Read Time:17 Minute


ഡോ. നന്ദു ടി ജി
പ്രൊജക്റ്റ് മാനേജർ , ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റംസെൽ സയൻസ് ആൻഡ്  റീജനറേറ്റീവ് മെഡിസിൻ,  ബെംഗളൂരു.

ലോകത്തെമ്പാടും കുട്ടികളിൽ കരൾവീക്കരോഗത്തിന്റെ ത്വരിതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.  നിലവിൽ ഇതിനെ Acute non-hep A-E Hepatitis എന്ന് വിളിക്കുന്നു. ഇതുവരെ 26 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു.

2022 മാർച്ച് അവസാനത്തിൽ കടുത്ത കരൾവീക്കവുമായി 3 മുതൽ 5 വയസുവരെയുള്ള 5 കുട്ടികൾ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിവരം സ്കോട്ലൻഡിലെ പൊതുജന ആരോഗ്യ സംവിധാനത്തിന്റെ ശ്രദ്ധയിൽപെടുകയ്യുണ്ടായി. തുടർന്ന് അവർ നടത്തിയ പൂർവകാല പ്രാബല്യമുള്ള അന്വേഷണത്തിൽ   ജനുവരി ഒന്ന് മുതൽ 10 വയസിനു താഴെയുള്ള 8 കുട്ടികളിൽ ഈ അസുഖം കാണപ്പെടുന്നതായി കണ്ടെത്തി. അസുഖബാധിതരായ കുട്ടികളിൽ പലർക്കും ഛർദി,  മഞ്ഞപ്പിത്തം, വയറുവേദന, വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.  കൂടാതെ ഈ കുട്ടികളിൽ കരളിലെ രാസാഗ്‌നികളുടെ(Enzyme) അളവ്  കൂടുതലായിരുന്നു.  സാധാരണയായി കരൾവീക്കം ഉണ്ടാക്കുന്ന രോഗകാരണം അസുഖബാധിതരിൽ കണ്ടെത്താൻ സാധിച്ചില്ല.

2022 ഏപ്രിൽ 5 ന് കുട്ടികളിൽ കാണുന്ന അസാധാരണവും, രോഗകാരണം അറിയാത്തതുമായ കരൾവീക്കത്തെ കുറിച്ച് യു. കെ  ലോകാരോഗ്യ സംഘടനെയെ അറിയിച്ചു. ഈ രോഗം പിന്നീട്  യൂറോപ്പിന്റെ മറ്റു പല ഭാഗങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും ഏഷ്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകമെമ്പാടും ഇതുവരെ ഏകദേശം 450 പേർക്ക് രോഗം  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ 10% കുട്ടികൾക്ക് കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നു. ഈ അസുഖം മൂലം 10 കുട്ടികളാണ് മരണപ്പെട്ടത് .

എന്താണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം ?

പേര് സൂചിപ്പിക്കുന്നത് പോലെ കരളിൽ ഉണ്ടാകുന്ന വീക്കമാണ്  ഹെപ്പറ്റൈറ്റിസ്. മുഖ്യമായും വിവിധ ജനുസ്സുകളിൽപെട്ട ഹെപ്പറ്റൈറ്റിസ്  വൈറസുകൾ (ഹെപ്പറ്റൈറ്റിസ് വൈറസ് എ,ബി,സി,ഡി,ഇ) ആണ്  കരൾവീക്കം ഉണ്ടാക്കുന്നത്. ഇതുകൂടാതെ മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും, ചില രാസവസ്തുക്കളോടുള്ള സമ്പർക്കവും, പാരമ്പര്യ ഘടകങ്ങളും, ഹെപ്പറ്റൈറ്റിസിന് കാരണമാകാം.

കരൾവീക്കം: കഥ ഇതുവരെ 

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യു.കെ.എച്ച്എസ്.എ) മറ്റു പൊതുജനാരോഗ്യ സംവിധാനങ്ങളുമായി  ചേർന്ന്  സ്കോട്ലന്റിലെ കുട്ടികളിൽ കാണപ്പെട്ട അസാധാരണ കരൾവീക്കത്തിന്റെ കാര്യ-കാരണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അസുഖബാധിതരായ 10 കുട്ടികളിൽ 9 പേർ മാർച്ച് മുതലും ഒരാൾ ജനുവരി മുതലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഏപ്രിൽ 8 ആയപ്പോഴേക്കും രോഗബാധിതരായ കുട്ടികളുടെ എണ്ണം 74 ആയി വർദ്ധിച്ചു.  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കുട്ടികളിൽ മഞ്ഞപിത്തം, മൂത്രത്തിന്റെ നിറവ്യത്യാസം, പേശി വേദന, പനി, ഛർദി,  വയറുവേദന, അലസത, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

രോഗബാധിതരായ കുട്ടികളിൽ കരൾവീക്കത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഡി, ഇ വൈറസുകളുടെ സാന്നിധ്യം കാണാൻ സാധിച്ചില്ല. അസുഖം ബാധിച്ച കുട്ടികളിലെ സിറം ട്രാൻസാമിനസിന്റെ (alanine amino transaminase (ALT) and aspartate transaminase (AST)) അളവ്  500 ഇന്റർനാഷണൽ യൂണിറ്റ്/ലീറ്ററിൽ കൂടുതലായിരുന്നു. കുട്ടികളിൽ ചിലരിൽ അഡിനോ വൈറസിന്റെയും,  SARS-CoV-2 യും സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടു. യുകെയിൽ നിന്നുള്ള അറിയിപ്പിനെ തുടർന്ന് 5 കേസുകൾ അയർലന്റിലും 3 കേസുകൾ സ്പെയിനിലും റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടു.

യു.കെയിൽ മെയ്  3 വരെ റിപ്പോർട്ട്  ചെയ്ത 163 കേസുകളിൽ 126 പേരിലും (72%) അഡിനോ വൈറസ്  കണ്ടുപിടിക്കപ്പെട്ടു. രോഗികളുടെ രക്തത്തിൽ നിന്നാണ്  അഡിനോ വൈറസ് മുഖ്യമായും കണ്ടുപിടിച്ചത്. 24 കേസുകളിൽ SARS-CoV-2 കണ്ടുപിടിച്ചു. എന്നാൽ കരൾവീക്കത്തിൽ SARS-CoV-2 പങ്ക്‌  തെളിയിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. കരൾവീക്കത്തിന്  കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം ടോക്സിക്കോളജിക്കൽ അന്വേഷണങ്ങളിൽ കണ്ടെത്താൻ സാദ്ധിച്ചില്ല.

2021 നവംബറിൽ, അമേരിക്കൻ ഐക്യനാടുകളിലെ അലബാമ സംസ്ഥാനത്തു 5 കുട്ടികളുടെ കരൾവീക്കം Centers for Disease Control and Prevention റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരിൽ എല്ലാവരിലും അഡിനോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്, അതുകൂടാതെ പലർക്കും കരൾ രാസാഗ്നിയുടെ അളവ് കൂടുതലായി കാണപ്പെട്ടു. കുട്ടികളിൽ പലരുടെയും പ്രായം 5 വയസ്സിൽ താഴെയായിരുന്നു. മെയ് 5-ലെ കണക്കു പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ 109 കുട്ടികളിൽ ഈ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയിലധികം പേരിലും അഡിനോ വൈറസിന്റെ സാന്നിധ്യം കണ്ടുപിടിച്ചിട്ടുണ്ട്. രോഗികളിൽ 90% പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്, 14% പേർക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.

കോവിഡ് -19 പ്രതിരോധ കുത്തിവെപ്പും കുട്ടികളുടെ അസാധാരണ കരൾവീക്കവും തമ്മിൽ ബന്ധിപ്പിക്കാനുള്ള യാതൊരു തെളിവും ലഭ്യമല്ല. ഈ കരൾവീക്കം പ്രധാനമായും 5 വയസിനു താഴെയുള്ള കുട്ടികളിലാണ് കാണപ്പെട്ടത്.  5 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള കോവിഡ് -19 പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമല്ല.

നിഗൂഡ കരൾവീക്കം : വ്യാപനം 

2022 ഏപ്രിൽ 5-ന് യു.കെ ഈ രോഗത്തെ കുറിച്ചു ലോകത്തെ അറിയിച്ചതിന് ശേഷം കുട്ടികളിലെ അസാധാരണ കരൾവീക്കം നിരവധി രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തു.  ഏപ്രിൽ അവസാനത്തോടെ ഈ അസുഖം ലോകത്തിലെ മൂന്ന് ഭൂഖണ്ഡങ്ങളിലും (യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ)  പ്രത്യേകിച്ച് യൂറോപ്പിൽ ഈ രോഗം പടർന്നു പിടിച്ചു. പതിനാറു വയസ്സോ  അതിനു താഴെയുള്ള കുട്ടികളിൽ പ്രത്യേകിച്ച് 5 വയസിനു താഴെയുള്ള കുട്ടികളിൽ ആണ് ഈ അസുഖം കണ്ടുവന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ അലബാമ സംസ്ഥാനത്തു 2021 ഒക്ടോബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ ഒമ്പത് കേസുകൾ കണ്ടെത്തി. ഭൂമിശാസ്ത്രപരമായി യാതൊരു ബന്ധവും രോഗികൾ തമ്മിൽ ഉണ്ടായിരുന്നില്ല.

മെയ് മൂന്നിലെ യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയുടെ (U.K.H.S.A) റിപ്പോർട്ട് പ്രകാരം 163 അക്യൂട്ട് നോൺ-എ-ഇ ഹെപ്പറ്റൈറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 118 പേർ ഇംഗ്ലണ്ടിലും,  22 പേർ സ്‌കോട്ട്‌ലൻഡിലും,  13 പേർ വെയിൽസിലും,  10 പേർ വടക്കൻ അയർലൻഡിലും താമസിക്കുന്നവരാണ്. 2022 ജനുവരി 21 നും മെയ് 3 നും ഇടയിൽ, യുകെയിലെ 11 കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടുണ്ട്.

ഇറ്റലിയിൽ 2022 മാർച്ച് മുതൽ ഇന്നുവരെ 17 കേസുകൾ കാണപ്പെട്ടിട്ടുണ്ട് . അതുകൂടാതെ,യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ ഡാറ്റാബേസ്  പ്രകാരം സ്പെയിൻ (n=12), ഡെൻമാർക്ക് (n=6), നെതർലാൻഡ്‌സ് (n=4), ഓസ്ട്രിയ (n=2), ബെൽജിയം (n=2), ഫ്രാൻസ് (n=2), നോർവേ (n=2), ജർമ്മനി (n=1), പോളണ്ട് (n=1), റൊമാനിയ (n=1) എന്നിവിടങ്ങളിൽ കരൾവീക്ക  കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

2022 ഏപ്രിൽ 25-ന് ജപ്പാനിലെ ആരോഗ്യമന്ത്രാലയം ഏഷ്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. അതിനുശേഷം രണ്ട് അധിക കേസുകളും ജപ്പാനിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ അവസാനം സിംഗപ്പൂർ,  കാനഡ,  സ്ലോവേനിയ  എന്നിവിടെങ്ങളിൽ ഒന്ന്  വീതം കേസുകൾ റിപ്പോർട്ട് ചെയ്തു.

മെയ് 11ലെ വിവര പ്രകാരം  ലോകത്താകമാനം 450 കേസുകളാണ്  റിപ്പോർട്ട്  ചെയ്തത്.  ലോകത്തിന്റെ പല രാജ്യങ്ങളിലും അക്യൂട്ട് നോൺ ഹെപ്പ് എ-ഇ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട്  ചെയ്‌തിട്ടുണ്ട്‌ (ടേബിൾ 1). 10 മരണങ്ങളാണ് ഈ അസുഖം മൂലം സംഭവിച്ചിട്ടുള്ളത്,  അതിൽ അഞ്ചെണ്ണം അമേരിക്കൻ ഐക്യനാടുകളിലും അഞ്ചെണ്ണം ഇന്തോനേഷ്യയിലുമാണ് റിപ്പോർട്ട് ചെയ്തത്.

ടേബിൾ 1: കുട്ടികളിലെ അസാധാരണ കരൾവീക്കം: കേസുകളുടെ ഭൂമിശാസ്ത്രപരമായ വിതരണം –2022 മെയ്  11 വരെയുള്ള ഡാറ്റ പ്രാകാരം.

ക്രമ സംഖ്യ രാജ്യം സംഖ്യ
1 യുകെ 181
2 യുഎസ്എ 109
3 ഇറ്റലി 35
4 സ്പെയിൻ 22
5 സ്വീഡൻ 09
6 പോർച്ചുഗൽ 08
7 ഡെന്മാർക്ക് 06
8 നെതർലാൻഡ്സ് 06
9 നോർവേ 04
10 ബെൽജിയം 03
11 ഓസ്ട്രിയ 02
12 സൈപ്രസ് 02
13 പോളണ്ട് 01
14 അയർലൻഡ് 05
15 അർജന്റീന 08
16 ബ്രസീൽ 16
17 കാനഡ 07
18 കോസ്റ്റാറിക്ക 02
19 ഇന്തോനേഷ്യ 15
20 ഇസ്രായേൽ 12
21 ജപ്പാൻ 07
22 പനാമ 01
23 പലസ്തീൻ 01
24 സെർബിയ 01
25 സിംഗപ്പൂർ 01
26 ദക്ഷിണ കൊറിയ 01

അവലംബം. https://www.ecdc.europa.eu/en/news-events/epidemiological-update-hepatitis-unknown-aetiology-children

കുട്ടികളിലെ അസാധാരണ കരൾവീക്കം ഇന്ത്യയിൽ

മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജും, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച്, ചണ്ഡീഗഡ്ഉം സംയുക്തമായി നടത്തിയ പഠനത്തിൽ 2021ഏപ്രിലിനും ജൂലൈക്കും ഇടയിൽ  കോവിഡ് -19 ബാധിച്ച  475 മധ്യപ്രദേശിലെ കുട്ടികളിൽ  നടത്തിയ പഠനത്തിൽ 47 കുട്ടികൾക്ക് കരൾവീക്കം ഉള്ളതായി കണ്ടു. അതിൽ 37 പേർക്ക് കൊവിഡ് അക്വയേർഡ് ഹെപ്പറ്റൈറ്റിസ് (സി. എ. എച്ച്) ബാധിച്ചതായി കണ്ടു. സി. എ. എച്ച് ബാധിച്ച കുട്ടികളിൽ ഓക്കാനം, വിശപ്പില്ലായ്മ, ബലഹീനത, നേരിയ പനി എന്നീ ലക്ഷണങ്ങളാണ് കണ്ടത്. ഇവരിൽ സാധാരണയായി കരൾവീക്കം ഉണ്ടാക്കുന്ന രോഗാണുക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല അതുകൂടാതെ കുട്ടികളിൽ കരളിലെ രാസാഗ്നിയുടെ അളവ്  കൂടുതലായി കാണപ്പെട്ടു. കോവിഡ് -19നും  കരൾവീക്കവും തമ്മിലുള്ള ബന്ധം തെളിയിക്കുവാൻ കൂടുതൽ പഠനം ആവശ്യമാണ്.

അഡിനോ വൈറസ്

അഡിനോ വൈറസ് ആണ് കരൾ രോഗികളിൽ ഏറ്റവും സാധാരണമായി കണ്ടെത്തിയ രോഗകാരി. യു.കെ.എച്ച്.എസ്.എ യും സി.ഡി.സി യും തങ്ങളുടെ പഠനങ്ങളിൽ അഡിനോ വൈറസ്  ടൈപ്പ്  എഫ് 41ന്റെ സാന്നിധ്യം കണ്ടുപിടിച്ചിട്ടുണ്ട്. ഇതൊരു ഡി.എൻ.എ വൈറസാണ്. അഡിനോ വൈറസ് മനുഷ്യരിൽ മുഖ്യമായും ശ്വസന രോഗങ്ങളും,  ദഹന വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും ഉണ്ടാക്കുന്നു. അഡെനോവൈറസ് ടൈപ്പ് 41 ബാധിതരിൽ സാധാരണയായി വയറിളക്കം, ഛർദ്ദി, പനി എന്നിവയായി കാണപ്പെടുന്നു, ഈ ലക്ഷണങ്ങളോടൊപ്പം പലരിലും ശ്വസന രോഗലക്ഷണങ്ങളും കാണാറുണ്ട്. അഡെനോവൈറസ് അണുബാധയുള്ള പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആരോഗ്യമുള്ള കുട്ടികളിൽ അഡെനോവൈറസ് ടൈപ്പ് 41 ഹെപ്പറ്റൈറ്റിസിന് കാരണമായിട്ടില്ല.

ഉപസംഹാരം

ഇതുവരെ ഈ അസുഖത്തിന്റെ കൃത്യമായ രോഗഹേതുവിനെയോ കാരണങ്ങളെയോ കണ്ടെത്താൻ സാധിച്ചിട്ടില്ല.  ഇത് സംബന്ധിച്ചു് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. പുതിയ അഡിനോ വൈറസുകളോ, വൈറസ് ഇൻഫെക്ഷൻ മൂലമുള്ള ഇമ്മ്യൂണോ പാത്തോളജിയോ,  അഡിനോ വൈറസുകളുമായിട്ടുള്ള വൈകിയുള്ള സമ്പർക്കമോ ഈ അസുഖത്തിന് കരണമായിട്ടുണ്ടാകാം. കൃത്യമായിട്ടുള്ള കാരണം കണ്ടുപിടിക്കാൻ ലോകത്തിലെ പല ആരോഗ്യ ഏജൻസികളും ശ്രമം നടത്തിവരികയാണ്. കൃത്യമായ കാരണങ്ങൾ കണ്ടെത്തിയാൽ രോഗത്തിന്റെ വ്യാപനം തടയാനും രോഗത്തെ ചികിൽസിക്കാനും സാധിക്കും. ഇതുവഴി കുട്ടികളിൽ ഉണ്ടാക്കാവുന്ന രോഗക്ലേശം കുറയ്ക്കാൻ സഹായിക്കും.


[email protected]; [email protected]

അധികവായനയ്ക്ക്

 1. https://www.who.int/emergencies/disease-outbreak-news/item/acute-hepatitis-of-unknown-aetiology—the-united-kingdom-of-great-britain-and-northern-ireland
 2. https://www.ecdc.europa.eu/en/news-events/epidemiological-update-hepatitis-unknown-aetiology-children
 3. https://www.paho.org/en/news/3-5-2022-qa-acute-severe-hepatitis-children
 4. https://www.cdc.gov/mmwr/volumes/71/wr/mm7118e1.htm
 5. https://www.gov.uk/government/publications/hepatitis-increase-in-acute-cases-of-unknown-aetiology-in-children/increase-in-acute-hepatitis-cases-of-unknown-aetiology-in-children
 6. https://www.gov.uk/government/news/increase-in-hepatitis-liver-inflammation-cases-in-children-under-investigation
 7. https://www.gov.uk/government/publications/acute-hepatitis-technical-briefing
 8. https://www.preprints.org/manuscript/202205.0024/v1
 9. https://www.bbc.com/news/health-61025140
 10. https://www.medscape.com/viewarticle/973614
 11. https://www.thehindu.com/sci-tech/health/madhya-pradesh-study-finds-hepatitis-in-covid-19-affected-children/article65416465.ece?homepage=true
 12. https://www.medrxiv.org/content/10.1101/2021.07.23.21260716v7.full.pdf
 13. Overview of Viral Hepatitis

 

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഈ ചിത്രത്തിൽ എവിടെയാണ് ബ്ലാക്ക്‌ഹോൾ?
Next post കോവിഡ് 19 മഹാമാരികൊണ്ട് ലോകത്തിൽ എത്രപേർ മരിച്ചു?
Close