Read Time:7 Minute

ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ? 

“കൊതുക് കടിച്ചോ? എന്നാൽ പെൺകൊതുക് തന്നെ.” ഒട്ടും സംശയമില്ലാതെ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണല്ലോ ഇത്. ഇന്നത്തെ പോലെ എല്ലാ കാലത്തും നമ്മുടെ ആൺകൊതുകുകൾ അത്ര നിഷ്കളങ്കരായിരുന്നില്ല എന്നാണ് ഏറ്റവും പുതിയ ഒരു കണ്ടുപിടുത്തം സൂചിപ്പിക്കുന്നത്.

ആൺകൊതുകുകൾ ചോര കുടിച്ചിരുന്നോ? 

“കൊതുക് കടിച്ചോ? എന്നാൽ പെൺകൊതുക് തന്നെ.” ഒട്ടും സംശയമില്ലാതെ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണല്ലോ ഇത്. ഇന്നത്തെ പോലെ എല്ലാ കാലത്തും നമ്മുടെ ആൺകൊതുകുകൾ അത്ര നിഷ്കളങ്കരായിരുന്നില്ല എന്നാണ് ഏറ്റവും പുതിയ ഒരു കണ്ടുപിടുത്തം സൂചിപ്പിക്കുന്നത്. ഏകദേശം 145-100.5 ദശലക്ഷം വർഷം മുൻപെങ്കിലും ആൺകൊതുകുകൾ കടിച്ചിട്ടുണ്ടാകാമെന്നാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിലുള്ള ഗവേഷകർ പറയുന്നത്. ആ പഠനം എന്താണെന്ന് പരിശോധിക്കാം.

ലിബനോക്യൂലക്സ്

ലബനോണിലെ ഫോസ്സിൽ കൊതുകുകൾ

ഇതുവരെ കണ്ടെത്തിയ ഏറ്റവും പുരാതനമായ ഫോസ്സിൽ കൊതുക് മിയാൻമറിൽ നിന്ന് ലഭിച്ച 100 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ബർമാക്യൂലക്സ് ആന്റിക്വസ് (Burmaculex antiquus) ആണെന്ന് മുൻപ് ഒരു ലേഖനത്തിൽ പറഞ്ഞിരുന്നല്ലോ. 2023 ഡിസംബർ നാലാം തീയതി കറന്റ് ബയോളജി (Current Biology) യിൽ ഡാനി അസറിന്റെ (Dany Azar) നേതൃത്വത്തിലുളള ഗവേഷക സംഘം പ്രസിദ്ധീകരിച്ച ഫോസിൽ കൊതുക് അതിലും പഴക്കമുള്ളതാണ്. ബർമാക്യൂലക്സ് പോലെ ഇതും ആംബറിനുള്ളിൽ നിന്നാണ് ലഭിച്ചത്. കൃത്യമായ പ്രായം പറയുന്നില്ലെങ്കിലും ക്രെട്ടേഷ്യസ് കാലത്തിന്റെ ആദ്യപകുതിയിലാണെന്ന് (Lower cretaceous ) പറയുന്നുണ്ട്. അത് 145-100.5 ദശലക്ഷം വർഷങ്ങൾ മുൻപുള്ള കാലമാണ്. ലബനീസ് യൂണിവേർസിറ്റി മ്യൂസിയത്തിൽ സൂക്ഷിച്ചു വെച്ചതായിരുന്നു കൊതുകുകളടങ്ങിയ ഈ ആംബറുകൾ. ഒരേ സ്പീഷീസിൽ പെട്ട രണ്ട് ആൺകൊതുകുകളെയാണ് ലഭിച്ചത്. ലബനോണിൽ നിന്ന് ലഭിച്ചതിനാൽ ഇവയ്ക്ക് ലിബനോക്യൂലക്സ് ഇന്റർമീഡിയസ്സ് (Libanoculex intermedius) എന്നാണ് പേരിട്ടത്. ലബനോണിന്റെ ലാറ്റിൻ രൂപമാണ് ലിബാനസ് (Libanus). ഇവയുടെ പഴക്കത്തെക്കാൾ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് അവയുടെ പ്രൊബോസിസ് (ദ്രാവകം വലിച്ചുകുടിക്കുന്ന കുഴൽ പോലെയുള്ള വദനഭാഗം) ആണ്.

മൂർച്ചയുള്ള പ്രൊബോസിസ് 

ഇപ്പോൾ ജീവിച്ചിരിക്കുന്ന ആൺകൊതുകുകൾ ചെടിച്ചാറും പൂന്തേനും  മറ്റും ഭക്ഷിക്കുന്നവയായതിനാൽ അവയുടെ  പ്രൊബോസിസ് മൃദുലവും മൂർച്ച കുറഞ്ഞതുമാണ്. വദനഭാഗങ്ങളിൽ മൂർച്ചയുള്ള പല്ലുകൾ ഉണ്ടാവുകയുമില്ല. മൃഗങ്ങളുടെ ത്വക്ക് തുളയ്ക്കുവാൻ കഴിവുള്ള ഉറപ്പും മൂർച്ചയുമുള്ള പ്രൊബോസിസുകളാണ് പെൺകൊതുകുകൾക്കുള്ളത്. അവയുടെ വദനഭാഗങ്ങളിൽ മൂർച്ചയുള്ള പല്ലുകളുണ്ടാകും ലിബനോക്യൂലക്സ്  ആൺകൊതുകുകൾക്കും സമാനമായ  പ്രൊബോസിസുകളാണുള്ളത് (ചിത്രം കാണുക)!

Drawing of the apex of the mandible and lacinia; scale bar, 50 mm

ഇത് സൂചിപ്പിക്കുന്നത് ലിബനോക്യൂലക്സ് ആൺകൊതുകുകളും ചോരകുടിയന്മാരായിരുന്നിരിക്കണം എന്നാണ്! തികച്ചും അത്ഭുതകരമായ കണ്ടെത്താലാണിത്. കൊതുകുകളുടെ ചോരകുടി സ്വഭാവത്തിന്റെ പരിണാമവഴികളെ കുറിച്ച് പുതിയ ചിന്തകൾക്ക് വഴിവെക്കുന്ന കണ്ടുപിടുത്തം കൂടിയാണിത്.

ചോരകുടിയുടെ ചരിത്രം

കൊതുകുകളുടെ പൂർവികർ പൂന്തേൻ ഭോജികളായിരുന്നു (Nectar feeders) എന്നാണ് കരുതപ്പെടുന്നത്. പരിണാമത്തിന്റെ ഏതോ ഘട്ടത്തിൽ അവ രക്തപാനികളായതാണ്. തുടക്കത്തിൽ ആൺകൊതുകുകളും പെൺകൊതുകുകളും രക്തപാനികളായിരുന്നിരിക്കാം. പെൺകൊതുകുകൾക്ക് അണ്ഡോൽപാദനത്തിന് രക്തപാനം ആവശ്യമായതുപോലെ ആൺകൊതുകുകൾക്ക് പറക്കുവാനും ഇണചേരാനും രക്തപാനം ആവശ്യമായിരുന്നിരിക്കണം. അങ്ങനെയെങ്കിൽ പ്രസ്തുത കഴിവ് നഷ്ടപ്പെടുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? ലിബനോക്യൂലക്സ് മുതൽ ബർമ്മാക്യൂലക്സ് വരെയുള്ള പരിണാമവഴിയിൽ എവിടെവെച്ചായിരിക്കും ആൺകൊതുകുകൾ പൂന്തേൻ ഭോജികളായി മാറിയത്? ഇവയ്ക്കൊന്നും തൽക്കാലം ഉത്തരങ്ങൾ  ലഭ്യമല്ല.


അധികവായനയ്ക്ക്

  1. Dany Azar, Andre Nel, Diying Huang, and Michael S. Engel (2023). The Earliest Fossil Mosquito. Current Biology. 33: 5240–5246 >>>

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊതുകു ലേഖനങ്ങൾ

Happy
Happy
14 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
57 %

Leave a Reply

Previous post വട്ടവടയിലെ പച്ചക്കറി കൃഷി: ഒരു പഠനം
Next post ജൈവസമ്പത്ത് തീറെഴുതുന്ന ജൈവവൈവിധ്യ ഭേദഗതിനിയമം
Close