Read Time:43 Minute

സൂര്യഗ്രഹണത്തെക്കുറിച്ച് സാധാരണചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും

 

സൂര്യഗ്രഹണം എങ്ങനെ ഉണ്ടാകുന്നു?

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനു നേരെ മുന്നിൽ വരുന്ന സന്ദർഭങ്ങളുണ്ടാകാം. ആ സമയത്ത് ചന്ദ്രൻ സൂര്യനെ ഭാഗികമായോ പൂർണമായോ മറച്ചേക്കാം. ഇതാണ് സൂര്യഗ്രഹണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രൻ ഭൂമിയെ അപേക്ഷിച്ച് ചെറുതായതിനാൽ ചന്ദ്രന്റെ നിഴൽ ഭൂമിയെ ഭാഗികമായി മാത്രമായിരിക്കും മറയ്ക്കുക. അതിനാൽ ആ ഭൂഭാഗങ്ങളിൽ മാത്രമാണ് സൂര്യഗ്രഹണം അനുഭവപ്പെടുക. അവിടങ്ങളിൽ ആ സമയത്ത് സൂര്യന്റെ വെളിച്ചം കുറയും.

എന്താണ് പൂർണ സൂര്യഗ്രഹണം( Total Soalr Eclipse )?

സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്ക്കുന്നതാണ് പൂർണ സൂര്യഗ്രഹണം (total solar eclipse). സൂര്യകേന്ദ്രത്തിൽ നിന്ന് ചന്ദ്രന്റെ കേന്ദ്രത്തിലൂടെ ഒരു രേഖ സങ്കല്പിച്ചാൽ അത് ഭൂമിയിലൂടെ കടന്നുപോകുന്ന ഇടത്തിനോട് ചേർന്നു കിടക്കുന്നിടത്തു മാത്രമാണ് സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. ഏറ്റവും അനുകൂല സാഹചര്യത്തിൽ പോലും ഒരിടത്ത് പരമാവധി 6, 7  മിനിട്ടിൽ താഴെ സമയം മാത്രമാണ് ഇതു കാണാൻ കഴിയുക. ഏറിയാൽ 270 കിമീ ചുറ്റളവിലും .കേരളത്തിൽ അടുത്ത കാലത്തൊന്നും പൂർണഗ്രഹണം ഉണ്ടായിട്ടില്ല. 

എന്താണ് വലയഗ്രഹണം (Annular Solar Eclipse )?

ചന്ദ്രൻ സൂര്യബിംബത്തിന്റെ അരികു ഭാഗം ഒഴികെ ബാക്കി മുഴുവൻ മറയ്ക്കുന്നതാണ് വലയഗ്രഹണം. ആ സമയത്ത് സൂര്യൻ ഒരു വലയരൂപത്തിൽ കാണുമെന്നതിനാലാണ് ഇതിനെ വലയഗ്രഹണം എന്നു പറയുന്നതു്.

സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ ഇത് ചന്ദ്രന്റെ കാര്യത്തിൽ 0.488 ഡിഗ്രി മുതൽ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തിൽ ഇത് 0.527 ഡിഗ്രി മുതൽ 0.545 ഡിഗ്രി വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങൾ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദർഭങ്ങളിൽ ചന്ദ്രബിംബം സൂര്യബിംബത്തേക്കാൾ ചെറുതായിരിക്കും. അപ്പോൾ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക. 2019 ഡിസംബറിൽ വടക്കൻ കേരളത്തിൽ നടക്കുന്നത് ഒരു വലയഗ്രഹണമാണ്. കേരളത്തിൽ മറ്റിടങ്ങളിൽ അത് ഭാഗിക ഗ്രഹണമായിരിക്കും.

എന്താണ് ഭാഗിക സൂര്യഗ്രഹണം (Partial  eclipse ) ?

സൂര്യനെ ചന്ദ്രൻ ഭാഗികമായി മറയ്ക്കുന്നതാണ് ഭാഗിക സൂര്യഗ്രഹണം.  ചന്ദ്രനുണ്ടാക്കുന്ന നിഴലിന്റെ തീവ്രത കുറഞ്ഞ ഭാഗം – അതായതു് ഉപഛായ, penumbra – മാത്രമാണ് പതിക്കുന്നതെങ്കിൽ അവിടെ നടക്കുന്നതു് ഭാഗിക ഗ്രഹണമായിരിക്കും.  പൂർണ ഗ്രഹണം നടക്കുന്ന ഇടങ്ങളുടെ ചുറ്റിലുമായി താരതമ്യേന വലിയൊരു ഭാഗത്ത് ഭാഗിക ഗ്രഹണം നടക്കും.

എന്താണ് സങ്കര (hybrid) സൂര്യഗ്രഹണം?

ഒരു സൂര്യഗ്രഹണം നടക്കുമ്പോൾ തന്നെ ചിലയിടങ്ങളിൽ അത് പൂർണ ഗ്രഹണമായും  മറ്റു ചിലയിടങ്ങളിൽ അത് വലയഗ്രഹണം ആയും കാണപ്പെടുന്ന പ്രതിഭാസമാണ് സങ്കര സൂര്യഗ്രഹണം. ഗ്രഹണം നടക്കുന്ന ഏതാനും മണിക്കൂറുകൾക്കകം തന്നെ ചന്ദ്രനും ഭൂമിയിൽ അതിന്റെ നിഴൽ വീഴുന്ന ഇടവും തമ്മിലുള്ള ദൂരത്തിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണമാകുന്നത്. പ്രഛായയും എതിർ ഛായയും (umbra and antumbra) തമ്മിൽ സന്ധിക്കുന്നിടത്തു കൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുക. ഇതിനുള്ള സാദ്ധ്യത കുറവായതിനാൽ ഏകദേശം ഒരു ദശാബ്ദത്തിലൊരിക്കൽ എന്ന നിരക്കിൽ മാത്രമാണ് ഇതു സംഭവിക്കുക. നമ്മുടെ നാട്ടിൽ സമീപഭാവിയിലൊന്നും ഇത്തരം ഗ്രഹണം നടക്കില്ല.

സൂര്യഗ്രഹണം  എത്ര നേരം നീണ്ടുനിൽക്കും?

ഭാഗിക ഗ്രഹണം മണിക്കൂറുകൾ നീണ്ടു നിൽക്കാം. എന്നാൽ വലയഗ്രഹണമോ പൂർണ ഗ്രഹണമോ പരമാവധി 6 , 7 മിനിട്ടുകൾ മാത്രമാണ് നീണ്ടു നിൽക്കുക. ഡിസംബർ 26 ലെ ഗ്രഹണം പരമാവധി 3 മിനിട്ട് 40 സെക്കന്റാണ് നീണ്ടു നിൽ ക്കുക.

എല്ലാ കറുത്ത വാവിനും ഗ്രഹണമില്ലാത്തതു് എന്തുകൊണ്ട്?

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്ന സന്ദർഭമാണ് കറുത്തവാവ് അഥവാ അമാവാസി. ആ സമയത്ത് ചന്ദ്രന്റെ ഒരു പകുതി ഭൂമിക്കു നേരെയും മറ്റേ പകുതി സൂര്യനു നേരെയും ആയിരിക്കും. അപ്പോൾ സൂര്യന്റെ നേരെയുള്ള പകുതിയിൽ വെളിച്ചമുണ്ടാകും. നമ്മുടെ നേരെ തിരിഞ്ഞിരിക്കുന്ന മറ്റേ പകുതിയിൽ സൂര്യപ്രകാശം വീഴാത്തതിനാൽ ഇരുട്ടായിരിക്കും. ചന്ദ്രൻ സ്വയം പ്രകാശം ഉണ്ടാക്കില്ല എന്നതിനാൽ നമുക്കാ സമയത്ത് ചന്ദ്രനെ കാണാൻ കഴിയില്ല. ഓരോ തവണ ചന്ദ്രൻ ഭൂമിയെ ചുറ്റിവരുമ്പോഴും ഒരിക്കൽ അമാവാസി ഉണ്ടാകും. ഒരു വർഷത്തിൽ പന്ത്രണ്ടോ പതിമൂന്നോ പ്രാവശ്യം ഇതു സംഭവിക്കാം.

ഇനി സൂര്യഗ്രഹണം സംഭവിക്കുന്നതെങ്ങനെയെന്നു നോക്കാം. അമാവാസി ദിവസങ്ങളിൽ ചന്ദ്രൻ സൂര്യനെ കടന്നു പോകുന്നതു് സൂര്യന്റെ നേരെ മുന്നിലൂടെയാണെങ്കിൽ ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യന്റെ ഒരു ഭാഗം ചന്ദ്രനാൽ മറഞ്ഞതായി കാണപ്പെടും. ഇതാണ് സൂര്യഗ്രഹണം. ഇത് എല്ലാ അമാവാസി ദിവസങ്ങളിലും സംഭവിക്കണമെന്നില്ല. ചിലപ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തിന്റെ വടക്കുഭാഗത്തു കൂടെ കടന്നു പോകും. ചിലപ്പോഴൊക്കെ തെക്കുഭാഗത്തു കൂടെ കടന്നു പോകും. ചിലപ്പോൾ നേരെ മുന്നിലൂടെ കടന്നുപോകുമ്പോൾ സൂര്യബിംബം ഭാഗികമായോ പൂർണമായോ കുറച്ചു നേരത്തേക്കു മറയും. അതാണ് സൂര്യഗ്രഹണം. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതലവും ഭൂമി സൂര്യനെ ചുറ്റുന്നതലവും തമ്മിൽ 5 ഡിഗ്രിയുടെ ചെറിയൊരു ചരിവുണ്ട്. അതിനാലാണ് ഇങ്ങനെ ചിലപ്പോൾ മാത്രം അമാവാസി നാളുകളിൽ സൂര്യഗ്രഹണം സംഭവിക്കുന്നത്. 

ഈ കാരണം കൊണ്ടു തന്നെയാണ് എല്ലാ പൗർണമി നാളുകളിലും (വെളുത്ത വാവ്) ചന്ദ്രഗ്രഹണം ഉണ്ടാകാത്തതും.

ചന്ദ്രഗ്രഹണം എങ്ങനെ ഉണ്ടാകുന്നു?

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലാകുന്നത് പൂർണ ചന്ദ്രഗ്രഹണം. ആ സമയത്ത് ചന്ദ്രനിൽ നിന്നു നോക്കിയാൽ സൂര്യനെ കാണാനേ കഴിയില്ല. 

എന്താണ് പൂർണ ചന്ദ്രഗ്രഹണം?

ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ (umbra) പെടുന്നതാണ് പൂർണ ചന്ദ്രഗ്രഹണം. ആ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് വിസരണവും അപവർത്തനവും വഴി അവിടെ എത്തുന്ന വെളിച്ചത്തിൽ ചന്ദ്രൻ മങ്ങിയ ചെമ്പുനിറത്തിൽ കാണപ്പെടും.

എന്താണ് ഭാഗിക ചന്ദ്രഗ്രഹണം ?

ചന്ദ്രൻ ഭൂമിയുടെ നിഴലിൽ (ഛായ, umbra) ഭാഗികമായി വരുമ്പോഴാണ് ഭാഗികചന്ദ്രഗ്രഹണം ഉണ്ടാകുക.

വലയ ചന്ദ്രഗ്രഹണം എന്നൊന്നുണ്ടോ?

ഇല്ല. ഭൂമിയുടെ നിഴലിന്റെ (umbra) നീളത്തേക്കാൾ കുറവാണ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം എന്നതാണ് ഇതിനു കാരണം.

ഒരു വർഷം എത്ര സൂര്യഗ്രഹണം വരെയുണ്ടാകാം?

സാധാരണഗതിയിൽ ഒരു കലണ്ടർ വര്ഷം രണ്ട്  സൂര്യ ഗ്രഹണങ്ങൾ ഉണ്ടാകും. 2019 ൽ 3 ഗ്രഹണങ്ങളാണ് സംഭവിക്കുക. ജനുവരി 6 ന് ഒരു ഭാഗിക  ഗ്രഹണം ഉണ്ടായിരുന്നു. ജൂലൈ 2 നു ഒരുപൂർണഗ്രഹണവും നടന്നു. ഇത് കൂടാതെയാണ് ഡിസംബറിലെ ഗ്രഹണം.  അപൂർവമായി 5 സൂര്യ ഗ്രഹണങ്ങൾ വരെ ഒരുവർഷം ഉണ്ടാകും. 1935 ൽ ഇത് സംഭവിച്ചിട്ടുണ്ട്. 1935 ൽ ജനുവരി 5 , ഫെബ്രുവരി 3 , ജൂൺ  30 , ജൂലൈ 30 , ഡിസംബർ 25 എന്നീ തീയതികളിൽ സൂര്യഗ്രഹണം നടന്നു. ഇതിൽ ആദ്യത്തെ 4 എണ്ണം ഭാഗിക ഗ്രഹണങ്ങളും അവസാനത്തേത് വലയ ഗ്രഹണവും ആയിരുന്നു. ഇനി ഇതുപോലെ 5 സൂര്യഗ്രഹണ ങ്ങൾ ഉണ്ടാവുക  2206 ലാണ്.

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ?

ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കുന്നതിനുമുമ്പുണ്ടായിരുന്ന അബദ്ധധാരണകളിലൊന്നാണ് ഭക്ഷണം കഴിക്കരുതെന്നുള്ളത്. ഗ്രഹണസമയത്ത് സൂര്യനിൽനിന്ന് പലതരം രശ്മികൾ ഭൂമിയിലെത്തും, ഇത് ഭക്ഷണത്തെ വിഷമയമാക്കും, ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിക്കണം –  ഇത്തരം നിരവധി കഥകൾ പ്രചാരത്തിലുണ്ടായിരുന്നു. അതൊക്കെ ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കുന്നതിനുമുമ്പ് ഉണ്ടായിരുന്ന കഥകൾ മാത്രമാണ്. ഇന്നോ ഗ്രഹണമെന്താണെന്ന് നമുക്ക് കൃത്യമായി അറിയാം. അല്പസമയം സൂര്യപ്രകാശം ഭൂമിയിലെ കുറച്ചുപ്രദേശത്ത് (ഗ്രഹണപാതയിൽ) ലഭിക്കില്ല. [box type=”note” align=”” class=”” width=””]നല്ല മഴക്കാറുള്ളപ്പോഴും രാത്രിയിലും സൂര്യപ്രകാശമില്ലല്ലോ? അപ്പോഴും നമ്മൾ ഭക്ഷണം കഴിക്കാറില്ലേ? ആ സമയത്ത് ഭക്ഷണം കഴിച്ചാലുണ്ടാകുന്നതിനേക്കാൾ കൂടുതലൊന്നും പ്രശ്നങ്ങൾ ഗ്രഹണസമയത്ത് കഴിച്ചാലും ഉണ്ടാകുന്നില്ല. അതുകൊണ്ട് വിശപ്പുണ്ടെങ്കിൽ നല്ല ഭക്ഷണം ധൈര്യമായി കഴിക്കാം. കഴിക്കാതിരിക്കാൻ ന്യായം ഒന്നും കാണുന്നില്ല.[/box]

സൂര്യഗ്രഹണ സമയത്ത് സൂര്യനെ നോക്കാമോ?

നേരിട്ടു നോക്കരുത്. ഗ്രഹണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സൂര്യനെ നേരിട്ടു നോക്കരുത്, അതു നല്ലതല്ല. എന്നാൽ അതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക കണ്ണട വെച്ചോ പ്രൊജക്ഷൻ രീതികൾ ഉപയോഗിച്ചോ സൂര്യനെ കാണാം, തീർച്ചയായും കാണണം.

2019 ഡിസംബർ 26 ലെ ഗ്രഹണം ഭൂമിയിൽ എവിടെയൊക്കെ കാണാൻ കഴിയും?

വലയ ഗ്രഹണത്തിന്റെ പാത സൗദി അറേബ്യയിൽ നിന്ന് ആരംഭിച്ച് കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലൂടെ കടന്ന് ബോർണിയോ സുമാത്ര ദ്വീപുകൾ വരെയെത്തും. 

ഡിസംബർ 26 ലെ സൂര്യഗ്രഹണം കേരളത്തിൽ എവിടെയൊക്കെ കാണാൻ കഴിയും?

കേരളത്തിൽ എല്ലായിടത്തും കാണാൻ കഴിയും. അന്ന് രാവിലെ ഏകദേശം  8 മണി മുതൽ 11 മണി വരെയുള്ള സമയത്താണ് ഇതുസംഭവിക്കുക. കേരളത്തിൽ കോഴിക്കോടു നിന്ന്    വയനാട്ടിലേക്ക് ഒരു വര സങ്കല്പിച്ചാൽ അതിന്റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും കാണാൻ കഴിയും. കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം മറയും.

ഡിസംബർ 26 ലെ സൂര്യഗ്രഹണം കേരളത്തിനു പുറത്ത് കാണാൻ കഴിയുമോ?

കഴിയും. ഇന്ത്യയിൽ മിക്കയിടങ്ങളിലും (ഹിമാലയസാനുക്കളിലൊഴികെ) ഇതു കാണാൻ കഴിയും. വടക്കൻ കേരളം, തെക്കൻ കർണാടകം, തമിഴ്നാട്ടിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വലയ ഗ്രഹണമായും മറ്റിടങ്ങളിൽ ഭാഗിക ഗ്രഹണമായും ഇത് അനുഭവപ്പെടും.

സൂര്യഗ്രഹണം നോക്കാനുള്ള കണ്ണടകൾ എന്തുതരം?

സൂര്യപ്രകാശത്തിന്റെ 99.99 ശതമാനത്തിലധികം ഭാഗത്തേയും തടയുന്നതരം ഫിൽട്ടറുകൾ ഉപയോഗിക്കുന്ന പ്രത്യേക കണ്ണടകൾ ഇതിനു യോജിച്ചതാണ്. അലൂമിനിയം പൂശിയ പ്ലാസ്റ്റിക്ക് ഷീറ്റുകൾ ഒന്നിലധികം അടുക്കിവെച്ച്  ഉണ്ടാക്കുന്ന ഫിൽട്ടറുകൾ ലഭ്യമാണ്. (ഗ്രഹണം കാണാൻ സൗരക്കണ്ണട എവിടെ കിട്ടും ?)

സാധാരണ കണ്ണടയുടെ കൂടെ ഇത്തരം കണ്ണടകൾ ഉപയോഗിക്കാമോ?

സാധാരണ കണ്ണടകളുടെ പുറത്തു ഘടിപ്പിച്ച് ഇവ ഉപയോഗിക്കാം.

ഗ്രഹണക്കണ്ണടകൾ വെച്ച് സൂര്യനെ ടെലിസ്കോപ്പിലൂടെ നോക്കാമോ?

ഇല്ല. അത് അപകടകരമായേക്കാം. ബൈനോക്കുലറിലൂടെയൊ ടെലിസ്കോപ്പിലൂടെയൊ യാതൊരു കാരണവശാലും സൂര്യനെ നേരിട്ടുനോക്കരുത്. ഗ്രഹണം കാണാൻ ഇവ ഉപയോഗിക്കുന്നതിന് വിദഗ്ധരുടെ സഹായം തേടുക.

എക്സ് റേ ഫിലിമിലൂടെ നോക്കിയാൽ കുഴപ്പമുണ്ടോ?

കുഴപ്പമുണ്ടായേക്കാം. എക്സ്-റേ ഫിലിമിന്റെ എല്ലാ ഭാഗവും ഒരു പോലെ ഇരുണ്ടതായിരിക്കില്ല എന്നതിനാൽ ഇത് ശുപാർശ ചെയ്യുന്നില്ല.

വെൽഡിങ് ഗ്ലാസ് ഉപയോഗിച്ചു നോക്കാമോ?

12,13, 14 ഷേഡ് ഉള്ളവ ഉപയോഗിച്ച് കുറച്ചു നേരം നോക്കാം. പക്ഷെ  വെൽഡർമാർ ഉപയോഗിക്കുന്ന ഷേഡ് കുറഞ്ഞവ അനുയോജ്യമല്ല. 

ചാണകവെള്ളത്തിൽ സൂര്യഗ്രഹണം കണ്ടാൽ കുഴപ്പമുണ്ടോ?

ചാണകവെള്ളത്തിലും മഷി കലക്കിയ വെള്ളത്തിലും പ്രതിഫലിക്കുന്ന സൂര്യ പ്രതിബിംബത്തിന്റെ പ്രകാശ തീവ്രതയിൽ കാര്യമായ കുറവൊന്നും വരുന്നില്ല. അതുകൊണ്ട് ഇത് വേണ്ടത്ര സുരക്ഷിതമല്ലാത്ത ഒരു പഴഞ്ചൻ രീതിയാണ്. അത് വേണ്ട. 

ഗ്രഹണസമയത്ത് നക്ഷത്രങ്ങൾ കാണാൻ കഴിയുമോ?

ഡിസംബർ 26-നു നടക്കുന്ന വലയസൂര്യഗ്രഹണ സമയത്ത് അതു കഴിയില്ല. എന്നാൽ പൂർണ സൂര്യഗ്രഹണം നടക്കുന്ന സ്ഥലങ്ങളിൽ കുറച്ചു നേരത്തേക്ക് അതിനു കഴിയും.

ഗ്രഹണസമയത്ത് കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിയുമോ?

മുൻകാലങ്ങളിൽ ഗ്രഹണം ഒരു അവസരം ആയി ഉപയോഗിച്ചു കൊണ്ട് ശാസ്ത്രജ്ഞർ പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. ഉദാഹരണമായി ഹീലിയത്തെ ആദ്യമായി കണ്ടെത്തിയത് ഒരു സൂര്യഗ്രഹണ സമയത്തു സൂര്യന്റെ വർണരാജി പഠിച്ചപ്പോഴാണ്. ജൂൾസ് ജാൻസൺ എന്ന ഫ്രഞ്ചുകാരനായ ശാസ്ത്രജ്ഞൻ ഇന്ത്യയിലെ ഗുൺടൂരിൽ വന്നു ഒരു പൂർണസൂര്യഗ്രഹണം നിരീക്ഷിച്ചതിൽ നിന്നാണ് ഇത് സാധ്യമായത്.  1919 മെയ് മാസത്തിൽ നടന്ന ഒരു സൂര്യഗ്രഹണത്തിനോട് അനുബന്ധിച്ചു നടത്തിയ പഠനത്തിൽ നിന്നാണ് ഗുരുത്വബലത്താൽ പ്രകാശത്തിന്റെ പാത വളയുമെന്ന ഐൻസ്റ്റൈന്റെ സിദ്ധാന്തം ശരിയാണെന്നു സ്ഥാപിച്ചത്. 

ഗ്രഹണസമയത്ത് മാരകമായ രശ്മികൾ ഭൂമിയിൽ പതിക്കുമെന്നത് ശരിയോ?

ശരിയല്ല. സാധാരണ സമയങ്ങളിൽ സൂര്യനിൽ നിന്നു വരുന്ന രശ്മികൾ തന്നെയാണ് ആ സമയത്തും വരിക. മാത്രവുമല്ല അങ്ങനെ വരുന്ന രശ്മികളിൽ നല്ലൊരുഭാഗത്തെ ചന്ദ്രൻ തടയുകയാണ് ചെയ്യുന്നത്. ഇങ്ങനെ സൂര്യരശ്മികളെ ചന്ദ്രൻ തടയുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക. 

ഗ്രഹണസമയത്ത് വീടിന് പുറത്തിറങ്ങരുത് എന്നു പറയുന്നത് ശരിയാണോ?

ശരിയല്ല. അതിനു പ്രത്യേക കാരണമൊന്നും കാണാനില്ല. സൂര്യഗ്രഹണസമയത്ത് സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ വരുന്നുവെന്നതല്ലാതെ മറ്റൊന്നും സൂര്യനിലൊ ഭൂമിയിലൊ സംഭവിക്കുന്നില്ല. ആകാശത്ത് നടക്കുന്ന മനോഹരമായ ഈ നിഴൽ നാടകം വീട്ടുകാർക്കും നാട്ടുകാർക്കുമൊപ്പം പുറത്തിറങ്ങി ഭക്ഷണം കഴിച്ചും ചർച്ചകൾ നടത്തിയും കണ്ടാസ്വദിക്കുകയാണ് വേണ്ടത്.   

ഡിസംബർ 26 ലെ ഗ്രഹണം എത്ര മണിക്കാണ്?

ഈ പട്ടിക കാണുക. ഇതിനടുത്തുള്ള സ്ഥലങ്ങളിൽ സമയത്തിൽ  കാര്യമായ വ്യത്യാസം കാണില്ല.

തീയതി : 26 ഡിസംബർ 2019 

സ്ഥലം  തുടക്കം  ഗ്രഹണം – 

പരമാവധി 

അവസാനം  മാഗ്നിറ്റ്യൂഡ് 
തിരുവനന്തപുരം  08:07 09:30 11:11 0.91
2 കൊല്ലം  08:06 09:29 11:10 0.92
3 ആലപ്പുഴ  08:06 09:28 11:09 0.93
4 പത്തനംതിട്ട  08:06 09:29 11:11 0.93
5 കോട്ടയം  08:06 09:29 11:10 0.93
6 ഇടുക്കി  08:06 09:29 11:11 0.95
7 എറണാകുളം  08:06 09:28 11:09 0.94
8 തൃശൂർ  08:05 09:28 11:08 0.95
9 പാലക്കാട്  08:06 09:28 11:09 0.97
10 മലപ്പുറം 08:06 09:29 11:11 0.97
11 കോഴിക്കോട്  08:05 09:27 11:08 0.97
12 വയനാട് 08:05 09:27 11:07 0.98
13 കണ്ണൂർ  08:04 09:26 11:05 0.98
14 കാസറഗോഡ്  08:04 09:25 11:04 0.98

 

സൂര്യഗ്രഹണത്തിന്റെ മാഗ്നിറ്റ്യൂഡ് (magnitude) എന്നാലെന്താണ്?

സൂര്യഗ്രഹണം പരമാവധിയാകുമ്പോൾ സൂര്യബിംബത്തിന്റെ വ്യാസത്തിന്റെ എത്ര ഭാഗം ചന്ദ്രബിംബം മറയ്ക്കുന്നു എന്ന കണക്കാണത്. പരപ്പളവിന്റെ (വിസ്തീർണം) കാര്യത്തിൽ ഇതു് കുറച്ചു കൂടി കുറവായിരിക്കും. ഭാഗിക ഗ്രഹണത്തിലും വലയ ഗ്രഹണ ത്തിലും അത് 1-ൽ താഴെയായിരിക്കും. ഇത്തവണത്തെ ഗ്രഹണത്തിൽ ചിലയിടങ്ങളിലെ മാഗ്നിറ്റ്യൂഡ്  മുകളിൽ പട്ടികയിൽ കൊടുത്തിട്ടുണ്ട്.

ഗ്രഹണം എങ്ങനെ കാണാം ?

2019 ഡിസംബർ 26- നു നടക്കുന്ന സൂര്യഗ്രഹണം എല്ലാവരും കാണേണ്ടുന്ന ഒരു സംഭവമാണ്. സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന ഈ പ്രതിഭാസം നമുക്ക് വല്ലപ്പോഴും മാത്രമേ കാണാൻ സാധിക്കൂ.  അതേസമയം സൂര്യനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിക്കൊണ്ടിരിക്കുന്നത് നല്ല കാര്യമല്ല. ഗ്രഹണമുള്ളപ്പോഴായാലും ഇല്ലാത്തപ്പോഴായാലും സൂര്യന്റെ തീവ്രമായ പ്രകാശം കണ്ണുകൾക്ക് നല്ലതല്ല. അതിനാൽ സൂര്യനെ പ്രത്യേകതരം കണ്ണടകൾ ഉപയോഗിച്ചോ അല്ലെങ്കിൽ സൂര്യബിംബത്തെ ഏതെങ്കിലും പ്രതലത്തിൽ പതിപ്പിച്ചോ വേണം കാണാൻ.

സൂര്യ കണ്ണടകൾ

ഗ്രഹണ സൂര്യനെ സുരക്ഷിതമായി കണ്ടാസ്വദിക്കാനുള്ള ഒരു വഴിയാണ് ഇതിനായി പ്രത്യേകരീതിയിൽ നിർമ്മിച്ച കണ്ണടകൾ. കണ്ണടയിലെ ലെൻസിന്റെ സ്ഥാനത്ത് അലൂമിനിയം പൂശിയ പ്ലാസ്റ്റിക് ഷീറ്റുകൾ ആണ് ഉപയോഗിക്കുക. ശരിയായ തരം ഷീറ്റുകൾ രണ്ടു മടക്കായി വെച്ചാൽ പുറത്തു നിന്നു വരുന്ന വെളിച്ചത്തിന്റെ 99.99 ശതമാനത്തിലധികവും ഇതു തടയും. അതിനാൽ സൂര്യനെ കാണാൻ ഇതു് ഉപയോഗിക്കാം. സാധാരണ കണ്ണട ഉപയോഗിക്കുന്നവർക്ക് അതിനു പുറമേ ഇതു വെക്കാവുന്നതാണ്. 10 രൂപയോ അതിൽ താഴെയോ വിലക്ക് ഇത്തരം നല്ല കണ്ണടകൾ ലഭ്യമാണ്. കണ്ണട വെച്ച് സാധാരണ കാഴ്ചകൾ കാണാൻ കഴിയില്ല. സൂര്യനെ കാണാൻ മാത്രമാണ് ഇതുപയോഗിക്കുക.

സൗരദർശിനി

കുറേപ്പേർക്ക് ഒരുമിച്ച് ഗ്രഹണസൂര്യനെ സുരക്ഷിതമായി കാണാനുള്ള ലളിതമായ ഒരു സംവിധാനമാണ് സൗരദർശിനി. ഒരു ചെറിയ കണ്ണാടി കൊണ്ട് സൂര്യപ്രകാശത്തെ പ്രതിപതിപ്പിച്ച് ഒരു മുറിയ്ക്കകത്തെ ഭിത്തിയിൽ സൂര്യന്റെ ബിംബത്തെ കാണിക്കുക എന്നതാണ് ഇതിന്റെ രീതി. 4,5 സെന്റിമീറ്റർ വലിപ്പമുള്ള കണ്ണാടിയാണ് ഇതിന് അനുയോജ്യം. വലിയ കണ്ണാടികൾ ഇതിനു വേണ്ട. കണ്ണാടി ആവശ്യത്തിനു തിരിക്കത്ത രീതിയിൽ സ്ഥാപിക്കാൻ ഒരു വഴിയുണ്ട്. ഒരു ചെറിയ ബോളിന്റെ ഒരു ഭാഗം തുറന്ന് പകുതിഭാഗം മണലോ മറ്റോ നിറച്ചിട്ട് തുറന്ന ഭാഗം ഒട്ടിക്കുക. അതിനു ശേഷം കണ്ണാടിയുടെ കഷണം ഒട്ടിച്ചു വെക്കുക. ആ ബോൾ സൗകര്യത്തിന് മുറ്റത്തോ മറ്റോ വെച്ച് സൂര്യബിംബത്തെ അടുത്തുള്ള കെട്ടിടത്തിന്റെ അകത്തെ ഭിത്തിയിൽ വീഴ്ത്താം. ഗ്രഹണം നടക്കുന്ന സമയത്ത് അവിടെ ഇരിക്കുന്നവർക്കെല്ലാം അതു ഭംഗിയായി കാണാൻ സാധിക്കും.

ടെലിസ്കോപ്പ് പ്രൊജക്ടർ

സൂര്യഗ്രഹണത്തെ കൃത്യതയോടെ നിരീക്ഷിക്കാനും പഠനങ്ങൾ നടത്താനും ചെറിയ ടെലിസ്കോപ്പുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ അതിലൂടെ നേരിട്ടു നോക്കുന്നതു് അപകടകരമാണ്. ഫോക്കസ് ചെയ്യാനോ സൂര്യന്റെ ദിശയിൽ അലൈൻ ചെയ്യാനായി പോലുമോ നേരിട്ടു നോക്കരുത്. കണ്ണടയിൽ ഉപയോഗിക്കുന്നതരം ഫിൽട്ടറുകൾ ഉപയോഗിച്ചു പോലും ടെലിസ്കോസ്പ്പിലൂടെ നോക്കരുതു്. ടെലിസ്കോപ്പുകൾ പ്രകാശത്തിന്റെ തീവ്രത നിരവധി മടങ്ങായി വർധിപ്പിക്കുമെന്നതാണ് ഇതിനു കാരണം. പകരം അതിന്റെ ടെലിസ്കോപ്പിന്റെ ഐപീസിലൂടെ (eye piece) പുറത്തു വരുന്ന വെളിച്ചത്തെ ഒരു വെളുത്ത പ്രതലത്തിൽ പതിപ്പിച്ച് ഫോക്കസിംഗ് നടത്തി നല്ല പ്രതിബിംബം കാണിക്കാവുന്നതാണ്. ചെറിയ ടെലിസ്കോപ്പിനു പകരം ബൈനോക്കുലർ ആയാലും ഈ ഡിസൈനിൽ മാറ്റം വരുത്തി ഉപയോഗിക്കാം.

ഗ്രഹണം പിൻഹോൾ കാമറയിലൂടെ

ഇത് ഏറെക്കാലമായി ഗ്രഹണ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു രീതിയാണ്. ഒരു വലിയ കാർഡ് ബോർഡ് പെട്ടിയുടെ ഒരു വശത്ത് ചെറിയ ഒരു ദ്വാരം ഉണ്ടാക്കുക. ഇത് നല്ല രീതിയിൽ ചെയ്യാൻ ഒരു വഴിയുണ്ട്. ഒരു ചെറിയ അലൂമിനിയം തകിടിൽ ഒരു പിന്നോ ഒരു ആണിയോ ഉപയോഗിച്ച് ഒരു ദ്വാരം ഉണ്ടാക്കുക. അതിനു ശേഷം ഈ തികട് കാർഡ്ബോർഡ് പെട്ടിയുടെ ഒരു വശത്തു നിന്ന് ഒരു ചെറിയ ഭാഗം മുറിച്ചുമാറ്റി അവിടെ ഉറപ്പിക്കുക. കാർഡ് ബോർഡ് പെട്ടിയുടെ എതിർ ഭാഗത്ത് ഒരു വെള്ളക്കടലാസ് ഒട്ടിക്കുക. ഇതു കഴിഞ്ഞ് പിൻഹോൾ സൂര്യനു നേരെ തിരിച്ചുപിടിച്ചാൽ കടലാസിൽ പ്രതിബിംബം വീഴും. ഇതു കാണാനായി പെട്ടിയിൽ,

ചിത്രത്തിൽ കാണിച്ചിരിക്കുന്നു പോലെ ഒരു ജാലകം ഉണ്ടാക്കുക. കുറച്ച് അകലത്തിലായി ഒന്നിലധികം പിൻഹോളുകൾ ഉണ്ടെങ്കിൽ സൂര്യന്റെ അത്ര തന്നെ പ്രതിബിംബങ്ങളും കാണാൻ കഴിയും.

കൂളിംഗ് ഗ്ലാസ് എന്നറിയപ്പെടുന്ന കറുത്തകണ്ണടകൾ വെച്ച്  സൂര്യഗ്രഹണം കാണാമോ?

തീർച്ചയായും പാടില്ല. ഇത്തരം കണ്ണടകൾ കുറച്ചുപ്രകാശത്തെമാത്രമാണ് തടയുക. അത് പോരാ. സൂര്യഗ്രഹണം കാണാൻ ഉപയോഗിക്കുന്ന കണ്ണടകൾ പ്രകാശത്തിന്റെ 99 .99 % ഭാഗത്തെയും തടയുന്നതാണ് അഭികാമ്യം.  

ചന്ദ്രന്റെ 400 ഇരട്ടി വലിപ്പമുണ്ട് സൂര്യന് എന്നു പറയുന്നത് ശരിയാണോ?

400 ഇരട്ടി വ്യാസം എന്നു പറഞ്ഞാൽ ശരിയാണ്. (കുറച്ചു കൂടി കൃത്യമാക്കിയാൽ 400.6 ഇരട്ടി),. വ്യാപ്ത (ഉള്ളളവ് ) ത്തിലുള്ള അനുപാതം എടുത്താൽ അത് 400 *400 *400 = 64000000 ഇരട്ടി വരും. സൂര്യന്റെ വ്യാസം 13.92 ലക്ഷം കിലോമീറ്റർ. ചന്ദ്രന്റെ വ്യാസം 3474.8 കിലോമീറ്റർ). കാഴ്ചയിൽ ഈ വലിപ്പ വ്യത്യാസം തോന്നാതിരിക്കാൻ കാരണം ദൂരത്തിലും ഇതുപോലെ വലിയ വ്യത്യാസം ഉണ്ടെന്നതാണ്.

ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 400 ഇരട്ടിയാണെന്നു പറയുന്നതു ശരിയാണോ?

ആ കണക്ക് ഏകദേശം ശരിയാണ്. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങൾ ദീർഘവൃത്തങ്ങളായതുകൊണ്ട് അകലങ്ങൾ സദാ മാറിക്കൊണ്ടിരിക്കും. അതിനാൽ അതിന്റെ അനുപാതവും മാറും. സൂര്യനിലേക്കുള്ള ദൂരം ഏകദേശം 15 കോടി കിലോമീറ്റർ ആണ്. എന്നാൽ ഇതിൽ ഏതാണ്ട് 2 ശതമാനം വരെ വ്യത്യാസം ഉണ്ടാകാം. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ കാര്യത്തിൽ ശരാശരിയിൽ നിന്നുള്ള വ്യതിയാനം 6 – 7 ശതമാനം വരെയാകാം. ഇക്കാരണങ്ങളാൽ ഭൂമിയിൽ നിന്ന് സൂര്യനിലേക്കും ചന്ദ്രനിലേക്കുമുള്ള ദൂരങ്ങളുടെ അനുപാതം 362 മുതൽ 427 വരെയാകാം. ഡിസംബറിലെ വലയഗ്രഹണം നടക്കുന്ന സമയത്ത് ഈ അനുപാതം 386 ആയിരിക്കും. അതുകൊണ്ട് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രബിംബത്തിന്റെ വ്യാസം സൂര്യബിംബത്തിന്റെ വ്യാസത്തേക്കാൾ ചെറുതായി കാണപ്പെടും. 

ഗ്രഹണ സമയത്ത് വേലിയേറ്റവും വേലിയിറക്കവും കൂടുതൽ ശക്തമാകുമോ?

വേലിയേറ്റവും വേലിയിറക്കവും വാവിന്റെ ദിവസങ്ങളിൽ താരതമ്യേന ശക്തമാകാറുണ്ട്. സൂര്യനും ഭൂമിയും ചന്ദ്രനും ഏതാണ്ട് ഒരേ രേഖയിൽ വരുന്നതാണ് ഇതിനു കാരണം. സൂര്യഗ്രഹണം നടക്കുന്നതു് കറുത്തവാവിന്റെ ദിവസമായതിനാൽ സ്വാഭാവികമായും വേലികൾക്ക് തീവ്രത കുറച്ചു കൂടും. എന്നാൽ ഭയങ്കരമായ വ്യത്യാസമൊന്നും പ്രതീക്ഷിക്കേണ്ട.

എവിടെയൊക്കെ അത് പൂർണ്ണ ഗ്രഹണം ആയി കാണും?

ഡിസംബർ 26-ലെ ഗ്രഹണം ഒരിടത്തും പൂർണ ഗ്രഹണമായി കാണില്ല. അതേ സമയം വടക്കൻകേരളത്തിലും വേറെ ചിലയിടങ്ങളിലും അത് വലയ ഗ്രഹണമായി അനുഭവപ്പെടും.

അന്ന് കാർമേഘം ഉണ്ടാവാൻ സാധ്യതയുണ്ടോ?

പൊതുവേ ഡിസംബർ അവസാനം കേരളത്തിൽ മേഘങ്ങൾ കുറഞ്ഞ അവസ്ഥയാണ് കണ്ടു വരുന്നതു്. കൃത്യമായി പ്രവചനം നടത്തുക എന്നത് അതിനോടടുത്ത ദിവസങ്ങളിൽ മാത്രമേ സാദ്ധ്യമാകൂ.

ഇതു കഴിഞ്ഞാൽ അടുത്ത ഗ്രഹണം എന്നാണ്?

കേരളത്തിൽ കാണാവുന്ന ഇതു പോലത്തെ ഒരു വലയഗ്രഹണം ഇനി ഉണ്ടാവുക 2031 മേയ് 21-നാണ്. അതേ സമയം 3 ഭാഗികഗ്രഹണങ്ങൾ 2020-ൽ നടക്കുന്നുണ്ട്. 2020 ജനുവരി 10-11 രാത്രിയിലും പിന്നീട് ജൂൺ 5-6 രാത്രിയിലും ഭാഗിക ചന്ദ്രഗ്രഹണം നടക്കും. കൂടാതെ 2020 ജൂൺ 21-ന് ഉച്ചക്ക്   ഒരു ഭാഗിക സൂര്യഗ്രഹണവും നടക്കും. ഇവയെല്ലാം കേരളത്തിൽ ദൃശ്യമാണ്

ഗ്രഹണങ്ങൾ എത്ര വർഷം മുമ്പ് വരെ വരെ പ്രവചിക്കാം?

ഗ്രഹണം ആയിരം വർഷം മുമ്പേ പ്രവചിക്കാൻ ഇപ്പോൾ സംവിധാനങ്ങളുണ്ട്. -3999 മുതൽ + 6 000 വരെയുള്ള (4000 BCE to 6000 CE) 10000 വർഷത്തിൽ നടന്നിട്ടുള്ളതോ നടക്കാനുള്ളതോ ആയ 23740 സൂര്യഗ്രഹണങ്ങളുടെ പട്ടിക ലഭ്യമാണ്. (കാണുക- https://eclipse.gsfc.nasa.gov/SEcatmax/SEcatmax.html)

ഏതുതരം ഗ്രഹണങ്ങളാണ് കൂടുതൽ ഉണ്ടാവുക? സൂര്യഗ്രഹണമോ അതോ ചന്ദ്രഗ്രഹണമോ?

ഇക്കാര്യത്തിൽ വലിയ അന്തരം ഇല്ല. ഉദാഹരണത്തിന് 1901 മുതൽ 2001 വരെയുള്ള 100 വർഷത്തിനിടയിൽ 228 സൂര്യഗ്രഹണങ്ങളും 228 ചന്ദ്രഗ്രഹണങ്ങളും ഉണ്ടായി. എന്നാൽ ഒരു കാര്യം ഇവിടെ ഓർക്കണം. ചന്ദ്രഗ്രഹണം  നടക്കുമ്പോൾ ഭൂമിയിൽ വലിയൊരു ഭാഗം പ്രദേശത്ത് (ആ സമയത്ത് രാത്രിയായിട്ടുള്ള എല്ലാ ഇടങ്ങളിലും) കാണാൻ കഴിയും. അതേസമയം സൂര്യഗ്രഹണം കുറച്ചിടങ്ങളിൽ ഉള്ളവർക്ക് മാത്രമേ കാണാൻ കഴിയൂ. ഭൂമിയുടെ നിഴലിനെ അപേക്ഷിച്ചു ചന്ദ്രന്റെ നിഴലിന്റെ വലിപ്പം കുറവാണെന്നതാണ് ഇതിനു കാരണം, 

ഗ്രഹണസമയം കഴിഞ്ഞ് കുളിക്കണം എന്നു പറയുന്നതെന്തുകൊണ്ട്?

അന്ധമായ ചില വിശ്വാസങ്ങളാണ് ഇതിനു പിന്നിൽ. ഇതിനു ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ല. 

എന്തൊക്കെ വിഷങ്ങൾ ആ സമയത്ത് പരക്കുന്നു?

ഒരു വിഷവും പ്രത്യേകമായി ആ സമയത്ത് പരക്കുന്നില്ല. ഗ്രഹണത്തെ സംബന്ധിച്ചു പണ്ടുകാലത്തു നിലനിന്നിരുന്ന അബദ്ധ ധാരണകളാകാം ഇതിനു പിന്നിൽ. 

866 ജൂൺ 16ലെ ഒരു ഗ്രഹണം മഹോദയപുരത്ത് നിരീക്ഷിച്ചതായി കേൾക്കുന്നതു് ശരിയോ?

കൊല്ലവർഷം 41 മിഥുനം 25 ന് ( 866 ജൂൺ 16) പെരുമാൾമാരുടെ ഭരണത്തിൻ കീഴിലിരുന്ന മഹോദയപുരത്ത് ഒരു ഗ്രഹണം കണ്ടതായി രേഖകളുണ്ട്. അവിടുത്തെ പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണൻ അന്നു രാവിലെ ഒരു സൂര്യഗ്രഹണം നിരീക്ഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ഗ്രഹണത്തെക്കുറിച്ച് കർണാടകയിലും രേഖകളുണ്ട്. അതേ ദിവസം തന്നെ ഗ്രഹണം കണ്ടതായി ബാബിലോണിയയിലും (ഇന്നത്തെ ഇറാഖ് ഉൾപ്പെടുന്ന സ്ഥലം) രേഖയുണ്ട്. ആധുനിക ശാസ്ത്രജ്ഞർ കമ്പ്യൂട്ടർ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള പട്ടിക അനുസരിച്ച് ആ ദിവസം ഒരു ഗ്രഹണം നടന്നിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ അതു് 10.35ന് ആരംഭിച്ച് 11.45-ന് പരമാവധി നിലയിലെത്തി 12.46 ന് അവസാനിച്ചതായി കണക്കാക്കാം. ഈ കണക്കുകൾ ശങ്കരനാരായണന്റെ നിരീക്ഷണങ്ങളുമായി ചേർന്നു പോകുന്നുണ്ട്. അക്കാലത്ത് മഹോദയപുരത്ത് വിവിധതരം ഉപകരണങ്ങളുടെ സഹായത്തോടെ നിരീക്ഷണം നടത്തിയിരുന്ന ഒരു ഒബ്സർവേറ്ററി നിലവിലുണ്ടായിരുന്നു. അവയിൽ പലതും ആര്യഭടൻ വിവരിച്ചിട്ടുള്ള രൂപകല്പന അനുസരിച്ചുള്ളതാണ്.

ബെയ്ലിയുടെ മുത്തുകൾ, വജ്രമോതിര പ്രഭാവം എന്നതൊക്കെ എന്താണ്?

പൂർണ സൂര്യഗ്രഹണമോ വലയസൂര്യഗ്രഹണമോ നടക്കുമ്പോൾ കാണാനിടയുള്ള രസകരമായ ഒരു പ്രതിഭാസമാണിത്. ഭാഗിക സൂര്യഗ്രഹണത്തിൽ ഇതു കാണില്ല. ചന്ദ്രബിംബം സൂര്യബിംബത്തെ ഏതാണ്ട് പൂർണമായും മറയ്ക്കുമ്പോൾ മുത്തുമണികൾ പോലെ കുറച്ചു വെളിച്ചം മാത്രം കുറച്ചു നേരത്തേക്ക് കാണപ്പെടാറുണ്ട്. 1836 മേയ് 15-നു നടന്ന ഒരു വലിയ സൂര്യഗ്രഹണത്തിൽ ഈ പ്രതിഭാസം നിരീക്ഷിക്കുകയും തുടർന്ന് അതു വിശദീകരിക്കുകയും ചെയ്ത ഫ്രാൻസിസ് ബെയ്ലി (Francis Baily, 1774-1844) എന്ന ജ്യോതിശ്ശാസ്ത്രജ്ഞന്റെ പേരിലാണ് ഇതറിയപ്പെടുന്നത്.

ഫ്രാൻസിസ് ബെയ്ലി

ഇതിന്റെ വിശദീകരണം ലളിതമാണ്. ചന്ദ്രന്റെ ഉപരിതലം ധാരാളം കുഴികളും മലകളും താഴ് വാരങ്ങളും ചേർന്ന പരുക്കൻ പ്രദേശമാണ്. അതിനാൽ ചന്ദ്രബിംബത്തിന്റെ അരിക് കൃത്യമായ ഒരു വൃത്തത്തിന്റെ രൂപത്തിലാകില്ല. അതിനാൽ ഈ അരിക് സൂര്യബിംബത്തിന്റെ അരികിനോട് ചേർന്ന് നില്കുമ്പോൾ കുറച്ചു വെളിച്ചം ചന്ദ്രനിലെ കുന്നുകൾക്കിടയിലൂടെ കടന്നു വരും. ഇതാണ് ബെയ്ലിയുടെ മുത്തുകൾ. അത് ഏതാനും സെക്കൻഡു നേരം കാണാൻ കഴിയും. ഇതിൽ ഒരു മുത്തു മാത്രം അവശേഷിക്കുമ്പോൾ അത് ഒരു വജ്രമോതിരത്തിന്റെ ആകൃതിയിലും കാണപ്പെടാം.

വജ്രമോതിര പ്രഭാവം 2017 ആഗസ്റ്റ് 21 ലെ സൂര്യഗ്രഹണസമയത്ത് അമേരിക്കയിലെ Nebraska യിൽ ദൃശ്യമായത്‌ | കടപ്പാട് വിക്കിപീഡിയ

ഫ്രാൻസിസ് ബെയ്ലിയുടെ പേരിലാണ് അറിയപ്പെടുന്നത് എങ്കിലും  ഇത് 1715 മേയ് 3-നു നടന്ന ഒരു ഗ്രഹണ സമയത്ത് സർ എഡ്മണ്ട് ഹാലി (1656 – 1742) നിരീക്ഷിക്കുകയും ശരിയായ വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഹാലിയുടെ ധൂമകേതു (Halley’s Comet) ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നതു്.

1843 ഡിസംബർ 21-നു കേരളത്തിൽ ദൃശ്യമായ പൂർണ സൂര്യഗ്രഹണ സമയത്ത് തിരുവനന്തപുരം വാന നിരീക്ഷണ നിലയത്തിലെ ജോൺ കാൽഡിക്കോട്ട് ബെയ്ലി മുത്തുകൾ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

2019 ഡിസമ്പർ 26 – ലേതു കഴിഞ്ഞാൽ പിന്നീട് കേരളത്തിൽ കാണാവുന്ന വലയഗ്രഹണം എന്നാണ് ?

2031 മേയ് 21-ന്. അന്ന് തൃശൂരിന് തെക്കോട്ടു കൊല്ലംവരെയുള്ളഭാഗത്തു വലയഗ്രഹണം കാണാനാകും. മറ്റിടങ്ങളിൽ അത് ഭാഗിക ഗ്രഹണം ആയിരിക്കും. 

കേരളത്തിൽ കാണാവുന്ന അടുത്ത പൂർണ സൂര്യഗ്രഹണം എന്നാണ് സംഭവിക്കുക?

കേരളത്തിന്റെ മണ്ണിൽ നിന്നു കാണാവുന്ന അടുത്ത പൂർണ സൂര്യഗ്രഹണം 2168 ജൂലൈ 5 ന് ആണ്. അതായത് ഏകദേശം ഒന്നര നൂറ്റാണ്ട് കഴിഞ്ഞിട്ട്. അന്ന് വടക്കൻ കേരളത്തിൽ ഉച്ചകഴിഞ്ഞ ഉടൻ ആരംഭിക്കുന്ന ഗ്രഹണം മൂന്നു മണിക്കൂർ നീണ്ടു നില്കും. പക്ഷേ ജൂലൈ 5-ആയതു കൊണ്ട് ഗ്രഹണത്തെ കാർ മേഘങ്ങൾ മറയ്ക്കാൻ 90% സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളക്കരയിൽ നിന്ന് പൂർണ ഗ്രഹണം കാണാൻ പിന്നെയും കാത്തിരിക്കണം.

2168ലെ സൂര്യഗ്രഹണത്തിന്റെ പാത

കേരളത്തിൽ ഇതിനു മുമ്പ് കണ്ടിട്ടുള്ള പൂർണ സൂര്യഗ്രഹണം എന്നായിരുന്നു?

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം ഇതുവരേക്കും ഇവിടെ ഒരു പൂർണ സൂര്യഗ്രഹണം കാണാൻ കഴിഞ്ഞിട്ടില്ല. 1980 ഫെബ്രുവരി 16-നു ഉണ്ടായ സൂര്യഗ്രഹണത്തിന്റെ പൂർണ നിഴലിന്റെ പാത കർണാടകത്തിലൂടെ കടന്നു പോയിരുന്നു. അന്ന് കേരളത്തിൽ സൂര്യന്റെ 75% മുതൽ 92% വരെ മറഞ്ഞു, ഒരിടത്തും അതു പൂർണ ഗ്രഹണമായില്ല.

അതിനും ഒരു നൂറ്റാണ്ടു മുമ്പ് 1871 ഡിസംബർ 12-ന് വടക്കൻ കേരളത്തിൽ ഒരു പൂർണ സൂര്യഗ്രഹണം നിരീക്ഷിച്ചിട്ടുണ്ട്. അന്ന് ഉച്ചകഴിഞ്ഞ് ഏകദേശം ഒന്നര മുതൽ മൂന്നര വരെയുള്ള സമയത്താണ് അത് നടന്നത്. 

1871ലെ ഗ്രഹണം ബേക്കൽ കോട്ടയിൽ നിന്ന് നിരീക്ഷിക്കുന്നവർ. ചിത്രത്തിൽ ഇരിക്കുന്ന രണ്ട് പേരിൽ ഇടതു വശത്തുള്ളത് നോർമൻ ലോക്കിയർ. ചിത്രത്തിന് കടപ്പാട്: The Illustrated London News, 10 January 1872

പ്രശസ്ത ബ്രിട്ടീഷ്ശാസ്ത്രജ്ഞൻ നോർമൻ ലോക്കിയെറുടെ നേതൃത്വത്തിലുള്ള ഒരു സംഘം ബേക്കൽ കോട്ടയിൽ നിന്ന് വിശദമായ നിരീക്ഷണങ്ങൾ നടത്തി. നോർമൻ ലോക്കിയർ ആള് ചില്ലറക്കാരനല്ല. ഭൂമിയിൽ കണ്ടെത്തുന്നതിനു മുമ്പേ സൂര്യനിൽ ഹീലിയം കണ്ടെത്തിയ ആൾക്കാരിൽ ഒരാളായ ഇദ്ദേഹമാണ് ഹീലിയത്തിന് സൂര്യനെ സൂചിപ്പിക്കുന്ന ആ പേര് നൽകിയത്. ഹീലിയം ആദ്യം കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ജാൻസ്സെനും നീലഗിരിയിൽ സൂര്യഗ്രഹണം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൂടാതെ കണ്ണരിലും വയനാട്ടിലുമൊക്കെ യൂറോപ്യൻ ശാസ്ത്രജ്ഞർ ഗ്രഹണ നിരീക്ഷണം നടത്തിയതായി രേഖകളുണ്ട്. ആകെ 8 സംഘങ്ങളിൽ വയനാട് തമ്പടിച്ചവർ മാത്രം നിരാശരാകേണ്ടി വന്നു. മഞ്ഞ് അവിടെ വില്ലനായി. പക്ഷേ മറ്റു 7 സംഘങ്ങൾക്കും വിലപ്പെട്ട വിവരങ്ങൾ ലഭിച്ചു. 1871-നു ശേഷം കേരളക്കരയിൽ നിന്നു കാണാവുന്ന പൂർണ സൂര്യ ഗ്രഹണങ്ങളൊന്നും നടന്നതായി കരുതുന്നില്ല.

ബേക്കലിൽ 1871 ഡിസംബർ 12 നു ഗ്രഹണം നടക്കുമ്പോൾ തീ ഉണ്ടാക്കി സൂര്യനെ രക്ഷപെടുത്താൻ നോക്കുന്ന നാട്ടുകാർ – Illustrated London News ൽ വന്ന ചിത്രം

ഗ്രഹണം സംബന്ധിച്ച പഴയ സങ്കൽപം (മിത്തുകൾ) എന്തായിരുന്നു?

ശാസ്ത്രീയമായ ധാരണകൾ നിലവിൽ വരുന്നതിനു മുമ്പായി രസകരമായ പല മിത്തുകളും ഗ്രഹണത്തെ സംബന്ധിച്ച് ഉണ്ടായിരുന്നു. പിന്നീട് ഇതിലെ അബദ്ധങ്ങൾ  നാം തിരിച്ചറിഞ്ഞു. രാഹു, കേതു എന്നീ പാമ്പുകൾ സുര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്നൊരു മിത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു. വിയറ്റ്നാമിലെ ഒരുമിത്ത്  അനുസരിച്ച് ഒരു തവളയാണ് സൂര്യനെശാപ്പിടുക. ചൈനയിൽ അത് ഒരു വ്യാളിയുടെ (ഡ്രാഗൺ) ജോലിയാണ്.

തയ്യാറാക്കിയത് : ഡോ.എൻ ഷാജി


ഗ്രഹണവുമായി ബന്ധപ്പെട്ടുള്ള മറ്റു ലൂക്ക ലേഖനങ്ങൾക്ക് സന്ദർശിക്കുക – https://luca.co.in/ase2019/

Happy
Happy
36 %
Sad
Sad
7 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
7 %
Surprise
Surprise
21 %

Leave a Reply

Previous post യുറേനിയം – ഒരു ദിവസം ഒരു മൂലകം
Next post വലയഗ്രഹണത്തെ ശാസ്ത്രോത്സവമാക്കാം
Close