Sun. Jul 5th, 2020

LUCA

Online Science portal by KSSP

മഴക്കാലവും മൃഗസംരക്ഷണവും

മൃഗസംരക്ഷണ-ക്ഷീര വികസനമേഖലയിലെ മഴക്കാല വില്ലൻമാരായ പകർച്ചവ്യാധികളെ തുരത്തി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നമുക്കു തുടങ്ങാം. 

ഡോ: സീന.റ്റി.എക്സ്
അസി. പ്രൊഫസർ, കന്നുകാലി പ്രജനന കേന്ദ്രം, തുമ്പൂർമുഴി

മഴക്കാലം വരവായി… മുൻകരുതൽ വേണം

വേനലിന്റെ വറുതിയിൽ നിന്ന് വർഷ കാലത്തിന്റെ ജലസമൃദ്ധിയിലേക്ക് നാം പ്രവേശിക്കുകയാണ്.  കഴിഞ്ഞ രണ്ടു വർഷവും  അഭിമുഖീകരിച്ച പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളുമെല്ലാം ആഗതമാകുന്ന മഴക്കാലത്തെക്കുറിച്ച് നമ്മിൽ ആശങ്കകൾ വിതയ്ക്കുന്നുണ്ട്. ഈ കോവിഡ് കാലത്ത് വരാൻ പോകുന്ന പെരുമഴയെ നേരിടുവാൻ ക്ഷീരകർഷകരും പ്രത്യേകം  തയ്യാറെടുപ്പുകൾ നടത്തുകയും ജാഗ്രത പാലിക്കുകയും വേണം.
മൃഗസംരക്ഷണ-ക്ഷീര വികസനമേഖലയിലെ മഴക്കാല വില്ലൻമാരായ പകർച്ചവ്യാധികളെ തുരത്തി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നമുക്കു തുടങ്ങാം. 

തൊഴുത്ത് ശുചീകരണം ആദ്യപടി

 • വർഷ കാലത്ത് തൊഴുത്തിൽ വെള്ളം കയറുന്ന പ്രദേശങ്ങളിൽ വെള്ളത്തിന്റെ നിരപ്പ് ഉയരുന്നതിനു മുമ്പു തന്നെ സാധിക്കുമെങ്കിൽ പശുക്കളെ ഉയർന്ന പ്രദേശങ്ങളിൽ കെട്ടുകയോ, അവിടെ താൽക്കാലിക തൊഴുത്ത് നിർമ്മിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.
 • മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ താഴുകയും ഈർപ്പം വർദ്ധിക്കുകയും ചെയ്യുന്നതിനാൽ കന്നുകാലി തൊഴുത്തുകളിൽ രോഗകാരികളായ സൂക്ഷ്മജീവികൾ പെരുകുകയും പലതരം രോഗങ്ങൾ പകരുവാനുമുള്ള സാദ്ധ്യതയേറെയാണ്.
 • തൊഴുത്തിൽ വെള്ളവും മാലിന്യങ്ങളും കെട്ടികിടന്ന്‌  കൊതുകുകളും ഈച്ചകളും മുട്ടയിട്ട് പെരുകുന്നതിനുള്ള സാഹചര്യം  ഒഴിവാക്കുന്നതിനായി തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക.  തൊഴുത്തിന്റെ തറയിൽ കാണപ്പെടുന്ന കുഴികളും ദ്വാരങ്ങളും അടച്ച്  ചാണകവും മൂത്രവും കെട്ടിക്കിടക്കുവാനുള്ള സാദ്ധ്യത ഒഴിവാക്കണം.
 • മിനുസമേറിയ തറകളിൽ പശുക്കൾ തെന്നി വീഴാനുള്ള സാദ്ധ്യത മഴക്കാലത്ത് കൂടുതലായതിനാൽ തറ പരുക്കനാക്കുകയും തുടരെത്തുടരെ വൃത്തിയാക്കുകയും വേണം. തൊഴുത്തിനുള്ളിൽ മഴവെള്ളം വീഴാതിരിക്കാൻ മേൽക്കൂരയിലും വശങ്ങളിലും  ആവശ്യമായ അറ്റകുറ്റപണികൾ നടത്തുക.
 • തൊഴുത്തിലേക്കുള്ള വൈദ്യുതബന്ധം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക.
 • സൂര്യപ്രകാശം പ്രകൃതിദത്തമായുള്ളതും ഏറ്റവും ഫലപ്രദവുമായ അണുനാശിനിയാണ് എങ്കിലും മഴക്കാലത്ത് അതിന്റെ  ലഭ്യത കുറവായതിനാൽ, തൊഴുത്ത് ശുചീകരണത്തിന്  രാസ വസ്തുക്കളായ കുമ്മായം, സോഡിയം കാർബണേറ്റ് (അലക്കുകാരം), ബ്ലീച്ചിംഗ് പൗഡർ, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവ ഉപയോഗിക്കാം. തൊഴുത്തിന്റെ തറയും ഭിത്തികളും പുൽത്തൊട്ടിയുമെല്ലാം  ഇപ്രകാരം ശുചീകരിക്കണം.

തൊഴുത്തിന്റെ  തറ വൃത്തിയാക്കാൻ

 •   അലക്കുകാരം/സോഡിയം കാർബണേറ്റ്:-  തിളച്ച വെള്ളത്തിൽ 3%   വീര്യമുള്ള ലായനി തറയിൽ തളിക്കാം.
 • കുമ്മായം:-  500 g കുമ്മായം 4 ലിറ്റർ വെള്ളത്തിൽ കലക്കി തൊഴുത്ത് കഴുകാം.
 • ബ്ലീച്ചിംഗ് പൗഡർ :- 150 g  പൗഡർ 10 ലിറ്റർ വെള്ളത്തിൽ കലക്കി തറ കഴുകി വൃത്തിയാക്കാം.
 • പൊട്ടാസ്യം പെർമാംഗനേറ്റ് 1: 10000 വീര്യത്തിൽ  ഉപയോഗിക്കാം.

പശുക്കളുടെ ആരോഗ്യ പരിരക്ഷ

 • മഴ തുടങ്ങുന്നതിനു മുമ്പ് തന്നെ കന്നുകാലികൾക്ക് വിരമരുന്നുകൾ നൽകുകയും കുരലടപ്പൻ രോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കുകയും വേണം.
 • പശുക്കളുടെ ശരീരഭാഗങ്ങളിലോ അകിടിലോ കാണപ്പെടുന്ന മുറിവുകൾ  നിസ്സാരമായി കാണാതെ പ്രഥമ ശുശ്രൂഷ നൽകുക. കാരണം, അകിടിലെ ചെറിയ മുറിവുകൾ പോലും മഴക്കാലത്ത് ഗുരുതരമാകുകയും അകിടു വീക്കം വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
 • പശുക്കൾ ഏതെങ്കിലും ലഘുവായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിൽ പോലും  ഉടനടി വിദഗ്ദ ചികിൽസ തേടണം.
 • രോഗാണുക്കൾ ഭക്ഷണ പദാർത്ഥങ്ങളിലോ കുടിവെള്ളത്തിലോ കലരുകയോ മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന പോറലുകൾ ,മുറിവുകൾ, മൃദു ചർമ്മം,ശ്ലേഷ്മ സ്തരം,നേത്ര ചർമ്മ പാളികൾ എന്നിവിടങ്ങളിൽ പതിക്കുകയോ ചെയ്താൽ രോഗബാധയുണ്ടാകും.
 • വറ്റുകാലത്തുള്ളവയ്ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം.
 • മുടന്തൻ പനി പ്രധാനമായും കാലാവസ്ഥ വ്യതിയാനമനുസരിച്ച് പകരുന്നതിനാൽ മഴക്കാലത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക.
 • അമിത വളർച്ചയുള്ള കുളമ്പുകൾ മുറിച്ചു മാറ്റി, പശുക്കളുടെ പാദസംരക്ഷണം ഉറപ്പാക്കണം.
 • കാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും, കാലാവധി കഴിഞ്ഞവ പുതുക്കാനുള്ള നടപടിയെടുക്കുകയും ചെയ്യണം.

ബാഹ്യ പരാദ നിയന്ത്രണം

 • മഴക്കാലത്ത് കൃത്യമായ ഇടവേളകളിൽ ബാഹ്യ പരാദങ്ങളെ തുരത്തുന്നതിനുള്ള മരുന്ന് തൊഴുത്തിലും പരിസരങ്ങളിലും തളിക്കേണ്ടതാണ്.
 • ട്രിപ്പനോസോമിയാസിസ്, ബബീസിയോസിസ് , മാഗട്ട് വൂണ്ട് (മിയാസിസ് ) തുടങ്ങിയ പ്രാധാന്യമുള്ള കാലി രോഗങ്ങൾ ബാഹ്യ പരാദങ്ങളാണ് പരത്തുന്നത്.
 • ബാഹ്യ പരാദങ്ങൾക്കെതിരായ മരുന്ന് ചേർത്ത് തൊഴുത്തിന്റെ ഭിത്തികൾ വെള്ളപൂശാം.
 • ബാഹ്യപരാദങ്ങൾ ഉണ്ടെങ്കിൽ  ആഴ്ചയിൽ രണ്ടുതവണയെങ്കിലും പശുക്കളുടെ ശരീരത്തിൽ പരാദ നിയന്ത്രണ ലേപനങ്ങൾ പുരട്ടാൻ ശ്രദ്ധിക്കണം. കീടങ്ങളെ അകറ്റുന്നതിനുള്ള മറ്റു പരമ്പരാഗത മാർഗങ്ങളും പ്രയോഗിക്കാം. വെള്ളത്തിൽ കലക്കി പശുക്കളെ കുളിപ്പിക്കാവുന്നതും മുതുകിൽ ചോക്ക് പോലെ വരക്കാവുന്നതുമായ കീടനിയന്ത്രണ ലേപനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കർപ്പൂരം വേപ്പെണ്ണയിൽ ചൂടാക്കി, പശുവിന്റെ ശരീരത്തിൽ പുരട്ടുന്നത് ഗുണകരമാണ്. കൂടാതെ കർപ്പൂരം, വേപ്പെണ്ണ, യൂക്കാലിയെണ്ണ എന്നിവ 4:4: 1 എന്ന അനുപാതത്തിൽ തൊഴുത്തിൽ തളിക്കുന്നത് പ്രാണികളെ അകറ്റാൻ ഫലപ്രദമാണ്.
 • കുന്തിരിക്കം, ശീമക്കൊന്ന, തുമ്പ തുടങ്ങിയവ ഉപയോഗിച്ച് തൊഴുത്തിൽ പുകയ്ക്കുന്നത് കൊതുകുകളെയും പ്രാണികളെയും തുരത്താൻ സഹായിക്കും.

പരിസര ശുചീകരണം

 • തൊഴുത്തിന് ചുറ്റുമുള്ള വെള്ളക്കെട്ട് ഒഴിവാക്കുകയും, കന്നുകാലികൾ മലിനജലം കുടിക്കുന്ന സാഹചര്യം തടയുകയും വേണം.
 • തൊഴുത്തിലും പരിസരങ്ങളിലും എലി, പെരുച്ചാഴി തുടങ്ങിയവയുടെ ശല്യം ഇല്ലാതാക്കണം.
 • ചെളി നിറഞ്ഞ വെള്ളത്തിലും ചേറിലുമൊക്കെ പശുക്കളെ കെട്ടുന്നത്, പലതരം അസുഖങ്ങൾ കുളമ്പിനെ ബാധിക്കുന്നതിനും എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം.

തീറ്റയിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

 • ഈർപ്പമേറെയുള്ള ഇളം പുല്ല് അധികമായി തിന്നുന്നത് ബ്ലോട്ട് അഥവാ വയർ സ്തംഭനത്തിന് കാരണമാകുമെന്നതിനാൽ അമിതമായ ഇളം പുല്ല് മഴക്കാലത്ത് ഒഴിവാക്കണം.‌
 • മഴക്കാലത്ത് പൂപ്പൽ ബാധയ്ക്ക് സാദ്ധ്യതയേറിയതിനാൽ തീറ്റ ചാക്കും ധാതുലവണ മിശ്രിത പൊടിയും ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കണം. കഴിവതും പൊടിത്തീറ്റ ഒഴിവാക്കുന്നതാണ് നന്ന്.
 • വെള്ള സംഭരണികളിലെ പായലും മറ്റു മാലിന്യങ്ങളും കളഞ്ഞ് കഴുകി വൃത്തിയാക്കണം. കൂടാതെ, അതിലെ വെള്ളത്തിൽ മരുന്ന് തളിച്ച് കൂത്താടിയെ നശിപ്പിക്കാം. ഇതിനായി ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കുന്നുന്നതാണ്. 250 ഗ്രാം ബ്ലീച്ചിംഗ് പൗഡർ അര ബക്കറ്റ് വെള്ളത്തിൽ കലക്കി അര മണിക്കൂറിനു വച്ചതിനു ശേഷം തെളിവെള്ളം ഊറ്റിയെടുത്ത് വെള്ള ടാങ്കിൽ ഒഴിക്കുക. 12 മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം.
 • ചാണക തൊട്ടിയും മൂത്ര ടാങ്കും മേൽക്കൂര സ്ഥാപിച്ച് നനയാതെ ശ്രദ്ധിക്കുക.
അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടും, കൃത്യതയോടെയുള്ള മഴക്കാലപൂർവ്വ ഒരുക്കങ്ങൾ നടപ്പിലാക്കിയും മഴക്കാലത്തെ വില്ലൻമാരായ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ നമുക്കു സാധിക്കും.

വെറ്ററിനറി സർവകലാശാലയുടെ ഓൺലൈൻ കർഷക സൗഹൃദ സംവാദ പരമ്പര – കർഷകർക്ക് ഓൺലൈനായി ക്ലാസ്സിൽ എങ്ങനെ പങ്കെടുക്കാം ?
%d bloggers like this: