പാരാസൈക്കോളജി പോലുള്ള അശാസ്ത്രീയ അവകാശവാദങ്ങളെ തുറന്നു കാണിക്കുകയും കപടശാസ്ത്രത്തിന്റെ വക്താക്കളെ ചോദ്യം ചെയ്യുകയും ജീവിതസപര്യയായി കൊണ്ടുനടന്ന ജെയിംസ് റാന്ഡി അന്തരിച്ചു. അമാനുഷിക ശക്തിയും അതിശയകരമായ കഴിവുകളും ഉണ്ടെന്ന് ഉദ്ഘോഷിച്ചു നടന്ന ആളുകളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരിക എന്നത് അദ്ദേഹത്തിന്റെ ഒരു ജീവിതലക്ഷ്യമായിരുന്നു. ഇതിനായി അമാനുഷിക കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരെ അവരുടെ കഴിവുകൾ തെളിയിക്കാന് അദ്ദേഹം വെല്ലുവിളിച്ചു. തെളിയിക്കുന്നവർക്ക് പത്തു ലക്ഷം യു.എസ്. ഡോളർ സമ്മാനം പ്രഖ്യാപിച്ചു. അതിനുള്ള വദിയൊരുക്കുന്നതിനായി ജെയിംസ് റാൻഡി എജ്യൂക്കേഷനൽ ഫൗണ്ടേഷൻ എന്ന സ്ഥാപനം തന്നെ ഉണ്ടാക്കി.ആയിരക്കണക്കിന് അപേക്ഷകർ വന്നെത്തിയെങ്കിലും എല്ലാവരും പരാജിതരായി. അമാനുഷികമായ കഴിവുണ്ടെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിഞ്ഞില്ല. 1964 മുതൽ പ്രവർത്തനനിരതമായിരുന്ന ഈ സ്ഥാപനം 2015 ൽ പ്രവർത്തനം നിർത്തിവച്ച് നാളിതുവരെ ചെലവാകാതിരുന്ന ആ പണം മറ്റു സാമൂഹിക ആവശ്യങ്ങള്ക്ക് ഉപയോഗിക്കാൻ തീരുമാനിച്ചു.

ക്യാനഡയിൽ ജനിച്ച് കനേഡിയൻ – അമേരിക്കൻ പൗരനായി ജീവിച്ച അദ്ദേഹം ഒരു പ്രൊഫഷണൽ മജീഷ്യനായിരുന്നു. എണ്ണമറ്റ സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്.
ചെറുപ്പം മുതൽ തന്നെ അദ്ദേഹം ഒരു നാസ്തികനായിരുന്നു. മതഗ്രന്ഥങ്ങൾ പറയുന്ന കാര്യങ്ങളുടെ തെളിവുകൾ എങ്ങും കിട്ടാതായതുകൊണ്ടാണ് താൻ പള്ളിയിൽ പോകുന്നത് നിർത്തിയതെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ശാസ്ത്രീയ ചിന്താഗതിക്ക് പരമാവധി പ്രചാരണം കൊടുത്ത റാൻഡി – 2020 ഒക്ടോബർ 20 ന് തന്റെ 92ആം വയസ്സിൽ അന്തരിച്ചു.