കോവിഡിനെതിരെ ഇരട്ട മാസ്ക് : എന്ത് ? എപ്പോൾ ?എങ്ങനെ ?


സമത മാത്യു
ഗവേഷക, സി‌എസ്‌ഐ‌ആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി

കേരളത്തിൽ കൂടി വരുന്ന വൈറസ് വകഭേദങ്ങളെക്കുറിച്ചും അതിനു പരിഹാരമായി വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന ഇരട്ട മാസ്‌ക്കിനെക്കുറിച്ചും വായിക്കാം..

മാർച്ച് 2021 മുതൽ ഇന്ത്യയിൽ SARS-CoV-2 ന്റെ പുതിയ വകഭേദങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇവയിൽ യുകെ(UK) വേരിയന്റ് എന്നറിയപ്പെടുന്ന ബി.1.1.7 , ഇന്ത്യൻ വേരിയന്റുകളായ ബി.1.617, ബി.1.618 എന്നിവയും ഉണ്ട്. യുകെ വേരിയന്റ് അഥവാ ബി.1.1.7 എന്ന വൈറസ് വകഭേദം വളരെ വേഗത്തിൽ പടരുന്നതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് 1. യുകെയ്ക്ക് പുറമെ യുഎസ്എയിലും മറ്റു രാജ്യങ്ങളിലും ഈ വേരിയന്റ് വളരെ പെട്ടെന്നു തന്നെ എണ്ണത്തിൽ പെരുകുന്നുണ്ട് 2. ഇന്ത്യയിൽ ബി.1.1.7യുടെയും മറ്റു വേരിയന്റ്സിന്റെയും സാന്നിധ്യം ഇന്ത്യയുടെ രണ്ടാം കോവിഡ് തരംഗത്തെ ബാധിക്കുന്നുണ്ട് എന്നാണ് വിദഗ്ദ്ധ അഭിപ്രായം. യുഎസ്എയുടെ Centers for Disease Control and Prevention(CDC) എല്ലാ വൈറസ് വകഭേദങ്ങൾക്കുമെതിരായി ഇരട്ട മാസ്കുകൾ ഉപയോഗിക്കുവാൻ ശുപാർശ ചെയ്യുന്നു. സാർസ് കോവ്-2ന്റെ വർധിച്ചു വരുന്ന സംക്രമണം തടയാൻ ചെയ്യേണ്ട ആദ്യത്തെ പ്രവർത്തനം എല്ലാവരും ഇരട്ട മാസ്ക് ധരിക്കുന്ന എന്നതാണ്.

കേരളത്തിലെ വൈറസ് വകഭേദങ്ങൾ

കേരളത്തിൽ ഏതൊക്കെ വൈറസ് വകഭേദങ്ങളാണ് നിലവിൽ ഉള്ളതെന്ന് അറിയുവാൻ കേരള സർക്കാർ ഡൽഹിയിലെ സി എസ് ഐ ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (CSIR-IGIB) യുമായി ഒരുമിച്ചു പ്രവർത്തിച്ചു വരികയാണ്. ഇതുവരെ കേരളത്തിൽ നിന്നുമുള്ള  മൂവായിരത്തിലധികം സാർസ് കോവ് 2 സാംപിളുകളുടെ ജനിതക ശ്രേണി നിർണയം (Genome Sequencing) നടന്നു കഴിഞ്ഞിരിക്കുന്നു. ഈ പഠനങ്ങളിൽ നിന്ന് ഇതുവരെ പ്രധാനമായും മൂന്ന് വൈറസ് വകഭേദങ്ങളെയാണ് കണ്ടെത്തിരിക്കുന്നത്. B.1.1.7 (UK വേരിയന്റ്) , B.1.315 (സൗത്ത് ആഫ്രിയ്ക്കൻ വേരിയന്റ്), B.1.617 (ഇന്ത്യൻ വേരിയന്റ്) എന്നിവയായാണ് അവ. B.1.1.7 വേരിയന്റ് ഏകദേശം മുപ്പത് ശതമാനം സാംപിളുകളിൽ കണ്ടെത്തിയപ്പോൾ B.1.315 വേരിയന്റ് ഏതാണ്ട് നാല് ശതമാനവും B.1.617 വേരിയന്റ് ഏതാണ്ട് ഏഴ് ശതമാനവും ആണ് കണ്ടെത്താനായത്. B.1.1.7, B.1.315 എന്നീ രണ്ടു വേരിയന്റുകളെ വേരിയന്റ്സ് ഓഫ് കൺസെൻ എന്നാണ് വിളിക്കുന്നത്, കാരണം ഈ രണ്ടു വൈറസ് വകഭേദങ്ങളും രോഗം വേഗത്തിൽ പടരാൻ ഇടയാക്കുന്നതും പ്രതിരോധശേഷി കുറയ്ക്കുന്നവയും ആണ്. ഇന്ത്യൻ വേരിയന്റായ B.1.617 വേരിയന്റ് ഓഫ് ഇന്ററസ്റ്റ് എന്ന് അറിയപ്പെടുന്നു. മാർച്ചിലാണ്‌ B.1.617 വേരിയന്റ് മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തിയത്. അതിനു ശേഷം ഈ വേരിയന്റ് ഇപ്പോൾ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലും കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. കൂടാതെ മറ്റു രാജ്യങ്ങളിലേക്കും ഈ വേരിയന്റ് പടർന്നു കഴിഞ്ഞു. ഇന്ത്യയുടെ രണ്ടാം തരംഗത്തിന്റെ കുതിപ്പിന്റെ ഒരു കാരണം ഈ പുതിയ വേരിയന്റ് ആണെന്ന് പല വിദഗ്ദ്ധരും കരുതുന്നു. ഈ മൂന്ന് വേരിയന്റുകൾക്ക് പുറമെ പ്രതിരോധശേഷിയിൽ നിന്ന് രക്ഷപെടാൻ കഴിവുള്ള മറ്റു വേരിയന്റുകളും മാർച്ചിൽ കേരളത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ കാണാൻ കഴിയുന്നുണ്ട് 3.

മാസ്കിന്റെ പ്രാധാന്യം

കഴിഞ്ഞ ഒരു വർഷക്കാലത്തെ അനുഭവത്തിൽ നിന്ന് മാസ്‌ക്കുകൾ കോവിഡിനെതിരെ ഒരു ശക്തിയുള്ള പരിചയാണെന്ന് തന്നെ തെളിയിക്കപെട്ടിരിക്കുന്നു 4. സാർസ് കോവ് 2ന്റെ പടർച്ച രോഗികളിൽ നിന്നും ഉത്ഭവിക്കുന്ന തുമ്മലിന്റെയോ തുപ്പലിന്റെയോ നീർകണങ്ങളിലുടെയല്ലാതെ വായുവിലെ സൂഷ്മകണങ്ങളിലൂടെയും സംഭവിക്കും എന്ന് ഒരു വർഷത്തെ അനുഭവം കൊണ്ട് ശാസ്ത്രജ്ഞർ നിഗമനത്തിലെത്തിരിയിക്കുന്നു 5. അതിനാൽ മാസ്ക് ധരിക്കുന്നത് വളരെയേറെ പ്രാധാന്യമർഹിക്കുന്നു. എന്നാൽ മാസ്ക് എങ്ങനെ ധരിക്കുന്നു എന്നതും വളരെ പ്രധാനമാണ്. മൂക്കും വായും നല്ലതുപോലെ മറയ്ക്കുന്ന  രീതിയിലായിരിക്കണം മാസ്ക് ധാരണം.

ശരിയായി ധരിച്ച N-95 മാസ്ക് 95 ശതമാനം സംരക്ഷണം നൽകുമ്പോൾ സർജിക്കൽ മാസ്ക് 56 ശതമാനവും തുണി മാസ്ക് 51 ശതമാനവും സംരക്ഷണം ആണ് നൽകുന്നത് 6.

തിരക്കേറിയ സ്ഥലങ്ങളിൽ ഈ വൈറസ് വളരെ എളുപ്പത്തിൽ പടരും എന്നത് മുൻനിർത്തി മാസ്ക് ധാരണം എല്ലാവരും കൃത്യതയോടെ പാലിക്കേണ്ടതാണ്. മാർക്കറ്റ് പോലുള്ള തിരക്കുള്ള സ്ഥലത്തും തിരക്ക് കൂടിയ അടഞ്ഞ വായുസഞ്ചാരമില്ലാത്ത മുറികൾക്കുള്ളിലും  നിർബന്ധമായും ഇരട്ട മാസ്ക് ധരിക്കുക. കഴിയുമെങ്കിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക. വാക്‌സിനേഷൻ സെന്ററുകളിലും ആശുപത്രികളിലും പോകുമ്പോൾ  ഇരട്ട മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. വാക്‌സിനേഷന് ശേഷവും വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോകുമ്പോൾ ഇരട്ട മാസ്കുകൾ ധരിക്കുകയും അകലം പാലിക്കുകയും വേണം.

ഇരട്ട മാസ്ക് എങ്ങനെ ?

സർജിക്കൽ മാസ്കുകളും തുണി മാസ്കുകളും നമ്മളെല്ലാരും ഉപയോഗിച്ച് വരുന്നതാണല്ലോ. ഇവ ധരിക്കുന്നതിലൂടെ കിട്ടുന്ന സംരക്ഷണം മെച്ചപ്പെടുത്തുവാൻ വേണ്ടിയാണ് വിദഗ്ദ്ധർ ഇപ്പോൾ ഇരട്ട മാസ്ക് ശുപാർശ ചെയുന്നത്. സാധാരണയായി ഉപയോഗിക്കുന്ന സർജിക്കൽ മാസ്ക് അയഞ്ഞതായതിനാൽ  വശങ്ങളിലൂടെ വൈറസ് ഉൾക്കൊള്ളുന്ന സൂക്ഷ്മകണകൾ അകത്തേയ്ക്ക് പ്രവേശിക്കുകയും മാസ്കിന്റെ സംരക്ഷണം കുറയ്ക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി സർജിക്കൽ മാസ്കിന്റെ വള്ളികൾ വെവ്വേറെ കെട്ടി പുറത്തേയ്ക്ക് തള്ളി വരുന്ന തുണി അകത്തേയ്ക്ക് മടക്കി ഉപയോഗിക്കാവുന്നതാണ്. ഇരട്ട മാസ്കിനായി ഒരു സർജിക്കൽ മാസ്കിനു മുകളിൽ ഒരു ഇറുക്കമുള്ള തുണി മാസ്ക് കെട്ടുന്നതാണ് അനുയോജ്യം. ഇങ്ങനെ ധരിക്കുന്ന ഇരട്ട മാസ്കുകൾ 85 ശതമാനം വരെ സംരക്ഷണം നൽകും6. എൻ-95 സാധാരണയായി മുഖത്തോടു നല്ലതുപോലെ യോജിക്കുന്നതിനാൽ കൂടെ ഒരു മാസ്ക് ധരിക്കേണ്ട ആവശ്യം ഇല്ല. രണ്ടു സർജിക്കൽ മാസ്‌കോ രണ്ടു തുണി മാസ്‌കോ ഒരുമിച്ച് ധരിക്കുന്നതു ഉത്തമമല്ല.

ഒരു മടക്കി കെട്ടിയ സർജിക്കൽ മാസ്കും അതിനു പുറമെ വശങ്ങളിൽ വിടവ് വരാതെ കെട്ടിയ ഒരു തുണി മാസ്ക്കും ആണ് ഇരട്ട മാസ്കായി ഉപയോഗിക്കേണ്ടത്. ഇവ കെട്ടിയതിനു ശേഷം വശങ്ങളിൽ നിന്ന് വായു പുറത്തേയ്ക്ക് വരുന്നില്ല എന്നു ഉറപ്പു വരുത്തുക. കണ്ണട ധരിക്കുന്നവരിൽ മാസ്കിന്റെ വിടവ് കാരണം കണ്ണടയിൽ ബാഷ്പം അടിയുന്നത് മാസ്ക് ശരിക്കും കെട്ടിയിട്ടില്ല എന്ന് മനസിലാക്കാനുള്ള ഒരു രീതിയാണ്. മാസ്ക് നന്നായി കെട്ടിയെന്ന് ഉറപ്പാവുമ്പോൾ നല്ലതുപോലെ  ശ്വസിക്കാൻ കഴിയുമെന്നും കൂടെ ഉറപ്പു വരുത്തുക. ശേഷമേ വീട്ടിൽ നിന്നും തിരിക്കാവുള്ളു.

വരുന്ന ഏതാനം ആഴ്ചകൾ കേരളത്തിലെ രണ്ടാം തരംഗത്തിന്റെ ഗതിയും വ്യാപ്‍തിയും തീരുമാനിക്കുന്നതിൽ നിർണായകമായിരിക്കും. വർധിച്ചു വരുന്ന വൈറസ് വകഭേദങ്ങളെ ചെറുക്കുവാൻ ഇരട്ട മാസ്ക് ധരിക്കുകയും വാക്‌സിൻ ലഭ്യമാകുമ്പോൾ കുത്തിവെയ്പ്പ്  എടുക്കുകയും വേണം. ജീനോം സീക്വൻസ് സംരംഭങ്ങൾ കേരളത്തിലെ വൈറസിന്റെ പടർച്ച മനസിലാക്കുവാൻ  നടന്നു കൊണ്ടേയിരിക്കുന്നു. ഈസമയം ഓരോ പൗരനും തന്റെതായ രീതിയിൽ ഈ വൈറസിനെ പിടിച്ചു നിർത്തുവാൻ പ്രയത്നിക്കേണ്ടതാണ്.റഫറൻസുകൾ

  1. Davies NG, Abbott S, Barnard RC, Jarvis CI, Kucharski AJ, Munday JD, Pearson CAB, Russell TW, Tully DC, Washburne AD, Wenseleers T, Gimma A, Waites W, Wong KLM, van Zandvoort K, Silverman JD; CMMID COVID-19 Working Group; COVID-19 Genomics UK (COG-UK) Consortium, Diaz-Ordaz K, Keogh R, Eggo RM, Funk S, Jit M, Atkins KE, Edmunds WJ. Estimated transmissibility and impact of SARS-CoV-2 lineage B.1.1.7 in England. Science. 2021 Apr 9;372(6538):eabg3055. doi: 10.1126/science.abg3055. Epub 2021 Mar 3. PMID: 33658326.
  2. Galloway SE, Paul P, MacCannell DR, Johansson MA, Brooks JT, MacNeil A, Slayton RB, Tong S, Silk BJ, Armstrong GL, Biggerstaff M, Dugan VG. Emergence of SARS-CoV-2 B.1.1.7 Lineage – United States, December 29, 2020-January 12, 2021. MMWR Morb Mortal Wkly Rep. 2021 Jan 22;70(3):95-99. doi: 10.15585/mmwr.mm7003e2. PMID: 33476315; PMCID: PMC7821772.
  3. https://genescov2.genomes.in/data-resources
  4. Howard J, Huang A, Li Z, Tufekci Z, Zdimal V, van der Westhuizen HM, von Delft A, Price A, Fridman L, Tang LH, Tang V, Watson GL, Bax CE, Shaikh R, Questier F, Hernandez D, Chu LF, Ramirez CM, Rimoin AW. An evidence review of face masks against COVID-19. Proc Natl Acad Sci U S A. 2021 Jan 26;118(4):e2014564118. doi: 10.1073/pnas.2014564118. PMID: 33431650; PMCID: PMC7848583.
  5. Greenhalgh T, Jimenez JL, Prather KA, Tufekci Z, Fisman D, Schooley R. Ten scientific reasons in support of airborne transmission of SARS-CoV-2. Lancet. 2021 Apr 15:S0140-6736(21)00869-2. doi: 10.1016/S0140-6736(21)00869-2. Epub ahead of print. PMID: 33865497.
  6. Brooks JT, Beezhold DH, Noti JD, Coyle JP, Derk RC, Blachere FM, Lindsley WG. Maximizing Fit for Cloth and Medical Procedure Masks to Improve Performance and Reduce SARS-CoV-2 Transmission and Exposure, 2021. MMWR Morb Mortal Wkly Rep. 2021 Feb 19;70(7):254-257. doi: 10.15585/mmwr.mm7007e1. PMID: 33600386; PMCID: PMC7891692.

Leave a Reply