Read Time:15 Minute

[author image=”http://luca.co.in/wp-content/uploads/2014/09/ekbal_b.jpg” ]ഡോ. ബി. ഇക്ബാല്‍
ചീഫ് എഡിറ്റര്‍
[email protected] [/author]

എബോള രോഗബാധ ആരോഗ്യമേഖലയെ സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് അടിക്കടി എബോള രോഗം ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ മാത്രം ‌പ്രത്യക്ഷപ്പെടുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

Ebola
പശ്ചിമ ആഫ്രിക്കയിലെ ലൈബീരിയ, ഗിനിയ, സിയറ ലിയോൺ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ  പടർന്നു പിടിച്ച്കൊണ്ടിരിക്കുന്ന മാരകമായ എബോള വൈറസ് രോഗബാധ സാർവ്വദേശീയമായി വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കയാണ്. ലോകാരോഗ്യ സംഘടന രോഗത്തിന്റെ ആഗോള വ്യാപന സാധ്യത കണക്കിലെടുത്ത് സാർവ്വദേശീയ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വവ്വാൽ, കുരങ്ങ്, ചിമ്പാൻസി, ഗൊറില്ല തുടങ്ങിയ ജീവികളുടെ ശരീരത്തിലാണ് എബോള വൈറസ് സാധാരണ കാണപ്പെടുന്നത്. മനുഷ്യരിൽ പകർന്ന് കഴിഞ്ഞാൽ രോഗം ബാധിച്ചവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യയുണ്ട്. രോഗം ബാധിച്ചവരുമായി അടുത്ത ബന്ധം പുലർത്തുന്നവരിലേക്ക് മാത്രമേ രോഗം പകരുകയുള്ളൂ. വായൂവിലൂടെയോ, ഭക്ഷ്യ പദാർത്ഥങ്ങളിലൂടെയോ രോഗം   പടരുകയില്ല.  മറ്റ് പല വൈറസ് രോഗങ്ങളിലും കാണപ്പെടുന്ന പനി, ശരീരവേദന, തലവേദന, ചർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ തന്നെയാണ് എബോളയിലും കാണുന്നത്.  രോഗം ഗുരുതരമാവുമ്പോൾ കരളിന്റേയും വൃക്കകളുടേയും പ്രവർത്തനം തകരാറിലാവുകയും ആന്തരിക രക്ഷസ്രാവമുണ്ടാവുകയും ചെയ്യുന്നു.  പൊതുവായ പരിചരണമല്ലാതെ രോഗത്തിന് പ്രത്യേകമായ ചികിത്സ ഇനിയും ലഭ്യമായിട്ടില്ല.

എബോള  സമീപകാലത്ത് മാത്രം  പ്രത്യക്ഷപ്പെട്ട പുതിയ വൈറസ്  രോഗമല്ല. എതാണ്ട് നാലുപതിറ്റാണ്ടുകൾക്ക് മുൻപ് 1976ൽ  സുഡാൻ, കോംഗോ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ആദ്യമായി ഈ രോഗം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.  അക്കാലത്ത് എബോള ഹെമറാജിക്ക് ഫീവർ എന്നറിയപ്പെട്ട വൈറസ് രോഗം പിന്നീട് എബോള വൈറസ് ഡിസീസ് എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയുണ്ടായി .  എബോള എന്ന നദിയുടെ കരയിലുള്ള ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് രോഗത്തിന് ഈ പേരു ലഭിച്ചത്.  1976 നു ശേഷം പല വർഷങ്ങളിലായി 24 പ്രാവശ്യം എബോള രോഗ ബാധ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

PHIL_disinfection_Ebola_outbreak_1995എബോള രോഗബാധ ആരോഗ്യമേഖലയെ സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് അടിക്കടി എബോള രോഗം ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ മാത്രം ‌പ്രത്യക്ഷപ്പെടുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.  ഇത്തവണ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ പെട്ടവയാണ്. 187 രാജ്യങ്ങളിലെ മനുഷ്യ വികസന സൂചികൾ പരിശോധിച്ചാൽ സിയാറോ ലിയോൺ 183, ലൈബീരിയ, 173, ഗിനിയ 179 എന്നീ സ്ഥാനങ്ങളിലാണെന്ന് കാണാൻ കഴിയും. ദീർഘകാലം കൊളോണിയൽ ചൂഷണത്തിന് വിധേയമായിരുന്ന ഈ രാജ്യങ്ങളിൽ പിൽക്കാലത്ത് നടപ്പിലാക്കിയ നവ ലിബറൽ സാമ്പത്തിക നയങ്ങൾ ബഹുഭൂരിപക്ഷം ജനങ്ങളേയും ദരിദ്രരാക്കി മാറ്റി. പരിമിതമായ പൊതുജനാരോഗ്യ സംവിധാനപോലും ഈ രാജ്യങ്ങളിൽ നിലവിലില്ല.  ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന ഡോക്ടർമാരിൽ ഭൂരിപക്ഷം പേരും വികസിത രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് പതിവ്. ഇപ്പോൾ നിലവിലുള്ള ആശുപത്രികളിലെ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും എബോള രോഗം പ്രത്യക്ഷപ്പെട്ടയുടൻ രാജ്യം വിടുകയും ചെയ്തു.

എബോള മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളത് കൊണ്ടാണ് അന്തരാഷ്ട്ര ശ്രദ്ധ ആകർഷിച്ചത്. വികസിത രാജ്യങ്ങളിൽ പൂർണ്ണമായും നിയന്ത്രിക്കപ്പെട്ട് കഴിഞ്ഞിട്ടുള്ള പകർച്ചവ്യാധികളും മറ്റും വികസ്വരരാജ്യങ്ങളിൽ ഇപ്പോഴും നിലനിൽക്കയും ലക്ഷങ്ങളുടെ ജീവനപഹരിക്കയും ചെയ്തുവരുന്നുണ്ട്.  കഴിഞ്ഞ നാലുമാസത്തിനിടെ  സിയാറോ ലിയോണിൽ  എബോളാ മൂലം 365 പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെങ്കിൽ അതേ കാലയളവിൽ മെനിഞ്ചൈറ്റിസ് മൂലം 650 കുട്ടികളും വയറിളക്കം കാരണം 848 ശിശുക്കളും ക്ഷയരോഗബാധമൂലം 670 പേരും മലയേറിയ മൂലം 3000 പേരും മരണമടഞ്ഞിരുന്നു. ദാ‍രിദ്രവും,  തികച്ചും അപര്യാപ്തമായ പൊതുജനാരോഗ്യ സംവിധാനങ്ങളും സാമ്പത്തിക സാമൂഹ്യ അസമത്വം വർധിപ്പിക്കുന്ന സാമ്പത്തിക നയങ്ങളുമാണ്  വികസ്വര രാജ്യങ്ങളിലിൽ പലതിലും  ഇത്തരം രോഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ. കാട്ടുമൃഗങ്ങളുമായി സമ്പര്‍ക്കമുള്ള മൃഗങ്ങളുടെ ഇറച്ചി ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നത് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നതിന്റെ വഴികളിലൊന്നായി കരുതുന്നുണ്ട്. ഈ തരത്തിലുള്ള ഭക്ഷണ ശീലങ്ങള്‍ തന്നെ ദാരിദ്ര്യത്തിന്റെ വശങ്ങളിലൊന്നാണെന്ന് വ്യക്തമാണല്ലോ.

Stuffed ebola.jpg
ഇതോടൊപ്പം മറ്റൊരു പ്രധാന പ്രശ്നം കൂടി എബോള രോഗ ബാധ ഉയർത്തുന്നുണ്ട്. എബോള പ്രതിരോധിക്കുന്നതിനാവശ്യമായ വാക്സിൻ വികസിപ്പിച്ഛെടുക്കുന്നതിനുള്ള അടിസ്ഥാന ഗവേഷണം അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത ഘട്ടമായ  മനുഷ്യപരീക്ഷണം നടത്തി വാക്സിൻ ലഭ്യമാക്കേണ്ടതുണ്ട്. മനുഷ്യ പരീക്ഷണ ഘട്ടം പൂർത്തിയാക്കാൻ ചുമതൽ ഏല്പിക്കുന്നത് മരുന്നുകമ്പനികളെയാണ് എന്നാൽ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന എബോള പോലുള്ള രോഗങ്ങൾക്കെതിരായ വാക്സിൻ ഗവേഷണത്തിന് മരുന്നു കമ്പനികൾക്ക് താത്പ്പര്യമില്ല.

ഔഷധഗവേഷണത്തിനായി അതിഭീമമായ തുക ചെലവാക്കി വർഷങ്ങൾ ചെലവിട്ടാണ് പുതിയ മരുന്ന് കണ്ടെത്തി മാർക്കറ്റ് ചെയ്യുന്നതെന്നാണ് ബഹുരാഷ്ട മരുന്നുകമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടാണ് വരുമാനം കുറഞ്ഞ മരുന്നുകൾ മാർക്കറ്റ് ചെയ്യുന്നത് തങ്ങൾ ഒഴിവാക്കുന്നതെന്നുമാണവർ വാദിക്കുന്നത്  എന്നാൽ  വളരെ തുശ്ചമായ തുക മാത്രമാണ് മിക്ക കമ്പനികളും മൌലിക ഔഷധ ഗവേഷണത്തിനായി നീക്കിവക്കാറുള്ളതെന്ന് കാണാൻ കഴിയും. മൊത്തം വിറ്റുവരവിന്റെ 40 ശതമാനത്തോളം ഡോക്ടർമാരെ സ്വാധീനിക്കുന്നതിനും മറ്റുമായ ഔഷധ പ്രചരണാവശ്യങ്ങൾക്കായി വിനിയോഗിക്കുന്ന മരുന്നുകമ്പനികൾ കേവലം 20% മാത്രമാണ് ഔഷധഗവേഷണത്തിനായി ചെലവിട്ടുവരുന്നത്.  മാത്രമല്ല വികസ്വരരാജ്യങ്ങളിലെയും  വികസിതരാജ്യങ്ങളിലെ പ്രാന്തവൽക്കരിക്കപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളേയും ബാധിക്കുന്ന മലേറിയ, ക്ഷയരോഗം, ലീഷ് മേനിയാസിസ്, കാല അസാർ, ട്രിപ്പനസോമിയാസിസ് തുടങ്ങിയ രോഗങ്ങൾക്കാവശ്യമായ ജീവൻ രക്ഷാ ഔഷധങ്ങൾ വികസിപ്പിച്ചെടുക്കാനും ഇവർക്ക് യാതൊരു താത്പര്യവുമില്ല. ഇത്തരം രോഗങ്ങളെ അവഗണിക്കപ്പെട്ട രോഗങ്ങൾ (Neglected Diseases) എന്നാണ് ജനകീയ ആരോഗ്യനയങ്ങൾക്കായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സംഘടനയായ മെഡിസിൻ സാൻസ് ഫ്രൊണ്ടിയേഴ്സ്   വിശേഷിപ്പിച്ചിട്ടുള്ളത്.

മൊത്തം വിറ്റുവരവിന്റെ 40 ശതമാനത്തോളം ഡോക്ടർമാരെ സ്വാധീനിക്കുന്നതിനും മറ്റുമായ ഔഷധ പ്രചരണാവശ്യങ്ങൾക്കായി വിനിയോഗിക്കുന്ന മരുന്നുകമ്പനികൾ കേവലം 20% മാത്രമാണ് ഔഷധഗവേഷണത്തിനായി ചെലവിട്ടുവരുന്നത്.

ആഗോള  ഗവേഷണ ചെലവിന്റെ 10 ശതമാനം മാത്രം  90 ശതമാനത്തോളം വരുന്ന പാവപ്പെട്ട  ജനങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്കായി  ചെലവിടുന്ന മരുന്നുകമ്പനികൾ 10 ശതമാനം മാത്രം വരുന്ന ധനികർക്ക് ആവശ്യമായ മരുന്നുകൾക്കായി 90 ശതമാനം   തുകയാണ് വിനിയോഗിക്കുന്നത്.  10/90 വിടവ് (10/90 Gap) എന്നാണീ സ്ഥിതിവിശേഷത്തെ വിളിക്കാറുള്ളത്. ആഗോള ഔഷധമാർക്കറ്റിന്റെ 33% അമേരിക്കയിലും 24 ശതമാനം യൂറോപ്പിലൂം 20 ശതമാനം ജപ്പാനിലുമാണ്. സ്വാഭാവികമായും വില്പന കൂടുതലുള്ള വികസിതരാജ്യങ്ങളിലെ ധനികർക്കാ‍വശ്യമുള്ള മരുന്നുകൾ ഉല്പാദിപ്പിക്കാനാണ് മരുന്നുകമ്പനികൾ താത്പര്യപ്പെടുന്നത്. ഇന്ത്യയിലാവട്ടെ ബഹുരാഷ്ട്രകമ്പനികളുടെ ആഗോളമാർക്കറ്റിന്റെ 0.8% ഔഷധങ്ങൾ മാത്രമാണ് വിൽക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ലാഭകൊതിയന്മാരായ മരുന്നുകമ്പനികൾ ഔഷധഗവേഷണത്തിൽ ആഫ്രിക്കൻ രാജ്യങ്ങളെയും മറ്റും  അവഗണിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
Regular strength enteric coated aspirin tablets

ബഹുരാഷ്ട്ര മരുന്നുകമ്പനികളെ ആശ്രയിക്കാതെ പൊതു ഗവേഷണസ്ഥാപനങ്ങൾ വഴി ഔഷധഗവേഷണം നടത്താനുള്ള ശ്രമങ്ങൾ മുതലാളിത്ത രാജ്യങ്ങളിൽ പോലും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.  പ്രസക്തങ്ങളായ ഔഷധഗവേഷണത്തിനായി സർക്കാർ മുതൽ മുടക്കി കൊണ്ടുള്ള  ഒരു പദ്ധതിക്ക് അമേരിക്കൻ സർക്കാർ അംഗീകാരം നൽകിയിരിക്കയാണ്. നാഷനൽ സെന്റർ ഫോർ അഡ്വാൻസിങ്ങ് ട്രാൻസേഷണൽ സയൻസസ്  എന്ന പേരിൽ ഒരു 2011 ൽ സ്ഥാപിച്ച കേന്ദ്രത്തിൽ ഇപ്രകാരം ഔഷധഗവേഷണം ത്വരിതപ്പെടുത്താനുള്ള ശ്രമം നടന്നുവരുന്നു. എബോള രോഗം ആഫ്രിക്കയിലുണ്ടായിരുന്ന രണ്ട് അമേരിക്കക്കാരെ ബാധിച്ചതോടെ ഈ രോഗത്തിനെതിരായ വാക്സിൻ പരീക്ഷണം ഈ കേന്ദ്രം എറ്റെടുക്കണമെന്ന ആവശ്യം അമേരിക്കയിലെ ജനകീയാരോഗ്യ പ്രവർത്തകർ ഉന്നയിച്ചിട്ടുണ്ട്.

ആധുനിക ഔഷധഗവേഷണമേഖലയെ  സ്വകാര്യ വൻ കിടമരുന്നുകമ്പനികളുടെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിനായി ലോകരാജ്യങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച് അവഗണിക്കപ്പെട്ട രോഗങ്ങൾക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള ഔഷധഗവേഷണങ്ങൾക്കായി ലോകരാജ്യങ്ങളെല്ലാം സഹകരിച്ച് ഒരു ആഗോള ഔഷധ ഗവേഷണ ഫണ്ട് സ്വരൂപിക്കണമെന്ന ആവശ്യവും ജനകീയാരോഗ്യപ്രവർത്തകർ മുന്നോട്ടുവെച്ചിട്ടുണ്ട്.

[box type=”shadow” ]ദീർഘകാലം കൊളോണിയൽ ചൂഷണത്തിന് വിധേയമായിരുന്ന ഈ രാജ്യങ്ങളിൽ പിൽക്കാലത്ത് നടപ്പിലാക്കിയ നവ ലിബറൽ സാമ്പത്തിക നയങ്ങൾ ബഹുഭൂരിപക്ഷം ജനങ്ങളേയും ദരിദ്രരാക്കി മാറ്റി. പരിമിതമായ പൊതുജനാരോഗ്യ സംവിധാനപോലും ഈ രാജ്യങ്ങളിൽ നിലവിലില്ല. [/box]

ലോകവ്യാപരസംഘടനയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ പേറ്റന്റ് നിയമം മാറ്റിയ സാഹചര്യത്തിൽ, ആരോഗ്യമേഖലയിലെ ഗവേഷണത്തിനായി ചെലവിടുന്ന തുക ഇന്ത്യാ ഗവണ്മെന്റ് ഗണ്യമായി വർധിപ്പിച്ച് ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ സൌകര്യങ്ങൾ പ്രയോജനപ്പെടുത്തി ദുർബല ജനവിഭാഗങ്ങളെ ബാധിക്കുന്ന ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങൾക്കാവശ്യമായ ഔഷധങ്ങൾ സ്വയം വികസിപ്പിച്ചെടുക്കേണ്ടതാണ്. സി .എസ്. ഐ. ആറിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ഓപ്പൺ സോഴ് സ് ഡ്രഗ് ഡിസക്കവറി പദ്ധതി (ഓ എസ് ഡി ഡി) സ്വകാര്യ കുത്തകളെ ഒഴിവാക്കികൊണ്ടുള്ള ഔഷധഗവേഷണത്തിലെ ഉത്തമ മാതൃകയായി വളർന്നു വരുന്നുണ്ട്.

എബോള രോഗ ബാധ വെറുമെരു പകർച്ചവ്യാധി വ്യാപനമായി മാത്രം ചര്‍ച്ചചെയ്യാതെ, ആരോഗ്യമേഖലയിലെ അടിസ്ഥാന വെല്ലുവിളികൾ പരിഹരിക്കാനുള്ള ചർച്ചകളിലേക്കും ഇടപെടലുകളിലേക്കും അത് വളര്‍ത്തിക്കൊണ്ടുവരുവാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “എബോളയൊടൊപ്പം ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങളും ചര്‍ച്ചയാകണം

  1. ഭരന്നാധികാരികളുടെ ശ്രദ്ധ ഈ വിഷയത്തിൽ അടിയന്തിരമായി പതിയേണ്ടതുണ്ട് .
    അഭിനന്ദനങ്ങൾ

Leave a Reply

Previous post സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ
Next post കാലാവസ്ഥാ വ്യതിയാനം മലേറിയ വര്‍ദ്ധിപ്പിക്കുന്നു ?
Close