ജയാ.ജി.നായർ
1969 ജൂലൈ 20. മനുഷ്യന്റെ കാൽപ്പാടുകൾ ആദ്യമായി ചന്ദ്രനിൽ പതിപ്പിക്കുവാനുള്ള ചരിത്രയാത്ര ലക്ഷ്യത്തിലെത്തിയത് അന്നായിരുന്നു.
പക്ഷേ, ആ യാത്ര ആരംഭിച്ചത് മനുഷ്യൻ ഉണ്ടായ കാലത്തു തന്നെ ആയിരിക്കണം. രാത്രിയിൽ ആകാശത്തു തെളിഞ്ഞു കാണുന്ന നക്ഷത്രങ്ങളെയും മറ്റു ഗോളങ്ങളെയും കൗതുകത്തോടെ നോക്കിക്കാണുകയും ഈ പ്രപഞ്ചത്തെപ്പറ്റി കൂടുതലറിയാൻ ആഗ്രഹിച്ച് അതിനായി ശ്രമിക്കുകയും ചെയ്ത കാലം മുതല്‍. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും, ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും കൈവരിച്ച നേട്ടങ്ങള്‍, ബഹിരാകാശത്തു പേടകങ്ങൾ അയക്കാനുള്ള കഴിവിലേക്ക് മനുഷ്യനെ എത്തിച്ചു. 1957 ഒക്ടോബര്‍ നാലാം തീയതി അന്നത്തെ സോവിയറ്റ് യൂണിയന്‍ ആദ്യമായി ഒരു പേടകം ബഹിരാകാശത്തെത്തിച്ചു – സ്പുട്നിക്-1. മനുഷ്യൻ നിർമ്മിച്ച ആദ്യത്തെ കൃതിമ ഉപഗ്രഹം.
അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ശീതയുദ്ധം നടക്കുന്ന കാലമായിരുന്നല്ലോ അത്. ബഹിരാകാശ പര്യവേഷണങ്ങളിൽ ആരാണ് ആദ്യം കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്നത് എന്ന ഒരു മത്സരം രണ്ടു രാജ്യങ്ങളും തമ്മിൽ ഉണ്ടായി. ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാൻ കഴിഞ്ഞത് സോവിയറ്റ് യൂണിയനാണ്. 1961 ഏപ്രിൽ മാസത്തിൽ യൂറി ഗഗാറിന്‍ ഭൂമിയെ വലം വെച്ചു. ഒരു മാസത്തിനുള്ളിൽ അമേരിക്കക്കാരനായ അലൻ ഷെപ്പേർഡും ബഹിരാകാശത്തെത്തി. അപ്പോഴാണ് അമേരിക്കയുടെ മുൻപിൽ അന്നത്തെ പ്രസിഡണ്ട് ജോൺ കെന്നഡി ഒരു വലിയ ലക്ഷ്യം അവതരിപ്പിച്ചത്. അറുപതുകൾ അവസാനിക്കുന്നതിനു മുൻപ്, അതായത് 1970-നു മുൻപ്, അമേരിക്ക മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച് തിരികെ കൊണ്ടുവരണം!
സാങ്കേതികമായ വൻ കുതിച്ചുചാട്ടം ആവശ്യപ്പെടുന്ന ഒരു വലിയ പദ്ധതി ആയിരുന്നു അത്. എങ്ങനെയാണ് മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്നത്? ആദ്യമായി, യാത്രയ്ക്കു വേണ്ട പേടകം തയ്യാറാക്കണം. മനുഷ്യന് ജീവനോടെ ഇരിക്കാൻ വേണ്ട ഓക്സിജന്‍, ഭക്ഷണം, വെളളം എന്നിങ്ങനെ എല്ലാ സന്നാഹങ്ങളും പേടകത്തിനുള്ളിൽ വേണം. ചൂട്, മർദം – ഇതൊക്കെ എല്ലായ്പ്പോഴും മനുഷ്യനു താങ്ങാൻ പറ്റുന്നതായി ക്രമപ്പെടുത്തുകയും വേണം. ഇനി, യാത്രികർ ഇരിക്കുന്ന പേടകത്തെ വളരെ ശക്തിയുള്ള റോക്കറ്റ് ഉപയോഗിച്ച് ഭൂമിയുടെ ആകർഷണ വലയത്തിനു പുറത്തെത്തിക്കണം. ശൂന്യാകാശത്തിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ നിയന്ത്രിച്ച് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിക്കണം. വേഗതയും സഞ്ചാരപഥവും വീണ്ടും നിയന്ത്രിച്ച്, ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പ്രയാണം തുടങ്ങണം. വളരെ സാവധാനത്തിൽ, ഒരു പക്ഷി നിലത്തിറങ്ങുന്നതു പോലെ കൃത്യതയോടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങണം. ഇപ്രകാരം ഇറങ്ങുന്നതിനെ ‘സോഫ്റ്റ് ലാൻഡിംഗ്’ എന്നാണ് പറയുക. യാത്രക്കാരുള്ള പേടകം സോഫ്റ്റ് ലാൻഡിംഗ് തന്നെ ചെയ്യണം. ഇനി, തിരിച്ചു വരാനോ? ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും വീണ്ടും എൻജിനുകൾ പ്രവർത്തിപ്പിച്ച് പേടകത്തെ ഉയര്‍ത്തി, ചന്ദ്രന്റെ ആകർഷണ വലയത്തിൽ നിന്നും പുറത്ത് കടന്ന്, ബഹിരാകാശത്തിലൂടെ സഞ്ചരിച്ച്, ഭൂമിയുടെ അന്തരീക്ഷത്തിലേക്കു വീണ്ടും പ്രവേശിച്ച്, അപ്പോഴുണ്ടാകുന്ന അതിഭീമമായ ചൂടിനെ അതിജീവിച്ച്, വീണ്ടും വേഗത വളരെ കുറച്ചു സുരക്ഷിതമായി ഇറങ്ങണം. പാരച്യൂട്ടുകളുടെ സഹായത്തോടെ കടലിൽ പതിച്ചാൽ അവിടെനിന്നും പേടകത്തെ കരയിൽ എത്തിച്ച് യാത്രക്കാരെ പുറത്തിറക്കാം.
‘പ്രോജക്റ്റ് അപ്പോളോ’ – ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള അമേരിക്കയുടെ ദൗത്യത്തിന്റെ പേര് അതായിരുന്നു. യാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള അപ്പോളോ പേടകത്തിന് മൂന്നു ഭാഗങ്ങൾ ഉണ്ടായിരുന്നു. ഒരു ഐസ്ക്രീം കോണിന്റെ ആകൃതിയിലുള്ള ‘കൊളംബിയ’ എന്ന ‘കമാന്‍ഡ് മോഡ്യൂൾ’ യാത്രക്കാർക്ക് സഞ്ചരിക്കുവാനും പേടകത്തെ നിയന്ത്രിക്കുവാനുമുള്ളതായിരുന്നു. അതിനു പുറകിലായി ‘സർവീസ് മൊഡ്യൂൾ’. യാത്രയ്ക്കു വേണ്ട ബാറ്ററികള്‍, ഇന്ധനം, എഞ്ചിന്‍ തുടങ്ങി പല സന്നാഹങ്ങളും അതിലായിരുന്നു. ‘ഈഗിൾ’ എന്നു പേരിട്ട മൂന്നാമത്തെ ഭാഗം – ‘ലൂണാർ മോഡ്യൂൾ’ – ആണ് ചന്ദ്രനിൽ ഇറങ്ങുവാന്‍ ഉദ്ദേശിച്ചത്. പേടകത്തെ വിക്ഷേപിക്കുവാൻ സാറ്റേൺ-5 എന്ന ശക്തിയേറിയ റോക്കറ്റും നിർമിച്ചു.
പരീക്ഷണ ദൗത്യങ്ങളായിരുന്നു ആദ്യം. 1968-ല്‍ ‘അപ്പോളോ-7’ ദൗത്യം ഒരു കമാൻഡ് മോഡ്യൂളിനെ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ വിജയിച്ചു. തൊട്ടടുത്ത ‘അപ്പോളോ-8’ , ചന്ദ്രനു ചുറ്റും പത്തു വട്ടം കറങ്ങി, തിരിച്ചെത്തി. 1969 മേയ് മാസത്തിൽ, ‘അപ്പോളോ-10’, ചന്ദ്രനിലേക്കുള്ള യാത്രയുടെ പൂർണമായ റിഹേർസൽ നടത്തിയതോടെ, മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ലക്ഷ്യത്തിന്റെ അവസാനഘട്ടത്തിന് വേദിയൊരുങ്ങി.
റോക്കറ്റ് ചന്ദ്രനിലേക്കുള്ള പാതയിൽ പേടകത്തെ എത്തിച്ചു. റോക്കറ്റിൽ നിന്നും വേർപെട്ട്, പേടകം നാലുലക്ഷം കിലോമീറ്റര്‍ ദൂരത്തുള്ള ചന്ദ്രനിലേക്ക് സഞ്ചാരം തുടങ്ങി. മൂന്നു ദിവസത്തെ യാത്രയ്ക്കു ശേഷം, ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. തുടർന്ന്, ആംസ്ട്രോങ്ങും ആൽഡ്രിനും കൊളംബിയയിൽ നിന്നും ‘ഈഗിൾ’ എന്ന ലൂണാർ മോഡ്യൂളിലേക്ക് പ്രവേശിച്ചു. കൊളംബിയയിൽ നിന്നും വേർപെടുത്തിയ ഈഗിള്‍, ചന്ദ്രന്റെ ഉപരിതലത്തിലേക്ക് കുതിച്ചു. സോഫ്റ്റ് ലാൻഡിംഗിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ക്രമത്തിൽ നടത്തി, ജൂലൈ 20-ന് അന്താരാഷ്ട്ര സമയം രാത്രി എട്ടു മണികഴിഞ്ഞു 17 മിനിറ്റിൽ (ഇന്ത്യയിൽ ജൂലൈ 21 രാത്രി 1.47) ഈഗിൾ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി. പിന്നെയും ആറര മണിക്കൂർ കഴിഞ്ഞ്, എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, പേടകത്തിന്റെ വാതിൽ തുറന്നു നീൽ ആംസ്ട്രോങ്ങ് വെളിയിൽ ഇറങ്ങി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ – ലോകമെങ്ങും ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ആ ചരിത്രസംഭവം കണ്ടു. “ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെപ്പ്. പക്ഷേ, മനുഷ്യരാശിക്കോ, ഒരു വൻകുതിപ്പും.” – എന്നാണ് ആംസ്ട്രോങ്ങ് അതേപ്പറ്റി പറഞ്ഞത്. പത്തൊൻപതു മിനിട്ടു കഴിഞ്ഞ് ആൽഡ്രിനും നിലത്തിറങ്ങി.
തുടർന്ന്, രണ്ടേകാൽ മണിക്കൂറാണ് അവർ രണ്ടുപേരും ചന്ദ്രനിൽ ചെലവഴിച്ചത്. ഭൂമിയുടെ ആറിലൊന്നു ഗുരുത്വാകര്‍ഷണം മാത്രമുള്ള ചന്ദ്രനിൽ നടക്കുന്നത് അത്ര എളുപ്പമല്ല. അവർ അമേരിക്കയുടെ ഒരു പതാക ചന്ദ്രനിൽ പ്രതീകാത്മകമായി നാട്ടി. 22 കിലോഗ്രാമോളം കല്ലും മണ്ണുമടങ്ങിയ വസ്തുക്കൾ ശേഖരിച്ചു. ചിത്രങ്ങളെടുത്തു. ചില പരീക്ഷണങ്ങൾ നടത്തി. ഈ സമയം മുഴുവനും, മൂന്നാമത്തെ യാത്രികനായ മൈക്കിൾ കോളിൻസ്, ‘കൊളംബിയ’ എന്ന കമാൻഡ് മോഡ്യൂളിൽ ചന്ദ്രനു ചുറ്റും ഭ്രമണപഥത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
പിന്നീട്, മടക്കയാത്രക്കായി ആംസ്ട്രോങ്ങും ആൽഡ്രിനും വീണ്ടും ഈഗിളിൽ പ്രവേശിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും ഉയർന്ന് കൊളംബിയയിൽ കോളിന്‍സിനൊപ്പം ചേർന്നു. ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ്, ഈഗിളിനെ പേടകത്തില്‍ നിന്നും വേർപെടുത്തി, ഉപേക്ഷിച്ചു. അപ്പോഴേക്കും, കൊളംബിയ ചന്ദ്രനു ചുറ്റും മുപ്പതു തവണ വലം വെച്ചിരുന്നു! മൂന്നു ദിവസം നീണ്ട സഞ്ചാരം കഴിഞ്ഞു ജൂലൈ 24-ന് പേടകം പെസഫിക് സമുദ്രത്തിൽ സുരക്ഷിതമായി തിരിച്ചിറങ്ങി. എട്ടു ദിവസം നീണ്ട യാത്രയുടെ അന്ത്യം. എട്ടു വര്‍ഷം മുൻപ് പ്രസിഡണ്ട് കെന്നഡി മുന്നോട്ടു വെച്ച ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരം!
‘അപ്പോളോ-11’ -നു ശേഷം പിന്നെയും അഞ്ച് അപ്പോളോ ദൗത്യങ്ങളിൽ ഈരണ്ടു യാത്രക്കാർ വീതം ചന്ദ്രനിൽ എത്തി. 1969-നും 72-നും ഇടയിലായിരുന്നു ആ യാത്രകളൊക്കെ. അങ്ങനെ ആകെ പന്ത്രണ്ടുപേരാണ് ഇന്നു വരെ ചന്ദ്രനിൽ എത്തിയിട്ടുള്ളത്. 1972 ഡിസംബറിൽ നടന്ന അപ്പൊളോ-17 ആയിരുന്നു ചന്ദ്രനിൽ മനുഷ്യരെ എത്തിച്ച അവസാനത്തെ ദൗത്യം. ഇതുവരെ ചന്ദ്രനിലെത്തിയ ആ പന്ത്രണ്ടുപേരിൽ നാലുപേര്‍ മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നത്. അപ്പൊളോ-11 ലെ മൂന്നു യാത്രക്കാരിൽ ബസ് ആൽഡ്രിൻ മാത്രം.
പിന്നീട്, അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമല്ല, ജപ്പാൻ, യൂറോപ്യൻ ബഹിരാകാശസംഘടന, ചൈന തുടങ്ങി പലരും പലതരം ദൗത്യങ്ങളും ചന്ദ്രനിലേക്കു നടത്തിയെങ്കിലും, മനുഷ്യരെ അയച്ചിട്ടില്ല.
ഇന്ത്യൻ ബഹിരാകാശ സംഘടന (ISRO) 2008-ൽ ചന്ദ്രനിലേക്കു നടത്തിയ ‘ചന്ദ്രയാൻ-1’ എന്ന ദൗത്യത്തിന്റെ ഭാഗമായി, ‘മൂൺ ഇംപാക്ട് പ്രോബ്’ എന്ന ഒരു ഉപകരണം, ചന്ദ്രന്റെ ഉപരിതലത്തിൽ പതിപ്പിച്ചുവല്ലോ.
ഇപ്പോള്‍ വീണ്ടും ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളും പര്യവേഷണങ്ങളും ലോകമാകെ പുതിയ ഊർജത്തോടെ ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സംഘടനയായ ‘നാസ’യുടെ ‘ആര്‍ട്ടിമിസ് പ്രോഗ്രാം’ വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള ദൗത്യത്തിന്റെ പണിപ്പുരയിലാണ്. ചൈന, ജപ്പാൻ, യൂറോപ്യൻ സ്പേസ് ഏജൻസി, റഷ്യ – കൂടാതെ ഇന്ത്യയുടെ ‘ചന്ദ്രയാൻ-3’ – എല്ലായിടത്തും പലതരം ദൗത്യങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ‘സ്പേസ്-എക്സ്’ പോലെയുള്ള പല സ്വകാര്യ സ്ഥാപനങ്ങളും ഇവയിൽ പങ്കാളികളാണ്.
വീണ്ടും മനുഷ്യൻ ചന്ദ്രനിലേക്കു യാത്ര നടത്തുമ്പോൾ, ആദ്യമായി ഒരു വനിത ചന്ദ്രനിൽ കാലുകുത്തുന്നത് നമുക്ക് കാണാനാകുമോ? എന്തൊക്കെ പുതിയ കാര്യങ്ങളാവും ചന്ദ്രനെകുറിച്ച് ഇനി മനസ്സിലാക്കാൻ സാധിക്കുക? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാംദശകത്തിലേക്കു കടക്കുമ്പോൾ, വളരെ ആവേശകരങ്ങളായ പദ്ധതികൾ തന്നെയാണ് നമുക്കു മുന്നിലുള്ളത്.
അധിക വായനയ്ക്ക്