Read Time:12 Minute

ഡോ.കെ.കെ.പുരുഷോത്തമന്‍

സന്നദ്ധസേനയിലെ അംഗങ്ങളോട്  എന്ന കുറിപ്പിന്റെ രണ്ടാം ഭാഗം. കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പിലും, സന്നദ്ധസേന പ്രവര്‍ത്തനത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സർക്കാരിന്റെ പുതിയ പദ്ധതിയായ കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ വന്നിരിക്കുന്നു. മാര്‍ച്ച് 28 ന് 1059 കമ്മ്യൂണിറ്റി കിച്ചനിലൂടെ 53000 ആളുകൾക്ക് ഭക്ഷണം നൽകാനായി. ഇന്നത്തോടെ എല്ലാ പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുവാനും ആവശ്യമുള്ള എല്ലാവർക്കും ഭക്ഷണം എത്തിക്കുവാനും ആണ് പദ്ധതിയിട്ടിരിക്കുന്നത് .

അത് ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ സന്നദ്ധ സേനയും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഓരോ നൂറു പേർക്കും അതായത് മുപ്പതോ നാല്പതോ കുടുംബങ്ങൾക്ക് ഒരു സന്നദ്ധ പ്രവർത്തക/ൻ എന്ന നിലയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഭക്ഷണം എത്തിക്കുന്നതിന് പുറമേ ജനങ്ങൾക്ക് വേണ്ട ഒരുപാട് സേവനങ്ങൾക്കുള്ള ഒരു കണ്ണി ആവാൻ ഒരു സന്നദ്ധസേവകന് ആവും.

ഇത്രയും ബൃഹത്തായ ഒരു കർമ്മ പദ്ധതിയിൽ കൊറോണ എന്ന രോഗം പടർന്നു പിടിക്കാതിരിക്കാൻ അകലം പാലിക്കുക, കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ ഓരോരുത്തരും നിര്‍ബന്ധമായും പാലിക്കണം

ഈ വലിയ പദ്ധതിയുടെ തുടക്കത്തിൽ പലയിടങ്ങളിലും ഈ പൊതുതത്വങ്ങൾ പാലിക്കാതെ പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്. ചെറിയ പഴുതുകൾ പോലും അടച്ചു കൊണ്ട് മുന്നോട്ടു പോകണം.

  • കമ്മ്യൂണിറ്റി കിച്ചന് അകത്ത്
  • കമ്മ്യൂണിറ്റി കിച്ചനില്‍ തയ്യാറാക്കി വെച്ച ആഹാരങ്ങൾ സന്നദ്ധ പ്രവർത്തകർ ഏറ്റുവാങ്ങുന്ന വിധം
  • ഏറ്റുവാങ്ങി ആവശ്യക്കാർക്ക് എത്തിക്കുന്ന രീതിയിൽ വരുന്ന പാളിച്ചകൾ.
കടപ്പാട്:  ©ദി ഹിന്ദു

കമ്യൂണിറ്റി കിച്ചൻ – ആസൂത്രണം.

  1. എത്ര ആളുകളുടെ ആഹാരമാണ് കമ്മ്യൂണിറ്റി കിച്ചൻ വഴിയായി കൊടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം. ഉദാഹരണത്തിന് ആയിരം ആളുകൾക്കാണ് ഒരു കമ്മ്യൂണിറ്റി കിച്ചൻ പ്രവര്‍ത്തിക്കുന്നതെങ്കിൽ 10 സന്നദ്ധ പ്രവർത്തകരാണ് ഇവിടെ വന്നു ആഹാരം സ്വീകരിച്ചു കൊണ്ടു പോകുന്നത് വിചാരിക്കുക.
  2. എത്ര നേരം ആഹാരം കൊടുക്കണം? രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്നുനേരവും വേണ്ടവർ ഉണ്ടാവാം. ചിലർക്ക് ഒരു നേരം മാത്രം മതിയാവും. ദിവസവും ഓരോ നേരത്തേക്കും എത്ര പേര്‍ക്ക് ഭക്ഷണം വേണം എന്നതിന് കൃത്യമായ കണക്ക് മുന്‍കൂട്ടി ഉണ്ടാക്കണം.
  3. ഓരോ സന്നദ്ധ പ്രവർത്തകരും അവരവര്‍ക്ക് ചുമതലയുള്ള വീട്ടുകാരെ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഈ കണക്ക് ഉണ്ടാക്കാവുന്നതാണ്. ഓരോ വാട്സ്ആപ്പ് ഗ്രൂപ്പിലും ഉള്ള അംഗങ്ങൾ ഓരോ ദിവസവും ഏതെല്ലാം നേരത്തേക്ക് ഭക്ഷണം വേണമെന്ന് ആവശ്യപ്പെടണം.
  4. ആ പത്ത് വാട്സ്ആപ്പ് ഗ്രൂപ്പിലും കമ്യൂണിറ്റി കിച്ചണിൽ ചുമതലയുള്ള ഒരു വ്യക്തി അംഗമായിരിക്കണം. ഓരോ നേരത്തേക്കും ആവശ്യമുള്ള ഭക്ഷണത്തിന്റെ എണ്ണം ക്രോഡീകരിച്ച് കണക്കാക്കുന്നതും ഇതിന്റെ ഏകോപനം നടത്തുന്നതും ആ വ്യക്തി ആയിരിക്കും.
  5. വാട്സ്ആപ്പ് ഗ്രൂപ്പിൽ അഡ്മിൻ ആയ സന്നദ്ധ പ്രവർത്തകര്‍ക്ക്  ഒരു തിരിച്ചറിയാനായി നമ്പർ കൊടുക്കണം.
  • കമ്മ്യുണിറ്റി കിച്ചണില്‍ ആഹാരം ഉണ്ടാക്കുന്ന ഓരോരുത്തരും കാലത്തു എത്തുമ്പോൾ തന്നെ അസുഖം ഇല്ല എന്നുറപ്പ് വരുത്തി വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.
  • കമ്മ്യുണിറ്റി കിച്ചന്റെ മേൽനോട്ടം നേരത്തെ പറഞ്ഞ വ്യക്തിക്ക് ആവണം. ഈ പ്രവർത്തകരല്ലാതെ ആ പ്രദേശത്തേക്ക് മറ്റാരും  വരേണ്ടതില്ല. സുരക്ഷാഅകലം പാലിച്ചുകൊണ്ടും മറ്റു സുരക്ഷ രീതികൾ പാലിച്ചു കൊണ്ടുമാവണം ആഹാരം പാകം ചെയ്യേണ്ടത്. അകലം പാലിക്കണം എന്നത് പ്രത്യേകം എടുത്തു പറയണം.
  • കമ്യൂണിറ്റി കിച്ചനിലേക്ക് സാധനങ്ങള്‍ ‍സംഭാവനചെയ്യുന്നവര്‍ ഉത്തരവാദപ്പെട്ട ആളുകള്‍ക്ക് കൊടുത്ത് എത്തിക്കുന്ന രീതിയാണ് നല്ലത്. അഥവാ കൊണ്ടുവരുന്നുണ്ടെങ്കില്‍ സെല്‍ഫി എടുക്കുന്നതും ഫോട്ടോ എടുക്കുന്നതും പ്രോത്സാഹിപ്പിക്കരുത്.
  • കമ്യൂണിറ്റി കിച്ചനിലുണ്ടാക്കുന്ന മെനു ആര്‍ക്കാണോ അത് കൊടുക്കുന്നത് അവരുടെ ഇഷ്ടത്തിനും അനുസരിച്ചായിരിക്കണം. അതിഥി തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലത്ത് അവരുടെ താത്പര്യങ്ങള്‍ക്കനുസസരിച്ച് തയ്യാറാക്കണം. ഒന്നുകില്‍ അവര്‍ക്ക് വേണ്ടി മാത്രം ഒരു കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കാനാകുമെങ്കില്‍ നല്ലത്. അവര്‍ക്ക് എണ്ണയില്ലാത്ത ചപ്പാത്തി, പരിപ്പ്, ഉപ്പ് അധികം ഇല്ലാതെ ശ്രദ്ധിക്കണം. ഓരോ ദിവസവും മെനുവില്‍ കുറച്ചൊക്കെ മാറ്റം കൊണ്ടുവരാനാകണം.
  • കുട്ടികളുള്ള വീടുകള്‍, പ്രായമുള്ള ആളുകളുടെ വീടുകള്‍ എന്നിവരുടെ കാര്യത്തിലും ശ്രദ്ധിക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും കൊടുക്കാനാകണം. എല്ലാത്തിലും ഉപ്പ് കുറച്ച് കൊടുക്കുന്നതാണ് നല്ലത്.

ആഹാരം തയ്യാറായ ശേഷം പാക്കിംഗ്

  • ആവശ്യപ്പെട്ട എണ്ണം പാക്കറ്റുകൾ തയ്യാറാക്കിയ ശേഷം ചുമതലക്കാരി/ന്‍ ഓരോ സന്നദ്ധ പ്രവർത്തകരേയും ഫോണിൽ ബന്ധപ്പെടും. ഭക്ഷണപ്പൊതികൾ റെഡിയായി എന്ന് അറിയിച്ചു കഴിഞ്ഞാല്‍ മാത്രമേ വളണ്ടിയര്‍ അവിടെ  എത്തേണ്ടതുള്ളൂ. എങ്കില്‍ ഭക്ഷണപ്പൊതികൾ സ്വീകരിക്കുന്ന സ്ഥലത്ത് തിരക്ക് ഒഴിവാക്കാൻ കഴിയും. അതുവരെ അവർക്ക് മറ്റു കാര്യങ്ങൾ ചെയ്യാം. അഥവാ കുറച്ചു നേരത്തെ വന്നാൽ പോലും നിര്‍ബന്ധമായും പരസ്പരം അകലം പാലിക്കണം
  • അല്ലെങ്കില്‍ കമ്മ്യുണിറ്റി കിച്ചന് മുൻപിൽ പ്രത്യേകം പ്രത്യേകം കൗണ്ടര്‍ ഉണ്ടാവണം. ഓരോ സന്നദ്ധ പ്രവർത്തകനും അവര്‍ത്ത് അനുവദിച്ച കൗണ്ടറിൽ നിന്ന്  ആയിരിക്കും ഭക്ഷണ പൊതികൾ ലഭിക്കുക എന്ന് മാർക്ക് ചെയ്തു വെക്കാം.

ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നത് എങ്ങനെ?

  • ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുന്നതിന് നടക്കാനുള്ള ദൂരമല്ലെങ്കില്‍ കഴിയുന്നതും ടൂ വീലര്‍ ഉപയോഗിക്കുക. അതും ഒരാള്‍ മാത്രമായിരിക്കണം കൊണ്ട് പോകുന്നത്.
  • ബൈക്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ പുറകിൽ ഭക്ഷണപ്പൊതികൾ വെക്കുന്നതിന് എന്തെങ്കിലും ഘടിപ്പിക്കുന്നത് നന്നായിരിക്കും. എങ്കില്‍ രണ്ടുപേർ ഒരുമിച്ചു പോവില്ല.
  • ചിലപ്പോൾ എല്ലാവർക്കും വേണ്ട ആഹാരവും ഒറ്റ യാത്രയ്ക്ക് കൊടുക്കാൻ പറ്റണമെന്നില്ല. ഒന്നിലധികം തവണ പോകേണ്ടി വന്നേക്കാം.
  • വീട്ടിൽ എത്തി അവിടെ അത് ഏൽപ്പിക്കുന്നതും അതുപോലെ തന്നെയാണ്. ഒരു വട്ടം കൊടുക്കുകയും തിരിച്ചു പോവുകയും ചെയ്യുന്ന രീതിയായിരിക്കും നല്ലതെന്ന് തോന്നുന്നു

മരുന്നുകള്‍ എത്തിച്ചു നല്‍കുമ്പോള്‍

സന്നദ്ധ പ്രവർത്തകർക്ക് ചെയ്യാവുന്ന പല സേവനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് മുടക്കം കൂടാതെ അത് എത്തിച്ചു കൊടുക്കാൻ ഉള്ള സംവിധാനം ഒരുക്കുക എന്നതാണ്.
  • അതുകൊണ്ടു തന്നെ നൂറു പേരടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിൽ സ്ഥലത്തെ ആരോഗ്യ പ്രവർത്തക/ൻ ഉണ്ടാവണം. സാധിക്കുമെങ്കിൽ ജനങ്ങളുടെ സംശയങ്ങൾ തീർക്കാൻ ഒരു ഡോക്ടറും ആ ഗ്രൂപ്പില്‍ ഉണ്ടാവുന്നത് നല്ലതാണ്. പ്രായമായവരില്‍ രക്താതിമർദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവക്കുള്ള മരുന്നു കഴിക്കുന്നവരുണ്ടെങ്കില്‍ അവര്‍ മുടങ്ങാതെ കഴിക്കുന്നു എന്നുറപ്പു വരുത്തണം.
  • മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹിമോഫിലിയ കുട്ടികൾക്ക് ആഴ്ച്ചയില്‍ രണ്ടുതവണ പ്രൊഫലാക്റ്റിക് ആയിട്ടുള്ള ഫാക്ടർ കൊടുക്കണം (Factor VIII Factor IX, Fieba എന്നീമരുന്നുകൾ). അത് മിക്ക സ്ഥലങ്ങളിലും ചെയ്യാന്‍ പറ്റില്ല. അവര്‍ക്ക് കൂടുതല്‍ മുറിവോ മറ്റോ വന്നാലാണ് പ്രയാസം വരിക.
  • മറ്റൊരു ഗ്രൂപ്പ് തലസീമിയ ബാധിച്ചവരാണ്. അവര്‍ക്ക് രണ്ടോ മൂന്നോ ആഴ്ച്ചയില്‍ ഒരുതവണ രക്തം നല്‍കേണ്ടിവരും. ആശുപത്രികള്‍ കോവിഡ് സെന്ററുകള്‍ ആക്കുന്നതോടു കൂടി അവര്‍ക്ക് രക്തം കയറ്റാൻ പ്രയാസം നേരിടാനിടയുണ്ട്. കൂടാതെ അവര്‍ക്ക് തുടര്‍ന്ന് ചില  മരുന്നുകൾ കഴിക്കാനുണ്ട്.
  • അതില്‍ Deferasirox, Folic acid എന്നീ രണ്ട് മരുന്നുകള്‍ – RBSYപദ്ധതിപ്രകാരം ആശുപത്രിയിൽ നിന്ന് പ്രത്യേകം കൊടുക്കുന്നതാണ്. വളരെ വിലയുള്ള മരുന്നാണ്. അത് അവര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള സംവിധാനം ഉണ്ടാകണം. ഒരുപാട് കാലം മരുന്നില്ലാതെയോ രക്തം കൊടുക്കാൻ ആവാതെയോ വന്നാൽ അവരുടെ അസുഖം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

സന്നദ്ധസേനയിലെ അംഗങ്ങളോട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊറോണയും ബള്‍ബും തമ്മില്‍ – കുട്ടികള്‍ക്കൊരു വീഡിയോ
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 29
Close