Read Time:44 Minute

ഇൻഷുറൻസ് എന്ന സാമൂഹിക-സാമ്പത്തിക-സാങ്കേതിക ഉപകരണത്തിന്റെ ഘടനയും അൽപ്പം ചരിത്രവും അതിലേക്കുള്ള നിർമ്മിതബുദ്ധിയുൾപ്പെടെയുള്ള വിവരധിഷ്ഠിത സാങ്കേതികവിദ്യകളുടെ കടന്നുവരവ് ഉണ്ടാക്കിയ മാറ്റങ്ങളുമാണ് ഇന്നത്തെ നമ്മുടെ വിഷയം. കാര്യങ്ങൾ അൽപം സങ്കീർണ്ണമാണെങ്കിലും ഒരു കഥ പോലെ നമുക്ക് ഘട്ടം ഘട്ടമായി നീങ്ങാം.

ഇൻഷുറൻസ് എന്താണെന്ന്  ഇന്ന് മലയാളിയെ പരിചയപ്പെടുത്തേണ്ടതില്ല. കേരളത്തിൽ അത്രത്തോളം സർവ്വസാധാരണമായിരിക്കുന്നു ഈ സംവിധാനം. കേരളത്തിലെ മധ്യവർഗം ഇന്ന് ആരോഗ്യ ഇൻഷുറൻസ് വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. സർക്കാർ മേഖലയിലെ ജീവനക്കാർക്കുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതി കുറെയേറെ ചർച്ചകൾക്ക് വഴിവെച്ചത് ഇക്കഴിഞ്ഞ വർഷമാണ്. വാഹന ഇൻഷുറൻസ് എടുക്കാതിരിക്കുന്നത് നിയമലംഘനമാണ് എന്നതിനാൽ വാഹനം കൈകാര്യം ചെയ്യുന്ന ഓരോരുത്തർക്കും ഇൻഷുറൻസ് പരിചിതമാണ്. വിദേശത്തേക്ക് യാത്ര പോകുമ്പോൾ അനിഷ്ടസംഭവങ്ങൾ കവർ ചെയ്യാനായി നാം ട്രാവൽ ഇൻഷുറൻസ് എടുക്കാറുണ്ട്. കേരളത്തിലെ നഗരപ്രദേശങ്ങളിൽ വീടുകളുടെ സുരക്ഷയ്ക്കായിട്ടുള്ള  ഇൻഷുറൻസിനു പ്രചാരമേറുന്നുണ്ട്. പണ്ടൊക്കെ മരണവേളയിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പദ്ധതികളും വാഹന ഇൻഷുറൻസും മാത്രം ഉപയോഗിച്ചിരുന്ന നമ്മുടെ മുന്നിൽ ഇന്ന് ഇൻഷുറൻസ് ഉൽപന്നങ്ങളുടെ തേരോട്ടമാണ്. ഇൻഷുറൻസ് മേഖലയുടെ വളർച്ചയും സാമ്പത്തിക വ്യവസ്ഥയുമായിട്ടുള്ള ബന്ധവും മനസ്സിലാക്കാൻ ആ വ്യവസ്ഥ സ്വകാര്യമേഖലയിൽ പടർന്നു പന്തലിച്ചിട്ടുള്ള അമേരിക്കയിലെ സ്ഥിതി നോക്കിയാൽ മതിയാകും. ലോകത്താകെയുള്ള ജനസംഖ്യയുടെ നാലേകാൽ ശതമാനം മാത്രം വരുന്ന അമേരിക്കയിലെ ജനങ്ങൾ ലോകത്തെ ആകെ ഇൻഷുറൻസ് പ്രീമിയത്തിന്റെ 43 ശതമാനം വഹിക്കുന്നു. അത്രയ്ക്ക് ഇൻഷുറൻസ് സാന്ദ്രതയേറിയതാണ് അമേരിക്കയിലെ നിത്യജീവിതം; ഒരു പല്ലുവേദനയോ വീട്ടിൽ ഒരു ചോർച്ചയോ എന്തുമാവട്ടെ, ഒരു ശരാശരി അമേരിക്കക്കാരൻ ആദ്യം വിളിക്കുന്നത് ഇൻഷുറൻസ് കമ്പനിയെയാണ്. അത്രെയേറെ ഇൻഷുറൻസ് ആശ്രിതത്വം ഏറിയ ഒരു സമൂഹമാണ് അമേരിക്കൻ സമൂഹം. 

ഇൻഷുറൻസ്: വ്യവസ്ഥയുടെ യുക്തിയും അൽപ്പം ചരിത്രവും

ഇൻഷുറൻസിന്റെ യുക്തിയെന്താണെന്ന് ഒന്ന് ലളിതമായി പരിശോധിച്ചാലോ? ഒരു വ്യക്തിക്ക് അടുത്ത വർഷം ഹൃദയാഘാതം ഉണ്ടാവുമോ എന്നോ വാഹനാപകടം ഉണ്ടാകുമോ എന്നോ വസതിയിൽ തീപിടിത്തം ഉണ്ടാകുമോ എന്നോ കൃത്യമായി പറയുക പ്രയാസമാണ്. ഇവയെല്ലാം വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന കാര്യങ്ങളാണ് താനും. വ്യക്തിതലത്തിൽ വിലയിരുത്താൻ ബുദ്ധിമുട്ടായിരിക്കുമ്പോൾ തന്നെ ഒരു വലിയ ജനസമൂഹത്തിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ എത്രയുണ്ടാവും എന്ന് അനുമാനിക്കാൻ താരതമ്യേന എളുപ്പമാണ്. കേരളത്തിൽ പ്രതിവർഷം നാൽപ്പത്തിനായിരത്തോളം റോഡപകടങ്ങൾ ഉണ്ടാവുന്നു, നാലായിരത്തോളം മരണങ്ങളും. ആരെയാണ് അടുത്തവർഷം നിരത്തുകളിൽ മരണം തേടിയെത്തുക എന്ന് പറയാൻ കഴിയില്ലെങ്കിലും നാലായിരത്തോളം ജീവനുകൾ പൊലിയും എന്ന് ഏകദേശം പറയാം. ഇതുപോലെയാണ് ആരോഗ്യത്തിന്റെ കാര്യവും വീടുകളുടെ സുരക്ഷയുടെ കാര്യവും. വ്യക്തിതലത്തിൽ അനുമാനിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമ്പോൾ തന്നെ സമൂഹത്തലത്തിൽ അനുമാനിക്കാൻ ഏറെയെളുപ്പം. 

പഴയകാലത്തെ ഗ്രാമീണവ്യവസ്ഥയിലെ സാമൂഹികജീവിതത്തിൽ ഇങ്ങനെ അനിഷ്ടസംഭവസാധ്യത അനുമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതില്ലായിരുന്നു എന്ന് കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. പ്രാദേശികമായിട്ടുള്ള സാമൂഹികബന്ധങ്ങൾ ശക്തമായിരുന്ന കാലത്ത് എന്തെങ്കിലും അത്യാഹിതം വന്നാൽ ഒരു കുടുംബത്തെ സാമ്പത്തികമായും അല്ലാതെയും സഹായിക്കാൻ ആ പ്രദേശത്തെ പലരും ഉണ്ടാവും എന്ന ഉറച്ച വിശ്വാസം നിമിത്തം നമ്മെ അപകടസാധ്യത സംബന്ധിച്ച വേവലാതികൾ അലട്ടിയിരുന്നില്ല. എന്തിരുന്നാലും ഇത്തരം സഹായങ്ങൾ കാലവിളംബം കൂടാതെ ആവശ്യക്കാരിലേക്കെത്തിക്കാൻ പ്രാദേശികമായ സാമൂഹികസംഘടനകൾ പലതരം പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി; മരണാന്തര സഹായസംഘങ്ങൾ എന്നൊക്കെയുള്ള പേരിൽ അത്തരം പ്രാദേശിക വ്യവസ്ഥകൾ ഇന്നും ഗ്രാമീണപ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. മുതലാളിത്തയുക്തികളുടെ അതിപ്രസരത്തിലൂടെ പ്രാദേശികമായ സാമൂഹിക സുരക്ഷാ വലയങ്ങൾ ശോഷിക്കുന്ന, നാമെല്ലാവരും വ്യക്തിവൽക്കരിക്കപ്പെടുന്ന കാലത്താണ് വ്യക്തിതലത്തിലും സാമൂഹികതലത്തിലും അപായസാധ്യതകൾ മൂലമുള്ള വ്യാകുലതകൾ അകറ്റാനുള്ള ഔപചാരിക വ്യവസ്ഥകൾ എന്ന ആവശ്യം നമ്മുടെ ശ്രദ്ധയിലേക്ക് വരുന്നത്, അതിലൂടെ ഇൻഷുറൻസും. 

അപായാശങ്ക അഥവാ റിസ്ക് ദൂരീകരിക്കേണ്ട ആവശ്യം സമൂഹത്തിൽ ഉണ്ടെന്നിരിക്കെ അതെങ്ങനെയാണ് അഭിസംബോധന ചെയ്യുക? ആർക്കും ആലോചിച്ചാൽ ലളിതമായ ഒരുത്തരം ലഭിക്കും. സാമൂഹികമായ ഒരു ഫണ്ട് രൂപവൽക്കരിക്കേണ്ടതുണ്ട്, അതിൽനിന്ന് ഫണ്ടിന്റെ ലക്ഷ്യത്തിൽ ഉൾപ്പെടുന്ന ആവശ്യങ്ങൾക്കനുസരിച്ചു മാത്രം ആളുകൾക്ക് പിൻവലിക്കാൻ സാധിക്കുന്ന രീതിയിൽ ഉള്ള ഒരു സംവിധാനവും. വ്യാജ ആവശ്യങ്ങൾക്കായി സഹായം പറ്റുന്നത് തടയാൻ പഴയ ഗ്രാമീണ വ്യവസ്ഥയിൽ സാമൂഹികബന്ധങ്ങളുടെ ദൃഡത ഉണ്ടായിരുന്നെങ്കിൽ, ഇൻഷുറൻസ് വ്യവസ്ഥയിൽ അത് നിബന്ധനകളിലൂടെ നടപ്പിലാക്കണം. അത് കൃത്യമായി നടപ്പിലാക്കാൻ കുറച്ചു അഡ്മിനിസ്‌ട്രേറ്റീവ് ചിലവുകളും ഓഡിറ്റിംഗ് ചിലവുകളും ഉണ്ടാവും. ഈ സാമൂഹികമായ ഫണ്ട് പര്യാപ്തമായിരിക്കുകയും വേണം, ആർക്കും ആവശ്യങ്ങൾ വരുമ്പോൾ ‘ഫണ്ട് തീർന്നുപോയല്ലോ’ എന്ന ഉത്തരം കേൾക്കേണ്ടിവരരുത്. ഈ ഫണ്ട് സ്വാഭാവികമായും സമൂഹത്തിൽ നിന്ന് തന്നെ ശേഖരിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും നിയതമായ ഒരു തുക – അതിപ്പോൾ സാമ്പത്തികശേഷി അനുസരിച്ചോ മറ്റോ ആവാം – ആ ഫണ്ടിലേക്ക് നൽകേണ്ടതുണ്ട്. ഇത്രയും കേൾക്കുമ്പോൾ ചില വായനക്കാർക്കെങ്കിലും ഇതൊരു നികുതി സംവിധാനം പോലെയുണ്ടല്ലോ എന്ന് തോന്നിയേക്കും. അതിൽ കാര്യമില്ലാതില്ല. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ബ്രിട്ടണിൽ തൊഴിലാളികൾക്കിടയിലെ ആരോഗ്യ ആശങ്കകൾ അകറ്റാനായിട്ടുള്ള ‘ദേശീയ ഇൻഷുറൻസ്’ നടപ്പിലാക്കിയത് ഒരു ടാക്‌സിന്റെ രൂപത്തിൽ തന്നെയായിരുന്നു. തീവ്രമായിക്കൊണ്ടിരുന്ന മുതലാളിത്തവ്യവസ്ഥ തൊഴിലാളികളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിച്ച ഒരു പശ്ചാത്തലവും കൂടി ഇതിനുണ്ട്. ദേശീയ ഇൻഷുറൻസിലേക്ക് ഓരോ തൊഴിലാളിയും ഓരോ ആഴ്ചയും നാല് പെൻസ് ഒടുക്കേണ്ടതുണ്ട്, തൊഴിൽദാതാവ് മൂന്ന് പെൻസും സർക്കാർ രണ്ട് പെൻസും നൽകും. ഇങ്ങനെ സമാഹരിക്കുന്ന തുകയുപയോഗിച്ചു ആരോഗ്യപരിചരണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്തെമ്പാടും സർക്കാർ നിർമ്മിക്കും. ഒരു തൊഴിലാളി കിടപ്പിലായാൽ അയാൾക്ക് അത്തരം സേവനകേന്ദ്രങ്ങളിലൂടെ സൗജന്യമായി ചികിത്സയും കൂടാതെ ജോലി ചെയ്യാൻ സാധിക്കാത്ത ഓരോ ആഴ്ചയും ഒരു നിശ്ചിത തുകയും ലഭിക്കും. അതായിരുന്നു ‘ദേശീയ ഇൻഷുറൻസ്’ എന്ന സംവിധാനം, ഇപ്പോഴും അങ്ങനെ തന്നെയാണ് അതിനെ വിളിക്കുന്നത്. ഇത്തരം ആരോഗ്യസേവനങ്ങൾ തൊഴിലാളികൾക്കുമാത്രം ഉദ്ദേശിച്ചതിൽനിന്ന് 1946ൽ എല്ലാവർക്കും എന്ന രീതിയിലേക്ക് വ്യാപിപ്പിക്കുകയുണ്ടായി. 1920കളിൽ ഇന്ത്യയിലുൾപ്പടെ നടപ്പിലാക്കിയ ഭീമമായ നികുതിവർദ്ധനവിലൂടെ – ഉപ്പുനികുതിയുടെ ഇരട്ടിക്കൽ ഉൾപ്പടെ – ബ്രിട്ടൺ ആർജ്ജിച്ച വലിയ സമ്പത്തിന്റെ ബലത്തിലാണ് ഇന്നും ബ്രിട്ടീഷുകാർ മേനിപറയുന്ന എല്ലാവർക്കുമുള്ള ആരോഗ്യപരിചരണ വ്യവസ്ഥ നിലവിൽവന്നത് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. 

ഇൻഷുറൻസിന്റെ ഘടന

മേൽപ്പറഞ്ഞ രീതിയിൽ ചിന്തിച്ചാൽ ഓരോ മേഖലയിലും ഇൻഷുറൻസ് വ്യവസ്ഥ നടപ്പിലാക്കുന്നതിലേക്കായി രണ്ട് പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്:

  • ഗുണഭോക്താക്കളുടെ ഇടയിലെ ആകെ ‘റിസ്ക്’ അഭിസംബോധന ചെയ്യാൻ പര്യാപ്തമായ തുക എത്ര?
  • ഗുണഭോക്താവായ ഓരോ വ്യക്തിയും എത്ര തുക നൽകണം എന്ന് എങ്ങനെ തീരുമാനിക്കും?

സാങ്കേതികലക്ഷണമുള്ള ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ നടപ്പിലാക്കുന്ന ഒരു ഉപകരണമാണ് ഇൻഷുറൻസ് എന്ന് പറയാം. ഇന്ന് ഇൻഷുറൻസ് പൊതുവിൽ സ്വകാര്യമേഖലയിലാണ് എന്നതിനാൽ, മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള സ്വകാര്യമേഖലയിലെ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഉത്തരങ്ങളാണ് നാം ഇവിടെ തുടർന്ന് പരിശോധിക്കുന്നത്. 

ആകെ സമൂഹത്തിൽ എന്തുമാത്രം ആരോഗ്യാവശ്യങ്ങൾ ഉണ്ടാവും എന്ന് അനുമാനിക്കാൻ താരതമ്യേന ലളിതമാണ് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. സർക്കാർ തലത്തിലെ കണക്കുകൾ തന്നെ അടിസ്ഥാനമാക്കിയാൽ മതിയാകും. പക്ഷെ സ്വകാര്യമേഖലയിലെ ഒരു ഇൻഷുറൻസ് കമ്പനിയുടെ ഗുണഭോക്താക്കൾ എന്നത് പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദം ആയിരിക്കണമെന്നില്ല, ചില പ്രദേശങ്ങളിൽ ഒരു ഇൻഷുറൻസ് കമ്പനിക്ക് കൂടുതൽ പ്രചാരമുണ്ടായേക്കാം. അതുകൊണ്ട് ഇവിടെ ഗുണഭോക്താക്കൾക്കിടയിലെ ആകെ ‘റിസ്ക്’ എത്ര എന്ന് അനുമാനിക്കാൻ അത്ര എളുപ്പമല്ല. എന്നാലും ഒരു പരിധിവരെ ഒരു ഏകദേശ അനുമാനം സാധ്യമാണെന്ന് പറയാം. കൂടുതൽ പ്രായമായവർ ഉണ്ടെങ്കിൽ ആരോഗ്യാവശ്യങ്ങൾ കൂടുതലായിരിക്കും എന്നിങ്ങനെയുള്ള ചില നിഗമനങ്ങൾ ഉപയോഗിച്ച് ഒരു അനുമാനത്തിലെത്താം. ഓരോ വ്യക്തിയുടെയും റിസ്ക് അനുമാനിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് ഒരു വലിയ ഗുണഭോക്‌തൃവൃന്ദത്തിന്റെ മൊത്തം റിസ്ക് അനുമാനിക്കുന്നത് എന്ന ലളിതമായ ഗണിതതത്വം ഓർക്കുക. 

ധനസമാഹരണ ചോദ്യത്തിലേക്ക് കടക്കുമ്പോൾ, സ്വകാര്യമേഖലയിൽ ആയതിനാൽ, ആകെ റിസ്ക് അഭിസംബോധന ചെയ്യാനായിട്ടുള്ള തുക ഗുണഭോക്താക്കളിൽ നിന്ന് തന്നെ കണ്ടെത്തേണ്ടതുണ്ട്. നേരത്തെ കണ്ട ‘ദേശീയ ഇൻഷുറൻസ്’ പോലെ സർക്കാരിന്റെ ഒരു വിഹിതം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അപ്പോൾ ഇവിടെ അവശേഷിക്കുന്ന ചോദ്യം, ഓരോ വ്യക്തിയും എത്ര നൽകണം എന്നെങ്ങനെ നിർണയിക്കും എന്നതാണ്. ഓരോ വ്യക്തിയും നൽകേണ്ടുന്ന തുകയെ നമുക്ക് പരിചയമുള്ളപോലെ ‘പ്രീമിയം’ എന്നാണ് വിളിക്കുന്നത്. പ്രീമിയം നിർണ്ണയത്തിലേക്ക് കടക്കുമ്പോഴാണ് കാര്യങ്ങൾ സങ്കീർണ്ണമാകുന്നത്. 

ഓരോ വ്യക്തിയും ഒരേ തുക – ആഴ്ചതോറും നാല് പെൻസ് – നൽകുന്ന വ്യവസ്ഥയായിരുന്നു ബ്രിട്ടനിലെ ദേശീയ ഇൻഷുറൻസിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നത് എന്ന് നാം കണ്ടു. ഓരോ വ്യക്തിയും ഒരേ തുക നൽകുക എന്ന വ്യവസ്ഥ സ്വകാര്യമേഖലയിൽ അപ്രായോഗികമാകുന്നതെങ്ങനെ എന്ന് ഒരു ഉദാഹരണത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം. ഓരോ വ്യക്തിയും ആയിരം രൂപ വീതം പ്രതിമാസം ഒടുക്കേണ്ടുന്ന രീതിയിൽ ഒരു ആരോഗ്യ ഇൻഷുറൻസ് ഒരു കമ്പനി നടപ്പിലാക്കി എന്നിരിക്കട്ടെ. അപ്പോഴാണ് നമ്മുടെ സംരംഭകനായ സുഹൃത്തിന്റെ മനസ്സിൽ ഒരു ഐഡിയ ഉദിക്കുന്നത്. അയാൾ ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമായവർക്ക് മാത്രമുള്ള ഒരു ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കുന്നു. ഈ പ്രായത്തിലുള്ളവർക്ക് ആരോഗ്യാവശ്യങ്ങൾ പൊതുവെ കുറവായിരിക്കും എന്ന് കണ്ടെത്തിയ നമ്മുടെ സുഹൃത്ത് കേവലം അഞ്ഞൂറ് രൂപയാണ് ഓരോ ഗുണഭോക്താവിൽനിന്നും ഈടാക്കുന്നത്! ആദ്യത്തെ കമ്പനിയിൽനിന്നും നമ്മുടെ സുഹൃത്തിന്റെ സംരംഭത്തിലേക്ക് ഇരുപതുകളിൽ പ്രായമുള്ള യുവാക്കളും യുവതികളും കുറഞ്ഞ പ്രീമിയത്തിൽ ആകൃഷ്ടരായി ചേക്കേറുകയായി. ആദ്യത്തെ കമ്പനിക്ക് ഉപഭോക്താക്കൾ നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, യുവാക്കളുടെ കൊഴിഞ്ഞുപോക്കിലൂടെ അവിടെയുള്ള ഗുണഭോക്താക്കളുടെ ശരാശരി പ്രായം ഏറുകയും മൊത്തം ആരോഗ്യാവശ്യങ്ങളുടെ തോത് തദനുസരണം വർദ്ധിക്കുകയും ചെയ്യുന്നു. ആയിരം രൂപയുടെ പ്രീമിയം മതിയാകാതെ വരുന്നു! ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രായനിബന്ധനയുള്ള ഇൻഷുറൻസ് പദ്ധതികൾ നിരോധിച്ചാൽ പോരെ എന്ന് വായനക്കാർക്ക് തോന്നിയേക്കാം. പക്ഷെ നമ്മുടെ സംരംഭകനായ സുഹൃത്ത് ഒരുപക്ഷെ എഞ്ചിനീയർമാർക്ക് മാത്രമായി തന്റെ ഇൻഷുറൻസ് പരിമിതപ്പെടുത്തിയേക്കാം; എഞ്ചിനീയറിംഗ് നമ്മുടെ നാട്ടിൽ വ്യാപകമായി കടന്നുവന്നത് തൊണ്ണൂറുകളിൽ ആണെന്നതിനാൽ അതിലൂടെ പരോക്ഷമായി പ്രായമേറിയവരെ ഒഴിവാക്കാൻ സാധിക്കും. അതല്ലെങ്കിൽ മൂന്നാമതൊരു വഴി കണ്ടെത്തും; ഇതൊക്കെയാണ് മാർക്കറ്റ് മിടുക്ക്, അത് നമ്മുടെ സുഹൃത്തിൽ വേണ്ടുവോളം ഉണ്ട്!

ഒരേ പ്രീമിയം എന്ന ലളിതമായ രീതി – ഗുണഭോക്താക്കൾക്കും കമ്പനികൾക്കും രണ്ടുകൂട്ടർക്കും എളുപ്പമായത് – നടപ്പിലാക്കാൻ സ്വകാര്യമേഖലയിലെ മത്സരം അനുവദിക്കാത്ത ഒരു ദൗർഭാഗ്യകരമായ സാഹചര്യം വരുന്നു. അങ്ങനെ വരുമ്പോൾ എന്തിന്റെ അടിസ്ഥാനത്തിലാവണം ഓരോ വ്യക്തിയുടെയും പ്രീമിയം നിർണ്ണയിക്കേണ്ടത്? ഓരോ വ്യക്തിയുടെയും ‘വ്യക്തിഗത റിസ്ക്’ എന്നതിന്റെ അടിസ്ഥാനത്തിലാവണം പ്രീമിയം എന്ന ‘സ്വാഭാവിക ഉത്തര’ത്തിലേക്ക് എത്തുന്നത് ഈ അന്വേഷണത്തിലൂടെയാണ്. നാമെത്തിനിൽക്കുന്ന അവസ്ഥയിലെ വൈരുധ്യാത്മകത ശ്രദ്ധേയമാണ്: വ്യക്തിതലത്തിൽ റിസ്ക് അനുമാനിക്കാൻ സാധ്യമല്ല എന്നത് കൊണ്ടാണ് അനേകം വ്യക്തികൾ അടങ്ങുന്ന കൂട്ടങ്ങളുടെ തലത്തിൽ റിസ്ക് അനുമാനിക്കുന്നതിലൂടെ നടപ്പിലാക്കാവുന്ന ഇൻഷുറൻസ് എന്ന ആശയം തന്നെ വരുന്നത്. പക്ഷെ, ഇവിടെ സ്വകാര്യമേഖലയിൽ ഇൻഷുറൻസ് നടപ്പിലാക്കാൻ നോക്കുമ്പോൾ വ്യക്തിഗത റിസ്ക് അനുമാനിക്കേണ്ടുന്ന ആവശ്യത്തിലേക്ക് – നാം ഒഴിവാക്കാനുദ്ദേശിച്ച ചോദ്യത്തിലേക്ക് – വീണ്ടും നാമെത്തുന്നു! 

ഇൻഷുറൻസിനെ ഈ വിഷയത്തിൽ വിമർശപരമായി വിലയിരുത്തുന്ന ഒരു പ്രബന്ധത്തിൽനിന്ന് ചില വരികളുടെ ഏകദേശ പരിഭാഷ ഇങ്ങനെ: ‘ആശയപരമായി, ഇൻഷുറൻസ് എന്ന വ്യവസ്ഥ റിസ്കിന്റെ വിലയിരുത്തലും റിസ്കുണ്ടാക്കുന്ന ബാധ്യതയുടെ സമീകരണവും നടപ്പിലാക്കുന്നതിലൂടെ സാമൂഹിക ഐക്യദാർഢ്യം സംഘടിപ്പിക്കുന്നു. ആ വീക്ഷണകോണിൽ നിന്നും നോക്കുമ്പോൾ, ഐക്യദാർഢ്യത്തിന്റെ സാമ്പത്തിക ഭാരത്തെ വ്യക്തിവൽക്കരിക്കുന്ന യുക്തികൾ വലിയ തോതിൽ ശക്തിപ്രാപിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നത്തെ ഇൻഷുറൻസ് എന്ന് പോലും വിളിക്കാമോ എന്ന് സംശയമാണ്’. പ്രീമിയം നിർണ്ണയം വ്യക്തിതലത്തിലാകുമ്പോൾ ഇൻഷുറൻസിന്റെ സഹജസ്വഭാവമായ സാമൂഹിക ഐക്യദാർഢ്യം കൈമോശം വരുന്നു എന്ന് ചുരുക്കം.

ഇൻഷുറൻസ് രംഗത്ത് വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾ

വ്യക്തിഗത ‘റിസ്ക്’ അളക്കുക എന്നതിന്റെ അപ്രായോഗികത ഒന്നാലോചിച്ചാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. വാഹനാപകടം സംഭവിക്കുന്നത് പ്രത്യേക സാഹചര്യങ്ങളുടെ ഒരു സമ്മേളനം മൂലമായിരിക്കാം. നാം ഒരു വളവ് തിരിയുമ്പോൾ ഫോൺ ശബ്ദിക്കുകയും അതിലൂടെ ശ്രദ്ധ ഒരു സെക്കൻഡ് മാറുകയും ആ വളവിന്റെ അപ്പുറത്ത് സൈഡ് മാറി ഒരു വണ്ടി വരുന്നതും എല്ലാം കൂടിയാകുമ്പോൾ ഒരു അപകടം സംഭവിക്കാം. ഇങ്ങനെ ഒരു അപകടം സംഭവിക്കുമോ എന്ന് എത്ര തന്നെ വിവരങ്ങൾ ശേഖരിച്ചാലും മുൻകൂട്ടി അനുമാനിക്കാനാവില്ല. ആരോഗ്യത്തിന്റെ കാര്യമെടുത്താലും വ്യക്തിതലത്തിലെ റിസ്ക് അളക്കുക അപ്രായോഗികം തന്നെ. ഇങ്ങനെയൊക്കെ ഇരിക്കെ തന്നെ, വ്യക്തിഗത തലത്തിൽ റിസ്ക് അനുമാനിക്കുക എന്ന അപ്രായോഗികമായ ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കാതെ ഇൻഷുറൻസ് വ്യവസ്ഥ മറ്റു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൊണ്ട് പ്രീമിയം നിർണ്ണയിക്കുന്ന രീതിയിലേക്ക് കടന്നു. ആരോഗ്യരംഗത്ത് പ്രായം ഉപയോഗിച്ച് പ്രീമിയം നിർണ്ണയിക്കുന്ന രീതി നമുക്ക് പരിചിതമാണ് – അവിടെ പ്രീമിയം നിർണ്ണയിക്കുന്ന ചോദ്യം പ്രധാനമായും ‘നിങ്ങൾക്കെത്ര പ്രായമായി?’ എന്നതാണ്. അറുപതുകളിൽ എത്തിയയാൾക്കുള്ള പ്രീമിയതിനേക്കാൾ കൂടുതലായിരിക്കും എൺപതുകളിലെത്തിയ വയോധികനുള്ള പ്രീമിയം. അധ്വാനശേഷി ശോഷിക്കുമ്പോൾ പ്രീമിയം വർദ്ധിക്കുന്നു! കാർ ഇൻഷുറൻസ് രംഗത്ത് കാറിന്റെ വില ഒരു പ്രധാന ഘടകമായി. ഇത്തരം യുക്തികളുടെ അർത്ഥം ഒരേ പ്രായത്തിലുള്ളവർക്ക് ഒരേ റിസ്ക് ഉണ്ടാവും എന്നോ ഒരേ കാർ ഓടിക്കുന്നവർക്ക് ഒരേ അപകടസാധ്യത ഉണ്ടാവും എന്നോ അല്ല. വിപണിയിലെ മത്സരയുക്തിക്ക് പര്യാപ്തമായ വർഗ്ഗീകരണങ്ങളും പ്രീമിയം നിർണ്ണയരീതികളും മറ്റും ഇൻഷുറൻസ് വിപണി തന്നെ കണ്ടെത്തുന്നതാണ്. യുക്തിഭദ്രമല്ലെങ്കിൽ തന്നെയും ഇവയൊക്കെ ലളിതഘടനകൾ ആണെന്നത് ശ്രദ്ധേയമാണ്. പ്രീമിയത്തിന്റെ കാര്യത്തിൽ ഒരു തരം നിശ്ചിതത്വം – determinism – ഇത്തരം ലളിത ഘടനകളിലൂടെ ഉണ്ടാവുന്നു. ഒന്നോ രണ്ടോ ചോദ്യങ്ങൾ കൊണ്ട് പ്രീമിയം നിർണ്ണയിക്കപ്പെടുന്നു. 

ഇങ്ങനെയുള്ള ഒരു ഇൻഷുറൻസ് വിപണിയിലേക്കാണ് വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾ രംഗപ്രവേശം ചെയ്യുന്നത്. നിർമ്മിതബുദ്ധിപോലെയുള്ള വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾ വലിയ വിവരശേഖരങ്ങളിൽ നിന്നുള്ള പാറ്റേണുകൾ കണ്ടെത്തി ഓരോ വിവരബിന്ദുവിനെക്കുറിച്ചും ഒരു നിഗമനത്തിൽ എത്തുക എന്ന രീതിയാണ് അവലംബിക്കുന്നത്. വിവരശേഖരങ്ങളുടെ തലത്തിൽ അനുമാനങ്ങളിലേക്കെത്താൻ സാങ്കേതികമായി കൂടുതൽ എളുപ്പമായിരിക്കെ തന്നെ, ഓരോ വിവരബിന്ദുവിനെക്കുറിച്ചും ഉള്ള നിഗമനത്തിൽ എത്തുന്നതിലാണ് നിർമ്മിതബുദ്ധിയിലെ ഗവേഷണത്തിന്റെ ശ്രദ്ധ. മുതലാളിത്തം സമൂഹത്തെ വ്യക്തികളുടെ കൂട്ടമായി ചുരുക്കിക്കാണുന്നു എന്ന് പറയാറുണ്ട്; അതേ മുതലാളിത്തവുമായി ഇഴചേർന്ന് വളർന്ന നിർമ്മിതബുദ്ധിക്കും വ്യക്തിതലത്തിലുള്ള അനുമാനങ്ങളിലാണ് ശ്രദ്ധ. അനേകം വ്യക്തികളുടെ വിവരശേഖരങ്ങൾ ഉപയോഗിച്ച് ഓരോ വ്യക്തിയുടെയും പ്രീമിയം നിർണ്ണയിക്കേണ്ടുന്ന ഇൻഷുറൻസ് സമസ്യ അതുകൊണ്ട് തന്നെ നിർമ്മിതബുദ്ധിയുടെ പ്രയോഗത്തിന് ആകർഷകമായ ഘടനയാണ്. പക്ഷെ, ഇവിടെയുള്ള ഒരു പ്രശ്നം, ആകെ ഒന്നോ രണ്ടോ ചോദ്യങ്ങൾക്കുള്ള ഉപഭോക്താവിന്റെ ഉത്തരങ്ങളിൽ നിന്നും വലിയ വിവരശേഖരങ്ങൾ നിർമ്മിക്കാൻ സാധിക്കില്ല! 

നിർമ്മിതബുദ്ധിപോലെയുള്ള വിവരാധിഷ്ഠിത സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് അനുയോജ്യമായ മാറ്റങ്ങളാണ് പിന്നീട് ഇൻഷുറൻസ് വിപണി കണ്ടത്. പ്രധാനമായും ധാരാളം വിവരങ്ങൾ ശേഖരിക്കുന്ന അവസ്ഥ ഇൻഷുറൻസ് മേഖലയിൽ ഉണ്ടായി. പാശ്ചാത്യലോകത്ത് ഇന്ന് ഒരു വാഹന ഇൻഷുറൻസ് എടുക്കണമെങ്കിൽ നിങ്ങളുടെ തൊഴിലും ജോലി സമയവും താമസസ്ഥലവും കാറിന്റെ നിറവും ഉൾപ്പടെയുള്ള നിരവധിയായ വിവരങ്ങൾ നൽകേണ്ടുന്ന അവസ്ഥയുണ്ട്. ഒരു പ്രത്യേക തൊഴിലും കാർ അപകടസാധ്യതയും തമ്മിൽ എന്ത് ബന്ധം എന്ന് ചിന്തിച്ചു അതിനൊന്നും ഉത്തരം നൽകാതിരുന്നാൽ കൂടുതൽ പ്രീമിയം ആയിരിക്കും ഫലം! ആരോഗ്യ ഇൻഷുറൻസ് എടുക്കാനും സമാനമായ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരും. എന്റെ ചുവന്ന നിറമുള്ള കാറിന് വെള്ള കാറിനേക്കാൾ ഇൻഷുറൻസ് തുക കൂടുതലാണ്; അതെന്തുകൊണ്ടാവാം എന്നതിനെക്കുറിച്ചുള്ള ഒരു സംഭാഷണത്തിൽ എന്റെ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടതിങ്ങനെ: ‘ചുവന്ന കാറുകൾ ബ്രിട്ടനിൽ കൂടുതലായി വാങ്ങുന്നത് ചെറുപ്പക്കാരായ യുവാക്കളാണ്. അവരുടെ ഇടയിൽ അപകടനിരക്ക് കൂടുതലാണ് എന്നതുകൊണ്ടാവാം ചുവന്ന കാറിന് പ്രീമിയം വർദ്ധിക്കുന്നത്!’. അത് ശരിയാണെന്ന് ആർക്കും തോന്നാവുന്നപോലെ എനിക്കും തോന്നി, പക്ഷെ ഒന്നുകൂടി ആലോചിച്ചപ്പോൾ എന്റെ പ്രായം അവർ പ്രത്യേകമായി ചോദിക്കുന്നുണ്ട് എന്നും മനസ്സിലാക്കി. നാല്പതുകളിൽ പ്രായമുള്ള എനിക്കുമേൽ ചുവന്ന കാർ അശ്രദ്ധമായി ഓടിക്കുന്ന യുവാക്കളുടെ റിസ്കിന്റെ ഭാരം എന്തിന് വരണം. ഇതിനൊന്നും യുക്തിയുക്തമായി ഉത്തരമില്ല, കണ്ടെത്താൻ ശ്രമിച്ചിട്ട് കാര്യവുമില്ല. കൂടുതൽ അന്വേഷിച്ചു പോയാൽ പക്ഷെ ബൃഹദ് ചിത്രം വ്യക്തമാകും. കേവലമായ രീതിയിൽ വിവര-പാറ്റേണുകൾ ഉപയോഗിച്ചുള്ള അനുമാനങ്ങളാണത്, കാര്യകാരണയുക്തിയല്ല അവിടെ പരിഗണനാവിഷയം. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന ഓരോ തീരുമാനത്തിനു മീതെ ഒരു പെനൽറ്റി എന്ന പോലെ പ്രീമിയം പ്രവർത്തിക്കുന്നു. കാത്തി ഓ നീൽ എന്ന ഗവേഷക തന്റെ ‘Weapons of Math Destruction’ എന്ന രചനയിൽ ഈ മേഖലയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്; നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടുന്ന നഗരത്തിന്റെ ദരിദ്ര ഭാഗങ്ങളിൽ അധിവസിക്കുന്ന സിംഗിൾ അമ്മമാർക്കുമേലാണ് ഇത്തരം വിവരാധിഷ്ഠിത യുക്തികൾ ഏറ്റവും വലിയ ഇൻഷുറൻസ് പ്രീമിയം ചാർത്തിക്കൊടുക്കുന്നത്! 

വിവരാധിഷ്ഠിത സാങ്കേതികവിദ്യകളുടെ വരവോടു കൂടി വ്യക്തിഗത ഇൻഷുറൻസ് പ്രീമിയം വലിയ തോതിൽ വർദ്ധിക്കുന്നതായിട്ടും അതിനോടൊപ്പം ഇൻഷുറൻസ് കമ്പനികളുടെ ലാഭം വർദ്ധിക്കുന്നതായിട്ടും ആണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇതിൽനിന്ന് തന്നെ നാം മനസ്സിലാക്കേണ്ടത് ‘വ്യക്തിഗത റിസ്കിനനുസരിച്ചുള്ള പ്രീമിയം’ എന്ന ആശയത്തിൽ നിന്ന് ‘ഓരോ ഉപഭോക്താവിൽനിന്നും ഈടാക്കാവുന്ന ഏറ്റവും ഉയർന്ന പ്രീമിയം’ എന്ന ആശയത്തിലേക്ക് ഇൻഷുറൻസ് മേഖല ചുവടുമാറ്റുന്നു എന്നുതന്നെയാണ്. 

കഴിഞ്ഞ വർഷങ്ങളിൽ ഈ ലാഭകേന്ദ്രീകൃതയുക്തി മറ്റൊരു ഗുണപരമായ മാറ്റത്തിനും കൂടി വഴിയൊരുക്കി. ഇൻഷുറൻസ് കരസ്ഥമാക്കുമ്പോൾ മാത്രം വിവരശേഖരണം എന്നതിൽനിന്ന് ദൈനംദിന വിവരശേഖരണം എന്ന അവസ്ഥയിലേക്കെത്തിക്കുന്ന രീതികളുടെ കടന്നുവരവിലൂടെയാണത്. ഇന്ന് അമേരിക്കയിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നെങ്കിൽ പലപ്പോഴും ഒരു സ്മാർട്ട് വാച്ച് ഉപയോഗിച്ചാൽ കുറഞ്ഞ പ്രീമിയം കരസ്ഥമാക്കാം എന്ന ഓഫർ കാണാം. ഇതുപോലെ വാഹന ഇൻഷുറൻസിൽ ‘ബ്ലാക്ക് ബോക്സ്’ ഇൻഷുറൻസ് എന്നൊരു സംവിധാനവും നിലവിലുണ്ട്. വണ്ടിയുടെ ചലനം നിരന്തരം അളക്കുന്ന സെൻസറുകൾ ഉള്ള ഒരു ചെറിയ ബോക്സ് നാം വണ്ടിയിൽ ഘടിപ്പിച്ചു വെക്കണം എന്നതാണ് ഇവിടെ ഉപാധി. സ്മാർട്ട് വാച്ചിലൂടെയും ബ്ലാക്ക് ബോക്സിലൂടെയും നിരന്തരം വിവരങ്ങൾ ഇൻഷുറൻസ് കമ്പനിയിലേക്ക് പ്രവഹിക്കുകയും ചെയ്യും. നിങ്ങൾ ഒരുദിവസം വ്യായാമം ചെയ്തില്ലെങ്കിലോ ഒരു ദിവസം സഡൻ ബ്രേക്ക് ഇട്ടാലോ വണ്ടി ഒരു കുഴിയിൽ ചാടിയാലോ ഇൻഷുറൻസ് കമ്പനി അറിയും; അല്ല, ഇൻഷുറൻസ് കമ്പനിയുടെ നിർമ്മിതബുദ്ധി അൽഗോരിതങ്ങൾ അറിയും. പ്രീമിയത്തിൽ വർദ്ധനവുണ്ടായേക്കാം. ഈ സാധ്യത മുൻനിർത്തി നാം നിരന്തരം ഇൻഷുറൻസ് കമ്പനിയുടെ യുക്തിയുമായി ചേർന്നുനിൽക്കുന്ന തരത്തിലേക്ക് നമ്മുടെ ജീവിതം ക്രമീകരിക്കും. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതും, സഡൻ ബ്രേക്ക് ഉപയോഗിക്കാതിരിക്കുന്നതും, കുഴിയുള്ള റോഡുകൾ ഒഴിവാക്കുന്നതും എല്ലാം മനുഷ്യനും വണ്ടിക്കും നല്ലത് തന്നെ എന്ന് തോന്നാം, അത് ശരിയാണ്. പക്ഷെ, രോഗം വന്നു വ്യായാമം ഒഴിവാക്കേണ്ടിവരുമ്പോഴും വീടിന് മുന്നിൽ പൊതുമരാമത്തുവകുപ്പിന്റെ പണിയുമായി ബന്ധപ്പെട്ട കുഴിയുണ്ടെങ്കിലും എല്ലാം പ്രീമിയം വർദ്ധിക്കും എന്നും കൂടി കാണണം. അല്ലെങ്കിലും നമ്മുടെ ജീവിതത്തെ അനുനിമിഷം നിയന്ത്രിക്കാനുള്ള ശേഷി ഒരു കമ്പനിക്ക് നൽകുന്നത് ആശാസ്യമല്ല എന്ന് നമ്മുടെ സാമൂഹികബോധ്യം തന്നെ നമുക്ക് പറഞ്ഞുതരേണ്ടതാണ്. 

വ്യക്തിഗത റിസ്കിനെക്കുറിച്ചുള്ള ആകുലതകൾ പരിഹരിക്കാൻ സാമൂഹിക ഐക്യദാർഢ്യത്തിലൂന്നിയ ഒരു ആശയം എന്ന നിലയിൽ പ്രവർത്തിക്കാനുള്ള ശേഷിയുള്ള ഇൻഷുറൻസ് സംവിധാനം ഇന്ന് വിവരാധിഷ്ഠിത സാങ്കേതികവിദ്യകളിലൂടെ നമ്മുടെ ദൈനംദിനജീവിതത്തിലെ സ്വാതന്ത്ര്യത്തെ വലിയ കോർപറേറ്റുകളുടെ മുന്നിൽ അടിയറവ് വെക്കുന്നതിൽ എത്തിനിൽക്കുന്നു! ഇതിനെ തലതിരിഞ്ഞ യുക്തി എന്ന് വിളിച്ചാൽ അത് ഏറ്റവും മയപ്പെട്ട ഒരു അഭിസംബോധന തന്നെയാകും. നേരത്തെ ഉദ്ധരിച്ച പ്രബന്ധത്തിലെ വരികളിൽ പറയുന്ന പോലെ ഇന്നത്തെ ഇൻഷുറൻസ് ആ പേരിനുള്ള അർഹത സമ്പൂർണ്ണമായി കളഞ്ഞുകുളിച്ചിരിക്കുന്നു എന്ന് തന്നെ പറയേണ്ടിവരും. 

ഇൻഷുറൻസ് സംവിധാനത്തിലെ മേല്പറഞ്ഞ പ്രവണതകൾ ഇന്ത്യയിൽ അത്രയൊന്നും രംഗപ്രവേശം ചെയ്തിട്ടില്ല. പക്ഷെ, 2021ൽ കോവിഡ് കാലത്ത് ഇന്ത്യൻ സർക്കാർ പാസ്സാക്കിയ ഇൻഷുറൻസ് ഭേദഗതി ബിൽ ഈ രംഗത്തേക്ക് വിദേശമൂലധനത്തിനും മത്സരത്തിനും വലിയ തോതിൽ ആക്കം കൂട്ടുന്നതാണ്. അതുകൊണ്ടു തന്നെ ഇത്തരം തലത്തിരിഞ്ഞയുക്തികൾ ഇന്ത്യൻ വിപണിയിൽ എത്താൻ അധികമൊന്നും വൈകില്ല എന്ന് തന്നെ കരുതണം. നിലവിലെ ഇൻഷുറൻസിൽ ലാഭേച്ഛയുടെ അതിപ്രസരത്തിലൂടെയുണ്ടായ ഉയർന്ന പ്രീമിയത്തിൽ മനംമടുത്ത് സിനിമ സംഘടനയായ ഫെഫ്‌ക അടുത്തിടെ ഒരു ഇൻഷുറൻസ് കമ്പനിയുടെയും സഹായമില്ലാതെ സ്വയം ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. പ്രതിവർഷം മൂവായിരം രൂപ നൽകുന്നവർക്ക് മൂന്ന് ലക്ഷം കവർ നൽകുന്നതാണ് ഈ പദ്ധതി. ഇങ്ങനെ വ്യവസ്ഥാപിതമായ ഇൻഷുറൻസ് കമ്പനികളുടെ അതിർവരമ്പുകൾക്ക് പുറത്ത് സാമൂഹിക ഐക്യദാർഢ്യത്തിലൂന്നിയ സമാന സംവിധാനം നടപ്പിലാക്കേണ്ടിവരുന്നത് തന്നെ നിലവിലെ ഇൻഷുറൻസ് മേഖലയിലെ ലാഭ-കേന്ദ്രീകൃത പ്രവർത്തനത്തിലൂടെയുണ്ടായ ജീർണ്ണത തുറന്നുകാണിക്കുന്നു.

ഇൻഷുറൻസ് മേഖലയിൽ നിർമ്മിതബുദ്ധിയെ ക്രിയാത്മകമായി ഉപയോഗിക്കുന്നതെങ്ങനെ?

നിലവിലെ ഇൻഷുറൻസ് രംഗത്തെ വിലക്ഷണമാക്കുന്നതിൽ വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾ പങ്കു വഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ തന്നെ, ഈ മേഖലയിലെ നിർമ്മിതബുദ്ധിക്കുള്ള ഒരു പോസിറ്റീവ് സാധ്യത കൂടി നാം കാണേണ്ടതുണ്ട്. നാം ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾ പരിശോധിച്ചതോർക്കുക; അവ യഥാക്രമം (1) ആകെ റിസ്ക് അനുമാനിക്കുക, (2) വ്യക്തിഗത പ്രീമിയം നിർണ്ണയിക്കുക എന്നിവയായിരുന്നു. ഇതിൽ രണ്ടാമത്തേതിനെക്കുറിച്ചാണ് നാം കൂടുതലും പരിശോധിച്ചത്. ഇൻഷുറൻസ് മേഖലയിലെ ലാഭ താൽപര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്ന സ്വകാര്യമേഖലയിൽ വരുമാനകേന്ദ്രീകൃത ചോദ്യത്തിലേക്ക് ശ്രദ്ധ പോകുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ ആദ്യത്തെ ചോദ്യമാണ് നാം കൂടുതൽ ശ്രദ്ധിക്കുന്നതെങ്കിൽ അവിടെ നിർമ്മിതബുദ്ധിക്ക് വളരെ ആശാവഹമായ ഒരു പങ്കുണ്ടെന്ന് കാണാം. ഒരു ജനസഞ്ചയത്തിന്റെ മൊത്തം റിസ്ക് – അതിപ്പോൾ ആരോഗ്യമേഖലയോ കാർ ഇൻഷുറൻസോ എന്തുവമാവട്ടെ – കൃത്യമായി അനുമാനിക്കുന്നതിൽ വിവരശേഖരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗണിതശാസ്ത്രശാഖ എന്ന നിലയിൽ നിർമ്മിതബുദ്ധിക്കേറെ ചെയ്യാനുണ്ട്. കൃത്യമായി റിസ്ക് അനുമാനിക്കാൻ കഴിഞ്ഞാൽ അതിനനുസരിച്ചുള്ള പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാൻ കഴിയും, അതിലൂടെ മൊത്തം റിസ്ക് അഭിസംബോധന ചെയ്യാനുള്ള ചിലവ് പരിമിതപ്പെടുത്താനും പ്രീമിയത്തിൽ കുറവ് വരുത്താനും കഴിയും. കൂടാതെ ഇത്തരം വിവരശേഖരങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് സർക്കാരിന്റെ അതാത് മേഖലയിലെ നയപരിപാടികൾ സ്വാധീനിക്കാനും കഴിയും. ഏറ്റവും റിസ്ക് കൂടിയ മേഖലകളിലേക്ക് പൊതുശ്രദ്ധ ആകർഷിക്കാനും അതിലൂടെ സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങളിലേക്ക് സഹായമെത്തിക്കാനും കഴിയും. ഇത്തരം സാദ്ധ്യതകൾ ഈ മേഖലയിലെ മൂലധനതാല്പര്യങ്ങളുടെ അതിപ്രസരം നിമിത്തം പരിശോധിക്കപ്പെടുന്നില്ല എന്നത് ഏറ്റവും ഖേദകരമായ യാഥാർഥ്യമായി നമ്മുടെ മുന്നിൽ നിൽക്കുന്നു!

ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

സസൂക്ഷ്മം

സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പുരയിടക്കൃഷി: കാർബൺ സംഭരണത്തിന് – Kerala Science Slam
Next post ഭൗതിക ശാസ്ത്രമൊരുക്കുന്ന അഭൗമസൗന്ദര്യം
Close