Read Time:16 Minute

ഡോ. പ്രമിത. വി.എസ് 

അധ്യാപിക, അക്വാട്ടിക് ബയോളജി&ഫിഷറീസ്, കേരള സര്‍വകലാശാല

‘വിത്തുകോശ ദാന ക്യാമ്പ്’, ‘വിത്തുകോശം ദാനം ചെയ്ത് മാതൃകയായി’ തുടങ്ങിയ വാർത്തകൾ ഈയിടെയായി ധാരാളം കേൾക്കുന്നുണ്ട്. വൃക്കയും കരളുമെല്ലാം ദാനം ചെയ്യുന്നതുപോലെ ദാതാവിന് എന്തെങ്കിലും നഷ്ടം സംഭവിക്കുന്ന ഒന്നാണോ വിത്തുകോശദാനം എന്ന സംശയമുയരാം. രക്തദാനത്തിന് സമാനം തന്നെയാണ് വിത്തുകോശദാനവും. വിത്തുകോശത്തെക്കുറിച്ചും വിത്തുകോശ ചികിത്സയെക്കുറിച്ചും കൂടുതലറിയാം.

മനുഷ്യനിലെ ഭ്രൂണ വിത്തുകോശം – (in a cell culture)  കടപ്പാട് : വിക്കിപീഡിയ

വൈദ്യശാസ്ത്രം കഴിഞ്ഞ ഒരു ദശകത്തിൽ നടത്തിയ കുതിച്ചുചാട്ടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നതാ ണ് വിത്തുകോശങ്ങളുടെ(Stem Cells) കണ്ടുപിടിത്തവും അതുപയോഗിച്ചുള്ള നവീന ചികിത്സാരീതികളും. വിസ്മയങ്ങളുടെയും പ്രതീക്ഷകളുടെയും പുതിയ വാതിലുകളാണ് ഈ കണ്ടുപിടിത്തം തുറന്നിടുന്നത്. എല്ലാ ബഹുകോശജീവികളിലും കാണപ്പെടുന്നതും ക്രമഭംഗം (Mitosis) വഴി വിഭജനം നടത്തി പുതിയ കോശങ്ങളെ ഉത്പ്പാദിപ്പി ക്കാൻ കഴിവുള്ളതുമായ കോശങ്ങളാണ് ഇവ.

ക്രമഭംഗം (Mitosis) – ഒരു കോശത്തിലെ ക്രോമസോമുകളെ വിഭജിച്ച് രണ്ടു പുതിയ പുത്രികാമർമ്മങ്ങൾ (Two diploid cells) ഉണ്ടാക്കുന്നു

ഭ്രൂണ വിത്തുകോശങ്ങൾ അഥവാ എംബ്രിയോണിക് സ്റ്റെം സെൽ(Embryonic Stem Cell), പരിപക്വ വിത്തുകോശ ങ്ങൾ അഥവാ അഡൾട്ട് സ്റ്റെംസെൽ(Adult Stem Cell) എന്നിങ്ങനെ വിത്തുകോശങ്ങളെ രണ്ടായി തിരിക്കാം. ഭ്രൂണങ്ങളിൽ നിന്നും രൂപപ്പെടുന്ന കോശങ്ങൾക്ക് സാധാരണ വിത്തുകോശങ്ങളുടെ ഗുണങ്ങളുണ്ടോയെന്ന് വിവിധ പരീക്ഷണഘട്ടങ്ങളിലൂടെ പരിശോധിക്കപ്പെടുന്നു. പിന്നീട് വളർച്ചാമാധ്യമങ്ങളിൽ വച്ച് ഇവയെ പരുവപ്പെടുത്തി പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നു.

ഭ്രൂണവിത്തുകോശങ്ങൾ – മനുഷ്യ ശരീരത്തിലെ എല്ലാ തരം കോശങ്ങളെയും സൃഷ്ടിക്കാൻ കഴിവുള്ളവയാണ് ഇവ ചിത്രം കടപ്പാട് : വിക്കിപീഡിയ

പൂർണ്ണ വളർച്ചയെത്തിയ അവയവങ്ങളിലോ കലകളിലോ കാണപ്പെടുന്ന, രൂപഭേദമോ വികാസമോ പ്രാപിച്ചിട്ടില്ലാത്ത തരത്തിലുള്ള കോശങ്ങളാണ് പരിപക്വ വിത്തുകോശങ്ങൾ (Adult Stem Cell) . സോമാറ്റിക് സ്റ്റെം സെൽ(Somatic Stem Cell) എന്നും ഇവയെ വിളിക്കുന്നു. അസ്ഥിമജ്ജയും ആഡിപ്പോസ് കലകൾ(adipose tissue) എന്ന കൊഴുപ്പുകലകളും രക്തവുമാണ് ഇത്തരം കോശങ്ങളുടെ ഏറ്റവും സ്വാഭാവിക ഉറവിടങ്ങൾ. പൂർണ്ണ വളർച്ചയെത്തിയ ഒരു മനുഷ്യശരീര ത്തിൽ വിത്തുകോശങ്ങൾ മജ്ജയിലും കണ്ണിലും ചർമത്തിനടിയിലും മറ്റ് പല ഭാഗങ്ങളിലുമായി നിദ്രാവസ്ഥയിൽ കിടക്കുന്നു. വിഭജനം നടക്കാതെ കാലങ്ങളോളം മയങ്ങിക്കിടക്കാനും പിന്നീട് ആവശ്യമായ സന്ദേശങ്ങൾ ലഭിക്കുമ്പോൾ അതിവേഗം വിഭജിച്ച് കൂടിച്ചേരാനുമുള്ള വിത്തുകോശങ്ങളുടെ ഈ കഴിവിനെ ആധാരമാക്കിയാണ് നവീന ചികിത്സാരീതി ഉടലെടുത്തിരിക്കുന്നത്.

പരിപക്വ വിത്തുകോശങ്ങളുടെ (Adult Stem Cell) സ്വാഭാവിക ഉറവിടങ്ങള്‍  കടപ്പാട് springer.com
കടപ്പാട് : esearchgate.net

രോഗബാധിതമായി നശിച്ചുപോയ, അല്ലെങ്കിൽ പ്രവർത്തനരഹിതമായ അവയവങ്ങളെ വിത്തുകോശങ്ങളുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണ് വിത്തുകോശ ചികിത്സ (Stem-cell therapy). ഉദാഹരണമായി ഹൃദ്രോഗം തന്നെ എടുക്കാം. കടുത്ത ഒരു ഹൃദയാഘാതമുണ്ടാകുമ്പോൾ വളരെയധികം കോശങ്ങളും കലകളും നശിക്കാറുണ്ട്. ഈ അവസരത്തിൽ ചെറിയ ഒരളവിൽ വിത്തുകോശങ്ങൾ കേടുവന്ന ഭാഗത്തേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുക. ശരീരം അവയെ തിരസ്‌കരിക്കാതെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതുമുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ വിത്തുകോശങ്ങൾ വിഭജിച്ച് കേടുവന്ന ഭാഗത്തെ പൂർണ്ണമായും പുതുക്കി പ്രവർത്തനക്ഷമമാക്കും. ചികിത്സയ്ക്കാവശ്യമായ വിത്തുകോശങ്ങൾ മജ്ജയിൽ നിന്നോ കണ്ണിൽ നിന്നോ പ്രസവവേളയിൽ എടുക്കുന്ന പൊക്കിൾക്കൊടി കോശങ്ങളിൽ നിന്നോ ശേഖരിക്കാം.

 

വർഷങ്ങളായി വിവിധതരം പരീക്ഷണ-നീരീക്ഷണങ്ങളിലൂടെ വിജയം കൈവരിച്ച് ശൈശവദിശ പിന്നിട്ട ഈ ചികിത്സാരീതി ഇന്ത്യയിൽ ഇപ്പോൾ പരീക്ഷണ ഘട്ടം പിന്നിട്ട് വാണിജ്യാടിസ്ഥാനത്തിലേയ്ക്ക് കടന്നി രിക്കുകയാണ്. രക്താർബുദം, പാർക്കിൻസൺസ്, പേശി നാശം, കരൾ രോഗങ്ങൾ, ബ്രെയിൻ ട്യൂമർ, നേത്ര സം ബന്ധമായ രോഗങ്ങൾ, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങി ഒരുപാട് ചെറുതും വലുതുമായ രോഗങ്ങൾ വിത്തുകോശ ചികിത്സയിലൂടെ മാറ്റിയെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ സമൂഹത്തിലെ വലിയൊരു ശതമാനം ഈ ആധുനിക ചികിത്സാരീതിയെപ്പറ്റി ഇനിയും അറിഞ്ഞിട്ടില്ല.

ചികിത്സയ്ക്കാവശ്യമായ വിത്തുകോശങ്ങൾ എവിടെ നിന്ന് ശേഖരിക്കുന്നുവെന്ന് നോക്കാം. വിത്തുകോശ ചികിത്സയിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്ന് ഭ്രൂണ വിത്തുകോശങ്ങളാണ്.  പ്രസവസമയത്ത് പൊക്കിൾക്കൊടിയിൽ നിന്നും വിത്തുകോശങ്ങൾ ശേഖരിക്കാം. കൃത്രിമ ബീജസങ്കലനത്തിലൂടെ ഉണ്ടാവുന്ന ഭ്രൂണത്തിൽ നിന്നാണ് ഇവ ശേഖരിക്കപ്പെടുന്നത്. ഇവ ഭാവിയിലെ ചികിത്സയ്ക്ക് ഉപയോഗപ്പെടും വിധം സൂക്ഷിച്ചും വയ്ക്കാം. ഇതിനായി ‘വിത്തുകോശ ബാങ്കുകൾ’ തന്നെ ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ഒരു ജീവനെ നഷ്ടപ്പെടുത്തി മറ്റൊന്ന് രക്ഷിക്കുന്നതിലെ ധാർമികതയെ ചോദ്യം ചെയ്ത് മതസംഘടനകളും മറ്റും രംഗത്ത് വന്നതോടെ അമേരിക്കയിലെ ബുഷ് ഭരണകുടം ഭ്രൂണ വിത്തുകോശങ്ങളുടെ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പക്ഷെ തുടർന്ന് വന്ന ഒബാമ ഭരണകൂടം ഈ വാദങ്ങൾ തള്ളിക്കളയുകയും ഭ്രൂണ വിത്തുകോശ ങ്ങളുടെ ഉപയോഗത്തിന് പിന്തുണ നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യയിൽ എന്തായാലും അങ്ങനെയൊരു വിലക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

ഇന്ത്യയിൽ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കൽ സയൻസ് ആണ് വിത്തുകോശ ചികിത്സാരംഗത്ത് ആദ്യമായി വിജയകരമായ പരീക്ഷണങ്ങൾ നടത്തിയത്. തുടർന്ന്, റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള റിലയൻസ് ലൈഫ് സയൻസ്, ഹൈദരാബാദ് ആസ്ഥാനമായുള്ള എൽ.വി പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട്, മദ്രാസ് മെഡിക്കൽ മി ഷൻ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ ഈ മേഖലയി ലെ പരീക്ഷണങ്ങളിൽ ശ്രദ്ധയൂന്നുകയും വിജയകരമായ ഫലങ്ങൾ കൊയ്യുകയും കൂടുതൽ സാധ്യതകൾ തേടി യുള്ള പഠനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. വിത്തുകോശ ചികിത്സയിലൂടെ നേത്രസംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ചികിത്സ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചുക്കൊണ്ട് റിലയൻസ് ലൈഫ് സയൻസ് അടുത്ത ഘട്ടത്തിലേക്ക് കടന്നിടത്തോളം എത്തി നിൽക്കുന്നു ഇന്ത്യയിലെ മുന്നേറ്റങ്ങൾ. കാഴ്ച പൂർണ്ണമായും നശിച്ച ആൾക്ക് കാഴ്ച തിരികെ നേടിക്കൊടുത്തുക്കൊണ്ടും കരൾ മാറ്റി വയ് ക്കൽ മാത്രമാണ് വഴിയെന്ന് കരുതിയ ആൾക്ക് കേടായ സ്വന്തം കരൾ തന്നെ വീണ്ടെടുത്ത് കൊടുത്തുകൊണ്ടുമൊക്കെ ഇതിനകം ഈ ചികിത്സാരീതി ഇന്ത്യയിൽ മാറ്റങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു.

തക്കനോറി തക്കബെ(Takanori Takebe) ഫോട്ടോ കടപ്പാട് worldstemcellsummit.com

ജപ്പാനിലെ യോകോഹോമാ സർവ്വകലാശാലയിലെ (Yokohama City University) വിത്തുശാസ്ത്രജ്ഞൻ തക്കനോറി തക്കബെ(Takanori Takebe)യുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘം മൂന്ന് തരം കോശങ്ങൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമായ ഒരു ചെറുകരൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. ഒരു വർഷത്തിലേറെക്കാലം നടത്തിയ നൂറിലേറെ പരാജയപ്പെട്ട പരീക്ഷണങ്ങൾക്കൊടുവിലാണ് സംഘം വിജയം കണ്ടത്. തലച്ചോറിൽ ക്ഷതങ്ങൾ സംഭവിക്ക മൂലമുണ്ടാകുന്ന അസുഖങ്ങൾ ഭേദപ്പെടുത്താൻ കഴിയില്ലെന്ന വിശ്വാസം കടപുഴക്കുകയാണ് വിത്തുകോശ ചികിത്സ. രോഗിയുടെ മജ്ജയിൽ നിന്ന് ഒരു സൂചിയുടെ സഹായത്തോടെ വിത്തുകോശമെടുത്ത് സംസ്‌കരിച്ച ശേഷം രോഗിയുടെ തന്നെ വിത്തുകോശ ദ്രവത്തിലേയ്ക്ക് തിരികെ കുത്തിവയ്ക്കുന്നു. രോഗിയുടെ സ്വന്തം ശരീരത്തിൽ നിന്ന് തന്നെയാണ് എടുക്കുന്നത് എന്നതിനാൽ തിരസ്‌കരണമോ പാർശ്വഫലങ്ങളോ ഉണ്ടാവുകയുമില്ല. തലച്ചോറിൽ എത്തുന്ന വിത്തുകോശങ്ങൾ ക്ഷതം സംഭവിച്ച ഭാഗത്ത് പുതിയ കോശങ്ങളായി വളർന്നുപെരുകുന്നു. നവി മുംബൈയിലെ ന്യൂറോജെൻ ബ്രെയ്ൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട്(Neurogen Brain & Spine Institute, Nerul West) ഇന്ത്യയിലെ വിത്തുകോശ ചികിത്സയും പുനരധിവാസവും വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്ഥാപനമാണ്.

‘വിത്തുകോശ ദാന ക്യാമ്പ്’, ‘വിത്തുകോശം ദാനം ചെയ്ത് മാതൃകയായി’ തുടങ്ങിയ വാർത്തകൾ ഈയിടെയായി ധാരാളം കേൾക്കുന്നുണ്ട്. വൃക്കയും കരളുമെല്ലാം ദാനം ചെയ്യുന്നതുപോലെ ദാതാവിന് എന്തെങ്കിലും നഷ്ടം സംഭവിക്കുന്ന ഒന്നാണോ വിത്തുകോശദാനം എന്ന സംശയമുയരാം. രക്തദാനത്തിന് സമാനം തന്നെയാണ് വിത്തുകോശദാനവും.
ദാനംചെയ്യുന്ന രക്തത്തിൽ നിന്ന് വ്യക്തിയുടെ വിത്തുകോശം വേർതിരിച്ചെടുക്കാം. രോഗിക്ക് അനുയോജ്യമായ വിത്തുകോശമാണോ എന്ന് പരിശോധിച്ചറിയാം. എടുക്കുന്ന രക്തം മൂലകോശങ്ങൾ വേർതിരിച്ച ശേഷം ദാതാവിന് തിരികെ നൽകാം. രക്തത്തിലൂടെയോ മജ്ജയിലൂടെയോ ഉള്ള വിത്തുകോശ ദാനത്തിന് ശേഷം ദാതാവിന്റെ ശരീരത്തിൽ അവ വളരെ വേഗം തന്നെ പുനർനിർമിക്കപ്പെടുന്നു. ദാതാവാകാൻ ഒരു തുള്ളി രക്തം പോലും നഷ്ടപ്പെടുത്തേണ്ടതില്ല എന്നർത്ഥം. 18-നും 35-നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഏത് വ്യക്തിക്കും മൂലകോശം ദാനം ചെയ്യാം. രക്തത്തിലൂടെയുള്ള വിത്തുകോശ ദാനമാണ് ഏറ്റവും ലഘുവായ രീതി. ഉപയോഗശൂന്യമായ പാൽപല്ലുകളിൽ നിന്ന് പോലും വിത്തുകോശങ്ങൾ വേർതിരിച്ചെടുക്കാനും അവ ഉപയോഗിച്ച് നാഡീകോശങ്ങളെ പോലും പുനർനിർമിയ്ക്കാനും കഴിയുമെന്ന വൈദ്യശാസ്ത്രകണ്ടുപിടിത്തം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

വിത്തുകോശം ആവശ്യമായി വന്നാൽ രക്തബന്ധമുള്ളവരെയാണ് ആദ്യം പരിഗണിക്കുക. സ്വന്തം കുടുംബക്കാരിൽ നിന്ന് ഒരു രോഗിക്ക് വിത്തുകോശം ലഭിക്കാനുള്ള സാധ്യത 25 ശതമാനമാണ്. ബന്ധുക്കളിൽ നിന്ന് കിട്ടിയില്ലെങ്കിൽ വ്യാപകമായ ക്യാമ്പുകൾ വഴി മറ്റുള്ളവരുടെ വിത്തുകോശങ്ങൾ പരിശോധിക്കപ്പെടുന്നു. ഇത്തരത്തിൽ യോജിച്ചുപോകുന്നവ കിട്ടാനുള്ള സാധ്യ ത 450-ൽ ഒന്ന് മുതൽ 75000-ൽ ഒന്ന് വരെയാണ്.

ഫാർമസ്യൂട്ടിക്കൽ, ബയോടെക്‌നോളജി കമ്പനികൾ ധാരാളമുള്ള നമ്മുടെ രാജ്യത്ത് വിത്തുകോശ ചികിത്സയിൽ വൻ ഗവേഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏഷ്യ-പസഫിക് പ്രദേശത്ത് ബയോടെക് രംഗത്തെ പ്രമുഖ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ കർണാടക, പ്രത്യേകിച്ച് ബാംഗ്ലൂര് ഈ മേഖലയിൽ മുന്നിട്ടു നിൽക്കുന്നു.

ഈ ചികിത്സാരീതി ഒന്നോ രണ്ടോ വർഷത്തിനകം പൊതുസമൂഹത്തിൽ അതിന്റെ സാന്നിദ്ധ്യം ശക്തമായി അറിയിക്കുമെന്ന് കരുതപ്പെടുന്നു. ഇപ്പോൾ പ്രചാരത്തിലുള്ള/ലഭ്യമായ ചികിത്സകൾ കൊണ്ട് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ കഴിയാത്ത രോഗികൾക്ക് തീർച്ചയായും പ്രതീക്ഷ ഉണർത്തുന്നതാണ് വിത്തുകോശ ചികിത്സ. ആധുനികശാസ്ത്രം  അങ്ങനെ പുതിയ പടവുകൾ തീർത്ത് നമ്മുടെയെല്ലാം ജീവിതം മെച്ചപ്പെടുത്തി മുന്നേറുകയാണ്, അനേകർക്ക് രോഗമുക്തിയും ഒപ്പം യുവതലമുറയ്ക്ക് പുതിയ തൊഴിൽത്തുറകളും പ്രദാനം ചെയ്തുകൊണ്ട്.

 

Happy
Happy
36 %
Sad
Sad
0 %
Excited
Excited
18 %
Sleepy
Sleepy
18 %
Angry
Angry
0 %
Surprise
Surprise
27 %

Leave a Reply

Previous post ജനിതക വിളകൾ ആപത്തോ ?
Next post സുജാത രാംദൊരൈയ്ക്ക് 2020 ലെ ക്രീഗർ -നെൽസൺ പ്രൈസ്
Close