Read Time:7 Minute

ഡോ.എസ്.ശ്രീകുമാർ

ജീവജാതികളുടെ പരിണാമം ഭൂമിയുടെ മാറ്റവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നു.

അവസാദശിലകളുടെയും (sedimentary rocks) അതിലടങ്ങിയിരിക്കുന്ന ജീവാവശിഷ്ടങ്ങളുടെയും (ഫോസിലുകൾ) പഠനങ്ങളെ ആസ്പദമാക്കിയാണ് ഭൂവിജ്ഞാനീയ കാലക്രമം രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം ഭൂമിയുടെ ചരിത്രം മൂന്ന് പ്രധാന കല്പങ്ങൾ (eras) ആയി വിഭജിച്ചിട്ടുണ്ട്. ഇവയെ വീണ്ടും മഹായുഗങ്ങളായും (periods) യുഗങ്ങളായും (epochs) തിരിച്ചിട്ടുണ്ട്.

പ്രീ കേമ്പ്രിയൻ കാലഘട്ടം

കേംബ്രിയൻ കാലഘട്ടത്തിനു മുമ്പുള്ള കാലഘട്ടത്തെ പുനർനിർമ്മിക്കുന്ന ഡയോറമയിൽ നിന്നുള്ള ഒരു കണവയുടെ മാതൃക കടപ്പാട്: വിക്കിപീഡിയ

കാലക്രമത്തിലെ വിവിധ കല്പങ്ങൾ വേർതിരിച്ചിരിക്കുന്നത് ഭൗമോപരിതലത്തിൽ ഉണ്ടായിട്ടുള്ള സുപ്രധാനമായ ഭൗമപ്രതിഭാസങ്ങളുടെയും ജീവപരിണാമത്തിന്റെയും അടിസ്ഥാനത്തിലാണ്. മാറ്റങ്ങളെ അടിസ്ഥാനമാക്കി മൂന്ന് കല്പങ്ങൾ ഉണ്ട്. പാലിയോസോയിക് (Paleozoic), മീസോസോയിക് (Mesozoic), സിനോസോയിക് (Sinosoic) എന്നിവയാണ് അവ.

പാലിയോ സോയിക്കിന് മുമ്പിലുള്ള കാല ഘട്ടത്തെ പ്രീ കേമ്പ്രിയൻ എന്ന് വിശേഷിപ്പിക്കുന്നു. ഭൂമിയുടെ പ്രായം 4500 മില്യൻ വർഷം എന്നാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയുടെ ഉത്ഭവം മുതൽ 550 മില്യൻ വർഷങ്ങൾ വരെയുള്ള കാലഘട്ടത്തെയാണ് പ്രീ കേമ്പ്രിയൻ (Pre Cambrian) എന്ന് വിശേഷിപ്പിക്കുന്നത്. ബാക്ടീരിയ, ആൽഗകൾ എന്നിവ ഈ കാലയളവിൽ ജീവിച്ചിരുന്നതായി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

പാലിയോസോയിക് കല്പം 550 മില്യൻ വർഷം മുമ്പ് ആരംഭിച്ച് 245 മില്യൻ വർഷം വരെ നീണ്ടുനില്ക്കുന്നു. ഇതിനെ ആറു മഹായുഗങ്ങളായി വിഭജിച്ചിട്ടുണ്ട് – കേമ്പിയൻ, ഓർഡോവിഷ്യൻ, സൈലൂറിയൻ, ഡിവോണിയൻ, കാർബോണി ഫറസ്, പെർമിയൻ. കേമ്പ്രിയൻ മുതൽ ഡിവോണിയൻ വരെയുള്ള കാലത്ത് സസ്യങ്ങളും ജന്തുക്കളും പല വിഭാഗങ്ങളായി മാറിയിരുന്നു. പുഷ്പിക്കാത്ത സസ്യങ്ങൾ, വൻകാടുകൾ, ആദ്യത്തെ ഉരഗങ്ങൾ, ഉഭയജീവികൾ എന്നിവ പ്രബലമായി നിലനിന്നിരുന്നു. ഇന്ത്യയിലെ വിന്ധ്യപർവതനിരകൾ, വ്യാപകമായ കൽക്കരി നിക്ഷേപങ്ങൾ എന്നിവ ഉണ്ടായത് ഈ കാലഘട്ടത്തിലാണ്. ആൻഡിസ്, ആൽപ്സ് പർവ്വതനിരകൾ രൂപപ്പെട്ടതും പാലിയോസോയിക് കല്പത്തിന്റെ അവസാനകാലത്താണ്.

ജന്തുക്കളുടെ സുവർണകാലഘട്ടം

245 മില്യൻ വർഷം മുമ്പ് ആരംഭിച്ച് 65 മില്യൻ വർഷങ്ങൾകൊണ്ട് അവസാനിക്കുന്നതാണ് മീസോ സോയിക് കല്പം. ട്രയാസിക്, ജുറാസിക്, ക്രട്ടേഷ്യസ് എന്നീ മഹായുഗങ്ങളായി ഇത് വിഭജിച്ചിട്ടുണ്ട്. പാലിയോസോയിക്കിന്റെ ആരംഭത്തിൽ ഉരഗങ്ങളുടെ ഉയർച്ചയും വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കല്പത്തിന്റെ അവസാനത്തോടുകൂടി ഉരഗങ്ങളുടെ വ്യാപകമായ വംശനാശവുമുണ്ടായി.

ട്രയാസിക് കാലത്തെ സസ്തനി (mammal) കളുടെ ആദിമ ഗ്രൂപ്പായ മുട്ടയിടുന്ന സസ്തനികളുടെ ആദ്യഫോസിലുകൾ ഭൂവിജ്ഞാനീയ ശേഖരങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മീസോസോയിക് കാലം സസ്തനികളുടെ കാലം എന്നാണ് അറിയപ്പെടുന്നത്. പക്ഷികളും സഞ്ചിമൃഗങ്ങളും ഈ കാലയളവിലാണ് പ്രത്യക്ഷപ്പെട്ടത്. ഡൈനോസോറുകൾ ഭൂമി അടക്കിവാണത് ഈ കാലഘട്ടത്തിലാണ്. കട്ടേഷ്യസ് മഹായുഗത്തിന്റെ അവസാനത്തോടുകൂടി ഡൈനോസോറുകളും അട്ടപോലെ ചുരുണ്ട രൂപമുള്ള അമണോയിറ്റുകളും കൂട്ടത്തോടെ നശിച്ചു.

ആധുനികമനുഷ്യന്റെ പിറവി

65 മില്യൻ വർഷം മുതൽ ഇന്നുവരെയുള്ള കാലഘട്ടത്തെ സിനോസോയിക് കല്പത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 65 മില്യൻ വർഷം മുതൽ 1.8 മില്യൻ വരെ ടെർഷ്യറി മഹായുഗമെന്നും ബാക്കി ഇന്നുവരെയുള്ള കാലഘട്ടത്തെ ക്വാർട്ടർനറി മഹായുഗം എന്നും വിശേഷിപ്പിക്കുന്നു. ഹിമാലയൻ പർവതനിരകൾ ഉയർന്നുപൊങ്ങിയത് സിനോസോയിക്കിന്റെ ആദ്യ കാലത്താണ്. കാലാവസ്ഥാമാറ്റവും വൻകരകളുടെ സ്ഥാനചലനങ്ങളും ടെർഷ്യറി മഹായുഗത്തിലാണ് നടന്നത്. കുതിര, ഒട്ടകം, ആന എന്നിവയുടെ പരിണാമഘട്ടങ്ങൾ ഈ കാലത്തെ ഫോസിൽ ശേഖരത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ക്വാർട്ടർനറി കാലഘട്ടത്തിൽ (1.8 മില്യൻ വർഷം മുമ്പ് മാത്രമാണ് ആധുനിക മനുഷ്യൻ പിറവിയെടുക്കുന്നത്.

നിരന്തരമായ പരിണാമങ്ങളിലൂടെയാണ് ഭൂമി ഇന്നത്തെ സ്ഥിതിയിൽ എത്തിയിട്ടുള്ളത്. ഇന്ന് ഭൂവിഭവങ്ങളെയും പ്രകൃതിയെയും ഭൂമിയെത്തന്നെയും സ്വാധീനിക്കുന്ന തരത്തിൽ മനുഷ്യ ഇടപെടലുകൾ എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോഴുള്ള ഈ കാലഘട്ടത്തെ ആന്ത്രോപോസിൻ യുഗം എന്ന് വിശേഷിപ്പിച്ചു വരുന്നു.

ഭൂമിയുടെ പിറവിതൊട്ട് ഇന്നുവരെയുള്ള 4500 മില്യൻ വർഷങ്ങളെ ഒരു ഘടികാരത്തിലെ 12 മണിക്കൂറുകളായി താരതമ്യപ്പെടുത്തിയാൽ മനുഷ്യന്റെ ആദ്യ പൂർവികൻ (ഹോമിനിഡുകൾ) പ്രത്യക്ഷപ്പെട്ടത് വെറും അരമിനിറ്റ് മാത്രം ബാക്കിയിരിക്കെയാണ്. മാനവനാഗരികതകൾ പ്രത്യക്ഷപ്പെട്ടത് സെക്കന്റിന്റെ പത്തിലൊന്ന് സമയം മാത്രം ബാക്കിയിരിക്കെയാണ്.

മെയ് 2018 ലെ ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്

മറ്റു ലേഖനങ്ങൾ

 

 

 

Happy
Happy
20 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
20 %
Surprise
Surprise
20 %

Leave a Reply

Previous post ലൂക്ക പുതുവർഷ സമ്മാനപ്പെട്ടി – പ്രിഓർഡർ ചെയ്യാം
Next post വൈറസ് വകഭേദങ്ങൾക്ക് കാരണം വാക്സിൻ അസമത്വം
Close