Read Time:48 Minute

ഹരിതഗൃഹ വാതകങ്ങൾ, ആഗോള താപനം, കാലാവസ്ഥാ മാറ്റം എന്നൊക്കെ നാം സ്ഥിരമായി കേൾക്കുന്നുണ്ട്, പറയുന്നുണ്ട്! അതൊക്കെ സർക്കാറുകൾ ചെയ്യേണ്ട വലിയ വലിയ കാര്യങ്ങളാണ് എന്നാവും പലരും കരുതുന്നത്. സർക്കാരുകൾ ചെയ്യേണ്ട കാര്യങ്ങൾ പലതുണ്ട്, അത് ചെയ്യാനും  ചെയ്യിപ്പിക്കാനുമായിട്ടാണ് UNFCC, IPCC, പാരിസ് ഉടമ്പടി, NDCs, LT-LEDS, വർഷം തോറും നടക്കുന്ന COP കൾ (അടുത്തിടെ നടന്നത് COP 28) മുതലായവ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, നയപരിഷ്കാരങ്ങൾ, സാമ്പത്തിക പ്രോത്സാഹനങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ പാരിസ്ഥിതിക തകർച്ചയും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിനായി ആഗോളതലത്തിൽ നിരവധി നടപടികൾ നടപ്പിലാക്കുന്നുണ്ട്. പക്ഷേ, വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും വ്യക്തികൾ,  കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ ആവശ്യമായ പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൌഹൃദ ജീവിതശൈലി  പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ്  ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കാൻ കഴിയും.

വ്യക്തി, കുടുംബം, സമൂഹം എന്നീ നിലകളിലുള്ള ജനങ്ങളുടെ പെരുമാറ്റത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴി മാത്രം പാരിസ്ഥിതിക, കാലാവസ്ഥാ പ്രതിസന്ധികളെ നല്ലൊരു പരിധി വരെ അതിജീവിക്കാൻ കഴിയും. ജീവിത രീതികളിലും, കഴിക്കുന്ന ഭക്ഷണം, വസ്ത്രം, ജലം, മറ്റ് ഉപഭോക്തൃ സാധനങ്ങൾ, യാത്ര, മാലിന്യം കൈകാര്യം ചെയ്യൽ, തുടങ്ങി വ്യക്തികൾക്കും സമൂഹത്തിനും സ്വന്തം കാർബൺ പാദമുദ്ര കുറയ്ക്കാൻ ഇടപെടലുകൾ ധാരാളമുണ്ട്.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി   പ്രോഗ്രാം (UNEP) വിഭാവനം ചെയ്യുന്നതനുസരിച്ച്, 817 കോടി വരുന്ന ആഗോള ജനസംഖ്യയിൽ 100 കോടി ആളുകളെങ്കിലും അവരുടെ ദൈനംദിന ജീവിതത്തിൽ കാലാവസ്ഥാ സൗഹൃദ രീതികൾ സ്വീകരിക്കുകയാണെങ്കിൽ, ആഗോള കാർബൺ ഉദ്‌വമനം ഏകദേശം 20 ശതമാനം കുറക്കാൻ കഴിയും! ഈ പശ്ചാത്തലത്തിൽ, ഗ്ലാസ്‌ഗോയിലെ COP26-ൽ ഇന്ത്യ അവതരിപ്പിച്ച ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LiFE) എന്ന ആശയത്തിന് വൻ പ്രസക്തിയാണുള്ളത്. കാർബൺ പാദമുദ്ര കുറയുന്ന ഒരു ജീവിതം നയിക്കാൻ വ്യക്തികളും സമൂഹവും ഏറ്റെടുക്കേണ്ട 75 ലളിതമായ കടമകളാണ് LiFE ൽ ഉൾപ്പെടുത്തിയിരിക്കുന്നത്( അന്യത്ര കാണുക).  പക്ഷേ, പരിസ്ഥിതിക്കുള്ള ജീവിതശൈലിയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോഴേ പ്രയോജനമുണ്ടാകൂ. പക്ഷേ, ഏട്ടിലെ പശു പുല്ല് തിന്നില്ല! കുട്ടികളും മുതിർന്നവരും  പണക്കാരും പവപ്പെട്ടവരുമൊക്കെ ഇതൊക്കെ അറിഞ്ഞ്, ചെയ്ത്,  ജീവിക്കണം.

എന്താണ് കാർബൺ പാദമുദ്ര?

കാർബൺ ഉൽസർജനം കുറയ്ക്കുന്ന സുസ്ഥിര ജീവിതശൈലിയെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് വ്യക്തികൾ,  കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ‘കാർബൺ പാദമുദ്ര’ (carbon footprint) യുടെ കാര്യത്തിൽ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്താണ് കാർബൺ പാദമുദ്ര, അതിന്റെ പ്രാധാന്യം, ഓരോരുത്തരുടെയും ‘കാർബൺ പാദമുദ്ര’ എത്രയാണ്  എന്നൊക്കെ അറിയുന്നത്, തങ്ങളുടെ കാര്യത്തിൽ അവ ഏതു തരത്തിലൊക്കെയാണ് കുറക്കാൻ സാധിക്കുക എന്നു പരിശോധിക്കുന്നതിന് ഉപകാരപ്പെടും. കമ്പനികൾക്ക് അവരുടെ പാരിസ്ഥിതിക പ്രകടനവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കാനും ഇത് സഹായിക്കും. പാരിസ്ഥിതിക ചെലവുകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള വിവരമായും ഉപയോഗിക്കാം, അടിസ്ഥാനപരമായി, പരിസ്ഥിതി, ഊർജ്ജ മാനേജ്മെന്റിനുള്ള ഫലപ്രദമായ ഉപകരണമാണിത്.

ഒരു വ്യക്തി, കുടുംബം, സ്ഥാപനം, ചടങ്ങ്, സേവനം, ഉല്പന്നം, പ്രദേശം എന്നിവയാൽ നേരിട്ടും അല്ലാതെയും ഉണ്ടാകുന്ന എല്ലാ ഹരിതഗൃഹ വാതകങ്ങളുടെയും ഉൽസർജനം തത്തുല്യമായ ടണ്ണിലുള്ള കാർബൺ ഡൈ ഓക്‌സൈഡായി (tonnes CO2e) പരിവർത്തനം ചെയ്ത് പറയുന്നതിനെയാണ്  കാർബൺ പാദമുദ്ര (carbon footprint) എന്ന് വിളിക്കുന്നത്. ഉപഭോഗവുമായി ബന്ധപ്പെട്ടാണ് ഈ ആശയം പൊന്തി വന്നിട്ടുള്ളത്. എമിഷൻ ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ പരിവർത്തനം നടത്തുക. പ്രാദേശികമായി എമിഷൻ ഘടകങ്ങൾ ലഭ്യമല്ലെങ്കിൽ ദേശീയ പ്രസിദ്ധീകരണങ്ങളിൽ നിന്നോ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ നിന്നോ എടുക്കാം. ഒരു ഉൽപ്പന്നത്തിന്റേയോ സേവനത്തിന്റേയോ ജീവിതകാലത്തെ (ഉൽപ്പാദനം,  ഉപയോഗം, അവസാനം) എല്ലാ ഘട്ടങ്ങളിൽ നിന്നുമുള്ള എമിഷൻ സംഗ്രഹിച്ചാണ് കാർബൺ പാദമുദ്ര. ഉദാഹരണത്തിന്, ഒരു ഉല്പന്നത്തിന്റെ സക്രിയകാലം മുഴുവൻ, അല്ലെങ്കിൽ ജീവിതചക്രം മുഴുവൻ കാർബൺ ഡൈ ഓക്സൈഡ് (CO₂), മീതയിൻ (CH₄), നൈട്രസ് ഓക്സൈഡ് (N₂O) എന്നിവ പോലെയുള്ള GHG-കൾ പുറത്തുവിട്ടേക്കാം. ഓരോന്നിനും അന്തരീക്ഷത്തിൽ ചൂട് പിടിച്ചെടുക്കാനുള്ള കഴിവ് കൂടുതലോ കുറവോ ആണ്. ഈ വ്യത്യാസങ്ങൾ ഓരോ വാതകത്തിന്റെയും  ആഗോളതാപന സാധ്യതയിൽ  (GWP) പ്രതിഫലിക്കും. തൽഫലമായി കാർബൺ ഡൈഓക്സൈഡ് തുല്യതയുടെ (CO₂e) അടിസ്ഥാനത്തിൽ കാർബൺ പദമുദ്രകൾ കണക്കാക്കുന്നു.

കാർബൺ പാദമുദ്രകൾ  അറിയുന്നത് അത് സാധ്യമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും വേണ്ട സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യാൻ ആവശ്യമാണ്. വ്യക്തിഗത കാർബൺ പാദമുദ്രകൾ ഒറ്റരാത്രികൊണ്ട് കുറയ്ക്കാൻ  പറ്റുമെന്ന് വിചാരിക്കരുത്.  ഓരോ വ്യക്തിയും ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ നിന്നാണ് ഇതെല്ലാം ആരംഭിക്കുന്നത്. എങ്ങിനെ സഞ്ചരിക്കുന്നു, ഏത് വാഹനം ഉപയോഗിക്കുന്നു, ഏതാണ് ഇന്ധനം, ഏതൊക്കെ ഭക്ഷണം കഴിക്കുന്നു, വസ്ത്രങ്ങൾ ഏതൊക്കെ, എങ്ങിനെ ഉപയോഗിക്കുന്നു, അലക്കുന്നു,  ഊർജ്ജം പോലെയുള്ള വിഭവങ്ങൾ ഉപയോഗിക്കുന്നു, മറ്റു ഉപഭോഗവസ്തുക്കൾ ഏതൊക്കെ, മാലിന്യങ്ങൾ എത്രമാത്രം ഉണ്ടാക്കുന്നു, കൈകാര്യം ചെയ്യുന്നു എന്നിവയൊക്കെ പ്രധാനമാണ്. നിങ്ങൾ ഉപേക്ഷിക്കുന്ന കാർബൺ പാദമുദ്രയാണ് അല്ലെങ്കിൽ കാൽപ്പാടുകളാണ് നിങ്ങളുടെ വ്യക്തിഗത കാർബൺ പാദമുദ്രകൾ എന്നു മനസ്സിലാക്കുക.

വളരെ കുറച്ചു സമയത്തിനുള്ളിൽ  വ്യക്തിഗത കാർബൺ പാദമുദ്രകൾ കണക്കാക്കാൻ ഇന്റർനെറ്റിൽ നിരവധി സൗജന്യവും ലളിതവുമായ “ആപ്പുകൾ” (കാർബൺ കാൽക്കുലേറ്ററുകൾ) ലഭ്യമാണ്.  തിരഞ്ഞെടുത്ത ആറ് കാർബൺ കാൽക്കുലേറ്റർ ആപ്പുകൾ താഴെ കൊടുത്തിരിക്കുന്നത് കാണുക. സമഗ്രമായവയും പ്രത്യേക കാര്യങ്ങൾക്ക് യോജിച്ചവയുമുണ്ട് (sectoral). ആദ്യം കൊടുത്തിരിക്കുന്നത് United Nations Carbon Offset Platform ൽ കൊടുത്തിരിക്കുന്ന  ഒരു ആപ്പ് ആണ്. ഒരു കുടുംബത്തിന്റെ കാർബൺ പാദമുദ്ര എളുപ്പത്തിൽ കാണുന്നതിന് ഇത് ഉപയോഗിക്കാം. ഭവനത്തിന്റെ തരം, വലിപ്പം, ഊർജ്ജ കാര്യക്ഷമത, ഉപയോഗിക്കുന്ന സഞ്ചാര മാർഗ്ഗങ്ങൾ, മാംസത്തിന്റെയും പ്രാദേശിക ഉൽപന്നങ്ങളുടെയും ഉപഭോഗം, ഭക്ഷ്യ മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ, സാങ്കേതിക വിദ്യ എന്നിവ ഉൾപ്പെടുന്ന നമ്മുടെ ജീവിതശൈലി കണക്കിലെടുക്കണം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇ-അമൃത്(e-amrit)വാഹനയാത്രയുടെ കാർബൺ പാദമുദ്രയാണ് കണക്കു കൂട്ടിത്തരിക. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള കാർബൺ എമിഷനിലെ മെച്ചം കാണിക്കാനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.  ഇവ ഉപയോഗിച്ച് നിങ്ങളുടെ കാർബൺ പാദമുദ്രകൾ കണ്ടെത്താൻ ശ്രമിച്ചു നോക്കൂ!

  1. https://offset.climateneutralnow.org/footprintcalc
  2. https://www.iitk.ac.in/ckc/carbon-calculator/
  3. https://www.tatasustainability.com/
  4. https://www.carbonfootprint.com/calculator.aspx
  5. https://www.nature.org/
  6. https://e-amrit.niti.gov.in/co2-calculator

പ്രതിശീർഷ കാർബൺ ഉൽസർജനം

കാർബൺ പാദമുദ്രയുമായി സാമ്യമുള്ള ഒന്നാണ് ‘പ്രതിശീർഷ ഉൽസർജനം ’ (per capita emission). പക്ഷേ, നല്ല വ്യത്യാസമുണ്ട്, അവ എന്തൊക്കെയാണ് എന്ന് ശരിയായി മനസ്സിലാക്കണം.   പ്രതിശീർഷ ഉൽസർജനം എന്നത് ഒരു രാജ്യത്തൊ, പ്രദേശത്തോ ഉള്ള ഒരു പൌരന്റെ ശരാശരി കാർബൺ ഉൽസർജനത്തെ പ്രതിനിധീകരിക്കുന്നു. മൊത്തം അറ്റ ഉദ്‌വമനത്തെ (നെറ്റ് എമിഷൻ)  ആ രാജ്യത്തിന്റെ ജനസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്നതാണ് പ്രതിശീർഷ ഉൽസർജനം. ഈ ഡാറ്റ ടെറിട്ടോറിയൽ എമിഷനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ, ഇവ വിപണനം ചെയ്യപ്പെടുന്ന ചരക്കുകളിൽ ഉൾച്ചേർത്ത എല്ലാ എമിഷനുകകളെയും കണക്കിലെടുക്കുന്നില്ല. സമ്പത്ത്, ഊർജ്ജ ഉപയോഗം, ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം എന്നിവ ലോകമെമ്പാടും അസമമായി വിതരണം ചെയ്യപ്പെടുന്നു എന്നത് പോലെ തന്നെയാണ് ഹരിത ഗൃഹവാതക ഉൽസർജനവും.  കാർബൺ പുറന്തള്ളൽ രാജ്യങ്ങളിലും തലമുറകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു, അതിലുപരി വരുമാന ഗ്രൂപ്പുകളിലും.

കേരളത്തിലേക്ക് വന്നാൽ കാർബൺ പാദമുദ്രയും പ്രതിശീർഷ ഉൽസർജനവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാകും. നമ്മുടെ ആകെ എമിഷനും നെറ്റ് എമിഷനും ആളോഹരി എമിഷനുമൊക്കെ വളരെ കുറവാണ്. കേരളത്തിൽ ഏകദേശം 47 ശതമാനം കാർബൺ പിടിച്ചുവെക്കൽ ഉള്ളത് ഒരു കാരണം മാത്രമേ ആകുന്നുള്ളൂ. പക്ഷേ, നമ്മുടെ മിക്കവാറും ഉപഭോഗ സാധനങ്ങളും പുറത്ത് നിന്ന് വരുന്നതാണ്. ഭക്ഷ്യ ധാന്യങ്ങൾ, പച്ചക്കറികൾ, വൈദ്യുതി,  സിമന്റ്, ഉരുക്ക്, അലുമിനിയം, തുണികൾ, വാഹനങ്ങൾ, ഇലക്ട്രോണിക് ഉല്പ്പന്നങ്ങൾ, അങ്ങിനെ എന്തെല്ലാം? ഇതൊന്നും നമ്മുടെ ആകെ എമിഷന്റെ കണക്കിൽ വരില്ല, പക്ഷേ, കാർബൺ പാദമുദ്രയിൽ വരും! ഇവിടെയാണ് നമ്മുടെ മുൻഗണനകൾ മാറേണ്ടതിന്റെയും ലളിത ജീവിതത്തിന്റെയും പ്രസക്തി. സാമൂഹികമായി ഏറ്റവും താഴെതട്ടിൽ നില്ക്കുന്നവരെയല്ല ഇക്കാര്യത്തിൽ ഉന്നം വെക്കേണ്ടത്.  മുകളിൽ നിന്ന് തന്നെ തുടങ്ങേണ്ടി വരും! വിമാന യാത്ര, ട്രെയിൻ യാത്ര, കാർ, വിവാഹ ധൂർത്ത്, വലിയ വീട്, ഫാഷൻ, ആഹാരം, വലിച്ചെറിയൽ എന്നിങ്ങനെ കാർബൺ പാദമുദ്രയെ ബാധിക്കുന്ന പലതുമുണ്ട്. പണമുള്ളത് കൊണ്ട്   തോന്നുന്നത് പോലെ ചിലവഴിക്കാം എന്ന് വിചാരിക്കരുത്! വിഭവങ്ങളുടെ ശ്രദ്ധാപൂർവ്വവും ബോധപൂർവവുമായ വിനിയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും നിലവിലെ  ഉപഭോഗശീലം സ്വയം മാറ്റുകയും വേണ്ടിവരും.

പരിസ്ഥിതിക്കുവേണ്ടി ജീവിതശൈലി മാറ്റുക

ഇന്ത്യയുടെ ‘ദേശീയമായി നിശ്ചയിച്ച കാലാവസ്ഥാ നടപടികൾ’ (Nationally Determined Contributions, NDCs) 2022 ഓഗസ്റ്റിൽ പുതുക്കി UNFCC ക്ക് നല്കുകയുണ്ടായി. ആകെയുള്ള എട്ടിനങ്ങളിൽ ആദ്യത്തേതിൽ ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ അഥവാ LIFE (Lifestyle for Environment, LIFE) ഉൾപ്പെടുത്തി.  “പാരമ്പര്യങ്ങളെയും,  സംരക്ഷണം, മിതത്വം എന്നീ മൂല്യങ്ങളെയും അടിസ്ഥാനമാക്കി ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതരീതി മുന്നോട്ട് വെക്കുകയും കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്യുക” എന്ന ആദ്യത്തെ ഇനം ഇങ്ങിനെയാക്കി പരിഷ്കരിച്ചു, “പാരമ്പര്യങ്ങളെയും,  സംരക്ഷണം, മിതത്വം എന്നീ മൂല്യങ്ങളെയും അടിസ്ഥാനമാക്കി ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതരീതി, ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LIFE) എന്ന ബഹുജന പ്രസ്ഥാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഒരു താക്കോലായി  മുന്നോട്ട് വയ്ക്കുകയും കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്യുക”.  പാരമ്പര്യം എന്ന വാക്കിനോട് കേന്ദ്രസർക്കാറിനുള്ള മമത അറിയാമല്ലോ?

ഭാരതീയ പാരമ്പര്യങ്ങളെയും, സംരക്ഷണം, മിതത്വം എന്നീ മൂല്യങ്ങളെയും അടിസ്ഥാനമാക്കി ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതരീതി, ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനുള്ള താക്കോലായി  മുന്നോട്ട് വെക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പക്ഷേ, വെറും ഉപദേശങ്ങളോ ആഗ്രഹങ്ങളോ കൊണ്ടുമാത്രം കാര്യം നടക്കില്ലല്ലോ? ചില ആഗ്രഹങ്ങൾ നടക്കണമെങ്കിൽ ജനങ്ങളുടെ മനോഭാവം മാറണം.

കാർബൺ പാദമുദ്ര കുറയുന്ന ഒരു ജീവിതം നയിക്കാൻ വ്യക്തികളും സമൂഹവും ഏറ്റെടുക്കേണ്ട 75 കടമകളാണ് LiFE ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ, സ്വയം തുടങ്ങുക എന്ന ആശയമാണ് ഇതിന്റെ പിന്നിൽ.  പ്രകൃതിയുമായി സമന്വയിക്കുന്നതും അതിനെ ഉപദ്രവിക്കാത്തതുമായ ഒരു ജീവിതശൈലി പരിശീലിക്കാൻ വ്യക്തികളെയും സമൂഹങ്ങളെയും പ്രേരിപ്പിക്കുക എന്നതാണ് LIFE ലക്ഷ്യമിടുന്നത്. 2022-28 കാലയളവിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വ്യക്തിഗതവും കൂട്ടായതുമായ നടപടിയെടുക്കാൻ കുറഞ്ഞത് 100 കോടി ഇന്ത്യക്കാരടക്കമുള്ള ആഗോള പൗരന്മാരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2028 ഓടെ ഇന്ത്യൻ ഗ്രാമങ്ങളിലും നഗര-തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് 80 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കാൻ ഉദ്ദേശിക്കുന്നു.

ഈ സംരംഭം വിഭവങ്ങളുടെ ശ്രദ്ധാപൂർവ്വവും ബോധപൂർവവുമായ വിനിയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും നിലവിലെ ‘ഉപയോഗിച്ചു വലിച്ചെറിയുക’ എന്ന ഉപഭോഗ ശീലം മാറ്റാൻ ലക്ഷ്യമിടുകയും ചെയ്യുന്നു. കാലാവസ്ഥാ മാറ്റത്തിന്  കാരണമായേക്കാവുന്ന ലളിതമായ മാറ്റങ്ങൾ ദൈനംദിന ജീവിതത്തിൽ സ്വീകരിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ആശയം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലാണ് (2022) ‘മിഷൻ ലൈഫ്’ ആരംഭിച്ചത് എന്നത് പരിഗണിച്ച് 7 വിഭാഗങ്ങളിലായി 75 വ്യക്തിഗത ലൈഫ് പ്രവർത്തനങ്ങളുടെ സമഗ്രമായ  ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഏഴു വിഭാഗങ്ങൾ താഴെക്കൊടുക്കുന്നു (75 വ്യക്തിഗത ലൈഫ് പ്രവർത്തനങ്ങളുടെ ലിസ്റ്റ് കാണുന്നതിന് സന്ദർശിക്കുക: https://missionlife-moefcc.nic.in/assets/pdf/LIFE-Brochure-20102022.pdf).

  1. ഊർജ്ജ സംരക്ഷണം
  2. ജല സംരക്ഷണം
  3. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക
  4. സുസ്ഥിര ഭക്ഷണ സംവിധാനങ്ങൾ സ്വീകരിക്കുക
  5. മാലിന്യം കുറയ്ക്കുക
  6. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക.
  7. ഇ-മാലിന്യം കുറയ്ക്കുക.

പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി അഥവാ ‘ലൈഫ്’ എന്ന ആശയം കൊളളാം, പക്ഷേ, കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനുള്ള ഒരു യഥാർത്ഥ ആയുധം എന്നതിലുപരി, ഇതിലെ ആശയങ്ങൾ  വെറും വാചാടോപമായും വീമ്പിളക്കൽ ആയും അവസാനിക്കാൻ സാധ്യതയുണ്ട്. COP 26 ൽ ഇന്ത്യ കൂടുതൽ സമയവും LIFE നെക്കുറിച്ചുള്ള വാചകമടിക്ക് വേണ്ടിയാണ് സമയം കളഞ്ഞത് എന്ന വിമർശനം അന്നേ ഉണ്ടായിരുന്നു.

LiFE ലെ ‘പ്രവർത്തനങ്ങളുടെ പട്ടിക’ എന്നതിന് കീഴിൽ പരാമർശിച്ചിരിക്കുന്ന 75 പ്രവർത്തനങ്ങൾ നോക്കുകയാണെങ്കിൽ, അവയിൽ ഭൂരിഭാഗവും യഥാർത്ഥ പ്രവർത്തനങ്ങളേക്കാൾ വെറും ‘ആഗ്രഹങ്ങൾ’ മാത്രമാണെന്ന് കാണാൻ പ്രയാസമില്ല. ‘സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗതം ഉപയോഗിക്കുക’, ‘സാധ്യമാകുന്നിടത്തെല്ലാം എലിവേറ്ററിന് പകരം പടികൾ കയറുക’, ‘ട്രെഡ്‌മില്ലിൽ ഓടുന്നതിനുപകരം പുറത്ത് ഓടുക’, ‘ഭക്ഷണം പാഴാക്കുന്നത് തടയാൻ ദിവസേനയുള്ള ഭക്ഷണത്തിന് ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുക’, അല്ലെങ്കിൽ ‘പഴയ വസ്ത്രങ്ങളും പുസ്തകങ്ങളും ദാനം ചെയ്യുക’ തുടങ്ങിയവ ഗൗരവതരമല്ലാത്തതോ വളരെ സാമാന്യവൽക്കരിച്ചതോ ആണെന്ന് കാണാം. അത് പോലെ തന്നെ, ‘ഷോപ്പിംഗിന് പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണി സഞ്ചി ഉപയോഗിക്കുക’, ‘സാധ്യമാകുന്നിടത്തെല്ലാം നിങ്ങളുടെ സ്വന്തം വാട്ടർ ബോട്ടിൽ കൊണ്ടുപോകുക’ എന്നിവ പോലെ അത്ര എളുപ്പല്ല, ‘സാനിറ്ററി നാപ്കിനുകൾക്കു പകരം മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുക’, ‘മുള ടൂത്ത് ബ്രഷുകളും വേപ്പിൻ ചീപ്പുകളും തിരഞ്ഞെടുക്കുക’ തുടങ്ങിയവ.  ഇവയൊക്കെ കാർബൺ എമിഷൻ കുറക്കുമെന്ന കാര്യത്തിൽ സംശയമില്ല, പക്ഷേ, നടപ്പിലാവണമെങ്കിൽ ബോധവൽക്കരണവും  ഉന്നത നിലവാരവും അതേ സമയം വിലക്കുറവുമുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.

വിചാരിക്കുന്നത് പോലെ ലൈഫ് പ്രവർത്തനങ്ങൾ മുമ്പോട്ടു പോയാൽ പ്രയോജനമുണ്ടാകും. ചില ഉദാഹരണങ്ങൾ കാണാം.

  1. കാർ, മോട്ടോർ ബൈക്ക്, തുടങ്ങിയ വാഹനങ്ങളുടെ എഞ്ചിനുകൾ ട്രാഫിക് ലൈറ്റുകൾ, റെയിൽവേ ക്രോസിംഗുകൾ എന്നിവിടുങ്ങളിൽ പ്രവർത്തിപ്പിക്കാതെ നിർത്തിയിടുന്നത് വഴി മാത്രം 22.5 ശതകോടി kWh വരെ ഊർജ്ജം ലാഭിക്കാം.
  2. സജീവമായ ഉപയോഗത്തിലില്ലാത്തപ്പോൾ വാട്ടർ ടാപ്പുകൾ അടയ്ക്കുന്നത് വഴി 9000 ശതകോടി  ലിറ്റർ വെള്ളം വരെ ലാഭിക്കാം.
  3. സാധനങ്ങൾ വാങ്ങുമ്പോൾ പ്ലാസ്റ്റിക് സഞ്ചിക്ക് പകരം തുണിസഞ്ചി ഉപയോഗിച്ചാൽ 375 ദശലക്ഷം ടൺ ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയാനാകും.
  4. പ്രവർത്തിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടുത്തുള്ള ഇ-റീസൈക്ലിംഗ് യൂണിറ്റിൽ നൽകുന്നതിലൂടെ 0.75 ദശലക്ഷം ടൺ ഇ-മാലിന്യം വരെ റീസൈക്കിൾ ചെയ്യാൻ കഴിയും.
  5. വീട്ടിൽ പാഴായ ഭക്ഷണം കമ്പോസ്‌റ്റ് ചെയ്ത് ജൈവവളമാക്കുന്നതിലൂടെ  15 ശതകോടി ടൺ ഭക്ഷ്യവസ്തുക്കൾ വെറുതെ മണ്ണിൽ കുഴിച്ചു മൂടുന്നത്  ഒഴിവാക്കാനാകും.

പ്രവർത്തനങ്ങളുടെ പട്ടികയിൽ കൊടുത്തിരിക്കുന്ന 75ഉം ഒരേ സ്വഭാവമുള്ളവയല്ല.  സ്വാതന്ത്ര്യത്തിന്റെ വജ്ര ജുബിലി പ്രമാണിച്ച് 75 എണ്ണം ഒപ്പിച്ചത് പോലെ തോന്നും, ആവർത്തനവും ഉണ്ട്. ആകെ 21 ടാസ്ക്കകളുമായി 21 ദിവസ മിഷൻ ലൈഫ് ചലഞ്ച് ഒക്കെ ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റുകളും കൊടുത്തിരുന്നു. ആളുകൾ ഗൌരവമായി എടുക്കുന്നില്ല എന്ന് കണ്ടത് കൊണ്ടാകും ചലഞ്ച് നിർത്തി വെച്ചിരിക്കയാണ്.

വ്യക്തിഗത കാർബൺ പാദമുദ്രകൾ എങ്ങിനെ കുറയ്ക്കാം? 

പരിസ്ഥിതിക്കുവേണ്ടി ജീവിതശൈലിയിൽ താഴെപ്പറയുന്ന പ്രധാനപ്പെട്ട 10 കാര്യങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചാൽ നിങ്ങളുടെയും, കുടുംബത്തിന്റെയും കാർബൺ പാദമുദ്രകൾ  ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇവ എല്ലാവരും ഉൾക്കൊണ്ട് പാലിക്കാൻ തുടങ്ങിയാൽ ഫലം അത്ഭുതാവാഹമായിരിക്കും! പക്ഷേ, ആഗോളതലത്തിൽ, ഏറ്റവും ഉയർന്ന വരുമാനമുള്ള ലോക ജനസംഖ്യയുടെ 10 ശതമാനമാണ് കാർബൺ ഉൽസർജനത്തിന്റെ ഏകദേശം പകുതിക്കും ഉത്തരവാദികൾ എന്നത് മറക്കണ്ട. ഇവരിൽ മൂന്നിൽ രണ്ടും വികസിത രാജ്യങ്ങളിൽ താമസിക്കുന്നവരാണ്! ഏറ്റവും താഴെ വരുമാനമുള്ള ലോകജനസംഖ്യയുടെ 50 ശതമാനം ആളുകൾ മൊത്തം ഉദ്‌വമനത്തിന്റെ 12 ശതമാനത്തിന് മാത്രമാണ് ഉത്തരവാദികൾ! അതായത്, ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഭൂരിഭാഗവും ആദ്യത്തെ പകുതിക്കാണ് ബാധകം,  അവരാണ് ആദ്യം മാറേണ്ടത്. ശതകോടിശ്വരന്മാർ ഇഷ്ടംപോലെ  പണമുണ്ട് എന്ന ‘ന്യായം’ പറഞ്ഞ് കൊണ്ട് വിവാഹം പോലുള്ള ചടങ്ങുകൾക്ക് ശതകോടികളൊക്കെ ചിലവാക്കാൻ തുടങ്ങിയാൽ LIFE ഒക്കെ കട്ടപ്പുറത്ത് ഇരിക്കുകയേ ഉള്ളൂ .

1. ഗാർഹിക ഊർജഉപയോഗം കുറയ്ക്കുക. 

അകത്തളങ്ങളുടെയും മുറികളുടെയും എയർ കണ്ടീഷനിംഗും ചൂടാക്കലും നിയന്ത്രിക്കുകയാണ് ആദ്യമേ ചെയ്യേണ്ടത്. ഗാർഹിക ആവശ്യങ്ങൾക്കും മറ്റും ആവശ്യമുള്ള ഊർജ്ജം  സോളാർ പാനലുകൾ സ്ഥാപിച്ചുകോണ്ട് സൗരോർജ്ജത്തിൽ നിന്നു ലഭ്യമാക്കാം.  ഇതിന് സർക്കാർ നല്കുന്ന ധനസഹായം വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തണം.  വീടുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഊർജ്ജ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഉപകരണങ്ങൾ മാത്രം വാങ്ങുക. വൈദ്യതി ഉപകരണങ്ങളിൽ പതിപ്പിച്ചിരിക്കുന്ന ഊർജ സംരക്ഷണ കോഡുകൾ (നക്ഷത്രങ്ങൾ) പലരും ശ്രദ്ധിച്ചിരിക്കും, ഏറ്റവുമധികം ഊർജം ലാഭിക്കാൻ സഹായിക്കുന്നത് അഞ്ച് നക്ഷത്രങ്ങൾ ഉള്ളവയാണ്. ഇവയൊക്കെ വൈദ്യുതി ഇനത്തിൽ  പണം ലാഭിക്കാനുമുതകും.

2. ഭക്ഷണക്രമത്തിൽ മാറ്റം കൊണ്ടു വരിക 

ആഗോളതലത്തിൽ കൃഷിയുടെ ആകെ ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ 22 ശതമാനം എന്ന് പറയുന്നതിൽ 11.1 ശതമാനം  കന്നുകാലികളാണ് സൃഷ്ടിക്കുന്നത് (ഇന്ത്യയിൽ – കൃഷിയാകെ  13.44%,  കന്നുകാലി വളർത്തൽ 8%; കേരളത്തിൽ – കൃഷിയാകെ 7%; കന്നുകാലി വളർത്തൽ 5%). വ്യക്തികളുടെ കാർബൺ ആഘാതം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗം ഭക്ഷണത്തിൽ മാംസവും പാലുൽപ്പന്നങ്ങളും കുറയ്ക്കുക എന്നതാണ്, പ്രത്യേകിച്ച് ഗോമാംസവും ആട്ടിറച്ചിയും പോലുള്ള ചുവന്ന മാംസം. ഒരു കിലോഗ്രാം മാട്ടിറച്ചി ഉൽപ്പാദിപ്പിക്കുന്നതിനു 25 കിലോഗ്രാം ധാന്യവും 15,497 ലിറ്റർ ജലവും വേണ്ടിവരുമെന്നാണ് കണക്ക്. പൂർണ്ണമായും ‘വീഗൻ’ (vegan) ആവണമെന്നില്ല, ഭക്ഷണ ക്രമത്തിൽ കൂടുതൽ സസ്യജന്യ വസ്തുക്കൾ ഉൾപ്പെടുത്തിയാലും മതി. ലോകത്തിലെ കാർഷിക ഭൂമിയുടെ നല്ലൊരു പങ്ക് (വികസിത രാജ്യങ്ങളിൽ 60 ശതമാനം വരെ) കന്നുകാലി മേയ്ക്കലിനായി ഉപയോഗിക്കുന്നു. ആഹാരരീതി മാറ്റുന്നത് വഴി ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, കാൻസർ തുടങ്ങിയ പല ജീവിതശൈലി രോഗങ്ങളെയും വരുതിയിൽ  കൊണ്ടുവരാനും സാധിക്കും.

3. ഭക്ഷണം പാഴാക്കരുത്

ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ആകെ ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഓരോ വർഷവും നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്നു. യു.എൻ.ഇ.പി.യുടെ ഫുഡ് വേസ്റ്റ് ഇൻഡക്സ് റിപ്പോർട്ട് 2024 അനുസരിച്ച്, ആഗോളതലത്തിൽ, 2022ൽ ലോകം പാഴാക്കിയത് 105 കോടി ടൺ ഭക്ഷണമാണ് (https://www.unep.org/resources/publication/food-waste-index-report-2024). 2022-ൽ പാഴാക്കിയ മൊത്തം ഭക്ഷണത്തിൽ 60 ശതമാനത്തിനും കുടുംബങ്ങളാണ് ഉത്തരവാദികൾ. പ്രതിവർഷം ശരാശരി 79 കിലോ ഭക്ഷണമാണ് ഓരോ വ്യക്തിയും പാഴാക്കുന്നത്. ഈ പാഴാക്കൽ  ആഗോള ഹരിതഗൃഹ വാതക എമിഷന്റെ 8-10 ശതമാനത്തിന് ഉത്തരവാദിയാണ്. ലോകത്ത് 78.3 കോടി ആളുകൾ പട്ടിണി കിടക്കുമ്പോഴും മനുഷ്യരാശിയുടെ മൂന്നിലൊന്ന് ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുമ്പോഴും ഇത് സംഭവിക്കുന്നു എന്നത് അംഗീകരിക്കാനാകില്ല.

നമുക്ക് ആവശ്യമുള്ളത് മാത്രം വാങ്ങി അവശിഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുക. വാങ്ങുന്ന ഭക്ഷ്യോൽപ്പന്നത്തിന്റെ  എല്ലാ ഭക്ഷ്യയോഗ്യമായ ഭാഗങ്ങളും പ്രയോജനപ്പെടുത്തുക. ഭക്ഷണം ശരിയായി സംഭരിക്കുക, സൂക്ഷിച്ച് വെക്കുക.  വിവാഹം പോലുള്ള ചടങ്ങുകളിൽ ഭക്ഷണം പാഴാക്കാതെയിരിക്കാൻ  പ്രത്യേകം ശ്രദ്ധ വേണം. വീട്ടിൽ മിച്ചം വരുന്നതു സുഹൃത്തുക്കളുമായും അയൽക്കാരുമായും പങ്കിടുകയും ഭക്ഷണം പങ്കിടൽ പദ്ധതികൾ രൂപീകരിച്ചു സംഭാവന നൽകുകയും ചെയ്യുക. ഭക്ഷ്യയോഗ്യമല്ലാത്ത അവശിഷ്ടങ്ങളിൽ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കി നിങ്ങളുടെ പൂന്തോട്ടത്തിന് വളമിടാൻ ഉപയോഗിക്കാം. പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനൊപ്പം ജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മർഗ്ഗങ്ങളിലൊന്നാണ് കമ്പോസ്റ്റിംഗ്.

4. കുറച്ച് ഡ്രൈവ് ചെയ്യുക, കുറച്ച് മാത്രം പറക്കുക.  

ആഗോള ഹരിതവാതക ബഹിർഗമനത്തിന്റെ നാലിലൊന്നിന് ഗതാഗതമാണ് ഉത്തരവാദി. കേരളത്തിൽ 48.5 ശതമാനം! പൊതു ഗതാഗതം,  സൈക്കിൾ, അല്ലെങ്കിൽ കാൽനടയാത്ര തുടങ്ങിയ സുസ്ഥിര ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും പരിസ്ഥിതി സൗഹൃദമായ വാഹനങ്ങൾ വാങ്ങുകയും ചെയ്യുക. നിങ്ങളുടെ കാർ വീട്ടിൽ ഉപേക്ഷിച്ച് സാധ്യമാകുമ്പോഴെല്ലാം നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുക. നീണ്ടയാത്രയാണെങ്കിൽ  പൊതുഗതാഗതം തിരഞ്ഞെടുക്കുക.  നിങ്ങൾ ഡ്രൈവ് ചെയ്യേണ്ടതുണ്ടെങ്കിൽ, മറ്റുള്ളവരുമായി കാർപൂൾ ചെയ്യാൻ ശ്രമിക്കുക. ഫോസിൽ ഇന്ധനകാറുകൾക്ക് പകരം ഇലക്ട്രിക് കാർ വാങ്ങുക, അത് തന്നെ ഗ്രീൻ എനർജിയിൽ ഓടുന്നവയാണെങ്കിൽ അത്രയും നന്ന്.  വിമാനയാത്രകൾ കഴിവതും ചുരുക്കണം. വ്യോമയാന മേഖല പ്രതിവർഷം ഏകദേശം 100 കോടി ടൺ CO2 ഉദ്‌വമനം നടത്തുന്നു. ആകെ കാർബൺ എമിഷന്റെ 2.5 ശതമാനം വരുമിത്.  2013 മുതൽ 2019 വരെ, വ്യോമയാന മേഖലയിൽ നിന്നുള്ള ഉദ്‌വമനം 30 ശതമാനം വർധിച്ചതായി ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ റിപ്പോർട്ട് പറയുന്നു.

5. വസ്ത്രങ്ങളിൽ മിതത്വം പാലിക്കുക

ഫാഷൻ വ്യവസായം, എല്ലാ വസ്ത്രങ്ങളുടെയും ഉത്പാദനം ഉൾപ്പെടെ, അതിന്റെ നീണ്ട വിതരണ ശൃംഖലയും ഊർജ്ജതീവ്രമായ ഉൽപാദനവും കാരണം ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 10 ശതമാനത്തോളം  സംഭാവന ചെയ്യുന്നുവെന്നാണ് കണക്ക്! വ്യോമയാന, ഷിപ്പിംഗ് വ്യവസായം എന്നിവയെക്കാൾ കൂടുതൽ ഊർജ്ജം ഫാഷൻ വ്യവസായം ഉപയോഗിക്കുന്നു! കൂടാതെ, ഇത് ധാരാളം വെള്ളവും ഉപയോഗിക്കുന്നു. ഒരു ജോഡി ജീൻസിനാവശ്യമായ ഒരു കിലോ പരുത്തി ഉല്പ്പാദിപ്പിക്കാൻ  ഏകദേശം 10,000 ലിറ്റർ വെള്ളം ആവശ്യമാണ്. മൊത്തത്തിൽ, ഫാഷൻ വ്യവസായം ആഗോള മലിനജലത്തിന്റെ 20 ശതമാനം ഉത്പാദിപ്പിക്കുന്നു.

ഈ പ്രവണതകൾ വ്യക്തികൾ മനസ്സുവെച്ചാൽ മാറ്റിയെടുക്കാം. പുതിയ വസ്ത്രങ്ങൾ കുറച്ച് മാത്രം വാങ്ങുക, കൂടുതൽ സമയം ധരിക്കുക. സുസ്ഥിരമായ ലേബലുകൾ തേടുകയും പ്രത്യേക അവസരങ്ങളിൽ ഒരിക്കൽ മാത്രം ധരിക്കുന്ന വസ്ത്രങ്ങൾക്ക് വാടക സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങൾ റീമോഡൽ ചെയ്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ചെറിയ ഒരു കേടുണ്ടാകുമ്പോഴേ വലിച്ചെറിയുന്നതിനു പകരം നന്നാക്കി ഉപയോഗിക്കുന്നതും പ്രോൽസാഹിപ്പിക്കപ്പെടണം. ഉദാഹരണത്തിന്, വസ്ത്രത്തിലെ ചെറിയ പിഴവുകൾ കാണുന്നപാടെ  ഉപേക്ഷിക്കുന്നതിന് പകരം പിഴവ് പരിഹരിച്ച് നിങ്ങളുടെ ആഘാതം പരിമിതപ്പെടുത്താം. ഇതിന് ഉദ്ദേശമില്ലെങ്കിൽ വെറുതെ വലിച്ചെറിയാതെ ആവശ്യമുള്ളവർക്ക്   സംഭാവന ചെയ്യുക.

6. ജലം ലാഭിക്കുക 

ഇന്ത്യയുടെ വരൾ, അർദ്ധവരൾ മേഖലകളിൽ ജലക്ഷാമം രൂക്ഷമാണ് . വ്യക്തിപരമായും കൂട്ടായും ചെയ്യാവുന്ന കാര്യങ്ങൾ നിരവധിയുണ്ട്. ചില ഉദാഹരണങ്ങൾ മാത്രം ഇവിടെ പറയുന്നു. അടുക്കളയിൽ പാത്രങ്ങളും പച്ചക്കറികളും മറ്റും കഴുകിയശേഷമുള്ള ജലം ശേഖരിച് ചെടികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും ഉപയോഗിക്കുക. ഓരോ തവണയും ടാപ്പുകളിൽ ശുദ്ധജലം വരുമ്പോൾ നേരത്തെ സംഭരിച്ച വെള്ളം വലിച്ചെറിയരുത്. ഫ്ലഷുകൾ, ടാപ്പുകൾ, വാട്ടർ പൈപ്പുകൾ എന്നിവയിലെ ചോർച്ച പരിഹരിക്കുക. ടാപ്പുകൾ, ഷവർഹെഡുകൾ, ടോയ്‌ലറ്റ് ഫ്ലഷ് യൂണിറ്റുകൾ എന്നിവയ്‌ക്കായി ജല-കാര്യക്ഷമമായ ഫിക്‌ചറുകൾ ഉപയോഗിക്കുക. പതിവായി ജല ഉപഭോഗം അളക്കാൻ നിങ്ങളുടെ വീടിന് ഒരു വാട്ടർ മീറ്റർ സ്ഥാപിക്കുക.  കുറച്ച് വെള്ളം മാത്രം പാഴാക്കുന്ന ജല ശുദ്ധീകരണ സംവിധാനത്തിന് മുൻഗണന നൽകുക. കാര്യക്ഷമമായ ജലസംരക്ഷണ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക.  മഴ കുറഞ്ഞ സ്ഥലങ്ങളിൽ വീടുകളിലും, സ്കൂളുകളിലും  ഓഫീസുകളിലുമൊക്കെ മഴവെള്ള സംഭരണ സൗകര്യങ്ങൾ സൃഷ്ടിക്കാം.

7. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറക്കുക  

ലോകമെമ്പാടും 430 ദശലക്ഷം ടൺ പ്ലാസ്റ്റിക് വർഷം തോറും ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതിൽ പകുതിയും ഒരിക്കൽ മാത്രം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, പക്ഷേ, 10 ശതമാനത്തിൽ താഴെ മാത്രമാണ് റീസൈക്കിൾ ചെയ്യുന്നത്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് നിർമ്മിക്കുന്നത്.  കൂടുതൽ ഫോസിൽ ഇന്ധനം ഉപയോഗിച്ചാലേ കൂടുതൽ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കാൻ കഴിയൂ. ഇത് കാലാവസ്ഥാ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നു. ഉൽപ്പാദിപ്പിക്കുന്ന എല്ലാ പ്ലാസ്റ്റിക്കുകളുടെയും ഏകദേശം 36 ശതമാനവും പാക്കേജിംഗിൽ ഉപയോഗിക്കുന്നു. ഭക്ഷണ പാനീയ പാത്രങ്ങൾക്കുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉൾപ്പെടെ, ഏകദേശം 85 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലോ അനിയന്ത്രിതമായ മാലിന്യങ്ങളായോ അവസാനിക്കുന്നു

പ്ലാസ്റ്റിക് മലിനീകരണ പ്രതിസന്ധി പ്രധാനമായും ഉണ്ടാകുന്നത് നിലവിൽ  പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കപ്പെടുകയും, ഉപയോഗിക്കുകയും (പലപ്പോഴും ഒരിക്കൽ മാത്രം), ഉപേക്ഷിക്കുകയും ചെയ്യുന്നു എന്ന വസ്തുതയിൽ നിന്നാണ്. പ്ലാസ്റ്റിക് ക്യാരി ബാഗാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ പ്രമുഖം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മൂലമുണ്ടാകുന്ന മലിനീകരണം പരിഹരിക്കുന്നത് എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പാരിസ്ഥിതിക വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇത്തരം പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും ദോഷകരമായി ബാധിക്കുകയും പർവതശിഖരങ്ങൾ മുതൽ സമുദ്രത്തിന്റെ അടിത്തട്ട് വരെയുള്ള എല്ലാ ആവാസവ്യവസ്ഥയെയും മലിനമാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക്ക് സഞ്ചികളുടെ കാര്യത്തിൽ കർശനമായ മിതത്വം പാലിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം.

8. മാലിന്യങ്ങൾ കുറയ്ക്കുക.

ഹരിതഗൃഹ വാതക കണക്കെടുപ്പുകളിൽ മാലിന്യങ്ങളുടെ കാർബൺ എമിഷൻ പ്രത്യേകമായി റിപ്പോർട്ട് ചെയ്യാറുണ്ട്. ഇന്ത്യയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം  2019 ൽ മാലിന്യം എന്ന മേഖലയിൽ നിന്ന്  2.34 ശതമാനം (73.2 MtCO2e)  എമിഷനാണ് ഉണ്ടായത്. കേരളത്തിൽ ശതമാനക്കണക്കിൽ നോക്കിയാൽ ഇതിലും വലിയ അളവാണ്, 8.0 ശതമാനം  (1.75 MtCO2e). മാത്രമല്ല,  കേരളത്തിൽ 79 ശതമാനത്തിന് ഉത്തരവാദിയായ ഊർജ മേഖല കഴിഞ്ഞാൽ രണ്ടാം സ്ഥാനം മാലിന്യ മേഖലക്കാണ്.  മാലിന്യങ്ങൾ കുറയ്ക്കുക എന്നത് ജീവിത ശൈലയുടെ ഭാഗമായി വരണം. ‘നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം’ എന്നു മനസ്സിലാക്കുക. മാലിന്യസംസ്കരണവുമായി  ബന്ധപ്പെട്ട ശാസ്ത്രീയ മർഗ്ഗങ്ങൾ അവലംബിക്കുക. ജൈവ മാലിന്യങ്ങൾ  കമ്പോസ്റ്റ് ആക്കി മാറ്റി വളമായി ഉപയോഗിക്കാം. മറ്റ് അജൈവ മാലിന്യങ്ങൾക്ക് ചേരുന്ന  വിധത്തിൽ ‘refuse, reuse, recycle’  രീതികൾ അവലംബിക്കണം. ഇതൊക്കെ വ്യക്തിയിൽ നിന്ന് തന്നെ തുടങ്ങേണ്ടതാണ്.

9. വാങ്ങുന്നതിനുമുമ്പ് ചിന്തിക്കുക, ആവശ്യമെങ്കിൽ മാത്രം വാങ്ങുക. 

സാധനങ്ങൾ വെറുതെ വാങ്ങികൂട്ടുന്നതിന് പകരം ആവശ്യം നോക്കി വാങ്ങുക. അത് പോലെ തന്നെ,  കൂടുതൽ കാലം നിലനിൽക്കുമെന്ന് കരുതുന്ന ഉയർന്ന നിലവാരമുള്ള ഇനങ്ങൾ മാത്രം തിരഞ്ഞെടുക്കുക. കടലാസ്സ് പാഴാക്കുന്നത് കുറയ്ക്കുക. ബില്ലുകൾ, മെയിലുകൾ, ഗ്രീറ്റിംഗ് കാർഡുകൾ, മറ്റ് ആശയവിനിമയങ്ങൾ എന്നിവക്ക് ഇലക്ട്രോണിക് മീഡിയം ഉപയോഗിക്കുന്നത് വഴി കടലാസ്സിന്റെ ഉപയോഗം കുറക്കാം.

10. ഉത്തരവാദ ഉപഭോഗം പ്രോൽസാഹിപ്പിക്കുക. 

പ്രാദേശിക ഉൽ‌പ്പന്നങ്ങളെയും സുസ്ഥിര ഉൽ‌പാദനത്തെയും അടിസ്ഥാനമാക്കിയാവണം ഉപഭോഗം. നിങ്ങളുടെ ഭക്ഷണത്തിന്റെ കാർബൺ പാദമുദ്ര കുറയ്ക്കുന്നതിന്, പ്രാദേശികമായി ലഭിക്കുന്നതും സീസൺ അനുസരിച്ച് ലഭിക്കുന്നതുമായ ഭക്ഷ്യവിഭവങ്ങൾ മാത്രം വാങ്ങുക. ഈ രീതിയിൽ നിങ്ങളുടെ പ്രദേശത്തെ ചെറുകിട ബിസിനസുകാരെയും കൃഷിക്കാരെയും  സഹായിക്കാനും ഗതാഗതം, കോൾഡ് ചെയിൻ സ്റ്റോറേജ് എന്നിവയുമായി ബന്ധപ്പെട്ട ഫോസിൽ ഇന്ധന ഉദ്‌വമനം കുറക്കാനും കഴിയും.

കാർബൺ പാദമുദ്രയെക്കുറിച്ച് സംസാരിക്കുക 

കാർബൺ മലിനീകരണം കുറയ്ക്കാൻ നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും കാർബൺ പാദമുദ്രയയെക്കുറിച്ച് സംസാരിക്കുക. ജീവിത രീതിയിൽ മാറ്റം കൊണ്ടുവരേണ്ടതിനെക്കുറിച്ചും,  കാർബൺ എമിഷൻ കുറച്ച്കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയും അവ എങ്ങിനെയൊക്കെ ചെയ്യാമെന്നും ചർച്ച ചെയ്യുക. വീട്ടിൽ, ഓഫീസിൽ, പൊതു സ്ഥലത്ത് എന്നിങ്ങനെ ചെയ്യാവുന്ന പലതുമുണ്ട്. കാർബൺ പാദമുദ്രയയെക്കുറിച്ചുള്ള ഒരു പൊതു അവബോധം എല്ലാവരിലും ഉണ്ടാകണം.

വ്യക്തി, കുടുംബം, സമൂഹം എന്നീ നിലകളിലുള്ള പൊതുജനങ്ങളുടെ ജീവിതരീതിയിലും   പെരുമാറ്റത്തിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴി മാത്രം പാരിസ്ഥിതിക, കാലാവസ്ഥാ പ്രതിസന്ധികളെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിയും. കഴിക്കുന്ന ഭക്ഷണം, വസ്ത്രം, ജലം, മറ്റ് ഉപഭോക്തൃ സാധനങ്ങൾ, യാത്ര, മാലിന്യം കൈകാര്യം ചെയ്യൽ, തുടങ്ങി വ്യക്തികൾക്കും സമൂഹത്തിനും സ്വന്തം കാർബൺ പാദമുദ്ര കുറയ്ക്കാൻ ഇടപെടലുകൾ ധാരാളമുണ്ട്. കഴിയുന്നിടത്തോളം ജനങ്ങൾ  കാർബൺ പാദമുദ്രയുടെ കാര്യത്തിൽ ശരിയായ തീരുമാനങ്ങളുമായി മുമ്പോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം.

CLIMATE DIALOGUE

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ക്യാൻസർ ചികിത്സയ്ക്ക് വയർലസ്സ് ഉപകരണം
Next post സീറ്റ് ബെൽറ്റും തുളുമ്പാത്ത കാപ്പിയും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 6
Close