Read Time:57 Minute

ഒരു രാജ്യത്തിന്റെയോ, പ്രവിശ്യയുടെയോ കാർബൺ ഡയോക്സൈഡ് ഉൽസർജനം (emission), പിടിച്ചു വെക്കൽ (sequestration)  എന്നിവയെപ്പറ്റി പഠനം നടത്തി കാർബൺ  ബാലൻസ് റിപ്പോർട്ടുകൾ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്നറിയുന്നതിന്  ഇത് ആവശ്യമാണ്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മാറ്റം ഫ്രെയിംവർക്ക് കൺവെൻഷനിൽ (United Nations Framework Convention on Climate Change, UNFCC) ഒപ്പുവെച്ച കക്ഷികൾ ഹരിതഗൃഹവാതക കണക്കെടുപ്പ് കാലികമായി നടത്തി റിപ്പോർട്ടുകൾ നല്കാൻ ബാധ്യസ്ഥരാണ്. രണ്ട് വർഷം കൂടുമ്പോൾ നല്കേണ്ട സമകാലിക ദ്വിവൽസര റിപ്പോർട്ടും (Biennial Update Report, BUR) നാലു വർഷം കൂടുമ്പോൾ നല്കേണ്ട ദേശീയ കമ്മ്യൂണിക്കേഷൻ റിപ്പോർട്ടും (National Communication, NATCOM) ഇതിലുൾപ്പെടും. വിവിധ  സ്രോതസ്സുകൾ വഴിയുള്ള മനുഷ്യപ്രേരിത ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തിന്റെ ദേശീയ വിവരശേഖരണവും  ഹരിതഗൃഹ വാതകങ്ങൾ വിവിധ മാർഗ്ഗങ്ങൾ (sinks) വഴി നീക്കം ചെയ്യുന്നതിന്റെ ഒരു അവലോകനവുമാണ് നൽകേണ്ടത്.  ഇതിൽ കാർബൺ ഡൈ ഓക്സൈഡ് (CO2), മീതയിൻ(CH4), നൈട്രസ് ഓക്സൈഡ് (N2O), ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFCs), പെർഫ്ലൂറോകാർബണുകൾ (PFCs), സൾഫർ ഹെക്സാഫ്ലൂറൈഡ് (SF6)  എന്നിവയുടെ ഉറവിടങ്ങളെയും സിങ്കുകളെയും കുറിച്ചുള്ള വിശദ വിവരങ്ങൾ ഉണ്ടാകണം.

ഇന്ത്യ COP 28 ൽ സമർപ്പിച്ച മൂന്നാമത് ദേശീയ കമ്മ്യൂണിക്കേഷൻ റിപ്പോർട്ട് (India: Third National Communication and Initial Adaptation Communication) എന്ന പ്രസിദ്ധീകരണത്തിലാണ് ഇന്ത്യയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ  ഉള്ളത്(1). ആകെ 613 പേജുള്ള ഈ റിപ്പോർട്ട് 2019ലെ  വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്; ഇത് 2023 ഡിസംബർ 9 ന് പ്രസിദ്ധീകരിച്ചു. 2016 വിവരങ്ങളെ  അടിസ്ഥാനമാക്കി 2021 ൽ  മൂന്നാമത് സമകാലിക ദ്വിവൽസര റിപ്പോർട്ട് ഇതിന് മുമ്പ്  (Third Biennial Update Report) സമർപ്പിച്ചിരുന്നു(2).

UNFCC ക്ക് നല്കേണ്ട റിപ്പോർട്ടുകളിൽ ഹരിതഗൃഹ വാതക കണക്കെടുപ്പ് നടത്തുന്നത് IPCC യുടെ 2006 നിബന്ധനകൾ പ്രകാരമാണ് (2019 പരിഷ്കരണം ഇപ്പോൾ വന്നിട്ടുണ്ട്). UNFCCC റിപ്പോർട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, മനുഷ്യപ്രേരിത ഹരിതഗൃഹവാതകങ്ങളുടെ ഇൻവെന്ററി അഞ്ച് വിഭാഗങ്ങളിലായാണ് തയ്യാറാക്കേണ്ടത്. ഹരിതഗൃഹവാതക പുറന്തള്ളലും നീക്കംചെയ്യലും കണക്കാക്കുന്ന പ്രധാന മേഖലകളായി ഇവയെ തിരിച്ചിരിക്കുന്നു.

  1. ഊർജം (Energy, including stationary energy and transport)
  2. വ്യാവസായിക പ്രക്രിയകളും ഉൽപ്പന്ന ഉപയോഗവും (Industrial Processes and Product Use, IPPU)
  3. കൃഷി, വനം, മറ്റ് ഭൂഉപയോഗം (Agriculture, Forestry and Other Land Use, AFOLU)
  4. മാലിന്യങ്ങൾ (Wastes)
  5. മറ്റുള്ളവ (Others)

ഓരോ മേഖലയിലും (sector) വിഭാഗങ്ങളും (categories), ഉപവിഭാഗങ്ങളും (subcategories) ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ‘ഊർജം’ എന്ന സെക്ടറിനു താഴെ പ്രധാനവിഭാഗത്തിൽ ഗതാഗതവും  ഉപവിഭാഗത്തിൽ കാറുകളും വരാം. ആത്യന്തികമായി, രാജ്യങ്ങൾ ഉപവിഭാഗ തലത്തിൽ ഒരു ഇൻവെന്ററി രൂപപ്പെടുത്തും. ഇവയെല്ലാം കൂട്ടി മൊത്തം ഉദ്‌വമനവും നീക്കംചെയ്യലും സംഗ്രഹിച്ചാണ് ദേശീയ ആകെത്തുക കണക്കാക്കുന്നത്. അന്താരാഷ്ട്ര ഗതാഗതത്തിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകളിലെയും വിമാനങ്ങളിലെയും ഇന്ധന ഉപയോഗത്തിൽ നിന്നുള്ള ഉദ്‌വമനമാണ് ഒരു അപവാദം. ഇത് ദേശീയ മൊത്തത്തിൽ ഉൾപ്പെടുത്തില്ല, എന്നാൽ പ്രത്യേകമായി റിപ്പോർട്ട് ചെയ്യുന്നു.

ആഗോള താപന ശേഷിയും കാർബൺ ഡയോക്സൈഡ് തുല്യതയും  

ഹരിതഗൃഹ വാതകങ്ങൾ (GHGs) ഊർജ്ജം ആഗിരണം ചെയ്യുന്നതിലൂടെയും, ഊർജ്ജം തിരിച്ചു അയക്കുന്നതിന്റെ വേഗത കുറയ്ക്കുന്നതിലൂടെയും ഭൂമിയെ ചൂടാക്കുന്നു; ഇവ ഭൂമിയെ ഇൻസുലേറ്റ് ചെയ്യുന്ന ഒരു പുതപ്പ് പോലെ പ്രവർത്തിക്കുന്നു. വ്യത്യസ്‌ത ഹരിതഗൃഹ വാതകങ്ങൾക്ക് ഭൂമിയുടെ താപനത്തിൽ വ്യത്യസ്‌തമായ സ്വാധീനം ചെലുത്താനാകും. രണ്ട് പ്രധാന ഗുണങ്ങളാൽ ഈ വാതകങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു;

  1. ‘വികിരണ കാര്യക്ഷമത’ (radiative efficiency) അഥവാ  ഊർജ്ജം ആഗിരണം ചെയ്യാനുള്ള കഴിവ്
  2. അവയുടെ ‘ജീവിതകാലം’ (lifetime) അഥവാ അന്തരീക്ഷത്തിൽ എത്രനേരം തങ്ങിനിൽക്കുന്നു എന്ന വിവരം.

ആഗോള താപനത്തിന് കാരണക്കാരായ വാതകങ്ങളിൽ പ്രധാനം കാർബൺ ഡയോക്സൈഡ്, മീതെയിൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണന്ന വിവരം അറിയാമല്ലോ? ഇത്തരം ഹരിതഗൃഹ വാതകങ്ങളുടെ പ്രഹരശേഷി അളക്കുന്നത് ആഗോളതാപന സാധ്യത (global warming potential. GWP), കാർബൺ ഡയോക്സൈഡ് തുല്യത (carbon dioxide equivalent (CO2e) എന്നിവ ഉപയോഗിച്ചാണ്.

വ്യത്യസ്‌ത വാതകങ്ങളുടെ താപന ശേഷിയെ താരതമ്യം ചെയ്യാൻ ആഗോള താപന ശേഷി (Global Warming Potential, GWP)എന്ന അളവുകോൽ ഉപയോഗിക്കുന്നു. ഉദ്ദേശിക്കുന്ന വാതകത്തിന്റെ ഒരു  ടൺ ഉൽസർജനം, ഒരു ടൺ കാർബൺ ഡൈഓക്സൈഡിന്റെ (CO2) ഉൽസർജനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു നിശ്ചിത കാലയളവിൽ എത്ര ഊർജം ആഗിരണം ചെയ്യും എന്നതിന്റെ അളവാണിത്. ഒരു വാതകത്തിന്റെ GWP വലിയ സംഖ്യ ആണെങ്കിൽ, ആ കാലയളവിൽ CO2 നെ അപേക്ഷിച്ച് ആ വാതകം ഭൂമിയെ അത്ര മടങ്ങ് കൂടുതൽ ചൂടാക്കുന്നു. GWP-കൾക്കായി സാധാരണയായി ഉപയോഗിക്കുന്ന കാലയളവ് 100 വർഷമാണ്. ഒരു വാതകത്തിന്റെ ഉൽസർജനം CO2 തത്തുല്യമാക്കി മാറ്റുന്നതിന്, ആ വാതകത്തിന്റെ അളവിനെ അതിന്റെ GWP കൊണ്ട് ഗുണിക്കുന്നു (ഉദാഹരണത്തിന്, CO2 വിന്റെ GWP 1 ആണ്, മീതെയിനിന്റേത് 28ഉം, നൈട്രസ് ഓക്സൈഡിന്റേത് 265 ഉം ആണ്).

GWP എന്നത് ഒരു പൊതു അളവുകോലാണ്. ഇത് വിവിധ വാതകങ്ങളുടെ ഉദ്‌വമന എസ്റ്റിമേറ്റ് താരതമ്യം ചെയ്യുന്നതിനും കൂട്ടുന്നതിനും വിശകലന വിദഗ്ധരെ അനുവദിക്കുന്നു (ഉദാ. ഒരു ദേശീയ GHG ഇൻവെന്ററി). കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള വാതകങ്ങളുടെ ഉൽസർജനം കുറയ്ക്കുന്നതിനുള്ള അവസരങ്ങൾ താരതമ്യം ചെയ്യാൻ നയരൂപകർത്താക്കളെ സഹായിക്കുകയും ചെയ്യുന്നു.

ആധാരമായി കാർബൺ ഡയോക്സൈഡ് ഉപയോഗിക്കുന്നത് കൊണ്ട് നിർവചനം അനുസരിച്ച് ഒരു യൂണിറ്റ് CO2 ന്റെ മൂല്യം 1 GWP ആയി എടുക്കുന്നു. കാർബൺ ഡയോക്സൈഡ് വളരെക്കാലം കാലാവസ്ഥാ സംവിധാനത്തിൽ തുടരുന്ന വാതകമാണ്. CO2 ഉദ്‌വമനം ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന CO2 ന്റെ അന്തരീക്ഷ സാന്ദ്രതയുടെ വർദ്ധനവിന് കാരണമാകുന്നു. മീതെയിന്റെ (CH4) GWP 28 ആയി കണക്കാക്കുന്നു. ഇന്ന് പുറത്തുവിടുന്ന CH4 ശരാശരി 12 വർഷത്തോളം നീണ്ടുനിൽക്കും. ഇത് CO2 നേക്കാൾ വളരെ കുറവാണങ്കിലും  CO2 നേക്കാൾ കൂടുതൽ ഊർജ്ജം ആഗിരണം ചെയ്യുന്നു. കുറഞ്ഞ ആയുസ്സിന്റെയും ഉയർന്ന ഊർജ്ജ ആഗിരണത്തിന്റെയും മൊത്തം പ്രഭാവം GWP-യിൽ പ്രതിഫലിക്കും. പരോക്ഷമായ ചില പ്രത്യാഘാതങ്ങൾക്കും CH4 വഴിവെക്കുന്നു. മീതെയിനിൽ നിന്ന് ഓസോൺ ഉണ്ടാകും (precursor),  ഓസോൺ ഒരു GHG ആണ് എന്നതും കണക്കിലെടുക്കും.

നൈട്രസ് ഓക്സൈഡിന്റെ (N2O),  GWP 265 ആണ്. ഇന്ന് പുറത്തുവിടുന്ന N2O ശരാശരി 114 വർഷം അന്തരീക്ഷത്തിൽ നിലനിൽക്കുന്നുമെന്ന് പറയുന്നു.  ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFCs), പെർഫ്‌ളൂറോകാർബണുകൾ (PFCs), സൾഫർ ഹെക്‌സാഫ്ലൂറൈഡ് (SF6)  എന്നിവയെ ഹൈ-ജി.ഡബ്ല്യു.പി (High GWP)വാതകങ്ങൾ എന്ന് വിളിക്കാറുണ്ട്. എന്തെന്നാൽ, ഒരു നിശ്ചിത അളവിലുള്ള തൂക്കത്തിന്, അവ CO2-നെക്കാൾ വളരെയധികം ചൂട് പ്രസരിപ്പിക്കും. ഈ വാതകങ്ങളുടെ GWP-കൾ ആയിരങ്ങളിൽ അല്ലെങ്കിൽ പതിനായിരങ്ങളിലായിരിക്കും. ഉദാഹരണത്തിന്, സൾഫർ ഹെക്‌സാഫ്ലൂറൈഡിന്റെ (SF6) GWP 23,500 ആണ്.

ഇന്ത്യയുടെ ആകെ ഹരിതഗൃഹ വാതക ഉദ്‌വമനം

ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജനവുമായി  ബന്ധപ്പെട്ട സ്ഥിതിവിവരങ്ങൾക്കായി ഇന്റർനെറ്റ് തിരഞ്ഞാൽ നിങ്ങൾക്ക് ഐക്യരൂപ്യമുള്ളവയൊന്നും കിട്ടിയെന്ന് വരില്ല.  ഭാരതത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര വനം, പരിസ്ഥിതി,  കാലാവസ്ഥാമാറ്റം (MoEFCC)മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവര  കണക്കിനാണ് ആധികാരിത.  ഹരിത ഗൃഹവാതകങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ രണ്ടുവർഷം  കൂടുമ്പോൾ UNFCCC ക്കു വേണ്ടി ഓരോ രാജ്യവും മാനദണ്ഡങ്ങൾ പാലിച്ച് നല്കേണ്ടതുണ്ട്. ഇന്ത്യയിൽ MoEFCC യാണ് ഇത് ചെയ്യുന്നത്.

കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ മാറ്റം മന്ത്രാലയം UNFCC ക്ക് സമർപ്പിച്ച മൂന്നാമത് ദേശീയ കമ്മ്യൂണിക്കേഷൻ റിപ്പോർട്ട് അനുസരിച്ച്, 2019-ൽ LULUCF ഒഴികെയുള്ള ഇന്ത്യയുടെ മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനം 3132 MtCO2e ഉം LULUCF കൂട്ടിയാൽ 2647 MtCO2e ഉം ആയിരുന്നു(1) (LULUCF നെഗറ്റീവാണ്, —485.5 MtCO2e; ഇത് എന്താണെന്ന് താഴെ വിവരിക്കുന്നുണ്ട്).

ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗവും അവയുമായി ബന്ധപ്പെട്ട മറ്റ് ഉദ്‌വമനവും ഉൾപ്പെടുന്ന ഊർജ്ജ മേഖലയാണ് രാജ്യത്തെ പ്രധാന GHG പുറന്തള്ളൽ മേഖല.  ഊർജമേഖലയിൽ രാജ്യത്തെ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗവും അവയുമായി ബന്ധപ്പെട്ട ഫ്യുഗിറ്റീവ് എമിഷനുകളും ഉൾപ്പെടുന്നു (വിവിധ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളിലെ പിഴവുകൾ കാരണം സംഭവിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ മനഃപൂർവമല്ലാത്ത പുറന്തള്ളലാണ് ഫ്യുഗിറ്റീവ് എമിഷൻ). ഊർജ മേഖലയിൽ നിന്നുള്ള മൊത്തം ഉദ്‌വമനം 2019-ൽ 2374.3 MtCO2e ആയിരുന്നു, ഇത് 2016 നേക്കാൾ 11.5 ശതമാനം വർധിച്ചു.  പ്രധാനമായും രാജ്യത്തിന്റെ ഊർജ്ജ ഉപഭോഗത്തിലെ ക്രമാനുഗതമായ വർദ്ധനവ്, വൈദ്യുതി ഉൽപ്പാദനത്തിനുള്ള കൽക്കരി, പ്രകൃതിവാതകം എന്നിവയുടെ ഉപഭോഗവും ഉൾപ്പെടെയാണിത്.  ഗതാഗതത്തിനായുള്ള ദ്രാവക ഇന്ധനങ്ങളുടെ ഉപഭോഗവും ഇതിൽ പരിഗണിക്കും.

AFOLU വിന്റെ ഭാഗമായ കന്നുകാലി വളർത്തലും കാർഷിക വിളകളും ചേർന്ന കൃഷി 13.44 ശതമാനവുമായി രണ്ടാം സ്ഥാനത്ത് വരും (421 MtCO2e). കാർഷിക മേഖലയിൽ നിന്നുള്ള പ്രധാന GHG ഉദ്‌വമനം കന്നുകാലികളുടെ എന്ററിക് ഫെർമെന്റേഷനിൽ നിന്നും നെൽകൃഷിയിൽ നിന്നുമുള്ള മീതെയിനും ചാണക പരിപാലനത്തിൽ നിന്നും കൃഷിമണ്ണിൽ നിന്നുമുള്ള നൈട്രസ് ഓക്‌സൈഡുമാണ് (കൂടുതൽ വിവരങ്ങൾ അന്യത്ര കൊടുത്തിട്ടുണ്ട്).

‘വ്യാവസായിക പ്രക്രിയകളും ഉൽപ്പന്ന ഉപയോഗവും’ (Industrial Processes and Product Use, IPPU) എന്ന സെക്ടറിൽ, അസംസ്‌കൃത വസ്തുക്കളെ രാസപരമോ ഭൗതികമോ ആയ മാർഗ്ഗങ്ങളിലൂടെ പരിവർത്തനം ചെയ്യുന്ന വിവിധ വ്യാവസായിക പ്രവർത്തനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന GHG ഉദ്‌വമനം ഉൾപ്പെടുന്നു. അസംസ്‌കൃത വസ്തുക്കളെ രാസ അല്ലെങ്കിൽ ഭൗതിക മാർഗങ്ങളിലൂടെ പരിവർത്തനം ചെയ്യുന്ന വിവിധ വ്യാവസായിക പ്രവർത്തനങ്ങൾ നടക്കുന്ന, അത് വഴി GHG ഉദ്‌വമനം ഉൾപ്പെടുന്ന IPPU സെക്‌ടർ, 2019-ൽ ആകെ GHG ഉദ്‌വമനത്തിന്റെ 8.41 ശതമാനമാണ് (LULUCF ഇല്ലാതെ) പ്രതിനിധീകരിക്കുന്നത്(263.5 MtCO2e).

കാർബൺ ഉൽസർജനത്തിൽ മാലിന്യങ്ങളും മോശമല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. 2019 ൽ മാലിന്യം എന്ന മേഖലയിൽ നിന്ന്  2.34 ശതമാനം (73.2 MtCO2e)  ഉൽസർജനമാണ് ഉണ്ടായത്.

ഇന്ത്യയിലെ ‘ഭൂവിനിയോഗം, ഭൂവിനിയോഗമാറ്റം, വനം’ (LULUCF) ഉപമേഖലയിൽ ഉൽസർജനവും പിടിച്ചുവെക്കലും നടക്കും. ഇവ രണ്ടും തട്ടിക്കിഴിച്ചാൽ പിടിച്ചുവെക്കലാണ് മുമ്പിൽ! അതായത്, AFOLU വിന്റെ ഭാഗമായ ഈ മേഖല 2019-ൽ ഹരിത ഗൃഹവാതകങ്ങളുടെ നെറ്റ് സിങ്കായി തുടർന്നു, 485 MtCO2e ഉദ്‌വമനം നീക്കം ചെയ്തു (20%).

2029 ലെ  ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജനം പ്രധാന മേഖലകളുടെ (sectors) വിഭാഗങ്ങൾ (categories) കണക്കിലെടുത്ത് റാങ്ക് ചെയ്താൽ ആദ്യത്തെ 15 റാങ്കുകളിൽ വൈദ്യുതി ഉൽപ്പാദനമാണ് ഒന്നാം സ്ഥാനത്ത് (39%) വരിക. മറ്റു വിഭാഗങ്ങൾ (ശതമാന കണക്കിൽ): റോഡ് ഗതാഗതം-9, കന്നുകാലികൾ-7, സാധാരണ വ്യവസായങ്ങൾ- 5, ഇരുമ്പ്-ഉരുക്ക്- 5, സിമന്റ് ഉല്പ്പാദനം-4, വാണിജ്യ സ്ഥാപനങ്ങൾ-4, കൃഷി മണ്ണ്-3,  റിഫൈനറി-3, നെൽകൃഷി-2, സിമന്റ് ഉപയോഗം-2, അലൂമിനിയം ഉല്പ്പാദനം –1, കുമ്മായം ഉല്പ്പാദനം -1, ഹാലോ കാർബൺ/SF6-1 എന്നിങ്ങനെയാണ്.

2005 നും 2019 നും ഇടയിൽ ഇന്ത്യക്ക് അതിന്റെ GDP ഉദ്‌വമന തീവ്രത 33 ശതമാനം കണ്ട് കുറച്ച്, 11 വർഷം മുമ്പ് തന്നെ ഉന്നമിട്ടിരുന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു (2030നെ അടിസ്ഥാനമാക്കി). ഈ കാലയളവിൽ ഇന്ത്യ 197 കോടി ടൺ CO2 ന്റെ അധിക കാർബൺ സിങ്ക് സൃഷ്ടിച്ചു, കൂടാതെ ഷെഡ്യൂളിന് ഒമ്പത് വർഷം മുമ്പാണ് ഫോസിൽ ഇതര ഇന്ധന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കിയത് (സമ്പദ്‌വ്യവസ്ഥയുടെ ഉദ്‌വമന തീവ്രത എന്നത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഓരോ യൂണിറ്റ് വർദ്ധനയിലും പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ ആകെ അളവിനെ സൂചിപ്പിക്കുന്നു. ഇത് കേവല ഉദ്‌വമനത്തിൽ നിന്ന് വ്യത്യസ്തമാണ്).

2005-ൽ നിന്ന് 2030-ഓടെ GDP ഉദ്‌വമന തീവ്രത 45 ശതമാനം കുറയ്ക്കാനും ഫോസിൽ ഇതര ഊർജസ്രോതസ്സുകളിൽ നിന്ന് 50 ശതമാനം സഞ്ചിത വൈദ്യുതോർജത്തിന്റെ (cumulative electric power) സ്ഥാപിത ശേഷി കൈവരിക്കാനും രാജ്യം ലക്ഷ്യമിടുന്നു. 2030 ഓടെ വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെയും വനം സംരക്ഷിക്കുന്നതിലൂടെയും   2.5 മുതൽ 3.0 ബില്യൺ ടൺ വരെ അധിക കാർബൺ സിങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യവുമുണ്ട് (ഈ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി ഇന്ത്യ ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’ (Nationally Determined Contributions, NDCs) പുതുക്കിയിട്ടുണ്ട് (3).

UNFCC യുടെ കൃഷിയും AFOLU ഉം 

ആഗോള താപനം, കാലാവസ്ഥാ മാറ്റം എന്നിവയിൽ കൃഷിയാണ് വലിയ കുഴപ്പക്കാരൻ എന്ന മട്ടിൽ ചിലർ കുറ്റപ്പെടുത്തുന്നത് കാണാം. ഇന്റർനെറ്റിൽ  ആഗോള ഹരിത വാതക ഉൽസർജനത്തിൽ കൃഷിയുടെ പങ്ക് എത്രയാണ് എന്ന് ഒന്ന് തിരഞ്ഞ് നോക്കൂ. നിങ്ങൾക്ക് കിട്ടുന്ന ഉത്തരം മിക്കവാറും ആഗോള ഉൽസർജനത്തിൽ കൃഷിയും, അനുബന്ധ പ്രവർത്തനങ്ങളും അല്ലെങ്കിൽ AFOLU വിന്റെ പങ്ക്  നാലിലൊന്ന്, അല്ലെങ്കിൽ 25 ശതമാനം എന്നൊക്കെയായിരിക്കും! IPCC യുടെ 2019 വിലയിരുത്തൽ പ്രകാരം ആഗോള ഹരിതവാതക ഉൽസർജനത്തിൽ കൃഷിയുൾപ്പെടുന്ന AFOLU വിന്റെ (Agriculture, Forestry, and Other Land Use) പങ്ക് 22 ശതമാനമാണ് (13 GtCO2e)(4). കന്നുകാലി വളർത്തൽ, വിളപരിപാലനം, വനനശീകരണം, സസ്യാവശിഷ്ടങ്ങളുടെ കത്തിക്കൽ എന്നിവയെല്ലാം ചേർന്നാണ് ഈ 22 ശതമാനം.  AFOLU എന്താണെന്നും അവയിലെ വിഭാഗങ്ങൾ ഏവയെന്നും മനസ്സിലാക്കാതെ കൃഷിയുടെ പങ്ക് 22 ശതമാനം എന്ന് പറഞ്ഞ് നടക്കുന്നത് ശരിയല്ല. ഇതോടൊപ്പം LULUCF ഉം ഉണ്ട്, അതും പ്രധാനമാണ്!

UNFCC യുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് കൃഷി, AFOLU, LULUCF എന്നിവയുടെ കാര്യത്തിൽ ഒരു വിശദീകരണം ആവശ്യമുണ്ട്.  ‘കൃഷി’ എന്നു പറയുമ്പോൾ സാധാരണ എല്ലാവരും ധരിക്കുക അത് മണ്ണിൽ പണിത് കാർഷികോൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനം മാത്രമാണ് എന്നാണ്, അതായത് വിളപരിപാലനം (crop production).  പക്ഷേ, ആഗോള താപനവുമായി  ബന്ധപ്പെട്ടുള്ള  കണക്കുകളിലൊക്കെ കൃഷി (agriculture) എന്ന് പറയുന്നത്  കാർഷിക വിളകളും, കന്നുകാലി വളർത്തലും കൂട്ടിയാണ്. ഈ കൃഷിയോടൊപ്പം (കാർഷിക വിളകൾ, കന്നുകാലി വളർത്തൽ) വനം, മറ്റ് ഭൂഉപയോഗങ്ങൾ എല്ലാം കൂടി ഉൾപ്പെടുത്തിപറയുന്നതാണ് AFOLU (Agriculture, Forestry, and Other Land Use).

കൃഷി, AFOLU, LULUCF എന്നിവയൊക്കെ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ സംശയം മാറില്ല.  ഇവിടെ AFOLU ആണ് പ്രധാനം. ബാക്കിയെല്ലാം അതിന്റെ ഭാഗങ്ങളാണ്. AFOLU വിന് രണ്ടു പ്രധാന വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്, പ്രധാന വിഭാഗങ്ങൾ:

1. കന്നുകാലി വളർത്തൽ ഉൾപ്പെടെ ഹരിതഗ്രഹ വാതകങ്ങളുടെ ഉൽസർജനം (emission)  മാത്രം നടക്കുന്ന കൃഷി (Agriculture).

ഇപ്പോഴത്തെ മനദണ്ഡമനുസരിച്ച് കാർബൺ ഡയോക്സൈഡ് ഇതര വാതകങ്ങളായ മീതെയിൻ, നൈട്രസ് ഓക്‌സൈഡ് എന്നിവ മാത്രമാണ് AFOLU വിലെ കൃഷിയുടെ എമിഷൻ അക്കൌണ്ടിൽ വരിക. ഇന്ത്യയിലെ ഇപ്പറഞ്ഞ കൃഷിയുടെ ഉപവിഭാഗങ്ങളും അവയൊരോന്നിന്റെയും GHG  സംഭാവനകളും താഴെ കൊടുത്തിരിക്കുന്നു.

  1. ‘എൻററിക് ഫെർമെന്റേഷൻ'(enteric fermentation) -7.13%
  2. കൃഷിമണ്ണിൽ നിന്നുള്ള  (agricultural soils) നൈട്രസ് ഓക്സൈഡ് ഉൽസർജനം -2.82%
  3. നെൽകൃഷിയിൽ നിന്നുള്ള മീതെയിൻ (വെള്ളം കെട്ടിനിർത്തിയുള്ള  കൃഷിയിൽ) -2.34%
  4. ചാണക പരിപാലനം (manure management) -0.88%
  5. സസ്യ അവശിഷ്ടങ്ങൾ വയലിൽ കത്തിക്കുന്നത് -0.28%

ഉൽസർജനവുമായി ബന്ധപ്പെട്ട് കൃഷിയുടെ ചീത്തപ്പേരു മുഴുവൻ കന്നുകാലി വളർത്തൽ, ചാണകം, നെൽകൃഷി എന്നിവയിൽ നിന്നുള്ള മീതെയിൻ  വാതകത്തിന്റെ പേരിലാണ്.  2019-ൽ ഇന്ത്യയുടെ മൊത്തം ഉദ്‌വമനത്തിന്റെ 13.44 ശതമാനം കാർഷിക മേഖലയാണ് പ്രതിനിധീകരിച്ചത് (421 MtCO2e). പക്ഷേ,  ഇതിൽ 7.13 ശതമാനവും ‘എൻററിക് ഫെർമെന്റേഷൻ‘ (കന്നുകാലികളുടെ ദഹന വ്യവസ്ഥയിൽ നടക്കുന്ന അഴുകൽ)വഴിയുള്ള മീതെയിൻ ആണ്. ബാക്കി കൃഷിമണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് (2.82%), നെൽകൃഷിയിൽ നിന്നുള്ള മീതെയിൻ (2.34%), ചാണക പരിപാലനത്തിൽ നിന്നുള്ള  മീതെയിനും നൈട്രസ് ഓക്സൈഡും  (0.88%), സസ്യഅവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിന്നുള്ള ഉൽസർജനം(0.28%)എന്നിവയാണ്. കൃഷിമണ്ണും, നെൽപ്പാടങ്ങളും, അവശിഷ്ടങ്ങൾ കത്തിക്കലും കാർഷികവിളകളുടെ കണക്കിൽ  ഉൾപ്പെടുത്തിയാൽ ഇന്ത്യയിൽ നാം സാധാരണ പറയുന്ന കൃഷിയുടെ ആകെ ഉദ്‌വമനം 5.44 ശതമാനമാണ്. അതായത്, ഈ 13.44 ശതമാനത്തിൽ കന്നുകാലി വളർത്തൽ 8.0 ശതമാനം; മറ്റെല്ലാ കൃഷിയും കൂടി 5.44 ശതമാനം മാത്രം!

2. കാർബൺ ഡയോക്സൈഡ് ഉൽസർജനവും സ്വീകരിക്കലും നടക്കുന്ന കാർഷിക വിളകൾ ഉൾപ്പെടെയുള്ള ഭൂഉപയോഗവും വനവും ചേർന്ന LULUCF (Land Use, Land Use Change, and Forestry)

പഴയ റിപ്പോർട്ടുകളിൽ കൃഷിയും  LULUCF ഉം പ്രത്യേകമായാണ് കാണുക. LULUCF എന്ന പ്രതേക വിഭാഗം ക്യോട്ടോ ഉടമ്പടിയുടെ റിപ്പോർട്ടിംഗിന്റെ ഭാഗമായി ഉയർന്ന് വന്നതാണ്. പാരിസ് ഉടമ്പടിക്ക് ശേഷം കൃഷിയും LULUCF ഉം ചേർത്ത് AFOLU എന്ന് റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്.

മനുഷ്യന്റെ പ്രവർത്തികളിൽ  കാർബൺ ഡയോക്‌സൈഡ് ആഗിരണം ചെയ്യുന്ന, ലഘൂകരണം (mitigation)  നടക്കുന്ന രാജ്യത്തെ ഏക മേഖലയാണ്, ‘ഭൂവിനിയോഗം, ഭൂവിനിയോഗ മാറ്റങ്ങൾ, വനം’ (Land Use, Land Use Changes, and Forestry, LULUCF).  2019-ൽ LULUCF രാജ്യത്തെ കാർബണിന്റെ 20 ശതമാനം നീക്കം ചെയ്തു (485.5 MtCO2e).

ഭൂമിയുടെ ഉപയോഗം (Land Use), ഭൂവിനിയോഗ മാറ്റം (Land Use Change), വനം (forestry) എന്നിവ ഒരുമിച്ച് പരിഗണിക്കുന്നത് കൊണ്ടാണ് LULUCF എന്നു പറയുന്നത്. ഒരു പ്രദേശത്തിന്റെ ഉപയോഗം വിളഭൂമി, വാസസ്ഥലങ്ങൾ, മേച്ചിൽപ്പുറങ്ങൾ, തണ്ണീർത്തടങ്ങൾ, വനങ്ങൾ,   തോട്ടങ്ങൾ എന്നിവയായിരിക്കും. ഭൂവിനിയോഗ മാറ്റം (Land use change) എന്നത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഭൂമിയുടെ ഉപയോഗത്തെ മാറ്റുന്നതിനെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു പുൽമേടിനെ വിളഭൂമിയിലേക്കോ, അല്ലെങ്കിൽ ഉഷ്ണമേഖലാ വനങ്ങളിൽ നിന്ന് തോട്ടവിളകളിലേക്കോ പരിവർത്തനം ചെയ്യാം (ഉദാ: വനം വെട്ടിമാറ്റി എണ്ണപ്പന). അതായത് കാട് കത്തിക്കുന്നത് പോലുള്ള വനനശീകരണം (deforestation)തന്നെ. വനവൽക്കരണവും (afforestation)  LULUCF ലാണ് വരിക. LULUCF നു ആറു ഭാഗങ്ങൾ ഉള്ളതായി പരിഗണിച്ചാണ് കണക്കെടുക്കുക:

  1. വിളഭൂമി (crop lands)
  2. വനം (forest lands)
  3. പുൽമേടുകൾ (grasslands)
  4. വാസസ്ഥലങ്ങൾ (settlements)
  5. തണ്ണീർത്തടങ്ങൾ (wetlands)
  6. മറ്റുള്ള ഭൂഉപയോഗം (other land uses)

ഇന്ത്യയിൽ, പുൽമേടുകൾ ഒഴിച്ച് ബാക്കിയെല്ലാം ഉൽസർജനത്തേക്കാളും കൂടുതൽ കാർബൺ പിടിച്ചു വെക്കൽ (sequestration)  നടത്തുന്ന നെറ്റ് സിങ്കുകളാണ്. ഒരു കാര്യം ശ്രദ്ധിക്കുക, 2019 ലെ മൊത്തം 20 ശതമാനം കാർബൺ നീക്കം ചെയ്യലിൽ 14.1 ശതമാനവും  വിളഭൂമിയുടേതാണ്; ചുരുക്കത്തിൽ, കന്നുകാലികൾ ഉൾപ്പെടെയുള്ള കൃഷിയുടെ ഉദ്‌വമനം  13.44 ശതമാനമാണെങ്കിൽ ഈ മേഖലയുടെ കാർബൺ പിടിച്ചു വെക്കൽ 14.1 ശതമാനം ആണ്, വ്യത്യാസം —0.66 ശതമാനം (നെഗറ്റീവ്). കൃഷിയിൽനിന്ന് കന്നുകാലികളെ മാറ്റിനിർത്തിയാൽ  ഉദ്‌വമനം 5.44 ശതമാനവും പിടിച്ചുവെക്കൽ 14.1 എന്നും, വ്യത്യാസം -8.66 ശതമാനം (നെഗറ്റീവ്) എന്നും കിട്ടും! അതായത്, ഏത് തരത്തിൽ നോക്കിയാലും ഇന്ത്യയിലെ കൃഷിമേഖല  കാർബൺ നെഗറ്റീവാണ്! തുടർന്ന് വനങ്ങളുടെ കാർബൺ പിടിച്ചു വെക്കൽ 5.96 ശതമാനം, പുറകെ 0.29 ശതമാനവുമായി വാസസ്ഥലങ്ങളും.

2019-ൽ, വിളഭൂമി 343.2 MtCO2e കാർബൺ ശേഖരണമാണ് നടത്തിയത്. 2019-ൽ ഇന്ത്യയിലെ വിളഭൂമിയുടെ ആകെ വിസ്തീർണം 166.05 ദശലക്ഷം ഹെക്ടറായി കണക്കാക്കിയാണ് ഇത് ചെയ്തത്. വിളഭൂമിയിലെ കാർബൺ സ്റ്റോക്ക് മാറ്റങ്ങൾ കണക്കാക്കുന്നതിന്  കാർബൺ ബയോമാസ് സ്റ്റോക്കിലെ മാറ്റം,  മണ്ണിലെ ജൈവ കാർബൺ സ്റ്റോക്ക്, മൺകാർബൺ നിരക്കുകൾ എന്നിവയിളെ മാറ്റങ്ങളാണ് പരിഗണിച്ചത്.

വിളഭൂമിയുടെ മികച്ച കാർബൺ പിടിച്ചുവെക്കൽ താഴെ പറയുന്ന കാരണങ്ങളാലാണ്;

  1. വിളഭൂമിയിലെ ജൈവ കാർബണിന്റെ ശരാശരി വാർഷിക വർദ്ധനവ് 166.05 ദശലക്ഷം ഹെക്ടറിൽ 0.367 ടൺ കാർബൺ/ഹെക്‌ടർ/വർഷം ആണ്; ഇത് വിളഭൂമിയിൽ നിന്ന് ഉയർന്ന കാർബൺ സിങ്കിന് കാരണമായി
  2. വനഭൂമി ഉൾപ്പെടെയുള്ള മറ്റ് ഭൂവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിളഭൂമിയുടെ വലിയ വിസ്തീർണ്ണം, ഉദാഹരണത്തിന്, മൊത്തം ഭൂപ്രദേശത്തിന്റെ (328.73 ദശലക്ഷം ഹെ.)51 ശതമാനം (166.05 ദശലക്ഷം ഹെ.). അതേ സമയം, വനാവരണം 21.7  ശതമാനം മാത്രമാണ് (71.38 ദശലക്ഷം ഹെ.)
  3. സാധാരണ, വനഭൂമിയിലെ കാർബൺ വളരെ സ്ഥിരതയുള്ളതും വർഷങ്ങളായി മാറാത്തതുമാണ്. എന്നാൽ, വിളഭൂമിയിലെ കാർബൺ ചലനാത്മകമാണ്; ജൈവവളം, രാസവളപ്രയോഗം തുടങ്ങിയ മാനേജ്മെന്റ് രീതികളുടെ ഫലമായി, വിളഭൂമിയിലെ കാർബണിലെ മാറ്റം ഗണ്യമായി ഉയർന്നു തന്നെ നിൽക്കും.

ഇന്ത്യയിലെ വനങ്ങൾ കാർബണിന്റെ കാര്യത്തിൽ നെറ്റ് സിങ്കാണ്. വനഭൂമിയിൽ നിലനിൽക്കുന്നതും, വനമായി മാറിയ ഭൂമിയിലെ ജീവനുള്ള ജൈവവസ്തുക്കൾ, നിർജ്ജീവമായ ജൈവവസ്തുക്കൾ, മണ്ണിലെ ജൈവകാർബൺ എന്നിവയുടെ  മാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉദ്‌വമനങ്ങളും നീക്കംചെയ്യലും ഉൾപ്പെടുന്നു. 2019-ൽ വനങ്ങളുടെ GHG ശേഖരണം 145 MtCO2e എന്നു രേഖപ്പെടുത്തി.

പുൽമേടുകൾ (grasslands) എന്ന വിഭാഗത്തിൽ GHG ഉദ്‌വമനങ്ങളും നീക്കം ചെയ്യലും ഉൾപ്പെടുന്നു. ഇവയിൽ ഭൂരിഭാഗം സ്ഥലവും കന്നുകാലികൾക്ക് മേയാൻ ഉപയോഗിക്കുന്നു. പുൽമേടുകളുടെ വിസ്തീർണ്ണം 2005-ലെ 20.35 ദശലക്ഷം ഹെക്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ 2019-ൽ 23.4 ദശലക്ഷം ഹെക്ടറായി ഉയർന്നു. പക്ഷേ, നിലവിൽ പുൽമേടുകൾ നെറ്റ് സിങ്ക് അല്ല, നെറ്റ് എമിറ്റർ ആണ്.  2019-ൽ, GHG ഉദ്‌വമന ബാലൻസ് 9.726 Mt CO2e (അധികം) ആയി കണക്കാക്കപ്പെട്ടു.

വാസസ്ഥലങ്ങൾ (settlements) എന്ന വിഭാഗത്തിൽ മനുഷ്യവാസ കേന്ദ്രങ്ങൾ, നഗരപ്രദേശങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പ്രദേശങ്ങൾ എന്നിവ സൃഷ്ടിക്കുന്ന GHG ഉദ്‌വമനങ്ങളും നീക്കംചെയ്യലും ഉൾപ്പെടുന്നു. 2005 നും 2019 നും ഇടയിൽ, വാസസ്ഥലങ്ങളുടെ  വിസ്തൃതി 8.6 ദശലക്ഷം ഹെക്ടറിൽ നിന്ന് 9.71 ദശലക്ഷം ഹെക്ടറായി വർദ്ധിച്ചു. ഈ വിഭാഗത്തിൽ, ബയോമാസ് കാർബണിൽ നിന്നുള്ള CO2 ഉദ്‌വമനവും നീക്കം ചെയ്യലും മാത്രമേ പരിഗണിക്കുന്നുള്ളൂ. 2019-ൽ, GHG ഉദ്‌വമനത്തിന്റെ ബാലൻസ്  -6.998 Mt CO2e ആണ്(നെഗറ്റീവ്).

ചുരുക്കിപ്പറഞ്ഞാൽ, ഹരിതഗ്രഹ വാതകങ്ങളുമായി ബന്ധപ്പെട്ട് AFOLU വിന്റെ പങ്ക് രണ്ടു തരത്തിലാണുള്ളത്. AFOLU ഹരിതഗ്രഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്നുണ്ട് (emissions). അതോടൊപ്പം തന്നെ നല്ലൊരു പങ്ക് പിടിച്ചുവെക്കുന്നുമുണ്ട്(sequestration). തള്ളലും പിടിച്ചുവെക്കലും തുല്യമായാൽ ‘നെറ്റ് സീറോ’ അഥവാ ‘കാർബൺ ന്യൂട്രൽ’ ആവുമല്ലോ?  ഭാരതത്തിലെയും കേരളത്തിലെയും  മിക്കവാറും കർഷകർ അനുവർത്തിക്കുന്ന കൃഷിരീതികൾ പരിഗണിച്ചാൽ ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്നു കാണാം. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ കുറച്ചു കൂടി കാർബൺ നെഗറ്റീവ് ആക്കാൻ കഴിഞ്ഞേക്കും!

എന്താണ് AFOLU വിന്റെ പ്രാധാന്യം ?

വിള പരിപാലനം, കന്നുകാലി വളർത്തൽ, വനം, മറ്റ് ഭൂവിനിയോഗം എന്നിവ ഉൾപ്പെടുന്ന AFOLU ഭക്ഷ്യ സുരക്ഷ, ജീവന സുരക്ഷ,  സുസ്ഥിര വികസനം എന്നിവ ഉറപ്പ് വരുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ്. ചെടികൾ വളരുമ്പോൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡും (CO2) മണ്ണിൽ നിന്ന് നൈട്രജനും (N) എടുക്കുന്നു; അത് ഭൂമിയുടെ മുകളിലും താഴെയുമുള്ള ജീവജാലങ്ങൾ, ചത്ത അവശിഷ്ടങ്ങൾ, മണ്ണിലെ ജൈവവസ്തുക്കൾ എന്നിവയിൽ വീണ്ടും വിതരണം ചെയ്യപ്പെടുന്നു. കാർബൺ ഡയോക്സൈഡ്, മീതെയിൻ, നൈട്രസ് ഓക്സൈഡ്, എന്നിവ സസ്യങ്ങളുടെ ശ്വസനം, മൃതസസ്യ ജൈവവസ്തുക്കളുടെയും മണ്ണിലെ ജൈവവസ്തുക്കളുടെയും വിഘടിപ്പിക്കൽ, ജ്വലനം എന്നിവയിലൂടെ അന്തരീക്ഷത്തിലേക്ക് പോകും.

മനുഷ്യപ്രേരിതമായ ഭൂവിനിയോഗ പ്രവർത്തനങ്ങൾ (ഉദാ. വിളനിലങ്ങൾ, വനങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ പരിപാലനം), ഭൂവിനിയോഗ മാറ്റങ്ങൾ (ഉദാ. വനവൽക്കരണം, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവക്കുവേണ്ടിയുള്ള വനനശീകരണം) എന്നിവ  പ്രകൃതിയുടെ സ്വാഭാവിക പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. LULUCF പ്രവർത്തനങ്ങളിൽ CO2 വിന്റെ പ്രധാന സ്രോതസ്സുകൾ വനനശീകരണവും, കരിമണ്ണുകൾ (peatlands) വെള്ളം വറ്റിച്ച് മറ്റ് ഉപയോഗത്തിന് വിധേയമാക്കുമ്പോളുണ്ടാകുന്ന CO2 ഉം ആണ്.  കാർബൺ ഡൈഓക്സൈഡ് ഇതര ഉദ്‌വമനങ്ങളിൽ പ്രധാനം കന്നുകാലികൾ, ചാണകം, നെൽകൃഷി എന്നിവയിൽ നിന്നുമുള്ള മീതെയിൻ,  കൃഷിമണ്ണ്, വിളാവശിഷ്ടങ്ങൾ കത്തിക്കൽ എന്നിവയിൽ നിന്നുള്ള നൈട്രസ് ഓക്സൈഡും ആണ്.

AFOLU-നുള്ളിലെ ലഘൂകരണ ഓപ്ഷനുകളിൽ (mitigation) മൂന്ന് പ്രധാന തന്ത്രങ്ങൾ ഉൾപ്പെടുന്നു:

  1. മണ്ണിലോ സസ്യജാലങ്ങളിലോ നിലവിലുള്ള കാർബൺ സ്റ്റോക്ക് സംരക്ഷിക്കുന്നതിലൂടെ CH4, N2O എന്നിവയുടെ അന്തരീക്ഷത്തിലേക്കുള്ള ഉദ്‌വമനം കുറക്കുക;
  2. ഭൂമിയിലെ വിവിധ കാർബൺ സംഭരണികളിൽ (ഉദാ: സസ്യങ്ങൾ, മണ്ണ്) കാർബൺ ആഗിരണം വർദ്ധിപ്പിക്കുകയും അതുവഴി അന്തരീക്ഷത്തിൽ നിന്ന് കാർബൺ പിടിച്ചുവെക്കൽ (sequestration) വർദ്ധിപ്പിക്കുകയും ചെയ്യുക ;
  3. ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ജൈവ സ്രോതസ്സുകൾ (ഉദാ: ബയോ ഗ്യാസ്, CBG (കമ്പ്രസ്സ്ഡ് ബയോ ഗ്യാസ്), ബയോമാസ്സിൽ നിന്നുള്ള ഗ്രീൻ ഹൈഡ്രജൻ).

വസ്ത്രങ്ങളിലെ മിതത്വം, ഭക്ഷ്യവസ്തുക്കളുടെ പാഴാക്കൽ കുറച്ചുകൊണ്ടു വരിക, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക, തടിയുടെ  ഉപഭോഗം യുക്തിസഹമാക്കുക,  പാഴ് വസ്തുക്കളുടെ  പുനരുപയോഗം എന്നിങ്ങനെയുള്ള ജീവിതശൈലിയിലെ മാറ്റങ്ങൾ നടപ്പിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണങ്കിലും ഒരു വിഭാഗത്തെകൊണ്ടെങ്കിലും അനുസരിപ്പിക്കാനായാൽ വലിയൊരു നേട്ടമായിരിക്കും. ഇന്ത്യ മുന്നോട്ട് വെച്ച ‘പരിസ്ഥിതിക്കു വേണ്ടിയുള്ള ജീവിതശൈലി’ (LIFE, Lifestyle for Environment)  അതാണ് പറയുന്നത്(5).

ഈ ലോകത്തെ 810 കോടിയിലധികം വരുന്ന ഭൂമിയിലെ ജനങ്ങളെ പോഷിപ്പിക്കുന്നതിന് ഭക്ഷണവും കാലിത്തീറ്റയും നൽകുന്ന AFOLU മേഖലയുടെ നിർണായക അടിസ്ഥാനമാണ് ഭൂമി. വിവിധ ആവശ്യങ്ങൾക്കുള്ള ഇന്ധനവും, നാരുകളും, തടിയും, റബ്ബറും, ഭക്ഷ്യ-ഭക്ഷ്യഇതര എണ്ണകളും  ഉൾപ്പെടെയുള്ള അനേകം ഉല്പ്പന്നങ്ങളും ഭൂമി നൽകുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം മാർഗ്ഗം കൂടിയാണ് AFOLU. പരിമിതമായ ഈ വിഭവങ്ങൾ മനുഷ്യന്റെ ക്ഷേമത്തിന് അടിസ്ഥാനമായ നിരവധി ചരക്കുകളും ആവാസവ്യവസ്ഥാ സേവനങ്ങളും നൽകുന്നുവെന്നത് മറന്നുകൂടാ. മനുഷ്യന്റെ  സമ്പദ്‌വ്യവസ്ഥയും ജീവിത നിലവാരവും ഭൂമി നേരിട്ട് നൽകുന്ന സേവനങ്ങളെയും വിഭവങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

Download PDF

കേരളത്തിന്റെ കാര്യം 

ഇന്ത്യയുടെ ദേശീയ  ഹരിതഗൃഹവാതക ഇൻവെന്ററിക്ക് സമാനമായി കേരളത്തിന്റെ മാത്രമായി ഹരിതഗൃഹവാതക കണക്കെടുപ്പ് നടത്തി റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട് (Kerala GHG Inventory Report)(6). കേരള സർക്കാരിന്റെ പരിസ്ഥിതി വകുപ്പാണ് ഇതിന് മുൻകൈ എടുത്തത്. ഇക്കഴിഞ്ഞ ആഗോള പരിസ്ഥിതി ദിനമായ 2024 ജൂൺ 5 ന് പ്രകാശനം ചെയ്തു.

2021-ൽ, കേരളത്തിന്റെ മൊത്തം ഹരിതഗൃഹവാതക (GHGs) ഉദ്‌വമനം 21.86 MtCO2e ആയിരുന്നു(6). LULUCF ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. 2021 ലെ മൊത്തം GHG ഉദ്‌വമനത്തോടൊപ്പം  LULUCF (—10.26 MtCO2e) കൂടി കൂട്ടിയാൽ അറ്റ ​​ഉദ്‌വമനം അഥവാ അസ്സൽ ​​ഉദ്‌വമനം (net emission)  കിട്ടും. അതായത് LULUCF കൂട്ടിയതിന് ശേഷം സംസ്‌ഥാനത്തിന്റെ അറ്റ ​​ഉദ്‌വമനം 11.60 MtCO2e ആയിരുന്നു (LULUCF നെഗറ്റീവാണ് എന്നത് ശ്രദ്ധിക്കുക)

2021-ൽ ആകെ 17.24 MtCO2e ഉദ്‌വമനത്തോടെ സംസ്ഥാനത്തെ മൊത്തം എമിഷൻ കണക്കിൽ ഊർജ മേഖലക്കാണ് ഒന്നാം സ്ഥാനം, 79 ശതമാനം! മൊത്തം 1.75 MtCO2e പുറന്തള്ളുന്ന മാലിന്യ മേഖലയാണ് രണ്ടാമത്. പക്ഷേ, GHG ഉദ്‌വമനത്തിന്റെ 8.0 ശതമാനമേ വരുന്നുള്ളൂ.   കന്നുകാലി വളർത്തൽ ഉൾപ്പെടെയുള്ള കാർഷിക മേഖലയാണ് 1.56 MtCO2e ഉദ്‌വമനവുമായി (7%) മൂന്നാം സ്ഥാനത്ത് വരുന്നത്. പക്ഷേ, ഇതിൽ 5 ശതമാനവും കന്നുകാലി വളർത്തൽ  വിഭാഗത്തിന്റേതാണ്, 2 ശതമാനം മാത്രമാണ് കാർഷിക വിളകളുടെ ഉത്തരവാദിത്തം!

‘വ്യാവസായിക പ്രക്രിയകളും ഉൽപ്പന്ന ഉപയോഗവും’ (IPPU) എന്ന  മേഖലയുടെ സംഭാവന 2021-ൽ 6.0 ശതമാനമാണ്, 1.32 MtCO2e.

വിവിധ മേഖലകളുടെ (sectors)  വിഭാഗങ്ങളിൽ (categories) ഏറ്റവുമധികം GHGs പുറത്തുവിടുന്ന ആദ്യത്തെ 10 വിഭാഗങ്ങൾ (ശതമാനത്തിൽ) താഴെ പറയുന്നു.

  1. ഗതാഗതം (Transport) – 48.5
  2. ഗാർഹിക ഊർജം (Residential Energy) –  14.6
  3. വ്യാവസായിക ഊർജം (Industrial Energy) –   8.2
  4. ഗാർഹിക മലിന ജലം (Domestic Wastewater) –   7.5
  5. എന്ററിക് ഫെർമെന്റേഷൻ(Enteric Fermentation) –   4.6
  6. അമ്മോണിയ ഉൽപ്പാദനം (Ammonia Production) –   3.3
  7. പവർ പ്ലാന്റ്സ്  (Captive Power Plants) –    3.1
  8. വാണിജ്യ ഊർജം (Commercial Energy) –    1.9
  9. മൽസ്യ ബന്ധനം (Fisheries) –    1.7
  10. കൃഷി മണ്ണ് (Agriculture Soils) –    1.2

ഇത് ഒരു കാര്യം സൂചിപ്പിക്കുന്നു. ഹരിത ഗൃഹവാതകങ്ങൾ കുറക്കുന്നതിന് ഗതാഗതം, ഗാർഹിക ഊർജം എന്നിവയിലാണ് കേരളം ഊന്നൽ നല്കേണ്ടത്.

കേരളത്തിലെ പ്രതിശീർഷ ഉൽസർജനം

പ്രതിശീർഷ അടിസ്ഥാനത്തിൽ, 2021-ൽ കേരളത്തിലെ ഒരാളുടെ കാർബൺ ഉൽസർജനം 0.33 ടൺ CO2e ആയിരുന്നു(6). 2019 ൽ ഇന്ത്യയുടെ പ്രതിശീർഷ ഉൽസർജനം 2.46 ടണ്ണും(7) കേരളത്തിന്റേത് 0.41 ടണ്ണുമായിരുന്നു.  പുതിയ വിവരങ്ങൾ അനുസരിച്ച് ആഗോളതലത്തിൽ (2022 ലെ കണക്ക് പ്രകാരം) പ്രതിശീർഷ കാർബൺ എമിഷൻ 6.8 ടൺ (CO2e) ആണ്, ഇന്ത്യയുടെത് 2.8 ടൺ CO2e (8).  അമേരിക്കൻ ഐക്യനാടുകളുടെ പ്രതിശീർഷ എമിഷൻ 17.9 ടണ്ണും, ചൈനയുടേത് 11 ടണ്ണും, 27 അംഗ യൂറോപ്യൻ യൂണിയന്റേത് 8.1 ടണ്ണും (CO2e) ആണ് എന്നുകൂടി അറിയുമ്പോഴേ കേരളത്തിന്റെ കാർബൺ മലിനീകരണമൊക്കെ ഒന്നുമല്ല എന്നു മനസ്സിലാവുക! ഇന്ത്യ അവകാശപ്പെടുന്നത് പോലെ, ലോകം മുഴുവൻ ഇന്ത്യക്കാരുടെ നിലവിലുള്ള ശരാശരി പ്രതിശീർഷ കാർബൺ എമിഷനിലേക്കെത്തിയാൽ മിക്ക കാലാവസ്ഥാ കുഴപ്പങ്ങളും വരുതിയിൽ വരും; അതായത്,  താപനില വർദ്ധനവ് 1.5 ഡിഗ്രിക്ക് താഴെ തന്നെ നിൽക്കും!  ആളോഹരി കാർബൺ ഉൽസർജനം 0.33 ടൺ CO2e ൽ നിൽക്കുന്ന കേരളത്തിന് ഗതാഗത രംഗത്തെ ചില നീക്കുപോക്കുകൾ വഴി 2050 ഓടെ നെറ്റ് സീറോ അഥവാ അസ്സൽ പൂജ്യത്തിലേക്ക് എത്തിക്കുന്നതിന് പ്രയാസമുണ്ടാവില്ല.

കേരളത്തിലെ  AFOLU വിന്റെ പ്രത്യേകതകൾ  

2021-ൽ കന്നുകാലി വളർത്തൽ ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ 1.56 MtCO2e GHG ഉദ്‌വമനത്തിന് കാരണമായി. അതായത്, സംസ്ഥാനത്തെ മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 7 ശതമാനത്തിൽ, 5 ശതമാനം കന്നുകാലി വളർത്തലിൽ നിന്നും 2 ശതമാനം നാം സാധാരണ പറയുന്ന വിളപരിപാലന കൃഷിയിൽ നിന്നും. സാധാരണ കൃഷിയുടെ ഭാഗമായി കണക്കിലെടുത്തത് കൃഷി മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് (N2O), സസ്യ അവശിഷ്ടങ്ങളുടെ കത്തിക്കൽ,   നെൽകൃഷിയിൽ നിന്നുള്ള മീതെയിൻ എന്നിവയാണ്. കന്നുകാലിവളർത്തൽ  ഉപവിഭാഗത്തിൽ എന്ററിക് ഫെർമെന്റേഷൻ, ചാണക പരിപാലനം എന്നിവയാണ് പരിഗണിച്ചത്. (കൃഷിയിലെ യന്ത്രങ്ങളുടെ ഊർജ ഉപയോഗം വളരെ കുറവായതിനാലും, ‘എനർജി’ യുടെ ഭാഗമായി കണക്ക് കൂട്ടും എന്നതിനാലും ഇവിടെ പരിഗണിച്ചിട്ടില്ല).

കാർഷിക മേഖലയിൽ നിന്നുള്ള ഉദ്‌വമനം ദീർഘകാലാടിസ്ഥാനത്തിൽ കുറയുന്ന പ്രവണത കാണിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 2005-ൽ 2.02 MtCO2e ആയിരുന്നത് 2021-ൽ 23 ശതമാനം കുറഞ്ഞ് 1.56 MtCO2e ആയി. യാഥാർത്ഥത്തിൽ,  സംസ്ഥാനത്തെ കൃഷിയിൽ നിന്നുള്ള ദീർഘകാല ഉൽസർജന പ്രവണത നിയന്ത്രിക്കുന്നത് കന്നുകാലികളിൽ നിന്നുള്ള  കാർബൺ ഉദ്‌വമനമാണ്. 2005-നും 2021-നും ഇടയിൽ, ഈ വിഭാഗത്തിൽ നിന്നുള്ള ഉദ്‌വമനം 1.37 MtCO2e-ൽ നിന്ന് 0.99 MtCO2e-ലേക്ക് (24%) കുറഞ്ഞു.  2021 ലെ പ്രവണത കണക്കിലെടുത്താൽ കന്നുകാലി ഉപമേഖല 1.11 MtCO2e പുറന്തള്ളുന്നുണ്ട്. കാർഷികമേഖലയിലെ ആകെ ഉദ്‌വമനത്തിന്റെ ഇടിവിന്റെ പ്രധാന  കാരണമായി പറയുന്നത് കന്നുകാലികളുടെ എണ്ണത്തിലുണ്ടായ വൻതോതിലുള്ള കുറവും തത്ഫലമായി  മീതെയിൻ ഉദ്‌വമനത്തിൽ വന്ന ഇടിവുമാണ്. 2007 ലെ കന്നുകാലി സെൻസസ് പ്രകാരം കേരളത്തിൽ 35.87 ലക്ഷം കന്നുകാലികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2019 ൽ 29.09 ലക്ഷം ആയി കുറഞ്ഞു. 2021 ൽ കാർഷിക മേഖലയുടെ ആകെ 7 ശതമാനം ഉൽസർജനത്തിൽ 5 ശതമാനവും  കന്നുകാലി ഉപമേഖലയിൽ നിന്നാണ്.

സംസ്ഥാനത്തിന്റെ കാർഷികഉദ്‌വമനത്തിന്റെ ബാക്കിയുള്ള  വിഹിതം (2%) വിളപരിപാലനത്തിൽ   നിന്നാണ്. ഇതിൽ കൃഷിമണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് (N2O) 1.18 ശതമാനവും നെൽകൃഷി 0.84 ശതമാനവുമാണ്. കാർഷികാവശിഷ്ടങ്ങൾ കത്തിക്കലൊക്കെ വളരെ നേരിയ തോതിലേ ഉള്ളൂ. ഇവയെല്ലാം കൂടിയുള്ള ഉൽസർജനം  0.45 MtCO2e ആണ് (2%).

Key Categories – Agriculture Sector 2021

Constituting 92% of the sector’s emissions

AFOLU വിന്റെ ഭാഗമായ ‘ഭൂവിനിയോഗം, ഭൂവിനിയോഗ മാറ്റങ്ങൾ, വനം’ (Land Use, Land Use Changes, and Forestry, LULUCF) എന്ന സെക്ടറിൽ പ്രധാനമായും വനം, വിളഭൂമി, മറ്റ്ഭൂഉപയോഗ മാറ്റങ്ങൾ എന്നിവയിൽ നിന്നുള്ള CO2 നീക്കം ചെയ്യലും ഉദ്‌വമനവും ഉൾപ്പെടുന്നു. കേരളത്തിലെ LULUCF സെക്ടർ വലിയ തോതിൽ കാർബൺ പിടിച്ചുവെച്ചുകൊണ്ടു (sequestration)  നെറ്റ് സിങ്കായി പ്രവർത്തിക്കുന്നു. 2021-ൽ സംസ്ഥാനത്ത് നിന്നുള്ള മൊത്തം CO2e ഉദ്‌വമനത്തിന്റെ 47 ശതമാനം LULUCF പിടിച്ചുവെച്ചു, ആകെ 10.26 MtCO2e. കേരളത്തിലെ ആകെ കാർബൺ സീക്വസ്ട്രേഷന്റെ 97 ശതമാനവും  വനാവരണത്തിന്റെ (forest cover)സംഭാവനയാണ്(9.99 MtCO2e), 2 ശതമാനം വിളഭൂമിയും (0.24 MtCO2e), വാസസ്ഥലങ്ങൾ 1 ശതമാനവുമാണ്( 0.05 MtCO2e).

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 2021 ലെ ഫോറസ്റ്റ്സർവേ പ്രകാരം കേരളത്തിന്റെ വനാവരണം (forest cover) 54.7 ശതമാനമാണ്. ഇന്ത്യയിൽ ഒരു ഹെക്ടറിൽ കൂടുതൽ വിസ്തീർണ്ണവും 10 ശതമാനത്തിന് മുകളിൽ വൃക്ഷവിതാന സാന്ദ്രതയുമുള്ള (tree canopy density) എല്ലാ ഭൂമിയും (നിയമപരമായ അവസ്ഥയോ, ഉടമസ്ഥാവകാശമോ, അല്ലെങ്കിൽ മറ്റ് ഭൂവിനിയോഗമോ കണക്കിലെടുക്കാതെ) വനാവരണത്തിൽ ഉൾപ്പെടും. ഈ വനാവരണത്തിൽ സാധാരണ വനമേഖലക്ക് പുറമെ റബ്ബർ, തെങ്ങ്, കമുക്, എണ്ണപ്പന, കശുമാവ്, തേയില, കാപ്പി, മാവ്, പ്ലാവ്, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയൊക്കെ ഉൾപ്പെടും. കേരളത്തിൽ 54.7 വനാവരണത്തിന് പുറമെ 7.26 ശതമാനം  വൃക്ഷാവരണവും (tree cover) ഉണ്ട്.  ഒരു ഹെക്ടറിൽ താഴെ വിസ്തീർണമുള്ള വൃക്ഷ ശകലങ്ങളും ഒറ്റപ്പെട്ട വൃക്ഷങ്ങളും മേൽപ്പറഞ്ഞ വനാവരണത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട് വൃക്ഷാവരണം (tree cover) എന്ന വിഭാഗമുണ്ടാക്കി. ചെറിയ പുരയിടങ്ങളിലെ (homesteads)  വൃക്ഷ വിളകളും, പാതയോര വൃക്ഷങ്ങളും, അലങ്കാര വൃക്ഷങ്ങളുമൊക്കെ ഇതിലാണ് ഉൾപ്പെടുക. വൃക്ഷാവരണത്തിന്റെ (tree cover)  കാർബൺ സീക്വസ്ട്രേഷൻ അല്ലെങ്കിൽ ഉൽസർജനം കണക്കിലെടുത്തുവോ എന്ന കാര്യം Kerala GHG Inventory Report ൽ വ്യക്തമല്ല.

കേരളത്തിൽ രേഖപ്പെടുത്തപ്പെട്ട വനങ്ങളുടെ  (recorded forest area) വിസ്തീർണം 29.65 ശതമാനമുണ്ടെങ്കിലും ഈ പ്രദേശത്തെ വനാവരണം 24.9 ശതമാനം മാത്രമാണ്(forest cover inside the recorded area). ഇത് മിക്കവാറും സർക്കാർവക ഭൂമിയായിരിക്കും. ഇതിന് പുറത്തുള്ള വനാവരണമാണ് കൂടുതൽ, 29.8 ശതമാനം (forest cover outside the recorded area)! ഇത് കർഷകരുടെ പുരയിടത്തിലെയും തോട്ടങ്ങളിലെയും വൃക്ഷവിളകളായ റബ്ബർ, തെങ്ങ്, കമുക്, കാപ്പി, തേയില, കശുമാവ്, പ്ലാവു, മാവ് എന്നിവ ആയിരിക്കുമല്ലോ? അതായത്, കേരളത്തിലെ വനാവരണത്തിന് കാരണമായ സർക്കാർ വനവും കർഷകരുടെ  വൃക്ഷവിളകളും കൂടി ആകെ 45.6 ശതമാനം കാർബൺ പിടിച്ചു വെക്കുന്നതിൽ, 24  ശതമാനമെങ്കിലും മേൽപ്പറഞ്ഞ റബ്ബർ, തെങ്ങ് മുതലായ വൃക്ഷവിളകളുടേത് ആയിരിക്കും!  ഇതിനോട് വിളഭൂമിയുടെ സീക്വസ്ട്രേഷൻ  ആയ 1.1 ശതമാനം കൂടി കൂട്ടിയാൽ  25 ശതമാനമാകും.

ചുരുക്കത്തിൽ, കേരളത്തിലെ കന്നുകാലി വളർത്തൽ കൂടിയുള്ള കൃഷി കൊണ്ട് ഉണ്ടാകുന്ന ഉൽസർജനം 7  ശതമാനമാണെങ്കിൽ സീക്വസ്ട്രേഷൻ 25 ശതമാനം, വ്യത്യാസം -18 ശതമാനം (നെഗറ്റീവ്). ഇനി AFOLU   എന്ന് പറയുകയാണെങ്കിൽ ഉൽസർജനം 7 ശതമാനം,  സീക്വസ്ട്രേഷൻ 47 ശതമാനം,  വ്യത്യാസം -40 ശതമാനം (നെഗറ്റീവ്). ഏത് തരത്തിൽ നോക്കിയാലും കേരളത്തിലെ കൃഷിയോ, AFOLU സെക്ടറോ കാർബൺ നെഗറ്റീവ്  തന്നെ!

ഇന്ത്യ 2023 ൽ UNFCC ക്ക് നൽകിയ India Third National Communication and Initial Adaptation Communication(1) ൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം ഇവിടെ ആവർത്തിക്കണമെന്ന് തോന്നി. ഇത് ഇന്ത്യയിലെ കൃഷിയെ സംബന്ധിചുള്ള കേന്ദ്ര സർക്കാർ നയം ആണെന്ന് കരുതാം. കേരള സർക്കാരിന്റെ Kerala GHG Inventory Report (2024)(6) ലും ഇത് ആവർത്തിച്ചിട്ടുണ്ട്.

“It is to be noted that agriculture is not included in LT-LEDS, given its predominantly adaptation-related character; especially in the context of India’s agriculture, which has predominance of small and marginal farmers. The absence of large-scale or ‘industrial agriculture’ in India indicates that the burden of mitigating GHG emissions from other sectors cannot be passed on to the agricultural sector”

ഏകദേശ മലയാളം തർജമ:

“പ്രധാനമായും കൃഷിയുടെ  പൊരുത്തപ്പെടൽ (അഡാപ്റ്റേഷൻ) സ്വഭാവം കണക്കിലെടുത്ത്, ആയത് LT-LEDS ൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കണം, പ്രത്യേകിച്ച്, ചെറുകിട, നാമമാത്ര കർഷകർക്ക് മേൽക്കൈയുള്ള ഇന്ത്യയുടെ കാർഷിക പശ്ചാത്തലത്തിൽ. ഇന്ത്യയിൽ വൻകിട കൃഷി അല്ലെങ്കിൽ ‘വ്യാവസായിക കൃഷി’യുടെ അഭാവം സൂചിപ്പിക്കുന്നത് മറ്റ് മേഖലകളിൽ നിന്നുള്ള GHG ഉദ്‌വമനം ലഘൂകരിക്കുന്നതിന്റെ ഭാരം കാർഷിക മേഖലയിലേക്ക് കൈമാറാൻ കഴിയില്ല എന്നാണ്”

(പാരിസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 4, ഖണ്ഡിക 19 പ്രകാരം എല്ലാ ‘പാർട്ടികളും’ സമർപ്പിക്കേണ്ട ഒന്നാണ് Long-Term Low-Emissions Development Strategy (LT-LEDs).  ഇന്ത്യ COP 27 ൽ (2022) ഇത് സമർപ്പിച്ചു).

അഖിലേന്ത്യാ തലത്തിൽ കാർബൺ പിടിച്ചുവെക്കൽ (sequestration) 20 ശതമാനമാണെങ്കിൽ കേരളത്തിൽ 47 ശതമാനമാണ്. ഇത് മുഴുവൻ AFOLU വിന്റെ ഭാഗമായ LULUCF ആണ് നിർവഹിക്കുന്നത്. ഇതിൽതന്നെ, ഏകദേശം 25 ശതമാനം പിടിച്ചുവെക്കലും വൃക്ഷവിളകളുൾപ്പെടെയുള്ള കാർഷിക മേഖലയുടെ (crop production) സംഭാവനയാണ്. പക്ഷേ, കാർഷികവിളകളുടെ കാറ്റഗറി വെറും 2 ശതമാനം ഉൽസർജനം മാത്രമേ നടത്തുന്നുളളൂ എന്നത് മറന്നുകൂടാ. ദേശീയ കമ്മ്യൂണിക്കേഷണനിൽ(6) പറഞ്ഞിരിക്കുന്നത് പോലെ, കാർബൺ നെഗറ്റീവിലുള്ള നമ്മുടെ കാർഷിക മേഖലയെ മറ്റ് മേഖലകളുടെ ലഘൂകരണത്തിന്റെ (mitigation)ഭാരം ഇനിയും എൽപ്പിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും. ഗതാഗതവും (48.5%) ഗാർഹിക ഊർജ വിഭാഗവും (14.6%) ആണ് ആ ചുമതല ഏറ്റെടുക്കേണ്ടത്. ഗ്രീൻ ഹൈഡ്രജൻ, സോളാർ വൈദ്യുതി എന്നിവ വ്യാപകമാകുന്നതോടെ ഇതിൽ മാറ്റം വരും. കേരളത്തിന്റെ കൃഷിമേഖല വരൾച്ച, വെള്ളപ്പൊക്കം, താളം തെറ്റുന്ന മഴ എന്നിവയ്ക്കെതിരെ പ്രതിരോധം തീർത്തുകൊണ്ട് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള പൊരുത്തപ്പെടൽ (adaptation)ശ്രമങ്ങളിൽ ഊന്നൽ കൊടുക്കണം. ഇവിടെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ കാർബൺന്യൂട്രൽ പഞ്ചായത്ത്, കാർബൺന്യൂട്രൽ കൃഷി, കാർബൺന്യൂട്രൽ ഫാം, നെറ്റ് സീറോ എന്നിവയുമായി ബന്ധപ്പെട്ട് പ്രോജക്ടുകൾ ചെയ്യുന്നവരും, വിഭാവനം ചെയ്യുന്നവരും കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അധികവായനയ്ക്ക്

  1. MoEFCC 2023. India: Third National Communication and Initial Adaptation Communication, 613p. https://unfccc.int/documents/636235
  2. MoEFCC 2022. Third Biennial Update Report to the United Nations Framework Convention on Climate Change, 479p. >>>
  3. GOI 2022. India’s Updated First Nationally Determined Contribution Under Paris Agreement, (2021-2030), 4p. >>>
  4. IPCC 2022: Climate Change 2022: Mitigation of Climate Change. Summary for Policymakers.  Working Group III Contribution of to the Sixth Assessment Report of the Intergovernmental Panel on Climate Change (Shukla, P.R. et al. (eds.). Cambridge University Press, UK. https://doi.org/10.1017/9781009157926.001 
  5. MoEFCC 2022. Lifestyle for Environment. https://missionlife-moefcc.nic.in/assets/pdf/LIFE-Brochure-20102022.pdf
  6. DoECC  2024. Kerala GHG Inventory Report. Directorate of Environment and Climate Change, Government of Kerala, 184p . https://climatechange.envt.kerala.gov.in/
  7. MoEFCC 2022. India’s long-term low-carbon development strategy. https://moef.gov.in/wp-content/uploads/2022/11/Indias-LT-LEDS.pdf
  8. Crippa et al. 2023. GHG per capita emissions. https://edgar.jrc.ec.europa.eu/report_2023?vis=ghgpop#emissions_table

CLIMATE DIALOGUE

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

One thought on “ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി

Leave a Reply

Previous post ആരോഗ്യ പരസ്യങ്ങളുടെ ഇരുണ്ട വശങ്ങൾ
Next post 2024 ആഗസ്റ്റിലെ ആകാശം
Close