Read Time:56 Minute


സുരേഷ് കോടൂര്‍

കര്‍ഷകരുടെ അതിജീവനത്തിനായുള്ള ഐതിഹാസികമായ പോരാട്ടം ഡല്‍ഹിയിൽ ആഴ്ചകൾ പിന്നിടുന്നു. ഡല്‍ഹിയിലെ കൊടുംതണുപ്പിലും തീഷ്ണമായ കര്‍ഷക സമരത്തിന്റെ തീജ്വാലകൾ അധികാര കേന്ദ്രങ്ങളെ അത്യന്തം ഭയപ്പെടുത്തുന്നു. കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്ത് പലയിടങ്ങളിലായി ഉയര്‍ന്നു വന്ന കര്‍ഷക തൊഴിലാളി പ്രക്ഷോഭങ്ങൾ അധികാരങ്ങളുടെ അടുത്തേക്ക് വളർന്നെത്തിയിരിക്കുന്നു. കർഷകരുടെ ആളിക്കത്തുന്ന ഈ പ്രതിരോധ സമരം പക്ഷെ കര്‍ഷകര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. കര്‍ഷകരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഈ സമരങ്ങൾ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്. സര്‍ക്കാർ പുതിയതായി പാസാക്കിയ കര്‍ഷക ബില്ലുകൾ കര്‍ഷകരെ മാത്രമല്ല ഈ രാജ്യത്തെ സാമാന്യ ജനങ്ങളുടെ ജീവിതത്തെയും, നമ്മുടെ ഭക്ഷ്യ സുരക്ഷയെയും, ജനാധിപത്യ അവകാശങ്ങളേയും, രാജ്യത്തിന്‍റെ ഭാവിയെത്തന്നെയും ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് എല്ലാ വിഭാഗം ജനങ്ങളും ഈ സമരത്തിന് പിന്തുണ നല്‍കുന്നതും, വിവിധ രീതികളില്‍ അതിന്‍റെ ഭാഗമാവുന്നതും. ഈ പുത്തൻ കാര്‍ഷിക നിയമങ്ങളുടെ ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ ഈ കര്‍ഷക സമരം ആവശ്യപ്പെടുന്നു, അര്‍ഹിക്കുന്നു.

ഇന്ത്യയിലെ കാര്‍ഷിക മേഖലയെ, വലിയൊരു വിഭാഗം ചെറുകിട ഇടത്തരം കര്‍ഷകരെ മുഴുവൻ ദുരിതത്തിലാക്കി, ഏതാനും ചില കുത്തക കമ്പനികള്‍ക്ക് താലത്തിൽ വെച്ച് ദാനം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും പുതിയ ശ്രമങ്ങൾ ആണ് 3 കാര്‍ഷിക ബില്ലുകളുടെ രൂപത്തിൽ ജനങ്ങള്‍ക്ക് മുന്നിൽ ഭീഷണിയായി ഇപ്പോൾ വന്നിട്ടുള്ളത്. ആ ബില്ലുകൾ തങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തും എന്ന തിരിച്ചറിവിൽ നിന്നാണ് കര്‍ഷകർ അതിശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാർ ഈ നിയമങ്ങളുമായി ഇത്ര ധൃതിയിൽ, അതും രാജ്യം കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിലും ജാഗ്രതയിലുമായിരിക്കുന്ന ഈ അവസരത്തിൽ, എല്ലാ ജനാധിപത്യ രീതികളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് നടപ്പിൽ വരുത്താ൯ ഇറങ്ങിപ്പുറപ്പെട്ടത് എന്നത് ഒരു പ്രധാന ചോദ്യമാണ്. എന്തായിരുന്നു ഇതിന് പിന്നിലെ ചേതോവികാരം? കാത്തുനില്‍ക്കാൻ കഴിയാത്ത എന്ത് അടിയന്തിര പ്രാധാന്യമുള്ള പ്രശ്നമാണ് ഈ ബില്ലുകളെ ഇപ്പോൾതന്നെ അവതരിപ്പിക്കാൻ കാരണമാക്കിയത്? ഇതിനുള്ള ഉത്തരം ഈ ബില്ലുകളെക്കുറിച്ച് നീതി ആയോഗ് നല്‍കിയ വിശദീകരണത്തിലുണ്ട്. പുതിയ കാര്‍ഷിക നിയമങ്ങളുടെ പിന്നിലുള്ള സര്‍ക്കാരിന്റെ യഥാർത്ഥ താൽപ്പര്യത്തെ അത് വെളിവാക്കുന്നുണ്ട്. അവര്‍ പറയുന്നു രാജ്യത്ത് ഇപ്പോള്‍ ധാന്യങ്ങളുടെ വര്‍ദ്ധിച്ച മിച്ച ഉത്പാദനമാണ് (large surplus of grains). അവ കുമിഞ്ഞു കൂടിയിരിക്കുന്നു. എന്നാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുതൽ ആണ് എന്നതുകൊണ്ട്‌ അവ അന്താരാഷ്‌ട്ര വിപണിയിൽ (overseas markets) വില്‍ക്കുന്നതിന് പ്രയാസം നേരിടുന്നു. ഇപ്പോഴത്തെ ഉത്പാദനവും ആഭ്യന്തര ആവശ്യവും താരതമ്യം ചെയ്‌താൽ രാജ്യത്തുണ്ടാക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ 20-25% എങ്കിലും വരും വര്‍ഷങ്ങളിൽ അന്താരാഷ്‌ട്ര വിപണിയിൽ വില്‍ക്കണം”. അതായത് മിച്ചമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങൾ വിദേശ വിപണികളിൽ വിറ്റ് ലാഭം കൊയ്യാനുള്ള അവസരത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്. ആ അവസരം വേണ്ടുവോളം ഉപയോഗിച്ച് പരമാവധി ലാഭം കൊയ്യാനുള്ള അവസരം കോർപറേറ്റ് കുത്തക കമ്പനികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. കോര്‍പ്പറേറ്റുകളാൽ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുന്ന ഭരണകൂടം സ്വാഭാവികമായും ചെയ്യുന്നത് തന്നെ. അതിനുള്ള എല്ലാ തടസ്സങ്ങളെയും എത്രയും വേഗം നീക്കം ചെയ്യാനായി കോർപറേറ്റുകളുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദമാണ് സര്‍ക്കാരിന്റെ ഈ ബില്ലുകളുടെ പിന്നിലെ ചാലക ശക്തി. ഇതിനുള്ള ഒരു പ്രധാന തടസ്സം ഇന്ത്യയിലെ ‘കൂടിയ ജനാധിപത്യമാണ്’ എന്ന് വേറുതെയല്ല നീതി ആയോഗിന്റെ തന്നെ തലവ൯ പച്ചക്ക് പറഞ്ഞുവെച്ചത്. ആ ‘ജനാധിപത്യമെന്ന തടസ്സം നീക്കുക എന്നത് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന അജണ്ട ആണ്. സര്‍ക്കാർ അതിന് പരമാവധി പലവഴികളിലും ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഈ ബില്ലുകളിലെ ജനാധിപത്യവിരുദ്ധത ഒട്ടും യാദൃശ്ചികമല്ല.

“ഭക്ഷ്യ ഉല്‍പ്പാദനത്തിൽ നമ്മൾ കമ്മിരാജ്യം എന്ന നിലയിൽ നിന്ന് മിച്ചരാജ്യമായി മാറിയിട്ടുള്ളതുകൊണ്ട് നമ്മുടെ നയങ്ങൾ മിച്ച ഉല്പാദനങ്ങൾ എങ്ങിനെ മാനേജ് ചെയ്യാം എന്നതിൽ ഊന്നുന്നതായി മാറിയിട്ടുണ്ട്” എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന നയരൂപീകരണ സമിതിയായ നീതി ആയോഗിന്റെ തലവൻ പ്രസ്താവിച്ചത്. അതായത് നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിലധികം ഭക്ഷ്യ ഉല്‍പ്പന്നങ്ങൾ നാം ഉത്പാദിപ്പിക്കുന്നു എന്നും അതുകൊണ്ട് ബാക്കിയാവുന്നത് കയറ്റുമതി ചെയ്തു വിദേശ വിപണിയിൽ വില്‍ക്കേണ്ടതുണ്ടെന്നും, അങ്ങനെ വില്‍ക്കുന്നതിനു തടസ്സമാകുന്നത് നമ്മുടെ കാര്‍ഷികമേഖലയിലെ വര്‍ദ്ധിച്ച ചിലവായതുകൊണ്ട് അത് കുറയ്ക്കണമെന്നും, ആ ചെലവ് കുറക്കേണ്ടത് കാര്‍ഷികവൃത്തിയിൽ ഏര്‍പ്പെട്ടിട്ടുള്ള ആളുകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടാണ്ണെന്നും, ആ എണ്ണം കുറക്കൽ സാധിക്കേണ്ടത് വന്‍കിട കര്‍ഷകരെയും കോർപറേറ്റ് കുത്തകകളെയും മാത്രം ഈ രംഗത്ത് നിലനിര്‍ത്തി എല്ലാ ചെറുകിട കര്‍ഷകരെയും ഈ രംഗത്ത് നിന്ന് ഒഴിപ്പിച്ചു കൊണ്ടാണെന്നുമാണ് സര്‍ക്കാരിന്‍റെ സമീപനം, അഥവാ നയങ്ങളുടെ കാതല്‍. ഈ നയങ്ങളുടെ സമഗ്രമായ പ്രയോഗവല്‍ക്കരണം ആണ് ഈ കാർഷികബില്ലുകൾ. ഇതാണ് പുതിയ ബില്ലുകളുടെ യഥാര്‍ത്ഥ സത്ത (crux) അഥവാ ആത്യന്തികമായ ലക്ഷ്യം. ഈ ബില്ലുകളിലെ വ്യവസ്ഥകളൊക്കെ ഈ നയസമീപനത്തിന്റെ പ്രതിഫലനമാണ്, അത് നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങളാണ്.

സര്‍ക്കാരിന്റെ ഈ നയസമീപനത്തെ കൃത്യമായും മനസ്സിലാക്കി പുതിയ കാര്‍ഷിക ബില്ലുകളെ സൂക്ഷ്മമായി വായിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ ബില്ലുകള്‍ ഇത്രയും കര്‍ഷകവിരുദ്ധവും, ജനവിരുദ്ധവും, അതേസമയം കോർപറേറ്റ് സൌഹൃദവുമാവുന്നത് എന്ന് നമുക്ക് തെളിഞ്ഞുകിട്ടും.

സര്‍ക്കാറും ഉദ്യോഗസ്ഥ സ്തുതിപാഠകരും മിച്ച ഉത്പാദനം എന്ന് ആവര്‍ത്തിച്ചു പറയുന്ന അതേ അവസരത്തിലാണ് ആഗോള വിശപ്പ്‌ സൂചിക (Global Hunger Index) നമ്മളെ നോക്കി പരിഹസിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മെ തുറിച്ചു നോക്കുന്നത്. സര്‍ക്കാരും ഉദ്യോഗസ്ഥരും നയവിദഗ്ദരും കാണാ൯ കൂട്ടാക്കാത്ത തികച്ചും വ്യത്യസ്തമായ പച്ചയായ യാഥാര്‍ഥ്യമാണ് വിശപ്പ്‌ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം വിളിച്ചു പറയുന്നത്. ആഗോള സൂചികയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങൾ വിശന്നിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 107ല്‍ 94മത് സ്ഥാനവുമായി ലോകത്തിനുമുന്നിൽ നില്‍ക്കുന്ന ദയനീയതയാണ് ഇന്ത്യ. പാകിസ്ഥാനും, ബംഗ്ലാദേശിനും, നേപ്പാളിനുമൊക്കെ താഴെ ഏറ്റവും പിന്നിലായ ഒരു രാജ്യത്തെ ഒട്ടിയ വയറുമായി ദിവസവും ഉറങ്ങാന്‍ കിടക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി മിച്ച ഭക്ഷ്യ ഉത്പാദനത്തെ കുറിച്ച് പറയുന്നത് അശ്ലീലമാണ്. മനുഷ്യത്വത്തിനെതിരെയുള്ള ക്രിമിനൽ കുറ്റമാണ്. ഈ പറയുന്ന മിച്ചമുണ്ടാക്കി തരുന്ന കര്‍ഷകരിൽ ബഹുഭൂരിപക്ഷവും പട്ടിണിയിലാണ് എന്നാണ് 94 എന്ന സംഖ്യ ഉച്ചത്തിൽ വിളിച്ചു പറയുന്നത്. ജോലിയില്ലാതെ, ഭക്ഷണത്തിനു വഴിയില്ലാതെ, വിശന്നിരിക്കുന്ന ജനതയോട് വെറും നാല് മാസത്തെ കാലയളവില്‍ 65ലക്ഷം ടൺ ധാന്യങ്ങള്‍ ഗോഡൌണുകളിൽ നശിച്ചുപോയി എന്ന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറയാ൯ ജനങ്ങളോട് തരിമ്പും ഉത്തരവാദിത്തമില്ലാത്ത ഒരു ഭരണകൂടത്തിന് മാത്രമേ കഴിയൂ.

മിച്ചമുള്ളതിനെ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് വലതുപക്ഷ ഉദാരവല്‍ക്കരണക്കാര്‍ക്കുള്ള മറുപടി പരമാവധി ലാഭം കിട്ടുന്ന വിപണിയിൽ വില്‍ക്കുക എന്നതാണ്. ഇതിനെയാണ് വളരെ കൃത്യമായും നവ-ഉദാരവല്‍ക്കരണ രാഷ്ട്രീയം (neo-liberal politics) എന്ന് വിളിക്കുന്നത്‌. അത്തരമൊരു വലത് പ്രത്യയശാസ്ത്ര ലോകവീക്ഷണം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ മിച്ചമുള്ളത് വിപണിയിൽ വിറ്റ് ലാഭമുണ്ടാക്കാനുള്ളതാണ് എന്ന്‍ ആലോചിക്കാ൯ കഴിയൂ. ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകന്റെ വിയര്‍പ്പാണ് ആ മിച്ചമെന്നും, അവന്റെ വിശന്ന വയറിലേക്കാണ് ആ മിച്ചം പോകേണ്ടതെന്നുമുള്ള ബദൽ ജനപക്ഷ വീക്ഷണത്തെയാണ് നാം ഇടത് പ്രത്യയശാസ്ത്രം അഥവാ ഇടതുപക്ഷം എന്ന് വിളിക്കുന്നത്‌. ഈ ബില്ലുകളിലൂടെ സ്വന്തം കൃഷിയിടങ്ങളില്‍ നിന്ന് നിഷ്കാസിതരാവുന്ന പാവപ്പെട്ട കര്‍ഷകർ പിന്നെ എവിടേക്കാണ്‌ പോകേണ്ടത് എന്നതിന് സര്‍ക്കാരോ അവരുടെ ഉദ്യോഗസ്ഥ നയരൂപീകരണ കേന്ദ്രങ്ങൾക്കോ ഒരു ഉത്തരവുമില്ല. കാരണം അത് അവരെ സംബന്ധിച്ചിടത്തോളം ഒരു പരിഗണനാ വിഷയം പോലുമല്ല. കോര്‍പറേറ്റുകളുടെ പുതിയ ‘ഹരിതമേധ’ത്തിനുള്ള രാജ്യവീഥി ഒരുക്കുക എന്നതാണ് ഈ ബില്ലുകളുടെ ധര്‍മം. ആ പുതിയ അശ്വമേധത്തില്‍ ഇന്ത്യയിലെ കൃഷിയിടങ്ങൾ കോര്‍പറേറ്റുകള്‍ക്ക് പുത്ത൯ അസംബ്ലി ലൈനുകളും കര്‍ഷകര്‍ക്ക് മരണപ്പാടങ്ങളും ആയി പരിണമിക്കുന്നു. നീതി ആയോഗ് തന്നെ പറയുന്നത് പുതിയ കാര്‍ഷിക ബില്ലുകൾ കാര്‍ഷിക മേഖലയിൽ നടപ്പാക്കാതിരുന്ന 1991ലെ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ളതാണ് എന്നാണ്. രാജ്യത്തിന്റെ മറ്റ് മേഖലകളെ മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്ത ‘പരിഷ്കാരങ്ങളുടെ’ അടുത്ത പടിയാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ എന്ന് സാരം.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ സംബന്ധിച്ചും, കരാര്‍ കൃഷി നടത്തുന്നതിനെ സംബന്ധിച്ചും ഉള്ള രണ്ട് പുതിയ ബില്ലുകളും നിലവിലുള്ള അവശ്യ സാധന സംരക്ഷണ നിയമത്തില്‍ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള ഒരു ഭേദഗതി ബില്ലുമാണ് കേന്ദ്ര സര്‍ക്കാർ ഈ കഴിഞ്ഞ സെപ്തംബർ മാസത്തിൽ നിയമമാക്കിയത്. കഴിഞ്ഞ ജൂണ്‍ മാസത്തിൽ തന്നെ ഓര്‍ഡിനന്‍സ് ആയി പുറത്തിറക്കിയ നിയമങ്ങളാണ് ഇവ. അന്ന് മുതല്‍ ഈ നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് നാം കാണുന്ന ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിന്റെ രൂപത്തിലെത്തിയിട്ടുള്ള വ൯ പ്രക്ഷോഭം.

ഈ ബില്ലുകളുടെ ജനാധിപത്യ വിരുദ്ധത ഒരു രീതിയിലും അനുവദിക്കാനാവാത്തതാണ്. രണ്ടു രീതിയിൽ ഈ നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ് എന്ന് പറയാം. ഒന്ന്, ബില്ലുകള്‍ നിയമമാക്കിയ രീതിയിൽ. രണ്ട്, നിയമത്തിന്റെ ഉള്ളടക്കത്തിൽ.

രാജ്യത്തെ കാര്‍ഷിക മേഖലയേയും കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന ജനസംഖ്യയില്‍ ഏതാണ്ട് പകുതിയോളം വരുന്ന കര്‍ഷകരെയും, കര്‍ഷക തൊഴിലാളികളെയും ബാധിക്കുന്ന ഈ നിയമങ്ങൾ അവരുടെ പ്രതിനിധികളുമായോ, രാജ്യത്തെ രാഷ്ട്രീയ കക്ഷികളുമായോ കര്‍ഷക സംഘടനകളുമായോ ഒന്നും ചര്‍ച്ച ചെയ്യാതെയാണ് അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് ഈ നിയമങ്ങളില്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങളും യാഥാര്‍ഥ്യവും ഒട്ടും പ്രതിഫലിക്കാത്ത, യാതൊരു യാഥാര്‍ഥ്യ ബോധവും ഇല്ലാത്ത നിര്‍ദേശങ്ങൾ അടങ്ങുന്ന, ബില്ലായിരിക്കുന്നത്. നമുക്കറിയാം ഈ ബില്ലുകൾ രാജ്യസഭയില്‍ പാസ്സാക്കിയെടുത്തത് പ്രതിഷേധിച്ച പ്രതിപക്ഷ മെമ്പര്‍മാരെ സഭയില്‍ നിന്നും പുറത്താക്കിക്കൊണ്ട് ശബ്ദ വോട്ടോടെ എല്ലാ ജനാധിപത്യ മര്യാദകളേയും, രീതികളെയും ചവിട്ടിമെതിച്ചു കൊണ്ടാണ് എന്ന്. മറ്റൊന്ന്, കൃഷി എന്നത് നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന വിഷയമാണ്. എന്നാല്‍ ഈ സുപ്രധാന സംസ്ഥാനവിഷയത്തിലുള്ള നിയമനിർമാണത്തിൽ സംസ്ഥാനങ്ങളോട് ആലോചിച്ചില്ല എന്ന് മാത്രമല്ല, പുതിയ ഈ നിയമങ്ങൾ കാര്‍ഷിക വിഷയത്തിലുള്ള എല്ലാ സംസ്ഥാന നിയമങ്ങളേയും മറികടക്കുന്നതാണ് എന്ന്‍ യാതൊരു മടിയും കൂടാതെ എഴുതിവെക്കാനുള്ള അധികാരത്തിന്റെ അഹങ്കാരം കൂടിയാണ് കേന്ദ്ര സര്‍ക്കാർ കാണിച്ചത്. ഇത് ഫെഡറലിസത്തെ (cooperative federalism) തകര്‍ക്കുന്നതിനുള്ള നടപടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് നേരേയുള്ള കൊഞ്ഞനം കുത്തലാണ്. അതുപോലെ തന്നെ പ്രധാനമുള്ള മറ്റൊരു നീക്കമാണ് ഒരു പൌരന്റെ നീതി കിട്ടുന്നതിനായി കോടതിയെ സമീപിക്കാനുള്ള അടിസ്ഥാന ജനാധിപത്യ അവകാശത്തെ ഇത് കവർന്നെടുത്തിരിക്കുന്നു എന്നത്. ഇത് പൌരന്റെ അടിസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് (denial of fundamental rights). അതായത് ഭരണകൂടം തന്നെ പരാതിക്കാരനും, പ്രോസിക്യൂട്ടറും, ന്യായാധിപനും ആവുന്ന രീതിയുടെ അരങ്ങേറ്റമാണ് ഈ ബില്ലുകളിൽ തെളിയുന്നത്. ഇത് ചോദ്യം ചെയ്യപ്പെടാതെ പോകുന്ന പക്ഷം ഈ ടെമ്പ്ലേറ്റ് അഥവാ മാതൃക കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെടും. അതുകൊണ്ട് തന്നെ ഈ നിയമങ്ങളിലെ ജനാധിപത്യ വിരുദ്ധത തുറന്നു കാട്ടപ്പെടുകയും എതിര്‍ക്കപ്പെടുകയും വേണ്ടതുണ്ട്.

ഇന്ത്യയിലെ കൃഷിയെയും ഭക്ഷ്യ സുരക്ഷയെയും നിര്‍ണായകമായി ബാധിക്കുന്ന ദൂരവ്യാപകമായ ഫലങ്ങള്‍ ആണ് ഈ നിയമങ്ങൾ ഉണ്ടാക്കുക. ഇന്ത്യയെ വീണ്ടും ഭക്ഷ്യക്ഷാമത്തിന്റെ കെടുതികളിലേക്ക് വലിച്ചെറിയുന്നതിന് ഇടവെയ്ക്കുന്നതാവും ഈ പരിഷ്കാരങ്ങൾ. അതുകൊണ്ട് ഈ ബില്ലുകൾ കൃഷിക്കാരുടെ മാത്രം പ്രശ്നമേയല്ല. മറിച്ച് ഓരോ സാധാരണ ഇന്ത്യക്കാരന്റെയും പ്രശ്നമാണ്.

പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ് പുതിയ കാര്‍ഷിക നിയമങ്ങൾ ശക്തമായി എതിര്‍ക്കപ്പെടേണ്ടത്

  1. പുതിയ നിയമങ്ങള്‍ അവയുടെ അവതരണത്തിലും, ഉള്ളടക്കത്തിലും തീര്‍ത്തും ജനാധിപത്യ വിരുദ്ധവും, ഫെഡറലൽ തത്വങ്ങളുടെ ലംഘനവുമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കലാണ്. ഈ നിയമങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിലവിലുള്ള എല്ലാ നിയമങ്ങളേയും അസാധുവാക്കുന്നു.
  2. ഈ നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് തികച്ചും എതിരാണ്. രാജ്യത്തെ കാര്‍ഷിക മേഖലയെ കുത്തക കോര്‍പറേറ്റ് കമ്പനികൾക്ക് തീറെഴുതി ബഹുഭൂരിപക്ഷം ചെറുകിട ഇടത്തരം കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും കാര്‍ഷിക വൃത്തിയിൽ നിന്നും നിശ്ശേഷം നിഷ്കാസിതരാക്കി ദാരിദ്രത്തിന്റെ ദുരിതത്തിലേക്ക് വലിച്ചെറിയുന്നതാണ്.
  3. കാര്‍ഷിക സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും അപകടത്തിൽ ആക്കുന്നതാണ് പുതിയ നിയമങ്ങൾ. കാര്‍ഷിക വൈവിധ്യത്തേയും ഇത് പ്രതികൂലമായി ബാധിക്കും. രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിനും, വിലക്കയറ്റത്തിനും, വ്യാപകമായ പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും ഒക്കെ ഇത് വഴിവെക്കും.

ഇന്ത്യ ഇപ്പോഴും അടിസ്ഥാനപരമായി ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥയാണ്‌. നമ്മുടെ രാജ്യത്തെ ഏതാണ്ട് 42% ജനങ്ങളും കാര്‍ഷിക വൃത്തിയിൽ ഏര്‍പ്പെട്ടു ജീവിതം കഴിയുന്നവരാണ്. ഈ കര്‍ഷകരിൽ ബഹുഭൂരിപക്ഷവും (86%) ചെറുകിട ഇടത്തരം കര്‍ഷകരാണ് (രണ്ടോ അഞ്ചോ ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍). അതായത് കാര്‍ഷികമേഖലയിൽ നടക്കുന്ന എന്ത് മാറ്റങ്ങളും, ചലനങ്ങളും രാജ്യത്തെ ഏതാണ്ട് പകുതിയോളം ജനങ്ങളുടെ ജീവിനോപാധിയെ നേരിട്ട് തന്നെ ബാധിക്കും എന്നര്‍ത്ഥം. കര്‍ഷകരെ സംബന്ധിച്ചിടത്തോളം അതുകൊണ്ടാണ് ഈ നിയമങ്ങൾ അവര്‍ക്ക് സ്വന്തം ജീവൽ പ്രശ്നമായിരിക്കുന്നതും അവർ അതിജീവനത്തിനായി സമരത്തിന് തയ്യാറാവുന്നതും. കാര്‍ഷിക വൃത്തിയെയും അതുവഴി കര്‍ഷകരുടെ ജീവിതത്തെ തന്നെയും വളരെ വിപരീതമായി ബാധിക്കുന്നതാണ് ഈ നിയമങ്ങൾ. ഇപ്പോൾ തന്നെ വളരെ ദയനീയമായ രാജ്യത്തെ കര്‍ഷകരുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കും പുതിയ കാര്‍ഷിക നിയമങ്ങൾ. രാജ്യത്ത് ഒരു വർഷം ഏതാണ്ട് 12000 കര്‍ഷകർ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. പുതിയ നിയമങ്ങള്‍ ആ സ്ഥിതി വിശേഷത്തെ കൂടുതൽ രൂക്ഷമാക്കാനാണ് കാരണമാവുക.

പുതിയ കാര്‍ഷിക നിയമങ്ങളുടെ അപകട സാധ്യതകൾ വിശദമായി പരിശോധിക്കാം. യഥാര്‍ത്ഥത്തില്‍ ഈ നിയമങ്ങളുടെ പേരുകൾ തന്നെ അതിന്റെ കാപട്യത്തെ വിളിച്ചറിയിക്കുന്നതാണ്. കുപ്പിയുടെ പുറത്ത് ‘പഞ്ചസാര’ എന്ന ലേബൽ ഒട്ടിച്ച് അകത്ത് പൊട്ടാസിയം സയനൈഡ് നിറയ്ക്കുന്നത് പോലെയാണ് ഈ നിയമങ്ങൾ. “കാര്‍ഷിക ഉല്‍പ്പാദക വ്യാപാര വാണിജ്യ (പ്രോത്സാഹനവും സൌകര്യമൊരുക്കലും) നിയമം 2020” എന്നാണ് ഒരു നിയമം (Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020). മറ്റൊന്ന് “കാര്‍ഷിക വില ഉറപ്പ്, കാര്‍ഷിക സേവന നിയമം (ശാക്തീകരണവും, സംരക്ഷണവും) 2020” (Farmers (Empowerment and Protection) Agreement of Price Assurance, Farm Services Act, 2020). ഈ നിയമങ്ങളിൽ ഇല്ലാത്തതാകട്ടെ അവയുടെ പേരുകളിൽ ഉള്ള ഈ സുരക്ഷയും, ശാക്തീകരണവും, വില ഉറപ്പും തന്നെയാണ്. മൂന്നാമത്തെ നിയമം അവശ്യ സാധന (ഭേദഗതി) നിയമം 2020 ആണ്. (Essential Commodities (Amendment) Act, 2020). ഇതുവരെ അവശ്യ സാധനങ്ങളായിരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉൾപ്പെടെയുള്ളവയെ അവശ്യ സാധനങ്ങള്‍ അല്ലാതാക്കുകയാണ് ഈ നിയമത്തിന്റെ ഉദ്ദേശലക്ഷ്യം. അതുകൊണ്ട് പുറത്തെ ലേബൽ നോക്കി ഉള്ളിലുള്ളത് എടുത്തു തൊണ്ടയിലേക്ക് കമഴ്ത്തരുത് എന്ന് നമുക്ക് ഈ നിയമങ്ങളുടെ ഉള്ളിലിരിപ്പറിയാതെ ഇതിനെ വാഴ്ത്തി നടക്കുന്ന നിഷ്കളങ്കരോട് ഓര്‍മിപ്പിക്കാം.

മൂന്ന് നിയമങ്ങളും എങ്ങിനെയാണ് ഇന്ത്യന്‍ കര്‍ഷകരുടെ മരണവാറണ്ട് ആകുന്നതെന്നും, കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയുടെ നിരുപാധിക ‘ഒസ്യത്ത്’ ആവുന്നതെന്നും വിശദമായി പരിശോധിക്കാം.

നിയമം-1: കാര്‍ഷിക ഉല്‍പ്പാദക വ്യാപാര വാണിജ്യ (പ്രോത്സാഹനവും സൌകര്യമൊരുക്കലും) നിയമം 2020(Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം സംസ്ഥാന സര്‍ക്കാരുകളുടെ എ.പി.എം.സി. (Agriculture Produce Marketing Committees) നിയമങ്ങൾനുസൃതമായി പ്രവര്‍ത്തിക്കുന്ന നിയന്ത്രിത വിപണിക്ക് പുറത്ത് വില്‍ക്കുന്നതിന് അനുമതി നൽകുന്നതിനുള്ളതാണ് ഈ നിയമം. അതുകൊണ്ട് ഇതിനെ ‘APMC Bypass Bill’ എന്നും വിളിക്കുന്നുണ്ട്. അതായത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം ഇഷ്ടമുള്ള ആർക്കും എവിടേയും വില്‍ക്കാൻ സ്വാതന്ത്ര്യം നല്‍കുന്നതിനാണ് ഈ നിയമം എന്നതാണ് സര്‍ക്കാരിന്റെ ഭാഷ്യം. കേള്‍ക്കുമ്പോൾ ഒറ്റ നോട്ടത്തിൽ ആര്‍ക്കും തോന്നും അത് നല്ലതല്ലേ. എവിടെയും ആര്‍ക്കും വില്‍ക്കമെങ്കിൽ കൂടുതൽ വില കര്‍ഷകന് ലഭിക്കില്ലേ എന്നൊക്കെ. കാര്‍ഷിക ജീവിതം തന്നെ ഒരിക്കലെങ്കിലും നേരിൽ കാണാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ അങ്ങനെ തോന്നുകയും ചെയ്യും. എന്നാല്‍ യാഥാര്‍ത്ഥ്യം അടുത്തറിയുമ്പോഴാണ് ഈ സ്വാതന്ത്ര്യം കടലാസ്സില്‍ മാത്രമുള്ളതാണ് എന്ന് നമ്മൾ തിരിച്ചറിയുക. ദിവസവും നൂറ് രൂപയിൽ താഴെ മാത്രം കൂലി ലഭിക്കുന്ന ഒരാളോട് പട്ടണത്തിലെ പത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ പേര് പറഞ്ഞുകൊടുത്ത് ഇതിൽ എവിടെ നിന്നും ഭക്ഷണം കഴിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നിനക്കുണ്ട്‌, നിന്റെ വീടിനടുത്തുള്ള തട്ടുകട ഞങ്ങള്‍ പൂട്ടുകയാണ് എന്ന് പറയുന്നത് പോലെയാണ് ഈ ‘സ്വാതന്ത്ര്യം’. അയാള്‍ക്കാവശ്യം സിറ്റിയിലുള്ള ഏത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കാനുള്ള യാതൊരു അര്‍ത്ഥവുമില്ലാത്ത ഈ ‘സ്വാതന്ത്ര്യം’ അല്ല, മറിച്ച് ആ നൂറു രൂപ കൊടുത്ത് ദിവസവും ഭക്ഷണം ലഭിക്കുന്ന തട്ടുകട നിലനിൽക്കുക എന്നതാണ്. “എനിക്ക് നിങ്ങളുടെ സ്വാതന്ത്ര്യം വേണ്ട, എനിക്ക് വിശപ്പ്‌ മാറ്റാനുള്ള തട്ടുകട മതി” എന്ന് അയാൾ പറയും. ഇത് തന്നെയാണ് ഈ ‘സ്വാതന്ത്ര്യക്കാരോട്’ കര്‍ഷകര്‍ക്കും പറയാനുള്ളത്. കോഴികള്‍ക്ക് എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്യം നല്‍കുന്നു എന്ന നാട്യത്തില്‍ രാത്രി കോഴിക്കൂട് തുറന്നിടുന്നത് യഥാര്‍ത്ഥത്തിൽ കുറുക്കനെ കൂട്ടിനുള്ളിലേക്ക് കടത്താനുള്ള കുടിലബുദ്ധിയാണ്. അതാണ്‌ യഥാര്‍ത്ഥത്തില്‍ ഈ ബില്‍. സ്വാതന്ത്ര്യം കോഴിക്കല്ല യഥാര്‍ത്ഥത്തിൽ കുറുക്കനാണ്. കോഴിയെ പിടിക്കാനുള്ള സ്വാതന്ത്ര്യം. അതുപോലെ ഈ ബില്‍ കോര്‍പറേറ്റിന് കര്‍ഷകരെ പിടിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കലാണ്. കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതല്ല മറിച്ച് അവരുടെ മരണ വാറണ്ട് ആണ് ഈ കര്‍ഷക മാരണ നിയമങ്ങള്‍.

എന്താണ് ഈ എ.പി.എം.സി. മണ്ഡികൾ?

എ.പി.എം.സി. മണ്ഡികൾ അഥവാ ചന്തകള്‍ കേരളത്തില്‍ നിലവിലുള്ള സംവിധാനമല്ല. അതുകൊണ്ട് ഒരു പക്ഷെ കേരളത്തില്‍ ഇത് അത്ര തന്നെ സുപരിചിതവുമാവില്ല. എന്നാല്‍ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒഴിച്ച് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഈ സംവിധാനം നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്. APMC എന്നത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വില്‍ക്കാനും, അവര്‍ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കാനും, അതാതു സംസ്ഥാന സര്‍ക്കാരുകൾ രൂപീകരിക്കുന്ന കമ്മിറ്റികളാണ്. ഈ കമ്മിറ്റികള്‍ അവരുടെ കീഴിൽ നടത്തുന്ന ചന്തകളാണ് APMC മണ്ഡികൾ. സംസ്ഥാനത്തെ പല മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ആ പ്രദേശത്തെ കര്‍ഷകര്‍ക്കായുള്ള ചന്തകൾ നടത്തുന്നു ഈ കമ്മിറ്റികള്‍. അതാതു പ്രദേശത്തെ കര്‍ഷകർ ആ പ്രദേശത്തിനായുള്ള ചന്തയിൽ അവരുടെ ഉല്‍പ്പന്നം കൊണ്ടുവരണം. ആ ചന്തയിൽ വെച്ച് ഉല്‍പ്പന്നം ലേലം ചെയ്തു വില്‍ക്കുന്നു. ഈ ലേലം പിടിക്കുന്നത്‌ APMCയില്‍ നിയമപരമായി രജിസ്ടർ ചെയ്തിട്ടുള്ള എജന്റുമാർ ആയിരിക്കും. ഇവരെ ‘അര്‍ത്തിയാ’ (arhtiya) എന്നാണ് വിളിക്കുന്നത്‌. ഈ എജന്റുമാര്‍ കര്‍ഷകരിൽ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നം സര്‍ക്കാർ എജന്‍സിക്കോ (FCI), അല്ലെങ്കില്‍ മറ്റു സ്വകാര്യ വ്യാപാരികൾക്കോ, കാര്‍ഷിക ഉല്‍പ്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികള്‍ക്കോ (processors), കയറ്റുമതി ചെയ്യുന്നവര്‍ക്കോ ഒക്കെ വില്‍ക്കാം. ഉല്‍പ്പന്ന വിലയുടെ 2.5% കമ്മീഷനായി സര്‍ക്കാർ ഈ എജന്റുമാര്‍ക്ക് നല്‍കും. കഷകരുടെ ഉൽപ്പന്നങ്ങൾ വൃത്തിയാക്കുക, പാക്ക് ചെയ്യുക, ലോഡ് ചെയ്യുക തുടങ്ങി പല സേവനങ്ങളും ഈ എജന്റുമാര്‍ നല്‍കും. മാത്രമല്ല പലപ്പോഴും ചെറുകിട കര്‍ഷകര്‍ക്ക് ലോൺ കൊടുക്കുന്നതും ഇത്തരം എജന്റുമാർ ആയിരിക്കും. കേരളത്തിലേതു പോലെ സഹകരണ ബാങ്കിംഗ് മേഖല ശക്തമല്ലാത്ത സ്ഥലങ്ങളിൽ വായ്പയ്ക്കായി ഇത്തരം എജന്റ്റ്മാരും, പണം പലിശക്ക് കൊടുക്കുന്നവരും, വ്യാപാരികളും ഒക്കെയാവും കര്‍ഷകര്‍ക്ക് ആകെയുള്ള ആശ്രയം. അവര്‍ക്ക് തന്നെ വിളകൾ കുറഞ്ഞ വിലക്ക് വില്‍ക്കാൻ കര്‍ഷകർ നിര്‍ബന്ധിതരാകുന്ന അവസ്ഥ ഒഴിവാക്കുന്നതിന് APMC മാര്‍ക്കറ്റുകൾ രണ്ടു പ്രധാന നിബന്ധനകൾ പാലിക്കുന്നു.

  1. സര്‍ക്കാർ താങ്ങുവില (Minimum Support Price) പ്രഖ്യാപിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആ വിലയില്‍ താഴെ വ്യാപാരം നടത്താൻ പാടില്ല.
  2. APMC വ്യാപാര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് APMC ചന്തകളില്‍ വെച്ച് മാത്രമേ മൊത്ത വ്യാപാരം നടത്താൻ പാടുകയുള്ളൂ APMC ചന്തകള്‍ക്ക് പുറത്ത് കര്‍ഷകരും വ്യാപാരികളും നേരിട്ട് വ്യാപാരത്തിൽ ഏര്‍പ്പെടാൻ പാടുള്ളതല്ല)

ഈ നിബന്ധനകള്‍ കര്‍ഷകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് ഈ മൺഡികള്‍ക്ക് പുറത്തുവെച്ച് നേരിട്ട് ആരുമായും വ്യാപാരം നടത്താനുള്ള സ്വാതന്ത്ര്യം കൊടുക്കുകയാണ് തങ്ങളെന്നുമാണ് സര്‍ക്കാർ വാദം. എന്തിനാണ് എ.പി.എം.സി. ഈ നിബന്ധനകള്‍ വെച്ചിട്ടുള്ളത്‌? കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറവ് വില നല്‍കി ചൂഷണം ചെയ്യുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനാണ് ഈ എ.പി.എം.സി. ചന്തകൾ രൂപീകരിച്ചത്. നമുക്കറിയാം കൃഷി എന്നത് ഏറെ അനിശ്ചിതത്വം നിറഞ്ഞതാണ്‌. വിതക്കും വിളവെടുപ്പിനും ഇടയില്‍ ഒരുപാട് ഘടകങ്ങൾ കൃഷിയെ ബാധിക്കാം. അതുകൊണ്ട് ഈ റിസ്ക്‌ മുഴുവ൯ എടുത്ത് നമുക്ക് വേണ്ടി ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും കൃഷിയിൽ തുടരാനും സാധ്യമാകുന്ന രീതിയിലുള്ള സുരക്ഷ നല്‍കുക എന്നത് പ്രധാനമാണ്. അതിന് കര്‍ഷകന് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അവർ ചിലവാക്കുന്നതിനേക്കാൾ കൂടുതല്‍ വരുമാനമായി ലഭിക്കണം. നേരത്തെ സൂചിപ്പിച്ചതുപോലെ ബഹുഭൂരിപക്ഷവും ചെറുകിട കര്‍ഷകരാണ്. അവര്‍ക്ക് വിളകൾ സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാത്തവരായിരിക്കും. അതുകൊണ്ട് വിളവെടുപ്പ് കഴിഞ്ഞ ഉടനെ തങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കുവാ൯ അവർ നിര്‍ബന്ധിതരാവും. അത്തരത്തിൽ രണ്ടു മുറി ചെറിയ വീടുള്ള കര്‍ഷകനോട് “നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും സ്റ്റോര്‍ ചെയ്യാം. എപ്പോൾ വേണമെങ്കിലും വില്‍ക്കാം” എന്നൊക്കെ പറയുന്നതില്‍പരം അസംബന്ധം മറ്റൊന്നുമില്ല.

മാത്രമല്ല ജീവിക്കുന്നതിനും, പഴയ കടം വീട്ടുന്നതിനും ഒക്കെ കര്‍ഷകന് ഉല്‍പ്പന്നങ്ങൾ വില്‍ക്കണം. കര്‍ഷകരുടെ ഈ സ്ഥിതി മനസ്സിലാക്കി അവരെ ചൂഷണം ചെയ്യാന്‍ വ്യാപാരികളും എജന്റുമാരും ഒക്കെ ശ്രമിക്കും. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം എങ്ങനെയെങ്കിലും വിൽക്കാതെ തരമില്ല എന്നവര്‍ക്കറിയാം. കര്‍ഷകർ ഇവരിൽ പലരിൽ നിന്നും ലോണും വാങ്ങിയിരിക്കും. പലപ്പോഴും കാര്‍ഷിക ചിലവിനുവേണ്ടി വരും വര്‍ഷങ്ങളിലെ വിളപോലും പണയ്പ്പെടുത്തേണ്ട അവസ്ഥയിലാണ് കര്‍ഷകർ. അപ്പോൾ വില കുറച്ചു വില്‍ക്കാ൯ അവർ നിര്‍ബന്ധിതരാവും. ഈ ചൂഷണത്തില്‍ നിന്ന് (distress sale) നിന്ന് അവരെ രക്ഷിക്കുക എന്നതാണ് എ.പി.എം.സി.യുടെ ലക്‌ഷ്യം. വ്യാപാരികള്‍ നേരിട്ട് ചെന്ന് സമ്മര്‍ദം ചെലുത്തി കര്‍ഷകരിൽനിന്നും ചുരുങ്ങിയ വിലക്ക് അവരുടെ ഉല്‍പ്പന്നങ്ങൾ കവർന്നെടുക്കുന്നത് തടയുന്നതിനാണ് എ.പി.എം.സി.യിലെ വ്യവസ്ഥകള്‍. അതായത് കര്‍ഷകരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാനുള്ള രക്ഷാകവചമാണ് എ.പി.എം.സി., അല്ലാതെ കര്‍ഷകരുടെ സ്വാതന്ത്ര്യം കവരുന്ന തടങ്കല്‍ പാളയമല്ല അത്. ഈ യാഥാര്‍ത്ഥ്യമാണ് ‘സ്വാതന്ത്ര്യവാദികള്‍’ ജനങ്ങളില്‍നിന്ന് മറച്ചുവെക്കുന്നത്. എ.പി.എം.സി. സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ ചന്തകൾ തുറക്കുകയും, ചൂഷണസാധ്യതകൾ പരമാവധി കുറക്കുകയും ഒക്കെയാണ് വേണ്ടത്. അല്ലാതെ കര്‍ഷകര്‍ക്ക് ഇപ്പോൾ നിലവിലുള്ള സുരക്ഷാസംവിധാനം കൂടി ഇല്ലാതാക്കുകയല്ല.

പുതിയ കാര്‍ഷിക നിയമം ഈ APMC സംവിധാനത്തിന് ബദലായി ഒരു സമാന്തര സംവിധാനമായി സ്വകാര്യ ചന്തകൾ നടത്തുന്നതിന് അനുമതി നല്‍കുന്നു. ഈ സ്വകാര്യ ചന്തകളില്‍ കര്‍ഷകർക്ക് ഉല്‍പ്പന്നങ്ങൾ ആര്‍ക്കും, എന്ത് വിലയ്ക്കും വില്‍ക്കാം എന്നതാണ് സര്‍ക്കാരിന്റെ ഭാഷ്യം. സംസ്ഥാന സര്‍ക്കാരുകൾ ഈ സ്വകാര്യ ചന്തകളില്‍ നികുതി പിരിക്കുന്നത് നിരോധിക്കുന്നു ഈ നിയമം. ഈ സ്വകാര്യ ചന്തകളില്‍ താങ്ങുവില (MSP) എന്ന ഒന്നില്ല. അവിടെ മിക്കവാറും വന്‍കിട കുത്തക കമ്പനികൾക്ക് വേണ്ടി ആയിരിക്കും കര്‍ഷകരിൽ നിന്നും ഉല്‍പ്പന്നങ്ങൾ ശേഖരിക്കുക. അങ്ങനെ സ്വകാര്യ കുത്തകകള്‍ നിയന്ത്രിക്കുന്ന ചന്തകൾ പ്രബലമാവുന്നതോടെ APMC ചന്തകള്‍ അടക്കുകയും, സര്‍ക്കാരിന്റെ ഭക്ഷധാന്യ സംഭരണം നിലക്കുകയും ചെയ്യും. പിന്നെ കോർപറേറ്റ് കുത്തകകൾ നിയന്ത്രിക്കുന്ന സ്വകാര്യ വിപണിയില്‍ (unregulated private market yards) അവരുടെ നിയന്ത്രണത്തിലായിരിക്കും കര്‍ഷകർ. വിലപേശല്‍ ശക്തിയില്ലാത്ത ചെറുകിട കര്‍ഷകർ ക്രമേണ രംഗത്തുനിന്ന് നിഷ്കാസിതരാവുകയും വന്‍കിട കൃഷിക്കാർ മാത്രം അവശേഷിക്കുകയും ചെയ്യും.

എ.പി.എം.സി. സംവിധാനം ഇല്ലാതായാല്‍ എന്താവും അവസ്ഥ എന്നതിന് ഉദാഹരണമാണ് ബീഹാര്‍. 2006ൽ ബീഹാർ എ.പി.എം.സി. സംവിധാനം നിർത്തലാക്കിയതിനു ശേഷം കര്‍ഷകരുടെ വരുമാനം ഗണ്യമായി കുറയുകയാണ് ഉണ്ടായത്. ക്വിന്റലിന് 1800രൂപ താങ്ങുവിലയുള്ള നെല്ലിന് 600-700 രൂപയ്ക്ക് കര്‍ഷകര്‍ക്ക് വില്‍ക്കേണ്ടി വരുന്നു (കേരളത്തില്‍ നെല്ലിന് താങ്ങുവില 2400-2600 രൂപയോളമാണ്). ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും വിപണിയിൽ കൊണ്ടുപോയി വില്‍ക്കാ൯പോലും വേണ്ടത്ര വിളവെടുപ്പ് തന്നെ ഇല്ലാതായിരിക്കുന്ന ദയനീയ അവസ്ഥയില്‍ അവർ കാര്‍ഷികവൃത്തി തന്നെ ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടി അന്യസംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുന്ന സ്ഥിതിയിലാണ്.

കോടതിയില്‍ പോകരുത് 

ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള എല്ലാ പ്രവർത്തികളേയും കോടതിയില്‍ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതായത് കര്‍ഷകന് മാത്രമല്ല, ആര്‍ക്കും കര്‍ഷകനോട് സര്‍ക്കാരോ, കമ്പനികളോ, വ്യാപാരികളോ ഒക്കെ ചെയ്യുന്ന എന്ത് നീതി നിഷേധത്തെയും കോടതിയില്‍ ചോദ്യം ചെയ്യുന്നതിന് അവകാശമുണ്ടായിരിക്കുന്നതല്ല എന്ന് നിയമം അനുശാസിക്കുന്നു (അദ്ധ്യായം-5,ഭാഗം 13,15). നീതിക്കായി നീതിപീഠത്തെ സമീപിക്കുന്നതിനുള്ള പൌരന്‍റെ അടിസ്ഥാന ജനാധിപത്യ ഭരണഘടനാ അവകാശങ്ങളെ പുതിയ കാര്‍ഷിക നിയമങ്ങളൾ പാടേ നിഷേധിക്കുന്നു. ഭരണകൂടം തന്നെ പരാതിക്കാരനും, വിചാരണക്കാരനും, ന്യായാധിപനും ആകുന്ന സംവിധാനമാണ് ബില്ലിലെ ഈ വ്യവസ്ഥ. ഈ നീക്കം ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് ഇതേ മാതൃക ഭാവിയിലെ നിയമങ്ങളിലും ഉപയോഗിക്കപ്പെടുന്നതിന് വഴിവെക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ “ജനാധിപത്യം അല്പം കൂടിയതാണല്ലോ നമ്മുടെ ‘പരിഷ്കാരങ്ങൾ’ നടപ്പിലാക്കുന്നതിന് തടസ്സമായിരിക്കുന്നത്” എന്ന സര്‍ക്കാറിന്‍റെ പരാതിക്ക് പരിഹാരം കാണുകയാണ് നിയമത്തില്‍, ജനാധിപത്യ അവകാശത്തെ തന്നെ ഇല്ലാതാക്കിക്കൊണ്ട്. കോടതികൾ ചിത്രത്തിലില്ലാതാവുന്നതോടെ കർഷകനെ സംബന്ധിച്ചിടത്തോളം കമ്പനികളുടെയും ഉദ്യോഗസ്ഥരുടെയും ദയക്ക് പൂര്‍ണമായും കീഴ്പെട്ടു നില്‍ക്കുക എന്നത് മാത്രമാണ് കരണീയമായിട്ടുള്ളത്.

നിയമം-2: കാര്‍ഷിക വില ഉറപ്പ്, കാര്‍ഷിക സേവന നിയമം (ശാക്തീകരണവും, സംരക്ഷണവും) 2020” (Farmers (Empowerment and Protection) Agreement of Price Assurance, Farm Services Act, 2020)

ഈ നിയമം കര്‍ഷകര്‍ക്ക് കരാർ കൃഷിയിൽ ഏര്‍പ്പെടുന്നതിനുള്ള (contract farming) വ്യവസ്ഥകൾ നിര്‍ദേശിക്കുന്നു. വ്യാപാരികളോ കമ്പനികളോ ഒക്കെ കര്‍ഷകരുമായി നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൃഷിയിറക്കുന്നതിന് മുന്‍പ് തന്നെ കരാറിൽ (farm agreement) ഏര്‍പ്പെടുന്നതിനെക്കുറിച്ചുള്ള നിയമമാണ് ഇത്. കര്‍ഷകർ കൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നം ഇത്ര വിലക്ക് വാങ്ങിക്കൊള്ളാം എന്നാണ് കരാര്‍ (Trade and Commerce Agreement). അതുപോലെ കൃഷിയുടെ എല്ലാ ഘട്ടത്തിലും (വിത്ത്, വളം, യന്ത്രസാമഗ്രികള്‍, സാങ്കേതികവിദ്യ, മാര്‍ഗനിര്‍ദേശങ്ങൾ എന്നിവ ഒക്കെ കൊടുത്ത്) വാങ്ങുന്ന കമ്പനി നിയന്ത്രണം നിര്‍വഹിക്കുന്ന രീതിയിലുള്ള കരാറും (Production Agreement) അനുവദനീയമാണ്. അത്തരം കരാറില്‍ കര്‍ഷകന് അയാൾ നല്‍കുന്ന സേവനത്തിനു മാത്രം പ്രതിഫലം കൊടുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണനിലവാരങ്ങൾ, ഏതുതരം വിളകൾ ആയിരിക്കണം, ധാന്യത്തിന് ഇത്ര വലിപ്പം ഉണ്ടായിരിക്കണം, ഇന്ന നിറം ഉണ്ടായിരിക്കണം എന്നത് തുടങ്ങി കൃഷിക്ക് ഉപയോഗിക്കുന്ന രാസവളത്തിന്റെ അംശം ധാന്യത്തിൽ ഇത്ര അളവിൽ കൂടതൽ ഉണ്ടായിരിക്കരുത് എന്നുവരെ കര്‍ഷകനുമായി കരാരുണ്ടാക്കുന്ന ആള്‍ക്ക് അല്ലെങ്കിൽ കമ്പനിക്ക് കരാറില്‍ എഴുതിച്ചേര്‍ക്കാം. കരാറിൽ പറഞ്ഞ ഗുണനിലവാരമുള്ള ഉല്‍പ്പന്നം കര്‍ഷകൻ കൊണ്ടുവന്നു തന്നാൽ മാത്രമേ കരാറിൽ എർപ്പെട്ട കമ്പനിക്ക് കര്‍ഷകനിൽ നിന്ന് ഉല്‍പ്പന്നം വാങ്ങേണ്ടതുള്ളു. അതായത് വിതയ്ക്കുന്നതിനും കൊയ്യുന്നതിനും ഇടയില്‍ ഏതെങ്കിലും കാരണവശാൽ കൃഷിനാശം സംഭവിച്ചാൽ ഉത്തരവാദിത്തവും നഷ്ടവും കര്‍ഷകന് മാത്രമായിരിക്കും. കമ്പനിക്ക് നഷ്ടത്തിൽ ഒരു ഉത്തരവാദിത്തവുമില്ല. കമ്പനികളാണ് എന്ത് കൃഷി ചെയ്യണമെന്നും, ഏത് വിത്ത് വിതക്കണമെന്നും ഒക്കെ തീരുമാനിക്കുക. ഉല്‍പ്പന്നങ്ങൾ വില്‍ക്കാൻ കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗങ്ങൾ ഇല്ലാതെ വരുമ്പോൾ ഈ കമ്പനികൾ പറയുന്നതെന്തോ അത് കൃഷി ചെയ്യാന്‍ കര്‍ഷകർ നിര്‍ബന്ധിതരാവും. ബാങ്കുകളും മറ്റും കമ്പനികള്‍ സ്പോണ്‍സർ ചെയ്യുന്ന കര്‍ഷകർക്കും, കമ്പനികള്‍ നിര്‍ദേശിക്കുന്ന വിളകള്‍ക്കും മാത്രമേ ലോൺ അനുവദിക്കുകയുള്ളൂ തുടങ്ങിയ നിബന്ധനകൾ വെക്കുവാൻ തുടങ്ങും. കമ്പനികളാകട്ടെ കൂടുതല്‍ ലാഭം ലഭിക്കുന്ന കയറ്റുമതിക്ക് പറ്റിയ വിളകൾ കൃഷി ചെയ്യാനാവും താല്പര്യം കാണിക്കുക. അതിനനുസരിച്ച് വിളകൾ നിശ്ചയിക്കപ്പെടുകയും, കൃഷിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്യുന്ന അവസ്ഥ വരും.

വിളയുടെ ഗുണനിലവാരം, കാര്‍ഷിക രീതി തുടങ്ങിയവയൊക്കെ കരാറിന്റെ ഭാഗമാവുമ്പോള്‍ കമ്പനികള്‍ക്ക് കര്‍ഷകന്റെ മേൽ എപ്പോഴും മേല്‍ക്കൈ ഉണ്ടാവും. കര്‍ഷകന് എന്നല്ല ലോകത്ത് ആര്‍ക്കും വിളയുടെ ഗുണനിലവാരത്തെ കുറിച്ച് ഒരുറപ്പും പ്രവചിക്കാന്‍ കഴിയാത്തതുകൊണ്ട് കര്‍ഷകന്‍ എപ്പോഴും കരാര്‍ ഒരു ഭീഷണി ആയി നിലനില്‍ക്കും. കൊയ്ത്ത് കാലത്ത് വിപണിയിൽ വില കുറയുന്ന അവസരങ്ങളിൽ കരാറിലുള്ള ഇത്തരം എന്തെങ്കിലും കാരണം പറഞ്ഞ് കമ്പനിക്ക് തലയൂരുകയോ അല്ലെങ്കിൽ വില കുറച്ചുകിട്ടുന്നതിനായി കര്‍ഷകനുമേൽ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യാ൯ കഴിയും എന്നര്‍ത്ഥം. നിയമ പരിരക്ഷ ഇല്ലാത്ത കര്‍ഷകനാകട്ടെ കുത്തകകമ്പനികളുമായി ഇക്കാര്യത്തിൽ യുദ്ധം ചെയ്യുക എന്നത് അസാധ്യമാവും. സംസ്ഥാനങ്ങള്‍ക്ക് കര്‍ഷകരുടെ രക്ഷക്കെത്താന്‍ ആഗ്രഹമുണ്ടെങ്കിൽപോലും അതിന് കഴിയാത്ത രീതിയിൽ സംസ്ഥാനത്തെ നിയമങ്ങളുടെ പരിധിയില്‍ നിന്ന് കരാർ കൃഷിയെ പൂര്‍ണമായും വിമുക്തമാക്കിയിട്ടുമുണ്ട് പുതിയ കാര്‍ഷിക നിയമത്തിൽ.

ഇടനിലക്കാരെ ഒഴിവാക്കാനാണ് പുതിയ നിയമങ്ങൾ എന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഈ നിയമം ഇടനിലക്കാരെ ഒഴിവാക്കുന്നില്ല എന്ന് മാത്രമല്ല കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. കോർപറേറ്റ് കമ്പനികൾ തന്നെ ശക്തരായ ഇടനിലക്കാരായി നില്‍ക്കുന്നു എന്ന് മാത്രമല്ല ‘സേവന ദാതാക്കള്‍’ എന്ന നിലയിൽ (‘aggregators’, ‘farm service providers’) മറ്റ് ഇടനിലക്കാരെയും കരാറില്‍ ഉള്‍പ്പെടുത്താമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. യഥാര്‍ത്ഥത്തിൽ ഈ ഇടനിലക്കാരായിരിക്കും കര്‍ഷകരുമായി കമ്പനികള്‍ക്ക് വേണ്ടി ഇടപെടുക. അതായത് ഇടനിലക്കാരെ ഒഴിവാക്കുകയല്ല മറിച്ച് കൂടതല്‍ ശക്തരായ ഇടനിലക്കാരെ ഉണ്ടാക്കുകയാണ് ഈ നിയമങ്ങൾ.

ഇതൊന്നും പോരാതെ കമ്പനികളെ അവശ്യ സാധന നിയമത്തിന്റെ പരിധിയില്‍ നിന്നു കൂടി വിമുക്തമാക്കിയിട്ടുണ്ട് പുതിയ ബില്ലുകള്‍. നേരത്തെ പറഞ്ഞത് പോലെ കൂട് അടക്കാനുള്ള അവകാശം കോഴികളിൽ നിന്ന് എടുത്തു മാറ്റി, എല്ലാ അവകാശങ്ങളും എല്ലാ പരിരക്ഷകളും കുറുക്കന് നല്‍കിയ ശേഷം കോഴികളോട് ഗീര്‍വാണം പറയുന്നത് ‘നിന്നെ കൂട്ടിൽ അടച്ചുവെക്കാതെ കുറുക്കന്റെ ഭക്ഷണമാകാനുള്ള സര്‍വ സ്വാതന്ത്ര്യവും നല്‍കുകയാണ് ഞങ്ങൾ’ എന്നാണ്. ഈ കുറുക്കന് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെയാണ് പലരും ഒന്നുമറിയാതെ കോഴിയുടെ അക്കൌണ്ടിലാക്കി കൊട്ടിഘോഷിക്കുന്നത്. ഇങ്ങനെ കോര്‍പറേറ്റുകള്‍ക്ക് ഭക്ഷണമാകാനുള്ള ‘സ്വാതന്ത്ര്യം’ വേണ്ടെന്നു വെക്കുന്നത് കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണെന്നുപോലും ചിലർ ‘ബുദ്ധി’ ഉപദേശിച്ചു നടക്കുന്നുണ്ട്.

നിയമം-3: അവശ്യ സാധന (ഭേദഗതി) നിയമം 2020” (Essential Commodities (Amendment) Act, 2020).

നാം വിചാരിക്കുന്നത് ഭക്ഷണമാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അവശ്യവസ്തു എന്നാണ്. എന്നാല്‍ പുതിയ നിയമമനുസരിച്ച് സര്‍ക്കാർ ഇപ്പോള്‍ പറയുന്നു ഭക്ഷണം അവശ്യവസ്തു അല്ല എന്ന്. ഈ വിചിത്ര നിയമം നിലവിലുള്ള അവശ്യസാധന നിയമത്തെ റദ്ദ് ചെയ്യുകയാണ്. പുതിയ നിയമം പ്രധാന ഭക്ഷണ വസ്തുക്കളായ അരി, ഗോതമ്പ് മുതലായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തിന് പ്രാഥമികമായും വേണ്ട വസ്തുക്കളെ ഒക്കെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. അതോടെ ഈ വസ്തുക്കളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവയൊക്കെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഇടപെടാനുള്ള അവകാശം നഷ്ടമായിരിക്കുന്നു.

1955ലെ അവശ്യ സാധന നിയമം ജനങ്ങള്‍ക്ക്‌ അവശ്യ സാധനങ്ങൾ മിതമായ വിലക്ക് ലഭ്യമാക്കും എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് രൂപം കൊണ്ടത്‌. അവശ്യ സാധനങ്ങള്‍ ഒരു പരിധിയിൽ കൂടുതൽ ശേഖരിച്ചു വെക്കുന്നതും, അവയ്ക്ക് അമിതമായ വില ഈടാക്കുന്നതും തടയുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്‌ഷ്യം. പരിധിയില്ലാതെ ധാന്യങ്ങള്‍ വാങ്ങി സൂക്ഷിക്കാനും കയറ്റുമതി ചെയ്യാനുമൊക്കെ ഉള്ള കോര്‍പറേറ്റുകളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് തടസ്സമായിരുന്നു നിലവിലുള്ള ഈ നിയമം. ഈ തടസ്സം നീക്കുക എന്നതാണ് അവശ്യ സാധന നിയമം ഫലത്തില്‍ ഇല്ലാതാക്കുന്ന പുതിയ ബില്ല് കൊണ്ട് സര്‍ക്കാർ ലക്ഷ്യമിട്ടത്. ഫലത്തില്‍ കോര്‍പറേറ്റുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒക്കെ നിയമവിധേയമാക്കുകയാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍.

അമിത വിലയുടെ പേരില്‍ ഇടപെടാൻ അനുവദിക്കുന്ന നിയമത്തിലെ നിബന്ധനയാകട്ടെ വലിയൊരു തമാശയാണ്. കഴിഞ്ഞ പന്ത്രണ്ടു മാസങ്ങളിലെ ശരാശരി വിലവര്‍ധന (moving average) 50%ല്‍ താഴെയാണെങ്കിൽ കൊള്ളവില അനുവദിക്കാമെന്നും, അത് നിയന്ത്രിക്കുന്നതിന് സര്‍ക്കാർ ഇടപെടരുത് എന്നുമാണ് നിയമത്തിലെ വ്യവസ്ഥ. പെട്രോള്‍ പോലെ അരിക്കും പച്ചക്കറിക്കുമൊക്കെ ദിവസംതോറും വില കൂട്ടുന്ന ‘നല്ല ദിവസങ്ങള്‍’ തന്നെയാണ് നമ്മെ കാത്തിരിക്കുന്നത് എന്നര്‍ത്ഥം. ഈ പരിമിതമായ നിബന്ധനയില്‍ നിന്ന് പോലും കമ്പനികളെ ഒഴിവാക്കാനുള്ള സൂത്രവിദ്യയും ഈ നിയമത്തിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്. കമ്പനിയുടെ ശേഖരണ പരിധിക്കുള്ളിലൊതുങ്ങുന്ന അത്രയുമേ പൂഴ്ത്തി വെച്ചിട്ടുള്ളൂ എങ്കിൽ അത്തരക്കാര്‍ക്കെതിരെ അമിതവിലയുടെ പേരില്‍ ഒരു നടപടിയും ഉണ്ടാവില്ല. കയറ്റുമതിക്കാരാണെങ്കിൽ കയറ്റുമതിക്ക് വേണ്ടി എത്ര പൂഴ്ത്തിവെച്ചാലും ഒരു നടപടിയും ഉണ്ടാവരുത് എന്നും നിയമത്തിലെ ‘മനോഹരമായ’ വ്യവസ്ഥകൾ നിഷ്കര്‍ഷിക്കുന്നു.

ചുരുക്കത്തില്‍ നമ്മുടെ ഭക്ഷ്യ സുരക്ഷയെത്തന്നെ അപകടത്തിലാക്കുന്ന ഏറ്റവും മാരകമായ ബില്ലാണ് അവശ്യ സാധന നിയമത്തില്‍ വരുത്തിയിട്ടുള്ള ഈ ഭേദഗതി നിയമം. കയറ്റുമതിക്ക് വേണ്ടി ഭക്ഷ്യ ധാന്യങ്ങള്‍ വന്‍തോതിൽ ശേഖരിക്കപ്പെടുകയും ആഭ്യന്തര വിപണിയിൽ ഭക്ഷണ ധാന്യങ്ങള്‍ ലഭ്യമാവാതെ വരുകയും ചെയ്യുന്ന സ്ഥിതിയിൽ വിലക്കയറ്റം മാത്രമല്ല രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് തന്നെ രാജ്യം വഴുതിവീഴും. ജനങ്ങളുടെ വിശപ്പിനെ വിറ്റുപോലും ലാഭം കൊയ്യാനുള്ള പൂര്‍ണ്ണ ലൈസന്‍സ് നല്‍കുകയാണ് സര്‍ക്കാർ കോർപറേറ്റുകള്‍ക്ക്. അവരുടെ നിർബാധമുള്ള തേര്‍വാഴ്ചക്ക് ആരും ഒന്നും തടസ്സമാവുകയില്ല എന്ന് ഉറപ്പാക്കുകയാണ് ഈ പുതിയ കാര്‍ഷിക നിയമങ്ങളുടെ ലക്‌ഷ്യം.

പുതിയ സുവര്‍ണാവസരം തേടി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മാത്രം അമ്പതിലേറെ കാർഷിക-വ്യവസായ കമ്പനികളാണ് ഇന്ത്യയിൽ മുളച്ചുപൊന്തിയിട്ടുള്ളത്. അതില്‍ ബഹുഭൂരിപക്ഷവും അംബാനി, അദാനി, പതഞ്‌ജലി എന്നീ ഇന്ത്യൻ കുത്തകകളുടേതാണ്. ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് വളരെ കുറഞ്ഞ വില കൊടുത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങൾ യഥേഷ്ടം കയറ്റുമതി ചെയ്ത് ലാഭം കൊയ്യാനുള്ള ഈ അവസരം വിദേശ കമ്പനികളും പാഴാക്കുന്നില്ല. സര്‍ക്കാരാകട്ടെ വിപണിയെ കുത്തക മുതലാളികള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള വേദിയാക്കുന്നതിനുള്ള എല്ലാ ഉപായങ്ങളും ഉപയോഗിക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ കാപട്യവും കുടിലതയും തുറന്നു കാണിക്കപ്പെടേണ്ടതുണ്ട്. കര്‍ഷകരുടെ മാത്രമല്ല ജനസാമാന്യത്തിന്റെ തന്നെ അതിജീവനത്തെയാണ്‌ പുതിയ കാര്‍ഷിക നിയമങ്ങൾ വെല്ലുവിളിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകസമരത്തിന് സകല ജനവിഭാഗങ്ങളുടെയും ശക്തമായ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.

അതിശക്തമായ ബഹുജന പ്രതിരോധ മുന്നേറ്റത്തിലൂടെ ഈ ജനവിരുദ്ധ നിയമങ്ങളെ പൂര്‍ണമായും പിന്‍വലിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കൂടുതൽ കരുത്തു പകരേണ്ടത്, ഈ ഐതിഹാസിക സമരത്തിന്റെ മുന്നില്‍ പടനയിക്കുന്ന കര്‍ഷകര്‍ക്ക് പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കേണ്ടത്, നാളെയെക്കുറിച്ചും വരും തലമുറകളെക്കുറിച്ചും കരുതലുള്ള ഓരോ വ്യക്തിയുടേയും ചുമതലയാണ്.


കാർഷിക നിയമത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും – കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ – വിശദീകരണസ്ലൈഡുകൾ ഡൌൺലോഡ് ചെയ്യാം


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് വാട്സ് ആപ്പിന്റെ പ്രൈവസി പോളിസിക്ക് വന്ന മാറ്റം?
Next post നാഡികളിലേക്കെത്തുന്ന കോവിഡ് രോഗം
Close