Read Time:10 Minute

പേഡ് കാസ്റ്റ് കേൾക്കാം

പ്രിയ സുഹൃത്തേ ,

ചാരുകസേരയിൽ കിടന്നു കേൾക്കാവുന്ന ഒരു പോഡ്കാസ്റ്റ് അല്ല ഇത് .നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ സമരം ചെയ്യുന്ന കർഷകർ കടന്നുപോകുന്ന ദുരിതം നിങ്ങളുടെ മന:സ്സാക്ഷിയെ ഉലയ്ക്കാതെ നിവൃത്തിയില്ല . പതിനെട്ടുകിലോമീറ്റർ നീളത്തിലാണ് ഡൽഹി -ഹരിയാന അതിർത്തിയിലെ സമരരംഗം .

ഈ കടും ശൈത്യത്തിൽ , മഴയിൽ , സമരം ചെയ്യുന്ന പതിനായിരങ്ങളിൽ 40 ശതമാനം സ്ത്രീകളാണ്. ഉറങ്ങാൻ , ടോയ്‌ലെറ്റിൽ പോകാൻ , സൗകര്യങ്ങളിലല്ല ….ട്രാക്ടർ ആണ് ഭവനം . വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ പോകുന്നു..അൻപതുപേർ ഇതിനോടകം മരിച്ചുകഴിഞ്ഞു . അതിർത്തിയിൽ 24 ബാരിക്കേഡുകൾ….ആംബുലൻസുകൾക്ക് പോകാൻപോലും വഴി തുറക്കില്ല…സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ സമരം.

ജൻ സ്വാസ്ഥ്യ അഭിയാൻ സമരഭൂമിയിൽ നടത്തിയ സർവ്വേയുടെ കണ്ടെത്തലുകൾ പൊതുജനാരോഗ്യ പ്രവർത്തകനായ വി ആർ രാമൻ വിശദീകരിക്കുന്നു. ഓരോ ഇന്ത്യാക്കാരും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ്

സ്നേഹപൂർവ്വം,

എസ് . ഗോപാലകൃഷ്ണൻ, ദില്ലി ദാലി

ഡൽഹി , 08 ജനുവരി 2021

പേഡ് കാസ്റ്റ് കേൾക്കാം


ജൻ സ്വാസ്ഥ്യ അഭിയാന്റെ സർവ്വേ റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാം

റിപ്പോർട്ടിന്റെ സംഗ്രഹം

കേന്ദ്രഗവൺമെന്റ് പുതുതായി പുറത്തിറക്കായ കർഷക നിയമം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് നാന്ദി കുറിച്ചിരിക്കുകയാണ്. 2020 ജൂൺ മാസത്തിൽ പാസ്സാക്കിയ കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കർഷകർ സമരം ചെയ്യുകയാണ്. ഹരിയാനയിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും ഡെൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ തലസ്ഥാനനഗരിയിലേക്ക് കടത്തിവിടാൻ പോലും കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ല. രാജസ്ഥാനിൽ നിന്നുള്ള കർഷകരെ ഹരിയാനയിലേക്ക് കടക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതിനാൽ ഡൽഹിയിൽ നിന്ന് 50 കി.മീറ്ററിലധികം അകലെയുള്ള ഷാജഹാൻപൂരിലും പൽവാലിയിലുമാണ് അവർ സമരം ചെയ്യുന്നത്. സമരം ഒരു മാസം പിന്നിടുമ്പോൾ റോഡിലിറങ്ങിയ ആയിരക്കണക്കിന് മനുഷ്യർക്ക് ഏറ്റവും കുറഞ്ഞത് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ആരോഗ്യ രംഗത്ത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ജന സ്വാസ്ത്യ അഭിയാൻ കർഷക സമരത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ പറ്റി നടത്തിയ സർവേ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ വളരെ പ്രധാന്യം അർഹിക്കുന്നുണ്ട്. ശുദ്ധജലം മുതൽ സാനിറ്റേഷൻ വരെ വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020 ഡിസംബർ 19 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ നടത്തിയ റാപിഡ് സർവേയിൽ സിങ്കു, ടിക്രി, ഷാജഹാൻപൂർ, ഗാസിപൂർ, പൽവാൽ തുടങ്ങിയ സമര കേന്ദ്രങ്ങളിൽ നിന്നുള്ള 201 പേരുടെ പ്രതികരണങ്ങളിൽ നിന്നുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡെൽഹി, ഉത്തർ പ്രദേശ് അടക്കം 14 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സർവേയിൽ ഉൾപ്പെടുന്നു. ഇവരിൽ 11 % സ്ത്രീകളാണ്. മാത്രമല്ല, റിട്ടയേർഡ് എംപ്ലോയീസടക്കം മറ്റ് പല മേഖലകളിൽ നിന്നുള്ള 17% പേരും സർവേയുടെ ഭാഗമായി.

പലരും സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ എത്തിയവരല്ല. എങ്കിലും ആഴ്ചകളായി കുടുംബത്തോടൊപ്പം സമരത്തിൽ പങ്കെടുക്കുന്ന കർഷകരുണ്ട്. എല്ലാ സമര കേന്ദ്രങ്ങളിലും അവർ നേരിടുന്ന വെല്ലുവിളി കുടിവെള്ളത്തിന്റെ ദൗർലഭ്യതയാണ്. പൽവാലിലും ഗാസിപൂരിലും വാട്ടർ ടാങ്കുകൾ ഉപയോഗിക്കാൻ ഗവൺമെന്റ് അനുവദിച്ചതൊഴിച്ചാൽ മറ്റെല്ലായിടത്തും സമരക്കാർ കുടിവെള്ളം പണം കൊടുത്ത് വാങ്ങുകയോ സിവിൽ സംഘടനകളുടെ സഹകരണത്തോടെ ലഭ്യമാക്കുകയോ ആണ് ചെയ്യുന്നത്. വളണ്ടിയർമാർ വെള്ളമെത്തിക്കാത്തിടത്തെല്ലാം കുടിവെള്ളത്തിന്റെ ഭൗർലഭ്യം കൂടുതലാണ്. 70% ത്തോളം ജലലഭ്യത ഉറപ്പാക്കുന്നത് വളണ്ടിയർമാരാണ്. മാത്രമല്ല, മറ്റാവശ്യങ്ങൾക്കുള്ള ജലം നാട്ടുക്കാരുടെ സഹായത്തോടെയാണ് ലഭ്യമാക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കുളിക്കാറുള്ളതെന്ന് രാവും പകലും റോഡിലിരുന്ന സമരം ചെയ്യുന്ന കർഷകർ പറയുന്നു.

മൊബൈൽ ടോയ്ലറ്റുകളുടെ അപര്യാപ്തയടക്കം അടിസ്ഥാന ആവശ്യങ്ങൾ പോലും സാധിക്കാൻ കഴിയാത്തവരാണ് മിക്കവരും. 57% പേരും തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തേണ്ടിവരുന്നവരാണ്. ഇക്കാര്യത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്. ശുചിമുറികളുടെ അപര്യാപ്ത മറിക്കടക്കാൻ അവർ ഭക്ഷണവും വെള്ളവും കഴിക്കുന്നത് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ആർത്തവസമയത്ത് ആവശ്യമായ പാഡുകൾ കിട്ടാനില്ല. മാത്രമല്ല, സാനിറ്ററി പാഡുകൾ ഉപയോഗ ശേഷം റോഡരികിൽ കളയുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല.

സമരം നടക്കുന്ന ഒട്ടുമിക്ക കേന്ദ്രങ്ങളിലും മാലിന്യം എടുത്തു ക്കൊണ്ടുപോകുന്നത് സിവിൽ സൊസൈറ്റി സംഘടനകളാണ്. ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ സഹായങ്ങളും ഉണ്ടാകുന്നില്ല. സർവേ റിപ്പോർട്ട് പ്രകാരം ദിവസേന മാലിന്യം എടുത്തു ക്കൊണ്ടുപോകുന്ന സമര കേന്ദ്രങ്ങൾ കുറവാണ്. 23.6 % പേർ മാത്രമാണ് മാലിന്യം എടുത്തുക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. അത് ഷാജഹാൻപൂർ പോലുള്ള പ്രദേശങ്ങളിലാണ്. സിവിൽ ഓർഗനൈസേഷനുകൾ തീരെ കുറഞ്ഞ സിങ്കുവിലും ടിക്രിയിലും മാലിന്യം കൂമ്പാരമായാണ് കിടക്കുന്നത്. മാത്രമല്ല, സമര കേന്ദ്രങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കുന്ന പ്രശ്നങ്ങളും രൂക്ഷമാണ്. ഡ്രൈനേജുകളുടെ അഭാവത്തിനു പുറമെ മൊബൈൽ ടോയ്ലറ്റുകൾ വെള്ളത്തിൽ മുങ്ങി കെട്ടിക്കിടക്കുന്നതടക്കം മലിന ജലം ഉണ്ടാക്കുന്ന ശുചിത്വ പ്രശ്നങ്ങളും ഏറെയാണ്. കൊതുകുകളുടെയും മറ്റും പ്രജനന ഉറവിടങ്ങളായും ഈ വെള്ളക്കെട്ടുകൾ മാറുന്നു.

ഡിസംബറിന്റെ അതിശൈത്യത്തിലും തെരുവിലിറങ്ങി , ഭക്ഷണവും വെള്ളവും ഗൗനിക്കാതെ സമരം ചെയ്യുന്നവരിൽ 14 ശതമാനത്തിലധികവും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 49 നും 65 നും ഇടയിൽ പ്രായമുള്ള 26 ശതമാനവും. ഇവരിൽ അഞ്ചിൽ നാലു പേർക്കും ഉത്തരേന്ത്യയുടെ അതിശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങളില്ല. തുറന്ന ആകാശത്ത് തണുപ്പിലാണ് അവർ രാത്രി കിടന്നുറങ്ങുന്നത്.
അമ്പതിലധികം വരുന്ന കർഷകർ ഇക്കാലയളവിൽ തന്നെ സമരത്തിനിടയിൽ മരണപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഗവൺമെന്റ് സമരം ചെയ്യുന്നവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും സൗകര്യം ഒരുക്കിക്കൊടുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
സിങ്കു അതിർത്തിയിൽ ഡെൽഹി ഗവൺമെന്റ് കുറച്ച് മൊബൈൽ ടോയ് ലറ്റുകൾ സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊരു സംസ്ഥാന ഗവൺമെന്റുകളും പറയത്തക്ക സഹായങ്ങൾ ഒന്നും ചെയ്യുന്നില്ല. മറിച്ച് എണ്ണമറ്റ സുരക്ഷഭടൻമാരും വലിയ ബാരിക്കേഡുകളുമാണ് ഹരിയാന ഗവൺമെന്റടക്കം സജ്ജമാക്കിയിരിക്കുന്നത്.

ആയിരക്കണക്കിന് കർഷകർ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി സമരം ചെയ്യുമ്പോൾ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടത് രാജ്യം ഭരിക്കുന്ന ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ്. അതുറപ്പാക്കിയില്ലെങ്കിൽ ഇനിയും ഒരുപാട് കർഷകരുടെ ജീവിതം ദുരിതത്തിലാവും.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആൽഫ്രഡ് റസ്സൽ വാലസും പരിണാമസിദ്ധാന്തവും
Next post ഉരുളക്കിഴങ്ങിന്റെ ചരിത്രം, മനുഷ്യന്റെയും
Close