Read Time:25 Minute


ഡോ. എം. മുഹമ്മദ് ആസിഫ്

രാജ്യത്തിന് പ്രതിവർഷം 20,000  കോടി രൂപ വരെ നേരിട്ടുള്ള ഭീമമായ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന കന്നുകാലികളിലെ സാംക്രമിക വൈറസ് രോഗമാണ് കുളമ്പ് രോഗം അഥവാ ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് (Foot-and-mouth disease -FMD). പികോർണ വൈറസ് കുടുംബത്തിലെ (Picornaviridae) ആഫ്‌തോ  വൈറസ്  (Genus- Aphthovirus- Species- Foot-and-mouth disease virus) കാരണം ഉണ്ടാവുന്ന ഈ രോഗം പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടകുളമ്പുള്ള വളർത്തുമൃഗങ്ങളെയെല്ലാം ബാധിക്കും. മാൻ, കാട്ടുപോത്ത്, കാട്ടുപന്നി ഉൾപ്പെടെയുള്ള ഇരട്ടകുളമ്പുള്ള വന്യമൃഗങ്ങളിലും വൈറസ് രോഗമുണ്ടാക്കും. സംസ്ഥാനത്ത് 2013- ൽ കുളമ്പ് രോഗം പൊട്ടിപുറപ്പെട്ടപ്പോൾ നാട്ടാനകളിലും രോഗം കണ്ടെത്തിയിരുന്നു. രോഗം ബാധിച്ച പശുക്കളിൽ നിന്നായിരുന്നു ആനകളിലേക്ക് വൈറസ് പടർന്നത്. മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി പന്നികളിൽ വൈറസ് പതിന്മടങ്ങായി പെരുകുകയും പുറത്തുവരുകയും ചെയ്യുന്നതിനാൽ പന്നികൾക്ക് രോഗബാധയേറ്റാൽ നിയന്ത്രണം ദുഷ്ക്കരമാവാറുണ്ട്. പന്നികൾ അറിയപ്പെടുന്നത് കുളമ്പ് രോഗകാരിയായ വൈറസിന്റെ പെരുകൽ കേന്ദ്രം അഥവാ ആംപ്ലിഫയർ ഹോസ്റ്റ് എന്നാണ്. എന്നാൽ കുളമ്പ് രോഗം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളിൽ ഒന്നല്ല.
രോഗകാരിയായ ആഫ്‌തോ വൈറസിന്റെ 7 സിറോടൈപ്പുകളെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഈ സിറോടൈപ്പുകളിൽ തന്നെ നിരന്തരം പരിവർത്തനങ്ങൾ നടന്നുണ്ടായ വകഭേദങ്ങൾ പിന്നെയുമുണ്ട്. ഇതിൽ O, A, ASIA- 1, C എന്നീ വൈറസ് സിറോടൈപ്പുകളാണ് പ്രധാനമായും ഇന്ത്യയിൽ കുളമ്പ് രോഗത്തിന് കാരണമാവുന്നത്. വൈറസിന്റെ  ‘O’ സിറോടൈപ്പാണ്‌ ഏറ്റവും വ്യാപകം. രോഗം ബാധിച്ച പശുവിൽ നിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ വൈറസ് പകരുകയും പാലുൽപ്പാദനം കുറയുകയും ചെയ്യുമെന്ന് മാത്രമല്ല, രോഗം ഗുരുതരമായാൽ ഗർഭിണി പശുക്കളുടെ ഗർഭമലസാനും അകാലത്തിൽ ചത്തുപോവാനും സാധ്യത കൂടുതലാണ്. രോഗത്തിൽ നിന്ന് രക്ഷപ്പെട്ടാലും പഴയ ഉൽപ്പാദനവും പ്രത്യുൽപ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം.
 2003- ല്‍ സംസ്ഥാനത്ത് വ്യാപകമായി പടര്‍ന്ന് പിടിച്ച കുളമ്പ് രോഗത്തെ തുടര്‍ന്ന് 33,000 പശുക്കള്‍ക്ക് രോഗബാധയേല്‍ക്കുകയും, 2000- ഓളം പശുക്കള്‍ മരണപ്പെടുകയും ചെയ്തിരുന്നു. കുളമ്പ് രോഗത്തോളം ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു രോഗം ക്ഷീരമേഖലയിൽ ഇല്ല എന്ന് തന്നെ പറയാം.

സംസ്ഥാനത്ത് വീണ്ടും കുളമ്പുരോഗഭീഷണി

മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന സമഗ്ര കുളമ്പുരോഗ പ്രതിരോധ പരിപാടിയായ ഗോരക്ഷാ പദ്ധതി വഴി ആറുമാസത്തെ ഇടവേളകളിൽ കുളമ്പ് രോഗം തടയാനുള്ള വാക്‌സിൻ മുഴുവൻ കന്നുകാലികൾക്കും പന്നികൾക്കും നൽകുന്നതിനാൽ സംസ്ഥാനത്ത് കുളമ്പുരോഗഭീഷണി ഇപ്പോൾ പൊതുവെ കുറവാണ്. എന്നാൽ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ചില ജില്ലകളിൽ ഈയിടെ പശുക്കളിൽ കുളമ്പ് രോഗം സ്ഥിരീകരിച്ചത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ രോഗവ്യാപനം ഏറ്റവും രൂക്ഷം. കോവിഡ് പ്രതിസന്ധിക്കൊപ്പം കുളമ്പ് രോഗം കൂടി ഭീഷണിയായതോടേ ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിയായി.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുള്ള കന്നുകാലികളില്‍ നിന്നോ വാക്സിന്‍ പ്രതിരോധം നഷ്‌ടപ്പെട്ട കന്നുകാലികളില്‍ നിന്നോ ഉണ്ടായ വൈറസ് വ്യാപനമാണ് ഇപ്പോൾ രോഗം പടര്‍ന്നതിന് കാരണമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. തമിഴ് നാട്ടിലും കർണാടകയിലും ഇപ്പോൾ കുളമ്പ് രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.  ആറുമാസത്തെ ഇടവേളകളിൽ കർഷകരുടെ വീടുകളിലെത്തി കന്നുകാലികൾക്കും പന്നികൾക്കും നിർബന്ധിത കുളമ്പ് രോഗ വാക്‌സിൻ നൽകുന്നത് കോവിഡ് പ്രതിസന്ധി കാരണം മുടങ്ങിയതും രോഗവ്യാപനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ ഉൾപ്പടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

രോഗപകർച്ചയും ലക്ഷണങ്ങളും

വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. കറവക്കാർ വഴിയും ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാം. തണുത്തതും ഈർപ്പമുള്ളതുമായ മഴക്കാല അന്തരീക്ഷം കാറ്റിലൂടെയുള്ള രോഗാണു വ്യാപനം എളുപ്പമാക്കും. തണുത്ത നനവാർന്ന ചുറ്റുപാടിൽ ദീർഘനാൾ നശിക്കാതെ നിലനിൽക്കാനുള്ള ശേഷിയും കുളമ്പ് രോഗമുണ്ടാക്കുന്ന വൈറസിന് ഉണ്ട്.

വൈറസ് പശുക്കളിലെത്തി 2 മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനിയും , വിറയലും , ശരീരവേദനയുമാണ് കന്നുകാലികളിലെ കുളമ്പ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ . തീറ്റമടുപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങൽ തുടങ്ങിയവയാണ് മറ്റ് പ്രാരംഭ ലക്ഷണങ്ങൾ. കറവയുള്ളവയിൽ പാലുല്‍പ്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്‌ക്കുമ്പോൾ ഉമിനീർ പതഞ്ഞ്  “ചപ്, ചപ്”  എന്ന ശബ്ദം കേൾക്കാം.  ശ്വാസമെടുക്കാനുള്ള പ്രയാസവുമുണ്ടാവും . തുടർന്ന്  ഒന്നോ രണ്ടോ  ദിവസത്തിനകം വായയിലും നാവിലും അകിടിലും കുളമ്പുകൾക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ  തിണര്‍പ്പുകള്‍ കണ്ടുതുടങ്ങും. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. വ്രണങ്ങളിൽ പുഴുബാധക്കും സാധ്യത ഏറെ. രോഗം ബാധിച്ച പശുക്കൾ കാൽ ഇടയ്ക്കിടെ കുടയുന്നത് പുഴുബാധയേറ്റത്തിന്റെ സൂചനയാണ്. വ്രണങ്ങളിൽ മുറിവുണക്കത്തിന് മതിയായ ചികിത്സ നൽകിയില്ലങ്കിൽ കുളമ്പ് അടർന്നു പോവുന്നതടക്കമുള്ള പ്രശ്നങ്ങൾ വരാം.ഗർഭിണികളായ പശുക്കളിൽ ഗർഭം അലസാനുള്ള സാധ്യതയും കൂടുതലാണ്.

കുളമ്പ് രോഗം സ്ഥിരീകരിച്ചാൽ ചെയ്യേണ്ടത്

  • കന്നുകാലികളിൽ കുളമ്പ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയതിന് ചുറ്റും 5 മുതൽ 25 വരെ പരിധിയിൽ എല്ലാ കന്നുകാലികൾക്കും റിങ് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്ക് തുടക്കമിടാൻ വേണ്ടിയാണിത്. രോഗം സംശയിക്കുന്നവയെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വലിയ  പശുക്കളില്‍ മരണ നിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. പകർച്ചാനിരക്കും കൂടുതലാണ്. ഹോൾസ്റ്റൈൻ ഫ്രീഷ്യൻ ജേഴ്‌സി തുടങ്ങിയ സങ്കരയിനം പശുക്കളെ അപേക്ഷിച്ച് നമ്മുടെ നാടൻ പശുക്കൾ പൊതുവെ കുളമ്പ് രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി പുലർത്താറുണ്ട്. രോഗം ബാധിക്കുമെങ്കിലും ലക്ഷണങ്ങൾ തീവ്രമാവുന്നതും മരണം സംഭവിക്കുന്നതും പൊതുവെ കുറവാണ്. സങ്കരയിനം പശുക്കളിൽ ഇപ്പോൾ കുരലടപ്പൻ, തൈലേറിയ, അനാപ്ലാസ്മ, ട്രിപ്പനോസോമ, ബബീസിയ  തുടങ്ങിയ രോഗാണുക്കൾ വ്യാപകമായി കാണുന്നതിനാൽ കുളമ്പ് രോഗം ബാധിച്ച് പശുക്കളുടെ ശരീരം സമ്മർദ്ദത്തിലാവുമ്പോൾ ഇത്തരം രോഗാണുക്കൾ പെരുകാനുള്ള സാധ്യതയുമുണ്ട്. കുളമ്പ് രോഗത്തിനൊപ്പമെത്തുന്ന അകിടുവീക്കത്തെയും സൂക്ഷിക്കണം.
  • അനുബന്ധ അണുബാധകൾക്കെതിരെയും ലക്ഷങ്ങളുടെ തീവ്രത കുറയ്ക്കാനും ആന്‍റിബയോട്ടിക്, ആന്‍റി ഇന്‍ഫ്ളമേറ്ററി, കരള്‍ സംരക്ഷണ മരുന്നുകളും, പനി, വേദന സംഹാരികളും,  ജീവകധാതുമിശ്രിത കുത്തിവെപ്പുകളും രോഗാരംഭത്തില്‍ തന്നെ രോഗം ബാധിച്ച കന്നുകാലികൾക്ക്  നല്‍കണം. രോഗബാധിച്ചവയുടെ  വായ  ദിവസവും പല തവണയായി നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ്  ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശേഷം നാവിലെയും വായിലെയും വ്രണങ്ങളില്‍ ബോറിക് ആസിഡ് പൗഡര്‍ ഗ്ലിസറിനിലോ (ബൊറാക്സ് ഓയിന്‍മെന്‍റ്) തേനിലോ ചാലിച്ച് പുരട്ടണം. വിപണിയില്‍ ലഭ്യമായ വായിലെ വ്രണമുണക്കത്തിന് സഹായിക്കുന്ന പ്രത്യേക സ്പ്രേമരുന്നുകള്‍ ( ഉദാഹരണം -ടോപിക്യൂർ എസ്. ജി.)  വാങ്ങിയും പ്രയോഗിക്കാം. വായിൽ വ്രണങ്ങളും വേദനയും ഉള്ള സാഹചര്യത്തിൽ വൈക്കോൽ, പൈനാപ്പിൾ ഇല  അടക്കമുള്ള മാർദ്ദവമുള്ള തീറ്റകൾ പശുക്കൾക്ക് നൽകുന്നത് ഒഴിവാക്കണം.
  • കൈകാലുകള്‍ 5 % തുരിശ് ലായനി (കോപ്പര്‍ സള്‍ഫേറ്റ് 50 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ) ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം വ്രണങ്ങളില്‍ ആന്‍റിസെപ്റ്റിക് ലേപനങ്ങള്‍ പ്രയോഗിക്കണം. അയഡിന്‍ ലേപനം, സൾഫാനിലമൈഡ് പൗഡർ  തുടങ്ങിയവയൊക്കെ ഇതിനായി ഉപയോഗിക്കാം .കുളമ്പുകളിലെ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനായി നേര്‍പ്പിച്ചു അക്രിഫ്ലാവിന്‍ ലായനിയും ഉപയോഗപ്പെടുത്താം. കുളമ്പിലെ വ്രണങ്ങളില്‍ ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയുണ്ടാവാനുമിടയുണ്ട്. ഈച്ചകളെ അകറ്റാനും പുഴുബാധ തടയുന്നതിനുമായി ഈച്ചകളെ അകറ്റുന്ന പ്രത്യേകം ഓയിന്‍മെന്‍റുകളോ, കുത്തിവെപ്പോ ഡോക്ടറുടെ നിർദേശപ്രകാരം പ്രയോഗിക്കാം. വേപ്പണ്ണ, പൂവ്വത്തെണ്ണ തുടങ്ങിയ ജൈവക്കൂട്ടുകളും മുറിവുകളിൽ നിന്നും പരാദങ്ങളെ അകറ്റി നിർത്തും.
  • രോഗം വന്ന പശുക്കളുമായി മറ്റുള്ളവയ്ക്ക്  സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം.രോഗം ബാധിച്ച പശുക്കളുടെ പാലിൽ വൈറസ് സാന്നിധ്യം ഉണ്ടാവുമെന്നതിനാൽ  പശുക്കിടാക്കളെ കുടിപ്പിക്കരുത്.  പാൽ തിളപ്പിക്കാതെ വിൽപ്പനക്കായി പുറത്തുകൊണ്ടുപോവുന്നതും  ഒഴിവാക്കണം. തിളപ്പിക്കുമ്പോൾ വൈറസ് പൂർണ്ണമായും നശിക്കുന്നതിനാൽ പാൽ വീട്ടാവശ്യത്തിനു ഉപയോഗിക്കാവുന്നതാണ്.  വൈറസിനെ നശിപ്പിക്കാൻ ജൈവാവശിഷ്ടങ്ങള്‍ നീക്കിയ ശേഷം തൊഴുത്തും പരിസരവും ഫാമിനുള്ളിൽ ഉപയോഗിക്കുന്ന പാദരക്ഷയുൾപ്പെടെ എല്ലാ ഉപകരണങ്ങളും   4- % അലക്കുകാര ലായനി (അലക്കുകാരം 400 ഗ്രാം വീതം പത്ത് ലിറ്റർ വെള്ളത്തിൽ) , 3- % ബ്ലീച്ചിങ് പൗഡർ ലായനി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. രോഗമില്ലാത്ത പശുക്കളെ പരിപാലിച്ചതിന് ഒടുവിൽ മാത്രമേ രോഗം ബാധിച്ചവയുമായി ഇടപഴകാൻ പാടുള്ളു. വിദഗ്‌ധ ചികിത്സയും, ശാസ്ത്രീയ പരിചരണവും ഉറപ്പുവരുത്തിയാല്‍ സാധാരണനിലയിൽ രണ്ടാഴ്ചകൊണ്ട് പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കും. എങ്കിലും രോഗത്തിന് മുൻപ് ഉണ്ടായിരുന്ന ഉൽപ്പാദനശേഷി വീണ്ടെടുക്കാൻ പശുക്കൾക്ക് കഴിയാറില്ല. പ്രത്യുല്പാദന ശേഷി കുറയൽ ,വന്ധ്യത,  അമിത രോമവളർച്ച, ശരീരത്തിന്റെ താപക്രമീകരണ ശേഷി കുറയൽ , നിരന്തരമായ കിതപ്പ് തുടങ്ങിയ പ്രശ്‌നങ്ങളും കുളമ്പ് രോഗത്തിൽ നിന്ന് രക്ഷപെട്ട പശുക്കളിൽ കണ്ടുവരാറുണ്ട്.

രോഗവ്യാപനം തടയാൻ ജൈവസുരക്ഷ

  • രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫാമിൽ അനാവശ്യ സന്ദർശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ  അവരുടെ വാഹനങ്ങളും പാദരക്ഷകളും  മതിയായി അണുവിമുക്തമാക്കണം. ഇതിനായി ഫാമിന്റെ ഗേറ്റിലും തൊഴുത്തിന്റെ കവാടത്തിലും ബ്ലീച്ച് ലായനിയോ അലക്കുകാര ലായനിയോ നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്  ക്രമീകരിക്കാം. ഇതിലൂടെ പാദം നനഞ്ഞ് ആളുകളെയും ടയർ നനഞ്ഞ് വാഹനങ്ങളെയും ഫാമിൽ പ്രവേശിപ്പിക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ.കുളമ്പ് രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും പുല്ലും വൈക്കോലും ശേഖരിക്കുന്നതും താല്‍ക്കാലികമായി ഒഴിവാക്കണം.
  • രോഗം ബാധിച്ച പശുക്കളുള്ള ഫാമുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും കന്നുകാലി, പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും, പലഭാഗങ്ങളിൽ നിന്നുള്ള ക്ഷീരകർഷകർ സംഗമിക്കുന്ന പാൽസൊസൈറ്റികളിലും പാൽ വില്പന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും പാദരക്ഷയും മാറാതെ ഫാമിനുള്ളിൽ കയറി പശുക്കളുമായി ഇടപഴകരുത്.
  • ഫാമിനകത്ത്  ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് ഉചിതമാണ്.
  • പുതിയ പശുക്കളെ വാങ്ങുമ്പോൾ ആറുമാസം മുമ്പ് വരെ കുളമ്പ് രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ  പ്രതിരോധ കുത്തിവെയ്‌പ്  നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷം മാത്രമോ വാങ്ങുന്നതാണ് ഉത്തമം. പുതുതായി പശുക്കളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച മുഖ്യ ഷെഡിൽ നിന്നും  പ്രത്യേകം മാറ്റി പാര്‍പ്പിച്ച് / ക്വാറന്‍റൈന്‍  പരിചരണം നല്‍കണം.

രോഗം തടയാൻ വാക്സിനേഷൻ

എല്ലാ ആറ് മാസം ഇടവേളയിലും കന്നുകാലികൾക്കും പന്നികൾക്കും നൽകുന്ന പ്രതിരോധകുത്തിവെയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങൾക്കും എരുമക്കിടാങ്ങൾക്കും നാല് മാസം പ്രായമെത്തുമ്പോഴും പന്നികുഞ്ഞുങ്ങൾക്ക് മൂന്നു മാസം പ്രായമെത്തുമ്പോഴും ആദ്യ കുളമ്പ് രോഗപ്രതിരോധകുത്തിവെയ്പ് നൽകാം. കുത്തിവെയ്പ് നൽകി മൂന്നാഴ്ചക്കകം പ്രതിരോധശേഷി ലഭിക്കും. 4 മുതൽ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനിൽക്കും. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെയ്പ് ആവർത്തിയ്ക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറുമാസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കുന്ന പശുക്കള്‍ക്ക്  തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയിൽ തീവ്രത കുറഞ്ഞ രീതിയിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്. കിടാരികള്‍ക്കു പശുക്കളെക്കാൾ രോഗ സാധ്യതയുമുണ്ട്.

കുളമ്പ് രോഗവാക്സിൻ തങ്ങളുടെ കന്നുകാലികൾക്കും പന്നികൾക്കും ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന കുളമ്പ് രോഗ  പ്രതിരോധകുത്തിവെയ്പ് നൽകിയതായി ഉറപ്പില്ലാത്ത കന്നുകാലികൾ ആണെങ്കിൽ അവയ്ക്ക് ക്വാറന്റൈൻ കാലയളവിൽ പ്രതിരോധകുത്തിവെയ്പ് നൽകണം. രോഗഭീഷണി താരതമ്യേന കുറവായതിനാൽ ആടുകളെ നിർബന്ധിത കുളമ്പ് രോഗവാക്സിൻ നൽകുന്നതിൽ നിന്നും ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. 7 മാസത്തിന് മുകളിൽ ഗർഭിണികളായ പശുക്കളെ കുളമ്പ് രോഗ വാക്‌സിൻ നൽകുന്നതിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്സിൻ നൽകണം.

ലക്ഷ്യം കന്നുകാലികളിൽ കുളമ്പ് രോഗത്തിനെതിരെ കൂട്ടപ്രതിരോധശേഷി

കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ് നടത്തിയ കന്നുകാലികൾക്ക് മതിയായ പ്രതിരോധ ശേഷി ലഭിച്ചിട്ടുണ്ടോ എന്ന് വിലയിരുത്താനായി കുത്തിവെയ്‌പിന്‌ 3 ആഴ്ച കഴിഞ്ഞ് ഇവയുടെ രക്തം ശേഖരിച്ച് പരിശോധന നടത്താറുണ്ട്. മൃഗസംരക്ഷണ വകുപ്പിന്  കുളമ്പുരോഗനിയന്ത്രണ പദ്ധതിയുടെ കീഴിൽ ഇതിന് വിപുലമായ  സംവിധാനങ്ങൾ സംസ്ഥാനമൊട്ടാകെയുണ്ട്.  80 ശതമാനം പശുക്കളും പ്രതിരോധശേഷി കൈവരിച്ചതായി കണ്ടെത്തിയാൽ കൂട്ടപ്രതിരോധ ശേഷി കൈവരിച്ചതായി വിലയിരുത്താൻ കഴിയും. കൂട്ടപ്രതിരോധ ശേഷി ഉണ്ടായാൽ കന്നുകാലികൾക്കിടയിലെ രോഗാണുവ്യാപനവും രോഗബാധയും കുറയ്ക്കാൻ തീർച്ചയായും സാധിക്കും. ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതി വിജയകരമായി നടപ്പാക്കിയ  ചുരുക്കം ചില സംസ്ഥാനങ്ങൾ  കൂട്ടപ്രതിരോധശേഷി 80  ശതമാനത്തിന് മുകളിൽ  കൈവരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ  കന്നുകാലികളിൽ കുളമ്പ് രോഗത്തിനെതിരായ  കൂട്ടപ്രതിരോധശേഷി തൃപ്തികരമായ നിരക്കിലേക്കെത്തിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല .
വളർത്താനും കശാപ്പിനുമൊക്കെയായി  പ്രതിരോധ കുത്തിവെയ്‌പ്പോ, ചികിത്സാ രേഖകളോ, ആരോഗ്യ സാക്ഷ്യപത്രമോ ഇല്ലാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും രോഗവാഹകരും, ബാധിതരുമായ കന്നുകാലികളുടെ കടത്ത്, ചെക്ക് പോസ്റ്റുകളിൽ കന്നുകാലികളെ പരിശോധിക്കാനുള്ള സംവിധാനങ്ങളുടെയും വെറ്ററിനറി ഡോക്ടർമാരുടെയും അപര്യാപ്‌തത, തങ്ങളുടെ ഉരുക്കൾക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതില്‍ ചില കര്‍ഷകരെങ്കിലും പുലര്‍ത്തുന്ന വിമുഖത, തൈലേറിയ, അനാപ്ലാസ്മ, ട്രിപ്പനോസോമ, ബബീസിയ അടക്കമുള്ള കന്നുകാലി രോഗങ്ങളുടെ അതിപ്രസരം, ശരിയായ രീതിയിലോ, ശരിയായ അളവിലോ, ക്രമത്തിലോ  രോഗപ്രതിരോധകുത്തിവയ്പ് നടത്തുന്നതിൽ വരുന്ന വീഴ്ചയും കാലതാമസവും, കോൾഡ് ചെയിൻ കൃത്യമായി പാലിക്കാതെ സൂക്ഷിച്ചതിനാൽ ഫലപ്രാപ്തി നഷ്‌ടമായ വാക്സിനുകളുടെ ഉപയോഗം തുടങ്ങി കൂട്ടപ്രതിരോധശേഷി കൈവരിക്കാൻ കഴിയാത്തതിന്റെ പിന്നിൽ കാരണങ്ങളും വെല്ലുവിളികളും ഏറെയുണ്ട്.
ജനിതകമായി ആര്‍. എന്‍. എ. വിഭാഗത്തില്‍പെട്ട വൈറസ് ആയതിനാല്‍ നിരന്തരവും, വേഗത്തിലുമുള്ള  ജനിതക പരിവര്‍ത്തനങ്ങള്‍ നടന്ന് വൈറസിന്റെ വിവിധ സിറോടൈപ്പുകൾ നേടുന്ന പ്രതിരോധ വാക്സിനുകളെ പോലും അതിജീവിക്കാനുള്ള ശേഷിയും രോഗനിയന്ത്രണത്തിൽ വലിയ വെല്ലുവിളിയാണ്. വെല്ലുവിളികളെ ഒന്നൊന്നായി വകഞ്ഞുമാറ്റി കുളമ്പ് രോഗത്തിന്റെ സമ്പൂർണ്ണ നിർമാർജനം എന്ന വലിയ ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമം ഈ കോവിഡ് അതിജീവനകാലത്തും നമ്മുടെ കർഷകരും മൃഗസംരക്ഷണവകുപ്പും തുടരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോക സമുദ്ര ദിനം – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും
Next post ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം മങ്ങിയാൽ …?
Close