Read Time:52 Minute

ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്നു. ആഴക്കടൽ മണൽ ഖനനമുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൊല്ലം കടൽത്തീരത്തിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. 2025 ഏപ്രിൽ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

ഭൗതിക വികസനം, നിലം നികത്തൽ, വിവിധ വ്യവസായങ്ങൾ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ പ്രകൃതിവിഭവങ്ങളിൽ ഒന്നാണ് മണൽ. വീടുകൾ സ്‌കുളുകൾ, അണക്കെട്ടുകൾ, പാരമ്പര്യേതര ഊർജം ഉൽപാദിപ്പിക്കുന്നതിനുള്ള ഫോട്ടോവോൾട്ടായിക് പാനലുകൾ, റോഡുകൾ, പാലങ്ങൾ. ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും മണൽ അത്യാവശ്യമാണ്. 

ജലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിവിഭവമാണ് മണൽ. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ അവയുടെ ഉപയോഗം മൂന്നിരട്ടിയായി വർധിച്ച് പ്രതിവർഷം ഏകദേശം 40-50 ബില്യൺ മെട്രിക് ടൺ ആയി. 2050-ഓടെ ആഗോള നഗരജനസംഖ്യ ലോക ജനസംഖ്യയുടെ ഏതാണ്ട് 68% ആയിത്തീരുകയും, അതോടൊപ്പം നഗരങ്ങൾ വികസിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യുന്നതിനാൽ, മണലിന്റെ ആവശ്യം കാര്യമായി വർധിക്കും. 

മണലിന്റെ ഭൗമ സ്രോതസ്സുകൾ ക്ഷയിച്ചതോടെ, സമുദ്ര ആവാസവ്യവസ്ഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞു. ആഴക്കടൽ മണൽ ഖനനം എന്നത് സമുദ്രത്തിന്റെ അടിത്തട്ടിൽ 200 മീറ്റർ ആഴത്തിൽനിന്ന് മണൽ വേർതിരിച്ചെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. മണലിന്റെ ഉയർന്ന ആവശ്യകതയും ഭൂമിയിൽ എളുപ്പത്തിൽ എടുക്കാവുന്ന നിക്ഷേപങ്ങളുടെ ദൗർലഭ്യവും കാരണം തീരക്കടൽ ആഴക്കടൽ ഖനനങ്ങളുടെ തോത് വരുംനാളുകളിൽ വർധിക്കുമെന്ന കാര്യം അവിതർക്കമാണ്.

മണൽ ഖനനത്തിനുള്ള സാങ്കേതികവിദ്യകൾ 
  1. ആഴം കുറഞ്ഞ ജലമണൽ ഖനന സാങ്കേതികവിദ്യകൾ (0-30 മീറ്റർ ആഴം): തീരപ്രദേശങ്ങൾക്കും അഴിമുഖങ്ങൾക്കും സമീപം ആഴം കുറഞ്ഞ കടൽ ഭാഗങ്ങളിൽ നടക്കുന്ന മണൽ ഖന നത്തിന് പ്രാഥമികമായി ഇനിപ്പറയുന്ന രീതികൾ ഉപയോഗിക്കുന്നു
    • കട്ടർ സക്ഷൻ ഡ്രഡ്‌ജറുകൾ (CSD): കറങ്ങുന്ന കട്ടർ ഹെഡ് മണൽ കുഴിക്കുന്നു. അത് പൈപ്പ് ലൈനിലൂടെ വലിച്ചെടുക്കുന്നു. ടാർഗെറ്റുചെയ്‌ത വേർതിരിച്ചെടുക്കലിന് ഉയർന്ന കാര്യക്ഷമതയുണ്ടങ്കിലും പ്രക്ഷുബ്ധത ഉണ്ടാക്കുകയും സമുദ്രജീവികളെ ബാധിക്കുകയും ചെയ്യുന്നതിനാൽ പാരിസ്ഥിതിക ആശങ്കകൾ നിലവിലുണ്ട്. 
    • ട്രെയിലിങ് സക്ഷൻ ഹോപ്പർ ഡ്ര ഡ്‌ജറുകൾ (TSHDs): സക്ഷൻ പൈപ്പുകളുള്ള ഒരു വലിയ കപ്പൽ അതിൻ്റെ ഹോപ്പറിലേക്ക് മണൽ ശേഖരിക്കുകയും കടലിനടിയിലൂടെ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത്തരം സംവിധാനങ്ങൾവഴി വലിയ അളവിൽ വേഗത്തിൽ വേർതിരിച്ചെടുക്കാൻ കഴിയും. ഒപ്പം മറ്റുപ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ നീങ്ങാൻ കഴിയും. തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനും ബീച്ച് നരിഷ്മെന്റ് പദ്ധതികൾക്കും ഉപയോഗിക്കുന്നു. 
    • മെക്കാനിക്കൽ ഡ്രഡ്‌ജറുകൾ (ക്ലാംഷെൽ, ബാക്കോ, ഗ്രാബ് ഡ്രഡ്ജറുകൾ): കടലിനടിയിൽനിന്ന് മണൽ കോരിയെടുക്കാൻ മെക്കാനിക്കൽ ആയുധങ്ങളോ ബക്കറ്റുകളോ ഉപയോഗിക്കുന്നു. പ്രസ്തു‌ത സാങ്കേതികവിദ്യ ഹൈഡ്രോളിക് രീതികളേക്കാൾ കൃത്യവും എന്നാൽ, വേഗത കുറഞ്ഞതുമാണ്. നിലവിൽ കേരളത്തിൽ ഇത്തരത്തിൽ ഏതെങ്കിലുമൊരു സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് സാധ്യത
  2. ആഴക്കടൽ മണൽ ഖനന സാങ്കേതികവിദ്യകൾ (>200 മീറ്റർ ആഴം): സങ്കീർണ്ണമായ അവസ്ഥകൾ കാരണം ആഴത്തിലുള്ള വെള്ളത്തിൽനിന്ന് മണൽ വേർതിരിച്ചെടുക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ ആവശ്യമാണ്.
    • റിമോട്ട്-ഓപ്പറേറ്റഡ് വെഹിക്കിൾസ് (ROVs), സബ്സി എക്സ്‌കവേറ്ററുകൾ: വിദൂരസംവേദനം വഴി കപ്പലിൽ നിന്നുതന്നെ നിയന്ത്രിക്കുന്ന വാഹനങ്ങളായ ഇവ സക്ഷൻ പമ്പുകളോ റോബോട്ടിക് ഉപകരണങ്ങളോ ഉപയോഗിച്ച് മണൽ വേർതിരിച്ച് ഒരു ഉപരിതല പാത്രത്തിലേക്ക് മാറ്റുന്നു. ഇതുവഴി അപകടസാധ്യത കുറയ്ക്കുകയും കൃത്യമായ വേർതിരിച്ചെടുക്കൽ അനുവദിക്കുകയും ചെയ്യുന്നു.
    • എയർലിഫ്റ്റ് ഡ്രഡ്‌ജിങ് സിസ്റ്റംസ്‌ ഒരു സക്ഷൻ ഇഫക്ട് സൃഷ്ടിക്കാൻ കംപ്രസ് ചെയ്ത വായു ഉപയോഗിക്കുന്നു. മണൽ ഉപരിതലത്തിലേക്ക് ഉയർത്തുന്നു. പരമ്പരാഗത ഡ്രഡ്‌ജിങ് ഫലപ്രദമല്ലാത്ത അങ്ങേയറ്റത്തെ ആഴമുള്ള പ്രദേശങ്ങൾക്ക് അനുയോജ്യമാണ് പ്രസ്‌തുത സാങ്കേതിക വിദ്യ. 
  3. ഫ്ളക്സിബിൾ റൈസർ സിസ്റ്റങ്ങളുള്ള ഹൈഡ്രോളിക് ഡ്രഡ്‌ജിങ്: ഒരു ഉയർന്ന പവർ സക്ഷൻ സിസ്റ്റം ഫ്ളെക്സിബിൾ പൈപ്പ് ലൈനുകളിലൂടെ ഒരു പ്രോസസ്സിങ് കപ്പലിലേക്ക് മണൽപമ്പ് ചെയ്യുന്നു. 500 മീറ്ററിൽ കൂടുതൽ ആഴമുള്ള പ്രദേശങ്ങളിൽനിന്ന് മണൽ വേർതിരിച്ചെടുക്കാൻ കഴിയും. പസഫിക് സമുദ്രം പോലുള്ള പ്രദേശങ്ങളിൽ ആഴക്ക ടൽ ഖനനത്തിനായി ഇത് ഉപയോഗിക്കുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു. 
നമ്മുടെ പ്രകൃതിദത്തവും നിർമ്മിതവുമായ പരിസ്ഥിതിയിൽ മണലിന്റെ തന്ത്രപരമായ മൂല്യം
1. കടൽ; 2. ഡെൽറ്റ; 3. ബീച്ച്; 4. നദി 5. ഉപതലം; 6. വികസനത്തിനുള്ള
അടിസ്ഥാന സൗകര്യങ്ങൾ (സുസ്ഥിര വികസനം ഉൾപ്പെടെ)
6a. ഭൂവിനിയോഗം; 6b. തീരദേശ ഉപയോഗം; 6c. നഗര അടിസ്ഥാന സൗകര്യങ്ങൾ 6d. വ്യാവസായിക ഉപയോഗം; 6e. ഊർജമേഖല

മണലിന്റെ പാരിസ്ഥിതിക പ്രവർത്തനങ്ങളും സേവനങ്ങളും 

ആവാസവ്യവസ്ഥയുടെ സേവനങ്ങൾ നൽകുന്നതിനും ജൈവ വൈവിധ്യം നിലനിർത്തുന്നതിനും സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനും കമ്മ്യൂണിറ്റികൾക്കുള്ളിൽ ഉപജീവനമാർഗങ്ങൾ സുരക്ഷിതമാക്കുന്നതിനും മണൽ വിഭവങ്ങൾ തന്ത്രപരമായ പ്രധാന പങ്ക് വഹിക്കുന്നു. മണൽ മത്സ്യബന്ധനത്തെയും ജൈവവൈവിധ്യത്തെയും പിന്തുണയ്ക്കുന്നു. തീരദേശ മണ്ണൊലിപ്പിൽനിന്നും ജല സ്രോതസ്സുകളുടെ ഉപ്പുവെള്ളത്തിൽ നിന്നും സംരക്ഷിക്കുന്നു, കുടാതെ ആവാസവ്യവസ്ഥകളിൽ ജലത്തിന്റെ സ്വാഭാവിക ശുദ്ധീകരണത്തിന് ഏറ്റവുമധികം സംഭാവന ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, കൊടുങ്കാറ്റ് പോലുള്ള കാലാവസ്ഥാ സംഭവങ്ങൾ, സമുദ്രനിരപ്പ് ഉയർച്ച എന്നിവയെ സ്വാഭാവികമായി പ്രതിരോധിക്കുന്നതിന് ബീച്ചുകളും മൺകൂനകളും പ്രധാനമാണ്. തീരദേശ മൺകുനകൾ വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങൾക്ക് ആവാസവ്യവസ്ഥകൾ നൽകുന്നു. തീര രൂപവൽക്കരണത്തിനും പോഷക സൈക്ലിങ്ങിനും ഇവ പിന്തുണ നൽകുന്നു. തീരദേശ ജലാശയങ്ങളിലെ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തിൽനിന്ന് സംരക്ഷണം നൽകുന്നു. മണൽ കടൽത്തിരങ്ങൾ വിനോദസഞ്ചാരത്തിന്റെ പ്രധാന സൈറ്റുകൾ കൂടിയാണ് ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, മണൽ വേർതിരിച്ചെടുക്കൽ ഉണ്ടാക്കുന്ന കാര്യമായ ആഘാതങ്ങൾ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കും, ഇത് ഗുരുതരമായ സാമൂഹിക, സാമ്പത്തിക. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അതുകൊണ്ടുതന്നെ, ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയുടെയും പാരിസ്ഥിതിക സാഹചര്യങ്ങളുടെയും അവിഭാജ്യ ഘടകമായി മണലിനെ അംഗീകരിക്കുകയും മണൽ വിതരണം നിയന്ത്രിക്കുന്ന പ്രക്രിയകൾ മനസ്സിലാക്കുകയും ചെയ്യുക എന്നത് സുസ്ഥിര മാനേജ്മെന്റിലേക്കുള്ള ആദ്യപടിയാണ്. 

കൊല്ലം തീരത്തെ ഖനന നിർദേശം 

വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള നിർണ്ണായക അസംസ്കൃത വസ്തുവാണ് മണൽ. സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ (GSI) മറൈൻ ആൻഡ് കോസ്റ്റൽ സർവെ വിഭാഗത്തിലെ വിദഗ്‌ധർ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളത്തിലെ ഭൂപ്രദേശങ്ങളിലെ ജലാശയങ്ങളിൽ വിപുലമായ സർവെകൾ നടത്തിയിട്ടുണ്ട്. പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ 22 മുതൽ 45 മീറ്റർ വരെ ആഴത്തിൽ നിർമ്മാണ നിലവാരത്തിലുള്ള മണലിന്റെ ഗണ്യമായ നിക്ഷേപം ഈ സർവെയിൽ കണ്ടെത്തി. കേരള തീരത്ത് 745 ദശലക്ഷം ടൺ നിർമ്മാണ-ഗ്രേഡ് മണലും ഒഡീഷ, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഇന്റർ-ഷെൽഫ്. മിഡ്-ഷെൽഫ് മേഖലകളിൽ 79 ദശലക്ഷം ടൺ ധാതുനിക്ഷേപങ്ങളും (ഹെവി മിനറൽ പ്ലേസറുകളും) കണ്ടെത്തിയിട്ടുണ്ട്. ഈ നിക്ഷേപങ്ങളിൽ 80% മുതൽ 96% വരെ പരിശുദ്ധിയുള്ള മണലും 4% മുതൽ 20% വരെ കളിമണ്ണും അടങ്ങിയിരിക്കുന്നുവെന്നാണ് നിഗമനം. എന്നാൽ, ഫീൽഡ് അന്വേഷണങ്ങളിൽ പ്രസ്തു‌ത പ്രദേശങ്ങളിൽ വർധിച്ച ചെളിനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്, അതിനാൽത്തന്നെ, മണ്ണിൽനിന്ന് ചെളി നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. യഥാർഥത്തിൽ നദികളിൽനിന്ന് ഉദ്ഭവിച്ച മണൽ, സമുദ്ര പ്രക്രിയകൾക്ക് വിധേയമായതിനാൽ, ഉപ്പ് നീക്കംചെയ്ത‌ ശേഷം മാത്രമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. 

സാമ്പത്തിക വളർച്ചയ്ക്കായി സമുദ്രവിഭവങ്ങൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്ന നീല സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യ ഊന്നൽ നൽകിയതോടെ, കടലിൽനിന്ന്, പ്രത്യേകിച്ച് ആഴക്കടൽ പ്രദേശങ്ങളിൽനിന്ന് മണലും ധാതുക്കളും വേർതിരിച്ചെടുക്കുന്നതിൽ കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തം EEZ-ൽ ധാതു വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ഖനനം ചെയ്യുന്നതിനും ആവശ്യമായ വൈദഗ്‌ധ്യവും സാങ്കേതികവിദ്യയും കൊണ്ടുവരുമെന്ന് സർക്കാർ വാദിക്കുന്നു. ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമം, 2023 പ്രകാരം, 2002 ലെ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഓഫ്ഷോർ മിനറൽ ബ്ലോക്കുകൾ ലേലം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. 

ആദ്യഘട്ടത്തിൽ പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം നോർത്ത്, കൊല്ലം സൗത്ത് സെക്ടറുകളിലാണ് മണലെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ നദികൾ കടലിലേക്ക് ഒഴുകുന്ന മറ്റ് തീരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. 

ഇന്ത്യയിൽ, തീരത്തിന്റെ 12 നോട്ടിക്കൽ മൈലിനുള്ളിൽ (ടെറിറ്റോറിയൽ വാട്ടർ/ പ്രാദേശിക ജലം: 22. 22 കിലോ മീറ്റർ) മത്സ്യബന്ധന അവകാശം പ്രാഥമികമായി നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്, അതേസമയം, കേന്ദ്ര ഗവൺമെന്റ് 200 നോട്ടിക്കൽ മൈൽ വരെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. നിർദിഷ്ട കടൽ മണൽ ഖനന പ്രദേശം പ്രാദേശിക ജല മേഖലയ്ക്ക് തൊട്ടുപുറത്താണ്, എന്നാൽ, 40 മുതൽ 70 മീറ്റർ വരെ ആഴമുള്ള തീരക്കടലിനോട് ചേർന്ന പ്രദേശത്താണ്.

സാങ്കേതികമായി ഇരുന്നൂറുമീറ്ററിലധികം ആഴമുള്ള പ്രദേശങ്ങളിലാണ് ആഴക്കടൽ ഖനനം സംഭവിക്കുന്നത്. പുതിയ ഔട്ട് ബോർഡ് എഞ്ചിനുകളുടെ വരവോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ 80 മീറ്ററിലധികം ആഴമുള്ള സമുദ്രഭാഗങ്ങളിൽപോയി മീൻ പിടിക്കുന്നുണ്ട്. യന്ത്രവൽകൃതയാനങ്ങൾ ആഴക്കടലിലും മീൻ പിടിക്കുന്നുണ്ട്. അതിനുപുറമെ ആഴക്കടൽ ട്രോളറുകളുടെ ഒരു പ്രധാന പ്രവർത്തന മേഖലയും കയറ്റുമതിക്കുള്ള മത്സ്യങ്ങൾ, ആഴക്കടൽ ചെമ്മീൻ, കണവ, ലോബ്സ്റ്റർ എന്നിവയുടെ പ്രധാന സ്രോതസ്സായ കൊല്ലം പരപ്പിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സാങ്കേതികമായി നിർദിഷ്ട ഖനന മേഖല 12 നോട്ടിക്കൽ മൈൽ ദൂരത്തിന് വെളിയിലാണെങ്കിലും 70 മീറ്ററിനു താഴെ ആഴമുള്ള ഭാഗത്താണ് ഖനനം നടക്കുന്നത്, അതായത് നിർദിഷ്ട ഖനനം ആഴക്കടൽ ഖനനത്തേക്കാൾ തീരക്കടൽ ഖനനമാണ്, ഒപ്പം മത്സ്യബന്ധന മേഖലയുമാണ്. 

ആവാസവ്യവസ്ഥാ നാശം, ജൈവസമ്പത്തിനുള്ള ഭീഷണി 

സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് മണൽ നീക്കംചെയ്യുമ്പോൾ അത് ഭക്ഷണത്തിനും പാർപ്പിടത്തിനുമായി കടൽത്തീരത്തെ ആശ്രയിക്കുന്ന ജീവജാലങ്ങളെ ബാധിക്കുന്നു. വൻതോതിൽ ചെളിയടിയുന്നത് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാവും. വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങൾ, ഞണ്ടുകൾ, ചെമ്മീനുകൾ ഉൾപ്പെടെ പല സമുദ്രജീവികളും പ്രജനനത്തിനായി മണൽ നിറഞ്ഞ കടൽത്തീരങ്ങൾ ഉപയോഗിക്കുന്നു. ആവാസ വ്യവസ്ഥകൾ നശിപ്പിക്കപ്പെടുമ്പോൾ അവയുടെ ജനസംഖ്യ കുറയുന്നു. 

കടലിന്റെ അടിത്തട്ടിലെ അവസാദത്തിൽ ജീവിക്കുന്ന നിരവധി ജീവജാലങ്ങളുണ്ട്, ഇവയിൽ പവിഴപ്പുറ്റുകളും സ്പോഞ്ചുകളും പോലുള്ളവയും. നീരാളികൾ. കണവകൾ എന്നിവ പോലുള്ള മൊബൈൽ സ്പ‌ീഷീസുകളും ഉൾപ്പെടും. വിവിധ സമുദ്ര ജീവികളുടെ പാരസ്‌പര്യമാണ് ആവാസവ്യവസ്ഥയുടെ ആരോഗ്യവും ജൈവ വൈവിധ്യത്തെ നിലനിർത്തുന്ന ഇടപെടലുകളും സുഗമമാക്കുന്നത്. മണൽ ഖനനം ഈ ആവാസവ്യവസ്ഥകളെ തടസ്സപ്പെടുത്തുന്നു. ഇത് ഭക്ഷ്യശൃംഖലയേയും സമുദ്ര ആവാസവ്യവസ്ഥയുടെ ഉൽപാദനക്ഷമതയേയും സാരമായി ബാധിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടതും മൃദുവായതുമായ പവിഴപ്പുറ്റുകളുള്ളത് കൊല്ലം മേഖലയിലാണ്. മണൽ ഖനനംമൂലം അവയുടെ നാശം ജൈവവൈവിധ്യ നഷ്ടത്തിന് കാരണമാകും. കൂടാതെ, ആഴക്കടൽ ചെമ്മീൻ, സെഫലോ പോഡുകൾ (ഒക്ടോപസുകൾ, കണവകൾ) പോലുള്ള ഉയർന്ന മൂല്യമുള്ള മത്സ്യങ്ങളുടെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് കൊല്ലത്തിന് പുറത്തുള്ള ആഴക്കടൽ. ഖനനം അവയുടെ സ്ഥാനഭ്രംശത്തിനു കാരണമാവും. കൂടാതെ, പ്രസ്തുത പ്രദേശത്ത് ധാരാളം കാണപ്പെടുന്ന ‘കരിക്കാടി’ ചെമ്മീൻ പോലുള്ള ഇനങ്ങളുടെ തീരക്കടലിലേക്കുള്ള യാത്രയും ഇതുവഴി തടസപ്പെട്ടേക്കാം. 

മണൽ ബീച്ചുകൾ പല ജീവ ജാലങ്ങൾക്കും ഒരു പ്രധാന ആ വാസവ്യവസ്ഥയാണ്. ഇത്തരം തീരപ്രദേശം നിലനിറുത്തുന്നതും കടലിലിൽനിന്നുള്ള മണലിന്റെ പ്രവാഹമാണ്, ഞണ്ടുകൾ, കടലാമകൾ പോലെയുള്ളവ മണൽ കടൽത്തിരങ്ങൾ താമസത്തിനും പ്രജനനത്തിനും മറ്റുമായി പ്രയോജനപ്പെടുത്തുന്നു. തീരദേശ പക്ഷികൾ എപ്പോഴും മണൽ കടൽത്തീരങ്ങളിൽ വസിക്കുന്നില്ല, മറിച്ച് തീരദേശ ഭക്ഷ്യവിഭവങ്ങളെയാണ് ആശ്രയിക്കുന്നത്. മണൽ ഖനനത്തിന്റെ ആഘാതത്തിന്റെ ഒരു ഉദാഹരണമായി, ഉഷ്ണമേഖലാ മണൽ ബീച്ചുകളിൽ കാണപ്പെടുന്ന ഗോസ്റ്റ് ഞണ്ടുകളുടെ വിതരണം മണൽ ഖനനംമൂലം ബാധിക്കപ്പെടുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ആഴക്കടലിലെ വലിയ ഡ്രഡ്‌ജിങ് മെഷീനുകളിൽനിന്നുള്ള ശബ്ദവും വൈബ്രേഷനും യാത്രചെയ്യാനായി (നാവി ഗേഷനായി) ശബ്ദവീചികളെ ആശ്രയിക്കുന്ന തിമിംഗലങ്ങളും ഡോൾഫിനുകളും ഉൾപ്പെടെയുള്ള സമുദ്രജീവികളെ തടസ്സപ്പെടുത്തുന്നതായി പഠനങ്ങൾ വെളിവാക്കുന്നു. കടൽ മണൽഖനനത്തിന് സമുദ്രജീവികളെ അവയുടെ സ്വാഭാവിക ആ വാസവ്യവസ്ഥയിൽ നിന്ന് അകറ്റാനും ജൈവവൈവിധ്യം കുറയ്ക്കാനും കഴിയുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. 

1987 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ FORV സാഗർ സമ്പദ എന്ന ഗവേഷണയാനം നടത്തിയ പഠനങ്ങൾ കൊല്ലം പരപ്പിൽ ലഭ്യമായ മത്സ്യവിഭവങ്ങളിൽ ഏറ്റവും അധികം കാണപ്പെടുന്നത് കിളിമീനുകളാണെന്ന് വ്യക്തമാക്കുന്നു. തിരണ്ടികൾ, പെർച്ചുകൾ, അരണ മത്സ്യം, പാരകൾ, ചെമ്മീൻ, കണവ, നീരാളി എന്നിവയും വാണിജ്യാടിസ്ഥാനത്തിൽ പിടിക്കപ്പെടുന്ന ഇനങ്ങളാണ്. ഫിഷറീസ് സർവെ ഓഫ് ഇന്ത്യയുടെ സർവെകൾ, കൊല്ലത്തിൻ്റെ ആഴമേറിയ കടൽത്തീരങ്ങൾ ആഴക്കടൽ കൊഞ്ചുകളുടെയും ലോബ്സ്റ്ററുകളുടെയും സമൃദ്ധമായ മത്സ്യബന്ധന കേന്ദ്രങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ ഉയർന്ന ഉൽപാദന ക്ഷമത, വാഡ്‌ജ് ബാങ്കിലേക്ക് നീളുന്ന ഡ്രിഫ്റ്റ് പ്രവാഹങ്ങളാൽ നയിക്കപ്പെടുന്ന, കീഴ്ത്തലം പൊങ്ങൽ (Upwelling) പ്രതിഭാസത്തിന്റെ വിപുലമായ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. 

കേരളതീരത്ത് വിപുലമായ പവിഴപ്പുറ്റുകളുടെ ശ്രേണി ഇല്ലെങ്കിലും, വേലിയേറ്റ, വേലിയിറക്ക മേഖലകളിൽ തുണ്ടുകളായി കാണപ്പെടുന്ന പവിഴപ്പുറ്റുകളാണുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കേരളതീരത്ത് വംശ നാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളുടെ രേഖപ്പെടുത്തൽ ആരംഭിക്കുന്നത്. റോയൽ ഇന്ത്യൻ മറൈൻ സർവെഷിപ്പ് ‘ഇൻവെസ്റ്റിഗേറ്റർ’ ഇന്ത്യൻ തീരത്ത് ആഴത്തിലുള്ള ജല സർവെകൾ നടത്തുകയും തിരുവിതാംകൂർ തിരത്ത് 787 മീറ്റർ താഴ്ച‌യിൽ ആഴക്കടൽ പവിഴപ്പുറ്റുകളെ രേഖപ്പെടുത്തുകയും ചെയ്‌തു. പടിഞ്ഞാറ് ലക്ഷദ്വീപ്, മാലിദ്വീപ് ദ്വീപുകൾക്കും കിഴക്ക് മലബാർ തീരത്തിനും ഇടയിൽ കിടക്കുന്ന ആഴക്കടലിൽ പവിഴപ്പുറ്റ് സമൃദ്ധമായും വൈവിധ്യത്തിലും കാണപ്പെടുന്നുണ്ടെന്ന് അൽകോക്ക് തന്റെ പുസ്തകത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. തിരുവിതാംകൂർ തീരത്തെ ഒരു ‘സ്പോട്ട്’ സംബന്ധിച്ച് പുസ്‌തകത്തിൽ പ്രത്യേക പരാമർശമുണ്ട്, ഏകദേശം 787 മീറ്റർ താഴ്ചയിൽ ഏകദേശം അര ടണ്ണോളം ജീവനുള്ളതും ചത്തതുമായ പവിഴപ്പുറ്റുകളെ കുഴിച്ചെടുത്തത് ഗവേഷണ യാനത്തിലെ പ്രകൃതിശാസ്ത്രജ്ഞർ വിചിത്രമായി കണക്കാക്കിയിരുന്നു. 

പിന്നീട്, FORV സാഗർ സമ്പദ കൊല്ലം പരപ്പിൽനിന്ന് 40 മുതൽ 100 മീറ്റർ വരെ ആഴത്തിൽനിന്ന് ഡ്രഡ്‌ജ് ചെയ്ത 16 പവിഴജീവി ഇനങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്‌തു. ഈ കണ്ടെത്തലുകൾ തിരുവനന്തപുരത്തിനും കൊല്ലത്തിനും പുറത്തുള്ള ആഴക്കടലിൽ പവിഴജീവി ആവാസവ്യവസ്ഥയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. അവ വലിയതോതിൽ പര്യവേക്ഷണം ചെയ്യപ്പെടാതെ തുടരുകയും ചെയ്യുന്നു. പവിഴപ്പുറ്റുകളുടെ നിലനിൽപ്പിന് ഏറ്റവും ഭീഷണി എക്കൽ അടിയുന്നതാണ്. അതിനാൽ, നിർദിഷ്ട മണൽഖനന പ്രവർത്തനങ്ങൾ പവിഴപ്പുറ്റുകളുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്യും. കടൽത്തീരത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയ്ക്കിടെ പവിഴപ്പുറ്റുകളെ നീക്കം ചെയ്യാനോ കുഴിച്ചുമൂടാനോ കഴിയും. കൂടാതെ, മണൽ ഖനന മേഖലയിലെ പവിഴപ്പുറ്റുകളുടെയും മത്സ്യങ്ങളുടെയും വൈവിധ്യം കുറയ്ക്കും. എല്ലാ പവിഴപ്പുറ്റുകളും ഇന്ത്യയുടെ വന്യജീവി (സംരക്ഷണ) നിയമത്തിൻ്റെ ഷെഡ്യൂൾ I-ൽ ഉൾപ്പെടുത്തിയതിനാൽ ഇവ ഏറെ സംരക്ഷണ പ്രാധാന്യം അർഹിക്കുന്നവയാണ്. 

കൊല്ലം തീരത്തെ പാറപ്പാരുകൾ 

കേരളതീരത്ത് കടലിലേക്ക് ഇറങ്ങി നിൽക്കുന്ന വിവിധതരം പാറകൾ ചില പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇവയാണ് പാറപ്പാരുകൾ (rocky reefs), തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പാറപ്പാരുകളെപ്പറ്റി മാത്രമാണ് ശാസ്ത്രലോകത്തിന് ഏതാണ്ട് ധാരണയുള്ളത്. കടലിൽ ജലരേഖയ്ക്ക് മുകളിലോ താഴെയോ പാറകൾ ഉണ്ടാകാം. ജലത്തിന്റെ പ്രവർത്തനത്താൽ പാറകൾ ദ്രവിക്കുന്നതിനാൽ, വിള്ളലുകളും ദ്വാരങ്ങളും പ്രത്യക്ഷപ്പെടുന്നു. ഇത് തുറന്ന കടലിൽ ജീവജാലങ്ങളുടെ ഒളിസങ്കേതങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നുവെന്നുമാത്രമല്ല, ആഹാര-പ്രജനന കേന്ദ്രങ്ങളായും വർത്തിക്കുന്നു. ഒപ്പം, പവിഴജീവികൾ, സ്പോഞ്ചുകൾ തുടങ്ങി നിരവധി ജീവിവർഗങ്ങൾക്ക് പറ്റിപ്പിടിച്ചുവളരാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു. അതുകൊണ്ടു തന്നെ, വ്യത്യസ്ത ജീവിവർഗങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്ന അതിമനോഹരമായ രൂപങ്ങൾ സൃഷ്ടിക്കുന്ന വ്യത്യസ്ത‌മായ വിധത്തിലുള്ള വിവിധതരം പാറകളുടെ വൈവിധ്യം ഇത്തരം പ്രദേശങ്ങളിൽ കാണാം. അഗ്നിപർവത, അവശിഷ്ടങ്ങൾ, ഗ്രാനൈറ്റുകൾ മുതൽ വിവിധ ഉദ്ഭവങ്ങളിൽ നിന്നുള്ള പാറകളുടെ രൂപവൽക്കരണമാണ് ഒരു പാറക്കെട്ടിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, കൊല്ലം ജില്ലയിൽ കൂടുതലും വെട്ടുകൽപാരുകളാണ് സമുദ്രത്തിന്റെ അടിത്തട്ടിലുള്ളത്. ഇവയുടെ പാരിസ്ഥിതികപ്രാധാന്യവും എന്തിന് സാന്നിധ്യം തന്നെയും ഇന്ത്യയിൽ ഗൗരവതരമായ പഠനത്തിന് വിധേയമായിട്ടില്ല. എന്നാൽ, നിരവധി പാരിസ്ഥിതിക സേവനങ്ങൾക്ക് പുറമേ തീരത്തെ തിരയുടെ ശക്തിയിൽനിന്ന് സംരക്ഷിക്കുന്ന, പവിഴപ്പുറ്റുകളോട് കിടപിടിക്കുന്ന ജൈവവൈവിധ്യം പ്രകടമാക്കുന്ന മേഖലകളാണ് പാറ പ്ലാരുകൾ. തീരക്കടലിലെ ജന്തുവനങ്ങൾ ആണ് ഇവ. 

വാണിജ്യപ്രാധാന്യമുള്ള പാരമത്സ്യങ്ങളുടെ ആവാസ കേന്ദ്രമായ കൊല്ലത്തെ പാറപ്പാരുകൾ

കൊല്ലം തീരത്തെ ആഴം കുറഞ്ഞ തീരക്കടലിൽ പാറക്കെട്ടുകൾ (പ്രധാനമായും വെട്ടുകൽ) നിറഞ്ഞ പാറക്കൂട്ടങ്ങൾ കാണപ്പെടുന്നുണ്ട്. അത് സവിശേഷമായ ഒരു സമുദ്ര ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുകയും ഈ മേഖലയിലെ മത്സ്യബന്ധന സമൂഹങ്ങൾക്ക് നിർണ്ണായക ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിലെ മറൈൻ മോണിറ്ററിങ് ലാബ് (എം എം എൽ) നടത്തിയ ജലത്തിനടിയിലുള്ള സർവെയിൽ കൊല്ലം തീരപ്രദേശത്ത് അഞ്ച് ഇനം ഉറപ്പുള്ള ശരീരമുള്ള പവിഴ ജീവികളും 30 ലധികം മൃദുപവിഴജീവികളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ പലതും ഈ പ്രദേശത്തിലെ പുതിയ റെക്കോർഡുകളാണ്. കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മൃദുവായ പവിഴ ഇനങ്ങളുടെ മൂന്നിൽ രണ്ടുഭാഗവും കൊല്ലം തീരത്താണ് കാണപ്പെടുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ പാറക്കെട്ടുകൾ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളായി കണക്കാക്കപ്പെടുന്നു. വൈവിധ്യമാർന്ന സമുദ്രജീവികൾക്ക് ആവാസ വ്യവസ്ഥകൾ. പ്രജനന കേന്ദ്രങ്ങൾ, അഭയം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് സമുദ്ര ആവാസവ്യവസ്ഥയിൽ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

പാറക്കെട്ടുകളിലെ ജൈവ വൈവിധ്യം
പവിഴജീവികൾ, മൊളസ്‌കൾ, ഹൈഡ്രോയ്‌ഡുകൾ, സ്പോഞ്ചുകൾ, എക്കിനോഡെർമുകൾ

ഈ പാറപ്പാരുകൾ സമുദ്ര ജൈവവൈവിധ്യം നിലനിർത്തുകയും മത്സ്യ ഉൽപാദനക്ഷമത ഉറപ്പാക്കുകയും ചെയ്യുന്ന ഫീഡർ സംവിധാനങ്ങളായി വർത്തിക്കുന്നതിനാൽ, ഇവയുടെ നാശം സമുദ്രജീവികൾക്കും അവയെ ആശ്രയിക്കുന്ന മത്സ്യബന്ധന സമൂഹങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 

ജലമലിനീകരണവും പ്രക്ഷുബ്ധതയും 

ഡ്രഡ്‌ജിങ് പ്രവർത്തനങ്ങൾ അവശിഷ്ടങ്ങൾ ഇളക്കി വെള്ളം കലക്കുകയും മലിനമാക്കുകയും ചെയ്യുന്നു. ഇത് വെള്ളത്തിന്റെ സുതാര്യത കുറയ്ക്കുന്നതിനാൽ, സമുദ്ര ആവാസവ്യവസ്ഥയുടെ പ്രാഥമിക നിർമ്മാതാക്കളായ സസ്യപ്ലവകങ്ങളുടെ ഉൽപാദനക്ഷമതയെയും അതുവഴി ഭക്ഷ്യ ശൃംഖലയെയും ബാധിക്കുന്നു. കൂടാതെ, സൂര്യപ്രകാശം കുറയുന്നത് ആവാസവ്യവസ്ഥയുടെ കാർബൺ സ്വാംശീകരണത്തെ തടസ്സപ്പെടുത്തുന്നു. വർധിച്ച കലക്കം ജലജീവികൾക്ക് ഇരതേടാനും പുനരുൽപാദിപ്പിക്കാനും ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. നീണ്ടകര ഫിഷിങ് ഹാർബറിലെ ഡ്രഡ്‌ജിങ്ങും അഷ്ടമുടിക്കായലിൽ നിന്നുള്ള അവസാദങ്ങളുടെ വർധനയും കാരണം കൊല്ലം തീരക്കടലിൽ ഇതിനകം തന്നെ ഉയർന്ന അളവിൽ എക്കലടിയൽ നടക്കുന്നുണ്ട്. 

ഖനനം ചെയ്ത‌ത മണൽ സാധാരണയായി കുറഞ്ഞ രാസപ്രവർത്തനങ്ങൾ പ്രകടിപ്പിക്കുമ്പോൾ, ഉയർന്ന ചെളിയും കളിമണ്ണും ഉള്ളവയിൽ ജൈവവസ്തുക്കളും മാലിന്യങ്ങളും അടങ്ങിയിരിക്കാം. ഡ്രഡ്‌ജിങ് സമയത്ത് ഈ അവശിഷ്ടങ്ങളുടെ കലക്കം ജലപ്പരപ്പിലേക്ക് മലിനീകാരകങ്ങളെ പുനരവതരിപ്പിക്കുകയും സമുദ്രജീവികളിലേക്ക് ഇവയെ പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഇത്തരം മലിനീകരണം സമുദ്ര ആവാസവ്യവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് ഭക്ഷ്യ ശൃംഖലയിലെ വിഷ ലോഹങ്ങളുടെ ജൈവശേഖരണത്തിലേക്ക് നയിച്ചേക്കാം. ഇത് ആത്യന്തികമായി മനുഷ്യൻ്റെ ആരോഗ്യത്തെയും ബാധിക്കുന്നു. കൂടാതെ, കടൽത്തീരത്തുനിന്ന് മണൽ നീക്കം ചെയ്യുന്നതിലൂടെ, സുപ്രധാന പോഷകങ്ങളെ നീക്കംചെയ്യുന്നു. അല്ലാത്തപക്ഷം ആവാസവ്യവസ്ഥയിലേക്ക് ഇവ പുനരുപയോഗം ചെയ്യപ്പെടും. ഇത് മൊത്തത്തിലുള്ള പോഷക ലഭ്യത കുറയുന്നതിന് കാരണമാകുന്നു. മണൽ ഖനനംമൂലം ലയിക്കുന്ന ഓക്സിജൻ്റെ അളവ് കുറയുന്നത് മത്സ്യങ്ങളെ സുരക്ഷിത മേഖലകളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുകയും പ്രാദേശിക മത്സ്യബന്ധനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. 

തീരത്തെ മണ്ണൊലിപ്പ്/ തീരനാശം 

കടലാമകൾ, കുടൽപക്ഷികൾ, ഞണ്ടുകൾ തുടങ്ങിയ സമുദ്രജീവികൾക്ക് തീരങ്ങൾ നിർണ്ണായകമായ ആവാസവ്യവസ്ഥകൾ നൽകുന്നു. മണൽ ഖനനം ഈ ആവാസവ്യവസ്ഥകളെ അസ്ഥിരപ്പെടുത്തുന്നു. മണലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. സുനാമികൾ, ചുഴലിക്കാറ്റുകൾ, മണ്ണൊലിപ്പ് എന്നിവയ്ക്കെ തിരായ തീരദേശ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നു. കടൽ മണൽ നിക്കംചെയ്യുന്നത് കടൽത്തീരത്തെ നാശനഷ്ടങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. തീരക്കടലിലെ ഡ്രഡ്‌ജിങ്/മണൽ ഖനനം മണലിന്റെയും അവസാദങ്ങളുടെയും സന്തുലിതാവസ്ഥയെ കൂടുതൽ തടസ്സപ്പെടുത്തുന്നു. ഇത് കടൽത്തീരത്തെ അസ്വസ്ഥതകൾക്ക് കാരണമാകുന്നു, തീരത്തെ അസ്ഥിരമാക്കുന്നു. കൂടാതെ, അടിത്തട്ടുനിവാസികളായ ജന്തു കമ്മ്യൂണിറ്റികളെയും പ്രതികൂലമായി ബാധിക്കുന്നു. നിലവിൽ തീരശോഷണം വ്യാപകമായ കൊല്ലം ജില്ലയിൽ കടൽ മണൽഖനനം കൂടുതൽ പ്രശ്ന‌ങ്ങൾ സൃഷ്ട്ടിക്കും. അമിതമായ തീരക്കടൽ മണൽ ഖനനം മൂലം ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകംതന്നെ കടുത്ത തീരശോഷണം നേരിട്ടതും ചില ദ്വീപുകൾതന്നെ അപ്രത്യക്ഷമായതും ഇത്തരുണത്തിൽ താരതമ്യപഠനത്തിന് വിധേയ മാക്കേണ്ടതാണ്. 

ചാകരയുടെ അവസ്ഥ 

മൺസൂൺകാലത്ത് കേരളതീരത്ത് ശക്തമായ കീഴ്ത്തലം പൊങ്ങൽകൊണ്ട് താഴെതട്ടിലുള്ള തണുപ്പുള്ളതും പോഷക സമ്യദ്ധവുമായ ജലം മുകളിലേക്ക് വരുകയും ഇത് പോഷകലഭ്യത കൂട്ടുകയും മത്സ്യവളർച്ചയ്ക്കും, പ്രജനനത്തിനും അനുകൂലസാഹചര്യമൊരുക്കുകയും ചെയ്യുന്നു. കാലവർഷക്കാലത്തെ ശക്തമായ തിരകൾ ചാകരപ്രദേശത്തിൻ്റെ അടിത്തട്ടുമായി പ്രതിപ്രവർത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് തള്ളുകയും അവ ജലാശയത്തിൽ തങ്ങിനിൽക്കുകയും ചെയ്യുമ്പോൾ ‘ചാകര’ എന്ന പ്രതിഭാസം ഉണ്ടാകുന്നുവെന്നതാണ് പൊതുവായ ധാരണ. പാമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും വരുമാനം നേടിക്കൊടുക്കുന്ന ചാകരയ്ക്ക് അടുത്തകാലത്തായി വ്യതിയാനങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. മൺസൂൺ മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്ന ശാന്തമായ ജലം സൃഷ്ടിക്കുന്നഇത്തരം മേഖലകൾക്ക് മണൽ ഖനനം സൃഷ്ടിച്ചേക്കാവുന്ന ആഘാതം പഠനവിധേയമാകേണ്ടതാണ്. 

കാലാവസ്ഥാ വ്യതിയാനം 

ആഗോള കാർബൺ ചക്രത്തിൽ ആഴക്കടൽ/ തീരദേശ മണൽ ഖനനം സൃഷ്ട്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, അത് കാര്യമായേക്കാം. വലിയകാലഘട്ടത്തിൽ കടലിന്റെ അടിത്തട്ടിൽ സംഭരിച്ചിരിക്കുന്ന കാർബൺ ഖനനംവഴി പുറത്തുവരുമ്പോൾ അത് അന്തരീക്ഷത്തിലെത്തുകയും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുകയും ചെയ്യും. കൂടാതെ, പവിഴപ്പുറ്റുകളും ബെന്തിക് ആവാസവ്യവസ്ഥകളും നൽകുന്ന ആവാസവ്യവസ്ഥയുടെ സേവനങ്ങളുടെ നഷ്ടം കാലാവസ്ഥാ വ്യതിയാനത്തോടുള്ള കടൽജീവികളുടെ പ്രതിരോധശേഷിയെ കൂടുതൽ ദുർബലമാക്കുകയും തീരദേശ സമൂഹങ്ങളുടെ വൾനറബിലിറ്റി വർധിപ്പിക്കുകയും ചെയ്യും. 

സാമൂഹികവും സാമ്പത്തികവുമായ അനന്തരഫലങ്ങൾ 

ആവാസവ്യവസ്ഥയുടെ നാശംമൂലം മത്സ്യസമ്പത്ത് കുറയുന്നത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും വരുമാനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കും. കേരളത്തിൽത്തന്നെ ഏറ്റവും മെച്ചപ്പെട്ട മത്സ്യബന്ധനം നടക്കുന്ന, പ്രതിവർഷം ഏറ്റവുമധികം സമുദ്രമത്സ്യ വിഭവ ലാൻഡിങ് നടക്കുന്ന, കൊല്ലം തീരത്ത് ഇതിനുള്ള സാധ്യതകൾ ഏറെയാണ്. നിർദിഷ്ടമണൽ ഖനന ബ്ലോക്കുകൾ എല്ലാംതന്നെ 70 മീറ്റർ താഴ്‌ചക്കുള്ളിൽ വരുന്ന ഭാഗങ്ങളാണ്. നിലവിൽ മോട്ടോർ ബോട്ടുകൾ പ്രസ്തു‌ത മേഖലയിൽനിന്ന് മീൻ പിടിക്കുന്നുണ്ട്. സാങ്കേതികമായി ടെറിട്ടോറിയൽ ജലമേഖലയ്ക്ക് പുറത്താണെങ്കിലും മീൻപിടിത്തമേഖലയുമായി ചേർന്നുകിടക്കുന്ന ഭാഗമെന്ന നിലയിൽ മീൻപിടിത്തത്തിന് വലിയ വെല്ലുവിളിയാകും മണൽ ഖനനത്താൽ സൃഷ്ടിക്കപ്പെടുക. ഒപ്പം കൊല്ലം പരപ്പിലേക്ക് യന്ത്രവൽക്കതയാനങ്ങൾ പോകുന്ന മേഖലയിലാണ് നിർദിഷ്ട ഖനന ബ്ലോക്കുകൾ എല്ലാം സ്ഥിതി ചെയ്യുന്നത്. കൂടാതെ, നിർദിഷ്ടഖനന മേഖല തീരസമുദ്രത്തിലെ ജൈവസമ്പന്നമായ പാറപ്പാരുകൾക്കും ആഴക്കടലിലെ കൊല്ലം പരപ്പിനും മധ്യേ സ്ഥിതിചെയ്യുന്നതിനാൽ ഇതിന്റെ പ്രത്യാഘാതം ഇരുപ്രദേശങ്ങളിലും ഉണ്ടാകാനും മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണ മാർഗങ്ങളെ പ്രതികുലമായി ബാധിക്കാനും സാധ്യതയുണ്ട്. കേരള തീരത്ത് കൃത്രിമ പാരുകൾ സ്ഥാപിക്കുന്നതുപോലെയുള്ള കടൽ മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലും മണൽ ഖനനം മൂല മുണ്ടാകുന്ന പാരിസ്ഥിതിക നാശം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൂടുതൽ ദുരിതത്തിലാക്കാം. 

അത്യുൽപാദന ശേഷിയുള്ള കൊല്ലം പരപ്പിനുസമീപം മണൽ ഖനനം നടത്തിയാൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറയുകയും ചെയ്യും. കടലിന്റെ അടിത്തട്ടിലുള്ള ആവാസവ്യവസ്ഥയുടെ തകരാറുകൾ വീണ്ടെടുക്കാൻ വർഷങ്ങളെടുത്തേക്കാം, അടിത്തട്ടിൽ വസിക്കുന്ന ചെമ്മീനുകളെ ലക്ഷ്യമിടുന്ന ട്രോളർ പ്രവർത്തനങ്ങളെ ഇത് ബാധിക്കും. കൂടാതെ, കൊല്ലത്തെ പാറക്കെട്ടുകളുടെ നാശം മത്സ്യസമ്പത്ത് കൂടുതൽ കുറയ്ക്കും. ഇത് ആവാസവ്യവസ്ഥയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്ര തികൂലമായി ബാധിക്കും. 

അനിയന്ത്രിതമായ മണൽ ഖനനം തീരത്തിന്റെ തകർച്ചയ്ക്കും ജനവാസമേഖലകളിൽ വെള്ളപ്പൊക്കത്തിനും കാരണമാകും. ഇത് പ്രാദേശിക സമൂഹങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യം ഉണ്ടാകാം. ഏഷ്യയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇന്തോനേഷ്യയിൽ, അമിതമായ മണലെടുപ്പ് പല തീരദേശഗ്രാമങ്ങളെയും പൂർണ്ണമായി നശിപ്പിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് മണൽ നീക്കംചെയ്യുന്നത് സ്വാഭാവിക അവശിഷ്ട ഗതാഗതത്തെ തടസ്സപ്പെടുത്തുന്നു. ഇത് തീരപ്രദേശങ്ങളുടെ ദീർഘകാല സ്ഥിരതയെ ബാധിക്കുന്നു. 

സുസ്ഥിര ആവാസവ്യവസ്ഥാ മാനേജ്‌മെന്റിൽ ദീർഘകാല പാരിസ്ഥിതികവും സാമ്പത്തികവുമായ മൂല്യം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിലവിൽ ഇന്ത്യയിൽ മണൽ വേർതിരിച്ചെടുക്കുന്നതിൽനിന്ന് ലഭിക്കുന്ന വരുമാനം പാരിസ്ഥിതിക ചെലവിനേക്കാൾ കൂടുതലാകില്ല. 2023-24 കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതി 60,523.89 കോടി രൂപയാണ്. സ്വാഭാവികമായും മണൽ ഖനനം സൃഷ്ടിക്കാനിടയുള്ള പാരിസ്ഥിതിക നാശവും മത്സ്യബന്ധനത്തിലെ കുറവ് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും കടൽ മണൽ ഖനനത്തിന്റെ ഉയർന്ന ചെലവുംകൂടി കണക്കാക്കുമ്പോൾ ലാഭം ഖനനം ചെയ്യുന്ന കമ്പനിക്ക് മാത്രമായി പരിമിതപ്പെടാനാണ് സാധ്യത. 

അനുബന്ധം 

ആഴക്കടൽ ഭൂമിയുടെ ജൈവവൈവിധ്യത്തിന്റെ ഗണ്യമായ അനുപാതത്തിന്റെ ആവാസ കേന്ദ്രമാണ്. ഭൂരിഭാഗം ജീവിവർഗങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. ആഴക്കടലിലെ ജീവജാലങ്ങളുടെ സമൃദ്ധിയും വൈവിധ്യവും ഭൂമിയുടെ സ്വാഭാവിക സംവിധാനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ആവാസവ്യവസ്ഥയുടെ പ്രക്രിയകളെ പിന്തുണയ്ക്കുന്നു. ആഴക്കടൽ ജൈവമണ്ഡലത്തിൻ്റെ 90%-ത്തിലധികവും ഉൾക്കൊള്ളുന്നു. കാലാവസ്ഥാ നിയന്ത്രണം, മത്സ്യ ഉൽപാദനം, മൂലക സൈക്ലിങ് എന്നിവയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് പ്രാദേശിക സമൂഹങ്ങളുടെ സംസ്‌കാരത്തിൻ്റെയും ക്ഷേമത്തിന്റെയും അവിഭാജ്യ ഘടകമാണ്, കടൽത്തീരം മനുഷ്യരാശിയുടെ പൊതു പൈതൃകത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം, ബോട്ടം ട്രോളിങ്, മലിനീകരണം എന്നിവയുൾപ്പെടെ നിരവധി നരവംശ സമ്മർദങ്ങളിൽ നിന്ന് ആഴക്കടൽ ആവാസവ്യവസ്ഥ നിലവിൽ സമ്മർദത്തിലാണ്. ആഴക്കടൽ ഖനനം ഈ സമ്മർദങ്ങൾ വർധിപ്പിക്കും. അതിന്റെ ഫലമായി ജൈവവൈവിധ്യവും ആവാസവ്യവസ്ഥയുടെ പ്രവർത്തനവും നഷ്ടപ്പെടും. അത് മൾട്ടി-ജനറേഷൻ ടൈംസ് കെയിലുകളിൽ മാറ്റാനാവാത്തതാണ്. ആഴക്കടൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രത്യേക ആശങ്കകളിൽ ഇവ ഉൾപ്പെടുന്നു. 

  1. കടൽത്തീരത്തെ ആവാസവ്യവസ്ഥയുടെ ശോഷണം, നാശം അല്ലെങ്കിൽ ഉന്മൂലനം എന്നിവയുടെ ഫലമായി അതുല്യവും പാരി സ്ഥിതികമായി പ്രാധാന്യമുള്ളതുമായ ജീവജാലങ്ങളുടെയും ജനസംഖ്യയുടെയും നേരിട്ടുള്ള നഷ്ടം, അവ കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും മുമ്പുതന്നെ;
  2. യഥാർഥ ഖനന സ്ഥലങ്ങൾക്കപ്പുറമുള്ള കടൽത്തീരത്തേയും മിഡ് വാട്ടർ സ്‌പീഷീസുകളേയും പരിസ്ഥിതി വ്യവസ്ഥകളേയും ബാധിക്കുന്ന വലിയ, സ്ഥിരതയുള്ള അവശിഷ്ട പ്ലൂമുകളുടെ ഉൽപാദനം;
  3. മധ്യജലത്തെയും ബെന്തിക് ആവാസവ്യവസ്ഥയെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രക്രിയകളുടെ തടസ്സം;
  4. കടൽത്തീരത്തെ ഖനനം. കപ്പലുകളിൽനിന്നുള്ള മലിന ജലം പുറന്തള്ളൽ എന്നിവയിൽനിന്നുള്ള അവശിഷ്ടങ്ങൾ, ലോഹങ്ങൾ. വിഷവസ്‌തുക്കൾ എന്നിവ ജലനിരയിലേക്ക് പുനരുജ്ജീവിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്നത്. വാണിജ്യപരമായി പ്രാധാന്യമുള്ള ട്യൂണകൾ പോലുള്ള ഭക്ഷ്യ മത്സ്യങ്ങളെ മലിനമാക്കാനുള്ള സാധ്യത ഉൾപ്പെടെ സമുദ്രജീവികൾക്ക് ഹാനീകരമാണ്.
  5. സമുദ്രത്തിന്റെ അടിത്തട്ടിലെ വ്യാവസായിക യന്ത്രങ്ങളുടെ പ്രവർത്തനത്തിൽ നിന്നും സമുദ്രോപരിതലത്തിലേക്ക് പൈപ്പുകളിൽ അയിര് സ്ലറി കടത്തുന്നതിലൂടെയും ഉണ്ടാകുന്ന ശബ്ദമലിനീകരണം, സമുദ്ര സസ്തനികൾക്കും മറ്റ് സമുദ്രജീവികൾക്കും ശാരീരികവും പെരുമാറ്റപരവുമായ സമ്മർദം ഉണ്ടാക്കാം;
  6. കാർബൺ വേർതിരിക്കൽ ചലനാത്മകതയിലും ആഴക്കടൽ കാർബൺ സംഭരണത്തിലും അനിശ്ചിതത്വമുള്ള ആഘാതം.

മുകളിൽ വിവരിച്ച കാരണങ്ങളാൽ, സമുദ്ര പരിസ്ഥിതിക്ക് കാര്യമായ കേടുപാടുകൾ കൂടാതെ, ആഴക്കടൽ ഖനനത്തിന് അംഗീകാരം നൽകാനാകുമോ, അങ്ങനെയെങ്കിൽ ഏതു സാഹചര്യത്തിലാണ്? വേണ്ടത്ര ശക്തമായ ശാസ്ശ്രീയ വിവരങ്ങൾ ലഭിക്കുന്നതുവരെ ധാധു വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിലേക്കുള്ള മാറ്റം താൽക്കാലികമായി നിർത്തണമെന്ന് ഞങ്ങൾ ശക്തമായി ശിപാർശ ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനത്തിനായുള്ള സമുദ്ര സയൻസ് ദശകം (2021-2030) ആഴക്കടൽ ഖനനം ബാധിച്ചേക്കാവുന്ന ജീവജാലങ്ങളെയും ആവാസവ്യവസ്ഥയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് അനുയോജ്യമായ ഒരു കാലഘട്ടം പ്രദാനം ചെയ്യുന്നു. ശാസ്ത്രജ്ഞർ എന്ന നിലയിൽ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കുന്നത് ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു. പ്രത്യേകിച്ചും വലിയ തോതിലുള്ള വ്യാവസായിക വിഭവചൂഷണത്തിലേക്ക് സമുദ്രത്തിന്റെ ഒരു പുതിയ അതിർത്തി തുറക്കാനുള്ള ആഗോള തീരുമാനത്തിന്റെ അനന്തരഫലമായി നമ്മുടെ ഗ്രഹത്തിനും മനുഷ്യർക്കും സമുദ്രത്തിന്റെ മഹത്തായ പ്രാധാന്യവും ജൈവവൈവിധ്യം, ആവാസവ്യവസ്ഥകൾ, ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ എന്നിവയുടെ വലിയ തോതിലുള്ള ശാശ്വതമായ നഷ്ടത്തിന്റെ അപകടസാധ്യത മുൻകരുതൽ തത്വത്തിന് അനുസൃതമായി ആഴക്കടലിൽ ഖനനം ആരംഭിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും താൽക്കാലികമായി നിർത്തി, ഗവേഷണത്തിന്റെ ത്വരിതപ്പെടുത്തൽ ആവശ്യമാണ്. 

ആഴക്കടൽ സ്‌പീഷിസുകളുടെയും ആവാസവ്യവസ്ഥകളുടെയും ജീവശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, കണക്ടിവിറ്റി, അവ നൽകുന്ന ആവാസവ്യവസ്ഥയുടെ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കർശനമായ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ല. ഈ വിവരങ്ങളില്ലാതെ, ആഴക്കടൽ ഖനനം, ആഴക്കടലിലെ ജൈവവൈവിധ്യം, ആവാസവ്യവസ്ഥകൾ, പ്രവർത്തനം, മനുഷ്യക്ഷേമം എന്നിവയിലേക്കുള്ള അപകടസാധ്യതകൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. അതേസമയം, വർധിച്ചുവരുന്ന ശാസ്ത്രീയ റിപ്പോർട്ടുകൾ (IPBES, IPCC മുതലായവ) സൂചിപ്പിക്കുന്നത് ഭൂമിയുടെ ജൈവവൈവിധ്യം വംശനാശത്തിന്റെ ഭീഷണിയിലാണ് എന്നാണ്. 


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മറ്റുള്ള ജീവികൾ ഈ ലോകത്തെ എങ്ങനെയായിരിക്കാം അറിയുന്നുണ്ടാകുക ?
Next post വരുന്നൂ…സ്വാൻ ധൂമകേതു –  C/2025 F2 
Close