പരിണാമവൃക്ഷം
ലൂക്കയുടെ സന്തതികൾ
“ഈഫൽ ഗോപുരം ഈ ഭൂമിയുടെ മൊത്തം കാലയളവ് ആണെന്ന് സങ്കൽപ്പിക്കൂ. അതിൻ്റെ ഏറ്റവും മുകളിൽ ഉള്ള ഇത്തിരി പോന്ന പെയിന്റിന്റെ വട്ടമാണ് മനുഷ്യൻ. ആ പെയിന്റിന്റെ വട്ടം അവിടെ എത്തിക്കാനായിട്ടാണ് ഗോപുരം കെട്ടിപ്പൊക്കിയതെന്ന് അറിയാത്തവരാരെങ്കിലുമുണ്ടോ ഈ ഭൂലോകത്ത്?
മനുഷ്യനിലേക്ക് എത്തിപ്പെടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സൃഷ്ടിയും പരിണാമവുമൊക്കെ എന്ന ധാരണയെ സ്വതസിദ്ധമായ രീതിയിൽ മാർക്ക് ട്വെയിൻ പരിഹസിക്കുന്നതാണ് മുകളിൽ. ഡാർവിന്റെ “സ്പീഷീസുകളുടെ ഉത്ഭവം” പ്രസിദ്ധീകരിക്കുന്നതിനു മുൻപുണ്ടായിരുന്ന സങ്കൽപ്പം സൃഷ്ടിയായാലും പരിണാമമായാലും ക്രമത്തിൽ മനുഷ്യനിലേക്ക് ചവിട്ടിക്കയറുന്ന ഒരു കോണി എന്നതായിരുന്നു
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിന്റെ സ്വാഭാവിക കോണി (Scala Naturae, “Natural Ladder”) എന്ന സങ്കൽപ്പത്തിൽ അചേതന പദാർത്ഥങ്ങളിൽ നിന്ന് തുടങ്ങി സസ്യങ്ങളും പിന്നെ മൃഗങ്ങളും കഴിഞ്ഞ് മനുഷ്യലെത്തുന്ന പുരോഗതിയാണ് കാണാൻ കഴിയുക. ഈ ആശയമാണ് മധ്യകാല യൂറോപ്പിലെ കൃസ്ത്യൻ ദൈവശാസ്ത്രത്തിലും ഇന്ത്യയിലെ ദശാവതാര സങ്കൽപ്പത്തിലുമൊക്കെ അടങ്ങിയിരിക്കുന്നത്.
ഡാർവിന്റെ പരിണാമ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതിനു ശേഷവും ഏറെ നാൾ ഈ കോണി സങ്കൽപ്പം നില നിന്നിരുന്നു. എന്നാൽ ചവിട്ടിക്കയറുന്ന കോണിക്ക് പകരം പല ശാഖകളുള്ള ചെടിയായിട്ടാണ് ഡാർവിൻ പരിണാമത്തെ കണ്ടത്. ‘സ്പീഷീസുകളുടെ ഉത്ഭവ’ത്തിൻ്റെ ആദ്യ എഡിഷനിൽ ആകെയുള്ള ഒരു ചിത്രം ഇതാണ്
വൃക്ഷമായാലും ചെടിയായാലും അതിന്റെ ഓരോ ശാഖയുടേയും അറ്റത്ത് ഇന്നുള്ള ജീവികളായിരിക്കും. അവ ഒരോന്നും ഒരേ സമയമെടുത്ത് എല്ലാവരുടേയും പൊതുപൂർവികനായ ലൂക്കയിൽ നിന്ന് പരിണമിച്ചുണ്ടായതാണ്. ഒന്ന് ഒന്നിനേക്കാൾ മെച്ചമെന്ന് അവകാശപ്പെടാനില്ല. ഓരോന്നും അവയുടെ പ്രകൃതിദത്തമായ ഇടത്തിന് അനുയോജ്യമായ രീതിയിൽ പരിണമിച്ചിരിക്കുന്നു എന്നു മാത്രം.
അടുത്തടുത്തുള്ള ശാഖകളിലുള്ളവർക്ക് കൂടുതൽ അടുത്ത കാലത്ത് ജീവിച്ചിരുന്ന ഒരു പൊതുപൂർവികൻ ഉണ്ടായിരിക്കും. അന്തിമമായി എല്ലാ ശാഖകളും പിന്നോട്ട് പോയാൽ ഒരു പൊതുപൂർവികയിൽ എത്തിച്ചേരും. ഇന്നുള്ള എല്ലാ ജീവികളുടേയും അവസാന പൊതു പൂർവിക – അതായത് ലൂക്ക (LUCA – Last Universal Common Ancestor).
ലൂക്ക സയൻസ് പോർട്ടൽ 2022 നെ സ്വാഗതം ചെയ്തുകൊണ്ട് സമർപ്പിക്കുന്ന പരിണാമ വൃക്ഷം ലൂക്കയെന്ന പൊതുപൂർവികയിൽ നിന്നു തന്നെ തുടങ്ങുന്നു. ചിത്രത്തിൽ മിക്ക ശിഖരങ്ങളുടെയും അറ്റത്തുള്ളത് ഇന്നുള്ള ജീവികളാണ്. അവ തമ്മിലുള്ള ബന്ധങ്ങൾ അതിൽ കാണാവുന്നതാണ്. ഉദാഹരണത്തിന് ഒരു കൊമ്പിൽ നിന്നുള്ള രണ്ടു ശാഖകളിലാണ് മനുഷ്യനും നമ്മുടെ ഏറ്റവുമടുത്ത ജീവിച്ചിരിക്കുന്ന കസിനായ ചിമ്പാൻസിയും. അതു പോലെ തിമിംഗലത്തിന്റെ ഏറ്റവും അടുത്ത ബന്ധു ഒരേ കൊമ്പിന്റെ മറ്റൊരു ശാഖയിലുള്ള ഹിപ്പൊപ്പൊട്ടാമസ് (നീർക്കുതിര) ആണെന്നു കാണാം. ചിത്രത്തിലെ വൃക്ഷത്തിന്റെ ചില ശാഖകളുടെ അറ്റത്തുള്ള ജീവികൾ ഇന്ന് ജീവിച്ചിരിക്കുന്നില്ല. അങ്ങിനെയുള്ള ജീവികളുടെ പേരിനോടൊപ്പം E (Extinct അല്ലെങ്കിൽ വംശനാശം എന്നതിന്) എന്ന് എഴുതിച്ചേർത്തിർക്കുന്നു. ഉദാഹരണത്തിന് അടുത്തടുത്തായി Tiktaalik, acanthostega എന്നിനി വംശനാശം വന്ന് ജീവികളെ കാണാം. മത്സ്യങ്ങളിൽ നിന്ന് നാൽക്കാലികളായ ജീവികൾ ഉണ്ടാവുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നവയാണിവ.
ഫോസ്സിൽ പഠനങ്ങളും, താരതമ്യ ശരീരശാസ്ത്രവും വഴിയാണ് ഇന്നുള്ള ജീവികളുടെ പൂർവികരെ പറ്റിയുള്ള അറിവുകൾ അധികവും നേടിയിരുന്നത്. ഇവയ്ക്കു പുറമേ ഇന്ന് ജിനോമിക പഠനങ്ങൾ വംശവൃക്ഷങ്ങൾ കൂടുതൽ കൃത്യതയോടെ നിർമ്മിക്കാൻ നമ്മെ സഹായിക്കുന്നു.
പരിണാമവ്യക്ഷം പ്രിന്റ് ചെയ്യാവുന്ന വലിയ ഫയൽ ഡൗൺലോഡ് ചെയ്യാം
അനുബന്ധ ലേഖനങ്ങൾ
- ലൂക്ക – ജീവവ്യക്ഷത്തിന്റെ സുവിശേഷം
- ജീവനുമുമ്പുള്ള ആദിമഭൂമിയില്‍ ജീവന്റെ അക്ഷരങ്ങള്‍ എങ്ങനെ രൂപപ്പെട്ടു?
- വൈറസുകളുടെ ഉല്പത്തിയും പരിണാമവും
- ഭൂമിയുടെ ചരിത്രത്തിന്റെ സമയപ്പട്ടിക
- ഭൂമിയില്‍ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു ?
- പരിണാമചരിത്രത്തിലെ അത്ഭുതപ്രവചനം
- ലൂസിയുടെ മക്കള്‍ -മനുഷ്യപൂര്‍വ്വികരുടെ ചരിത്രം
- തന്മാത്രാ ജീവശാസ്ത്രം നല്‍കുന്ന തെളിവുകള്‍
- ലൂസിയും ആർഡിയും – രണ്ടുപൂർവ്വനാരികളുടെ കഥ
- ജ്യോതിര്‍ജീവശാസ്ത്രം
- പരിണാമത്തെ അട്ടിമറിച്ചവര്‍
- പരിണാമം: ചില മിഥ്യാധാരണകൾ
- പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!