Read Time:27 Minute

ദിലീപ് മമ്പള്ളിൽ

അസിസ്റ്റന്റ് പ്രൊഫസര്‍, IISER തിരുപ്പതി

ജനിതക വിളകള്‍ ആപത്താണോ ? ജനിതകസാങ്കേതികവിദ്യയെ എതിർക്കേണ്ടതുണ്ടോ ?

ഒരു പഴക്കടയിൽ പോയാൽ നമുക്ക് വളരെ വ്യത്യസ്തങ്ങളായ പഴങ്ങൾ കാണാൻ സാധിക്കും. നല്ല തുടുത്ത, വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള ആപ്പിളുകൾ, ഓറഞ്ചുകൾ, പല തരത്തിലും മുഴുപ്പിലുമുള്ള വാഴപ്പഴങ്ങൾ, ഇങ്ങനെ പലതും. പച്ചക്കറിക്കടയിൽ പോയാലും കാണാം നല്ല തുടുത്ത തക്കാളിയും മറ്റും. എന്നാൽ നമ്മളാരെങ്കിലും കാട്ടുതക്കാളി കണ്ടിട്ടുണ്ടോ? കാട്ടിൽ വളരുന്ന തക്കാളിയോ ആപ്പിളോ ഓറഞ്ചോ ഒന്നും ഇത്ര തുടുത്തതോ രുചിയുള്ളതോ അല്ല. കാട്ടിൽ വളരുന്ന ബദാമിന്റെ പരിപ്പ് കയ്പ്പുള്ളതും വിഷമയവുമാണ്. ഇത്തരം കാര്യങ്ങൾ പല വിളകൾക്കും പൊതുവിൽ ബാധകമാണ്. നാട്ടുവിളകൾ ഇത്ര രുചിയും വൈവിധ്യവുമാർന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

കൃഷി ചെയ്യുന്നവർ അറിയാതെ തന്നെ ചെയ്യുന്ന ഒരു പ്രവർത്തിയാണ് ഇതിന്റെ പിന്നിലെ രഹസ്യം. ഓരോ കൃഷി കഴിയുമ്പോഴും നല്ല വിളവ് തന്ന ചെടിയുടെ വിത്തുകൾ തെരഞ്ഞെടുത്ത് അടുത്ത തവണത്തെ കൃഷിക്ക് വേണ്ടി എടുത്ത് സൂക്ഷിക്കുക കർഷകരുടെ പതിവാണ്. ഈ പ്രക്രിയ കുറേ വർഷങ്ങൾ തുടർന്നാൽ അവസാനം നല്ല വിളവ് തരുന്ന ചെടി ലഭിക്കാനിടയാകും. നെല്ലും പയറും തക്കാളിയും മറ്റെല്ലാ നാട്ടുവിളകളും ഇങ്ങനെ തെരഞ്ഞെടുത്ത് നടത്തുന്ന പരാഗണത്തിലൂടെ(selective breeding)യാണ് ഗുണമേന്മയും വിവിധ ആകൃതികളും നിറങ്ങളും കൈവരിച്ചത്1.

മറ്റൊരു തരത്തിലും നല്ല വിളകൾ ഉണ്ടാക്കാം. ഈ രീതിയെ ക്രോസ് ബ്രീഡിംഗ്(cross breeding) എന്നാണ് വിളിക്കുന്നത്. നല്ല വിളവ് തരുന്ന ഒരു വിളയെ മറ്റേതെങ്കിലും നല്ല ഗുണമുള്ള വിളയുമായി കൃത്രിമ പരാഗണം നടത്താം. ഉദാഹരണത്തിന് നല്ല വിളവ് തരുന്ന ഒരു നെൽച്ചെടി, കീടബാധയ്‌ക്കെതിരെ പ്രതിരോധശേഷിയുള്ള ഒരു നെൽച്ചെടിയുമായി ബ്രീഡ് ചെയ്യാം. നെൽച്ചെടിയുടെ ഓരോ തലമുറയിലേയും നല്ല വിളവ് തരുന്ന എന്നാൽ കുറച്ച് കീടബാധയേൽക്കുന്ന ചെടികളെ വേർതിരിച്ച് കൊണ്ടുവരാം. കുറേ തലമുറ കൾ കഴിയുമ്പോൾ, നല്ല വിളവ് തരുന്നതും എന്നാൽ കീടബാധ ഏൽക്കാത്തതുമായ നെൽച്ചെടികൾ ലഭി ക്കും. ഇവിടെ നിങ്ങൾ പുതിയ ഇനം നെൽച്ചെടി വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്. പക്ഷെ ഇങ്ങനെ വിളകൾ വികസിപ്പിച്ചെടുക്കുന്നതിന് ചില പ്രശ്‌നങ്ങളുണ്ട്. ഇത് വളരെ വർഷങ്ങളെടുക്കുന്ന പ്രക്രിയയാണ്. ഒരു വിളയിൽ എന്തെങ്കിലും കാര്യമായ ഒരു മാറ്റം വരുത്തണമെങ്കിൽ ആ വിളയുടെ ഒരു പത്തിരുപത് തലമുറയെയെങ്കിലും ബ്രീഡ് ചെയ്യേണ്ടിവരും. മാത്രമല്ല, ക്രോസ് ബ്രീഡിംഗ് പ്രക്രിയയിലൂടെ രണ്ട് വ്യത്യസ്തങ്ങളായ വിളകളെ ക്രോസ് ചെയ്യാൻ കഴിയില്ല. ഉദാഹരണത്തിന് കടുക് ചെടിയുടെ ഏതെങ്കിലുമൊരു ഗുണം നെൽച്ചെടിയിൽ ഉണ്ടാക്കാൻ കഴിയില്ല. കാരണം കടുക് ചെടിയും നെൽച്ചെടിയും തമ്മിൽ പരാഗണം സാധ്യമല്ല.

വിളകളെ തെരഞ്ഞെടുത്ത് വളർത്തുമ്പോഴും ക്രോസ് ബ്രീഡ് ചെയ്യുമ്പോഴും യഥാർത്ഥത്തിൽ ചെടിയുടെ കോശത്തിലെ ജീനുകളിൽ മാറ്റങ്ങൾ വരുത്തുകയാണ് ചെയ്യുന്നതെന്ന് ജനിതകശാസ്ത്രം വികസിച്ചതോടെ നാം മനസിലാക്കി.
കോശത്തിലെ ഡിഎൻഎയുടെ ഭാഗങ്ങളാണ് ജീനുകൾ. ഓരോ ജീനും സസ്യത്തിൽ പ്രോട്ടീനുകളെ കോഡ് ചെയ്യുന്നതിന്റെ കോഡുകളാണ്. ഇങ്ങനെ ഓരോ ജീനും ഉണ്ടാക്കുന്ന പ്രോട്ടീനുകളാണ് ചെടിക്ക് പ്രത്യേക ഗുണങ്ങൾ നല്‍കുന്നത്. തെരഞ്ഞെടുത്ത് വളർത്തുമ്പോൾ നാം നല്ല ജീനുകളുള്ള ചെടികളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

വിളകളെ തെരഞ്ഞെടുത്ത് വളർത്തിയും അല്ലെങ്കിൽ ക്രോസ് ബ്രീഡ് ചെയ്തും ചെടികളിൽ പുതിയ ജീനുകൾ കൂട്ടിക്കലർത്തുന്ന പ്രക്രിയ അനേകം വർഷങ്ങളുടെ പ്രയത്‌നവും കാലതാമസവും ഒഴിവാക്കി എങ്ങനെ നടത്താമെന്ന് ശാസ്ത്രജ്ഞർ ചിന്തിച്ചു. ലാബുകളിൽ ജനിതക പരിവർത്തനം ചെയ്യപ്പെട്ട വിളകളുടെയും തുടർ ന്നുള്ള വിവാദങ്ങളുടെയും ജനനം ഇവിടെ തുടങ്ങുന്നു.

ലാബുകളിൽ നടത്തപ്പെടുന്ന ജനിതക പരിവർത്തനം, വിളകൾ തെരഞ്ഞെടുത്ത് വളർത്തുന്നതിലൂടെയും ക്രോസ് ബ്രീഡ് ചെയ്യുന്നതിലൂടെയും മനുഷ്യർ കാലാ കാലങ്ങളായി ചെയ്തുവന്ന ജനിതകപരിവർത്തനത്തിന് തുല്യമാണ്. ലാബിലെ ജനിതക പരിവർത്തനത്തിൽ നമുക്ക് വേണ്ട ജീനുകൾ ചെടിയിൽ പെട്ടെന്ന് പ്രവേശി പ്പിക്കാം. ഒരു പ്രത്യേക ഗുണം തരുന്ന ജീൻ ഒരു വിളയുടെ കോശത്തിലേക്ക് പ്രവേശിപ്പിക്കുകയും അതിൽ നിന്നും ടിഷ്യു കൾച്ചർ വഴി ഒരു ചെടിയുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ധാരാളം ചെടികൾ പെട്ടെന്ന് ഉണ്ടാക്കാം.

കടപ്പാട്‌: royalsociety.org

മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. വിളകൾ തെരഞ്ഞെടുത്ത് വളർത്തുന്നതിലൂടെയും ക്രോസ് ബ്രീഡ് ചെയ്യുന്നതിലൂടെയും രണ്ട് വ്യത്യസ്ത വർഗങ്ങളിലുള്ള വിളകളുടെ ജീനുകൾ കൂട്ടിച്ചേർക്കാൻ കഴിയില്ല. അതാ യത് നെൽച്ചെടിയിലുള്ള ഒരു ഗുണം കടുക് ചെടിയിൽ കൊണ്ടുവരാൻ കഴിയില്ല. എന്നാൽ ലാബിൽ ജീനുകൾ കൂട്ടിചേർക്കുന്നതിലൂടെ മറ്റേതൊരു ജീവിയുടെയും അല്ലെങ്കിൽ വിളയുടെയും ജീൻ വേറൊന്നിൽ കൂട്ടിച്ചേർ ക്കാൻ കഴിയും.

ജീൻ മാറ്റം എങ്ങിനെ?

കടപ്പാട്‌: royalsociety.org

ഇനി എങ്ങനെയാണ് ഒരു ജീൻ മറ്റൊരു കോശത്തിലെ ഡിഎൻഎയിൽ കൂട്ടിച്ചേർക്കുന്നത് എന്ന് നോ ക്കാം. നമുക്ക് വേണ്ട ഗുണങ്ങൾ തരുന്ന ജീൻ ഒരു കോശത്തിൽ നിന്നും വേർതിരിച്ചെടുക്കുക എന്നതാണ് ആദ്യ പടി. ജനിതക എഞ്ചിനീയറിംഗ് ഇത് സാധ്യമാക്കിയിട്ടുണ്ട്. ഒരു വിളയുടെ ഡിഎൻഎ സ്വീക്വൻസ്(DNA Sequencing) ചെയ്യുന്നതിലൂടെ അതിൽ ഏതൊക്കെ ജീനുകളാണുള്ളത്, ഏത് ജീൻ എന്ത് തരം പ്രോട്ടീനുകളാണ് ഉണ്ടാക്കുന്നത് എന്നിങ്ങനെയുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നു. ഉദാഹരണത്തിന് രോഗപ്രതിരോധശേഷി തരുന്ന കടുക് ചെടിയിലെ ബന്ധപ്പെട്ട ജീൻ ഏതാണെന്ന് മനസിലായാൽ കടുക് ചെടിയുടെ കോശത്തിലെ ഡിഎൻഎ-യിൽ നിന്നും ആ ജീൻ മുറിച്ചെടുക്കും. കത്രിക കൊണ്ട് മുറിക്കുന്ന ചിത്രമൊക്കെ പലയിടത്തും കാണാനാകുമെങ്കിലും കാര്യങ്ങൾ നടക്കുന്നത് ഇങ്ങനെയൊന്നുമല്ല. ഈ മുറിക്കലും മറ്റും ചെയ്യുന്നത് എൻസൈമുകൾ എന്ന തന്മാത്രകളാണ്. ഇങ്ങനെ മുറിച്ചെടുത്ത ജീനുകളുടെ അനേകം പകർപ്പുകളും ഉണ്ടാക്കുന്നു.അടുത്ത പടി, ഈ ജീനുകളെ നമുക്ക് വേണ്ട വിളയുടെ കോശങ്ങളുടെ ഉള്ളിൽ പ്രവേശിപ്പിക്കുകയാണ്. ജീൻ ട്രാൻസ്‌ഫെക്ഷൻ(gene transfection) എന്ന് വിളിക്കുന്ന ഈ പ്രക്രിയ നടത്താൻ ധാരാളം വിദ്യകളുണ്ട്. ഈ ജീനുകൾ നെൽച്ചെടിയിലെ കോശങ്ങളിൽ പ്രവേശിപ്പിക്കുന്നുവെന്ന് കരുതുക. കോശങ്ങളുടെ അകത്ത് എത്തുന്ന പുതിയ ജീനുകളെ ചില കോശങ്ങളെങ്കിലും സ്വന്തം ഡിഎൻഎയിൽ കൂട്ടിച്ചേർക്കുന്നു. അങ്ങനെ ഈ പുതിയ ജീനുകൾ ആ കോശത്തിൽ പുതിയ പ്രോട്ടീനുകൾ ഉൽപാദിപ്പിക്കാൻ തുടങ്ങും. ആ കോശത്തിൽ നിന്നും വികസിപ്പിച്ചെടുക്കുന്ന നെൽച്ചെടി രോഗ പ്രതിരോധശേഷിയുള്ളതായിരിക്കും. ഇത് ലളിതവത്ക്കരിച്ച ഒരു ഉദാഹരണമാണെന്നോർക്കണം. കാരണം ഒരു പ്രത്യേക ഗുണം ഒരു ജീവിയിൽ പ്രകടമാകാൻ ഒന്നിൽ കൂടുതൽ ജീനുകൾ കാരണമാകുന്നുണ്ട്.

 

കടപ്പാട് : scripts.mit.edu

 

കൂട്ടിച്ചേർക്കപ്പെടുന്ന ജീനുകൾ മറ്റേതെങ്കിലും വിളയിൽ നിന്നോ ജീവിയിൽ നിന്നോ(ഉദാഹരണത്തിന് ബാ ക്ടീരിയ) ഉള്ളതാകാം; അല്ലെങ്കിൽ ലാബിൽ കൃത്രിമ മായി ഉണ്ടാക്കിയതുമാകാം. ഒരു ജീൻ ഏതെങ്കിലും ജീവിയിൽ നിന്നും എടുത്താലോ അതല്ല, രാസവസ്തു ക്കൾകൊണ്ട് ലാബിൽ ഉണ്ടാക്കിയാലോ, രണ്ടും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. രണ്ടും ഒന്ന് തന്നെ. പലപ്പോഴും ലാബിൽ ഒരു ജീൻ തന്നെ ഉണ്ടാക്കുക അത്ര എളുപ്പമല്ല. മാത്രമല്ല അതിന്റെ ആവശ്യവുമില്ല. കാരണം നമുക്ക് വേണ്ട ജീൻ മറ്റേതെങ്കിലും ജീവിയിൽ നിന്നോ ചെടിയിൽ നിന്നോ ലഭിക്കും.

മനുഷ്യന് ദോഷകരമാണോ?

ജനിതകമാറ്റം വരുത്തിയ വിളകൾ മനുഷ്യന് ദോഷകരമാണോ എന്നത് ഒരിക്കലും അവസാനിക്കാത്ത വിവാദ മാണ്. നേരത്തേ പറഞ്ഞതുപോലെ, നാം ഇന്നുപയോഗി ക്കുന്ന എല്ലാ വിളകളും കൃഷിക്കാർ അറിഞ്ഞോ അറി യാതെയോ ജനിതകപരമായി മാറ്റം വരുത്തിയതാണ്.

തുടുത്ത കുല തരുന്ന നാടൻ വാഴയും നീളമുള്ള നാടൻ പയറും കൂടുതൽ പാല് തരുന്ന റബ്ബറും മുഴുത്ത അടയ്ക്ക തരുന്ന കവുങ്ങും ഉയർന്ന വിള തരുന്ന നാടൻ തെങ്ങും കാലാകാലങ്ങളായി കൃഷിക്കാർ ഉണ്ടാക്കിയെടുത്തതാണ്. പൂച്ചെടികളുടെ കാര്യവും ഇത് തന്നെ. നാട്ടിൽ കാണുന്ന തുടുത്ത് ചുവന്ന റോസ് കാട്ടിൽ പോയാൽ കാണില്ല. വിളകളും ചെടികളും മാത്രമല്ല, ധാരാളം പാൽ തരുന്ന പശുവർഗങ്ങളും ഇറച്ചിക്കോഴിയുമെല്ലാം മനുഷ്യൻ നടത്തിയ ജനിതക പരിവർത്തനങ്ങളുടെ ഫലമാണ്. 
അടിസ്ഥാനപരമായി ജീനുകളിൽ സംഭവിക്കുന്ന മാറ്റങ്ങളായതിനാൽ ലാബിൽ ജീനുകൾ കൂട്ടി ച്ചേർക്കുന്ന ജനിതകപരിവർത്തനം മുകളിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമല്ല. നാടൻ വിളകളും ജനിതക പരിവർത്തനം നടത്തപ്പെട്ട വിളകളും തമ്മിൽ എത്ര ദൂരമുണ്ടെന്ന് ഇപ്പോൾ വ്യക്തമാണല്ലോ?

ബസില്ലസ് തുരിൻജിയെൻസിസ് (Bacillus Thuringiensis) ബാക്റ്റീരിയ

ജനിതകമാറ്റങ്ങൾ വരുത്തിയ വിളകൾക്ക് പ്രശസ്തമായ ഒരു ഉദാഹരണമാണ് ബി ടി വിളകൾ. പുകയില, ചോളം, പരുത്തി, വഴുതന തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ബസില്ലസ് തുരിൻജിയെൻസിസ് (Bacillus Thuringiensis) എന്ന ബാക്ടീരിയയുടെ ജീൻ പ്ര വേശിപ്പിച്ചാണ് ഇവയുണ്ടാക്കിയത്2. ഈ ബാക്ടീരിയ നിർമിക്കുന്ന ഒരുതരം പ്രോട്ടീൻ ഒരു കീടനാശിനിയാണ്. ബി ടി ബാക്ടീരിയ ഉണ്ടാക്കുന്ന ഈ ക്രിസ്റ്റൽ പ്രോട്ടീൻ (Cry Proteins) 1920 മുതൽ തന്നെ ഒരു ജൈവ കീടനാശിനിയായി ഉപയോഗിച്ചുവന്നിരുന്നു. ഇതാണ് ഈ പ്രോട്ടീൻ ഉണ്ടാക്കുന്ന ജീനിനെ വിളകളിൽ വച്ചുപിടിപ്പിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.

ബി ടി ഉണ്ടാക്കുന്ന പ്രോട്ടീൻ കീടങ്ങൾ ഭക്ഷിച്ചാൽ അത് കീടങ്ങളുടെ വയറിനകത്ത് അവയ്ക്ക് ദോഷകരമായ രാസവസ്തുക്കൾ ഉണ്ടാക്കുന്നു. ഇത് കോശ സ്തരങ്ങളെ തകർക്കും(cell lysing), അതായത് ഈ കീടങ്ങളുടെ അന്നനാളത്തിൽ സുഷിരങ്ങൾ ഉണ്ടാക്കും. അതോടെ കീടങ്ങൾ ചത്തുപോകുകയും ചെയ്യും.

ഈ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ നമ്മുടെ ആമാശയത്തിലും സുഷിരങ്ങൾ ഉണ്ടാകുമോ?

ഒരു ജീവിക്ക് ദോഷകരമായ ഭക്ഷ്യവസ്തു മറ്റൊരു ജീവിക്ക് ദോഷകരമാകണമെന്നില്ല. ഉദാഹരണത്തിന് ചോക്‌ലറ്റ് മനുഷ്യന് കഴിക്കാമെങ്കിലും നായ്ക്കൾക്ക് അത് വയറ്റിൽ കുഴപ്പങ്ങളുണ്ടാക്കും. കൂടുതൽ കഴിച്ചാൽ ചത്തും പോകും. പാലും പാൽ ഉൽപ്പന്നങ്ങളും ചില മനുഷ്യരിൽ കുഴപ്പങ്ങൾ ഉണ്ടാക്കും. കാരണം ചോക്‌ലറ്റ് ദഹിപ്പിക്കാനുള്ള എൻസൈം നായ്ക്കളിൽ ഇല്ല എന്നത് പോലെ, ലാക്ടോസ് ദഹിപ്പിക്കാനുള്ള എൻസൈം ചില മനു ഷ്യരിലും ഉണ്ടാവില്ല. ബി ടി ഉണ്ടാക്കുന്ന പ്രോട്ടീൻ കീടങ്ങൾക്ക് ദോഷകരമാണ് എന്നതുകൊണ്ട് അത് മറ്റെല്ലാ ജീവികൾക്കും ദോഷകരമായിരിക്കുമെന്ന് തെളിവുകളില്ലാതെ സ്ഥിതീകരിക്കാൻ കഴിയില്ല. ബിടി ഉണ്ടാക്കുന്ന ക്രൈ പ്രോട്ടീൻ കീടങ്ങളിൽ ദോഷകരമാകുന്നത്, അവയുടെ ദഹനവ്യവസ്ഥയിലെ മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണ്.

ഒരു പ്രോട്ടീൻ ആമാശയത്തിലെത്തുമ്പോൾ അതിന്റെ ഘടന മാറ്റപ്പെടാം. ഉദാഹരണത്തിന്, പാമ്പിൻ വിഷം (ഇതും ഒരു പ്രോട്ടീനാണ്) രക്തത്തിൽ കലർന്നാൽ അപകടകരമാണെങ്കിലും,  ഭക്ഷിച്ചാൽ ഒരു അപകടവും സംഭവിക്കില്ല. കാരണം മറ്റ് ഭക്ഷണങ്ങളെന്നപ്പോലെതന്നെ അതിനെയും നമ്മുടെ ആമാശയം ദഹിപ്പിക്കും.

മറ്റൊരു കാര്യം, പല ഭക്ഷണപദാർഥങ്ങളും വേവിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ രൂപ മാറ്റം വരുത്തിയോ (ഉദാഹരണത്തിന് അരച്ച്, അല്ലെങ്കിൽ പൊടിച്ച്) ആണ് നാം ഉപയോഗിക്കുന്നത്. ഇവിടെയും ഘടനയിൽ മാറ്റങ്ങൾ വരുന്നതിനാൽ ദോഷകരമായ പ്രോട്ടീനുകൾ പോലും ദോഷകരമല്ലാതായേക്കാം. കാരണം പ്രോട്ടീനുകൾക്ക് പ്രവർത്തിക്കാൻ അവയുടെ ആകൃതി വളരെ പ്രധാനമാണ്. ചൂടാക്കുമ്പോഴും അല്ലെങ്കിൽ ദഹ നവ്യവസ്ഥയിലെ മറ്റ് രാസവസ്തുക്കളുമായി ചേരുമ്പോഴും മിക്ക പ്രോട്ടീനുകളുടെയും ആകൃതി മാറും. ഏത് രൂപത്തിലായാലും, ബിടി ഉണ്ടാക്കുന്ന പ്രോട്ടീൻ മനുഷ്യന് ദോഷകരമല്ല എന്നാണ് പഠനങ്ങൾ കാ ണിക്കുന്നത്3,

4.

ജനിതകമാറ്റം വരുത്തിയ ഭക്ഷണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചിലർ വാദിക്കാറു ണ്ട്. ഇത്തരത്തിലുള്ള ചോളം ഭക്ഷിച്ച എലികളിൽ വലിയ ട്യൂമറുകൾ ഉണ്ടായി എന്ന ഗവേഷണഫലമാണ് ഇതിന് ഉപോൽബലകമായി അവർ ചൂണ്ടിക്കാട്ടുന്ന ഒരു വലിയ ഉദാഹരണം. എന്നാൽ  2012-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗവേഷണഫലം ഒരു വർഷത്തിന് ശേഷം ആ ജേർണൽ തന്നെ പിൻവലിച്ചു എന്നതാണ് വാസ്തവം5.
തെറ്റായ അല്ലെങ്കിൽ കെട്ടിച്ചമച്ച, ഗവേഷണഫല ങ്ങൾ ജേർണലുകൾ പിൻവലിക്കുക അസാധാരണമല്ല. വളരെ കുറച്ച് എലികളിൽ മാത്രം നടത്തിയ പരീക്ഷണ ത്തിൽ നിന്ന് ആ ഗവേഷകർ എത്തിയ നിഗമനങ്ങൾ ശാസ്ത്രീയവും വിശ്വസനീയവും അല്ലായിരുന്നു. ഈ പരീക്ഷണത്തെയും കണ്ടുപിടുത്തങ്ങളെയും എതിർത്തു കൊണ്ട് മറ്റ് ശാസ്ത്രജ്ഞർ നടത്തിയ കത്തിടപാടുകൾ ഈ ജേർണലിൽ വായിക്കാവുന്നതാണ്. ചുരുക്കത്തിൽ ബിടി വിളകൾ കഴിച്ച ജീവികളിൽ ക്യാൻസറോ മറ്റ് മാരകരോഗങ്ങളോ ഉണ്ടാകുമെന്നതിന് തെളിവുകൾ ഇല്ല. അതേസമയം, ബിടി ജീനുകളുള്ള വിളകൾ കൃഷി ചെയ്ത സ്ഥലങ്ങളിൽ സംഭവിച്ചെന്ന് പറയപ്പെടുന്ന പ്രശ്‌നങ്ങൾക്ക് കാരണം ബിടി ജീനുകളാണ് എന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന ഗവേഷണങ്ങൾ ഉണ്ട്.  ഉദാഹരണത്തിന് തേനീച്ചക്കർഷകർ നേരിട്ട കോളനി കൊളാപ്‌സ് ഡിസോർഡർ(colony collapse disorder-CCD), ബിടി ചോളം കൃഷി ചെയ്യാത്ത രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്3. ജനിതകമാറ്റം വരു ത്തിയ വിളകളാണോ കീടനാശിനികളാണോ അതോ മറ്റ് കാരണങ്ങളാണോ ഇതിന് പിന്നിലെന്നത് പഠി ക്കേണ്ടിയിരിക്കുന്നു.

ഒരു ജീവിയുടെ ജീൻ മറ്റൊരു ജീവിയിൽ പ്രവേശിപ്പിക്കുന്നത് പ്രകൃതിവിരുദ്ധമാണോ എന്ന സംശയം സ്വാഭാവികമാണ്. പ്രകൃതിയിലും ഒരു ജീവിയിൽ നി ന്നും മറ്റൊരു ജീവിയിലേക്ക് ജീനുകൾ കയറിക്കൂടാറുണ്ട്. ഉദാഹരണത്തിന് ബാക്ടീരിയകൾ അവയുടെ ജീനുകൾ സസ്യങ്ങളുടെ കോശങ്ങളിൽ പ്രവേശിപ്പിക്കാറുണ്ട്. അതുപോലെ ബാക്ടീരിയകൾ തമ്മിലും ജീനുകൾ കൈമാറ്റം ചെയ്യപ്പെടാറുണ്ട്. എന്നുവച്ചാൽ ഇത്തരത്തിലുള്ള ജീൻ കൈമാറ്റം(Horizontal gene transfer) പ്രകൃതിസഹജമാണ്.

എന്തിന്, മനുഷ്യനിലെ 8% ജീനുകൾ വൈറസുകളിൽ നിന്നും വന്നതാണ്. എല്ലാ ജീവികളിലുമുണ്ടാകും, ഇത്തരം ജീനുകളുടെ സംഭാവനകൾ. അതുകൊണ്ട് ജീനുകൾ ഒരു ജീവിയിൽ നിന്നും മറ്റൊ ന്നിൽ പ്രവേശിപ്പിക്കുന്നത് പ്രകൃതി വിരുദ്ധമല്ല.

പ്രശ്‌നങ്ങൾ, മുൻകരുതലുകൾ

എന്നിരുന്നാലും, ജനിതക വിളകളുപയോഗിക്കുമ്പോൾ എന്തെങ്കിലും മുൻകരുതലുകൾ വേണോ എന്ന് നോക്കാം. ജനിതകമാറ്റം വരുത്തിയ വിളകൾ മനുഷ്യനിൽ എന്തെങ്കിലും അലർജി ഉണ്ടാക്കുന്നുണ്ടോ എന്ന് അവ വിപണിയിൽ വരും മുൻപേ പരിശോധിക്കേണ്ടതുണ്ട്. ഇതൊരു സുരക്ഷാ മുൻകരുതൽ മാത്രം. ഇതിനർത്ഥം ജനിതകമാറ്റം വരുത്തിയ എല്ലാ വിളകളും അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നല്ല. ജനിതകമാറ്റം വരുത്താത്ത വസ്തുക്കൾ കൂടിയും ചിലപ്പോൾ അലർജി ഉണ്ടാക്കാം. ഉദാഹരണത്തിന് നിലക്കടല ചിലരിൽ കടുത്ത അലർജി ഉണ്ടാക്കുന്ന വസ്തുവാണ്. പക്ഷെ ഇത്തരം പഠനങ്ങൾ തീർച്ചയായും ആവശ്യമാണ്. ജനിതകമാറ്റം വന്ന വിളകൾ കൃഷി ചെയ്യുമ്പോൾ പ്രാണികളും മറ്റും നടത്തുന്ന പരാഗണത്തിലൂടെ അവ അടുത്തുള്ള ‘നാടൻ’ വിളകളുമായി പരാഗണം ചെയ്യാൻ സാധ്യതയുണ്ട്. പുതിയ ജീനുകൾ നാടൻ വിളകളുമായി കലരാൻ ഇത് ഇടയാക്കും. എന്നാൽ ഈ പുതിയ ജീനുകൾ നാടൻവിളകളിൽ എത്രത്തോളം നിലനിൽക്കുമെന്നത് പ്രകൃതി നടത്തുന്ന തെരഞ്ഞെടുപ്പിനെ ആ ശ്രയിച്ചിരിക്കും.

ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷി ചെയ്യുന്ന സ്ഥലത്തെ കീടങ്ങൾ പരിണമിച്ച് ഈ വിളകളിലെ പ്രോട്ടീനുകളെ പ്രതിരോധിക്കാനുള്ള കഴിവ് നേടുന്നതാണ് മറ്റൊരു പ്രശ്‌നം.
ഈ കഴിവ് നേടിയ കീടങ്ങൾക്ക് ജനിതക വിളകളെ ആക്രമിക്കാനാകും. ജനിതകമാറ്റം വരു ത്തിയ ആ വിളകൾക്ക് കീടങ്ങളെ പ്രതിരോധിക്കാൻ കാലക്രമേണ കഴിയാതെ വരുന്നു. ജനിതകമാറ്റം വരു ത്താത്ത വിളകളും ഒരു പ്രദേശത്ത് കൃഷി ചെയ്യുക എന്നതാണ് ഇതിന് നിർദ്ദേശിക്കപ്പെടുന്ന പ്രതിവിധി.

കീടങ്ങൾ പരിണമിച്ച് പ്രതിരോധശക്തി നേടുന്നത് ജനിതകമാറ്റത്തിന്റെ കുഴപ്പമല്ല. കീടനാശിനികൾ, ജൈവ കീടനാശിനിയായാലും രാസകീടനാശിനിയായാലും, തുടർച്ചയായി ഉപയോഗിക്കുന്ന പക്ഷം, അതിനെ പ്രതി രോധിക്കാൻ ശക്തിയുള്ള കീടങ്ങൾ അവിടെ ഉണ്ടായി വരും. ഉറുമ്പിനെ കൊല്ലാൻ വേണ്ടി കുറേക്കാലം ഡി.ഡി.റ്റി. ഉപയോഗിച്ചാൽ ഡി.ഡി.റ്റി. ഇട്ടാലും ചാകാത്ത ഉറുമ്പുകളുള്ളതായി കാണാൻ കഴിയും.”ഇപ്പോഴത്തെ ഡിഡിറ്റിക്കൊന്നും പണ്ടത്തെപ്പോലെ വലിയ ശക്തിയില്ല”എന്ന് പരാതി പറയുന്നവർ ഡിഡിറ്റിയുടെ കുഴപ്പമല്ല, മറിച്ച് ഉറുമ്പുകൾ പരിണമിച്ചതാണ് കാരണം എന്ന് മനസിലാക്കുന്നില്ല.

ജനിതകമാറ്റം വരുത്തിയ വിളകളുണ്ടാക്കുമ്പോൾ ഏത് കീടത്തിന് എതിരായ ജനിതകമാറ്റമാണ് വേണ്ടത് എന്നത് ആ വിള എവിടെ കൃഷിചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും. അമേരിക്കയിൽ കണ്ടുവരുന്ന കീടത്തെ ചെറുക്കാൻ വേണ്ടി ജനിതകമാറ്റം വരുത്തിയ വിളകൊണ്ട് ഇന്ത്യയിൽ കാര്യമുണ്ടാകണമെന്നില്ല.

എന്തൊക്കെ ജനിതകമാറ്റങ്ങളാണ് അനുവദിക്കപ്പെട്ടത്, എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്തത്, എന്നതിന് ചില നിയന്ത്രണങ്ങൾ നല്ലതാണ്. ഉദാഹരണത്തിന് ആന്റിബയോട്ടിക്കുകൾ(Antibiotics) ഉൽപാദിപ്പിക്കുന്ന ജനിതകമാറ്റങ്ങൾ പ്രശ്‌നങ്ങളുണ്ടാക്കും. ഇപ്പോൾ തന്നെ ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം ഒരു പ്രശ് നമാണ്. ഇത് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകൾ പെരുകാൻ സഹായിക്കുകയും മനുഷ്യ ന് ഭീഷണിയാകുകയും ചെയ്യും.

Bt Cotton

ജനിതകമാറ്റം വരുത്തി ഉൽപ്പാദിച്ച ഉൽപന്നമാണോ, ഏതൊക്കെ ജീനുകൾക്കാണ് മാറ്റം വരുത്തിയിട്ടുള്ളത് മുതലായ വിവരങ്ങൾ കമ്പനികൾ ഉത്പന്നത്തിൽ വ്യക്തമാക്കണം. ജനിതകമാറ്റം വരുത്തിയ വിത്തുകളും വിളകളും സ്വകാര്യകമ്പനികളുടെ മാത്രം സാങ്കേതികവി ദ്യയാകേണ്ട കാര്യമില്ല. സർക്കാർ ഗവേഷണ സ്ഥാപന ങ്ങൾക്കും ഇത്തരം വിളകൾ വിപണിയിലിറക്കാം. ഇത് അനാവശ്യ കുത്തകവൽക്കരണം ഒഴിവാക്കുകയും എന്നാൽ വിപണി മാത്സര്യം നിലനിർത്തുകയും ചെയ്യും.

ചുരുക്കത്തിൽ, വർദ്ധിച്ചുവരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റാൻ ജനിതകമാറ്റം വരുത്തിയ വിളകൾ ശാസ്ത്രീ യമായ രീതിയിൽ കൃഷി ചെയ്യുന്നത് തീർച്ചയായും സഹായകമാണ്. [/su_note ]ഇത് മൂലം ഉയർന്ന പോഷകഗുണമുള്ള വിളകൾ കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉൽപാദിപ്പിക്കാനും അതുപോലെ മാരകമായ കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാനും കഴിയും. ജനിതകസാങ്കേതികവിദ്യയെ അന്ധമായി എതിർക്കാതെ, ഓരോ വിളകളെയും പ്രത്യേകമായെടുത്ത് ഗുണകരമാണോ ദോഷകരമാണോ എന്ന് നിർണ്ണയിക്കുന്നതും ശാസ്ത്രീയമായി കൃഷി ചെയ്യുന്നതുമാണ് ബുദ്ധി.


അധികവായനയ്ക്ക്

  1. Wikipedia / Plant breeding
  2. Wikipedia / Bacillus Thuringiensis
  3. Peggy G. Lemaux, Genetically Engineered Plants and Foods: A Scientist’s Analysis of the Issues(Part I), Annual Review of Plant Biology, 59, 771-812, (2008).
  4. Peggy G. Lemaux, Genetically Engineered Plants and Foods: A Scientist’s Analysis of the Issues (Part II), Annual Review of Plant Biology, 60, 511-559(2009).
  5. Gilles-Eric Séralini , et al., RETRACTED: Long term toxictiy of a Roundup herbicide and a Roundup-tolerant genetically modified maize, Food and Chemical Toxicology, 50, 4221-4231(2012).
Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Pale Blue Dot ന്റെ മുപ്പതാം വാര്‍ഷികത്തില്‍ പരിഷ്കരിച്ച ചിത്രവുമായി നാസ!
Next post വിത്തുകോശ ചികിത്സയെക്കുറിച്ചറിയാം
Close