

സങ്കീർണ്ണമായ സാങ്കേതികവിദ്യകളുടെ ഈ കാലത്ത് നാം പലപ്പോഴും കേട്ടുകാണാനിടയുള്ള ഒരു വാദഗതി അവതരിപ്പിച്ചുകൊണ്ട് തുടങ്ങാം:
‘യന്ത്രങ്ങളും സാങ്കേതികവിദ്യകളും വികസിച്ചു തൊഴിലാളിയുടെ ആവശ്യം പരിമിതപ്പെട്ടു പരിമിതപ്പെട്ടു ഏകദേശം തൊഴിലാളിയെ വേണ്ടാത്ത അവസ്ഥയെത്തിയാൽ, ആ നിർമ്മാണ യൂണിറ്റിലെങ്കിലും മുതലാളിത്തപരമായ തൊഴിലാളിചൂഷണത്തിന്റെ അന്ത്യമാവുകയില്ലേ?’
‘ഒരു തൊഴിലാളിയും ഇല്ലാത്ത നിർമ്മാണ യൂണിറ്റ് എങ്ങനെയാണ് തൊഴിലാളിചൂഷണം നടത്തുന്നു എന്ന് പറയാനാവുക?’ എന്ന ലളിതയുക്തിയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ഈ സമസ്യ സാങ്കേതികവിദ്യയെ സംബന്ധിക്കുന്ന ഒന്നാണെങ്കിലും ഇതിന്റെ അടിസ്ഥാനം തികച്ചും രാഷ്ട്രീയമാണ്. ഈ പംക്‌തിയിൽ കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളിൽ സാങ്കേതികവിദ്യയും രാഷ്ട്രീയവും അവതമ്മിലുള്ള ബന്ധങ്ങളും എല്ലാം ഉൾപ്പെടും, ചിലത് സാങ്കേതികവിദ്യാകേന്ദ്രീതമായിരുന്നെങ്കിൽ മറ്റുചിലത് രാഷ്ട്രീയവിഷയങ്ങൾ കൂടുതലായി ഉൾക്കൊള്ളുന്നവയും. ഇന്നത്തെ വിഷയം രണ്ടാമത്തെ തരത്തിൽ പെട്ടതാണ്.
മൂല്യം സൃഷ്ടിക്കുന്ന മനുഷ്യ അധ്വാനം
മനുഷ്യന്റെ അധ്വാനമാണ് മൂല്യം സൃഷ്ടിക്കുന്നത് എന്ന മാർക്സിയൻ അധ്വാനമൂല്യസിദ്ധാന്തം – labour theory of value – വായനക്കാരിൽ പലർക്കും പരിചിതമായിരിക്കും. അങ്ങനെയെങ്കിൽ യന്ത്രങ്ങൾ എന്താണ് ചെയ്യുന്നത്? തൊഴിലാളിയെക്കൊണ്ട് കൂടുതൽ വേഗത്തിൽ മൂല്യം സൃഷ്ടിക്കാൻ സഹായിക്കുക എന്നതാണ് അവയുടെ ധർമ്മം. ഈ ഒരു പശ്ചാത്തലം വിശദമായി പരിചയപ്പെടുത്തിക്കൊണ്ടല്ലാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കയില്ല എന്നതിനാൽ ഒരു ഉദാഹരണത്തിലൂടെ ഈ വാദത്തിന്റെ അടിസ്ഥാനം ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

സ്വന്തം ജീവിതത്തിലെ ഒരു അനുഭവമാണ് ഞാൻ ഇവിടെ ഉപയോഗിക്കുന്നത്. ഞാൻ യു കെ യിൽ അക്കാദമിക ജീവിതം തുടങ്ങുന്ന കാലത്ത് എനിക്ക് ആദ്യമായി പഠിപ്പിക്കാൻ തന്നത് മുന്നൂറിൽപ്പരം കുട്ടികൾ ഉൾപ്പെടുന്ന ഒരു കോഴ്‌സാണ്. സ്വാഭാവികമായും പേപ്പർ കറക്റ്റ് ചെയ്യുന്നതിൽ സഹായിക്കാനൊക്കെ അനേകം ടീച്ചിങ് അസ്സിസ്റ്റന്റുമാർ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി. ഒരാൾ പോലുമില്ല അത്തരം പ്രവൃത്തികളിൽ സഹായിക്കാൻ. മുന്നൂറ് കുട്ടികളുടെ ഉത്തരക്കടലാസുകൾ എങ്ങനെ ഞാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും എന്ന എന്റെ സ്വാഭാവികമായ ചോദ്യത്തിന് ഉള്ള ഉത്തരം പെട്ടെന്ന് തന്നെ കിട്ടി: ‘ഞങ്ങൾ ഇവിടെ QuestionMark എന്നൊരു സോഫ്റ്റ്‌വെയറിനുള്ള ലൈസൻസ് വാങ്ങിയിട്ടുണ്ട്. അതിലൂടെ multiple-choice ചോദ്യങ്ങൾ എന്ന രീതിയിൽ പരീക്ഷകൾ ക്രമീകരിച്ചാൽ പരീക്ഷകഴിഞ്ഞു ഒരു മിനിട്ടിനുള്ളിൽ മുഴുവൻ ഫലങ്ങൾ അടങ്ങുന്ന എക്സൽ ഷീറ്റ് ലഭിക്കും’. ഇവിടെ സംഭവിക്കുന്നത് കൃത്യമായ യന്ത്രവൽക്കരണമാണ്, കുറഞ്ഞത് അഞ്ചാൾ വെണ്ടയിടത്ത് നാല് മനുഷ്യരെ ഒഴിവാക്കി സോഫ്റ്റ്‌വെയർ കൊണ്ട് ഒരാളെക്കൊണ്ട് പണി നടപ്പിലാക്കുകയാണ്. പക്ഷെ, ഇതിനോടൊപ്പം കുറെ കാര്യങ്ങൾ കൂടി സംഭവിക്കുന്നുണ്ട്. ടെക്സ്റ്റ് രൂപത്തിലുള്ള ഉത്തരങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ചിന്തയുടെ രീതി പ്രകാശിപ്പിക്കാനുള്ള അവസരം ഉണ്ടെങ്കിൽ multiple-choice ചോദ്യഘടന ഉപയോഗിക്കുന്നതിലൂടെ അത് നഷ്ടപ്പെടുന്നു. അധ്യാപകന് ഓരോ ഉത്തരവും പരോശോധിച്ചു കൃത്യമായ പ്രതികരണം നൽകാൻ സാധിക്കാതിരിക്കുന്നതിലൂടെ അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള വിനിമയത്തിലൂടെയുള്ള പഠിതാവിലുണ്ടാവുന്ന വിജ്ഞാനോൽപ്പാദനം പരിമിതപ്പെടുകയും സർവ്വകലാശാലയിലെ വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥിക്ക് ലഭിക്കുന്ന മൂല്യം ശോഷിക്കുകയും ചെയ്യുന്നു. അഞ്ചുപേർ വെണ്ടയിടത്ത് ഒരാളും സോഫ്റ്റ്‌വെയറും ആവുമ്പോൾ ഈ അധ്യാപനപ്രക്രിയയിൽ സൃഷ്ടിക്കുന്ന മൂല്യത്തിൽ വലിയ ഇടിവ് തന്നെയാണ് സംഭവിക്കുന്നത്. അധ്യാപനപ്രക്രിയയിൽ മനുഷ്യന്റെ പങ്ക് കുറയുന്നതിലൂടെ മൂല്യനിർമ്മാണവും കുറയുന്നു.

മൂല്യം എന്നതിനെ വിശാലമായ അർത്ഥത്തിൽ കാണുമ്പോഴാണ് ഈ കുറവ് ഏറ്റവും ദൃശ്യമാകുന്നതെന്ന് ഇവിടെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. എത്ര കുട്ടികൾ കോഴ്സ് പാസായി എന്ന കണക്കെടുത്താൽ ഈ യന്ത്രവൽകൃത അധ്യാപനത്തിലൂടെ ഒരു അധ്യാപകനെ ഉപയോഗിച്ച് അഞ്ചിരട്ടി കുട്ടികളെ പാസാക്കി എന്ന് പറയാം. ‘പാസ് സർട്ടിഫിക്കറ്റ്’ എന്ന ജോലികൾ കരസ്ഥമാക്കാൻ സഹായിക്കുന്ന ‘കൈമാറ്റമൂല്യമുള്ള ചരക്ക്’ നിർമ്മിക്കുന്നതിന്റെ കാര്യത്തിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ഈ യന്ത്രവൽക്കരത്തിലൂടെ സംഭവിച്ചത്.
നമുക്ക് മറ്റൊരു ഉദാഹരണം കൂടി പരിശോധിക്കാം. കേരളത്തിൽ ഒരു നാട്ടിൻപുറത്ത് താമസിക്കുന്നയാൾക്ക് ഒരു വീട് പണിയണം എന്നിരിക്കട്ടെ. അയാൾ ഒരു കോൺട്രാക്ടറും ആർക്കിടെക്ടുമായി സംഭാഷണത്തിലേർപ്പെടുകയും അതിലൂടെ തന്റെ മനസ്സിലെ വീടിന്റെ സങ്കല്പം പങ്കുവെയ്ക്കുകയും ചെയ്യുന്നു. ആ സങ്കൽപവും ബഡ്ജറ്റും തങ്ങളുടെ വൈദഗ്ധ്യവും കൂടി കണക്കാക്കി അവർ ഒരു വീടിന്റെ പ്ലാനിലേക്കെത്തുകയും പിന്നീട് നിർമ്മാണത്തിലേക്ക് കടക്കുകയും ചെയ്യുന്നു. പക്ഷെ, ഇതിൽനിന്നും വിഭിന്നമാണ് പാശ്ചാത്യലോകത്തെ കാര്യങ്ങൾ. ബ്രിട്ടനിലും മറ്റുമൊക്കെ യാത്രചെയ്താൽ ഒരേപോലെയുള്ള ആയിരക്കണക്കിന് വീടുകൾ ആണ് കാണാനാവുക. നേരത്തെ പറഞ്ഞ മനുഷ്യർ തമ്മിലുള്ള സംഭാഷണമോ വ്യതിരിക്തമായ താല്പര്യങ്ങളുടെ സഫലീകരണമോ ഒന്നും ഇവിടെ നടക്കുന്നില്ല. പ്രീ-കാസറ്റ് നിർമ്മാണസാമഗ്രികൾ കൊണ്ട് യന്ത്രവൽകൃതമായി നിർമ്മിക്കുന്നവയാണ് ഇവയൊക്കെ. ഇത്തരം സാമഗ്രികൾ കൊണ്ട് നിർമ്മിക്കുന്ന ഫ്ലാറ്റുകളിൽ ഒരു കുട്ടിക്ക് സ്വന്തം വീട്ടിൽ അയൽക്കാരെ ശല്യപ്പെടുത്താതെ പന്തെറിഞ്ഞു കളിക്കാൻ പോലും സാധിക്കാറില്ല, നേർത്ത മതിലുകൾ വിഘാതമായി നിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ മുതലാളിത്തരീതികൾ പഠിച്ച ഹാരി ബ്രാവർമാൻ പറയുന്നത് അത്തരം വിരസമായതും ഏകഘടനയുള്ളതും ആയ വീടുകളുടെ നിർമ്മിതിയിലൂടെ താമസിക്കുന്നവരുടെ താൽപര്യങ്ങളും ജീവനക്കാരുടെ സംതൃപ്തിയും എല്ലാം ഹനിക്കപ്പെടുന്നു എന്നതാണ്; കേവലം നിർമ്മാതാവിന്റെ ലാഭം എന്ന ലക്‌ഷ്യം മാത്രമാണ് ഇവിടെ നല്ല തോതിൽ സഫലീകരിക്കപ്പെടുന്നത്. കേരളത്തിലെ നഗരങ്ങളിലും മേൽപ്പറഞ്ഞ പ്രവണത വില്ല പ്രൊജെക്ടുകളിലൂടെ കടന്നുവരുന്നുണ്ട്, ഫ്‌ളാറ്റുകളുടെ കാര്യത്തിൽ അതൊക്കെ ഏറെക്കുറെ നടപ്പിലായിട്ടുമുണ്ട്. ഇവിടെയും മനുഷ്യരെ ഒഴിവാക്കുന്നതിലൂടെ വിശാലമായ അർത്ഥത്തിൽ മൂല്യം ശോഷിക്കുന്നു. മനുഷ്യർക്ക് തങ്ങളുടെ വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ ത്യജിച്ചു നിർമ്മാണകാര്യക്ഷമതയിൽ മാത്രം മുന്നിൽ നിൽക്കുന്ന വീടുകളിൽ താമസിക്കേണ്ടിവരുന്നു.
മൂല്യശോഷണവും മത്സരവും ലാഭതോതും
നേരത്തെയുള്ള ഉദാഹരണങ്ങളിലൂടെ തുടർന്നും സഞ്ചരിക്കുന്നതിലേക്കായി ഒരു നിമിഷത്തേക്ക് സർവ്വകലാശാലകൾ കോർപ്പറേറ്റ് രീതിയിൽ ലാഭകേന്ദ്രീകൃതമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് സങ്കല്പിക്കാം. അപ്പോൾ വിദ്യാഭ്യാസം എന്ന കച്ചവടത്തിലെ സേവനദാതാക്കളാണ് അധ്യാപകർ എന്ന് കാണാം. അത് ലോകത്തെ പല മേഖലകളിലും ഈ കോർപ്പറേറ്റ് രീതിയിലാണ് വിദ്യാഭ്യാസരംഗം പ്രവർത്തിക്കുന്നത് എന്നത് കൊണ്ട് ഈ അനുമാനം യാഥാർഥ്യത്തിൽനിന്നും ഏറെയൊന്നും അകലെയല്ല.
അഞ്ചു പേർ പഠിപ്പിക്കേണ്ടയിടത്ത് ഒരാളെക്കൊണ്ട് സോഫ്റ്റ്‌വെയർ സഹായത്തോടെ കോഴ്സ് നടത്തുമ്പോൾ സ്വാഭാവികമായും ചിലവ് ചുരുങ്ങും. അതിലൂടെ വർദ്ധിത ലാഭത്തിലേക്കുള്ള കളമൊരുങ്ങുകയായി. രണ്ടു ലക്ഷം രൂപ ചിലവായിടത്ത് അൻപതിനായിരം രൂപമാത്രമാണ് ഇപ്പോൾ ചിലവെങ്കിൽ ലാഭം ഒന്നരലക്ഷം വർദ്ധിച്ചു എന്നാണല്ലോ അർഥം. പക്ഷെ, ഈ രീതി എല്ലാ സർവകലാശാലകളും അവലംബിച്ചാലോ? അപ്പോൾ എല്ലാവർക്കും ലാഭം വർദ്ധിക്കും. അങ്ങനെ വർദ്ധിത ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ ഒരു സർവകലാശാലയിലെ അധിപന് അപ്പോൾ ഒരു ലഡ്ഡു പൊട്ടി: ‘ലാഭം ഇത്രെയേറെ വർദ്ധിച്ചല്ലോ, അപ്പോൾ ഫീസിനത്തിൽ ഒരു പത്തു ശതമാനം കുറയ്ക്കാം, മറ്റുള്ള കുട്ടികളും ഇവിടേക്ക് വരുമല്ലോ, ലാഭനിരക്ക് കുറഞ്ഞാലും കൂടുതൽ കുട്ടികൾ വരുന്നതിലൂടെ മൊത്തലാഭം വർദ്ധിക്കും’. പക്ഷെ, അതവിടെ നിൽക്കില്ല. തങ്ങളുടെ വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള കുത്തൊഴുക്ക് തടയാനായി എല്ലാ സർവ്വകലാശാലകളും ഫീസ് നിരക്ക് കുറയ്‌ക്കേണ്ടിവരും.
യന്ത്രവൽക്കരണത്തിലൂടെയുണ്ടായ താത്കാലിക ലാഭവർദ്ധനവ് സേവനദാതാക്കൾ തമ്മിലുള്ള മത്സരത്തിലൂടെ ‘ആവിയായി’. കുറഞ്ഞ ഫീസ് നിരക്കിൽ കുറഞ്ഞ മൂല്യമുള്ള വിദ്യാഭ്യാസം സർവത്രികമാകുന്നു. ഇതുപോലെ തന്നെയാണ് വീടുകളുടെ കാര്യവും; കുറഞ്ഞ വിലയ്ക്ക് ഏകഘടനയുള്ള വീടുകൾ യന്ത്രവൽകൃത പ്രക്രിയയിലൂടെ നിർമ്മിച്ച് നൽകാൻ സാധിക്കുന്നു. ഏതൊരു യന്ത്രവൽക്കരണത്തിന്റെയും കഥ ഇത് തന്നെയാണ്.
യന്ത്രവൽക്കരണം നിർമ്മാണപ്രക്രിയയിൽ തൊഴിലാളിയുടെ നേരിട്ടുള്ള ഇടപെടൽ കുറയ്ക്കുന്നതിലൂടെ ഉൽപ്പാദിപ്പിക്കുന്ന ചരക്കിലെ മൂല്യത്തിലും അതിന്റെ വിപണിവിലയിലും ഒരു ചുരുങ്ങലിന് കാരണമാകുന്നു. ‘പഴയ വീട്ടിലെ ഭംഗിയും ഉറപ്പുമുള്ള കസേര’ എന്ന് നാം പറയാറില്ലേ, അത്തരം നിലവാരമുള്ള (മൂല്യമുള്ള) ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ഇല്ല എന്ന് പരിതപിക്കുകയും ചെയ്യാറുണ്ട് നാം. മുതലാളിത്തനിർമ്മാണത്തിൽ സ്വാഭാവികമായി വരുന്ന യന്ത്രവൽക്കരണവും മത്സരവും തന്നെയാണ് ഇതിന് കാരണം. മനുഷ്യന്റെ ഇടപെടൽ കുറയുമ്പോൾ മൂല്യം കുറയുന്നത് മാർക്സിന്റെ അധ്വാനമൂല്യസിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ കൂടുതൽ വ്യക്തമായി കാണുകയുമാവാം.
അധ്വാന/യന്ത്ര തീക്ഷ്ണതകൾ വ്യത്യസ്തമാക്കുന്ന മേഖലകൾ തമ്മിലുള്ള മത്സരം
നാം ഇത്രയും നേരം പരിശോധിച്ചത് ഒരേ മേഖലയിൽ ഉള്ള മത്സരത്തെക്കുറിച്ചാണ്. കോർപ്പറേറ്റ് സർവ്വകലാശാലകൾ തമ്മിൽ മത്സരിക്കുന്നു, വീട് നിർമ്മാതാക്കൾ തമ്മിൽ മത്സരിക്കുന്നു. പക്ഷെ, സങ്കീർണ്ണ മുതലാളിത്തത്തിൽ മത്സരം വ്യത്യസ്തമേഖലകളിലെ നിർമ്മാണപ്രക്രിയകൾ തമ്മിൽ നടക്കുന്നുണ്ട്. അതിലേക്ക് ഒരുദാഹരണത്തിലൂടെ പ്രവേശിക്കാം.
ഒരു മേഖലയിൽ യന്ത്രവൽക്കരണം വർദ്ധിക്കുമ്പോൾ അവിടെ ലാഭത്തിന്റെ തോത് കുറയുന്നു എന്ന് നാം കണ്ടല്ലോ. അത് ആ മേഖലയിൽ ഉള്ള ചലനങ്ങൾ മാത്രമായി എടുത്തു പരിശോധിക്കുമ്പോഴാണ്. നമുക്ക് രണ്ടു മേഖലകൾ തമ്മിലുള്ള പരിശോധന നടത്താം. ഒന്ന് വലിയതോതിൽ യന്ത്രവൽക്കരിച്ച കംപ്യൂട്ടർ നിർമ്മാണ മേഖല. രണ്ടാമത് അത്രയും യന്ത്രവൽക്കരണം സാധ്യമായിട്ടില്ലാത്ത കളിമൺ പാത്ര നിർമ്മാണമേഖല. ആദ്യത്തേതിൽ നിന്നുണ്ടാവുന്ന ഉല്പന്നതിൽ മനുഷ്യന്റെ ഇടപെടൽ കുറവാണെന്നതിനാൽ മൂല്യം കുറഞ്ഞിരിക്കും, അവിടെയുള്ള ലാഭത്തോത് 10% ആണെന്ന് സങ്കൽപിക്കുക. രണ്ടാമത്തേതിൽ മനുഷ്യന്റെ ഇടപെടൽ കൂടുതൽ ആണെന്നതിനാൽ ഉല്പന്നത്തിൽ ഉൾച്ചേർന്നിട്ടുള്ള മൂല്യം കൂടുതലാണ്. അവിടെ ലാഭത്തോത് 20% ആണെന്നിരിക്കട്ടെ.
ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത ലാഭത്തോത് സ്ഥായിയായി നിലനിൽക്കുന്നതല്ല എന്ന് മനസ്സിലാക്കാനായി മുതലാളിത്തത്തിലെ ആത്യന്തിക ലക്‌ഷ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മുതലാളിത്തരീതിയിൽ കമ്പ്യൂട്ടർ നിർമ്മിക്കുന്നയാളുടെ ലക്‌ഷ്യം രാജ്യത്തിനായി ഒരു ഒരു സേവനം ചെയ്യുക എന്നതല്ല, ലാഭം കൂടുതൽ ഉണ്ടാക്കുക എന്നതാണ്. ഏതെങ്കിലും മേഖലയിൽ പണമെറിഞ്ഞു കൂടുതൽ പണമുണ്ടാക്കാം എന്ന് കണ്ടാൽ മുതലാളിത്തം അതിലേക്ക് കടന്നുകയറും. ഉദാഹരണത്തിലേക്ക് തിരിച്ചു വരുമ്പോൾ, കമ്പ്യൂട്ടർ നിർമ്മിക്കുന്നയാൾക്ക് കേവലം 10% ലാഭം ലഭിക്കുമ്പോൾ കളിമൺ പത്രം നിർമ്മിക്കുന്നയാൾക്ക് 20% ലാഭം ലഭിക്കുന്നു. ഒരു ലക്ഷം മുടക്കിയാൽ പതിനായിരം രൂപ ലഭിക്കുന്ന കമ്പ്യൂട്ടർ നിർമ്മാണം മതിയാക്കി ലക്ഷത്തിന് ഇരുപതിനായിരം വരുമാനം ലഭിക്കുന്ന കളിമൺ പാത്രനിർമ്മാണത്തിലേക്ക് കടക്കുന്നതല്ലേ ഉചിതം? അങ്ങനെ കുറെ മുതലാളിമാർ കളിമൺ പാത്രനിർമ്മാണത്തിൽ ചേക്കേറിയാൽ പക്ഷെ അവിടെയുള്ള മത്സരം മുറുകി ലാഭത്തോത് ഇടിയുന്നു. അങ്ങനെയുള്ള ചലനങ്ങളിലൂടെ രണ്ടു മേഖലകളും ഏകദേശം തുല്യമായ, ഒരുപക്ഷെ 15% എന്ന, ലാഭത്തോതിൽ എത്തുന്നു. അങ്ങനെ മേഖലകൾ തമ്മിൽ ഉള്ള ലാഭത്തിന്റെ തോതിൽ ഒരു ഏകീകരണം സംഭവിക്കുന്നു.
നിർമ്മാണ/സേവന മേഖലകൾ തമ്മിലുള്ള മത്സരത്തിലൂടെ സാമാന്യലഭത്തോത് എന്ന ഒരു സങ്കൽപം പ്രാവർത്തികമാകുന്നു. ഇനിയാണ് സംഗതി ഒരേസമയം വളരെ ലളിതവും സങ്കീർണ്ണവും ആവുന്നത്. നമുക്ക് ചില ലളിത കണക്കുകളിലേക്ക് കടക്കാം.
കളിമൺപാത്ര നിർമ്മാണത്തിൽ ഒരു ലക്ഷം മുടക്കുമ്പോൾ അതിൽ അൻപതു ശതമാനവും തൊഴിലാളികളുടെ കൂലിയിലേക്ക് പോകുന്നു എന്ന് കരുതുക. ബാക്കിയുള്ളത് യന്ത്രത്തിനും അടിസ്ഥാനസൗകര്യത്തിനും മറ്റും. മൂല്യം ഉൽപ്പാദിപ്പിക്കുന്നത് തൊഴിലാളിയാണെന്നതിനാൽ അവിടെ ഉൽപാദിപ്പിക്കപ്പെടുന്ന മൂല്യം 50X എന്ന് സങ്കൽപിക്കാം; X എന്നത് മൂല്യത്തിന്റെ തോതിനെ സൂചിപ്പിക്കുന്നു. ഇനി കമ്പ്യൂട്ടർ നിർമ്മാണത്തിൽ ഒരു ലക്ഷം മുടക്കുമ്പോൾ തൊഴിലാളിയുടെ കൂലിയിലേക്ക് പോകുന്നത് പത്തു ശതമാനം മാത്രം, അതിനാൽ അവിടെ ഉൽപാദിപ്പിക്കപ്പെടുന്ന മൂല്യം 10X; രണ്ടിടത്തും ഒരേ തോതായിരിക്കണം എന്നില്ല, എന്നാലും നമുക്കിവിടെ X എന്ന് തന്നെ സൂചിപ്പിക്കാം. രണ്ടു മേഖലകളും കൂടി ഒന്നിച്ചുൽപ്പാദിപ്പിക്കുന്ന മൂല്യം 60X. പക്ഷെ, നേരത്തെ പറഞ്ഞ പ്രകാരം രണ്ടിടത്തും മുതലാളിക്ക് കിട്ടുന്ന ലാഭം പതിനയ്യായിരം രൂപ വീതം. അപ്പോൾ ഈ 60X തുല്യമായി തിരിച്ചു ലഭിക്കുന്നു എന്ന് കാണാം. അതിനാൽ ഇവിടെ X (=15000/30) 500 എന്ന് കാണാം, X എന്താണെന്നതിന് ഇവിടെ സവിശേഷ പ്രസക്തിയൊന്നുമില്ല.

ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ കളിമൺപാത്രനിർമ്മാണ യൂണിറ്റ് കൂടുതൽ അധ്വാനതീക്ഷണമായ വ്യവസായമായതിനാൽ കമ്പ്യൂട്ടർ നിർമ്മാണ യൂണിറ്റിന്റെ അഞ്ചിരട്ടി മൂല്യം മുതലാളിത്തത്തിന്റെ ‘സംയുക്തലാഭജലാശയ’ത്തിലേക്ക് സംഭാവന ചെയ്യുന്നു. മുതലാളിത്തത്തിന്റെ ആ സംയുക്തലാഭജലാശയത്തിൽനിന്നും തുല്യതോതിൽ ഈ രണ്ടു വ്യവസായങ്ങളും തങ്ങളുടെ പങ്ക് കൈപ്പറ്റുകയും ചെയ്യുന്നു. അതായത് അധ്വാനതീക്ഷണമായ വ്യവസായം യന്ത്രതീക്ഷണമായ വ്യവസായത്തിന്റെ ലാഭത്തിനെ subsidize ചെയ്യുന്നു.
ഇങ്ങനെ അധ്വാന/യന്ത്ര-തീക്ഷണതയനുസരിച്ചു വ്യത്യസ്തതോതിൽ മൂല്യം നിർമ്മിക്കുമ്പോഴും ഒരേ തോതിൽ മാത്രം ലാഭം കൈപ്പറ്റുന്ന ഈ പ്രക്രിയയെ മാർക്സ് തന്റെ എഴുത്തുകളിൽ തമാശരൂപത്തിൽ ‘മുതലാളിത്ത കമ്മൂണിസം’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മത്സരത്തിലൂടെ ലാഭത്തോത് തുല്യമാകുന്നതിലൂടെ വ്യത്യസ്ത മുതലാളിത്തപ്രക്രിയകൾ ഇങ്ങനെ കൊടുക്കൽ-വാങ്ങലുകളിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു. അങ്ങനെ ക്രമേണ വ്യത്യസ്ത മുതലാളിത്തവ്യവസായങ്ങൾ തമ്മിൽ ഒരു ജൈവബന്ധം വന്നുപെടുന്നു, അവ സംയുക്തലാഭജലാശയത്തിന്റ പ്രവർത്തനത്തിലൂടെ ഒരൊറ്റ മുതലാളിത്തമായി പ്രവർത്തിക്കുന്നു. മാർക്സ് ഇതിനെ വിശേഷിപ്പിക്കുന്നത് ‘freemasonry of the capitalist class’ എന്നാണ് വിളിക്കുന്നത്. Freemasonry എന്നാൽ മനുഷ്യർ തമ്മിൽ ഉണ്ടാവുന്ന അനുകമ്പയും സൗഹൃദവും എന്ന് പറയാം – ഇവിടെ വ്യത്യസ്ത മുതലാളിത്തവ്യവസായങ്ങൾ തമ്മിൽ ഗാഢമായ ബന്ധത്തിലേർപ്പെടുകയും ഒരൊറ്റ ശരീരമായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് പറയാം. ഈ സാഹോദര്യത്തിന്റെ ലക്‌ഷ്യം തൊഴിലാളികളുടെ അധ്വാനത്തിലൂടെ ലാഭമുണ്ടാക്കുക എന്നതും.

യന്ത്രസാന്ദ്രതയേറുമ്പോൾ
നമുക്ക് മേൽപ്പറഞ്ഞ ഉദാഹരണത്തിലൂടെ കുറച്ചുകൂടി സഞ്ചരിക്കാം. കമ്പ്യൂട്ടർ നിർമ്മാണ യൂണിറ്റിൽ കുറച്ചുകൂടി യന്ത്രവൽക്കരണം നടപ്പിലാക്കി ഒരു ലക്ഷത്തിൽ തൊഴിലാളിയുടെ കൂലിയുടെ പങ്ക് 5% ആക്കി പരിമിതപ്പെടുത്തി എന്ന് കരുതുക. അപ്പോൾ കമ്പ്യൂട്ടർ-കളിമണ്പാത്ര നിർമ്മാണങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ എങ്ങനെയായിരിക്കും എന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് ഇതിനോടൊപ്പം. നേരത്തെ 10X സംഭാവന ചെയ്ത് 30X – അതായത് മൂന്നിരട്ടി – കരസ്ഥമാക്കിയിരുന്ന കമ്പ്യൂട്ടർ നിർമ്മാണയൂണിറ് ഇപ്പോൾ 5X സംഭാവന ചെയ്ത് 27.5X കരസ്ഥമാക്കുന്നു, അതായത് അഞ്ചര ഇരട്ടി. നേരത്തെയുള്ള പോലെ X=500 എങ്കിൽ ഇവിടെ രണ്ടുവ്യവസായങ്ങളിലും ലാഭം 13750 ആയി ചുരുങ്ങുന്നു, അതായത് 13.75%. പുനർവിതരണം കുറച്ചുകൂടി ഊർജ്ജിതമാകുന്നു എന്ന് സാരം. ഇതുകൂടാതെ ഒന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്; കമ്പ്യൂട്ടർ നിർമ്മാണ യൂണിറ്റിലെ യന്ത്രവൽക്കരണം കളിമൺപാത്രനിർമ്മാണ യൂണിറ്റിന്റെ ലാഭത്തിലും കുറവ് വരുത്തുന്നു.

നാം സംസാരിച്ചിവിടെവരെയെത്തിയ സ്ഥിതിക്ക് ഒരു പടി കൂടി പോയാലോ. നമ്മുടെ സാങ്കല്പിക ലോകത്ത് കമ്പ്യൂട്ടർ നിർമ്മാണം സമ്പൂർണ്ണമായി യന്ത്രവൽക്കരിച്ചു എന്ന് കരുതുക. ഇത്രയും ആയ സ്ഥിതിക്ക്, അപ്പോഴുള്ള ചിത്രം പ്രത്യേകമായി പറയേണ്ടതില്ല, എന്നാലും ഇവിടെ ചേർക്കുന്നു. മുതലാളിത്തത്തിന്റെ സംയുക്തലാഭജലാശയത്തിലേക്ക് കമ്പ്യൂട്ടർ നിർമ്മാണ യൂണിറ്റ് ഒരു സംഭാവനയും നൽകുന്നില്ല, എന്നാലും 25X ലാഭം കൈപ്പറ്റുന്നു? ഈ ലാഭം എവിടെ നിന്നാണ് ഉണ്ടായത്? അവ്യക്തതയ്ക്ക് ഇവിടെ തീരെ സാധ്യതയില്ല, ഈ ലാഭത്തിന്റെ ഉറവിടം കാളിമൺപാത്ര വ്യവസായത്തിലെ മനുഷ്യന്റെ അധ്വാനം തന്നെയാണ്.
നമുക്ക് ആദ്യത്തെ ചോദ്യത്തിലേക്ക് മടങ്ങാം: ‘ഒരു തൊഴിലാളിയും ഇല്ലാത്ത നിർമ്മാണ യൂണിറ്റ് എങ്ങനെയാണ് തൊഴിലാളിചൂഷണം നടത്തുന്നു എന്ന് പറയാനാവുക?’ എന്നതായിരുന്നു അത്. ഇവിടെ ഒരു തൊഴിലാളിയും ഇല്ലാത്ത കമ്പ്യൂട്ടർ നിർമ്മാണ യൂണിറ്റ് ലാഭം കൈപ്പറ്റുന്നത് കളിമൺപാത്രത്തൊഴിലാളിയുടെ അധ്വാനത്തിലൂടെയാണ്. ഒരു തൊഴിലാളിയും ഇല്ലാത്ത നഗരത്തിലെ കമ്പ്യൂട്ടർ നിർമ്മാണയൂണിറ്റ് ഗ്രാമത്തിലെ കളിമൺപാത്രതൊഴിലാളിയുടെ ചൂഷണത്തിലൂടെയാണ് ലാഭമുണ്ടാക്കുന്നത് എന്ന് കേൾക്കുന്നത് തന്നെ വിചിത്രമായി തോന്നാം, എന്നാലും ഈ ‘സംയുക്തലഭജലാശയ’ പ്രവർത്തനം മനസ്സിലാക്കിയാൽ അത് അത്രത്തോളം വ്യക്തമാണ്. ഒരു നിർമ്മാണ യൂണിറ്റിലെ തൊഴിലാളികളുടെ എണ്ണമോ തോതോ അവിടെയുള്ള തൊഴിലാളി ചൂഷണത്തിന്റെ അളവായി വായിക്കുന്നത് അബദ്ധമാണ് എന്ന് സാരം.
നാമിവിടെ കമ്പ്യൂട്ടറും കളിമൺപാത്രവുമൊക്കെ പരിശോധിച്ചെങ്കിലും ഈ യുക്തിക്ക് സാമാന്യപ്രയോഗശേഷിയുണ്ട്. യന്ത്രവൽകൃത നിർമ്മാണമേഖലകൾ അധ്വാനതീക്ഷണമായ നിർമ്മാണമേഖലകളിലെ തൊഴിലാളിചൂഷണത്തിന് ഹേതുവാകുന്നു. ആഗോളമുതലാളിത്തത്തിന്റെ ഈ കാലത്ത് ഈ യുക്തി രാജ്യങ്ങൾ തമ്മിലും കാണാം. സങ്കീർണ്ണ യന്ത്രവൽകൃത നിർമ്മാണങ്ങൾ നടപ്പിലാക്കിയിട്ടുള്ള പാശ്ചാത്യരാജ്യങ്ങൾ അധ്വാനതീക്ഷണമായ മൂന്നാം ലോകരാജ്യങ്ങളുമായി സ്വാതന്ത്രവ്യാപാരകരാറുകളിൽ ഏർപ്പെടാൻ ശ്രമിക്കുന്നത് അവിടങ്ങളിൽ സൃഷ്ടിക്കുന്ന മൂല്യത്തിൽ പങ്ക് പറ്റാൻ കൂടിയാണ്. നമ്മുടെ ആലങ്കാരികപ്രയോഗം ഉപയോഗിച്ച് പറയുകയാണെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്തലാഭജലാശയം നടപ്പിലാക്കിയാൽ അധ്വാനതീക്ഷണരാജ്യങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന മൂല്യത്തിന്റെ പങ്ക് പറ്റാൻ – പിടിച്ചുപറിക്കാൻ – എളുപ്പമാണ്. ഈയിടെയായി കേൾക്കുന്ന ഇന്ത്യ-യു കെ സ്വാതന്ത്രവ്യാപാരകരാറിൽ ബ്രിട്ടനുള്ള താൽപര്യം ഇങ്ങനെയുള്ള ‘പിടിച്ചുപറി’ സാധ്യത മുന്നിൽകണ്ടിട്ടു കൂടിയാണ്.
ഒരു നിരീക്ഷണം കൂടി പറഞ്ഞുകൊണ്ട് ഇതവസാനിപ്പിക്കാം. അധ്വാനതീക്ഷണമായ വ്യവസായങ്ങളെ പഴഞ്ചൻ എന്നും മറ്റുമൊക്കെ വിശേഷിപ്പിക്കാനുള്ള ഒരു പ്രവണത നമ്മുടെ സമൂഹത്തിൽ ഉണ്ട്. പക്ഷെ, അത്തരം അധ്വാനതീക്ഷണമായ വ്യവസായങ്ങളാണ് യന്ത്രവൽകൃതവും സങ്കീർണ്ണമായതും ‘മോഡേൺ’ എന്ന് നാം ചിന്തിക്കുന്നതുമായ വ്യവസായങ്ങളുടെ ലാഭത്തിലേക്ക് വലിയ സംഭാവനകൾ നൽകുന്നത്. ആദ്യവിഭാഗത്തിലെ തൊഴിലാളികളുടെ ചൂഷണത്തിലൂടെ കൂടെയാണ് ‘മോഡേൺ’ വ്യവസായങ്ങൾ നിലനിൽക്കുന്നത്! ശാസ്ത്രസാങ്കേതികവിദ്യകൾ കൊണ്ട് മുതലാളിത്തത്തിൽ നടപ്പിലാക്കപ്പെടുന്നത് ചൂഷണഫലങ്ങളുടെ പുനർവിതരണത്തിന്റെ സാന്ദ്രതയുടെ വർദ്ധനവ് കൂടിയാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

സസൂക്ഷ്മം
സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര



സാങ്കേതികവിദ്യയും സമൂഹവും
ലേഖനങ്ങൾ വായിക്കാം