Read Time:13 Minute

ഡോ.അജയകുമാര്‍ വര്‍മ്മ

ഇന്നലെകളില്‍ നമ്മെ അലട്ടിയതും, ഇന്ന് നമ്മെ ഭീതിയില്‍ ആഴ്ത്തിയിട്ടുള്ളതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും, അത്യന്താപേക്ഷിതവുമായ മാര്‍ഗം വ്യക്തിഗത-ഗാര്‍ഹിക-ഭക്ഷണ-പരിസര ശുചിത്വം പാലിക്കുക എന്നതാണ്.

1970-കള്‍ക്ക് ശേഷം 1500 ലധികം വൈറസ്സുകള്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായിട്ടുണ്ട്. ഇവയില്‍ 70% വും പക്ഷി-മൃഗാദികളില്‍ നിന്ന് ഉത്ഭവിക്കുന്നു എന്നു പഠനങ്ങള്‍. 1976-ലെ എബോള വൈറസ്, 1983-ലെ എച്ച്‌ഐവി (HIV), 2002-ലെ സാര്‍സ് (SARS), 2005-ലെ ഡെങ്കു , 2006-ലെ ചിക്കുങ്ങുനിയ, 2012-ലെ മേര്‍സ് (MERS), 2015-ലെ എച്ച്1എന്‍1, 2016-ലെ സിക്ക വൈറസ്, 2018-ലെ നിപ്പ തുടങ്ങി പലതും. ഇവയില്‍ ചിലത് ആവര്‍ത്തിക്കപ്പെട്ടു. ഇന്നിപ്പോള്‍ നോവല്‍ കൊറോണ അഥവാ കോവിഡ്-19 ലോകമാകെ ജീവിതം അത്യധികം വേദനാജനകമാക്കിയിരിക്കുന്നു. എന്ത് സംഭവിക്കും, എന്ന് ഇതവസാനിക്കും, എങ്ങിനെ അവസാനിക്കും ഇതെല്ലാം നമ്മെ അസ്വസ്ഥരാക്കുന്നു. സാമ്പത്തിക-സാമൂഹ്യ-പാരിസ്ഥിക തലത്തില്‍ വലിയ ആഘാതമാണ് ഇതുണ്ടാക്കുന്നത്. കോവിഡ്-19 ചികിത്സിച്ച് ഭേദമാക്കാനാകുമോ എന്ന ചോദ്യത്തിനു വൈദ്യശാസ്ത്രസമൂഹത്തിന് ഏകകണ്ഠമായ ഉത്തരം നല്‍കാന്‍ സമയമെടുക്കും.

കടപ്പാട് visualcapitalist.com

കോവിഡ് -19 ന്റെ കാലദൈർഘ്യം

എല്ലാ രാജ്യങ്ങളും ഒത്തുപിടിച്ചാല്‍ ജൂണ്‍ മാസത്തോടെ കോവിഡ്-19നെ നിയന്ത്രിക്കാനായേക്കും എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ പ്രമുഖ ആരോഗ്യ ഉപദേശകന്‍ ചോങ് നാന്ഷാന്‍ 2020 മാര്‍ച്ച് 21നു സൈന്റി്സ്റ്റ് മാഗസീനില്‍ അഭിപ്രായപ്പെട്ടത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ രോഗബാധയുടെ വന്‍തോതിലുള്ള വര്‍ധന ഇപ്പോള്‍ ഒഴിവാക്കി രോഗപകര്‍ച്ച പരിമിതമാക്കാനായാല്‍ ജൂലൈ-ആഗസ്റ്റോടെ ഈ പകര്‍ച്ചവ്യാധി അവസാനിക്കും എന്ന് ജോണ്‍ ഹോപ്സ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ജസ്റ്റിന്‍ ലാസ്സ്ലെര്‍ 2020 മാര്‍ച്ച് 22നു അഭിപ്രായപ്പെടുകയുണ്ടായി. സാമൂഹ്യ അകലം പാലിക്കല്‍ (Social distancing) കര്‍ശനമാക്കിയാല്‍ രോഗവ്യാപനം 89% കണ്ട് കുറക്കാമെന്ന് നമ്മുടെ ആരോഗ്യ ഗവേഷണ കൌണ്‍സിലും (ICMR)  പറഞ്ഞിരിക്കുന്നു. എന്നാല്‍ ആത്യന്തികമായി കോവിഡ്-19 വൈറസിന് പ്രതിരോധമരുന്ന് ലഭ്യമാകുന്നത് വരെയോ അല്ലെങ്കില്‍ വൈറസിന് പരിവര്‍ത്തനം (Mutation) സംഭവിക്കുന്നത് വരെയോ അതുമല്ലെങ്കില്‍ മനുഷ്യന് ഈ വൈറസിനെതിരെ രോഗപ്രതിരോധശേഷി ഉണ്ടാകുന്നതുവരെയോ നമ്മുടെ പരിസ്ഥിതിയില്‍ ഈ വൈറസിന്റെേ ഭീഷണി ഒരു വലിയ സാധ്യതയായി നിലനില്‍ക്കും. കുറഞ്ഞത് അടുത്ത 18-മാസമെങ്കിലും കോവിഡ്-19 രോഗസാധ്യത നമ്മുടെ പരിസ്ഥിതിയില്‍ നിലനിക്കും. സാമൂഹ്യ അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകഴുകുക തുടങ്ങിയ വൃത്തിശീലങ്ങള്‍ സ്വായത്തമാക്കിയേ നമുക്ക് നിലനില്‍പ്പുള്ളൂ എന്നു ചുരുക്കം എന്നും പല പഠനങ്ങളും സൂചിപ്പിക്കുന്നു.

പകര്‍ച്ചവ്യാധിയുടെ ആവിര്‍ഭാവം , പ്രസരണം

കഴിഞ്ഞ രണ്ടു ദശകങ്ങളായി വിവിധങ്ങളായ പകര്‍ച്ചവ്യാധികള്‍ ലോകസമൂഹത്തെ അലട്ടുകയാണ്. അടിക്കടി രൂപവും ഭാവവും മാറുന്ന വൈറസുകള്‍, പ്രതിരോധശേഷി വര്‍ധിക്കുന്ന ബാക്ടീരിയകള്‍ എന്നിവയുടെ വ്യാപനമാണ് ഇതിന് കാരണം. മലീമസവും, പോഷകാധിക്യസാഹചര്യവുമുള്ള മണ്ണു-ജല-വായു പരിസ്ഥിതിയിലാണ് വൈറസ്സുകളുടെയും മറ്റും ആവിര്‍ഭാവം. ഈ രോഗകാരികളുടെ വ്യാപനം പ്രാദേശിക പ്രസരണത്തിലൂടെ മാത്രമാണു തുടങ്ങുക. ഇത് ജീവികളിലൂടെയോ അല്ലാതെയോ ആകാം. തുടര്‍ന്നുള്ള വിപുലീകരണ ഘട്ടമാണ് ഏറ്റവും അപകടകരവും നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുള്ളതും. വൈറസ് പ്രസരണത്തിന് ഒരു ആതിഥേയ കോശം അനിവാര്യമാണ്. ജീവികള്‍ വഴിയോ മനുഷ്യരില്‍ നിന്നു നേരിട്ടോ ആതിഥേയ കോശത്തെ കണ്ടെത്തി അണുബാധ ആരംഭിക്കും.

ആയതിനാല്‍ ജീവികള്‍ വഴിയോ അല്ലാതെയോ വ്യാപിക്കുന്ന അണുബാധ തടയുന്നതിന് ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് വൃത്തി നിലനിര്‍ത്തുന്നതിനും അതിനാവശ്യമായ ശുചിത്വ പാലനത്തിനുമാണ്. ആയതിനാല്‍ മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് പകരുന്നു എന്നു കണ്ടെത്തിയിട്ടുള്ള കോവിഡ്-19 അണുബാധയെ പ്രതിരോധിക്കുന്നതിനും, ആവര്‍ത്തിക്കപ്പെടില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും ശരിയായ വൃത്തിശീലങ്ങള്‍ അതിപ്രധാനമാണ്.

വൃത്തിയുടെ ഗോവണി (Hygiene Ladder)

വൃത്തിയുള്ള സാഹചര്യം നിലനിര്‍ത്തുന്നതിന് ശരിയായ ശുചിത്വപാലനം ഓരോ വ്യക്തിയുടെയും സ്വഭാവത്തിന്റെ ഭാഗമായും ശീലമായും മാറണം. ഇതിനായി ഗോവണി കയറുംപോലെ വൃത്തിയുടെ വിവിധ ഘട്ടങ്ങള്‍ പടിപടിയായി നാം സ്വായത്തമാക്കണം.

1. വ്യക്തിശുചിത്വപാലനം: വൃത്തിഗോവണിയുടെ ഒന്നാം പടിയാണിത്. കൈകഴുകല്‍, മുഖംകഴുകല്‍, കാല്‍കഴുകല്‍, കുളി, വസ്ത്രം കഴുകല്‍ ഇവയെല്ലാം നാം പൊതുവേ ശീലമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇവ വേണ്ട സമയത്തെല്ലാം, വേണ്ടപോലെ ചെയ്യുന്നുണ്ടോ എന്നു നാം സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു.

കൊഴുപ്പില്‍പ്പൊതിഞ്ഞ കോവിഡ്-19-നെ ചെറുക്കണമെങ്കില്‍ സോപ്പിട്ടുതന്നെ കൈകഴുകണം. അതുപോലെ തന്നെ മറ്റ് പല വൈറസ്സുകളും, ബാക്ടീരിയകളും പോകണമെങ്കിലും സോപ്പിട്ടുതന്നെ കൈകഴുകണമെന്നാണ് ഹൈജീന്‍ വിദഗ്ദ്ധരുടെ ഉപദേശം. ഓരോദിവസവും അണുബാധസാധ്യത സംശയിക്കേണ്ട എല്ലാ സമയങ്ങളിലും ഇത് തുടരണമെന്നും നിഷ്കര്‍ഷിക്കുന്നു.

2. ഗാര്‍ഹികശുചിത്വം: വൃത്തിഗോവണിയുടെ രണ്ടാം പടിയാണിത്. ഈച്ച, കൊതുക്, പാറ്റ, ഉറുമ്പു തുടങ്ങിയ രോഗവാഹകര്‍ വീട് കൈയടക്കുന്നത് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളുടെ ശീലമാകണം. ടോയ്ലറ്റ്, കുളിമുറി, വാഷ്ബേസിന്‍, ഫ്രീഡ്ജ് തുടങ്ങി എല്ലായിടവും ഓരോ ദിവസവും ഒരുനേരമെങ്കിലും വൃത്തിയാക്കണം. ഓരോപ്രവര്‍ത്തനവും കുടുംബാഗംങ്ങള്‍ക്ക് വീതിച്ച് നല്‍കി പങ്കാളിത്തം ഉറപ്പാക്കുന്നതും ഉചിതം. വീട്ടിനുള്ളിലെ വളര്‍ത്തു മൃഗങ്ങളെ നമ്മെക്കാള്‍ കൂടുതല്‍ വൃത്തിയായി പരിപാലിക്കണം. വീട്ടിനുള്ളില്‍ പരമാവധി വായുസഞ്ചാരം ഉറപ്പാക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതോടൊപ്പം വീട്ടില്‍ ഉണ്ടാകുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് പ്രത്യേകം പാത്രങ്ങളില്‍/ബക്കറ്റുകളില്‍ അടച്ചു വെക്കുക എന്നതും ജൈവമാലിന്യം അതതുദിവസം തന്നെ സംസ്കരണത്തിനായി വീടിന് പുറത്തേക്ക് പോകുന്നു എന്നുറപ്പാക്കുന്നതും അത്യന്താപേക്ഷിതമാണ്.

3. ഭക്ഷണശുചിത്വം: വൃത്തിയുടെ മൂന്നാംപടവില്‍ കുടിവെള്ളം ശുദ്ധമാക്കി വെക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. ആഹാരപദാര്‍ത്ഥം ശരിയായ താപനിലയില്‍ അടച്ചു സൂക്ഷിക്കുക, പാകപ്പെടുത്തിയ ഭക്ഷണവും, പാകംചെയ്യാന്‍ കരുതിവെച്ചിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും കൂടി കലരാന്‍ അനുവദിക്കാതിരിക്കണം. പച്ചക്കറികള്‍ വൃത്തിയായി കഴുകി ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. ജൈവ, രാസ, ഭൗതിക മാലിന്യങ്ങള്‍ ഭക്ഷണത്തിലോ, ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിലോ എത്തുന്നില്ല എന്നും ഉറപ്പാക്കേണ്ടതാണ്.

4. പരിസര ശുചിത്വം: വൃത്തിയുടെ അടുത്ത പടി നമ്മുടെ ചുറ്റുപാടുകള്‍ ശുചിയായിരിക്കുന്നു എന്നുറപ്പാക്കുകയാണ്. ഈ ഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി വീട്ടിലും, ചുറ്റുപാടുമുണ്ടാകുന്ന ഖര-ദ്രവ മാലിന്യങ്ങള്‍ ശരിയായി പരിപാലിക്കുക എന്നതും രോഗാണുക്കളെയും, രോഗവാഹകരെയും ഇല്ലാതാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്നതുമാണ്.

ടോയ്ലറ്റുകളില്‍ നിന്നൊഴുകുന്ന മനുഷ്യമലവും, മലിനജലവും ശേഖരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ ഇന്നെല്ലാവീടുകളിലും സൗകര്യമുണ്ട്. എന്നാല്‍ അടുക്കളയില്‍ നിന്നോ, കുളിമുറിയില്‍നിന്നോ ഒഴുകിയെത്തുന്ന മലിനജലം വീടിനുസമീപമുള്ള റോഡിലേക്കോ, തോടിലേക്കൊ, പുരയിടത്തിലേക്കൊ ഒഴുക്കിവിടുന്നതാണ് പൊതുവേ നമ്മുടെ ശീലം. ഇതുമൂലമുണ്ടാകുന്ന വെള്ളക്കെട്ടും പരിസ്ഥിതിപ്രശ്നങ്ങളും, രോഗസാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ആയതിനാല്‍ ഈ മലിനജലം അതതിടങ്ങളിലെ ഭൂപ്രകൃതി അനുസരിച്ചു ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങുന്നതിനോ, ജലസേചനത്തിനായി ഉപയോഗിക്കുന്നതിനോ ശ്രദ്ധിയ്ക്കണം. വീട്ടില്‍ ശേഖരിക്കുന്ന മാലിന്യം പരിശോധിച്ചാല്‍ അതിന്റെ മുക്കാല്‍ ഭാഗവും അഴുകുന്നതാണെന്ന് മനസിലാകും. അവ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ ഉണ്ടാകാവുന്ന പരിണിതഫലം ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള അണുബാധയായിരിക്കും. ആയതിനാല്‍ ഇവ അടിയന്തിരമായി സ്രോതസ്സില്‍ത്തന്നെ കമ്പോസ്റ്റ്ചെയ്തു സംസ്കരിക്കണം.
ഇതിന്റെ സാങ്കേതികവശങ്ങള്‍ ഇതിനകംതന്നെ പൊതുസമൂഹത്തിന് അറിവുള്ളതാണ്. മറ്റ് അജൈവവമാലിന്യങ്ങള്‍ സൂക്ഷിച്ചുവെച്ച് പുനചംക്രമണ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കാം. നല്ല കുളിര്‍മ്മയുള്ള ചുറ്റുപാടില്‍ ജീവിക്കാനാണെല്ലോ നാമെല്ലാം ഇഷ്ടപ്പെടുന്നത്. അങ്ങിനെയെങ്കില്‍ നമുക്കുചുറ്റും ചെടികളും, മരങ്ങളും, പച്ചക്കറികളും വെച്ചുപിടിപ്പിക്കുക എന്ന സാമ്പ്രദായികരീതിക്ക് പകരം ചെടികളുടെയും, മരങ്ങളുടെയും, പച്ചക്കറിവള്ളികളുടെയും ഇടയിലാണ് നാം ജീവിക്കുന്നത് എന്നുറപ്പു വരുത്തണം. മാലിന്യം കത്തിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം.

ഇന്നലെകളില്‍ നമ്മെ അലട്ടിയതും, ഇന്ന് നമ്മെ ഭീതിയില്‍ ആഴ്ത്തിയിട്ടുള്ളതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും, അത്യന്താപേക്ഷിതവുമായ മാര്‍ഗം വ്യക്തിഗത-ഗാര്‍ഹിക-ഭക്ഷണ-പരിസര ശുചിത്വം പാലിക്കുക എന്നതാണ്. ആയതിനാല്‍ വൃത്തിയുടെ വിവിധ ഘടകങ്ങള്‍ നമ്മുടെ നിത്യജീവിതത്തിലെ ശീലമാക്കി മാറ്റി ഇന്ന് ലോകത്തെയാകെ വ്യാകുലപ്പെടുത്തുന്ന ആരോഗ്യപ്രശ്നങ്ങളെ മറികടക്കാം.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
33 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബഹിരാകാശത്തേക്കും അന്തര്‍വാഹിനി
Next post ഉത്തരം താങ്ങുന്ന പല്ലികള്‍
Close