൽ അറിയപ്പെടുന്ന Hasora Chromus ! രണ്ടു ചിറകുകളും വിരിച്ചു വച്ചാൽ നാല് മുതൽ അഞ്ചു സെൻറ്റിമീറ്റർ മാത്രം വലിപ്പത്തിൽ തവിട്ട് നിറമുള്ള ഈ ശലഭങ്ങളെ കണ്ടാൽ പെട്ടന്ന് മോത്തുകൾ (നിശാശലഭങ്ങൾ) ആണെന്ന് തെറ്റിദ്ധരിച്ചു പോകും ..വർണ്ണ ചിറകുകളൊന്നും ഇല്ലാത്തതുകൊണ്ടും, ചിത്രമെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുകൊണ്ടും കലാപരമായ ശലഭ ചിത്രങ്ങൾ പകർത്തുന്ന ആർട്ട് ഫോട്ടോഗ്രാഫേഴ്സിന് പൊതുവെ കോമൺ ബാൻഡഡ്‌ ഔൾ വളരെ ഇഷ്ടപെട്ട ടാർഗറ്റ് ഒന്നുമല്ല.

പക്ഷെ ശലഭനിരീക്ഷകർക്ക് ഈ കുഞ്ഞു ‘സ്കിപ്പർ’ വളരെ പ്രിയപ്പെട്ട ഒരു സ്പീഷീസ് തന്നെയാണ്. ഞാൻ ഈ കഴിഞ്ഞ 2023 ഏപ്രിൽ 28ന് വൈകീട്ട് പതിവ് പോലെ അബുദാബിയിലെ റിക്രിയേഷൻ പാർക്കിൽ സൂഷ്മ ജീവികളെ തിരഞ്ഞ് നടക്കുകയായിരുന്നു. പാർക്കിൽ നിറയെ ആരിവേപ്പ് മരങ്ങളുണ്ട് (Azadirachta Indica) , ഏപ്രിൽ ഇവിടെ ആരിവേപ്പ് പൂക്കുന്ന സമയമാണ്. നിറച്ചും പൂക്കൾ ! പാർക്കിൽ മുഴുവനും സുഗന്ധം !

ഫോട്ടോ : കിരൺ കണ്ണൻ

പെട്ടന്നാണ് നിശാശലഭത്തെ പോലെയൊന്ന് പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പറക്കുന്നത് കണ്ടത്. സമയം പാഴാക്കാതെ കയ്യിലെ മൊബൈലിൽ രണ്ട് ചിത്രങ്ങളെടുത്തപ്പോഴേക്കും ശലഭം മേലേക്ക് പറന്ന് അപ്രത്യക്ഷമായി . മേഖലയിലെ ഒരുവിധം പ്രാണികളെയും ശലഭങ്ങളെയും എനിക്കറിയാം , ഇതുപോലൊന്നിനെ മുൻപ് കണ്ടിട്ടില്ല ! ഏതോ മോത്ത് ആണെന്നാണ് ആദ്യം കരുതിയത്.

മൊബൈലിലെ ചിത്രമെടുത്ത് വിശദമായി നോക്കിയപ്പോൾ ചിറകിലെ വരയും (band) വലിയ കണ്ണുകളുമൊക്കെ ശ്രദ്ധയിൽ പെട്ടു. അതിശയം ! അത് ഒരു ‘കോമൺ ബാൻഡഡ്‌ ഔൾ’ ആയിരുന്നു ! ഇതെങ്ങിനെ ഇവിടെ? ജീവജാലങ്ങൾക്ക് രാജ്യാതിർത്തികളും രാഷ്ട്രപൗരത്വങ്ങളും ഒന്നും ഇല്ല എന്നറിയാം എന്നാലും .. ?!

ഐ നാച്ചുറലിസ്റ്റിലും ഗൂഗിളിലുമല്ലാം പരതിയിട്ടും ഈ ശലഭം പേർഷ്യൻ ഗൾഫിൽ ഒരിടത്തും, പാശ്ചാത്യ ലോകത്തിലും പ്രത്യക്ഷപ്പെട്ടതിന് രേഖകളില്ല !! ഞാൻ ഉടനെ ബിനീഷിന് ശലഭത്തിന്റെ ചിത്രങ്ങൾ അയച്ചു കൊടുത്തു, ഉടനെ അത്യാവേശത്തോടെ അദ്ദേഹത്തിന്റെ മറുപടി വന്നു.

“കിരൺ, വിടരുത്. ‘കോമൺ ബാൻഡഡ്‌ ഔൾ’ ആണ്അത്” “അറേബിയൻ പെനിസുലയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ശലഭം !!!”

നിങ്ങളിൽ ആർക്കെങ്കിലും ബിനീഷ് റോബോസിനെ Binish Roobas അറിയാമോ ? മലയാളിയായ ബിനീഷിനെ കേരളത്തിലെ ശലഭ നിരീക്ഷകർക്കും നാച്ചുറലിസ്റ്റുകൾക്കും അധികം പരിചയം കാണില്ല, ബിനീഷ് കുറെ കാലം UAE യിൽ ആയിരുന്നു. ആഫ്രിക്കൻ / ഏഷ്യൻ ട്രോപ്പിക്കൽ മേഖലകളിലെ മോൾട്ടഡ് എമിഗ്രൻറ് , ഇന്ത്യയിൽ നിന്നുള്ള ടൈനിഗ്രാസ്ബ്ലൂ , എന്നീ ശലഭങ്ങളെ ആദ്യമായി യു.എ.ഇയിൽ കണ്ടെത്തിയത് ബിനീഷാണ് ..

മാത്രമല്ല 2020 ൽ ‘ഇന്ത്യൻ ഫ്രിറ്റില്ലറി’ എന്ന ഹിമാലയൻ ദേശാടനശലഭങ്ങളെ യു.എ.ഇയിൽ ആദ്യമായി കണ്ടെത്തിയതും ബിനീഷ് തന്നെയാണ്. യു.എ.ഇ നാച്ചുറൽ ഹിസ്റ്ററി ചെയർമാൻ ഗാരിയുമായി (Gary Feulner) ചേർന്ന് “Butterflies of the United Arab Emirates” എന്ന ഒരു ബൃഹത്ത് ഗ്രന്ഥവും “Introductory Catalogue of Spiders” എന്ന ഗ്രന്ഥവും എഴുതിയിട്ടുണ്ട് .

“കിരൺ, കഴിഞ്ഞ മാസം യു.എ.ഇ നാച്ചുറൽ ഹിസ്റ്ററി ഗ്രൂപ്പിലെ ആഞ്ജലിയ മന്തോർഫിന് ദുബായിൽ നിന്ന് ഇതേ ശലഭത്തിന്റെ ഒരു ചിത്രം കിട്ടിയിരുന്നു . മേഖലയിലേക്ക് പുതിയൊരു സ്പീഷീസ് റേഞ്ച്എക്സ്റ്റൻഷൻ നടത്തുന്നതിന്റെ പ്രാഥമിക സൂചനകളാണ് ഇത്”

“നമുക്ക് കൂടുതൽ തെളിവുകൾ വേണം.”

എന്താണ് റേഞ്ച്എക്സ്റ്റൻഷൻ ?

ഒരു ജീവി അതിന്റെ സ്വാഭാവിക ഭൗമമേഖലയിൽ നിന്ന് വേറെ ഒരു മേഖലയിലേക്ക് ജീവിത പരിസരം വ്യാപിപ്പിക്കുന്നതിനെയാണ് റേഞ്ച്എക്സ്റ്റൻഷൻ ഓഫ് സ്പീഷീസ് എന്ന് പറയുന്നത്. പലപ്പോഴും ജൈവാധിനിവേശം എന്ന രീതിയിൽ പടർന്ന് വളർന്ന് നിറഞ്ഞ് തനത് ആവാസവ്യവസ്ഥകളെ തകിടം മറിക്കാൻ പുതുതായി എത്തുന്ന ഇത്തരം ജീവജാലങ്ങൾക്ക് കഴിയും . പരിസ്ഥിതി ചരിത്രത്തിൽ ഇതിന് ലോകമെങ്ങും ധാരാളം ഉദാഹരണങ്ങൾ ഉണ്ട് ..

പക്ഷെ എപ്പോഴും എല്ലാ ജീവികളും ഇങ്ങനെ അധിനിവേശസ്വഭാവം കാണിക്കണമെന്നില്ല.. അവ ആവാസ വ്യവസ്ഥയുടെ സ്വാഭാവികമായ ഭാഗമാവുകയും പരിപോഷിപ്പിക്കുകയും ചെയ്യാറുണ്ട്.. യഥാർത്ഥത്തിൽ അപകടരഹിതമായ റേഞ്ച്എക്സ്റ്റൻഷനുകളാണ് ഭൂമിയിൽ കൂടുതലും നടക്കാറുള്ളത്.. നമ്മൾ ഈ കാണുന്ന ജീവികളെല്ലാം, നമ്മൾ മനുഷ്യർ പോലും ഒരുപാട് കാലം കൊണ്ട് ഭൂമിയിൽ ജനിച്ച് രാജ്യാതിർത്തികളും ഭൂഖണ്ഡങ്ങളും താണ്ടി പരിണമിച്ച് പടർന്ന് നിറഞ്ഞ സ്പീഷീസുകളാണ്..

ഫോട്ടോ : കിരൺ കണ്ണൻ

നമുക്ക് വീണ്ടും ഞാൻ കണ്ടെത്തിയ ശലഭത്തിലേക്ക് വരാം

അബുദാബി എൻവിയോൺമെന്റ് ഏജൻസിയിലെ എന്റമോളജിസ്റ് ഡോക്ടർ അനിതയും കോമൺ ബാൻഡഡ്‌ ഔൾ യു.എ.ഇയിൽ ഇതിന് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഉറപ്പ്പറഞ്ഞു. “കിരൺ, സാധ്യമെങ്കിൽ ഒരു സ്പെസിമൻ സംഘടിപ്പിക്കാൻ ശ്രമിക്കൂ” എന്നും “കൂടുതൽ നിരീക്ഷണങ്ങൾ നടത്തൂ” എന്നും അവർ ആവശ്യപ്പെട്ടു .

ഫോട്ടോ : കിരൺ കണ്ണൻ

ഇനി വേണ്ടത് കോമൺ ബാൻഡഡ്‌ ഔൾ ഇവിടെ സ്വാഭാവികമായി ബ്രീഡ് ചെയ്യുകയും ഇവിടുത്തെ പരിസ്ഥിതിയുമായി പരുവപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് തെളിയണം .

എന്റെ നാച്ചുറലിസ്റ്റ് ചങ്ങാതിമാരായ Haneesh Km & Lakshmi Prajath എന്നിവർ ശലഭത്തിന്റെ ഹാബിറ്റാറ്റ് കണ്ടെത്താനുള്ള ടിപ്പുകൾ തുരുതുരാ തന്നു .. ! ആദ്യം ‘ഹോസ്റ്റ്പ്ലാന്റ്’ കണ്ടു പിടിക്കണം. നമ്മുടെ നാട്ടിൽ ‘ഉങ്ങ്’ എന്ന് വിളിക്കുന്ന Millettia Pinnata യുടെ ഇലകൾ ഈ ശലഭലാർവയുടെ പ്രിയ ഭക്ഷണമാണ്. പിന്നീട് രണ്ടു ദിവസം മിലേറ്റിയ പിനാറ്റ ചെടികൾ തിരഞ്ഞുള്ള നടപ്പായിരുന്നു.. അതിശയകരമെന്നേ പറയേണ്ടു ; ശലഭത്തിനെ കണ്ട സ്ഥലത്തിനോട് അടുത്ത് തന്നെ നാല് വലിയ മരങ്ങൾ കണ്ടു പിടിച്ചു ! ഇലകൾ തലയ്ക്ക് മുകളിലാണ്, സൂഷ്മമായി പരിശോധിക്കാൻ നിർവാഹമില്ല.

ഫോട്ടോ : കിരൺ കണ്ണൻ

മാത്രമല്ല, കാര്യമായി ഇലകൾ ഭക്ഷിച്ചതും കാണുന്നുമില്ല. എന്തായാലും ഹോസ്റ്റ്പ്ലാന്റ് കണ്ടു പിടിച്ച സ്ഥലം മാർക്ക് ചെയ്തു. പിറ്റേന്ന് രാവിലെ പോയി മരം സൂഷ്മമായി നിരീക്ഷിച്ചു. ഒന്നും കാണുന്നില്ല ; പെട്ടന്ന് ഒരു ‘വാസ്പ്പ്’ (വേട്ടാളൻ) മടങ്ങിയിരിക്കുന്ന ഒരു ഇലയ്ക്ക് ചുറ്റും എന്തോ കാര്യമായി പരതുന്നത് കണ്ടു . അത് അലാമിങ്ങ് ആണ് ; സാധാരണ ശലഭ ലാർവകളെ പിടിക്കാനോ അവയുടെ ശരീരം തുളച്ച് മുട്ടയിടാനോ ആണ് വാസ്പ്പ് ഇങ്ങനെ ചുറ്റി തിരിയുന്നത് കണ്ടിട്ടുള്ളത് ; സൂര്യപ്രകാശത്തിന്റെ എതിർ ദിശയിൽ, തളിരിലയുടെ സെമിട്രാൻസ്പരന്സിയിൽ അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ഒരു പുഴുവിന്റെ നിഴൽ ഞാൻ താഴെ നിന്ന് വ്യക്തമായി കണ്ടു !!.

ഫോട്ടോ : കിരൺ കണ്ണൻ

അല്പം മുകളിലാണ്, എനിക്ക് കയ്യെത്തുന്നില്ല .. ഉയരമുള്ള മനുഷ്യർ ആരെങ്കിലും ആവഴി പ്രഭാത സവാരിക്ക് പോകും എന്നോർത്ത് ഞാൻ കാത്തുനിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അതിലേപോയ ഒരു മനുഷ്യൻ ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ആ ചെടിത്തുമ്പ് പൊട്ടിച്ച് എനിക്ക് തന്നു ..

ഇതിനിടയിൽ മരത്തിൽ അവിടവിടെയായി ഒന്നുരണ്ട് ഇലകൾ കൂടി മടങ്ങിയിരിക്കുന്നത് കണ്ടു. വീട്ടിലേക്ക് ഓടി ഇല പരിശോധിച്ചപ്പോൾ നമ്മുടെ താരത്തിന്റെ ലാർവ തന്നെ !! ശരിക്കും ഒരു യുറേക്കാ മൊമന്റ് !!

കോമൺ ബാൻഡഡ്‌ ഔൾ യു.എ.ഇ യുടെ സ്വാഭാവിക പരിസരങ്ങളിൽ ബ്രീഡ് ചെയ്യുന്നുണ്ട് എന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു .. !!

കോമൺ ബാൻഡഡ്‌ ഔൾ ലാർവകൾ കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ് പകൽ സമയങ്ങളിൽ ഇലകൾ മടക്കി തുന്നി ഒളിച്ചിരിക്കുന്ന ലാർവകൾ പൊതുവെ രാത്രിയിൽ മാത്രമാണ് ഇലകൾ ഭക്ഷിക്കാൻ പുറത്തേക്ക് ഇറങ്ങുക ; രണ്ടിലകൾ ചേർത്തൊക്കെ ഒട്ടിച്ചു വച്ചിരിക്കുന്ന ലാര്വകളുടെ ഒളിസ്ഥലം പെട്ടെന്നൊന്നും നമ്മുടെ കണ്ണിൽ പെടില്ല .

അപകടം തൊട്ടടുത്തെത്തിയാൽ മുകളിൽ നിന്ന് താഴെ പുൽപടർപ്പിലേക്ക് ചാടി രക്ഷപ്പെടാൻ ഇവയ്ക്ക് കഴിയും ! ഇന്ത്യ പോലെ ഉള്ള സ്ഥലങ്ങളിൽ പക്ഷെ വേനലിൽ പച്ച നിറഞ്ഞു നിൽക്കുന്ന ഈ മരങ്ങളിൽ ശലഭ ലാർവകളുടെ പോപ്പുലേഷൻ വളരെ കൂടി ഇലകൾ മുഴുവൻ തിന്ന് തീർക്കുന്നത് ഹനീഷ് നിരീക്ഷണമായി മുൻപ് എഴുതി കണ്ടിട്ടുണ്ട്, ഒരു മരത്തിലെ ഇലകൾ തീർന്നാൽ ഇവ കമാന്റോകളെപ്പോലെ ഒരുമിച്ച് ‘നൂലുകെട്ടി ഇറങ്ങി അടുത്ത മരങ്ങളിലേക്ക് മാർച്ച് ചെയ്യുമത്രേ !

ഫോട്ടോ : കിരൺ കണ്ണൻ

എന്തായാലും ഒരു പുതിയ സ്പീഷീസ് തന്റെ ജിയോഗ്രഫിക്കൽറേഞ്ച് അറേബിയൻ പെനിസുലയിലേക്ക് വ്യാപിപ്പിച്ചതിന്റെ സുശക്തമായ തെളിവുകൾ ലഭിച്ചു , ഇനിയെന്ത് ?? “കിരൺ ഒരു സയൻസ് ആർട്ടിക്കിൾ എഴുതൂ ” ബിനീഷ് പ്രോത്സാഹിപ്പിച്ചു , “അതിന് ഞാൻ ജൈവ ശാസ്ത്രത്തിൽ പി എച് ഡി ഒന്നും എടുത്തിട്ടില്ല ബിനീഷ് , എനിക്ക് റിസർച്ച് പേപ്പറുകൾ എഴുതി ശീലവുമില്ല .”

“റേഞ്ച് എക്സ്റ്റെൻഷൻ എഴുതാൻ അത്ര വലിയ സാങ്കേതിക പരിജ്ഞാനം ഒന്നും വേണ്ട”, “കണ്ടെത്തിയ കാര്യങ്ങളും സാഹചര്യങ്ങളും ഇംഗ്ളീഷിൽ സുവ്യക്തമായി എഴുതണം എന്നിട്ട് ഡ്രാഫ്റ്റ് എമിരേറ്റ്സ് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ചെയർമാൻ ഗാരിക്ക് അയച്ചു കൊടുക്കൂ” . അദ്ദേഹം ആഞ്ജലിയയുടെ കുറിപ്പും ചേർത്ത് രണ്ടുപേരെയും കോ ഒതേർസ് ആക്കി ഏതാനും ശാസ്ത്ര ജേണലുകൾക്ക് അയച്ചു കൊടുക്കും.

അങ്ങനെ സിറ്റിസൺ സയൻസിന്റെ പ്രചാരകനായി നടന്നിരുന്ന കിരൺ എന്ന സാധാരണ മനുഷ്യൻ ആദ്യമായി സയൻസ് ജേണലിലേക്ക് ഒരു ആർട്ടിക്കിൾ എഴുതി കൊടുത്തു .. അന്ന് രാത്രിതന്നെ യു.എ.ഇ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ചെയർമാൻ ഗാരി എന്നെ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ചു.

ഞാൻ ആള് കൊള്ളാമല്ലോ എന്ന് എനിക്ക് തന്നെ തോന്നിപോയി. ജേണൽ പബ്ലിഷ് ചെയ്ത് വരാൻ സാങ്കേതികതാ നടപടിക്രമങ്ങളൊക്കെ കഴിഞ്ഞ് കുറച്ചു സമയമെടുക്കും ; പക്ഷെ ഗാരി ഇതിനകം നാഷണൽ മീഡിയക്ക് പുതിയ കണ്ടെത്തലിന്റെ പത്രക്കുറിപ്പ് കൊടുത്തു കഴിഞ്ഞു!

വീട്ടിൽ കൊണ്ടുവന്ന ലാർവ പൂർണ്ണ ആരോഗ്യത്തോടെ പ്യൂപ്പയാകാൻ ഒരുങ്ങുന്നു, ശലഭത്തിനെ അബുദാബി എൻവിയോൺമെൻറ് ഏജൻസിയിൽ ഡോക്ടർ അനിതക്ക് കൊടുക്കും. ജനിതക പരിശോധനകൾക്ക് സ്പെസിമൻ വിദേശത്തെ ലാബുകളിലേക്ക് അയക്കേണ്ടതുണ്ട്, അത് കഴിഞ്ഞാൽ അത് UAE എൻവിറോണ്മെന്റ് ഏജൻസിയുടെ സ്പെസിമൻ ആർകൈവിലെ പരിസ്ഥിതി ചരിത്ര രേഖയാകും.

നോക്കൂ എന്നെയും നിങ്ങളെയും പോലുള്ള സാധാരണ മനുഷ്യർ അടിസ്ഥാന ശാസ്ത്രബോധ്യത്തോടെ നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിച്ച് പഠിച്ചാൽ , ആ നിരീക്ഷണങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിയാൽ അത് പരിസ്ഥിതി ചരിത്രത്തിലേക്ക് ചേരുന്ന എത്ര വലിയ സമ്പാദ്യമാണെന്ന് !

എത്ര കാലം കഴിഞ്ഞാലും കോമൺ ബാൻഡഡ്‌ ഔൾ എന്ന പേരിൽ അറിയപ്പെടുന്ന Hasora Chromus എന്ന ശലഭത്തിന്റെ അറേബിയൻ പെനിസുലയിലെ ബ്രീഡിങ്ങ് രേഖപ്പെടുത്തിയതിന്റെ ചരിത്രം എന്റെ പേരിനോട് ചേർന്ന് വായിക്കപ്പെടും ! ലോകമെമ്പാടും മൂന്നുമില്യണിൽ കൂടുതൽ രജിസ്‌ട്രേഡ് മെംബേർസുള്ള iNaturalist ൽ ഈ ശലഭത്തിന്റെ ഗൾഫിലേക്കുള്ള ആദ്യ എൻട്രി രേഖപ്പെടുത്തിയിരിക്കുന്നത് എന്റെ എക്കൌണ്ടിലാണ് !

ആർക്കും അത് മാറ്റാനൊന്നും പറ്റില്ല നാളെ ഒരുപക്ഷെ വംശനാശം സംഭവിക്കുന്ന ഒരു ജീവിയുടെ അവസാനത്തെ ഒബ്‌സർവേഷൻ നിങ്ങളിലാരുടെയെങ്കിലും എകൗണ്ടിൽ ആകാം. നമ്മൾ സാക്ഷികളാകുന്നു, നമ്മൾ രേഖപ്പെടുത്തുന്നു, നമ്മളുൾപ്പെടെയുള്ള ശാസ്ത്രസമൂഹവും നമ്മുടെ മക്കളും നാളെ ഈ ചരിത്ര രേഖകൾ ഉപയോഗിക്കും. ചോദ്യങ്ങൾ ഇനിയും അവസാനിക്കുന്നില്ല !

കുഞ്ഞു ചിറകുള്ള ദേശാടനപ്രേമിയല്ലാത്ത ഈ ശലഭം എങ്ങിനെയാണ് ഈ ഭൂമേഖലയിൽ എത്തിപ്പെട്ടത് ? ചെടികളിലൂടെ ? കാർഗോ ? കൊടുങ്കാറ്റ് ? ഇത് ആദ്യ വർഷമാണെങ്കിൽ വരാനിരിക്കുന്ന അതിതാപമുള്ള അറേബിയൻ വേനലിനെ ഈ സ്പീഷീസ് ഇവിടെ അതിജീവിക്കുമോ ? ഈ സ്പീഷീസ് ഇവിടുത്തെ പാരിസ്ഥിതിക സന്തുലനത്തിനെ എങ്ങിനെയായിരിക്കും ബാധിക്കുക ?

നിരന്തരമായ നിരീക്ഷണങ്ങൾ ആവശ്യമുണ്ട്. ഈ ഭൂമിയിലെ പരിസ്ഥിതി ചരിത്രം ( Natural History ) രേഖപ്പെടുത്തേണ്ടത് ഞാനും നിങ്ങളുമൊക്കെ ചേർന്നുള്ള ശാസ്ത്രബോധമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. നമ്മളെ നമ്മൾ സിറ്റിസൺ സയന്റിസ്റ്റ് എന്ന് വിളിക്കും !


ലേഖനം വായിക്കാം

ലൂക്കയിലെ ശലഭ ഉദ്യാനം -സ്വന്തമാക്കാം

Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രം – ലൂക്ക കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു.
Next post ജോർജ്ജ് ഏലിയാവയും ബാക്റ്റീരിയോഫേജ് ചികിത്സയും
Close