സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിൽ സ്റ്റീവൻ സ്പിൽബെർഗിന്റെ E.T. the Extra-Terrestrial എന്ന സിനിമയെക്കുറിച്ച് വായിക്കാം
രാത്രിയിൽ തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ കാണുന്ന എണ്ണമില്ലാത്ത നക്ഷത്രങ്ങളെയും അറ്റമില്ലാത്ത ശൂന്യതയെയും കാണുമ്പോൾ നമ്മുടെ മനസ്സിൽ അറിയാതെ ഉയർന്നു വരുന്ന ചിന്തകൾ എന്തായിരിക്കും? തീർച്ചയായും ഈ മഹാപ്രപഞ്ചത്തിലെവിടെയെങ്കിലും ജീവന്റെ കണികകൾ ഉണ്ടാവില്ലേ എന്നാവും. ഈ ചിന്തകൾ നമ്മെ മാത്രമല്ല എത്രയോ ശാസ്ത്രജ്ഞരെയും ആകർഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയെ പറ്റി നിരന്തരം പഠനം നടന്ന് കൊണ്ടിരിക്കുന്നു.
പക്ഷെ കല, പ്രത്യേകിച്ചും സിനിമ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങൾക്ക് കാത്തിരിക്കാൻ ക്ഷമ കാണിച്ചില്ല. അന്യഗ്രഹജീവികളെ കുറിച്ച് എത്രയോ സിനിമകൾ പുറത്തിറക്കി അവർ മനുഷ്യന്റെ ഭാവനയെ അമ്പരപ്പിച്ചു. നിരവധി സിനിമകളാണ് അന്യഗ്രഹജീവികളെ കുറിച്ച് പുറത്തിറങ്ങിയത്: അലിയൻ, പ്രിഡേറ്റർ, മാർസ് അറ്റാക്ക്, ദ വാർ ഓഫ് ദ വേൾഡ്സ്, ലിസ്റ്റ് അങ്ങനെ എത്ര വേണമെങ്കിലും നീട്ടാം.
പക്ഷെ അന്യഗ്രഹജീവികൾ കഥാപാത്രങ്ങളായുള്ള സിനിമകളെ പറ്റിയുള്ള ഏത് ചർച്ചയും ആരംഭിക്കേണ്ടത് സ്റ്റീവൻ സ്പിൽബെർഗിന്റെ വിഖ്യാതമായ ചിത്രം “ഇ ടി : ദ എക്സ്ട്രാ ടെറസ്റ്റ്രിയൽ” എന്ന മനോഹരമായ ചിത്രത്തിൽ നിന്ന് തന്നെ ആവണം. അതിന് മുൻപോ ശേഷമോ അത്ര മനോഹരമായ ഒരു ചിത്രം പുറത്തിറങ്ങിയിട്ടില്ല. മാത്രമല്ല മറ്റുള്ള സിനിമകളിലൊക്കെ അന്യഗ്രഹജീവികളെ മനുഷ്യന്റെ ശത്രുക്കളായാണ് അവതരിപ്പിച്ചത്. അവരോട് പോരാടി വിജയക്കൊടി പാറിക്കുന്ന മനുഷ്യന്റെ വിജയചിഹ്നങ്ങളാണ് അവ. എന്നാൽ “ഇ ടി” തീർത്തും വ്യത്യസ്തമാകുന്നത് അവിടെയാണ്. അത് സ്നേഹത്തിന്റെ കഥയാണ് പറയുന്നത്. അന്യഗ്രഹജീവികളും മനുഷ്യനും (കുട്ടികൾ) തമ്മിൽ വളർന്ന് വന്ന ഉദാത്തമായ സ്നേഹത്തിന്റെ കഥ.
“ഇ ടി: ദ എക്സ്ട്രാ ടെറസ്റ്റ്രിയൽ”, സ്പിൽബെർഗിന്റെ ആദ്യ സയൻസ് ഫിക്ഷൻ സിനിമയല്ല. അതിന് മുൻപ് തന്നെ വിഖ്യാതമായ ഒരു ചിത്രം ഈ വിഭാഗത്തിൽ അദ്ദേഹത്തിന്റെ വകയായുണ്ട്: “ക്ലോസ് എൻകൌണ്ടേർസ് ഓഫ് ദ തേഡ് കൈൻഡ്”. പറക്കും തളികകളെ കുറിച്ചാണ് ഈ ചിത്രം. പിന്നീടും സ്പിൽബെർഗ് പ്രശസ്തമായ നിരവധി സയൻസ് ഫിക്ഷൻ സിനിമകൾ കാണികൾക്ക് നൽകി. എ ഐ: ആർടിഫിഷ്യൽ ഇന്റെലിജെൻസ്, പ്രശസ്തമായ ജുറാസ്സിക് പാർക്ക് സീരീസ് എന്നിവയാണ് അവ. നിരവധി സയൻസ് ഫിക്ഷൻ സിനിമകൾ അദ്ദേഹം നിർമിക്കുകയും ചെയ്തു. ജോർജ് ലൂകാസുമായി ചേർന്ന് നിരവധി ക്ലാസ്സിക് സിനിമകൾ സ്പിൽബെർഗ് ചെയ്തിട്ടുണ്ട്.
1982 ൽ പുറത്തിറങ്ങിയ “ഇ ടി: ദ എക്സ്ട്രാ ടെറസ്റ്റ്രിയൽ” ഭൂമിയിൽ ഒറ്റപ്പെട്ട് പോയ ഒരു അന്യഗ്രഹജീവിയും എലിയോട്ട് എന്ന കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഭൂമിയിൽ നിന്നും ചെടികളുടെ സാമ്പിളുകൾ ശേഖരിക്കാൻ വന്ന അന്യഗ്രഹജീവികളിൽ ഒരെണ്ണം ഒറ്റപ്പെട്ട് പോകുന്നു. പെട്ടെന്ന് അവിടെയെത്തിയ മനുഷ്യരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന അവർക്ക് “ഇ ടി” യെ അവരുടെ പേടകത്തിൽ കയറ്റാൻ സമയം കിട്ടിയില്ല. ഒറ്റപ്പെട്ടുപ്പോയ “ഇ ടി”യെ എലിയോട്ട് കണ്ടെത്തുകയും അവനെ രഹസ്യമായി സ്വന്തം മുറിയിൽ താമസിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് എലിയോട്ട് സഹോദരനെയും സഹോദരിയേയും ഈ രഹസ്യം കാണിക്കുകയും അവർ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. പക്ഷെ രഹസ്യമായി ഇവർ സംരക്ഷിക്കുന്ന “ഇ ടി” യെ സർക്കാർ ഏജൻസികൾ കണ്ടെത്തുകയും അവർ അതിനെ ബന്ധനസ്ഥനാക്കുകയും ചെയ്യുന്നു. “ഇ ടി” യെ രക്ഷിക്കാൻ എലിയോട്ടും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങളാണ് സിനിമ.
38 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ചിത്രം നമ്മെ ആസ്വാദനത്തിന്റെ അനന്തകോടിയിലേക്ക് നയിക്കുമെങ്കിൽ നമുക്കുറപ്പിക്കാം ഇത് എത്ര മഹത്തരമായ സിനിമ ആണെന്ന്. അന്യഗ്രഹ ജീവികളെ പറ്റി ഇതിലും മികച്ച ഒരു സിനിമ ഇനിയും വരാനിരിക്കുന്നേ ഉള്ളൂ.