Read Time:24 Minute

അന്താരാഷ്ട്ര നീതിന്യായ കോടതി (ലോക കോടതി) 2025 ജൂലൈ 23-ന് പുറപ്പെടുവിച്ച ഒരു സുപ്രധാന വിധി, കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള ലോകശ്രമങ്ങളിൽ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. ലോക കോടതിയുടെ വിധി പ്രകാരം  കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കെതിരെ, ചരിത്രപരമായ ഹരിതഗൃഹവാതക ഉദ്‌വമനം ഉൾപ്പെടെ, രാജ്യങ്ങൾക്ക് അന്യോന്യം കേസ് കൊടുക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. വിധിക്ക് നിർദ്ദേശകസ്വഭാവമേ ഉള്ളൂവെങ്കിലും  ഇത് വിശാലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.  

കാലാവസ്ഥാ മാറ്റത്തിന് ഇതിനകം ഇരയായിത്തീർന്ന പസഫിക് ദ്വീപ് രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘം യുവ നിയമവിദ്യാർത്ഥികളുടെ 2019-ൽ വിഭാവനം ചെയ്ത ആശയമാണ് ലോക കോടതിയിലെ അഭൂതപൂർവമായ ഈ കേസ്. കാലാവസ്ഥാ ദുർബലമായ രാജ്യങ്ങൾക്ക് ഈ തീരുമാനം ഒരു വലിയ വിജയമാണ്, പ്രത്യേകിച്ച്, കേസ് നയിച്ച വനുവാട്ടു എന്ന പസഫിക് ദ്വീപ് രാജ്യത്തിന്.  ആഗോള ശരാശരി സമുദ്രനിരപ്പ് 1880 മുതൽ ഏകദേശം 2124 സെന്റീമീറ്റർ ഉയർന്നതായാണ് കണക്കുകൾ. ഹിമാനികളിൽ നിന്നും ഹിമപാളികളിൽ നിന്നുമുള്ള ഉരുകുന്ന വെള്ളവും, ചൂടാകുമ്പോൾ സമുദ്രജലത്തിന്റെ താപ വികാസവുമാണ് ജലനിരപ്പ് ഉയരാൻ കാരണം. 1993 മുതൽ 2023 വരെയുള്ള ദശകത്തിൽ മാത്രം, ആഗോള ശരാശരി സമുദ്രനിരപ്പ് ശരാശരി 10.1 സെന്റീമീറ്റർ വർദ്ധിച്ചു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് കാരണം ലോകത്ത് വ്യാവസായികവിപ്ലവത്തിന് മുമ്പുള്ള കാലം മുതൽ 1.3 ഡിഗ്രി സെൽഷ്യസ് ചൂട് ഉയർന്നിട്ടുണ്ട് എന്നതും ഓർക്കുക. 

രാജ്യങ്ങൾ ഹരിതഗൃഹ വാതക (GHG) ഉൽസർജനത്തിൽ  നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും പാരിസ് ഉടമ്പടി പ്രകാരമുള്ള അവരുടെ ബാധ്യതകൾ നിറവേറ്റുന്നതിന് ഉചിതമായ ജാഗ്രതയോടും സഹകരണത്തോടും കൂടി പ്രവർത്തിക്കണമെന്നും ലോക നീതിന്യായ കോടതി വിധിച്ചു. പാരീസ് ഉടമ്പടി പ്രകാരം ആഗോളതാപനം വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാൾ 1.5°C ആയി പരിമിതപ്പെടുത്താനുള്ള ബാധ്യതയും ഇതിൽ ഉൾപ്പെടുന്നു. രാജ്യങ്ങൾ ഈ ബാധ്യതകൾ ലംഘിക്കുകയാണെങ്കിൽ, അവർ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും തെറ്റായ പെരുമാറ്റം അവസാനിപ്പിക്കണമെന്നും, ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് പൂർണ്ണ നഷ്ടപരിഹാരം നൽകണമെന്നും കൂടി കോടതി പറഞ്ഞു. 

പാരിസ് ഉടമ്പടിയുടെ മർമ്മമാണ് ഓരോ രാജ്യവും അംഗീകരിച്ച് മുമ്പോട്ടുവെക്കുന്ന  ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’ (Nationally Determined Contributions, NDCs), ‘ദീർഘകാല ഹരിതഗൃഹവാതക ലഘൂകരണ തന്ത്രങ്ങൾ’ Long-Term Low Emission Development Strategies, LT-LEDS) എന്നിവ. ഇവ എങ്ങിനെ നടപ്പിലാക്കുന്നു എന്ന് നോക്കിയാണ് പുരോഗതി വിലയിരുത്തുന്നത്.  പാരിസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 2.2 ൽ പറയുന്ന  ‘ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ, എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് ശേഷികളും’ (Common but Differentiated Responsibilities and Respective Capabilities in the light of different National Circumstances, CBDR-RCNC) എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് NDC-കൾ തയ്യാറാക്കേണ്ടതെന്ന് വ്യവസ്ഥയുണ്ട്. ഒപ്പുവച്ച എല്ലാ രാജ്യങ്ങൾക്കും ആഗോള പാരിസ്ഥിതിക തകർച്ച പരിഹരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്, എന്നാൽ ഉത്തരവാദിത്തങ്ങൾ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക, സാമൂഹിക, ദേശീയ സാഹചര്യങ്ങൾക്കും സാങ്കേതിക കഴിവുകൾക്കും അനുസൃതമായിരിക്കണം എന്നാണ് ഈ തത്ത്വം പറയുന്നത്. ഹ്രസ്വകാല ദൈർഘ്യമുള്ള NDC-കളിൽ നിന്ന് (സാധാരണയായി 5 വർഷം, അതിനുശേഷം പുതുക്കണം) വ്യത്യസ്തമായി, LT-LEDS പലപ്പോഴും 50 വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ കാലത്തേക്കുള്ള ലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യേണ്ടത്. ഉദാഹരണത്തിന്, ഏത് വർഷം നെറ്റ് സീറോയിലെത്തുമെന്ന കാര്യവും അതിനുള്ള പദ്ധതികളും ഇതിലുണ്ടാകണം. ഇവയൊക്കെ എഴുതി വെച്ചതുപോലെ പോകുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല, അതാണ് ലോകകോടതി പരിഗണിച്ചത്.  

ലോകകൊടതിയുടെ ആസ്ഥാനമായ ഹേഗില്‍ കാലാവസ്ഥ ആക്ടിവിസ്റ്റുകള്‍ നടത്തിയ പ്രകടനം കടപ്പാട് © ICJ-CIJ/Frank van Beek

ചരിത്രപരമായി ഏറ്റവും കൂടുതൽ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ച് ആഗോളതാപനത്തിന് കൂടുതൽ ഉത്തരവാദികളായ രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ ഈ സുപ്രധാന തീരുമാനം വഴിയൊരുക്കുമെന്ന് കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പ്രചാരകരും കാലാവസ്ഥാ അഭിഭാഷകരും പ്രതീക്ഷിക്കുന്നു. 1850 മുതൽ 2019 വരെയുള്ള സഞ്ചിത കാർബൺ പുറന്തള്ളലിൽ,  ഏറ്റവുമധികം ഉത്തരവാദിത്തം യു.എസ്.എ. ക്ക് തന്നെയാണ്; ലോക ജനസംഖ്യയിൽ വെറും 4 ശതമാനം മാത്രമുള്ള അവർ 25 ശതമാനം ആഗോള താപനത്തിന് ഉത്തരവാദിയാണ്!  രണ്ടാം സ്ഥാനത്ത് 17 ശതമാനവുമായി 27-രാഷ്ട്ര കൂട്ടായ്മയായ  യൂറോപ്യൻ യൂണിയനാണ്.  ചൈന 13 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്, നാലാം സ്ഥാനത്ത് റഷ്യ,  7 ശതമാനം. അതേസമയം, 18 ശതമാനം ലോക ജനസംഖ്യയുള്ള ഇന്ത്യയുടെ ഉത്തരവാദിത്തം വെറും 3 ശതമാനം മാത്രമാണ്. തീരെ അവികസിതമായ, പസിഫിക് ദ്വീപ് രാജ്യങ്ങൾ ഉൾപ്പെടയുള്ളവർ (LDCs) എല്ലാം കൂടി 0.5 ശതമാനം മാത്രം!

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ,  നിലവിലുള്ള വാഗ്ദാനങ്ങൾ പാലിക്കുന്നതിനോ വികസിത രാജ്യങ്ങൾ താത്പര്യം കാണിക്കാത്ത സാഹചര്യത്തിൽ പല ദരിദ്ര രാജ്യങ്ങളും നിരാശയോടെ ഈ കേസിനെ പിന്തുണക്കുകയായിരുന്നു. 

ബ്രിട്ടൻ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ, പക്ഷേ, 2015 ലെ പാരീസ് കരാർ ഉൾപ്പെടെ നിലവിലുള്ള കാലാവസ്ഥാ കരാറുകൾ പര്യാപ്തമാണെന്നും കൂടുതൽ നിയമപരമായ ബാധ്യതകൾ ചുമത്തരുതെന്നും വാദിച്ചു. കോടതി ആ വാദം അംഗീകരിച്ചില്ല. കാലാവസ്ഥാ മാറ്റത്തെ നേരിടാൻ രാജ്യങ്ങൾ ഏറ്റവും അഭിലഷണീയമായ പദ്ധതികൾ വികസിപ്പിച്ചെടുക്കുന്നില്ലെങ്കിൽ, അത് പാരീസ് കരാറിലെ അവരുടെ വാഗ്ദാനങ്ങളുടെ ലംഘനമാകുമെന്ന് പറഞ്ഞു. പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടില്ലാത്ത രാജ്യങ്ങൾക്കും, അല്ലെങ്കിൽ യു.എസ്. നെപ്പോലെ വിട്ടുപോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്കും, വിശാലമായ അന്താരാഷ്ട്ര നിയമം ബാധകമാണെന്നും, അതായത് കാലാവസ്ഥാ വ്യവസ്ഥ ഉൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷിക്കാൻ ഇപ്പോഴും ബാധ്യതയുണ്ടെന്നും കോടതി അസന്നിഗ്ദ്ധമായി  കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നീതിന്യായ കോടതി അവരുടെ തീരുമാനത്തെ ന്യായീകരിക്കാൻ പാരിസ്ഥിതിക, മനുഷ്യാവകാശ ഉടമ്പടികളോടുള്ള അംഗരാജ്യങ്ങളുടെ പ്രതിബദ്ധത ഉപയോഗിച്ചു. ഓസോൺ പാളിയുടെ ശോഷണവുമായി ബന്ധപ്പെട്ട ഉടമ്പടികൾ, ജൈവവൈവിധ്യ കൺവെൻഷൻ, ക്യോട്ടോ പ്രോട്ടോക്കോൾ, പാരീസ് കരാർ, റംസാർ ഉടമ്പടി, മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം (Universal Declaration of Human Rights) ഉൾപ്പെടെ നിരവധി മനുഷ്യാവകാശ ഉടമ്പടികളിൽ കക്ഷികളായതിനാൽ, കാലാവസ്ഥാ മാറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ട് അത്തരം അവകാശങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. അതായത്, ഈ ഉടമ്പടികൾ അവരെ ലോകമെമ്പാടുമുള്ള ജനങ്ങൾക്കും  ഭാവി തലമുറകൾക്കും വേണ്ടി പരിസ്ഥിതി സംരക്ഷിക്കാൻ ബാധ്യസ്ഥരാക്കുന്നു.

തകർന്ന കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ നാശം എന്നിവ പോലുള്ള കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾക്ക് നഷ്ടപരിഹാരം തേടാൻ വികസ്വര രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, ഒരു രാജ്യത്തിന്റെ ഒരു ഭാഗം പുനഃസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, കാലാവസ്ഥാ മാറ്റം അതിന് കാരണമായി എന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ.  ആ രാജ്യത്തിന്റെ സർക്കാറിന് നഷ്ടപരിഹാരം തേടാവുന്നതാണ്. ഇത് ഒരു പ്രത്യേക കാലാവസ്ഥാ സംഭവമായിരിക്കാം, എന്നാൽ ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ ഇത് നിർണ്ണയിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ലോകകോടതിയിൽ തെളിവ് നൽകി.

കേസിന്റെ പശ്ചാത്തലം

വനുവാട്ടു എന്ന പസഫിക് ദ്വീപ് രാജ്യം 2021 സെപ്റ്റംബറിൽ, കാലാവസ്ഥാ മാറ്റത്തെ കുറിച്ച് ലോക കോടതിയിൽ നിന്ന് ഉപദേശക അഭിപ്രായം തേടുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നു.   ആഗോളതാപനത്തിനെതിരെ പോരാടുന്ന പസഫിക് ദ്വീപ് വിദ്യാർത്ഥികൾ എന്ന യുവജന സംഘടനയാണ് ഈ സംരംഭത്തിന് പ്രചോദനമായത്. ചെറിയ ദ്വീപ് രാജ്യങ്ങളിൽ കാലാവസ്ഥാ മാറ്റത്തെ നേരിടാൻ അടിയന്തിര നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും ഇത് കാരണമായി. തുടർന്ന്,  2023 മാർച്ച് 29-ന്, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, രണ്ട് ചോദ്യങ്ങളിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്ന് ഉപദേശക അഭിപ്രായം അഭ്യർത്ഥിക്കുന്ന ഒരു പ്രമേയം അംഗീകരിച്ചു:

  1. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമപ്രകാരം രാജ്യങ്ങളുടെ ബാധ്യതകൾ എന്തൊക്കെയാണ്?
  2. പരിസ്ഥിതിക്ക് ദോഷം വരുത്തുമ്പോൾ ഈ ബാധ്യതകൾക്ക് കീഴിലുള്ള സംസ്ഥാനങ്ങൾക്കുള്ള നിയമപരമായ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? 

ലോക കോടതി മേൽപ്പറഞ്ഞ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ 15 ജഡ്ജിമാരുടെ ഒരു പാനലിനെ ചുമതലപ്പെടുത്തി. വനുവാട്ടു തന്നെയാണ് ആണ് കേസ് നയിച്ചത്, 130-ലധികം രാജ്യങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹ വാതക ഉൽസർജനം നടത്തുന്ന യു. എസ്.,  ചൈന എന്നിവയുൾപ്പെടെ എല്ലാ യു.എൻ. അംഗരാജ്യങ്ങളും കേസിൽ കക്ഷികളായിരുന്നു.  ലോക കോടതി ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കേസായിരുന്നു ഇത്, രേഖാമൂലമുള്ള പ്രസ്താവനകളുടെ എണ്ണവും (91) വാക്കാലുള്ള നടപടിക്രമങ്ങളിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണവും (97) ഇതിൽ നിന്ന് വ്യക്തമാണ്. 

ലോക കോടതി

ഐക്യരാഷ്ട്രസഭാ സംവിധാനത്തിന്റെ ഭാഗമായ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ( The International Court of Justic, ICJ) ലോകത്തിലെ പരമോന്നത കോടതിയായി കണക്കാക്കുന്നു, ഇതിന് ആഗോള അധികാരപരിധിയുണ്ട്. അനൗപചാരികമായി ‘ലോക കോടതി’ എന്നറിയപ്പെടുന്ന ഈ സംവിധാനം യു.എൻ. അംഗരാജ്യങ്ങൾ തമ്മിലുള്ള നിയമപരമായ തർക്കങ്ങൾ പരിഹരിക്കുകയും യു.എൻ. സ്ഥാപനങ്ങളും ഏജൻസികളും പരാമർശിച്ച നിയമപരമായ ചോദ്യങ്ങളിൽ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു. ജനറൽ അസംബ്ലി, സെക്യൂരിറ്റി കൗൺസിൽ, ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (ECOSOC), ട്രസ്റ്റിഷിപ്പ് കൗൺസിൽ, സെക്രട്ടേറിയറ്റ് എന്നിവയ്‌ക്കൊപ്പം യു.എൻ. ന്റെ ആറ് പ്രധാന ഭാഗങ്ങളിൽ ഒന്നാണിത്,  ന്യൂയോർക്കിൽ ആസ്ഥാനമല്ലാത്ത ഒരേയൊരു സ്ഥാപനവും. നെതർലാൻഡ്‌സിലെ ഹേഗിലാണ് ‘ലോക കോടതി’യുടെ  ആസ്ഥാനം. 

പക്ഷേ, ലോക കോടതിയുടെ ഉപദേശ രൂപത്തിലുള്ള വിധി  മാനിക്കപ്പെടുമോ എന്ന വലിയ ചോദ്യം അവശേഷിക്കുന്നു. ലോക കോടതിക്ക് വിധി നടപ്പിലാക്കുവാൻ ഒരു പോലീസ് സേനയില്ല.  പക്ഷേ, ഇത്തരം  വിധികൾ മുമ്പുള്ള സർക്കാരുകൾ അംഗീകരിച്ചു നടപ്പിലാക്കിയിട്ടുണ്ട്; കഴിഞ്ഞ വർഷം ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് തിരികെ നൽകാൻ ബ്രിട്ടൻ സമ്മതിച്ചത് ഉൾപ്പെടെ.

ലോകകൊടതിയുടെ ആസ്ഥാനമായ ഹേഗില്‍ കാലാവസ്ഥ ആക്ടിവിസ്റ്റുകള്‍ നടത്തിയ പ്രകടനം

രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങൾ

ലോക കോടതിയുടെ അഭിപ്രായം ബന്ധനാത്മകമല്ല, പക്ഷേ അതിന് നിയമപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട്. ഭാവിയിലെ കാലാവസ്ഥാ കേസുകൾക്ക് ഇത് അവഗണിക്കാൻ കഴിയില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു.

ലോകപ്രശസ്ത ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു വിശകലനം പ്രകാരം, 2000 നും 2019 നും ഇടയിൽ കാലാവസ്ഥാ മാറ്റം മൂലം 2.8 ലക്ഷം കോടി ഡോളർ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 2024 ഡിസംബറിലെ തെളിവെടുപ്പിനിടെ, കാലാവസ്ഥാ മാറ്റം മൂലമുണ്ടായ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി കുടിയിറക്കപ്പെട്ട അനേകം പസഫിക് ദ്വീപുവാസികളിൽ നിന്ന് കോടതി വാദം കേട്ടു. കാലാവസ്ഥാ മറ്റവുമായി പൊരുത്തപ്പെടാൻ തങ്ങളുടെ ദ്വീപിന് 900 കോടി  ഡോളർ ചിലവാകുമെന്ന് മാർഷൽ ദ്വീപുകൾ എടുത്തുപറഞ്ഞു. ആഗോള താപനം അവർ സൃഷ്ടിച്ച പ്രശ്‌നമല്ല. പക്ഷേ അവരുടെ തലസ്ഥാനം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതരാകുന്നു, അവർ വാദിച്ചു.

അത് പോലെ തന്നെ, വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ കാലാവസ്ഥാ ആഘാത പ്രവർത്തങ്ങൾക്കും  അതതു സർക്കാരുകൾ ഉത്തരവാദികളാണെന്നും കോടതി വിധിച്ചു. ഫോസിൽ ഇന്ധന വ്യവസായത്തിന് സബ്‌സിഡി നൽകുന്നതോ പുതിയ എണ്ണ, വാതക ലൈസൻസുകൾ അംഗീകരിക്കുന്നതോ ഒരു രാജ്യത്തിന്റെ ബാധ്യതകളുടെ ലംഘനമാകും. അന്താരാഷ്ട്ര കോടതിയുടെ അഭിപ്രായം ഉദ്ധരിച്ച്, വികസ്വര രാജ്യങ്ങൾ കാലാവസ്ഥാ മാറ്റത്തിന് ചരിത്രപരമായി കാരണക്കാരായവർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുതിയ കേസുകൾ കൊണ്ടുവരാൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.  

അന്താരാഷ്ട്ര കോടതിയുടെ തീരുമാനം പ്രതീക്ഷിച്ചതിലും ശക്തമായിരുന്നെങ്കിലും, ചരിത്രപരമായി ഏറ്റവും കൂടുതൽ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ച് ഒന്നാമതും, നിലവിലെ ആകെ ഉൽസർജനത്തിന്റെ കാര്യത്തിൽ   ചൈനയ്ക്ക് പിന്നിൽ രണ്ടാമത്തെ സ്ഥാനവുമുള്ള യു. എസ്., പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ എല്ലാ കാലാവസ്ഥാ നിയന്ത്രണങ്ങളും റദ്ദാക്കാൻ നീങ്ങിയാൽ കുഴഞ്ഞത് തന്നെ. പക്ഷേ, കലിഫോർണിയയിലെ കാട്ടുതീ കൊണ്ടും ടെക്സാസിലെ വെള്ളപ്പൊക്കം കൊണ്ടും പഠിച്ചില്ലെങ്കിൽ കാലം അവർക്ക് മാപ്പ് നൽകില്ല. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയോടു പ്രതികരിച്ചു കൊണ്ട് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു, “എല്ലായ്പ്പോഴും എന്നപോലെ, പ്രസിഡന്റ് ട്രംപും ഭരണകൂടവും അമേരിക്കയെ ഒന്നാമതെത്തിക്കുന്നതിനും ദൈനംദിന അമേരിക്കക്കാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനും പ്രതിജ്ഞാബദ്ധരാണ്.” 

യു.എസ്.ലും മറ്റിടങ്ങളിലും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള സംശയം പടരുന്ന സാഹചര്യത്തിൽ, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കോടതി വിധിയുടെ  വായനയിൽ ജഡ്ജി ഇവാസാവ യൂജി പ്രശ്നത്തിന്റെ കാരണവും കൂട്ടായ പ്രതികരണത്തിന്റെ ആവശ്യകതയും വിശദീകരിച്ചു. ഹരിതഗൃഹ വാതക ഉൽസർജനം അസന്ദിഗ്ധമായും മനുഷ്യ പ്രവർത്തനങ്ങൾ മൂലമാണ് ഉണ്ടാകുന്നത്, അതിരുകൾ വെച്ച് കൊണ്ട് അവയെ പരിമിതപ്പെടുത്താനാകില്ല. ചരിത്രപരമായി, ഏറ്റവും കൂടുതൽ ഉൽസർജനത്തിന്  ഉത്തരവാദികൾ സമ്പന്ന വ്യാവസായിക രാജ്യങ്ങളാണെന്നും പ്രശ്നം പരിഹരിക്കുന്നതിൽ ഈ രാജ്യങ്ങൾ നേതൃത്വം നൽകണമെന്നും  ഇവാസാവ കൂട്ടിച്ചേർത്തു. എന്തായാലും ലോകത്തിന് വളരെ ആശ്വാസകരമായ ഒരു വിധിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.  

അവലംബം 

  1. Stallard, E.  and Rannard, G. 2025. Top UN court says countries can sue each other over climate change. BBC News Climate and Science, 23 July 2025 [on-line]: Available: >>>   
  2. UN [ United Nations Organization] 2025. World Court says countries are legally obligated to curb emissions, protect climate. Climate and Environment, 23 July 2025 [on-line]: Available: >>>

CLIMATE DIALOGUE

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വി.എസ് : തീരാനഷ്ടത്തിന്റെ ഓർമ്മയിൽ; അദ്ദേഹത്തിന്റെ പേരിൽ ഒരു കാട്ടുപൂവ്
Next post കണ്ടൽ വനങ്ങൾ; തീരദേശ പരിസ്ഥിതിയുടെ കാവൽക്കാർ
Close