
തെരുവിൽ പേപ്പട്ടികൾ നിറഞ്ഞാൽ,അതോളം ഭയപ്പെടേണ്ട അവസ്ഥ എന്തുണ്ട് ! ഇന്നും റാബിസ് പിടിപെട്ടാൻ ചികിത്സിച്ച് മാറ്റാൻ ഒരു മരുന്നുമില്ല. റാബിസ് വൈറസ് നായകളുടെ തലച്ചോറിൽ പ്രവർത്തിച്ച് അവയിൽ സ്വഭാവമാറ്റം വരുത്തിയാണ് കണ്ടവരെ ഒക്കെ കടിപ്പിക്കുന്നത്. പത്ത് ദിവസം കൊണ്ട് ഹോസ്റ്റായ മൃഗം ചാവുമ്പോഴേക്കും പുതിയ ജീവിയിൽ ഉമിനീരിലൂടെ പകർന്ന് എത്തി, ആ ജീവിയുടെയും നാഡീകോശങ്ങളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി പെരുകി വളരാനാണ് ഈ തന്ത്രം. മനുഷ്യനെ മാത്രമല്ല – ഏത് മൃഗത്തേയും കടിക്കും. വാക്സിൻ മാത്രമാണ് ഏക വഴി. വാക്സിനും സീറവും എടുത്തവരും പേ പിടിച്ച് മരിച്ചെങ്കിൽ നമ്മുടെ ഭയം തീർച്ചയായും വർദ്ധിക്കും. എന്തുകൊണ്ടാവാം അത്യപൂർവമായ പേ മരണങ്ങൾ ഇത്ര അധികമായി ഇപ്പോൾ നടക്കുന്നത് ?
വിശദമായ വീഡിയോ
ആരും വലിയ കാര്യമായി ചർച്ച ചെയ്യാതെ പോയ കാര്യമാണ് ഒരു അഞ്ചുവയസുകാരി കുട്ടി പേവിഷ ബാധമൂലം മരിച്ച ദാരുണ സംഭവം . അപൂർവത്തിൽ അപൂർവമായി ഇത്തരം മരണങ്ങൾ നടക്കാറുണ്ടെങ്കിലും ഇപ്പോൾ മരണങ്ങൾ കൂടുകയാണ്. ഈ വർഷം കഴിഞ്ഞ നാല് മാസം കൊണ്ട് തന്നെ മരണം 6 ആയിക്കഴിഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇത്.
നമ്മൾ എത്ര വളർന്നു എന്ന് പറഞ്ഞാലും ഇപ്പോഴും മരണമല്ലാതെ വേറൊരു വഴിയും മുന്നിലില്ലാത്ത ഒരു അവസ്ഥയാണ് പേ വിഷ ബാധ സംഭവിക്കൽ – തലച്ചോറിൽ ഈ വൈറസ് എത്തിക്കഴിഞ്ഞാൽ ആർക്കും ഏത് മരുന്നിനും നമ്മെ രക്ഷിക്കാനാവില്ല – അത്യത്ഭുതം പോലെ വിരലിലെണ്ണാവുന്നവർ മാത്രമാണ് ലോക ചരിത്രത്തിൽ അങ്ങിനെ രക്ഷപ്പെട്ടിട്ടുള്ളത്.
വാക്സിനെടുത്തിട്ടും കുട്ടി മരിച്ചു എന്ന വിധത്തിൽ വാക്സിൻ ഗുണ നിലവാരമില്ലായ്മയാണ് – അല്ലെങ്കിൽ വാക്സിൻ കൊണ്ടും കാര്യമില്ല എന്ന ധ്വനിയുണ്ടാകുന്ന വിധമാണ് പല മിഡിയകളും ഈ വാർത്ത ഹൈലൈറ്റ് ചെയ്തത്. സാധാരണ കുട്ടികൾക്കുള്ള ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള വാക്സിനുകൾക്കെതിരെ പോലും തെറ്റായ വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്നവരാണ് ഇതിലും ചാടി വീണത്.
ഈ സംഭവത്തിൽ അതേ പേപ്പട്ടിയുടെ കടിയേറ്റ വളരെയധികം ആളുകൾ ഉണ്ടായിട്ടും ഇതേ വാക്സിൻ ഉപയോഗിച്ച അവരൊക്കെ രക്ഷപ്പെട്ടിട്ടും ഈ കുട്ടിക്ക് മാത്രമാണ് പേ വിഷബാധ സംഭവിച്ചത് എന്നതിൽ നിന്ന് തന്നെ വാക്സിനല്ല ഇവിടെ പ്രശ്നമുണ്ടാക്കിയത് എന്നത് വ്യക്തമാണ് . നിലവിൽ കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും കോൾഡ് ചെയിൻ സംവിധാനം വളരെ കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. ആൻ്റി റാബിസ് വാക്സിനുകളുടെ ഗുണനിലവാരം , അവയുടെ ആൻ്റി ബോഡി നിർമാണ ശേഷി എന്നിവ കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്ത് ഉറപ്പ് വരുത്തേണ്ടതാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

വാക്സിൻ ഫലപ്രാപ്തി
റാബിസ് വൈറസുകളുടെ പ്രത്യേകത – അവ മുറിവുകളിലൂടെ രക്തത്തിൽ എത്തിയോ നമ്മുടെ ശ്ലേഷ്മ സ്തരങ്ങളിലൂടെ -മ്യൂക്കസ് മെമ്പ്രെയിൻ – കണ്ണിന്റെ പുറം പാളിയിലൂടെ അടക്കം ഉള്ളിലെത്തി , നെർവുകളുടെ – ഞരമ്പുകളുടെ കവചങ്ങളിൽ ബന്ധിക്കപ്പെട്ട് പതുക്കെ സഞ്ചരിച്ച് തലച്ചോറിൽ എത്തുന്നതാണ് റാബിസ് ബാധ – ഈ സഞ്ചാരത്തിന് കുറച്ച് സമയം എടുക്കും – പാമ്പിൻ വിഷം പടരും പോലെ അല്ല, മണിക്കൂറുകളും ദിവസങ്ങളും ചിലപ്പോൾ മാസങ്ങളും എടുക്കും തലച്ചോറിൽ എത്താൻ – മുറിവേറ്റ സ്ഥലവും തലച്ചോറും തമ്മിലുള്ള ദൂരം പ്രധാനമാണ് എന്ന് അർത്ഥം. തലയിലും മുഖത്തും കൈകളിലും കടിക്കുന്നതിൽ നിന്നും വ്യത്യാസമുണ്ട് കാലിൽ കടിച്ചാൽ തലയിൽ എത്താനുള്ള സമയം . കൂടാതെ മുറിവിന്റെ ആഴം – പകർന്ന് കിട്ടിയ വൈറമ്പുകളുടെ എണ്ണം – വൈറൽ ലോഡ് എന്നിവ ഒക്കെ ആശ്രയിച്ച് രോഗം വരാനുള്ള സാദ്ധ്യതകളിൽ വ്യത്യാസം ഉണ്ടാക്കും.
ഈ ഒരു കാലയളവ് നമുക്ക് കിട്ടുന്നതിനാലാണ് കടി കിട്ടിയ ശേഷം നമ്മൾ പേപ്പട്ടി വിഷബാധക്കെതിരെ വാക്സിൻ എടുക്കുന്നത്. എല്ലാ വാക്സിനുകളും ആ രോഗാണുവിനെതിരെ ഉള്ള ആൻ്റി ബോഡികൾ നിർമ്മിക്കാൻ ശരീരത്തെ സന്നദ്ധമാക്കുക ആണല്ലോ ചെയ്യുന്നത്. മറ്റു രോഗാണുക്കൾ കയറിയാൽ അവ രോഗകാരക സൈറ്റുകളിൽ എത്താനും പ്രവർത്തിക്കാനും ഇത്തരം സമയം കിട്ടുന്നില്ല – രോഗം പകർന്നോ എന്ന് അറിയാൻ നമുക്ക് മാർഗമില്ല എന്നൊക്കെ കൊണ്ടാണ് മുൻകൂറായി നമ്മൾ വാക്സിൻ എടുത്ത് പ്രതിരോധം ആർജ്ജിച്ച് വെക്കുന്നത്, എന്നിട്ട് കൃത്യ ഇടവേളകളിൽ ബൂസ്റ്റർ ഡോസ് കൂടി എടുത്ത് നമ്മളെ സംരക്ഷിച്ച് നിർത്തും
പേപ്പട്ടി വിഷത്തിനെതിരെയും ഇത്തരത്തിൽ പ്രി എക്സ്പോഷർ വാക്സിനേഷൻ സാദ്ധ്യമാണെങ്കിലും – എല്ലാവർക്കും ഇത്തരത്തിൽ വാക്സിൻ നൽകുകയും ബൂസ്റ്റർ ഡോസുകൾ നൽകുകയും ചെയ്യുക എന്നത് അസാദ്ധ്യവും വലിയ ചിലവേറിയതും ആണ്. എങ്കിലും നായകളുമായി നിരന്തരം ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ , കടി കിട്ടാൻ സാദ്ധ്യതയുള്ള കുട്ടികൾ എന്നിവരൊക്കെ ഇത്തരത്തിൽ വാക്സിൻ എടുക്കുന്നത് നല്ലതാണ്..
വാക്സിൻ ചെയ്ത് ഒന്ന് രണ്ട് ആഴ്ചകൊണ്ട് മാത്രമാണ് നമ്മുടെ ശരീരം ഈ വൈറസിനെതിരെ ഉള്ള ആന്റിബോഡി പൂർണസജ്ജമാകു എന്നതിനാൽ മുഖത്ത്, തലയിൽ അല്ലെങ്കിൽ ആഴത്തിൽ ഉള്ള മുറിവ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഏറ്റവും പെട്ടന്ന് – ആറുമണിക്കൂറിനുള്ളിൽ ആൻ്റിബോഡികൾ ആയ റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ സിറം കുത്തിവെപ്പ് നടത്തണം.
ശരീരഭാരത്തിന് ആശ്രയിച്ചാണ് അതിന്റെ ഡോസ് തീരുമാനിക്കുക. ആവശ്യമായത്ര സിറത്തിന്റെ പകുതി മുറിവിനു ചുറ്റുമായും പകുതി മാംസപേശിയിലും ആയാണ് കുത്തി വെക്കുക – ധാരാളം സ്ഥലത്തായി തലയിൽ മുഖത്ത് ഒക്കെ മുറിവ് പറ്റീട്ടുണ്ടെങ്കിൽ – മുറിവിന് ചുറ്റുമായി കുത്തിവെക്കാൻ മരുന്ന് തീരുമാനിക്കുന്നതിൽ പ്രോട്ടോകോൾ പിൻതുടരാൻ ചില പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്.
പലരും ഇപ്പോഴും കരുതുന്നത് പേ വിഷബാധക്കെതിരെ ഉള്ള കുത്തിവെപ്പ് പൊക്കിളിന് ചുറ്റും – വേദന കൂടി നിറച്ചാണ് വെക്കുക എന്നൊക്കെ ആണ്. അതൊക്കെ പഴയ കഥയാണ്.
മുമ്പ് മസിലുകളിൽ വെച്ചിരുന്ന വാക്സിൻ ഇപ്പോൾ രണ്ട് ചുമലിലേയും തൊലിക്കടിയിൽ വളരെ കുറഞ്ഞ അളവിൽ ആയാണ് നൽകുന്നത്. ആദ്യ ദിവസം 0 ആയി കണക്കാക്കി, 3 , 7 , 28 എന്നിങ്ങനെ 4 ഡോസ് ആണ് നൽകുക. എല്ലാ സർക്കാർ ആശുപത്രികളിലും വാക്സിൻ സൗജന്യമായി ലഭ്യമാണ്. സിറം ആവശ്യമെങ്കിൽ താലൂക്ക് , ജില്ല ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആണ് ലഭിക്കുക. മുറിവിൻ്റെ സ്വഭാവം , മുറിവേറ്റ സ്ഥലം ഒക്കെ പരിഗണിച്ച് ഡോക്ടർമാർ ആണ് സിറം വേണോ എന്ന് തീരുമാനിക്കുക.

മുറിവ് കഴുകൽ
വാക്സിനോ സിറമോ കുത്തി വെക്കുന്നത് പോലെ തന്നെ പ്രധാനമാണ് കടിയേറ്റ ഉടനെ ചെയ്യുന്ന മുറിവ് കഴുകൽ. കടി മൂലമുള്ള മുറിവ് മാത്രമല്ല , മാന്തൽ, നക്കൽ ഒക്കെ വൈറസിനെ നമ്മിലെത്തിക്കാം എന്നതിനാൽ ഈ ഘട്ടങ്ങളിലും കഴുകൽ പ്രധാനം ആണ്. വൈറസുകളുടെ എണ്ണം മുറിവിൽ ഏറ്റവും വേഗം കുറക്കലിന് ഇത് സഹായിക്കും. ടാപ്പിന് കീഴെ 10 -15 മിനുട്ട് സമയം നന്നായി കഴുകണം – അലക്ക് സോപ്പോ കുളി സോപ്പോ ഉപയോഗിക്കാം – ഇങ്ങനെ ദീർഘ സമയം കഴുകാൻ മിനക്കെടാതെ ആശുപത്രിയിലേക്ക് എടുത്ത് ഓടുന്നതിലാണ് ആളുകൾ ശ്രദ്ധകൊടുക്കുന്നത് എന്നത് ഇതിൻ്റെ പ്രാധാന്യം അറിയാത്തത് കൊണ്ടാണ് – രോഗ സാധ്യത വലിയ അളവിൽ കുറക്കാൻ ഈ സോപ്പിട്ട് കഴുകൽ കൊണ്ട് സാധിക്കും. ഏത് ചികിത്സയേക്കാളും പ്രധാനം ഈ കഴുകൽ ചികിത്സ കൂടി ആണ്.

നമ്മുടെ കൈയിൽ മുറിവുണ്ടെങ്കിൽ കടിയേറ്റ ഭാഗം ഒരിക്കലും നേരിട്ട് സ്പർശിച്ച് ഉരച്ച് കഴുകാൻ പാടില്ല .
മുറിവ് തുന്നരുത്
മറ്റൊരു സംശയം ആണ് കാര്യമായി മുറിവേറ്റിട്ടും ഡോക്ടർമാർ മുറിവ് തുന്നില്ല എന്നത്. ആളുകൾ ഇതിനെതിരെ ബഹളം വെക്കുക പോലും ചെയ്യും. മുറിവ് തുന്നുന്നത് കടിച്ച സ്ഥലത്തുള്ള വൈറസുകൾ ഉള്ളിലെത്താനുള്ള സഹായ പരിപാടി ആയി മാറാം എന്നതിനാലാണ് ഡോക്ടർമാർ മുറിവ് തുന്നത് ഒഴിവാക്കുന്നത്. നിലവിൽ ഭൂമിയിൽ ഒരു മരുന്നും പേവിഷബാധ ഉണ്ടായാൽ ചികിത്സ ഇല്ല. ഏത് വലിയ ആശുപത്രിയിൽ എത്തിയാലും കാര്യമില്ല. അതിനാൽ പൂച്ചയുടെ പോലും മാന്തൽ നിസാരമായി കാണരുത് – ഏറ്റവും വേഗത്തിൽ ആശുപത്രിയിൽ പോകുക – കുത്തിവെപ്പെടുക്കുക.
പേവിഷബാധ – പ്രതിരോധം എവിടെ നിന്നു തുടങ്ങണം ?
വാക്സിനും സിറവും ഒക്കെ അവിടെ നിൽക്കട്ടെ. ഈ മാരക രോഗം പരത്തുന്ന വഴി അടക്കലാണ് ഏറ്റവും പ്രധാനം. പട്ടികളിലൂടെ ആണ് ഇത് പ്രധാനമായും പരക്കുന്നത് എന്നതിനാൽ തന്നെ – തെരുവ് പട്ടികളേയും ഉത്തരവാദിത്വമില്ലാതെ , വാക്സിനേഷൻ നടത്താതെയുള്ള വളർത്തു നായകളേയും നിയന്ത്രിച്ചേ പറ്റു – അവ പെറ്റ് പെരുകാനുള്ള അനുകൂല സാഹചര്യങ്ങൾ ഒരുക്കി നൽകുന്നത് നമ്മൾ തന്നെ ആണ്. മാലിന്യം വലിച്ചെറിയുന്ന ശീലമുള്ളവർക്ക് ഇതിനെതിരെ മിണ്ടാൻ അർഹത ഇല്ല. അത് തിന്നാണ് തെരുവ് നായകൾ പുളക്കുന്നത് –
ഇനി നായ സ്നേഹം – നായകൾ മനുഷ്യർ സെലക്ടീവ് ബ്രീഡിങ്ങ് വഴി നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടും വിധം സൃഷ്ടിച്ച ഒരു ജീവിയാണ് – അല്ലാതെ പ്രകൃതിയിൽ സ്വാഭാവികമായി ഉള്ള ജീവി അല്ല. ലഗോൺ കോഴി പോലെ എന്ന് പോലും പറയാനാവില്ല – യൂറോപ്യൻ ചാരച്ചെന്നായകളിൽ നിന്നാണ് ഇവ ഉരുത്തിരിഞ്ഞത് എന്ന ഒരു ബന്ധം മാത്രം – അല്ലാതെ ഇവ സംരക്ഷിക്കപ്പെടേണ്ട സ്വാഭാവിക പ്രകൃതി ജീവി അല്ല. മനുഷ്യരുടെ ജീവന് ഭീഷണി എങ്കിൽ – മൃഗ സ്നേഹികൾക്ക് മൊത്തമായി ഏറ്റെടുത്ത് വളർത്താൻ പറ്റില്ലെങ്കിൽ – ആർക്കും ഉത്തരവാദിത്വമില്ലെങ്കിൽ – അത്തരം നായകളെ കൊല്ലുന്നതിൽ ഒരു വിഷമവും ആർക്കും ഉണ്ടാകേണ്ട കാര്യമില്ല.
നമ്മുടെ നിയമങ്ങൾ തടസമെങ്കിൽ നിയമം മാറ്റിയേ പറ്റു. തെരുവുനായ വന്ധ്യംകരണം എന്നത് ABC – ആനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം – ഒരു ഗുണവുമില്ലാതെ നമ്മുടെ നികുതിപ്പണം പാഴാക്കാൻ മാത്രം സഹായിക്കും വിധമാണ് ഇപ്പോൾ നടക്കുന്നത്. ലോകാവസാനം വരെ നടന്നാലും ഇപ്പോഴുള്ള രീതി തുടർന്നാൽ നായകളുടെ എണ്ണം കുറയാൻ പോകുന്നില്ല – യുദ്ധകാലാടിസ്ഥാനത്തിൽ – മൃഗസംരക്ഷണ വകുപ്പ് – എല്ലാ റിസോഴ്സും ഈ ഒരു കാര്യത്തിൽ മാത്രമാക്കി ചുരുക്കി -മറ്റെല്ലാ വകുപ്പുകളും ചേർന്ന് മാസീവായി വന്ധ്യംകരണം നടത്തണം. അല്ലാതെ ഒരു പ്രദേശത്തെ 5 % നായകളെ ഒരു വർഷം കൊണ്ട് പിടിച്ച് കൊണ്ടുവന്ന് സുഖചികിത്സ നൽകി വന്ധ്യംകരിച്ച് അതേ സ്ഥലത്ത് കൊണ്ട് വിടുന്നത് ലോകമണ്ടത്തരമാണ് – അവയുടെ ഭക്ഷണ ലഭ്യത കുറയുന്നില്ലെങ്കിൽ നായകൾ അവയുടെ പ്രസവത്തിലെ കുഞ്ഞുങ്ങളുടെ എണ്ണം സ്വാഭാവികമായും വർദ്ധിപ്പിക്കും. ABC സെൻ്ററിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം കിട്ടും എന്ന ഗുണം മാത്രമേ ഉണ്ടാവൂ.