Read Time:30 Minute


ഡോ. പ്രസാദ് അലക്‌സ്

ഇതര രോഗങ്ങളിൽ നിന്ന് ‘പാൻഡമിക്’ വ്യത്യസ്തമാകുന്നത് അതിന്റെ അതിവേഗവ്യാപനശേഷിയിലാണ്. കോവിഡിനെ സംബന്ധിച്ച് അതെടുത്ത് പറയേണ്ട കാര്യമില്ല. പക്ഷേ ചികിത്സകരെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്‌നമുണ്ട്; രോഗപ്രഹരശേഷിയുടെ വൈവിധ്യമാണത്. കോവിഡ്-19 ശ്വസനസംബന്ധിയായ രോഗമെന്നാണ് പൊതുധാരണ. പനി, ചുമ, ശ്വസതടസ്സം, ശരീര വേദന, തളർച്ച തുടങ്ങിയവയാണ് സാമാന്യലക്ഷണങ്ങൾ. വൈറസ്ബാധിതരിൽ കാര്യമായ ലക്ഷണങ്ങളില്ലാത്ത നല്ലൊരു വിഭാഗമുണ്ട്. ചിലരിൽ ലഘുവായ പ്രശ്‌നങ്ങൾ മാത്രമേയുള്ളൂ. കഠിനമാവുന്നവരിൽ ന്യൂമോണിയ, ഗുരുതരശ്വാസപ്രശ്‌നങ്ങൾ (SARS Cov-2 എന്ന പേര് സൂചിപ്പിക്കുന്ന പോലെ), വൃക്കയിലും രക്തചംക്രമണ വ്യവസ്ഥയിലുമുണ്ടാകുന്ന തകരാറുകൾ തുടങ്ങിയ വൈഷമ്യങ്ങളും മരണവും വരെ ഉണ്ടാകുന്നു. അത് പോലെ ആരോഗ്യവിദഗ്ദ്ധർ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന സംഗതിയാണ് നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ. ഒരു വിഭാഗം രോഗികളിൽ കോവിഡ് നാഡീകോശങ്ങളെയും തലച്ചോറിനെയും ബാധിക്കുന്നത് ലോകത്തെ വിവിധരാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലവേദന, പേശീവേദന, സന്ധിവേദന, കടുത്ത ക്ഷീണം, മന്ദത, രുചിയും മണവും നഷ്ടപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗാണുബാധ മാറിയ ശേഷം ചിലരിൽ ആഴ്ചകളോ മാസങ്ങളോ ലക്ഷണങ്ങൾ തുടരുന്നു. കടുത്ത രോഗബാധയുള്ളവരിൽ ഒരു വിഭാഗത്തിന് തലച്ചോറിൽ വീക്കം കാണുന്നു. ചിലയിടങ്ങളിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന പകുതിയലിധകം രോഗികൾക്ക് ഈ പ്രശ്‌നമുണ്ട്. ചിലരിൽ മസ്തിഷ്‌കജ്വരവും പക്ഷാഘാതവും അനന്തരഫലങ്ങളാണ്.

സർസ് കോവ്-2 (SARS Cov-2) വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്നുവെന്നത് ഗവേഷകർ മനസ്സിലാക്കുന്ന കാര്യമാണ്. വൈറസ്ബാധയുടെ രീതി വളരെ കൃത്യമായി വെളിവായിട്ടില്ലെങ്കിലും അവർ ചില പരികല്പനകളും പ്രാഥമികനിഗമനങ്ങളും മുന്നോട്ട് വയ്ക്കുന്നു. അവയെക്കുറിച്ചുള്ള പ്രാഥമിക അവലോകനമാണ് ഇവിടെ നൽകുന്നത്.
എലികളുടെയും മനുഷ്യരുടെയും തലച്ചോറിലെ കോശങ്ങളിൽ നടത്തിയ പഠനങ്ങൾ വൈറസ് നാഡീകോശങ്ങളിലേക്കും തലച്ചോറിലേക്കും കടക്കുന്നതായി സൂചിപ്പിക്കുന്നു. രോഗം കഠിനമാകുമ്പോൾ മാത്രം സംഭവിക്കുന്ന കാര്യമാണോ, നേരേമറിച്ച് എല്ലാ ഇൻഫെക്ഷനിലും വൈറസ് നാഡീകോശങ്ങളിൽ പ്രവേശിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. പ്രതിരോധ വ്യവസ്ഥ അമിതമായി പ്രതികരിക്കുമ്പോൾ ദൂരവ്യാപകമായ അനന്തരഫലങ്ങൾ സ്വാഭാവികമാണ്. പ്രതിരോധകോശങ്ങൾ തന്നെ തലച്ചോറിനെ ആക്രമിക്കുകയും വലിയ കുഴപ്പങ്ങൾക്ക് ഇടയാക്കുകയും ചെയ്യാം.

മന്ദത, ഗന്ധനഷ്ടം

നാഡീവ്യൂഹപ്രശ്‌നങ്ങളധികവും അത്ര മാരകമല്ലെന്നാണ് ചികിത്സകരുടെ പൊതുവേയുള്ള അനുഭവം. പക്ഷേ കാര്യകാരണങ്ങൾ ഇഴപിരിച്ചെടുക്കുക പ്രയാസമാണ്. ‘ബ്രയിൻ ഫോഗ്’ അഥവാ മസ്തിഷ്‌കമന്ദതയാണ് സാമാന്യമായി കാണുന്ന ഒരവസ്ഥ. ഈ പ്രതിഭാസം കൃത്യമായി മനസ്സിലാക്കുക ദുഷ്‌കരമാണ്. രോഗം മൂലമുള്ള പ്രധാന പ്രശ്‌നങ്ങൾ മാറിക്കഴിഞ്ഞാലും മറവി, ചിന്താപരമായ കുഴമറിച്ചിലുകൾ, ഏകാഗ്രതയില്ലായ്മ, കാര്യങ്ങളുടെ അവ്യക്തത തുടങ്ങിയവ ചിലരിൽ നീണ്ടുനില്ക്കുന്നു. ശരീരത്തിലാകെയുണ്ടാവുന്ന വീക്കത്തിന്റെ അനന്തരഫലമാവാമിതൊക്കെ. വീക്കം നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയേറെയാണ്. പക്ഷേ വളരെ നിസ്സാരമായ ബാഹ്യലക്ഷണങ്ങൾ മാത്രമുള്ള രോഗികളിൽ പ്രതിരോധവ്യവസ്ഥയുടെ അമിതപ്രതികരണമെന്ന പ്രശ്‌നമില്ല. പക്ഷേ അങ്ങനെയുള്ള കുറെ ആളുകൾക്ക് കടുത്ത ക്ഷീണവും മന്ദതയുമൊക്കെ മാസങ്ങൾ തുടരുന്നതായി കാണുന്നു.

ഗന്ധം നഷ്ടപ്പെടുന്നതാണ് വളരെയധികം രോഗികളിൽ കാണുന്ന വേറൊരു ലക്ഷണം. രോഗാണു നാഡീവ്യൂഹത്തിൽ നേരിട്ട് ബാധിക്കാതെ തന്നെ ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ഗന്ധശേഷിക്ക് കാരണമായ നാഡീകോശങ്ങളിൽ ഏ.സി.ഇ.2 സ്വീകരണികൾ(ACE 2 Receptor) ഇല്ല. സർസ് കോവ്-2(SARS Cov-2) വൈറസ്, കോശങ്ങൾക്കുള്ളിലേക്ക് കടക്കുന്നത് ഈ സ്വീകരണി ഉപയോഗപ്പെടുത്തിയാണ്. ഗന്ധനാഡീകോശങ്ങളെ വൈറസ് നേരിട്ട് ബാധിക്കുന്നുവെന്ന് അതുകൊണ്ട് കരുതാനാവില്ല. ഇവയിലുള്ള വേറേതെങ്കിലും സ്വീകരണി വൈറസിന് ഉപയോഗപ്പെടുത്താനാവുമോയെന്ന് പരിശോധിച്ച് വരികയാണ്. ഈ നാഡീകോശങ്ങളോട് ചേർന്ന് വരുന്ന മറ്റ് കോശങ്ങളിൽ ഉണ്ടാവുന്ന രോഗബാധയും വീക്കവും ഗന്ധചോദനയുടെ താത്കാലികനഷ്ടത്തിന് കാരണമാവാം. ഈ വഴിക്കും അന്വേഷണങ്ങൾ നടക്കുന്നുണ്ട്.

വേദനാനുഭവം; കെംസ്‌തെസിസ്’ (chemesthesis)

ഇത് കൂടാതെ ദുർഗ്രഹമായ മറ്റ് പല നാഡീരോഗലക്ഷണങ്ങൾ കോവിഡിനോടനുബന്ധിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെയുണ്ടാകുന്നതിന് നാഡീകോശങ്ങൾക്കുള്ളിൽ വൈറസ് പ്രവേശിക്കണമെന്ന് നിർബന്ധമില്ലെന്നതാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സ്‌പൈനൽ കോഡിൽ നിന്നാരംഭിച്ച് ശരീരമാകെ പടരുന്ന നാഡികളാണ് സെൻസറി ന്യുറോണുകൾ എന്നറിയപ്പെടുന്നത്. ശരീരത്തിൽ നിന്നും ആന്തരിക പ്രക്രിയയകളിൽ നിന്നും ബാഹ്യപരിസരത്ത് നിന്നുമുള്ള ചോദനകൾ തലച്ചോറിലെത്തിക്കുന്ന, സെൻസറി ന്യുറോണുകളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പല തോതിലുള്ള വേദനക്ക് കാരണമാവും. വേദനാനുഭവം എന്ന സെൻസേഷന് കാരണമാവുന്ന സെൻസറി ന്യുറോണുകളാണ് ‘നോസിസെപ്‌റ്റേർസ്’ (nociceptors). ഇവയെ സാർസ് കോവ്-2 വൈറസ് ബാധിക്കുന്നു; ‘ഹൈജാക്’ ചെയ്യുന്നു എന്നാണ് ഗവേഷകർ കരുതുന്നത്. അസാധാരണമായ ചില ലക്ഷണങ്ങളും പ്രതിഭാസങ്ങളും തൽഫലമായുണ്ടാകുന്നു. ഈ ദിശയിൽ ഗവേഷണം നല്ലരീതിയിൽ മുന്നോട്ട് നീങ്ങിയിട്ടുണ്ട്.

ടെക്‌സാസ് സർവകലാശാലയിലെ ന്യുറോസയന്റിസ്റ്റായ തിയോഡോർ പ്രൈസ് മുൻപറഞ്ഞപ്രകാരം ലക്ഷണങ്ങളുള്ള രോഗികളെ തന്റെ ഗവേഷണത്തിന്റെ ഭാഗമായി നേരിട്ടും അല്ലാതെയും നിരീക്ഷിച്ച് വരുന്നു. തൊണ്ടനോവ്, തലവേദന, പേശീവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെയാണ് പ്രധാനമായി പഠനവിധേയമാക്കുന്നത്. വളരെ ശ്രദ്ധേയമായ ഒരു കാര്യം ചില രോഗികളിൽ ‘കെംസ്‌തെസിസ്’ (chemesthesis) എന്നറിയപ്പെടുന്ന രാസസംവേദനക്ഷമത മാത്രം നഷ്ടപ്പെടുന്നതാണ്. ചെറിയതോതിൽ രാസപ്രകോപനമുണ്ടാക്കുന്ന തന്മാത്രകൾ തിരിച്ചറിയുന്ന സെൻസേഷൻ എന്ന് പറയാം. മുളകിന്റെ എരിവ്, പുതിന നാവിലുണ്ടാക്കുന്ന തണുപ്പ് പോലെയുള്ള അനുഭൂതി ഒക്കെ ഈ ഗണത്തിൽ പെടുന്നവയാണ്. സാധാരണ രുചിമുകുളങ്ങളിലെ കോശങ്ങളല്ല ഇവയുടെ ചോദന കൈകാര്യം ചെയ്യുന്നത്. ‘നോസിസെപ്‌റ്റേർസ്’ (nociceptors) ന്യൂറോണുകളാണ് ഇതിന് കാരണമാവുന്നത്. മുൻപ് പറഞ്ഞ കുറെ ലക്ഷണങ്ങങ്ങൾ പൊതുവെ വൈറൽ രോഗങ്ങളിൽ കണ്ടുവരുന്നതാണ്. എന്നാൽ വേദനയോട് ബന്ധപ്പെട്ട അസാധാരണമായ ലക്ഷണങ്ങൾ ധാരാളം രോഗികളിൽ ഉണ്ടാവുന്നതും നീണ്ടുനിൽക്കുന്നതും കോവിഡിന്റെ സവിശേഷതയാണ്. രോഗം കഠിനമാവുന്നവരിൽ മാത്രമല്ല ലഘുവായ രോഗബാധയുള്ളവരിലും ഇത്തരം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ട് രോഗബാധയോട് അനുബന്ധിച്ചുണ്ടാവുന്ന വീക്കത്തിന്റെ തുടർച്ചയാണെന്ന് പറയാൻ കഴിയില്ല. കാരണം ലഘുവായ ലക്ഷണങ്ങളുള്ളവരിൽ പ്രതിരോധവ്യവസ്ഥയുടെ അമിതപ്രതികരണം കാണില്ല; അത് കൊണ്ട്തന്നെ ശരീരവീക്കവും. ഈ പ്രശ്‌നങ്ങൾ ന്യുറോണുകളിൽ വൈറസ്സിന്റെ നേരിട്ടുള്ള ‘ആക്രമണം’ കാരണമാവാനുള്ള സാധ്യതയുണ്ട്. നാഡീസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നവരിൽ തലവേദന പൊതുലക്ഷണമാണ്. ന്യുറോപ്പതിയുടെ ലക്ഷണങ്ങൾ ചില രോഗികളിൽ കാണുന്നുണ്ട്. നാഡീകോശങ്ങളിലെ തകരാറുകൾ മൂലമുണ്ടാവുന്ന വിട്ടുമാറാത്ത വേദനയാണ് ന്യുറോപ്പതി. അതുകൊണ്ട് ‘നോസിസെപ്‌റ്റേർസിനെ’ സർസ് കോവ്-2 വൈറസ് ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ ന്യായമായി സംശയിക്കുന്നു.

വൈറസ് നാഡീകോശങ്ങൾക്കുള്ളിൽ

കോവിഡിന് കാരണമാവുന്ന സർസ് കോവ്-2 വൈറസ് കോശങ്ങളെ ബാധിക്കുന്നത് എസിഇ-2 സ്വീകരണികളിലൂടെയാണ് (ACE-2 receptor or angiotensin converting enzyme-2 receptor). ഇവ കോശപ്രതലങ്ങളിൽ ആണ് കാണപ്പെടുന്നത്. രക്തസമ്മർദ്ദത്തിന്റെ നിയന്ത്രണത്തിന് വേണ്ട സിഗ്നലുകൾ കോശങ്ങൾക്കുള്ളിലേക്ക് അയക്കുന്ന ധർമ്മമാണ് ഇവ നിർവ്വഹിക്കാറുള്ളത്. ഇവയെയാണ് കൊറോണ വൈറസ് കോശങ്ങൾക്കുള്ളിലേക്ക് കടക്കാനുള്ള കവാടമായി പ്രയോജനപ്പെടുത്തുന്നത്. നാഡീകോശങ്ങളിൽ എസിഇ-2 സ്വീകരണികൾ കാണപ്പെടുന്നുണ്ടോ എന്നുള്ള വിപുലമായ അന്വേഷണം തിയോഡോർ പ്രൈസും കൂട്ടരും നടത്തി. പഠനഫലം ‘പെയ്ൻ’ മാഗസിനിൽ പ്രസിദ്ധീകരിക്കയും ചെയ്തു. ‘നോസിസെപ്‌റ്റേർസ്’ ഉൾപ്പടെയുള്ള സെൻസറി ന്യുറോണുകൾ സ്‌പൈനൽ കോഡിൽ നിന്നാണ് കൂട്ടമായി ഉത്ഭവിക്കുന്നത്. നട്ടെല്ലിലെ കശേരുക്കൾക്കിടയിലൂടെ പുറത്തേക്ക് വരുന്ന ഈ ഭാഗത്തിന് ഡോഴ്‌സൽ റൂട്ട് ഗാഗ്ലിയാ (DRG- dorsal root ganglia) എന്ന് പറയുന്നു. ഇവയുടെ ഒരു ഉപഗണത്തിൽ എസിഇ-2 സ്വീകരണികളുണ്ടെന്ന് തിയോഡോർ പ്രൈസും ഗവേഷക സംഘവും കണ്ടെത്തി. ഇതിനായി മരണമടഞ്ഞവരിൽ നിന്നും ക്യാൻസർ ശസ്ത്രക്രിയക്ക് വിധേയമായവരിൽ നിന്നും ഡി.ആർ.ജി. നാഡീകോശങ്ങൾ ശേഖരിച്ചു. അവയിൽ സാന്നിധ്യം കണ്ടെത്താനായി ആർ.എൻ.എ. സീക്വൻസിംഗ് രീതിയും (ശ്രേണി നിർണയിക്കുക) ആന്റിബോഡി പരിശോധനയും നടത്തി. എസിഇ-2 സ്വീകരണിയുടെ കോഡ് വഹിക്കുന്ന എം.ആർ.എൻ.എ.യുടെ സാന്നിധ്യമാണ് പരിശോധിച്ചത്. പ്രവർത്തനക്ഷമമായ ജീൻ, പ്രോട്ടീൻ നിർമാണത്തിനുള്ള സന്ദേശം കൈമാറുന്നത് എം.ആർ.എൻ.എ. വഴിയാണ്. നിർമാണപ്രക്രിയ തുടങ്ങുന്നതിന്റെ അടയാളമാണ് എം.ആർ.എൻ.എ. സാന്നിധ്യം. കൂടാതെ ആന്റിബോഡികൾ ഉപയോഗിച്ച് എസിഇ-2 സ്വീകരണിയുടെ സാന്നിധ്യം നേരിട്ട് പരിശോധിക്കുകയും ചെയ്തു. അങ്ങനെയാണ് കണ്ടെത്തൽ നടത്തിയത്. അതിന്റെ അർത്ഥം വൈറസിന് ഒരുകൂട്ടം നാഡീ കോശങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നാണ്.

സെൻസറി ന്യുറോണുകളിൽ ആക്‌സോണുകൾ (axons) എന്നറിയപ്പെടുന്ന ദൈർഘ്യമേറിയ തന്തുക്കൾ (tendrils) ഉണ്ട്. ഇവയുടെ അഗ്രഭാഗങ്ങൾ വഴി അനുഭവവേദ്യമായ ചോദനകൾ ന്യുറോണുകൾ സ്വീകരിക്കുകയും തലച്ചോറിലേക്ക് വൈദ്യുതരാസസന്ദേശങ്ങളുടെ രൂപത്തിൽ കൈമാറുകയും ചെയ്യുന്നു. എസിഇ-2 സ്വീകരണികളുള്ള ഡി.ആർ.ജി. വിഭാഗത്തിന് മറ്റൊരു സവിശേഷ പ്രോട്ടീന്റെ ജനിതകകോഡ് ഉള്ളതായും മനസ്സിലാക്കി. എം.ആർ.ജി.പി.ആർ.ഡി. (MRGPRD- Mas-related G-protein coupled receptor member D) എന്നറിയപ്പെടുന്ന സെൻസറിപ്രോട്ടീനാണിത്. മുൻപറഞ്ഞ കോശങ്ങളിൽ നിന്ന് ഇതിന്റെ നിർമാണത്തിനുള്ള എം.ആർ.എൻ.എ. കണ്ടെത്തി. ഇപ്പറഞ്ഞ സെൻസറി പ്രോട്ടീൻ വഹിക്കുന്ന ന്യുറോണുകളുടെ അഗ്രഭാഗങ്ങൾ ശരീരപ്രതലങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. ത്വക്കിലെയും, ശ്വാസകോശമുൾപ്പെടെയുള്ള ആന്തരിക അവയവങ്ങളുടെയും, പ്രതലങ്ങളിൽ ഇവ കേന്ദ്രീകരിക്കപ്പെടുന്നു. തന്മൂലം വൈറസിന് അതുവഴി ഈ നാഡീകോശങ്ങളിൽ പ്രവേശിക്കാൻ കഴിയുമെന്ന് കരുതാം. രോഗം കഠിനമാവുന്നതും ലക്ഷണങ്ങൾ ദീർഘമായി തുടരുന്നതും നഡീകോശങ്ങളെ വൈറസ്’ ആക്രമിക്കുന്നത്’കൊണ്ടാകാനുള്ള സാധ്യതയാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. സെൻസറി ന്യൂറോണുകളിൽ വൈറസ് ബാധയുണ്ടാായാൽ, അനന്തരഫലം ദീർഘകാലം തുടരും. ശരീരത്തിൽ നിന്ന് വൈറസിനെ പുറന്തള്ളിയാലും പ്രശ്‌നങ്ങൾ തുടരുന്നു എന്നർത്ഥം.

വഴിവിട്ട പ്രതിരോധവും നാഡീകോശങ്ങളും

മുൻപറഞ്ഞ തെളിവുകൾ കൊണ്ട് മാത്രം സെൻസറി ന്യുറോണുകളെ വൈറസ് ആക്രമിക്കുന്നുവെന്ന് ഉറപ്പിക്കാനാവില്ല. വൈറസ് നേരിട്ട് ന്യുറോണുകളെ ബാധിക്കാതെ തന്നെ പ്രശ്‌നങ്ങളുണ്ടാകാവുന്നതേയുള്ളൂ. അത്തരത്തിലുള്ള സാധ്യതകളെക്കുറിച്ചും പ്രൈസും ഗവേഷകസംഘവും അന്വേഷണം നടത്തി. അതിനായി കോവിഡ് രോഗികളിൽ നിന്നും ആരോഗ്യമുള്ള വോളണ്ടിയറന്മാരിൽ നിന്നും ശേഖരിച്ച ശ്വാസകോശങ്ങളിലെ കോശങ്ങളുടെ ജനിതകശ്രേണീനിർണയപഠനം (എം. ആർ. എൻ. എ സീക്വൻസിംഗ്) നടത്തി. ഡി. ആർ. ജി. ന്യുറോണുകളുമായി പ്രതിപ്രവർത്തിക്കാൻ സധ്യതയുള്ള പ്രോട്ടീൻ തന്മാത്രകൾ രോഗബാധിതരിൽ ഉത്പാദിക്കപ്പെടുന്നുണ്ടോ എന്നറിയാനാണ് തരതമ്യപഠനം ചെയ്തത്. രോഗബാധിതരൂടെ കോശങ്ങളിൽ ധാരാളം ‘സൈറ്റോക്കൈൻ’ തന്മാത്രകൾ ഉണ്ടാവുന്നത് സ്വാഭവികമാണ്. പ്രതിരോധ സിഗ്നലുകൾ കൈമാറുന്ന പ്രോട്ടീനുകളാണിവ. ഇവയിൽ ഏതെങ്കിലും ഡി.ആർ.ജി. ന്യുറോണുകളിലെ സ്വീകരണികളുമായി പ്രതിപ്രവർത്തിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെയാണെന്നുമാണ് അറിയേണ്ടിയിരുന്നത്. ന്യൂറോപ്പതിക്ക് കാരണമാവുന്ന തന്മാത്രകളെപ്പോലെയാണ് ചില സൈറ്റോക്കൈനുകൾ പ്രവർത്തിച്ചത്. പ്രതിരോധതന്മാത്രകൾക്ക് നാഡീവ്യവസ്ഥയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണാതിനർത്ഥം. പ്രതിരോധവ്യവസ്ഥയുടെ പിടിവിട്ട പ്രവർത്തനമായ ‘സൈറ്റോക്കൈൻ സ്റ്റോം’ നാഡീസംബന്ധമായ വലിയകുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സാരം.

ന്യുറോളജിവിദഗ്ദ്ധയായ ആനി ലൂയി ‘പെയ്ൻ’ മാസികയിൽ തന്നെ പഠനം അവലോകനം ചെയ്തിട്ടുണ്ട്. മനുഷ്യകോശങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനം മികച്ചതും സ്വീകരിക്കാവുന്നതുമാണെന്ന് അവർ അഭിപ്രായപ്പെടുന്നു. പക്ഷേ വൈറസ് നാഡീകോശങ്ങളിൽ നേരിട്ട് പ്രവേശിക്കുന്നതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നതിന് ലഭ്യമായ തെളിവുകൾ മതിയാവുന്നില്ല. പക്ഷേ അത്തരമൊരു സാധ്യത നിരാകരിക്കാനുമാവില്ല. അതുപോലെതന്നെ നാഡീകോശങ്ങളോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ ഉണ്ടാവുന്ന രോഗബാധയും വീക്കവും അവയെ ബാധിക്കുന്നതാണ്. സ്ഥിരമായ കേടുപാടുകൾക്ക് ഇടവരുത്താനും സാധ്യതയുണ്ട്. വൈറസിന്റെ ആക്രമണം ന്യൂറോണുകളിൽ ഓട്ടോ ഇമ്മ്യുൺ (auto immune) പ്രതികരണം ഉണ്ടാക്കാനും സാധ്യതയുണ്ട്. മുൻപറഞ്ഞ സാദ്ധ്യതകളെല്ലാം നിലനിൽക്കുന്നു; ഏതെങ്കിലും ഒന്നു മാത്രമെന്ന് കൃത്യമായി ഇപ്പോൾ ഉറപ്പിക്കാനാവില്ലെന്ന് ആനി ലൂയി അഭിപ്രായപ്പെടുന്നു.

നാഡീകോശങ്ങളിലേക്ക് ബദൽ പ്രവേശനമാർഗ്ഗം

സർസ് കോവ്-2 വൈറസിന് കോശങ്ങളിൽ പ്രവേശിക്കാനുള്ള ഏകവഴി ഏസിഇ2 സ്വീകരണികൾ ആണെന്നാണ് ഇതുവരെ മനസ്സിലാക്കിയിയിരുന്നത്. പക്ഷേ അത് മാത്രമല്ല, ബദൽ വഴികളുണ്ടാവാമെന്ന് അരിസോണ സർവ്വകലാശാലയിലെ ന്യൂറോ-സയിന്റിസ്റ്റ് രാജേഷ് ഖന്നയും ഹെൽസിങ്കി സർവകലാശാലയിലെ വൈറോളജിസ്റ്റ് ജി. ബാലിസ്റ്റ്രെറിയും നിരീക്ഷിക്കുന്നു. ന്യൂറോപിലിൻ-1 (Neuropilin-1(NRP1)) എന്നറിയപ്പെടുന്ന ഗ്ലൈക്കോപ്രോട്ടീൻ വിഭാഗത്തിൽ പെടുന്ന സ്വീകരണി വൈറസിന്റെ കോശപ്രവേശനത്തിനുതകുന്ന ഇതരമാർഗ്ഗമായി വർത്തിക്കാക്കാമെന്ന് പഠനങ്ങൾ തെളിവ് നല്കുന്നു. നാഡീകോശങ്ങളുടെ പ്രതലസ്തരത്തിലാണിവ കാണപ്പെടുന്നത്. ന്യൂറോപിലിൻ-1 രക്തക്കുഴലുകളുടെ രൂപീകരണത്തിലും വളർച്ചയിലും ന്യൂറോണുകളിലെ ആക്‌സോൺ വളർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പരീക്ഷണശാലയിൽ സൂക്ഷിക്കുന്ന കോശസമൂഹങ്ങളിലും എലികളിലും നടത്തിയ പഠനങ്ങളാണ് ഇതിന്റെ സൂചനകൾ നൽകിയത്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനുമായി ന്യൂറോപിലിൻ-1 പ്രതിപ്രവർത്തിക്കുന്നു. കോശത്തിലേക്കുള്ള പ്രവേശനത്തിന് ഇത് ഉപയോഗിക്കുന്നു. അത് മാത്രമായി പ്രവേശനകവാടമായി വർത്തിക്കുന്നതാവണമെന്നില്ല. ഏസിഇ2 സ്വീകരണിയോടൊപ്പം ഒരു കോഫാക്ടറായി ന്യൂറോപിലിൻ-1 പ്രവർത്തിച്ച് വൈറസിന്റെ കോശപ്രവേശനം എളുപ്പത്തിലാക്കുന്നതുമാവാം. രോഗബാധ കഠിനമാവാൻ ഇത് കാരണമാവാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പഠനങ്ങൾ ‘സയൻസ്’ മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

വൈറസുെ ന്യൂറോപിലിൻ-1 സ്വീകരണിയും – വീഡിയോ കാണാം

വേദനാനുഭവും കോവിഡും

രാജേഷ് ഖന്ന ‘വേദന’ സെൻസേഷൻ ഉണ്ടാവുന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തി വരികയായിരുന്നു. signal transductors ഗണത്തിൽ പെടുന്ന വി.ഇ.ജി.എഫ്. (vascular endothelial growth factor (VEGF)) തന്മാത്രകൾക്ക് വേദന സിഗ്നലുകൾ ഉണ്ടാകുന്നതിലും കൈമാറുന്നതിലും പ്രാധാന്യമുണ്ട്. വി.ഇ.ജി.എഫ്. തന്മാത്ര ന്യൂറോപിലിൻ-1 ബൈൻഡ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിപ്രവർത്തനം വേദന സെൻസേഷനുമായി ബന്ധമുള്ള കാര്യമാണ്. വൈറസ്സിന്റെ സ്‌പൈക്ക് പ്രോട്ടീൻ ഈ പ്രവർത്തനങ്ങളി മാറ്റം വരുത്തുമോയെന്ന ചോദ്യം ഡോ ഖന്ന പഠനവിധേയമാക്കി. അതായത് വൈറസ്സിന്റെ പ്രവർത്തനം ‘വേദന’ സെൻസേഷനെ സ്വാധീനിക്കുന്നുവോയെന്ന്. എലികളിലാണ് പഠനം നടത്തിയത്. അവയ്ക്ക് ആദ്യം വി.ഇ.ജി.എഫ്. (VEGF) നല്കി. 24 മണിക്കൂറിനുള്ളിൽ എലികൾക്ക് നല്ല തോതിൽ വേദന അനുഭവപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടു. പിന്നീട് വി.ഇ.ജി.എഫ്. ഉം വൈറസ് പ്രോട്ടീനും ഒരുമിച്ച് നൽകി. അപ്പോൾ അവയ്ക്ക് വേദന സെൻസേഷൻ ഉണ്ടായില്ല അഥവാ വേദന അനുഭവപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടില്ല. സ്‌പൈക്ക് പ്രോട്ടീൻ, ന്യൂറോപിലിൻ-1 മായി പ്രതിപ്രവർത്തിക്കുമ്പോൾ ന്യൂറോൺ സിഗ്നലുകൾക്ക് മാറ്റം വരുന്നതായി ഇത് തെളിയിക്കുന്നു. ദീർഘകാലം നീണ്ടുനിൽക്കുന്ന കഠിന വേദനകളെക്കുറിച്ച് പഠിക്കാൻ നാഡീകോശങ്ങളിൽ സാരമായ പരുക്കുകളുള്ള എലികളിൽ പരീക്ഷണങ്ങൾ നടത്തി. സ്‌പൈക്ക്‌പ്രോട്ടീൻ നൽകിയപ്പോൾ മൃഗങ്ങളുടെ വേദന ഗണ്യമായി കുറഞ്ഞെന്ന് നിരീക്ഷിക്കപ്പെട്ടു. അതുകൊണ്ട് വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന് സമാനമായ ‘മരുന്ന്’ തന്മാത്രകൾ ന്യൂറോപിലിൻ-1 ബൈൻഡ് ചെയ്യാൻ പാകത്തിന് കണ്ടെത്താൻ കഴിയും. അവ പുതിയ വേദന സംഹാരികളായി ഉപയോഗിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. ക്യാൻസർ ചികിത്സയിൽ ഉപയോഗിക്കാനായി ഇത്തരം തന്മാത്രകൾ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അങ്ങനെ കോവിഡ് മഹാമാരി ക്യാൻസർപോലെ അതിവേദന ഉണ്ടാക്കുന്ന രോഗങ്ങളുടെ ചികിത്സയിൽ പുതിയ ഗവേഷണത്തിനുള്ള മറ്റൊരു അവസരം തുറക്കുകയാണെന്ന് പറയാം.

പഠനങ്ങളുടെ വെളിച്ചത്തിൽ ഡോ ഖന്ന അല്പംകൂടെ ‘പ്രകോപനപരമായ’ പരികല്പന മുന്നോട്ട് വയ്ക്കുന്നു. ഇത് കൗതുകകരമെങ്കിലും ഇതുവരെ പരിശോധിക്കപ്പെടാത്ത ഹൈപ്പോത്തീസിസ് ആണ്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീൻ, ന്യൂറോപിലിൻ-1 സ്വീകരണിയുമായി പ്രതിപ്രവർത്തിക്കുമ്പോൾ മനുഷ്യരിലെ ‘നോസിസെപ്‌റ്റേർസ്’ എന്ന ന്യുറോൺ വിഭാഗത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന് ഖന്ന അഭിപ്രായപ്പെടുന്നു. രോഗാണുബാധയുടെ തുടക്കത്തിൽ തന്നെ വേദനയും മറ്റ് അസ്വസ്ഥതകളും കൃത്യമായി അനുഭവപ്പെടാതിരിക്കാനും ഇത് കാരണമാവാം. അനസ്‌തേഷ്യപോലുള്ള പ്രഭാവം രോഗിയിൽ തുടക്കത്തിൽ തന്നെ ഉണ്ടായേക്കാം. അങ്ങനെ വൈറസ് വേഗത്തിൽ പെരുകാനും പടരാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നു. മറ്റ് വിദഗ്ദ്ധർ ഇങ്ങനെയൊരു സാധ്യത നിരാകരിക്കുന്നില്ല. മനുഷ്യരിലെ പ്രതിരോധ സംവിധാനങ്ങൾ നിശ്ശബ്ദമാക്കുന്ന തരത്തിലുള്ള ചില രോഗാവസ്ഥകൾ ഉണ്ടെന്നത് വസ്തുതയാണ്. പക്ഷേ മുൻപറഞ്ഞ സിദ്ധാന്തപ്രകാരം കോവിഡ് രോഗബാധ മനുഷ്യരിൽ ഇത്തരമവസ്ഥ സൃഷ്ടിക്കുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലബോറട്ടറി പരീക്ഷണങ്ങളിൽ എലികളിൽ വലിയ അളവിൽ വൈറസ് പ്രോട്ടീൻ നൽകിയപ്പോഴാണ് വേദനരഹിതമായ അവസ്ഥ ഉളവായത്. വൈറസ് മൊത്തമായി അല്ല, അതിന്റെ ഒരുഭാഗം വലിയ അളവിൽ നല്‍കുകയാണ് ചെയ്തത്. തന്നെയുമല്ല മനുഷ്യരിൽ അല്ല പരീക്ഷണം നടത്തിയത്. സ്വാഭാവിക വൈറസ് ബാധ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമോ എന്നതിന് ഇതുവരെ കൃത്യമായ തെളിവുകൾ ഇല്ല.

പക്ഷേ ഒരു ചെറിയ വിഭാഗം രോഗികളിൽ ‘സൈലെന്റ് ഹൈപോക്‌സിയ’, ‘ഹാപ്പി ഹൈപോക്‌സിയ’ എന്നൊക്കെ വിളിക്കപ്പെടുന്ന അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് അസ്വസ്ഥതകൾ ഇല്ലാതെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞ് പോകുന്നതാണിത്. രോഗബാധമൂലം ശ്വാസകോശങ്ങൾക്ക് ഓക്‌സിജൻ സ്വീകരിക്കാനുള്ള കഴിവ് കുറയുമെന്നർത്ഥം. അത്‌പോലെ തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്ന് കൗതുകകരമായ ഒരു ‘കേസ് സ്റ്റഡി’ ഉണ്ട്. 49-കാരനായ റാവേ പ്രിറ്റോറിയസ് ആണ് രോഗി. 2011-ൽ വാഹനാപകടത്തിൽ ഇയാൾക്ക് നട്ടെല്ലിന് പരിക്കേൽക്കുകയും നാഡികൾക്ക് വ്യാപകമായ ക്ഷതം സംഭവിക്കയും ചെയ്തു. സ്ഥിരമായ കാലുകളിൽ പൊള്ളുന്ന വേദന അലട്ടുന്നതുമൂലം ശരിയായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.

2020 ജൂലായിൽ ഇദ്ദേഹത്തിന് ജോലിസ്ഥലത്തുനിന്ന് രോഗം ബാധിച്ചു. കോവിഡ് രോഗാവസ്ഥയിൽ സ്ഥിരം അനുഭവിച്ചിരുന്ന വേദനയ്ക്ക് നല്ല തോതിൽ ശമനം ലഭിച്ചു. പലപ്പോഴും വേദന പൂർണ്ണമായി മാറിയ അനുഭവമുണ്ടായി. രാത്രിയിൽ ശരിയായ ഉറക്കം ലഭിച്ചു. ചെറിയ തളർച്ചയും തലവേദനയും ഉണ്ടായിരുന്നെങ്കിലും തനിക്ക് കോവിഡ് അവസ്ഥ കുറെക്കൂടി സുഖകരമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. രോഗം മാറിയശേഷം അദ്ദേഹത്തിന്റെ ന്യൂറപ്പതിമൂലമുള്ള പ്രശ്‌നങ്ങൾ പഴയപോലെ തിരികെയെത്തി. തീർച്ചയായും ഗവേഷണങ്ങൾ തുടരേണ്ട ആവശ്യകതയിലേക്കാണ് ഈ കേസ് വിരൽ ചൂണ്ടൂന്നത്

എന്തായാലും കോവിഡ്-19 നാഡീവ്യവസ്ഥയെ ബാധിക്കുന്നുവെന്ന കാര്യം ഉറപ്പാണ്; നല്ലതിനായാലും കുഴപ്പങ്ങൾക്കായാലും. നാഡീകോശങ്ങളെ വൈറസ് നേരിട്ട് ആക്രമിക്കുന്നുവോ എന്നത് ഇപ്പോഴും വ്യക്തമല്ല. അതിനുള്ള സാധ്യത നിലനില്ക്കുന്നുവെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. എങ്ങനെയായാലും നാഡീകോശങ്ങളിൽ വലിയ കുഴപ്പങ്ങൾ കോവിഡ് കാരണമാവുന്നുവെന്ന് സുവ്യക്തം.


അധികവായനയ്ക്ക്

  1. ACE2 and SCARF expression in human dorsal root ganglion nociceptors: implications for SARS-CoV-2 virus neurological effects, Shiers, Stephanie; Ray, Pradipta R.; Wangzhou, Andi; Sankaranarayanan, Ishwarya; Tatsui, Claudio Esteves; Rhines, Laurence D.; Li, Yan; Uhelski, Megan L.; Dougherty, Patrick M.; Price, Theodore J., PAIN. 161(11):2494-2501, November 2020.
  2. Clinical significance of angiotensin-converting enzyme 2 receptors for severe acute respiratory syndrome coronavirus 2 (COVID-19) on peripheral small-fiber sensory neurons is unknown today, Oaklander, Anne Louise PAIN. 161(11):2431-2433, November 2020.
  3. Neuropilin-1: Second Pathway Into Cells for SARS-Cov-2 Could Speed Vaccine Research, Rajesh Khanna and Aubin Moutal, The Conversation, https://theconversation.com/a-second-pathway-into-cells-for-sars-cov-2-new-understanding-of-the-neuropilin-1-protein-could-speed-vaccine-research-148497
  4. Neuropilin-1 facilitates SARS-CoV-2 cell entry and infectivity, Giuseppe Balistreri, Mikael Simons et. al., Science 13 Nov 2020:, Vol. 370, Issue 6518, pp. 856-860
  5. Spectrum of Neurological Manifestations in Covid-19: A Review, Ravindra K Garg : 2020, Volume : 68, Issue : 3, Page : 560-572

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൃഷിയിടങ്ങള്‍ കോർപ്പറേറ്റ് വിളനിലമാവുമ്പോൾ
Next post മഹാമാരിയെക്കുറിച്ചൊരു വെളിപാടുപുസ്തകം
Close