Read Time:13 Minute

malayalam_sreshtam

തമിഴിന് ക്ലാസിക്കൽ ഭാഷാപദവി കിട്ടിയപ്പോൾ മലയാള സാഹിത്യകാരന്മാരിലും സാംസ്‌കാരിക നായകന്മാരിലും പെട്ട ഒട്ടേറെ പേർ ഞെട്ടിപ്പോയി. അഥവാ ഞെട്ടിയതായി പ്രഖ്യാപിച്ചു. അവർ പറഞ്ഞു: എന്തൊരനീതി! ഇന്ത്യൻ ഭാഷാ സാഹിത്യങ്ങളിൽ കേരളത്തോടു കിടപിടിക്കാൻ ഏതിനാവും? എത്ര മഹത്തായ പാരമ്പര്യമാണ് മലയാളത്തിനുള്ളത്! എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, ജി., സി.വി. രാമൻപിള്ള, ബഷീർ, തകഴി, കേശവദേവ്, പൊറ്റെക്കാട്, ഉറൂബ്, ഒ.വി. വിജയൻ, കേസരി, മുണ്ടശ്ശേരി, എൻ.വി., കുറ്റിപ്പുഴ….. എത്ര മഹാരഥന്മാരുടെ പേരുകളാണ് മനസ്സിലേക്ക് ഓടിയെത്തുക. എന്നിട്ടും ക്ലാസിക്കൽ ഭാഷാപദവി നമുക്കു തരാതെ തമിഴിന് നൽകുക. അതു കടുത്ത അനീതിയല്ലെങ്കിൽ പിന്നെന്താണ്?
ചില ശുദ്ധഹൃദയർ ഊറിച്ചിരിച്ചു. അവർ ചോദിച്ചു; അതു കിട്ടാഞ്ഞിട്ടെന്താ ഇപ്പം ഒരു കുഴപ്പം? ഭാഷയുടെ മികവ് തീരുമാനിക്കേണ്ടത് സർക്കാർ ആണോ? ഗ്രീക്കും ലാറ്റിനും സംസ്‌കൃതവും ഒക്കെ ക്ലാസിക്കൽ ഭാഷയായി ലോകം പരിഗണിക്കുന്നത് ഏതെങ്കിലും സർക്കാർ അംഗീകരിച്ചതുകൊണ്ടാണോ?
ക്ലാസിക് എന്ന പദത്തിന്റെ അർത്ഥം നിഘണ്ടുവിൽ നോക്കിയത് അനർത്ഥമായി. ചിരന്തനം, പൗരാണികം, ഉത്തമം, ശ്രേഷ്ഠം… എന്നൊക്കെ കാണുന്നു. ഏതെടുക്കും? രാമായണവും ഇലിയഡും ക്ലാസിക് കൃതികളായ അർത്ഥത്തിലല്ല പാവങ്ങളും യുദ്ധവും സമാധാനവും ക്ലാസിക് ആയത്. ഭാഷയുടെ കാര്യത്തിൽ ഏതർത്ഥം സ്വീകരിക്കണം? എന്തായാലും ഇപ്പോൾ പ്രശ്‌നം പരിഹരിച്ചിരിക്കുന്നു. സാഹിത്യസാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും ചേർന്ന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയിരിക്കുന്നു. (ഇനി ചിരന്തനവും പൗരാണികവുമൊന്നും ചിന്തിച്ചു സമയം കളയണ്ട). പക്ഷേ, ഇവിടെ ജനങ്ങളുടെ പ്രതികരണം തീർത്തും ശുഷ്‌കമായിപ്പോയി. ക്ലാസിക്കൽ പദവി കിട്ടിയതറിഞ്ഞ് തമിഴർ മതിമറന്ന് ആഹ്ലാദിക്കുകയും അതൊരുത്സവമാക്കി മാറ്റുകയും ചെയ്തു. ഇവിടെയോ? ഉത്സവം സാഹിത്യ-സാംസ്‌കാരിക നായകന്മാർക്കു മാത്രമായിപ്പോയി. അവരിൽ പലരുടെയും മക്കൾക്കുപോലും ശ്രേഷ്ഠഭാഷ ഇംഗ്ലീഷാണല്ലോ. പിന്നെ, കേരളത്തിൽ തൊഴിലെടുക്കുന്നവരുടെ ഭാഷ ഹിന്ദിയും ബംഗാളിയും ഒറിയയും ഒക്കെയാണ്. മലയാളത്തെ യഥാർത്ഥത്തിൽ സ്‌നേഹിക്കുന്ന കൂട്ടർക്ക് ആഘോഷിക്കാൻ വലിയ കമ്പം തോന്നിയതുമില്ല.

മലയാളത്തിന്റെ ശ്രേഷ്ഠത

എപ്പോഴാണ് ഒരു ഭാഷ ശ്രേഷ്ഠമാകുന്നത്? അത് ഒരു ജനതയുടെ ആശയങ്ങളുടെയും വികാരങ്ങളുടെയും വിനിമയത്തിന് തികച്ചും അനുയോജ്യമാകുമ്പോൾ അല്ലേ? മലയാളം അത്തരം ഒരു ഭാഷയായിരുന്നു എന്നു തീർച്ച. ഇവിടെ ഉണ്ടായ മികച്ച കഥകളും കവിതകളും വിജ്ഞാനസാഹിത്യവുമെല്ലാം അതിന്റെ തെളിവാണ്. അക്കാലത്ത് നമ്മൾ സംവദിക്കാൻ ശ്രമിച്ച കാര്യങ്ങളുടെ പരിമിതികൊണ്ട് അങ്ങനെ തോന്നിയതാകുമോ? അല്ലെന്ന് വ്യക്തം. മറ്റു ഭാഷകളിൽനിന്ന് മികച്ച സാഹിത്യകൃതികളും ശാസ്ത്ര, തത്വശാസ്ത്ര ഗ്രന്ഥങ്ങളും പരിഭാഷ ചെയ്യാൻ ശ്രമിച്ചവർക്ക് അത്തരം പരിമിതികളൊന്നും വലുതായി അനുഭവപ്പെട്ടതായി മുമ്പാരും പറഞ്ഞിട്ടില്ല.
എന്നാൽ, ഇത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ മാത്രമുള്ള കാര്യമാണ്. രണ്ടാം പകുതിയോടെ കാര്യങ്ങൾ മാറി. പാശ്ചാത്യരാജ്യങ്ങളിൽ ശാസ്ത്രരംഗത്തുണ്ടായ സ്‌ഫോടനാത്മകമായ വളർച്ചയായിരുന്നു അതിനു കാരണം. റിലേറ്റിവിറ്റി, ക്വാണ്ടം മെക്കാനിക്‌സ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സാങ്കേതിക വിദ്യ, റേഡിയോ, ടെലിവിഷൻ തുടങ്ങിയ വിവരവിനിമയ സങ്കേതങ്ങൾ, ജ്യോതിശാസ്ത്രം, ബഹിരാകാശ സാങ്കേതിക വിദ്യ, ജനിതക ശാസ്ത്രം ഇങ്ങനെ ഒട്ടേറെ പുതിയ ശാസ്ത്രമേഖലകളും അവയോടനുബന്ധിച്ചുള്ള സാങ്കേതിക വിദ്യകളും ഉപകരണങ്ങളും എല്ലാം നിത്യജീവിതത്തിലേക്കു കടന്നുവന്നത് പെട്ടെന്നാണ്. അതെല്ലാം ഉണ്ടായിവന്ന നാടുകളിലെ ഭാഷയിൽ-ഏറെയും ഇംഗ്ലീഷിൽ-ആയിരുന്നു പുതിയ പദങ്ങളെല്ലാം. സംസാരഭാഷയിൽ നിന്ന് പദങ്ങൾ കിട്ടാതെ വന്നിടത്തെല്ലാം അവരുടെ ക്ലാസിക്കൽ ഭാഷകളായ ഗ്രീക്കിൽനിന്നും ലാറ്റിനിൽനിന്നും അവർ പദങ്ങൾ നിഷ്പാദിപ്പിച്ചെടുത്തു. ഈ പദങ്ങൾ ഉപയോഗിക്കാതെ ഏതു ഭാഷാസ്‌നേഹിക്കും ഇന്ന് മലയാളത്തിൽപോലും എന്തെങ്കിലും പറയാൻ കഴിയുമോ? (നമ്മുടെ ടി.വി. ചാനലുകളിലെ ആങ്കർമാരുടെ ഭാഷാവൈകൃതങ്ങൾ അല്ല ഉദ്ദേശിച്ചത്).
സംസാരഭാഷയിൽ ഇംഗ്ലീഷ് പദം വരുന്നത് ക്ഷന്തവ്യമാണ്. എന്നാൽ എഴുതുമ്പോൾ അത് അരോചകമാകും, ഭാഷയുടെ സൗന്ദര്യത്തിനിണങ്ങുംവിധം രൂപമാറ്റം വരുത്തിയില്ലെങ്കിൽ. കഥയിലും കവിതയിലും ഈ പ്രശ്‌നം രൂക്ഷമാകും. പകരംവെക്കാൻ പറ്റിയ മലയാളപദങ്ങൾ തേടി എഴുത്തുകാർ വിയർക്കും. സംസ്‌കൃതത്തിൽനിന്ന് വല്ലാതെ കടമെടുത്താൽ വായനക്കാർക്കു മുഷിയും. എന്നാൽ പിന്നെ ഇംഗ്ലീഷിൽത്തന്നെ വായിച്ചാൽ മതിയല്ലോ എന്ന് വിദ്യാസമ്പന്നർ തീരുമാനിക്കുകയും ചെയ്യും.
മലയാളത്തിനു യോജിച്ച പദാവലി സൃഷ്ടിച്ചെടുക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയതിന്റെ ഭാഗമായിരുന്നു കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം. പക്ഷേ, അവിടെ ജനിച്ച പല പദങ്ങളും ഇംഗ്ലീഷിനേക്കാൾ കഠിനവും അസുന്ദരവും ആയി വായനക്കാർക്ക് (എഴുത്തുകാർക്കും) തോന്നി. ചുരുക്കത്തിൽ ഒരു നല്ല ശാസ്ത്രകൃതി പരിഭാഷപ്പെടുത്തുക ഏറെ പ്രയാസകരമായിത്തീർന്നു.
ഇന്നിപ്പോൾ സ്ഥിതി ഇതാണ്: വൈകാരിക സംഭവങ്ങൾ പകർന്നുനൽകാൻ ശേഷിയുള്ള ഒരു ശ്രേഷ്ഠഭാഷയാണ് മലയാളം. എന്നാൽ ആധുനിക ശാസ്ത്രവും തത്വശാസ്ത്രവും മറ്റും കൈകാര്യം ചെയ്യാനുള്ള പദസമ്പത്ത് അതിനില്ല. അവിടെ അതിന്റെ ശ്രേഷ്ഠത നഷ്ടമാകുന്നു. ശാസ്ത്രസാങ്കേതിക വികാസത്തിനൊപ്പം മുന്നേറാത്ത ഏതൊരു ഭാഷയും ക്രമേണ അവഗണിക്കപ്പെടും. പ്രയോഗക്ഷമമല്ലാത്ത ഒരു ഭാഷയെ രക്ഷിക്കാൻ ഒരു ശ്രേഷ്ഠഭാഷാ പദവിക്കും സാധിക്കില്ല.

ഇംഗ്ലീഷിലുള്ള എല്ലാ ശാസ്ത്രസാങ്കേതിക പദങ്ങൾക്കും തത്തുല്യമായ മലയാളപദങ്ങൾ കണ്ടെത്തിക്കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ആരും വ്യാമോഹിക്കേണ്ട. ഇപ്പോൾ ഉപയോഗത്തിലുള്ളതിൽ അനുയോജ്യമായ പദങ്ങൾ അവ ഏതു ഭാഷയിൽനിന്നു വന്നതായാലും ഇനിമുതൽ മലയാള പദങ്ങൾ ആണെന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം നമ്മൾ കാണിക്കണം. ഭാഷയുടെ സൗന്ദര്യത്തിനു പ്രതിഭയ്ക്കും ഇണങ്ങുന്ന പദങ്ങളാണെങ്കിൽ അതേപടി തന്നെ സ്വീകരിക്കാം. അല്ലാത്തവയെ വക്കുമടക്കി രൂപം മാറ്റണം. ഗ്രീക്ക് ജോതിഷം ഇവിടെ വന്ന കാലത്ത് ‘കർക്കിനോഡ്’നെ കർക്കിടകമാക്കാനും ‘ദ്രെക്കനോഡ’നെ ദ്രെക്കണം ആക്കാനും ‘ഹോര’യെ അതേപടി സ്വീകരിക്കാനുമുള്ള ധൈര്യം നമ്മുടെ ജ്യോതിഷികൾ കാട്ടുകയുണ്ടായി. അതു നമ്മൾക്കും ആകാം. ഇപ്പോൾ മലയാളപദങ്ങൾ ഉള്ള ഇടങ്ങളിൽപോലും ‘പോപ്പുലർ’ ആയ മറ്റൊരു പദംകൂടി സ്വീകരിക്കുന്നതിലും കുഴപ്പമില്ല. ഉദാഹരണത്തിന് വൈദ്യുതിയും ഇലക്ട്രിസിറ്റിയും, ദൂരദർശിനിയും ടെലിസ്‌കോപ്പും, ജീവജാതിയും സ്പീഷിസും ഒക്കെ സൗകര്യംപോലെ ഉപയോഗിക്കാം. കാലം കുറേ ചെല്ലുമ്പോൾ അർഹതയുള്ളത് അവശേഷിച്ചുകൊള്ളും.
ഒരു ഭാഷയിലേക്ക് പുതിയ പദങ്ങൾ കടന്നുവരിക വ്യത്യസ്ത മേഖലകളിൽ തൊഴിലെടുക്കുന്ന ആളുകൾ (അതിൽ ശാസ്ത്രജ്ഞരും പെടും) തൊഴിലുമായി ബന്ധപ്പെട്ട ആശയങ്ങൾ അന്യോന്യം വിനിമയം ചെയ്യാൻ ശ്രമിക്കുമ്പോഴാണ്. കർഷകനും കൊല്ലനും തച്ചാശാരിയും മത്സ്യത്തൊഴിലാളിയും വൈദ്യനും ജ്യോതിഷിയും പുരോഹിതനും എല്ലാം നമ്മുടെ ഭാഷയ്ക്ക് ഗണ്യമായ സംഭാവന ചെയ്തവരാണ്. വ്യാപാരാവശ്യങ്ങൾക്ക് കേരളത്തിലെത്തിയ അറബികളും പോർച്ചുഗീസുകാരും ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച, പേർഷ്യൻ ഭാഷ സംസാരിച്ച മുഗളരും മതപ്രചാരണത്തിനെത്തിയ പാതിരിമാരും പിന്നീട് ബ്രിട്ടീഷുകാരുമെല്ലാം നമ്മുടെ ഭാഷയെ പദസമ്പുഷ്ടമാക്കിയിട്ടുണ്ട്. മലയാളഭാഷ ഇങ്ങനെ കടംകൊണ്ട അന്യഭാഷാപദങ്ങൾ എന്തൊക്കെയെന്ന് ഇന്നു തിരിച്ചറിയാൻ തന്നെ പറ്റിയെന്നു വരില്ല. സർക്കാരും ഗുമസ്തനും ശിപായിയും സിൽബന്ധിയും തമാശയും ശിപാർശയും പേർഷ്യയിൽ നിന്നെത്തി രൂപം മാറിയവയാണെന്ന് പലർക്കും അറിയില്ല. ഹാജറും രാജിയും ഖജനാവും ദല്ലാളും റൊക്കവും റദ്ദാക്കലും അറബ് തജ്ജന്യങ്ങളാണെന്നും തിരിച്ചറിയുക പ്രയാസം. കുശിനിയും ജന്നലും പോർട്ടിക്കോവും വരാന്തയും മേശയും കശുമാവും ആത്തയും പേരയും ഒക്കെ പോർച്ചുഗീസുകാരുടെ സംഭാവനയത്രെ.
ഇംഗ്ലീഷ് പദങ്ങൾ എന്നു നാം കരുതുന്ന പല പദങ്ങളും, പ്രത്യേകിച്ച് ശാസ്ത്രസാങ്കേതികരംഗത്ത്, മറ്റു ഭാഷകളിൽനിന്ന് അവർ കടംകൊണ്ടവയാണ്. പിന്നെയെന്തിനു നാം മടിക്കണം, അതൊക്കെ ഇനിമേൽ മലയാളത്തിന്റേതുകൂടിയാണെന്നു പ്രഖ്യാപിക്കാൻ? എയർകണ്ടീഷനിംഗ് എന്ന നല്ല ‘മലയാളപദം’ ഉള്ളപ്പോൾ എന്തിന് വാതാനുകൂലനം എന്ന സംസ്‌കൃതപദം ഉപയോഗിക്കണം? കോംജുഗേഷന് പകരം സംയുഗ്മനം ആവശ്യമുണ്ടോ? (രണ്ടായാലും അർത്ഥം കേൾക്കുന്ന മാത്രയിൽ കിട്ടില്ല). മുൻപറഞ്ഞ ഒറ്റ തീരുമാനം കൊണ്ടുതന്നെ നമ്മുടെ ഭാഷയുടെ പദസഞ്ചയം എത്രയോ മടങ്ങ് വർദ്ധിക്കും. പദങ്ങളെ സുന്ദരമാക്കുക എന്ന ജോലി നമുക്ക് വരുംതലമുറകൾക്കു വിടാം. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാൻ മറ്റു മാർഗമൊന്നും കാണുന്നില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
80 %
Sleepy
Sleepy
20 %
Angry
Angry
0 %
Surprise
Surprise
0 %

3 thoughts on “ശ്രേഷ്ഠഭാഷാ പദവിയും മലയാളത്തിന്റെ ഭാവിയും

  1. സാംസ്കാരിക രംഗത്തെ പ്രഗല്‍ഭരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കണം………

  2. “കർഷകനും കൊല്ലനും തച്ചാശാരിയും മത്സ്യത്തൊഴിലാളിയും വൈദ്യനും ജ്യോതിഷിയും പുരോഹിതനും എല്ലാം നമ്മുടെ ഭാഷയ്ക്ക് ഗണ്യമായ സംഭാവന ചെയ്തവരാണ്” – ശരിയാണ്. എങ്കിലും ഒരു
    അഭിപ്രായം കുറിക്കാതെ വയ്യ. ജ്യോതിഷി എന്ന വാക്കുകൊണ്ട്

    നിങ്ങൾ ഉദ്ദേശിച്ചത് പഴയകാല ജ്യോതിശ്ശാസ്ത്രജ്ഞരെ (astronomers )
    ആണെങ്കിൽ യോജിക്കുന്നു. അല്ലാതെ കപടജ്യോല്സ്യന്മാരെയാണെങ്കിൽ
    വിയോജിക്കുന്നു. അവന്മാരെ ഈ അ ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ
    കൂടെ കൂട്ടിയതിൽ. പുരോഹിതനും ജ്യോത്സ്യന്റെ ഗണത്തിൽ
    പെടും.

  3. Author may please understand that the online malayalam column written above is difficult to read due to missing of many letters. It is the simple reason why new generation cannot live with out English because it is a “tech Savvy” generation. Even Malayalam words are written in english scripts by new generation due to its convenience…. So let us accept it. ….

    A Proud malayali :)

Leave a Reply

Previous post പ്രതിരോധ കുത്തിവയ്പ്പുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ
Next post മാധ്യമങ്ങളുടെ സാംസ്‌കാരിക സ്വാധീനം
Close