Read Time:26 Minute

ന്യജീവികളുടെ സാന്നിധ്യമോ പെരുമാറ്റമോ മനുഷ്യരുടെ താൽപ്പര്യങ്ങൾക്കോ ആവശ്യങ്ങൾക്കോ ഭീഷണികൾ സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ്  “മനുഷ്യ- വന്യജീവി സംഘർഷം” (Human-animal  conflict) എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) മനുഷ്യ-വന്യജീവി സംഘർഷത്തെ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “വന്യജീവികളുടെ സാന്നിധ്യമോ പെരുമാറ്റമോ മനുഷ്യ താൽപ്പര്യങ്ങൾക്കോ ആവശ്യങ്ങൾക്കോ നേരിട്ടും ആവർത്തിച്ചുള്ളതുമായ ഭീഷണി ഉയർത്തുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളും,  അവ ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കുന്ന വിയോജിപ്പും, ആളുകളുടെയും വന്യജീവികളുടെയും മേലുള്ള ദോഷകരമായ ഫലങ്ങളുമാണ് മനുഷ്യ-വന്യജീവി സംഘർഷം” (IUCN, 2022).

ഇത്തരം സംഘർഷങ്ങൾ മനുഷ്യരേയും, വന്യജീവികളേയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് മാത്രമല്ല,  പലപ്പോഴും മൃഗസ്നേഹികളും കർഷകരും വനംവകുപ്പും സാധാരണക്കാരും ഭരണകൂടവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്കും നയിക്കുന്നു. കേരളത്തിൽ കാട്ടാന, കടുവ, കരടി, കുരങ്ങ് (ബോണറ്റ് മക്കാക്), കാട്ടുപന്നി, കാട്ടുപോത്ത്, മുള്ളൻ പന്നി, മുയൽ, മയിൽ എന്നിവയുമായി പലയിടത്തും സംഘർഷം ഉണ്ടാകുന്നുണ്ട്. യഥാർത്ഥത്തിൽ, സംഘർഷത്തിന് പകരം മനുഷ്യ-വന്യജീവി  സഹവർത്തിത്വത്തിനുള്ള (human-animal co-existence) സാഹചര്യമാണ് ഉണ്ടാകേണ്ടത്. 

2022 ഡിസംബർ 19-ന് കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രയിംവർക്ക് അംഗീകരിച്ചു.

ലോക ജൈവവൈവിധ്യ ഉടമ്പടിയുമായി ബന്ധപ്പെട്ട “പാർട്ടി”കളുടെ 2022-ലെ കോൺഫറൻസിൽ  (CBD-COP 15) ധാരണയായ “കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്കി”ൽ മനുഷ്യ-വന്യജീവി സംഘർഷം ആഗോള ആശങ്കയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, പല രാജ്യങ്ങളും മനുഷ്യ-വന്യജീവി സംഘർഷ മാനേജ്മെന്റ് നയങ്ങളിലും, അവ കൈകാര്യം ചെയ്യുന്നതിനുള്ള വിഭവങ്ങൾ ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. നാശനഷ്ടങ്ങളോ ആഘാതങ്ങളോ കുറയ്ക്കുന്നതിനും, പിരിമുറുക്കം കുറയ്ക്കുന്നതിനും, വരുമാനത്തിനും ദാരിദ്ര്യത്തിനുമുള്ള അപകടസാധ്യതകൾ തരണം ചെയ്യുന്നതിനും, സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും, സ്വീകരിക്കാവുന്ന നിരവധി സമീപനങ്ങളും നടപടികളും ഉണ്ട്. ഇവയിൽ തടസ്സങ്ങൾ (സോളാർ വേലികൾ, ജൈവ വേലികൾ, കിടങ്ങുകൾ), കാവൽ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, വികർഷണ തന്ത്രങ്ങൾ (സൈറണുകൾ, ലൈറ്റുകൾ, ഡ്രോണുകൾ, റേഡിയോ കോളർ, തേനീച്ചക്കൂടുകൾ), സ്ഥലം മാറ്റൽ (വന്യജീവികളെ മാറ്റൽ, ചിലപ്പോൾ മനുഷ്യരെയും), അർഹിക്കുന്ന നഷ്ടപരിഹാരം അല്ലെങ്കിൽ ഇൻഷുറൻസ്, അപകടസാധ്യത കുറയ്ക്കുന്ന ബദലുകൾ, എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

വന്യമൃഗങ്ങൾ കാട്ടിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന സംഭവങ്ങൾ  കേരളത്തില്‍ വര്‍ധിക്കുകയാണ്. കാട്ടാന,  കാട്ടുപന്നി, കടുവ, കാട്ടുപോത്ത്, മുള്ളന്‍ പന്നി എന്നിവയടക്കമുള്ള ജീവികൾ സൃഷ്ടിക്കുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മനുഷ്യജീവനും അവരുടെ ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചില സന്ദർഭങ്ങളിൽ, വന്യജീവികൾ മനുഷ്യർക്കും അവരുടെ വാസസ്ഥലങ്ങൾക്കും വലിയ നാശവും അപകടവും ഉണ്ടാക്കും. ആനകളുടെയും  മറ്റ് വന്യജീവികളുടെയും ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്ന വനങ്ങളിലും പരിസരങ്ങളിലും മനുഷ്യർ കൃഷി ചെയ്യാൻ ആരംഭിച്ചത് മുതൽ സസ്യഭുക്കുകളായ മൃഗങ്ങളുടെ വിള ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. കന്നുകാലികൾക്കും മനുഷ്യർക്കും നേരെ മാംസഭോജികളായ മൃഗങ്ങൾ നടത്തുന്ന ആക്രമണങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇപ്പോൾ വർദ്ധിക്കുന്നു എന്നതാണ് പ്രശ്നം! ഇത്തരം സംഘർഷസാഹചര്യങ്ങളിൽ, ദുരിതബാധിതരായ ഗ്രാമീണരെ സമാധാനിപ്പിക്കാനും വന്യജീവി സംരക്ഷണത്തിന് പ്രാദേശിക പിന്തുണ നേടാനും വളരെ ബുദ്ധിമുട്ടായിരിക്കും.

കാട്ടാനകൾ പലപ്പോഴും വാഴ, പ്ലാവ്, മാവ്, നെല്ല്, പച്ചക്കറികൾ, കരിമ്പ്, തെങ്ങ്, എണ്ണപ്പന എന്നിവയ്ക്ക് വൻനാശം വരുത്തുന്നു. ചിലപ്പോൾ മനുഷ്യരെയും ആക്രമിക്കുന്നു. അടുത്തകാലത്ത് കേരളത്തിൽ കാട്ടാനയുടെ ആക്രമണങ്ങളിൽ പൊലിഞ്ഞ ജീവനുകൾ ഇതിന് സാക്ഷിയാണ്. ആനകളുടെ എണ്ണം കൂടിയതും അപര്യാപ്തവും ഛിന്നഭിന്നവുമായ ആവാസവ്യവസ്ഥയുമാണ് സംസ്ഥാനത്ത് നശീകരണം ഉയരുന്നതിന്റെ പ്രധാന കാരണമായി ചിലരെങ്കിലും കാണുന്നത്. ആനകൾക്ക്  വേണ്ട ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ആവശ്യകത വളരെ ഉയർന്നതാണ്. പ്രായപൂർത്തിയായ ഒരു ആനയ്ക്ക് പ്രതിദിനം 200 കിലോഗ്രാം പച്ചപ്പുല്ലും 150 കിലോഗ്രാം ശുദ്ധജലവും ആവശ്യമാണെന്നും അത് ലഭ്യമല്ലെങ്കിൽ അവ പുറത്തേക്ക് പോകുമെന്നും ശ്രദ്ധിക്കേണ്ടതാണ്. ആനകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പലപ്പോഴും ശിഥില വനങ്ങളിലൂടെയും മനുഷ്യവാസ കേന്ദ്രങ്ങളിലൂടെയും കൃഷിഭൂമികളിലൂടെയും ധാരാളം സഞ്ചരിക്കേണ്ടിവരുന്നു. ഇത് മിക്കപ്പോഴും കാട്ടാന ആക്രമണങ്ങളിൽ കലാശിക്കുന്നു. ഇത്തരം സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ആനകളുടെ ആവാസവ്യവസ്ഥയിലും കാടിന്റെ പരിസരങ്ങളിലും താമസിക്കുന്നവരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനും വിവിധ നടപടികൾ സ്വീകരിക്കുകയും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

സാധാരണ ഗതിയിൽ വനവിസ്തൃതി കുറയുമ്പോൾ, അല്ലെങ്കിൽ മൃഗങ്ങളുടെ എണ്ണം കൂടുമ്പോൾ, പ്രത്യേകിച്ച് വാഹകശേഷിക്കപ്പുറമാകുമ്പോൾ (carrying capacity), ആനകൾ, കടുവകൾ, കുരങ്ങുകൾ, കാട്ടുപന്നികൾ, കരടികൾ എന്നിവ വനത്തിന് പുറത്തേക്ക് നീങ്ങാനും വിളകളെയും കന്നുകാലികളെയും മനുഷ്യനെ തന്നെയും ആക്രമിക്കാനുമുള്ള സാധ്യത വർദ്ധിക്കുന്നു.  കാട്ടുപന്നി, മയിൽ, മുള്ളൻ പന്നി, കുരങ്ങ്(പ്രധാനമായും  ബോണറ്റ് മക്കാക്) എന്നിവ കാട് വിട്ട് മനുഷ്യാധിവാസ മേഖലയിൽ താമസമുറപ്പിക്കുകയും പെറ്റു പെരുകുകയും ചെയ്യുന്നു എന്നതും ശ്രദ്ധിക്കണം

കേരളത്തിൽ ഇപ്പോൾ കാണുന്ന വന്യജീവി ആക്രമണങ്ങൾ കേവലം മനുഷ്യ-വന്യജീവി സംഘർഷം മാത്രമായി കണ്ടാൽ ശരിയാവില്ല. ആഗോള താപനവും കാലാവസ്ഥാ മാറ്റവും മനുഷ്യ-വന്യജീവി സംഘർഷങ്ങളെ  സ്വാധീനിക്കുന്നുണ്ട് എന്നത് തർക്കമറ്റ കാര്യമാണ്. വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനം മനുഷ്യ-വന്യമൃഗ ഏറ്റുമുട്ടലുകൾ  വൻതോതിൽ വർദ്ധിപ്പിക്കുന്നുവെന്നാണ്.   ഈയൊരു വിഷയത്തിലേക്ക് വെളിച്ചം വീശുന്ന രണ്ടു പഠനങ്ങൾ 2023ൽ പുറത്തുവന്നിട്ടുണ്ട്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങളെ ആഗോളതാപനവുമായി ബന്ധിപ്പിച്ചുകൊണ്ട് നാം നമ്മുടെ പരിസ്ഥിതിയുമായി എത്രമാത്രം ഇഴചേർന്നിരിക്കുന്നുവെന്ന്, ‘നേച്ചർ ക്ലൈമറ്റ് ചേഞ്ച്’ എന്ന ജേർണലിൽ വന്ന അബ്രാംസും  കൂട്ടരും നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. (Abrahams et al. 2023).  ചൂടുകൂടുന്ന  ലോകം മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു. ന്യൂസോമും കൂട്ടരും  (Newsom et el., 2023) മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വിശകലനം ചെയ്ത് അത് മനുഷ്യർക്ക് വന്യജീവികൾ മൂലമുണ്ടാകുന്ന ഭൌതിക ഉപദ്രവം കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുമെന്ന്  വ്യക്തമാക്കി.

ഈ വർഷം  കേരളത്തിൽ അനുഭവപ്പെടുന്ന താപനിലയിലെ അസാധാരണമായ വർധനവിന് ‘എൽ നിനോ’യാണ് കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. (സമുദ്രജലം അസാധാരണമായി ചൂടുപിടിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ‘എൽ നിനോ’. ഇങ്ങനെ ചൂടാകുന്ന സമുദ്രം അന്തരീക്ഷത്തിലേക്ക് അധിക താപം പുറപ്പെടുവിക്കുന്നതിനാൽ ലോകകാലാവസ്ഥയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു). ഏപ്രിൽ മാസം വരെ എൽ നിനോ പ്രഭാവം തുടരുമെന്നാണ് പ്രവചനം. ‘എൽ നിനോ’ (സ്പാനിഷ് ഭാഷയിൽ “ലിറ്റിൽ ബോയ്”) എന്ന പദം വന്നത് മധ്യ, കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ ചൂട് കൂടുന്നതിനെ അല്ലെങ്കിൽ ശരാശരിക്ക് മുകളിലുള്ള സമുദ്രോപരിതല താപനിലയെ സൂചിപ്പിക്കാനാണ്. എൽ നിനോ സംഭവങ്ങൾ പ്രതീക്ഷിത കാലാവസ്ഥയെ  തടസ്സപ്പെടുത്തും. ഇത് അബ്രാംസും  കൂട്ടരും നടത്തിയ പഠനം ശരിവെക്കുന്ന നിരീക്ഷണമാണ്.

ജീവജാലങ്ങളുടെ പത്ത് ടാക്‌സോണമിക് ഓർഡറുകൾക്കിടയിൽ, ആറ് ഭൂഖണ്ഡങ്ങളിലും അഞ്ച് സമുദ്രങ്ങളിലും സംഭവിക്കുന്ന കാലാവസ്ഥാ പ്രേരിതമായ സംഘർഷങ്ങളുടെ തെളിവുകൾ സമന്വയിപ്പിച്ചു കൊണ്ടാണ് അബ്രാംസും  കൂട്ടരും പഠനം നടത്തിയത്. അതായത്, കാലാവസ്ഥാ വ്യതിയാനം മൂലം സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, മത്സ്യം, അകശേരുക്കൾ എന്നിവ ഉൾപ്പെടുന്ന വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളുടെ തെളിവുകൾ ആറ് ഭൂഖണ്ഡങ്ങളിൽ, അഞ്ച് വ്യത്യസ്ത സമുദ്രങ്ങളിൽ, ഭൗമ വ്യവസ്ഥകളിൽ, സമുദ്ര സംവിധാനങ്ങളിൽ, ശുദ്ധജല സംവിധാനങ്ങളിൽ  നിന്നൊക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളവ പരിശോധിച്ചു.

മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ മാറ്റം വരുന്നതിലൂടെയും സംഘർഷ സംഭവങ്ങളുടെ സമയം, വന്യജീവികളുടെ പെരുമാറ്റം, വിഭവലഭ്യത എന്നിവക്ക് മാറ്റം വരുന്നതിലൂടെയും   കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സംഘർഷങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഈ പഠനം കാണിക്കുന്നു. ഹ്രസ്വവും ദീർഘവുമായ കാലാവസ്ഥാ സംഭവങ്ങളുടെ ചില ഉദാഹരണങ്ങൾ: ആർട്ടിക് പ്രദേശത്തെ ചൂട് കൂടുന്നത് കടൽമഞ്ഞുകട്ടകളുടെ നഷ്ടത്തിലേക്ക് നയിക്കുന്നു, ഇത് ധ്രുവക്കരടികൾക്ക് ഭക്ഷണത്തിന് ക്ഷാമമുണ്ടാക്കുന്നു. അവർ കൂടുതലായി കരയിലൂടെ സഞ്ചരിക്കുന്നു, ചിലപ്പോൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രവേശിച്ച് ആളുകളെ ആക്രമിക്കുന്നു. ടാൻസാനിയയിലെ അതിരൂക്ഷമായ വെള്ളപ്പൊക്കം സിംഹങ്ങളുടെ ആക്രമണത്തിലേക്ക് നയിച്ചു, അവരുടെ സാധാരണ ഇരകൾ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് മാറിപ്പോയി. ഓസ്‌ട്രേലിയയിലെ ഉയർന്ന അന്തരീക്ഷ താപനില ഈസ്റ്റേൺ ബ്രൌൺ പാമ്പുകളിൽ കൂടുതൽ ആക്രമണാത്മക സ്വഭാവത്തിന് കാരണമായി, ഇത് കൂടുതൽ പാമ്പുകടിയേൽക്കുന്ന സംഭവങ്ങളിലേക്ക് നയിച്ചു. ഇന്തോനേഷ്യയിലെ സുമാത്രയിലെ കാട്ടുതീ (എൽ നിനോ കൊണ്ട് അധികരിച്ചത്) ഏഷ്യൻ ആനകളെയും കടുവകളെയും റിസർവുകളിൽ നിന്നും മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്കു പായിച്ചു, അമേരിക്കയിലെ ‘ലാ നിന’ സംഭവങ്ങൾക്കിടയിലെ ഭൗമഭക്ഷണ വലകൾ തകരാറിലായത് ന്യൂമെക്സിക്കോയിലെ കൃഷ്ണമൃഗങ്ങളെയും ചിലിയിലെ കുറുക്കന്മാരെയും ഭക്ഷണം തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്കെത്തിച്ചു (‘എൽ നിനോ’പോലുള്ള ഒരു പദമാണ്  ‘ലാ നിന’, സ്പാനിഷിൽ “ലിറ്റിൽ ഗേൾ”, വർദ്ധിച്ച മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു). . കഠിനമായ ‘എൽ നിനോ’യിലെ ചൂടുള്ള വായുവും സമുദ്ര താപനിലയും ദക്ഷിണാഫ്രിക്കയിൽ സ്രാവുകളുടെ ആക്രമണം വർദ്ധിപ്പിക്കുന്നതിന് കാരണമായി.

കാലാവസ്ഥയുമായി ബന്ധപ്പെട്ട മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ മിക്ക കേസുകളിലും വിഭവങ്ങളുടെ ലഭ്യതയിലെ വ്യതിയാനവും  ഉൾപ്പെടുന്നു. ഇത് വന്യജീവികൾക്ക് മാത്രമല്ല, മനുഷ്യർക്കും ബാധകമാണ്.  ഭൂമിയിലെ ഭൂരിഭാഗം സംഭവങ്ങളിലും മഴയുടെ മാറ്റവും ഉൾപ്പെടുന്നു (2018, 2019 കളിൽ കേരളത്തിൽ സംഭവിച്ച വെള്ളപ്പൊക്കത്തെ തുടന്നുള്ള പ്രശ്നങ്ങൾ ഓർക്കുക). 2009-ൽ, ടാൻസാനിയയിലെ കിളിമഞ്ചാരോ മേഖലയുടെ പടിഞ്ഞാറൻ ഭാഗത്ത് കടുത്ത വരൾച്ചയുണ്ടായി. ഇത് ആഫ്രിക്കൻ ആനകൾക്കുള്ള ഭക്ഷണ ലഭ്യത കുറച്ചു, അത് വിളകൾ മേയാൻ പ്രാദേശിക വയലുകളിൽ പ്രവേശിച്ചു, ചിലപ്പോൾ ദിവസേന 2 മുതൽ 3 ഏക്കർ വരെ നശിപ്പിച്ചു. വരൾച്ച മൂലം ഉപജീവനമാർഗത്തിന് ഭംഗം നേരിട്ട അവിടുത്തെ കർഷകർ, ഈ റെയ്ഡുകൾ ലഘൂകരിക്കാൻ ചില സമയങ്ങളിൽ പ്രതികാരമായി ആനകളെ നിയമം ലംഘിച്ച് കൊല്ലുക പോലും ചെയ്തു!

കാലാവസ്ഥയും മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായുള്ള ബന്ധം തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്  ഒരു വന്യജീവി സംരക്ഷണ പ്രശ്നം മാത്രമായല്ല,  മനുഷ്യ സുരക്ഷയും സാമൂഹിക നീതിയും ഉറപ്പ് വരുത്തുന്നതിനും ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം തീവ്രമാകുമ്പോൾ, പ്രത്യേകിച്ച് ആളുകളുടെയും വന്യജീവികളുടെയും കുടിയേറ്റം വർദ്ധിക്കുകയും വിഭവങ്ങൾ മാറുകയും ചെയ്യുമ്പോൾ, ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഉയരാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ-വന്യജീവി സംഘർഷവും തമ്മിലുള്ള ബന്ധം പഠിക്കുന്നതിനുള്ള ഒരു പ്രധാന പ്രചോദനം പരിഹാരങ്ങൾ കണ്ടെത്തുന്നതിനു വേണ്ടിയാണ്. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ  മൂലകാരണങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, ജനങ്ങളെയും വന്യജീവികളെയും സഹായിക്കാൻ ഫലപ്രദമായ ഇടപെടലുകൾ രൂപപ്പെടുത്താൻ കഴിയും. 

വന്യജീവികളുമായുള്ള ഏറ്റുമുട്ടലിൽ മനുഷ്യരുടെ അപകടസാധ്യതയെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നു എന്ന് ന്യൂസോമും   കൂട്ടരും  വിശകലനം ചെയ്തു (Newsom et el., 2023). ഈ ലക്ഷ്യത്തിനായി, കാലാവസ്ഥാധിഷ്ഠിത സംഘർഷങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ നിരീക്ഷിക്കുകയും ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ച് അവർ വിവരിക്കുന്ന പ്രതിഭാസങ്ങൾ പഠിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള 331 മാധ്യമ റിപ്പോർട്ടുകൾ അവർ പരിശോധിച്ചു. ശാസ്ത്രീയ പ്രബന്ധങ്ങളിൽ  നിന്നുള്ള തെളിവുകൾ മാധ്യമങ്ങളിൽ കണ്ടെത്തിയ ഫലങ്ങളുമായി ഒത്തുനോക്കി. മനുഷ്യർക്ക് വന്യജീവികൾ മൂലമുണ്ടാകുന്ന ഭൌതിക ഉപദ്രവം കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുമെന്ന് ഈ  വിശകലനം വ്യക്തമാക്കി. ഈ ഫലം ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിലെ വിഷമുള്ള ജീവികൾ, കര-ജല മാംസഭോജികൾ, ആനയെപ്പോലെ വലിയ ശരീരമുള്ള മൃഗങ്ങൾ എന്നിവയുടെ കാര്യത്തിൽ ഏകതാനത പുലർത്തി. കാലാവസ്ഥാ പ്രേരിത മനുഷ്യ-വന്യജീവി സംഘട്ടനങ്ങളിൽ ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് പരിക്കുകൾ മുതൽ മരണം വരെയുള്ള  മനുഷ്യനഷ്ടങ്ങളാണ്.

മനുഷ്യനഷ്ടങ്ങളെ ബാധിക്കുന്ന നാല് കാലാവസ്ഥാ പ്രേരക പ്രവണതകൾ ന്യൂസോമും കൂട്ടരും തിരിച്ചറിഞ്ഞു:

  1. വരൾച്ച കാരണം മനുഷ്യരും വന്യജീവികളും തമ്മിലുള്ള വിഭവങ്ങൾക്കുവേണ്ടിയുള്ള  മത്സരം വർദ്ധിച്ചു.
  2. ഉയർന്ന ശരാശരി താപനില കാരണം അപകടകാരികളായ മൃഗങ്ങളുടെ പരിധി വിപുലീകരണം (range expansion) 
  3. തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ കാരണം വന്യജീവികളുടെ താത്കാലിക സ്ഥാനചലനം 
  4. ഉയർന്ന ശരാശരി താപനില കാരണം വന്യജീവികളുടെ താൽക്കാലിക സ്വഭാവരീതികളിലെ മാറ്റങ്ങളും. 

കാലാവസ്ഥാ ചാലകങ്ങളെക്കുറിച്ചുള്ള വിശകലനം പ്രകാരം പരിഗണിച്ച 331 റിപ്പോർട്ടുകളിൽ ഏകദേശം 31 ശതമാനം സംഘർഷവും ഉയർന്ന ശരാശരി ഭൌമ താപനിലകൊണ്ടായിരുന്നു.  ഉയർന്ന സമുദ്രതാപനവും  (30%) സമാനമായ കുഴപ്പങ്ങൾ ഉണ്ടാക്കി. അടുത്ത 14 ശതമാനം  റിപ്പോർട്ടുകൾ  വരൾച്ചയെ സംഘർഷത്തിന്റെ പ്രധാന പ്രേരകമായി തിരിച്ചറിഞ്ഞു, കൂടാതെ 8 ശതമാനം വീതം ആവാസവ്യവസ്ഥയിലെ മാറ്റങ്ങളുടെയും ദിനാന്തരീക്ഷ സ്ഥിതിയിലെ (weather)  വ്യതിയാനങ്ങളുടെയും ഫലമാണെന്ന് കുറിച്ചു. ഏകദേശം 4 ശതമാനത്തിന് ഉത്തരവാദി തീവ്രസംഭവങ്ങളാണ്. കൂടാതെ 3 ശതമാനം സമുദ്രനിരപ്പ് ഉയരുന്നത് കൊണ്ടാണ്.

കേരളത്തിലെ വന്യജീവി സംഘർഷ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, അത് കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, പ്രായോഗികവും സംയോജിതവുമായ സമീപനം ആവശ്യമാണ്. കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. തീറ്റ, വെള്ളം എന്നിവ കാടിനുള്ളിൽ തന്നെ ഉറപ്പ് വരുത്തുന്ന ഒരു സാഹചര്യമുണ്ടാകണം. ഇതോടൊപ്പം പ്രതിരോധ നടപടികൾ സൃഷ്ടിക്കുക എന്നതും പ്രധാനമാണ്.   പ്രതിരോധ നടപടികൾക്ക് അനുബന്ധമായി, സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്നതിന് സംവിധാനങ്ങൾ വേണം. പ്രതിരോധ നടപടികൾ വിജയിക്കാതിരിക്കുകയും വന്യമൃഗങ്ങൾ വിളകൾക്കും വസ്തുവകകൾക്കും നാശം വരുത്തുകയും ചെയ്താൽ, നാശനഷ്ടം സംഭവിച്ച വ്യക്തികൾക്ക് ഉടൻ അർഹിക്കുന്ന നഷ്ടപരിഹാരം നൽകാനുള്ള സംവിധാനവും  പ്രാപ്തമാക്കേണ്ടതുണ്ട്.

വിവിധ പ്രദേശങ്ങളിലും ജീവിവർഗങ്ങളിലും ഉടനീളമുള്ള ഇത്തരം പ്രവണതകൾ സൂചിപ്പിക്കുന്നത് വന്യജീവി ഗവേഷണവും കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചുള്ള പഠനവും തമ്മിലുള്ള വിടവ് നികത്തേണ്ടതിന്റെ ആവശ്യകത കൂടിയാണ്.  കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യതയുടെ ഒരു ഘടകമായി വന്യജീവി പ്രേരിതമായ ഉപദ്രവത്തിന്റെ സാധ്യതയും  കണക്കിലെടുക്കണം. അതേ സമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രത്യാഘാതങ്ങൾ ദീർഘകാല വന്യജീവി പരിപാലനത്തിലും സംരക്ഷണ പദ്ധതികളിലും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും തിരിച്ചറിയണം.

അധികവായനയ്ക്ക്

  1. Abrahms, B., Carter, N.H., Clark-Wolf, T.J., Gaynor, K.M., Johansson, E., McInturff, A., and West, L. 2023. Climate change as a global amplifier of human–wildlife conflict. Nature  Climate Change  13 (3), 224–234. Available: https://doi.org/10.1038/s41558-023-01608-5 
  2. IUCN [International Union for Conservation of Nature] 2022.  Issues in brief:  Human-wildlife conflict. Available: https://www.iucn.org/resources/issues-brief/human-wildlife-conflict .
  3. Newsom, A., Sebesvari, Z., and Dorresteijn, I.  2023. Climate change influences the risk of physically harmful human-wildlife interactions. Biological Conservation, 286: 110255. Available: https://doi.org/10.1016/j.biocon.2023.110255
Happy
Happy
50 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പക്ഷി നിരീക്ഷണത്തിന് ഒരു വഴികാട്ടി – 6 പക്ഷിപോസ്റ്ററുകൾ സ്വന്തമാക്കാം
Next post മിഷേൽ ടാലാഗ്രാൻഡിന് ആബെൽ പുരസ്കാരം
Close