Read Time:15 Minute
ചരിത്രത്തിലെ ഒന്നാമത്തെ കൃത്രിമ ഉപഗ്രഹം സ്പുട്നിക്-1 ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടിട്ടു ഈ ഒക്ടോബര് 4 നു അറുപത്തിമൂന്നു വർഷം പൂർത്തിയാകുന്നു. 1957 ഒക്ടോബര് 4 നു കേവലം 58 സെന്റി മീറ്റര് വ്യാസവും 83.6 കിലോ തൂക്കവുമുണ്ടായിരുന്ന ഈ മിനുമിനുത്ത കൊച്ചു ലോഹഗോളം ലോകത്ത് ഇളക്കിവിട്ട പുകില് ചെറുതൊന്നുമായിരുന്നില്ല!
ബഹിരാകാശ യുഗത്തിനു തുടക്കം കുറിച്ച മുഹൂർത്തം,, അമേരിക്കയും സോവിയറ്റ് യുണിയനും തമ്മിലുള്ള തീക്ഷ്ണമായ ബഹിരാകാശ മത്സരത്തിനു വിസിലടിച്ച സംഭവം, ശാസ്ത്ര സാങ്കേതിക രംഗത്തെ അമേരിക്കന് ആധിപത്യത്തിന് അന്ത്യം കുറിക്കുകയും അമേരിക്കന് അഹങ്കാരത്തിന്റെ മണ്ടക്ക് ആഞ്ഞടിക്കുകയും ചെയ്ത സോഷ്യലിസ്റ്റ് വിജയം.. ശീതയുദ്ധത്തെ പുതിയൊരു ഘട്ടത്തിലേക്ക് നയിച്ച സംഭവം….അങ്ങിനെ പോകുന്നു സ്പുട്നിക് വിക്ഷേപണ മുഹൂര്ത്തത്തെക്കുറിച്ചുള്ള വിശേഷണങ്ങള്.
ഒരർത്ഥത്തില് ലോക ചരിത്രത്തെ സ്പുട്നിക് വിക്ഷേപണത്തിന് മുമ്പും പിമ്പും എന്നിങ്ങനെ രണ്ടായി തിരിക്കുന്നതില് പോലും തെറ്റില്ല. അത്രമാത്രം ദൂരവ്യാപകമായിരുന്നു “സഹയാത്രികന്” (‘സ്പുട്നിക്’ എന്ന വാക്കിന് റഷ്യന് ഭാഷയില് ‘സഹയാത്രികന്’ എന്നാണ് അർത്ഥം ) ശാസ്ത്ര സാങ്കേതിക സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം ചെലുത്തിയ സ്വാധീനം.
സൈനിക ലക്ഷ്യങ്ങള് വച്ചു കൊണ്ടുള്ള ബഹിരാകാശ ഗവേഷണത്തിന് അമേരിക്കയും സോവിയറ്റ് യൂണിയനും 1950 കളുടെ തുടക്കത്തില് തന്നെ ആരംഭം കുറിച്ചിരുന്നു. 1955 ജൂലൈ മാസത്തില് അന്നത്തെ അമേരിക്കന് പ്രസിഡന്റ് ഐസാന്ഹോവര് ബഹിരാകാശത്തെക്ക് കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കാനുള്ള അമേരിക്കന് പദ്ധതി വെളിപ്പെടുത്തുകയുണ്ടായി. അതെ വർഷം ആഗസ്റ്റില് തങ്ങളുടെ ബഹിരാകാശ ലക്ഷ്യങ്ങള് സോവിയറ്റ് കമ്യുണിസ്റ്റു പാർട്ടിയുടെ പോളിറ്റ്ബ്യുറോയും പ്രഖ്യാപിക്കുകയുണ്ടായി.
പക്ഷെ, സ്വന്തം ശാസ്ത്ര സാങ്കേതിക ശേഷിയില് അഭിമാനം മാത്രമല്ല കടുത്ത അഹങ്കാരം തന്നെ വച്ചു പുലർത്തിയിരുന്ന അമേരിക്കയും സോവിയറ്റ് ചേരി ഒഴിച്ചുള്ള ലോക രാഷ്ട്രങ്ങളും സോവിയറ്റ് പ്രഖ്യാപനത്തെ വെറും വീമ്പു പറച്ചിലായി മാത്രമാണ് കണക്കാക്കിയത്. അത് കൊണ്ട് തന്നെ നമ്മുടെ “ആമ–മുയല് കഥ” യിലെ ആമയെപ്പോലെ സോവിയറ്റ് യുനിയന് സ്പുട്നിക് വിക്ഷേപിച്ചു വിജയം കൈവരിച്ചപ്പോള് അമേരിക്കന് ഭരണകൂടവും അവരുടെ പക്ഷത്തുള്ള ലോക രാഷ്ട്രങ്ങളും അക്ഷരാർത്ഥത്തില് ഞെട്ടിത്തരിച്ചുപോയി.
അമേരിക്ക പെട്ടെന്നുള്ള പരാജയ സമ്മതമൊന്നും നടത്തിയില്ല എങ്കിലും അവര് എത്രമാത്രം ആടി ഉലഞ്ഞു എന്നത് വരും ദിവസങ്ങളില് ലോകം മുഴുവന് കാണുകയുണ്ടായി. മറുവശത്ത് സോവിയറ്റ് യുണിയനും അവരെ പിന്തുണക്കുന്ന സോഷ്യലിസ്റ്റ് ചേരിയും സാമ്രാജ്യത്വത്തിന് മേല് സോഷ്യലിസം കൈവരിക്കാന് പോകുന്ന ആത്യന്തിക വിജയത്തിന്റെ നാന്ദിയായിപ്പോലും സ്പുട്നിക് വിക്ഷേപണ വിജയത്തെ കാണുകയുണ്ടായി. സത്യത്തില് അമേരിക്കയും മറ്റു ലോക രാഷ്ട്രങ്ങളും സ്പുട്നിക് വിജയത്തെ ഇത്രമാത്രം അമ്പരപ്പോടെ സ്വീകരിക്കും എന്ന് സോവിയറ്റ് നേതൃത്വമോ ശാസ്ത്രജ്ഞന്മാർ പോലുമോ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഇക്കാര്യം പഠിച്ചവര് പിന്നീട് എഴുതിക്കാണുന്നത്..!
അന്ന് നിലനിന്നിരുന്ന കടുത്ത ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില് സ്പുട്നിക് വിക്ഷേപണം അമേരിക്കയിലെ സാധാരണക്കാരെ ഞെട്ടി വിറപ്പിച്ചു. സ്പുട്നിക് അത്യന്തം അപകടകരമായ ഒരു ബഹിരാകാശ ആയുധമാവാമെന്നും അതുപയോഗിച്ചു ഏതു സമയവും സോവിയറ്റ് യുണിയനു തങ്ങള്ക്കുല മേല് ആക്രമണം തൊടുത്തുവിടാമെന്നും പല പ്രമുഖ ശാസ്ത്രജ്ഞന്മാര് വരെ വിശ്വസിച്ചു പോന്നിരുന്നു. സ്പുട്നിക് തുടര്ച്ചയായി പുറപ്പെടുവിച്ചിരുന്ന “ബീപ്..ബീപ്” ശബ്ദം റേഡിയോ സ്വീകരിണികളിലൂടെ കേള്ക്കാ മായിരുന്നു. ( ഇവിടെ ക്ലിക്ക് ചെയ്താൽ സ്പുട്നിക്കിൽ നിന്നുള്ള ബീപ്പ് ശബ്ദം കേൾക്കാം) ഇത് സംബന്ധിച്ചു പോലും പടർന്നിരുന്ന കേട്ടുകഥകൾക്ക് കണക്കില്ല. ഇരു ചേരികളും തമ്മിലുള്ള പരസ്പര വിശ്വാസം പാടെ തകർന്നിരുന്ന അന്നത്തെ സാഹചര്യത്തില് സോവിയറ്റ് യുനിയന് കാര്യമായ യാതൊരു ശാസ്ത്ര സാങ്കേതിക വിവരങ്ങളും വിശദീകരിക്കാനും മുതിർന്നിരുന്നില്ല.
സ്പുട്നിക് അമേരിക്കന് രാഷ്ട്രീയത്തിലും മനസ്സിലും ഉണ്ടാക്കിയ ബഹുതല സ്പർശിയായ സംഘർഷത്തെ വിശേഷിപ്പിക്കാന് “സ്പുട്നിക് സംഘർഷം“ എന്നൊരു വാക്ക് തന്നെ ആവിഷ്കരിക്കപ്പെട്ടു. പ്രസിഡണ്ട് ഐസന്ഹോവര് ആണ് ആദ്യമായി ഈ വാക്ക് പ്രയോഗിച്ചത് എന്ന് പറയപ്പെടുന്നു. പിന്നീട് കഠിന പരാജയത്തെ സൂചിപിക്കുന്ന ഒരു പ്രയോഗമായി “സ്പുട്നിക് നിമിഷം” എന്നത് . അമേരിക്കന് പ്രസിഡണ്ട് ആയിരുന്ന ഒബാമ 2011ല് നടത്തിയ ഒരു പ്രഭാഷണത്തില് വിദ്യാഭ്യാസ രംഗത്തെ അമേരിക്കന് പിന്നോക്കാവസ്ഥക്ക് നേരെ വിരല് ചൂണ്ടാന് സ്പുട്നിക് നിമിഷം (sputnik moment) എന്ന പ്രയോഗം ഉപയോഗിച്ചതു ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി! ഇയ്യിടെ കോവിഡിനു പ്രതിരോധം സൃഷ്ടിക്കാന് റഷ്യ നിര്മിചക്കാന് ശ്രമിക്കുന്ന വാക്സിന് സ്പുട്ട്നിക്ക് എന്ന് പെരിടുന്നതായും വാർത്തകള് ഉണ്ടായിരുന്നു.
1958ല്, ബഹിരാകാശ ഗവേഷണരംഗത്ത് സോവിയറ്റ് യുനിയന് തങ്ങളെയും “സ്വതന്ത്ര ലോകത്തെ” മറ്റു രാഷ്ട്രങ്ങളെയും ഏറെ ദൂരം പിന് തള്ളിയിരിക്കുന്നു എന്നും ഇത് അമേരിക്കയുടെ നേതൃത്വത്തിനു കടുത്ത വെല്ലുവിളിയായി തീര്ന്നേക്കുമെന്നും ഐസന്ഹോവര് തുറന്നു സമ്മതിച്ചു. ഏതായാലും സ്പുട്നിക് പരീക്ഷണ വിജയം തങ്ങള്ക്ക് ഏറ്റ പരാജയമായി കണക്കാക്കിക്കൊണ്ട് അമേരിക്ക തങ്ങളുടെ ശാസ്ത്ര സാങ്കേതിക നയങ്ങള് അപ്പാടെ പൊളിച്ചെഴുതാന് തീരുമാനിച്ചു.
.
ഇന്ന് അമേരിക്കന് ബഹിരാകാശ ഗവേഷണത്തിന്റെ നട്ടെല്ലായി മാറിയിട്ടുള്ള നാസ (NASA National Aeoronautic amd Space Administration ) രൂപികരിക്കാനുള്ള തീരുമാനം സ്പുട്നിക് വിക്ഷേപണത്തെ പിന്തുടര്ന്നാണ് വന്നത്. മറ്റൊരു പ്രധാന തീരുമാനം അമേരിക്കയുടെ സുരക്ഷാ രംഗത്ത് ഏറ്റവും ആധുനികമായ ശാസ്ത്ര സാങ്കേതിക വിദ്യകള് പ്രയോജനപ്പെടുത്തുന്നതിനായി DARPA ( Defence Advanced Research Projects Agency ) എന്ന അത്യുന്നത ഗവേഷണ സ്ഥാപനം രൂപികരിക്കുന്നതിനെ സംബന്ധിച്ചുള്ളയിരുന്നു. (ഈ സ്ഥാപനത്തിന്റെ ഒരു ചെറിയ ഗവേഷണ പ്രവർത്തനനത്തില് നിന്നാണ് പില്ക്കാ ലത്ത് മനുഷ്യരുടെ വാര്ത്താ വിനിമയ സംവിധാനങ്ങളെ തിരിച്ചറിയാന് കഴിയാത്ത വിധം മാറ്റി മറിച്ച ഇന്റർനെറ്റിന്റെ ആവിർഭാവം. അത് മറ്റൊരു കഥ.)
അമേരിക്കന് വിദ്യാഭ്യാസത്തിലും സുരക്ഷാ സംവിധാനങ്ങളിലും ശാസ്ത്ര സാങ്കേതിക വിദ്യകള്ക്ക് അതി പ്രമുഖ സ്ഥാനം നല്കാന് ഉദ്ദേശിച്ചുള്ള ദേശീയ സുരക്ഷാ വിദ്യാഭ്യാസ നിയമം (NDEA ) 100 ബില്യന് ഡോളര് ചെലവിട്ടു നടപ്പാക്കുന്നതിനുള്ള ബില് അമേരികന് കോണ്ഗ്രസ്സില് അവതരിപ്പിക്കപ്പെട്ടതും സ്പുട്നിക് വെല്ലുവിളിയെ നേരിടുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു.. ഈ സംരംഭങ്ങള് ഓരോന്നും അമേരിക്കന് ബഹിരാകാശ ശാസ്ത്രത്തെ മാത്രമല്ല മാനവരാശിയുടെ ശാസ്ത്ര സാങ്കേതിക വികാസത്തെ ആകമാനം തന്നെ എങ്ങിനെയെല്ലാം സ്വാധീനിച്ചു എന്നത് ഏവർക്കും അറിയാവുന്ന ചരിത്രമാണ്.
സെർഗി കോറോലേവ് (Sergei Korolev) എന്ന സോവിയറ്റ് റോക്കറ്റ് ശാസ്ത്രജ്ഞന്റെ ആത്മവിശ്വാസവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകരുടെ കഠിന പ്രയത്നവുമായിരുന്നു സ്പുട്നിക്ക് എന്ന വിശ്വവിജയത്തിന്റെ പുറകിലുള്ള മുഖ്യശക്തികള്. ഇതിനാധാരമായ ശാസ്ത്രതത്വങ്ങള് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളില് തന്നെ റഷ്യന് ശാസ്ത്രകാരനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി (Konstantin Tsiolkovsky-ലൂക്ക ലേഖനം വായിക്കാം) ആവിഷ്ക്കരിച്ചു കഴിഞ്ഞിരുന്നു..അന്തര് ഭൂഖണ്ഡ മിസൈല് വിക്ഷേപണത്തിനായി നിർമിവച്ചിരുന്ന R-7 എന്ന റോക്കെറ്റ് പ്രയോഗിച്ചാണ് സ്പുട്നിക് ഒന്നിന്റെ വിക്ഷേപണം നിര്വഹിച്ചത്. പ്രശസ്തമായ ബൈക്കനുര് കൊസ്മോഡ്രോം (ഇന്നത്തെ കസാഖ്‌സ്ഥാനില്) ആണ് ഈ ചരിത്ര സംഭവത്തിനു വേദിയായത്. റേഡിയോ സിഗ്നലുകള് സ്വീകരിക്കുന്നതിനുള്ള നാലു ആന്റെനകള് ഘടിപ്പിച്ചിരുന്ന സ്പുട്നിക് ഭൂമിയെ ഒരു വട്ടം ചുറ്റാന് 96 മിനിറ്റ് ആണ് എടുത്തിരുന്നത്. കേവലം 21 ദിവസം മാത്രമായിരുന്നു ഈ യുഗ പ്രഭാവന്റെ ആയുസ്സ്.
സ്പുട്നിക്-1 വഴി ചരിത്രം സൃഷ്ടിച്ച സോവിയറ്റ് യുനിയന് ഒരു മാസത്തിനു ശേഷം ലേയ്ക എന്ന പട്ടിയെയും വഹിച്ചു കൊണ്ട് ബഹിരാകാശതെക്കുയർന്ന സ്പുട്നിക് -2 വിക്ഷേപിച്ചു വീണ്ടും ലോകത്തെ അമ്പരപ്പിച്ചു.. മത്സരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് 1958 മാർച്ച് 17നു അമേരിക്കയുടെ എക്സ്‌പ്ലോറര്-1 എന്ന ഉപഗ്രഹം ബഹിരാകാശത്തേക്ക് ഉയരുന്നതോടെയാണ്..
ആ മത്സരം പിന്നീട് മനുഷ്യനെ ചന്ദ്രനിലെത്തിച്ചതും ബഹിരാകാശത്തു സ്ഥിരം സ്പേസ് സ്റ്റേഷന് ആരംഭിച്ചതും ഇന്ത്യ അടക്കം നിരവധി രാഷ്ട്രങ്ങള് ബഹിരാകാശ ഗവേഷന രംഗത്ത് പുത്തന് മാനങ്ങള് തുറന്നു വരുന്നതുമെല്ലാം വെട്ടിത്തിളങ്ങുന്ന ബഹിരാകാശ ഗവേഷണ ചരിത്രം.
വർഷങ്ങൾക്കു ശേഷം പഴയ ശീത യുദ്ധത്തിന്റെയും അമേരിക്കന് സോവിയറ്റ് ചേരികള് തമ്മിലുള്ള സംഭവ ബഹുലമായ ശത്രുതയുടെയും പശ്ചാത്തലത്തില് നിന്ന് അടർത്തി മാറ്റി പരിശോധിച്ചാല് സ്പുട്നിക് വിക്ഷേപണത്തിന്റെ മറ്റൊരർഥം തെളിഞ്ഞു വരുന്നത് കാണാം. ശാസ്ത്ര സാങ്കേതിക വിദ്യകളോടും അവയ്ക്ക് മാനവരാശിയുടെ ഭാവി ദിശ നിർണകയിക്കുന്നതില് ചെലുത്താന് കഴിയുന്ന വമ്പിച്ച സ്വാധീനത്തെ കുറിച്ചും ഉള്ള കാഴ്ചപ്പാട് അപ്പാടെ മാറ്റി മറിക്കാന് സ്പുട്നികിനു കഴിഞ്ഞു. മാനവരാശിയുടെ ആത്മവിശ്വാസം ഇത്രമാത്രം കുതിച്ചുയർന്ന സന്ദർഭങ്ങള് മനുഷ്യ ചരിത്രത്തില് തന്നെ വിരളമായിരിക്കും. അക്കാലത്തു സാമ്രാജ്യത്വ ശക്തികളുടെ മർദനത്തില് നിന്നും വിടുതല് നേടി സ്വന്തം രാഷ്ട്ര പുനര് നിർമാണത്തില് മുഴുകിയിരുന്ന ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങള്ക്ക് സ്പുട്നിക്കും അത് പ്രതിനിധാനം ചെയ്യുന്ന കുതികൊള്ളുന്ന ആധുനിക ശാസ്ത്രവും നല്കിയ ശുഭാപ്തി വിശ്വാസം ഏറെ വലുതായിരുന്നു. ഈ ശുഭാപ്തി വിശ്വാസം മാനവരാശിയെ സംബന്ധിച്ചിടത്തോളം ഇന്നും അതീവ പ്രസക്തമായി തുടരുന്നു.
സ്പുട്നിക് വിക്ഷേപണം – 1957 ലെ വീഡിയോ കാണാം
Related
0
0