Read Time:7 Minute


ഡോ.നവ്യ തൈക്കാട്ടിൽ

സെപ്റ്റംബർ 28 ലോക റാബീസ് ദിനമാണ്. മരണം നൂറു ശതമാനത്തോളം ഉറപ്പുള്ള പേവിഷബാധയെ തടയാൻ, മനുഷ്യരിൽ അവബോധമുണ്ടാക്കേണ്ട ദിവസം.

[dropcap]നി[/dropcap]ലനില്പിന്റെയും, അതിജീവനത്തിന്റെയും കല ഏറ്റവും മനോഹരമായി പ്രകൃതിയിൽ കാണാൻ സാധിക്കുന്നത്, ഒരു പക്ഷെ, വൈറസുകളിലായിരിക്കണം. പരിണാമത്തിന്റെ ടൈംലൈനിൽ,  തുടക്കത്തിലാണോ ഒടുക്കത്തിലാണോ ഇവയെ പ്രതിഷ്ഠിക്കേണ്ടത് എന്ന് പോലും ചിലപ്പോള്‍ സംശയം തോന്നിപ്പോവും.

പ്രാചീനമായ റാബീസ് വൈറസ്, തന്റെ ഓരോ ഇരയെയും ഓരോ വേട്ടക്കാരനാക്കി, അടുത്ത ഇരകളിലേക്ക് സ്വയം പടർന്നുകയറുന്ന പ്രതിഭാസം അത്ഭുതപ്പെടുത്തും. ഇരയായ ജീവി ഏതാനും ദിവസങ്ങളിൽ തന്നെ ചത്തു  വീഴുമെന്നിരിക്കെ, അതിനൊപ്പം ഒടുങ്ങാതെ, അതിനെ അക്രമാസക്തമാക്കി, അടുത്ത ഇരയിലേക്കെത്തുന്ന നിലനിൽപ്പിന്റെ പ്രതിഭാസം. ഇര തീർത്തും അവശനായി, ഒരു ഭാഗത്ത് കിടന്നൊടുങ്ങിയിരുന്നെങ്കിൽ, അവിടെ തീർന്നേനെ ആ വൈറസും.

തന്റെ വെറും അഞ്ചു കൂട്ടം ജീനുകൾ കൊണ്ട്, ഇരുപതിനായിരത്തോളം ജീനുകളുള്ള മറ്റൊരു സങ്കീർണ്ണ ജീവിയുടെ, മസ്തിഷ്‌കത്തിൽ കയറി, അതിനെ ‘ഭ്രാന്ത്‌’ പിടിപ്പിക്കുവാനും, അത് വരെ ഇല്ലാത്ത ശൂരോടെ, സകലതിനെയും കടിയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത്, കൃത്യമായി എങ്ങനെയാണെന്നുള്ളത് ഇന്നും ശാസ്ത്രലോകത്തിനൊരു സമസ്യയാണ്.


കാവ്യാത്മകതയേതുമില്ലാതെ പരിണാമശാസ്ത്രം മാത്രം പറയുകയാണെങ്കിൽ, ഇതേ വിഭാഗത്തിൽ പെട്ട പല പ്രാചീന വൈറസുകളും പല കാലങ്ങളിലായി വംശനാശം സംഭവിച്ചു പോയിട്ടുണ്ടാവണം. തന്റെ നിലനിൽപ് ഉറപ്പാക്കുന്ന രീതിയിൽ, ഇരയുടെ പെരുമാറ്റം നിയന്ത്രിക്കുന്ന നാഡീകേന്ദ്രങ്ങളെ, കൃത്യമായി ബാധിക്കാൻ സാധിക്കാത്തവയായിരുന്നിരിക്കും അവയൊക്കെ. റാബീസ് വൈറസ് ഫേവറബിൾ മ്യുട്ടേഷൻ ഒന്നു കൊണ്ട് മാത്രം അതിജീവിച്ചതാവണം.

റാബീസിനെ പ്രതിരോധിക്കാനുള്ള വാക്സിനുകളും മരുന്നുകളും ഇന്ന് ലഭ്യമാണ്. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തലോയേറ്റവർക്ക് എത്രയും പെട്ടെന്ന് തന്നെ ഇത് നൽകിയാൽ വിഷബാധ തടയാൻ സാധിക്കും. വൈറസിനെ സംബന്ധിച്ച്, മനുഷ്യൻ എന്നത് തന്റെ നിലനിൽപ്പിനെ അശേഷം സഹായിക്കാത്ത ജീവിയാണ്. വിഷബാധയേറ്റൊരാൾ മറ്റൊരു മനുഷ്യനെ കടിച്ചാലും, അയാളിലേക്കെത്താനും, നിലനിൽപ്പിന്റെ ആ ചങ്ങല അങ്ങനെ തുടരാനും ഏറ്റവും സാധ്യത കുറഞ്ഞ ഒരിര.


സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനമാണ്. മരണം നൂറു ശതമാനത്തോളം ഉറപ്പുള്ള പേവിഷബാധയെ തടയാൻ, മനുഷ്യരിൽ അവബോധമുണ്ടാക്കേണ്ട ദിവസം. ഏത് വന്യജീവിയുടെയോ മറ്റു സസ്തനികളുടെയോ കടിയേറ്റാലും രണ്ടാമതോന്നാലോചിക്കാതെ, പ്രതിരോധം തേടേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഉറക്കെ പറയേണ്ട ദിനം. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനുകൾ രക്ഷിച്ചു കൊണ്ടിരിക്കുന്ന, റാബീസ് വാക്‌സിൻ കണ്ടെത്തിയ ലൂയി പാസ്ചർ മരണപ്പെട്ട ദിനം.


അഞ്ചര വർഷത്തെ മെഡിക്കൽ പഠനകാലയളവിൽ പേവിഷബാധിതരെ കിടത്തുന്ന ആ സെൽ പൂട്ടി കിടന്നായിരുന്നു എന്നും കണ്ടിട്ടുള്ളത്. ഹൗസ് സർജൻസിയുടെ അവസാന മാസങ്ങളിലൊന്നാണ്, പേവിഷബാധ കണ്ടെത്തിയ ഒരാളെ അങ്ങോട്ട് കൊണ്ടു വന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ്, തെരുവുനായ കടിച്ച ആ യുവാവ്, അന്നത് പാടെ അവഗണിച്ചിരുന്നു. മാനസിക വിഭ്രാന്തി കാണിച്ചപ്പോൾ മനശാസ്ത്രജ്ഞന്റെ അടുത്തെത്തിച്ചു. പേവിഷ ബാധയാണെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത്. ഒരു ദിവസം മുഴുവൻ ശുചീകരണ തൊഴിലാളികൾ, കാലങ്ങളായി അടഞ്ഞു കിടന്നിരുന്ന ആ സെൽ പൊടി തട്ടി, അടിച്ചു കഴുകി വൃത്തിയാക്കിയെടുത്തു.അയാളെ അങ്ങോട്ട മാറ്റിയപ്പോൾ, അന്നവിടെ പഠിച്ചിരുന്ന വൈദ്യവിദ്യാർത്ഥികളൊക്കെ, ആ ദിവസങ്ങളിൽ മാറി മാറി വന്നു കൊണ്ടിരുന്നു.  ഇരുട്ടടഞ്ഞ സെല്ലിന്റെ പുറത്തു നിന്ന് ,ഒരു പക്ഷെ പ്രൊഫെഷണൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന അത്തരം ഒരു കേസ്, നിരീക്ഷിക്കാനായിരുന്നു അത്. ‘മൃഗീയമായ’ ശാരീരിക ക്ലേശങ്ങളിലൂടെ കടന്നു പോയ ആ മനുഷ്യൻ, മൂന്നാം ദിനം മരണപ്പെട്ടു. ആ ശൃംഖല അവിടെ മുറിഞ്ഞു. തടയാമായിരുന്ന മനുഷ്യമരണം.


അരലക്ഷത്തിലധികം മനുഷ്യർ ഓരോ വർഷവും മരിച്ചു വീഴുന്ന വൈറസ് ബാധയാണ് റാബീസ്. ‘Rabies: Vaccinate to eliminate‘ എന്നതാണ് ലോകറാബീസ് ദിനത്തിന്റെ ഈ വർഷത്തെ മോട്ടോ. വൈറസിനെ സംബന്ധിച്ച്, തന്റെ നിലനിൽപ്പിന്റെ ചങ്ങലയിലെ ഏറ്റവും അപ്രസക്തമായ കണ്ണിയായ മനുഷ്യൻ, തന്നെ നിർമാര്‍ജ്ജനം ചെയ്യാൻ നടത്തുന്ന ശ്രമങ്ങൾ.  പേവിഷബാധ കൊണ്ടുള്ള ഒരൊറ്റ മനുഷ്യമരണം പോലുമില്ലാത്ത ലോകമാണ് നാം സ്വപ്നം കാണുന്നത്. അത് സാധ്യവുമാണ്.

പക്ഷെ, പ്രകൃതിയിൽ, നിലനിൽപ്പിനും അതിജീവനത്തിനും അതിന്റേതായ മാർഗ്ഗങ്ങളുണ്ട്. നാം എത്ര ശ്രമിച്ചാലും, വന്യതയിൽ ആ ശൃംഖല മുറിയാതെ നിലനിൽക്കും. വനാന്തരങ്ങളിലെ ജീവികളിൽ, അവയോടൊപ്പമുള്ള സഹജീവനകല വശമുള്ള റാബീസ് വൈറസ്, അവയെ മരണം കൊണ്ട് കീഴ്പ്പെടുത്താതെ,  ആയിരക്കണക്കിന് വർഷങ്ങളോളം അവയിൽ ഇനിയും നിലനിന്നേക്കാം.. ഒരു പക്ഷേ മനുഷ്യവംശം അറ്റുപോയതിനു ശേഷം പോലും..                                                                

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സെപ്തംബർ 28 : ലോക പേവിഷബാധ ദിനം
Next post പേവിഷബാധയും വളർത്തു മൃഗങ്ങളും
Close