Read Time:15 Minute

Asif

ഡോ. മുഹമ്മദ് ആസിഫ് എം.

നായ്ക്കളാണ് പേവിഷബാധയുടെ പ്രധാന സ്രോതസ്സെങ്കിലും കീരി, പെരുച്ചാഴി, കുറുക്കൻ, കുറുനരി,കാട്ടുപൂച്ച തുടങ്ങിയ ജീവികളും രോഗാണുവാഹകരാവാൻ സാധ്യതയേറെയാണ്.


സെപ്തംബർ 28 – ലോക പേവിഷബാധ ദിനം – ‘പേവിഷബാധ തുടച്ചുനീക്കാൻ പ്രതിരോധ കുത്തിവെയ്പ്പ്’എന്നതാണ് ഈ വർഷത്തെ പ്രമേയം.

രു ഇലക്‌ട്രോ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ തല തുളച്ചുകയറാൻ തക്ക ശേഷിയുള്ള ഒരു വെടിയുണ്ടയ്ക്ക് (ബുള്ളറ്റ്) സമാനമായ ആകൃതിയിലാണ് പേവിഷബാധ യ്ക്ക് കാരണമായ റാബീസ് ലിസ്സാ വൈറസുകൾ കാണപ്പെടുക. എൽ ശരീരത്തിൽ തുളച്ചുകയറിയാൽ വെടിയുണ്ടയേക്കാൾ അപകടകാരികളാണ് പേവിഷബാധ വൈറസുകൾ.നാഡീവ്യൂഹത്തെയും മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ച്, ഒടുവിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയാൽ മരണം നൂറുശതമാനം ഉറപ്പ്.
ലോകത്ത് ഓരോ പതിനഞ്ച് മിനിറ്റിലും ഓരോ പേവിഷബാധ മരണങ്ങൾ വീതം സംഭവിക്കുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ നിഗമനം. മരണമടയുന്ന പത്തിൽ നാലുപേരും കുട്ടികളാണെതാണ് ഗൗരവകരമായ മറ്റൊരു വസ്തുത. ഇന്ത്യയിൽ പ്രതിവർഷം 20000 ത്തോളം ആളുകൾ പേവിഷബാധയേറ്റ് മരണമടയുന്നുണ്ടെന്നാണ് കണക്ക്.


നായ്ക്കളാണ് പേവിഷബാധയുടെ പ്രധാന സ്രോതസ്സെങ്കിലും കീരി, പെരുച്ചാഴി, കുറുക്കൻ, കുറുനരി,കാട്ടുപൂച്ച തുടങ്ങിയ ജീവികളും രോഗാണുവാഹകരാവാൻ സാധ്യതയേറെയാണ്. റാബീസ് വൈറസ് ബാധയേറ്റ ജീവികളുടെ കടിയേല്‍ക്കുകയോ,ശരീരത്തിലെ മുറിവുകളിൽ അവയുടെ ഉമിനീർ പുരളുകയോ ചെയ്താൽമനുഷ്യരെ മാത്രമല്ല നായ, പൂച്ച, പശു, ആട്, എരുമ തുടങ്ങിയ വളർത്തുമൃഗങ്ങളെയും രോഗംബാധിക്കും. സംസ്ഥാനത്ത് പ്രതിവർഷം ഇരുനൂറിലധികം പശുക്കളുൾപ്പെടെ ആയിരത്തോളം വളർത്തുമൃഗങ്ങൾ പേവിഷബാധയേറ്റ് മരണപ്പെട്ടിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.


പേവിഷബാധ വളർത്തുമൃഗങ്ങളിൽ
രോഗാണുബാധയേറ്റാൽ സാധാരണ മൂന്ന് മുതൽ ഏഴ് ആഴ്ചകൾക്കുള്ളിൽ നായ്ക്കളിലും പൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമാവും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാവാൻ എടുക്കുന്ന ഈ ഇൻകുബേഷൻ കാലം അപൂർവ്വമായി എട്ട് മാസം വരെ നീളാനുമിടയുണ്ട്. അക്രമണ സ്വഭാവത്തോടെ ക്രുദ്ധരൂപത്തിലോ, ക്രമേണയുള്ള ശരീരതളർച്ച കാണിക്കുന്ന തരത്തിൽ മൂകരൂപത്തിലോ ആയിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാവുക.പതിവിന് വിപരീതമായി യജമാനനെ അനുസരിക്കാതിരിക്കുതും, വായിൽ നിന്ന് ഉമിനീർ ഒലിപ്പിച്ച് ലക്ഷ്യമില്ലാതെ ഓടുന്നതും, കണ്ണിൽ കാണുതിനെയെല്ലാം കാരണമൊന്നുമില്ലാതെ കടിയ്ക്കുന്നതും ക്രുദ്ധരൂപത്തിലുള്ള പേവിഷബാധയുടെ സൂചനകളാണ്. നായ്ക്കളുടെ കണ്ണുകൾ ചുവക്കുകയും തൊണ്ടയിലെ പേശി മരവിപ്പ് മൂലം കുര വ്യത്യാസപ്പെടുകയും ചെയ്യും.
ഉന്മേഷമില്ലായ്മ,തളർച്ച, ഇരുളടഞ്ഞ മൂലകളിൽ ഒളിച്ചിരിക്കൽ, കീഴ്ത്താടിയും നാവും തളർവാതം പിടിപെട്ട് സാധാരണയിൽ കവിഞ്ഞ് താഴേക്ക് തൂങ്ങൽ, വേച്ച് വേച്ചുള്ള നടത്തം, വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും അതിന് കഴിയാതിരിക്കൽ, ശ്വസനതടസ്സം ഇവയെല്ലാമാണ് മൂകരൂപത്തിലുള്ള പേവിഷബാധയുടെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ പ്രകടമാവുന്നതിനും 3-5 ദിവസം മുൻപ് മുതൽ ഉമിനീരിൽ റാബീസ് വൈറസ് സാന്നിധ്യമുണ്ടാവും. രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയാൽ പത്ത് ദിവസത്തിനുള്ളിൽ മരണമുറപ്പാണ്.

പശുക്കളിലും, ആടുകളിലും രോഗം പ്രകടമാവാൻ രണ്ട് മുതൽ പന്ത്രണ്ട് ആഴ്ചവരെയെടുക്കും. വെപ്രാളം, വിഭ്രാന്തി,അക്രമിക്കാൻ ഓടിയടുക്കൽ, പേശികൾ വലിഞ്ഞുമുറുക്കി പ്രത്യേക ശബ്ദത്തിൽ നീട്ടിയുള്ള തുടർച്ചയായ കരച്ചിൽ,കൈകാലുകൾ കൊണ്ട് തറയിൽ മാന്തുകയും ചവിട്ടുകയും ചെയ്യൽ, വായിൽ നിന്ന് ഉമിനീർ അമിതമായി പതഞ്ഞൊലിക്കൽ, തീറ്റയിറക്കാനുള്ള പ്രയാസം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, കെട്ടിയ കയറും കുറ്റിയും കടിച്ചുപറിയ്ക്കൽ, പല്ലുകൾ കൂട്ടിയുരുമ്മൽ, ഒടുവിൽ കാലുകൾക്ക് തളർച്ച ബാധിച്ച് വീഴൽ ഇവയെല്ലാം കുന്നുകാലികളിലെ പേവിഷബാധ ലക്ഷണങ്ങളാണ്.പശുക്കളുടെ തുടർച്ചയായ കരച്ചിൽ കാരണം മദിയുടെ ലക്ഷണമായും, തീറ്റയിറക്കാൻ പ്രയാസപ്പെടുന്നതിനാൽ അന്നനാളത്തിലെ തടസ്സമായും ക്ഷീരകർഷകർ പശുക്കളിലെ പേവിഷബാധയെ തെറ്റിദ്ധരിക്കാറുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് മൂന്ന് മുതൽ ഏഴ് ദിവസത്തിനകം മരണം സംഭവിയ്ക്കും.
പേവിഷബാധ സംശയം തോന്നിയാൽ
വളർത്തുമൃഗങ്ങൾ അകാരണമായി കടിക്കുകയോ പേവിഷബാധേയറ്റതായി സംശയം തോന്നുകയോ ചെയ്താൽ അവയെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി പാർപ്പിച്ച് ആഹാരവും വെള്ളവും നൽകി പത്ത് ദിവസം നിരീക്ഷിക്കണം. ഒരു കാരണവശാലും അവയെ ഉടനെ തല്ലിക്കൊല്ലാൻ പാടില്ല എത് പ്രത്യേകം ഓർക്കണം. കാരണം രോഗമൂർധന്യത്തിൽ മാത്രമേ രോഗം ശാസ്ത്രീയമായി നിർണ്ണയിക്കാൻ തക്കരീതിയിൽ വൈറസ് സാന്നിധ്യം തലച്ചോറിൽ കാണപ്പെടുകയുള്ളൂ. രോഗം സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ അവയുടെ ഉമിനീരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കമോ ഉണ്ടായിട്ടുള്ളവർ എത്രയും പെട്ടെന്ന് ഡോക്ടറുടെ നിർദ്ദേശാനുസരണം പ്രതിരോധ കുത്തിവെയ്പ്പുകൾ ആരംഭിക്കണം.
മാറ്റി പാർപ്പിച്ച വളർത്തുമൃഗങ്ങൾക്ക് ഈ സമയത്തിനുള്ളിൽ സ്വാഭാവിക മരണം സംഭവിച്ചാൽ രോഗം ശാസ്ത്രീയമായി സ്ഥിരീകരിക്കുതിനായിഅടുത്തുള്ള രോഗനിർണ്ണയ കേന്ദ്രങ്ങളിൽ എത്തിക്കണം. പ്രദേശത്തെ വെറ്ററിനറി സർജന്റെ കത്തും ഒപ്പം ഹാജരാക്കണം. ചെറിയ മൃഗങ്ങളാണെങ്കിൽ ശരീരം മുഴുവനും വലിയ മൃഗങ്ങളാണെങ്കിൽ വിദഗ്ദസഹായത്തോടെ തലമാത്രം അറുത്ത് മാറ്റിയും പരിശോധനയ്ക്കായി അയക്കാം. മൃതശരീരം പ്രത്യേകം തെർമോക്കോൾ/മരപ്പെട്ടികളിലാക്കി ഐസ്‍പാക്ക് ഉപയോഗിച്ച് പൊതിഞ്ഞാണ് രോഗനിർണ്ണയ കേന്ദ്രങ്ങളിലേക്ക് അയക്കേണ്ടത്. അന്തരീക്ഷ ഊഷ്മാവിൽ വൈറസുകൾ പെട്ടെന്ന് നിർവീര്യമാവാനിടയുള്ളതിനാലാണ് ഐസിൽ പൊതിയാൻ നിഷ്‌കർഷിക്കുന്നത്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ ശരീരം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തണം. ഉമിനീരടക്കമുള്ള ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ കൈയ്യുറകളും, മുഖാവരണവും,പാദരക്ഷകളും ധരിക്കണം.


തലച്ചോറിൽ വൈറസ് സാന്നിധ്യം പരിശോധിച്ചാണ് പേവിഷബാധയുടെ ശാസ്ത്രീയ രോഗനിർണ്ണയം നടത്തുക. ഫ്‌ളൂറസെന്റ് ആന്റിബോഡി ടെക്‌നിക്കിലൂടെയും (എഫ്.എ.ടി.), നിഗ്രിബോഡി പരിശോധനയിലൂടെയും പേവിഷബാധ സ്ഥിരീകരിക്കാൻ കഴിയും. ഫ്‌ളൂറസെന്റ് ആന്റിബോഡി ടെക്‌നിക്ക് പരിശോധന വഴി 95-98 ശതമാനം കൃത്യമായ പേവിഷബാധ നിർണ്ണയം സാധ്യമാവും. കാലപ്പഴക്കം മൂലം ചീഞ്ഞ്‌പോയ തലച്ചോറിൽ നിന്നു പോലും റാബീസ് വൈറസിനെ കണ്ടെത്തി രോഗനിർണ്ണയം നടത്താൻ എഫ്.എ.ടി. പരിശോധനയ്ക്ക് സാധിക്കും. വയനാട്, തൃശ്ശൂർ വെറ്ററിനറി കോളേജുകളിലും മൃഗസംരക്ഷണവകുപ്പിന്റെ മേഖലാതലത്തിലും സംസ്ഥാനതലത്തിലുള്ള മുഖ്യരോഗനിർണ്ണയ കേന്ദ്രങ്ങളിലും എഫ്.എ.ടി.പരിശോധനയ്ക്ക് സൗകര്യമുണ്ട്.
വളർത്തുമൃഗങ്ങൾക്ക് കടിയേറ്റാൽ
വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാൽ മുറിവേറ്റ ഭാഗം ശുദ്ധജലത്തിൽ സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയും മുറിവുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാം. ശേഷം മുറിവിൽ പോവിഡോ അയഡിൻ ലേപനം പുരട്ടണം.വൈറസിനെ നിർവീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിൻ ലേപനത്തിലുണ്ട്. ശേഷം തുടർച്ചയായി അഞ്ച് പ്രതിരോധകുത്തിവെയ്പ്പുകൾ കടിയേറ്റതിന്റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളിൽ നൽകണം.
പ്രതിരോധ കുത്തിവെയ്പ്പുകൾ കൃത്യമായി മുൻകൂട്ടി എടുത്തിട്ടുള്ള മൃഗങ്ങളാണെങ്കിൽ 0, 3 ദിവസങ്ങളിൽ രണ്ട് ബൂസ്റ്റർ കുത്തിവെയ്പ്പുകൾ നൽകിയാൽ മതിയാകും. മുൻകരുതൽ എന്ന നിലയിൽ കടിയേറ്റ വളർത്തുമൃഗങ്ങളെ രണ്ട് മാസക്കാലം പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കാനും മറക്കരുത്.


റാബീസ് വൈറസുകൾ മുറിവിൽ നിന്നും നാഡികൾ വഴി സഞ്ചരിച്ച് തലച്ചോറിലെത്തിയാണ് രോഗമുണ്ടാക്കുന്നത് എന്നറിയാമല്ലോ. കഴുത്തിന് മുകളിൽ കടിയേറ്റാൽ മുറിവിൽ നിന്നും വൈറസുകൾ വളരെ വേഗത്തിൽ തലച്ചോറിലെത്തി രോഗമുണ്ടാക്കും. പശുക്കൾക്കും ആടുകൾക്കുമെല്ലാം കഴുത്തിന് മുകളിൽ കടിയേൽക്കാനാണ് കൂടുതൽ സാധ്യതയെന്നതിനാൽ പ്രത്യേകം ജാഗ്രത വേണം. പേവിഷബാധ സ്ഥിരീകരിച്ച പശുവിന്റെ പാൽ അറിയാതെ കുടിച്ച് പോയെന്ന് കരുതി പരിഭ്രാന്തരാവേണ്ടതില്ല. പാലിൽ രോഗാണുക്കളുണ്ടെങ്കിൽ തന്നെയും ചൂടാക്കുമ്പോൾ മിനിറ്റുകൾക്കുള്ളിൽ നശിക്കും. 60 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കിയാൽ 30 സെക്കന്റിനുള്ളിൽ വൈറസുകൾ നശിച്ചുപോകും.
പ്രതിരോധകുത്തിവെയ്പ്പിന്റെ പ്രാധാന്യം

പേവിഷബാധയ്‌ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പുകൾ മുൻകൂറായി കൃത്യമായി എടുത്ത വളർത്തുമൃഗങ്ങളാണെങ്കിൽ രോഗാണുവിനെതിരെ അവയുടെ ശരീരത്തിൽ പ്രതിരോധശേഷിയുണ്ടാവും. കടിയേറ്റതിന് ശേഷം വീണ്ടും ബൂസ്റ്റർ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽഅവയുടെ ശരീരത്തിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുകയും
രോഗാണുവിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യും. മുൻകൂട്ടി കുത്തിവെയ്പ്പുകൾ ഒട്ടും എടുക്കാതെ കടിയേറ്റതിന് ശേഷം മാത്രമാണ് പ്രതിരോധകുത്തിവെയ്പുകൾ നൽകുന്നതെങ്കിൽ പ്രതിരോധശേഷി രൂപപ്പെടാൻ മൂന്നാഴ്ചയോളം സമയമെടുക്കും, ഇത് രോഗസാധ്യത കൂട്ടും.
വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും മൂന്ന് മാസം (12-16 ആഴ്ച) പ്രായമെത്തുമ്പോൾ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവെയ്പ്പ്‌നൽകണം. പിന്നീട് നാല് ആഴ്ചകൾക്ക് ശേഷം (16-18 ആഴ്ച) ബൂസ്റ്റർ കുത്തിവെയ്പ്പ് നൽകണം. തുടർന്ന് വർഷാവർഷം പ്രതിരോധ കുത്തിവെയ്പ്പ് ആവർത്തിക്കണം.
മൂന്ന് മാസത്തിലും ചെറിയപ്രായത്തിൽ പ്രതിരോധ വാക്‌സിൻ നൽകിയാൽ ആവശ്യമായ പ്രതിരോധശേഷി കുഞ്ഞുങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയില്ല. പ്രതിരോധശേഷി രൂപപ്പെടാൻ വേണ്ട ശാരീരിക പ്രവർത്തനങ്ങൾ ചെറിയപ്രായത്തിൽ നടക്കാത്തതാണ് മുഖ്യകാരണം. പേവിഷബാധ പ്രതിരോധകുത്തിവെയ്പ്പുകൾ കൃത്യമായി എടുത്ത അമ്മയിൽ നിന്നും കുപ്പിപ്പാൽ വഴി ലഭ്യമാവുന്ന ആന്റിബോഡികൾ ആദ്യ മൂന്ന് മാസംവരെ കുഞ്ഞുങ്ങളെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കും.
പൂർണ്ണ ആരോഗ്യമുള്ളപ്പോൾ മാത്രമേ പ്രതിരോധ കുത്തിവെയ്പുകൾ നൽകാൻ പാടുള്ളൂ. കുത്തിവെയ്പ്പിന് ഒരാഴ്ച മുൻപ് ആന്തര പരാദങ്ങൾക്കെതിരായി മരുന്നുകൾ നൽകാൻ വിട്ടുപോവരുത്. പ്രതിരോധ കുത്തിവെയ്പ് നൽകി മൂന്ന് ആഴ്ചകൾക്കുള്ളിൽ ശരീരത്തിൽ പ്രതിരോധശേഷി രൂപപ്പെടും.
പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്ത നായ്ക്കളിൽ ബാഹ്യലക്ഷണങ്ങൾ ഒട്ടും പ്രകടിപ്പിച്ചില്ലെങ്കിലും ഉമിനീരിൽ വൈറസ് ഉണ്ടാവാനിടയുണ്ടെന്ന ആശങ്ക ചിലർക്കെങ്കിലുമുണ്ട്. ഈ ആശങ്കകൾ അസ്ഥാനത്താണ്. രോഗാണുബാധയേറ്റാൽ മരണം തീർച്ചയായതിനാൽ ഒരു ജീവിയ്ക്കും പേവിഷബാധ വൈറസിന്റെ നിത്യവാഹകരാവാൻ കഴിയില്ല എന്നതാണ് ശാസ്ത്രം .

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ഒരു വൈറസിന്റെ കഥ
Next post നാമെല്ലാവരും ഇന്ത്യക്കാരാണ് കലർപ്പുള്ളവരാണ് കുടിയേറ്റക്കാരാണ്‌
Close