Read Time:11 Minute


ഡോ. ജയശങ്കർ സി.ബി
സീനിയർ റിസർച്ച് എഞ്ചിനീയർ, Center for Study of Science, Technology and Policy, Bengaluru.

‘ലാ നിന’ എന്ന പ്രതിഭാസം എത്തിയതായി അമേരിക്കൻ ഏജൻസി National Oceanic and Atmospheric Administration (NOAA) സ്ഥിരീകരിച്ചു. വരും മാസങ്ങളിൽ ഈ അവസ്ഥ തുടരാൻ ~75% സാധ്യത. സാധാരണ ‘എൽ നിനോ’ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ‘ലാ നിന’ പ്രതിഭാസം അനുകൂലമായും ബാധിക്കുന്നു. പക്ഷെ ശീതകാലത്തെ ‘ലാ നിന’ അടുത്ത വർഷത്തെ ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

എന്താണ് ‘എൽ നിനോ’, ‘ലാ നിന’ പ്രതിഭാസങ്ങൾ?

സ്പാനിഷ് ഭാഷയില്‍ ‘എൽ നിനോ’ (El Nino) എന്നാൽ ‘ചെറിയ ആണ്‍കുട്ടി’ അഥവാ ‘ഉണ്ണിയേശു’ എന്നാണർത്ഥം. അസാധാരണമായി എക്വഡോറിന്റെയും വടക്ക്‌ പെരുവിന്റെയും തീരപ്രദേശത്തെ ശാന്തസമുദ്രം ചൂടുപിടിക്കുന്ന ഈ പ്രതിഭാസം, 1600-കളിൽ തെക്കെ അമേരിക്കൻ തീരാപ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് ആദ്യം തിരിച്ചറിഞ്ഞത്. സമുദ്രജലം ചൂടുപിടിക്കുന്ന ഈ പ്രതിഭാസം ക്രസ്തുമസ്സ് കാലത്തിനോടനുബന്ധിച് രൂപപെടുന്നതു ശ്രദ്ധിക്കപ്പെട്ടതിനാലാണ് ഉണ്ണിയേശു എന്ന പേരുണ്ടായത്. എൽനിനോ പ്രതിഭാസം കാരണം ഈ രണ്ടു രാജ്യങ്ങളുടെയും വരണ്ട തീരപ്രദേശത്ത്‌ ധാരാളം മഴ ലഭിക്കുന്നു. ഇതിനു വിപരീതമായി സാധാരണ താപനിലയിൽ നിന്നും കുറവ് അനുഭവപെടുന്ന പ്രതിഭാസത്തെ ‘ലാ നിന’ (La Nina, ചെറിയ പെൺകുട്ടി) എന്ന് വിളിക്കുന്നു.

എൽനിനോയും ലാനിനായും, എൻസോ അഥവാ എൽ നിനോ സതേണ്‍ ഓസിലേഷന്‍ (ENSO) എന്ന ചക്രത്തിന്റെ രണ്ടു വിപരീത ഘട്ടങ്ങളാണ്. ശാന്തസമുദ്രത്തിന്റെ ഭൂമധ്യരേഖയ്‌ക്കടുത്തുള്ള കിഴക്കു-മധ്യഭാഗത്തെ അന്തരീക്ഷവും സമുദ്രവും തമ്മിലുള്ള താപനിലയിലുണ്ടാകുന്ന ക്രമാതീതമായ വ്യതിയാനത്തെ (കൂടുകയും കുറയുകയും) ശാസ്ത്ര സമൂഹം എൻസോ എന്ന് വിളിക്കുന്നു. ‘ലാ നിന’ എന്നത് എൻസോയുടെ തണുത്ത ഘട്ടവും (താപനില സാധാരണ നിലയിൽനിന്നും കുറയുക), ‘എൽ നിനോ’ എന്നത് എൻസോയുടെ ചൂടുള്ള ഘട്ടവും (താപനില സാധാരണ നിലയിൽനിന്നും കൂടുക) ആണ്.

‘എൽ നിനോ’ ‘ലാ നിന’ പ്രതിഭാസങ്ങൾ രൂപപ്പെട്ടതിനു ശേഷം സാധാരണയായി 10 മുതൽ 12 മാസം വരെ നീണ്ടു നിൽക്കാറുണ്ട്, എന്നാൽ ചില വർഷങ്ങളിൽ 18 മാസംവരെ ഈ അവസ്ഥ നീണ്ടുനിൽക്കാറുണ്ട്. മിക്കവാറും ഇവയുടെ ആവൃത്തി ക്രമരഹിതമാണ്, എങ്കിലും രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ നീളുന്ന ഇടവേളകളിലാണ് ശാന്തസമുദ്രത്തില്‍ ‘എൽ നിനോ’ രൂപപ്പെടുക. ശക്തമായ ‘എൽ നിനോ’ ആ പ്രദേശത്തെ പാരിസ്ഥിതിക മഹാവിപത്തിനു കാരണമാകാറുണ്ട്. ‘എൽ നിനോ’ രൂപംകൊള്ളുന്ന വർഷങ്ങളുടെ ആവർത്തി ‘ലാ നിന’ വർഷങ്ങളേക്കാൾ കൂടുതലാണ്.

സാധാരണ സ്ഥിതിയിൽ, കിഴക്കു ശാന്തസമുദ്രത്തിൽ ഉയർന്നമർദ്ദവും പടിഞ്ഞാറു ശാന്തസമുദ്രത്തിൽ കുറഞ്ഞമർദ്ദവും കാരണം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന ശക്തമായ ‘വാണിജ്യവാതങ്ങള്‍’ (trade winds) രൂപംകൊള്ളുന്നു. എന്നാൽ ‘എൽ നിനോ’ക്കാലത്ത് ശാന്തസമുദ്രത്തിന്റെ ഭൂമധ്യരേഖയ്‌ക്കടുത്തുള്ള കിഴക്കു-മധ്യഭാഗം അകാരണമായി ചൂടുപിടിക്കാന്‍ തുടങ്ങും. ഈ ചൂടുപിടിക്കൽ കാരണം അന്തരീക്ഷ മർദ്ദവ്യത്യസം കുറയുന്നതിനാൽ, കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ ദുര്‍ബലമാവുന്നു. ഇത് പാഞ്ഞാറുനിന്നുള്ള ചൂടുള്ള സമുദ്രജലം കിഴക്കുഭാഗത്തേക്ക് തുളച്ചു കയറാൻ കാരണമാകുന്നു. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരപ്രദേശത്തെ ജലത്തിൽ പുഷ്‌ടിപ്രദമായ ആഹാരം ലഭിക്കുന്നതിനാൽ ധാരാളം മത്സ്യങ്ങൾ കാണപ്പെട്ടിരുന്നു. എന്നാൽ ‘എൽ നിനോ’ കാരണം ഉണ്ടാക്കുന്ന ചൂടുവെള്ളത്തിന്റെ തള്ളിക്കയറ്റം പെറു തീരപ്രദേശത്തെ മൽസ്യങ്ങൾ അപ്രത്യക്ഷമാകാൻ കാരണമാകുകയും, ഇതു മത്സ്യത്തൊഴിലാളികളെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

‘എൽ നിനോ’ ‘ലാ നിന’ പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ ഗതിയിൽ നിന്നും അന്തരീക്ഷത്തിന്റെയും സമുദ്രത്തിന്റെയും അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കടപ്പാട് doi.org/10.1002/wea.3404

രൂപപ്പെടുന്നത് ശാന്തസമുദ്രത്തിലാണെങ്കിലും, ആഗോളകാലാവസ്ഥയെ ആകെ തകിടം മറിക്കാനുള്ള ശേഷി ‘എൽ നിനോ’യ്ക്കുണ്ട്. ‘എൽ നിനോ’ വർഷങ്ങളിൽ പല രാജ്യങ്ങളും കൊടിയ വരൾച്ച, പെട്ടന്നുള്ള പ്രളയം, കാട്ടുതീ, അസാധാരണ ശൈത്യം എന്നിവ നേരിടേണ്ടി വരുന്നു. സാധാരണഗതിയില്‍ മഴ ലഭിക്കുന്ന രാജ്യങ്ങള്‍ കൊടുംവരള്‍ച്ച നേരിടേണ്ടിവരും. ചൂടുള്ള കാലാവസ്ഥ അനുഭവിക്കുന്ന മേഖലകള്‍ ശൈത്യത്തിന്റെയും പ്രളയത്തിന്റെയും കെടുതി അനുഭവപെടും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, കാട്ടുതീയും വരള്‍ച്ചയും ശക്തിയാര്‍ജിക്കും. ഫിലിപ്പീന്‍സും ഇന്‍ഡൊനീഷ്യയും ഉള്‍പ്പെട്ട പെസഫിക്കിന്റെ പടിഞ്ഞാറന്‍ മേഖല ചുഴലിക്കൊടുങ്കാറ്റുകളാൽ (ടൈഫൂണുകള്‍) കഷ്ടതയിലാകും.

എൽ നിനോ’ പ്രതിഭാസം ഏതൊക്കെ രീതിയിൽ ലോകത്തിന്റെ ഏതൊക്കെ ഭാഗത്തു ആഘാതം സൃഷ്ടിക്കുന്നു എന്ന് കാണിക്കുന്നു കടപ്പാട് NOAA Climate.gov

 

‘ലാ നിന’ പ്രതിഭാസം ഏതൊക്കെ രീതിയിൽ ലോകത്തിന്റെ ഏതൊക്കെ ഭാഗത്തു ആഘാതം സൃഷ്ടിക്കുന്നു എന്ന് കാണിക്കുന്നു കടപ്പാട് NOAA Climate.gov

‘എൽ നിനോ’ ഇന്ത്യൻ മൺസൂണും ശക്തമായി ബദ്ധപ്പെട്ടിരിക്കുന്നു. ‘എൽ നിനോ’ക്കാലത്ത് ഇന്ത്യൻ കാലവർഷം ശിഥിലമാകുന്നു, അത് സാധാരണ ലഭിക്കുന്നതിനേക്കാൾ കുറവ് മഴക്കു കാരണമാകുന്നു. ഇത്തരത്തിൽ കാലവർഷത്തിന്റെ താളംതെറ്റൽ കാർഷികമേഖലയെ മോശമായി ബാധിക്കാറുണ്ട്. 2006-ൽ ഡോ.കെ. കൃഷ്ണകുമാറും സംഘവും നടത്തിയ പഠനത്തിൽ പറയുന്നത് കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ കഠിനമായ വരള്‍ച്ചാക്കാലത്തെല്ലാം ‘എൽ നിനോ’ ഉണ്ടായിരുന്നു എന്നാണ്. ശക്തമായ ‘എൽ നിനോ’ രൂപപ്പെട്ട 2009-ലും ഇന്ത്യ കഠിനമായ ഹീറ്റ് വേവിന്റെയും വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പിടിയിലകപ്പെട്ടിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയ്ക്കാണ് ആ വര്ഷം ഇന്ത്യ നേരിട്ടത്. പക്ഷെ എല്ലാ ‘എൽ നിനോ’ വർഷങ്ങളും ഇന്ത്യയിൽ വരൾച്ചയ്ക്ക് കരണമാകണമെന്നില്ല, ഉദാഹരണമായി 1997-1998 വർഷത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ‘എൽ നിനോ’ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ മൺസൂൺ കാലത്ത് സാധാരണയിലെതിനേക്കാൾ മുകളിൽ ആയിരുന്നു മഴ ലഭിച്ചത്.

മൺസൂൺ തുടങ്ങുന്നതിനു മുന്നേ ആ വർഷത്തെ മൺസൂൺ എങ്ങനെ ആയിരിക്കാനാണ് സാധ്യത എന്ന് മോഡലുകൾ ഉപയോഗിച്ച് പ്രവചിക്കുന്നത്‌ വിവിധ നയങ്ങൾ രൂപപ്പെടുത്താനും, ആഘാതം മിതപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും ഉപകരിക്കുന്നു. മാത്രമല്ല ഈ പ്രവചനങ്ങൾ മഴക്കനുസൃതമായി കൃഷി ആസൂത്രണം ചെയ്യാൻ കർഷകരെ വളരെയധികം സഹായിക്കുന്നു. ഇങ്ങനെ ഉള്ള മൺസൂൺ പ്രവചനത്തിനു ‘എൽ നിനോ’ പ്രതിഭാസത്തിന്റെ രൂപം കൊള്ളൽ വളരെ അധികം സ്വാധീനം ചെലുത്തുന്നു, പ്രത്യേകിച്ചും ശാന്തസമുദ്രജലത്തിന്റെ പെട്ടന്നുള്ള വ്യതിയാനങ്ങൾ. ഹരിതഗൃഹ വാതകമായ കാർബൺഡൈഓക്‌സൈഡ് ഇരട്ടിച്ചു നടത്തിയ മോഡൽ പഠനത്തിൽ ഡോ. അണ്ണാമലൈയും സംഘവും കണ്ടെത്തിയത് എൻസോയും (ENSO) ഇന്ത്യൻ മൺസൂണും തമ്മിലുള്ള വിപരീത ബന്ധം ചൂടുള്ള ഭാവി കാലാവസ്ഥയിലും ശക്തമായിരിക്കും എന്നാണ്. ആഗോളതാപനം ‘എൽ നിനോ’ പ്രതിഭാസത്തിന്റെ വിസ്തൃതിയും ആവർത്തനവും കൂടാൻ കാരണമാകുമെന്ന് ഗ്ലോബൽ മോഡലുകൾ ഉപയോഗിച്ചുള്ള പഠനങ്ങൾ പറയുന്നു. ഇത് ലോകമെമ്പാടും വലിയ കാലാവസ്‌ഥാ വ്യതിയാനം ഉണ്ടാകുകയും, കൊടിയ വരൾച്ച, പെട്ടന്നുള്ള വെള്ളപൊക്കം, മുതലായവയുടെ ആധിക്യത്താൽ ആഗോള സമ്പത്ത് വ്യവസ്ഥ തന്നെ തകിടം മറിക്കുന്നു.


അധികവായനയ്ക്ക്

  1. https://www.noaa.gov/news/la-nina-develops-during-peak-hurricane-season
  2. https://www.cpc.ncep.noaa.gov/products/analysis_monitoring/enso_advisory/ensodisc.shtml
  3. Kumar, K. K., Rajagopalan, B., Hoerling, M., Bates, G., & Cane, M. (2006). Unraveling the mystery of Indian monsoon failure during El Niño. Science, 314(5796), 115-119.
  4. Annamalai, H., K. Hamilton and K. R. Sperber, (2007) The south Asian summer monsoon and its relationship with ENSO in the IPCC AR4 simulations. J. Climate, 20, 1071-1092.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020 സെപ്തംബറിലെ ആകാശം
Next post സെപ്റ്റംബർ 13 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
Close