Read Time:71 Minute

ജനങ്ങൾ ഭീതിയോടെയും ഉത്കണ്ഠയോടെയും  കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒന്നാണ് ആഗോള താപനവും കാലാവസ്ഥാ മാറ്റവും. കാലാവസ്ഥാ മാറ്റത്തെ  അതിജീവിക്കാൻ  മാർഗ്ഗങ്ങളുണ്ടോ, ഉണ്ടെങ്കിൽ  അവയേതൊക്കെ? പ്രബന്ധങ്ങളും ചർച്ചകളും ഉടമ്പടികളുമൊക്കെ മുറക്ക് നടക്കുന്നുണ്ട്. പക്ഷേ, ‘വഞ്ചി തിരുനക്കരെ’ തന്നെ! ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു! 2024ൽ വ്യവസായവിപ്ലവ കാലഘട്ടത്തിന് മുമ്പുള്ളതിനെക്കാൾ 1.55°സെൽഷ്യസ് അധികമായി താപനില ഉയർന്നു എന്നാണ് ലോക കാലാവസ്ഥാ സംഘടന പറയുന്നത്, ശരാശരിയെടുത്താൽ 1.3° സെൽഷ്യസ്. ഇങ്ങിനെ പോയാൽ പാരിസ് കരാറിൽ പറയുന്ന 2° സെൽഷ്യസും 1.5° സെൽഷ്യസുമൊക്കെ ഓർമ്മയാകാൻ അധിക വർഷങ്ങളൊന്നും വേണ്ട! UNFCCയുടെ ഭാഗമായ രാജ്യങ്ങൾ വാചകമടിയിൽ നിന്ന് കാര്യത്തിലേക്ക് വരികയും ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി നിറവേറ്റുകയും ചെയ്യണം. എന്തൊക്കെ ചെയ്യാനാവും? ആറു കാര്യങ്ങളാണ് പരിഗണിക്കേണ്ടത്.  

  1. ലഘൂകരണം (mitigation)
  2. പൊരുത്തപ്പെടൽ (adaptation)
  3. പ്രതിരോധം (resilience)  
  4. പണം മുടക്കൽ (finance)
  5. സാങ്കേതിക വിദ്യയുടെ കൈമാറ്റം (technology transfer)
  6. ശേഷി നിർമ്മാണം (capacity building) 

മേൽപ്പറഞ്ഞവയിൽ,  ആദ്യത്തെ മൂന്നെണ്ണം, അതായത് ലഘൂകരണം (climate mitigation),  പൊരുത്തപ്പെടൽ (climate adaptation), പ്രതിരോധം (climate resilience) എന്നിവയാണ് പ്രധാനം. മറ്റുള്ളവ ഇവ നടപ്പിലാക്കാനുള്ള അനുസാരികൾ മാത്രമാണ്.  കാലാവസ്ഥാ മാറ്റത്തോട് പ്രതികരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇവയെല്ലാം. ഇവയൊക്കെ  നടപ്പാക്കുന്നതിന് വൻതോതിൽ പണവും, സാങ്കേതിക വിദ്യയും, പരിശീലനവുമൊക്കെ ആവശ്യമാണ്. ലഘൂകരണം, പൊരുത്തപ്പെടൽ,  പ്രതിരോധം എന്നിവക്കെല്ലാം ഒരേ പ്രധാന്യമാണോ, ഏതിനാണ് മുൻഗണന കൊടുക്കേണ്ടത് എന്നീ കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കണം.  

“കാലാവസ്ഥാ നീതിക്കുവേണ്ടിയുള്ള പോരാട്ടം” എന്ന മുദ്രാവാക്യവുമായി 2021 സെപ്റ്റംബറിൽ ബെർലിനിൽ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ പ്രകടനം. കടപ്പാട്: Stefan Müller

കാർബൺ ലഘൂകരണത്തിന് ഊന്നൽ  നൽകിയുള്ള പ്രവർത്തനങ്ങൾ കൊണ്ട് മാത്രം  കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ തടയാൻ കഴിയില്ല. ലോകമെങ്ങും പല തരത്തിലുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഇത്തരം കാലാവസ്ഥാ പ്രതിസന്ധികളുമായി പൊരുത്തപ്പെട്ടു പോകേണ്ട ആവശ്യകത പല രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞു. ആഗോള ലഘൂകരണ ലക്ഷ്യങ്ങളുടെ കാര്യത്തിൽ പല രാജ്യങ്ങളും ഉഴപ്പുന്ന സാഹചര്യമുള്ളത് കൊണ്ട് വികസ്വര രാജ്യങ്ങൾ പൊരുത്തപ്പെടലിനും പ്രതിരോധത്തിനും കൂടുതൽ പ്രാധാന്യം കൊടുത്ത് തുടങ്ങിയിട്ടുണ്ട്. 

കാലാവസ്ഥാ നീതിയുടെ (climate justice) പ്രശ്നവും കണക്കിലെടുക്കണം. കാർബൺ ലഘൂകരണം വൻ ചെലവ് വരുന്ന പരിപാടിയാണ്.  ഇതിനൊക്കെയുള്ള സാമ്പത്തിക സഹായം, സാങ്കേതിക വിദ്യ, ശേഷി നിർമ്മാണം എന്നിവ ഉണ്ടാകണം. പുറമെ, കാലം തെറ്റി വരുന്ന മഴ, വെള്ളപ്പൊക്കം, വരൾച്ച, എന്നിവയെ നേരിടുന്നതിന് ദരിദ്ര രാജ്യങ്ങൾക്ക് കോടിക്കണക്കിന് തുക  പൊരുത്തപ്പെടലിന്റെ ഭാഗമായി ചിലവഴിക്കേണ്ടിയും വരും. ജനങ്ങൾക്ക് അടച്ചുറപ്പുള്ള വീട് വേണം, റോഡ് വേണം, ഊർജ്ജം വേണം, ഭക്ഷണം വേണം; ഇതൊന്നും നേരെ കാർബൺ ഉൽസർജനം കുറച്ച് ലഘൂകരണം വഴി നേടാവുന്നതല്ല. എല്ലാ രാജ്യങ്ങൾക്കും കാലാവസ്ഥാ ലഘൂകരണത്തിലും പൊരുത്തപ്പെടൽ തന്ത്രങ്ങളിലും ഒരേ അളവിൽ മൂലധനവും വിഭവങ്ങളും നിക്ഷേപിക്കാൻ കഴിയില്ല. കൂടുതൽ സമ്പന്ന രാജ്യങ്ങൾക്ക് ലഘൂകരണ തന്ത്രങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്താൻ കഴിയും.  കാരണം അവർക്ക് അതിനുള്ള വിഭവങ്ങൾ ഉണ്ട്, അതേസമയം ചെറിയ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങൾ പ്രാദേശിക പൊരുത്തപ്പെടുത്തൽ തന്ത്രങ്ങൾക്ക് ഊന്നൽ കൊടുക്കേണ്ടി വരും. 

ലഘൂകരണത്തിന്റെ പ്രധാന പ്രശ്നം  ബന്ധപ്പെട്ട പദ്ധതികൾ വലിയ തോതിൽ നടപ്പിലാക്കിയാൽ മാത്രമേ എന്തെങ്കിലും സ്വാധീനം ഉണ്ടാക്കാനാവൂ എന്നതാണ്.  ഉദാഹരണത്തിന്, ലോക രാജ്യങ്ങൾ ഒന്നാകെ കാർബൺ ഉൽസർജനം കുറയ്ക്കാൻ തീരുമാനിച്ചാലേ  കാര്യമായ എന്തെങ്കിലും ഫലമുണ്ടാകുകയുള്ളൂ. പൊരുത്തപ്പെടൽ, പക്ഷേ, അങ്ങനെയല്ല. ഒരു രാജ്യത്തിന്, ഒരു സംസ്ഥാനത്തിന്, അല്ലെങ്കിൽ ഒരു പഞ്ചായത്ത് വാർഡിനു വരെ പൊരുത്തപ്പെടൽ രീതികൾ കാര്യക്ഷമമായി പ്ലാൻ ചെയ്തു നടപ്പിലാക്കാനാവും. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനാൻ കഴിയും.  പൊരുത്തപ്പെടൽ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി ഒരു സംവിധാനം ഉണ്ടാകുന്നത് നല്ലതാണ്.  

കാലാവസ്ഥാ മാറ്റത്തിന് കാർഷിക മേഖല ഒരു പ്രധാന കാരണവും, അതേസമയം ഇരയുമാണ്. ഇന്ത്യയിൽ, ജനസംഖ്യയുടെ 55 ശതമാനത്തിലധികം പേരും ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നു. വർദ്ധിച്ചുവരുന്ന താപനില, വരൾച്ച, ക്രമരഹിതമായ മഴ, എന്നിവ ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്നു. ഈ വെല്ലുവിളികളെ നേരിടുന്നതിന് ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ധാരണ കർഷകർക്കും ആവശ്യമാണ്. അതുകൊണ്ട്, കൃഷിയുടെ കാര്യം ലഘൂകരണം,  പൊരുത്തപ്പെടൽ, പ്രതിരോധം എന്നിവയുടെ കൂടെ പ്രത്യേകം ചർച്ച ചെയ്യുന്നുണ്ട്. 

ലഘൂകരണം (mitigation) 

കാലാവസ്ഥാ ലഘൂകരണമെന്നാൽ അധിക ഹരിതഗൃഹ പ്രഭാവത്തിന് (enhanced greenhouse effect)  കാരണക്കാരായ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള ഒഴുക്ക് കുറയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്. കാർബൺ ഡയോക്സൈഡിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്ന അളവ് കുറയ്ക്കുന്നത് വഴിയും അന്തരീക്ഷത്തിൽ നിന്ന് പിടിച്ചെടുക്കുന്ന (sequestration)  അളവ് കൂട്ടുന്നത് വഴിയും ഇത് സാധ്യമാക്കാം. പവർ പ്ലാന്റുകൾ, ഫാക്ടറികൾ, കാറുകൾ, കൃഷിയിടങ്ങൾ, കന്നുകാലി വളർത്തൽ,  തുടങ്ങിയ പ്രധാന സ്രോതസ്സുകളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഒരു പ്രധാന പ്രവർത്തനമാണ്. 

ഫോസ്സിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുക എന്നതിന് വലിയ പ്രധാന്യമുണ്ട്. വനങ്ങൾ വഴിയും കടലിലെ സൂക്ഷ്മ ജീവികൾ വഴിയും അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡിനെ പിടിച്ചെടുക്കുന്നത് ത്വരിതപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. കാർബൺ ഓഫ്സെറ്റ്, കാർബൺ ക്രെഡിറ്റ്, ഗ്രീൻ ക്രെഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ലഘൂകരണം ലക്ഷ്യം വെച്ചുള്ളതാണ്.  നമ്മുടെ ഉൽസർജനം കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുനർനിർമ്മിക്കേണ്ടതുണ്ട്. നാം എങ്ങനെ ഭക്ഷണം ഉല്പ്പാദിപ്പിക്കുന്നു, എങ്ങനെ യാത്ര ചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു, നമ്മൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവയൊക്കെയും ഇതിലിടപെടുന്നു. 

മനുഷ്യൻ ചെയ്യുന്ന ഒട്ടുമിക്ക പ്രവർത്തികളും പ്രത്യക്ഷമായോ, പരോക്ഷമായോ അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങൾ എത്തിക്കുന്നുണ്ട് എന്നത്കൊണ്ട് ലഘൂകരണം അത്ര എളുപ്പമുള്ള പരിപാടിയല്ല,  വൻ ചെലവും വരും. അന്താരാഷ്ട്ര സഹായമില്ലാതെ വികസ്വര രാജ്യങ്ങൾക്ക് ലഘൂകരണ നടപടികൾ സ്വീകരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.  നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും കാർബൺ ഉൽസർജനം ഉൾച്ചേർന്നിട്ടുണ്ട്. ബദലുകളില്ലാതെ ഒറ്റയടിക്ക് വെട്ടിച്ചുരുക്കുക എന്നു പറഞ്ഞാൽ വികസന മുരടിപ്പ് എന്നാണർത്ഥം. കൂടാതെ വിലക്കയറ്റവും സാമ്പത്തിക ബാധ്യതകളും. 

ആഗോള ശരാശരി താപനിലയും അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രതയും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ, കാലാവസ്ഥാ പ്രശ്നപരിഹാരത്തിനുള്ള പ്രധാന താക്കോൽ അന്തരീക്ഷത്തിലേക്ക് വിടുന്ന ഉൽസർജനത്തിന്റെ അളവ് കുറയ്ക്കുന്നതിലും കാർബൺ പിടിച്ചു വെക്കാനുള്ള ഇടങ്ങൾ  (സിങ്കുകൾ) വർദ്ധിപ്പിച്ചുകൊണ്ട് കാർബൺ ഡയോക്സൈഡിന്റെ നിലവിലെ അളവ് കുറയ്ക്കുന്നതിലുമാണ്. പാരിസ് കരാറിന്റെ ആർട്ടിക്കിൾ 4 പ്രകാരം, കരാറിൽ  ഒപ്പ് വെച്ച ‘പാർട്ടികൾ’ ദേശീയ കാലാവസ്ഥാ നടപടികൾ  (Nationally Determined Contributions, NDCs) പ്രഖ്യാപിക്കുകയും അത് എല്ലാ അഞ്ചു വർഷം കൂടുമ്പോഴും പുതുക്കി നൽകുകയും വേണം.  ഇന്ത്യയുടെ കാർബൺ എമിഷൻ 2040 നും 2045 നും ഇടയിൽ  പരമ്യത്തിലെത്തി പിന്നീട് കുറഞ്ഞുവരും എന്ന അനുമാനത്തിലാണ്  2070 ‘നെറ്റ് സീറോ’ ലക്ഷ്യവർഷമായി സ്വീകരിച്ചിരിക്കുന്നത്. 

ചിലരെങ്കിലും ജൈവകൃഷി, പ്രകൃതി കൃഷി  എന്നിവയൊക്കെ മണ്ണിലെ കാർബൺ സ്റ്റോക് വർധിപ്പിക്കുന്നതിന് സഹായകരമാണ് എന്ന് പറയുന്നുണ്ട്. ഇതിന് സാധ്യത വളരെ കുറവാണ്, പ്രതേകിച്ച് കേരളത്തിലെ  സാഹചര്യത്തിൽ.  അശാസ്ത്രീയമായ കൃഷിരീതികളെ മഹത്വവൽക്കരിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നത്തിന്റെ ഭാഗമായി ഇതിനെ കണ്ടാൽ മതി.  അവയെ പ്രോത്സാഹിപ്പിക്കുന്ന പൊതുബോധ നിർമ്മിതിയും  അതിനോട് ചേര്‍ന്ന നയരൂപീകരണവും ശാസ്ത്രത്തിന്റെ സംഭാവനകളെ കുറച്ചു കാണിക്കുന്നു. മാത്രമല്ല, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം ഭക്ഷ്യസുരക്ഷ, ഉപജീവന സുരക്ഷ എന്നിവ പരിഗണിച്ച് കാർഷിക രംഗത്തെ ഇടപെടലുകൾ അഞ്ചു ശതമാനത്തിൽ കൂടുതൽ വിളവു കുറയുന്നതോ, കൃഷിച്ചിലവ് കൂട്ടുന്നതോ ആകാൻ പാടില്ല.   

കേരളത്തിലെ ഭൂമി പൊതുവേ ജൈവാംശവും, നൈട്രജനും കുറഞ്ഞതാണ്.  സന്തുലിതാവസ്ഥയിലുള്ള മണ്‍ ജൈവാംശത്തിന്‍റെ 50-58 ശതമാനം കാര്‍ബണും 5.0-5.5 ശതമാനം നൈട്രജനും ആണ്. അതായത്, ഇവ തമ്മില്‍ ശരാശരി 10:1 തോതിലുള്ള സ്ഥിരമായ ഒരനുപാതം ഉണ്ടാവും. ഇതിന് മാറ്റം വന്നാൽ മണ്ണിലെ അവസ്ഥയനുസരിച്ച് കാർബൺ അല്ലെങ്കിൽ നൈട്രജൻ നഷ്ടപ്പെടും.ചുരുക്കത്തിൽ, മണ്ണിലെ കാർബൺ ശേഖരം നിലനിൽക്കണമെങ്കിൽ കാര്‍ബണും നൈട്രജനും ഏകദേശം 10:1 എന്ന അനുപാതത്തിൽ മണ്ണിലുണ്ടാകുന്നതിന് ആവശ്യമായ നൈട്രജൻ വളങ്ങളോ, നൈട്രജൻ ധാരാളമുള്ള സാന്ദ്രീകൃത ജൈവവളങ്ങളോ ചേർത്ത് കൊണ്ടിരിക്കണം. കർഷകർ ഇവ രണ്ടും ചെയ്യുന്നില്ല എന്നതാണ് സത്യം. ഇതര സംസ്ഥാനങ്ങളെക്കാൾ  കേരളത്തിലെ രാസവള പ്രയോഗം വളരെ കുറവാണ് എന്നതും കാണുക. ലഭ്യമായ കണക്കു പ്രകാരം ഇന്ത്യൻ ശരാശരി നൈട്രജൻ ഉപയോഗം 96  കി. ഗ്രാം./ ഹെ ആണ്. അതേ സമയം, കേരളത്തിൽ ഇതിന്റെ ഏകദേശം നാലിലൊന്ന് മാത്രമാണ്, 26 കി. ഗ്രാം./ ഹെ.   

കൃഷിയിൽ നിന്നുള്ള നൈട്രസ് ഓക്സ്സൈഡ്, മീഥെയിൻ എമിഷനുകളുടെ കാര്യത്തിലും കേരളം വളരെ പിന്നിലാണ്.  അഖിലേന്ത്യാതലത്തിൽ,  കൃഷി മണ്ണിൽ നിന്നുള്ള ശരാശരി നൈട്രസ് ഓക്സ്സൈഡ് എമിഷൻ 3.19%, നെൽകൃഷിയിൽ നിന്നുള്ള മീതയിൻ 2.29%. കേരളത്തിലേക്ക് വരുമ്പോൾ, നൈട്രസ് ഓക്സൈഡ്  1.18%;  മീഥെയിൻ 0.84 %. ഇത്ര കുറഞ്ഞ തോതിലുള്ള നൈട്രസ് ഓക്സൈഡും   മീതയിനും ഇനിയും താഴേയ്ക്ക് കൊണ്ട് പോകുക അത്ര എളുപ്പമായിരിക്കില്ല. 

കാലാവസ്ഥാ ലഘൂകരണ മേഖലയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം തന്നെ നിരവധി സ്ഥാപിത രീതികൾ ഉണ്ടായി വന്നിട്ടുണ്ട്. ചിലത് ഇന്ത്യക്ക് യോജിച്ചവയാണ്.  ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജനം കുറയ്ക്കൽ, ഹരിതഗൃഹ വാതകങ്ങളുടെ പിടിച്ചെടുക്കൽ എന്നിങ്ങനെ രണ്ടു ശീർഷകങ്ങളിലായി ഇവ ചർച്ച ചെയ്യാം.  ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജനം കുറയ്ക്കലും, പിടിച്ചെടുക്കലും ഉൾപ്പെടുന്ന കാർബൺ ഓഫ്സെറ്റിങ്, കാർബൺ നികുതി എന്നിവയും ലഘൂകരണ ലക്ഷ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.   

ആഗോളതാപനവും അതിന്റെ എല്ലാ പ്രതികൂല ഫലങ്ങളും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം 2050 ആകുമ്പോഴേക്കും ദ്രുതഗതിയിലുള്ള ഡീകാർബണൈസേഷൻ നടത്തുകയും നെറ്റ് സീറോ എമിഷൻ കൈവരിക്കുകയും ചെയ്യുക എന്നതാണ്. എമിഷൻ തീവ്രത കുറയ്ക്കുന്ന കാര്യത്തിൽ ഇന്ത്യ NDC യിൽ പറഞ്ഞ പ്രകാരം വാക്ക് പാലിക്കാൻ ശ്രമിക്കുന്നുണ്ട്. 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ എമിഷൻ തീവ്രത GDP യുടെ 33 മുതൽ 35 ശതമാനം വരെ കുറയ്ക്കും എന്നായിരുന്നു NDC 1.0 യിൽ പറഞ്ഞിരുന്നത്.  ഇന്ത്യ ഇതിനകം 36 ശതമാനം കുറച്ച് കഴിഞ്ഞതിനാൽ  ലക്ഷ്യം പുതുക്കി, 2030 ഓടെ 45 ശതമാനം വരെ കുറക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞു.  ഉൽസർജനം കുറയ്ക്കലുമായി ബന്ധപ്പെട്ട ചില മികച്ച ഉദാഹരണങ്ങൾ കാണാം.  

ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കുന്നതിനുള്ള നല്ലൊരു മാർഗ്ഗമാണ് ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നീ ഫോസ്സിൽ  ഇന്ധനങ്ങൾക്ക് പകരം സൌരോർജം, കാറ്റ്, ജലവൈദ്യുതി, ഗ്രീൻ ഹൈഡ്രജൻ, ഭൂതാപം (ജിയോതെർമൽ എനർജി), ബയോമാസ്, തുടങ്ങിയ സുസ്ഥിര ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറണം. ഏതാണ്ട് 2050 ഓടെ ലോകത്തുള്ള പെട്രോളിയം ശേഖരം ഉപയോഗിച്ചു തീരുമെന്ന പ്രവചനവും  ഇത്തരം ഫോസ്സിലിതര ഊർജ്ജ സ്രോതസ്സുകളുടെ താത്പര്യം വർധിപ്പിച്ചിട്ടുണ്ട്.  ഇന്ത്യ ഇക്കാര്യത്തിൽ  വളരെയധികം മുമ്പോട്ടു പോയിട്ടുണ്ട്. ഇന്ത്യ ആദ്യമായി NDC പ്രഖ്യാപിച്ചപ്പോൾ 2030 ആകുമ്പോഴേക്കും ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് 40 ശതമാനം സഞ്ചിത വൈദ്യുതി സ്ഥാപിത ശേഷി കൈവരിക്കും  എന്നാണ് പറഞ്ഞിരുന്നത്. ഇതിനകം  43.8 ശതമാനം നേടാനായത്കൊണ്ട് 2030 ലേക്കുള്ള ലക്ഷ്യം 50 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. 

ഹരിതഗൃഹ വാതക ഉൽസർജനത്തിന് ഏറ്റവുമധികം വഴിവെക്കുന്ന ഒന്നാണ് ഗതാഗതം.  പെട്രോൾ,  ഡീസൽ കാറുകൾ അന്തരീക്ഷത്തിലേക്ക് ധാരാളം കാർബൺ ഡയോക്സൈഡ് ഉത്പാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്നു. വാഹനങ്ങൾ, കപ്പലുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയുടെ ഫോസിൽ ഇന്ധന ഉപയോഗത്തിൽ കുറവ് വരുത്തുക എന്നതാണ് തത്ത്വം. ഗതാഗത മേഖലയുടെ പരിഷ്കരണം GHG കൾ കുറക്കുന്നതിനുള്ള നല്ലൊരു പദ്ധതിയായിരിക്കും.   മിക്ക പദ്ധതികളും ഇലക്ട്രിക് വാഹനങ്ങളിലും, പൊതുഗതാഗതത്തിനുള്ള ഊർജ്ജ കാര്യക്ഷമത പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. വൈദ്യുതി വാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങുണ്ട്. ഭാവിയിൽ ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളും ട്രയിനുകളുമൊക്കെ സാധാരണമാകും.  

കെട്ടിടങ്ങളിൽ തണുപ്പുകാലത്ത് ചൂടും വേനൽക്കാലത്ത് തണുപ്പും എല്ലാവരും ആഗ്രഹിക്കുന്നു. സ്മാർട്ട് ബിൽഡിംഗ് ടെക്നിക്കുകൾ ഉണ്ടാകുന്നതിന് മുമ്പ് നിർമ്മിച്ച പഴയ കെട്ടിടങ്ങൾ പലപ്പോഴും ധാരാളം ഊർജ്ജം പാഴാക്കുന്നു. ഇൻസുലേഷൻ മെച്ചപ്പെടുത്തുന്നതിലൂടെയും, ജനാലകൾ പുതുക്കുന്നതിലൂടെയും, ഊർജ്ജ-കാര്യക്ഷമമായ ചൂടാക്കൽ, തണുപ്പിക്കൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെയും, അവ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അളവ് കുറയ്ക്കാൻ കഴിയും. 

 ഇക്കൂട്ടത്തിൽ  ബയോഗ്യാസ് പ്ലാന്റുകളും,  ക്ലീൻ കുക്ക്സ്റ്റൗ പ്രോജക്ടുകളും, ചൂടാറാ പെട്ടികളുമൊക്കെ (hot boxes)  ഉൾപ്പെടുന്നു. ഗാർഹിക, കമ്മ്യൂണിറ്റി ഉപകരണങ്ങളുടെ പ്രോജക്റ്റ് പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് പ്രയോജനം ചെയ്യുന്നതിനും അവരുടെ അറിവ് ഉപയോഗിക്കുന്നതിനും തീരുമാനമെടുക്കൽ പ്രക്രിയകളിൽ അവരെ ഉൾപ്പെടുത്തുന്നതിനും ഉപകരിക്കുന്നു. ഈ പദ്ധതികൾക്ക് കേവലം കാർബൺ ബഹിർഗമനം ഒഴിവാക്കുന്നതിനേക്കാൾ കൂടുതൽ അനുബന്ധ നേട്ടങ്ങളുണ്ട്(co-benefits). 

ഒരു വ്യക്തി, കുടുംബം, സ്ഥാപനം, ചടങ്ങ്, സേവനം, ഉല്പന്നം, പ്രദേശം എന്നിവയാൽ നേരിട്ടും അല്ലാതെയും ഉണ്ടാകുന്ന എല്ലാ ഹരിതഗൃഹ വാതകങ്ങളുടെയും ഉൽസർജനം തത്തുല്യമായ ടണ്ണിലുള്ള കാർബൺ ഡയോക്‌സൈഡായി (CO2e) പരിവർത്തനം ചെയ്ത് പറയുന്നതിനെയാണ്  കാർബൺ പാദമുദ്ര (carbon footprint) എന്ന് വിളിക്കുന്നത്. ഈ രീതിയിൽ  പെരുമാറ്റത്തിലും ഇടപെടലുകളിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴി മാത്രം പാരിസ്ഥിതിക, കാലാവസ്ഥാ പ്രതിസന്ധികളെ നല്ലൊരു പരിധി വരെ അതിജീവിക്കാൻ കഴിയും. ജീവിത രീതികളിലും, കഴിക്കുന്ന ഭക്ഷണം, വസ്ത്രം, ജലം, മറ്റ് ഉപഭോക്തൃ സാധനങ്ങൾ, യാത്ര, മാലിന്യം കൈകാര്യം ചെയ്യൽ, തുടങ്ങി വ്യക്തികൾക്കും സമൂഹത്തിനും സ്വന്തം കാർബൺ പാദമുദ്ര കുറയ്ക്കാൻ സാധ്യതകൾ ഏറെയുണ്ട്. 

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി   പ്രോഗ്രാം (UNEP) വിഭാവനം ചെയ്യുന്നതനുസരിച്ച്, ആഗോള ജനസംഖ്യയിൽ (ഇപ്പോൾ 820 കോടി) 100 കോടി ആളുകളെങ്കിലും അവരുടെ ദൈനംദിന ജീവിതത്തിൽ കാലാവസ്ഥാ സൗഹൃദ രീതികൾ സ്വീകരിക്കുകയാണെങ്കിൽ, ആഗോള കാർബൺ ഉൽസർജനം  ഏകദേശം 20 ശതമാനം കുറക്കാൻ കഴിയും! ഈ പശ്ചാത്തലത്തിൽ, ഇന്ത്യ NDC യുടെ ഭാഗമാക്കിയ ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LiFE) എന്ന ആശയത്തിന് വൻ പ്രസക്തിയാണുള്ളത്. കാർബൺ പാദമുദ്ര കുറയുന്ന ഒരു ജീവിതം നയിക്കാൻ വ്യക്തികളും സമൂഹവും ഏറ്റെടുക്കേണ്ട 75 ലളിതമായ കടമകളാണ് LiFE ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മാലിന്യ മേഖലയിൽ നിന്നുള്ള പദ്ധതികൾ എമിഷൻ കുറക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. പരിസ്ഥിതിയിലും മനുഷ്യന്റെ ആരോഗ്യത്തിലും അതിന്റെ ആഘാതം കുറയ്ക്കുന്നതിന് മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉൽപ്പാദന ശൃംഖലയുടെ അവസാന ഭാഗമായി മാലിന്യം സംസ്കരിക്കുന്നതിനുപകരം, മാലിന്യങ്ങൾ ഉപയോഗിച്ച് ഊർജ്ജ സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും വേണ്ടി പ്രവർത്തിക്കണം.  

ആഗോളതലത്തിൽ കാർഷിക മേഖലയുടെ ആകെ ഹരിതഗൃഹ വാതക ഉൽസർജനം 2019 ൽ 22 ശതമാനം ആയിരുന്നു. ഇതിൽ 11.1 ശതമാനം  കന്നുകാലികളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ 2020 കണക്കു പ്രകാരം കന്നുകാലി വളർത്തൽ ഉൾപ്പെടയുള്ള കൃഷിയുടെ ഉൽസർജനം ആകെ 13.72 ശതമാനം; അതിൽ  കന്നുകാലി വളർത്തൽ 7.97 ശതമാനം, വിളകൾ 5.76 ശതമാനം. കേരളത്തിൽ  2021 കണക്ക് പ്രകാരം കൃഷിയാകെ 7 ഉൽസർജനം ശതമാനം മാത്രം;  കന്നുകാലി വളർത്തൽ 5 ശതമാനം, വാർഷിക വിളകൾ 2 ശതമാനം. 

ഹരിതഗൃഹ വാതകങ്ങളുടെ പിടിച്ചെടുക്കൽ 

രിതഗൃഹ വാതകങ്ങളുടെ പിടിച്ചെടുക്കൽ (sequestration) എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് പ്രധാനമായും കാർബൺ ഡയോക്സൈഡിനെയാണ്. പ്രധാന മാർഗങ്ങൾ ഇനി പറയുന്നു.  

വനങ്ങൾ, കണ്ടൽക്കാടുകൾ, വിളനിലങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുക, പുനഃസ്ഥാപിക്കുക,  കൈകാര്യം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളെയാണ് പ്രകൃതി അധിഷ്‌ഠിത പരിഹാരങ്ങൾ (Nature based solutions, NbS) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. UNFCCC ചർച്ചകളിൽ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളെ പൊതുവെ ‘ഭൂവിനിയോഗം, ഭൂവിനിയോഗ മാറ്റങ്ങൾ, വനവൽക്കരണം’ (Land Use, Land Use Changes, and Forestry, LULUCF) എന്ന് പറയുന്നു.

കൃഷിമേഖലയിൽ നിന്നും ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജനം കുറയ്ക്കുന്ന നടപടികളോടൊപ്പം പിടിച്ച് വെക്കുന്നതിനും സാധ്യതകളുണ്ട്. ഇന്ത്യയിൽ വിളനിലങ്ങൾ (croplands)   മൺകാർബൺ (soil carbon)  പിടിച്ച് വെക്കുന്നത് ഒരുദാഹരണം മാത്രം. തോട്ടവിളകളുൾപ്പെടെയുള്ള  വൃക്ഷവിളകൾ  വനവൃക്ഷങ്ങളുടെ കൂടെയാണ് പരിഗണിക്കുക (വനാവരണം). വനമേഖലയിലെയും തോട്ടങ്ങളിലെയും കാർബൺ സ്റ്റോക്ക് പരിഗണിക്കാറുണ്ട്. മുറിച്ചു മാറ്റിയ തടികളുടെ കാർബൺ സ്റ്റോക്കും കണക്കിലെടുക്കും.  

UNFCCക്ക് ഇന്ത്യ സമർപ്പിച്ച ദേശീയ കാലാവസ്ഥാ നടപടികളിലെ (NDC) ലക്ഷ്യം 5 പറയുന്നത് അധിക വനാവരണത്തിലൂടെയും പുതുതായി മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിലൂടെയും 2005 എന്ന അടിസ്ഥാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2030-ഓടെ 2.5 മുതൽ 3 ശതകോടി ടൺ വരെ അധിക കാർബൺ (CO2e) സിങ്ക് സൃഷ്ടിക്കുമെന്നാണ്. 2005 ൽ വനമേഖലയുടെ കാർബൺ സ്റ്റോക്ക് 28.14 ശതകോടി ടൺ ആയിരുന്നു. നിലവിലെ വിലയിരുത്തൽ കാണിക്കുന്നത് ഇന്ത്യയുടെ കാർബൺ സ്റ്റോക്ക് 30.43 ശതകോടി ടൺ CO2e ആയി എന്നാണ്.  അതായത്, ഇതിനകം 2.29 ശതകോടി  ടൺ അധിക കാർബൺ സിങ്ക് സൃഷ്ടിച്ചു  കഴിഞ്ഞ സ്ഥിതിക്ക് 2030-ഓടെ 2.5-3.0 ശതകോടി ടൺ കാർബൺ സിങ്ക് എന്ന ലക്ഷ്യം എളുപ്പത്തിൽ നേടാൻ കഴിയും.  

മരങ്ങൾ വായുവിൽ നിന്ന് കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുകയും വളരുമ്പോൾ അത് സംഭരിക്കുകയും ചെയ്യുന്നു. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും നിലവിലുള്ള വനങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നത് അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യാൻ സഹായിക്കുന്നു, ഇത് ആഗോളതാപനത്തെ മന്ദഗതിയിലാക്കുന്നു. ഇവിടെ മരങ്ങൾ എന്ന് പറയുമ്പോൾ കർഷകരുടെ വൃക്ഷവിളകളും ഉൾപ്പെടും. 

കണ്ടൽക്കാടുകൾ, ഉപ്പ് ചതുപ്പുകൾ (salt marshes), കടൽപ്പുല്ലുകൾ തുടങ്ങിയ ലോകത്തിലെ തീരദേശ, സമുദ്ര ആവാസവ്യവസ്ഥകളിൽ സംഭരിച്ചിരിക്കുന്ന കാർബൺ ഡയോക്സൈഡിനെ  സൂചിപ്പിക്കാനാണ് ബ്ലൂ  കാർബൺ എന്ന പദം ഉപയോഗിക്കുന്നത്. മൊത്തം സമുദ്രോപരിതലത്തിന്റെ ഏകദേശം 2.0 ശതമാനം മാത്രമേ അവ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും  സമുദ്രത്തിലെ ആകെ കാർബൺ ആഗിരണത്തിന്റെ 50 ശതമാനം വരും. ഉദാഹരണത്തിന്, ഒരു ഹെക്ടർ കണ്ടൽക്കാടുകൾ കരയിലെ സമാനമായ വനപ്രദേശത്തേക്കാൾ അഞ്ചിരട്ടി കാർബൺ സംഭരിക്കുന്നു. ബ്ലൂ കാർബൺ ആവാസവ്യവസ്ഥയുടെ കാർബൺ പിടിച്ചുവെക്കലും സംഭരണവും പ്രതിവർഷം 190 ശതകോടി ഡോളർ മൂല്യമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. 

കാർബൺ പിടിച്ചെടുക്കലും സംഭരണവും (Carbon capture & storage, CCS) എന്നത് കാർബൺ ഡയോക്സൈഡ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പിടിച്ചെടുക്കുകയും സംഭരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. വ്യാവസായിക പ്രവർത്തനങ്ങൾ, വൈദ്യുത നിലയങ്ങൾ, മറ്റ് സ്രോതസ്സുകൾ എന്നിവയിൽ നിന്നുള്ള CO2 ശേഖരിക്കുകയും അത് സ്ഥിരമായി സംഭരിച്ചിരിക്കുന്ന ഒരു സംഭരണ ​​സൈറ്റിലേക്ക്, സാധാരണയായി ഭൂഗർഭത്തിലേക്ക്, കൊണ്ടുപോകുകയും ചെയ്യുന്നു. മലിനീകരണം കൂടുതലുള്ള വ്യവസായങ്ങളിൽ നിന്നുള്ള ഉൽസർജനം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിലൂടെയും CCS ആപ്ലിക്കേഷനുകൾക്ക് ഡീകാർബണൈസേഷനെ പിന്തുണയ്ക്കാൻ കഴിയും.

പിടിച്ചെടുക്കൽ (capture), കടത്ത് (transport), സംഭരണം (storage) എന്നീ മൂന്ന് ഘട്ടങ്ങളുള്ള ഒരു പ്രക്രിയയാണ് CCS. പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം മുതലായവ ഉപയോഗിച്ചുള്ള വൈദ്യുതി ഉൽ‌പാദന പ്ലാന്റുകൾ അല്ലെങ്കിൽ സ്റ്റീൽ, സിമൻറ് ഫാക്ടറികൾ പോലുള്ള വ്യാവസായിക പ്രക്രിയകളിൽ ഉൽ‌പാദിപ്പിക്കുന്ന വാതകങ്ങളിൽ നിന്ന് വേർതിരിച്ചാണ് CO2 പിടിച്ചെടുക്കുന്നത്. തുടർന്ന്, CO2 കംപ്രസ് ചെയ്ത ശേഷം പൈപ്പ്‌ലൈനുകൾ, റോഡ് ഗതാഗതം അല്ലെങ്കിൽ കപ്പലുകൾ വഴി സംഭരണത്തിനായി നിർദിഷ്ട സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ഒടുവിൽ, ആഴത്തിലുള്ള ഭൂഗർഭപാറ രൂപീകരണങ്ങളിലേക്ക് ഡിസ്ചാർജ് ചെയ്താണ് CO2 സ്ഥിരമായി സംഭരിക്കുന്നത്.

CCS-ന് സമാനമായി, CCUS (കാർബൺ ക്യാപ്‌ചർ യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ്) എന്നൊരു അനുബന്ധ ആശയവുമുണ്ട്. സംഭരണത്തിനു പുറമേ, പ്ലാസ്റ്റിക്കുകൾ, കോൺക്രീറ്റ്, ജൈവ ഇന്ധനങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ ഉത്പാദനത്തിൽ പിടിച്ചെടുക്കുന്ന CO2-ന്റെ പ്രയോജനകരമായ ഉപയോഗങ്ങൾ കണ്ടെത്താനും കഴിയുമെന്നതാണ് ആശയം.

കാർബൺ ഓഫ്സെറ്റിങ് 

വിവിധ മാർഗങ്ങളിലൂടെ മറ്റെവിടെയെങ്കിലും സംഭവിക്കുന്ന കാർബൺ ഉൽസർജനം തട്ടിക്കിഴിക്കുന്ന, ഓഫ്‌സെറ്റ് ചെയ്യുന്ന, ഒരു  പരിപാടിയാണ് കാർബൺ ഓഫ്‌സെറ്റിംഗ്. ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജനം കുറയ്ക്കലും, പിടിച്ചെടുക്കലും ഇതിന്റെ ഭാഗമായി വരും. കാലാവസ്ഥാ മാറ്റം ഒരു പ്രാദേശിക പ്രതിഭാസമല്ലാത്തതിനാൽ കാർബൺ ഓഫ്‌സെറ്റിംഗിലൂടെ കാർബൺ ഉൽസർജനം കുറയ്ക്കുന്നത് സാധ്യമാണ്. അതായത്, ആഗോളതലത്തിൽ GHG-കൾ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നതിനാൽ, അവ കൃത്യമായി എവിടെയാണ് കുറക്കുന്നതെന്നത് പ്രശ്നമല്ല; അവ എവിടെയും കുറയ്ക്കുന്നത് മൊത്തത്തിലുള്ള കാലാവസ്ഥാ സംരക്ഷണത്തിന് സംഭാവന നൽകും. 

കാർബൺ ഓഫ്‌സെറ്റിംഗിന്റെ മറ്റൊരു പതിപ്പാണ് ‘കാർബൺ ക്രെഡിറ്റ്’. കാർബൺ ഓഫ്‌സെറ്റുകളും കാർബൺ ക്രെഡിറ്റുകളും കാർബൺ വിപണികളിലൂടെ ക്രയവിക്രയം ചെയ്യാൻ സാധിക്കും. ഇവ രണ്ട് വ്യത്യസ്ത വിപണികളിലേക്ക് നയിക്കുന്നു. നിയന്ത്രിത കമ്പോളങ്ങളിൽ (compliance market) ‘ക്രെഡിറ്റുകളും’ സന്നദ്ധ കമ്പോളങ്ങളിൽ  (voluntary market) ‘ഓഫ്‌സെറ്റു’ കളുമാണ്  വിപണനം ചെയ്യപ്പെടുക.  പക്ഷേ, ട്രേഡ് ചെയ്യുന്ന അടിസ്ഥാന യൂണിറ്റ് ഒന്നുതന്നെയാണ്, ഒരു ടൺ കാർബൺ ഡയോക്സൈഡ് തുല്യത  (CO2e). പൊതുവേ, ഓഫ്സെറ്റ്കളേയും  ക്രെഡിറ്റ് എന്നാണ് പറയുന്നത്. രാജ്യത്തിന് മാത്രമല്ല, സ്ഥാപനങ്ങൾക്കും, കമ്പനികൾക്കും, വ്യക്തികൾക്ക് പോലും തങ്ങളുടെ കാർബൺ പാദമുദ്ര കുറയ്ക്കാൻ കാർബൺ ക്രെഡിറ്റുകൾ സഹായിക്കും. ക്യോട്ടോ ഉടമ്പടിയുടെ കാലഘട്ടത്തിൽ തുടക്കമിട്ട കാർബൺ വ്യാപാരം പാരിസ് ഉടമ്പടിയിലും ആവർത്തിക്കുന്നുണ്ട്. 

കാർബൺ ക്രെഡിറ്റ് പരിപാടി കൃഷിയിൽ സാധാരണമല്ല. അനുയോജ്യ പദ്ധതികളുടെ കുറവും അളക്കാനുള്ള ബുദ്ധിമുട്ടും ക്രെഡിറ്റുകൾ ഉണ്ടായി വരാനുള്ള താമസവും കാരണങ്ങളാണ് (‘ഗ്രീൻ വാഷിംഗ്’  എന്ന പ്രയോഗം ഉണ്ടായത് കാർബൺ ക്രെഡിറ്റിലെ കളളക്കളികളിൽ നിന്നാണ്).     കാർബൺ ക്രെഡിറ്റിന് ‘അധികത’ (additionality) എന്ന വ്യവസ്ഥ നിർബന്ധമായത് കൊണ്ട്, നമ്മുടെ കൃഷിയിൽ നിന്നും എളുപ്പത്തിൽ  ‘കാർബൺ ക്രഡിറ്റ്’ നേടാം എന്ന് വിചാരിക്കുന്നവർ  ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. COP 29 ൽ ആർട്ടിക്കിൾ 6 അംഗീകരിച്ചുവെങ്കിലും, നടപ്പാക്കൽ രീതികൾ പൂർത്തീകരിച്ചിട്ടില്ല. ഗസറ്റ് വഴി പ്രഖ്യാപിച്ച ഇന്ത്യൻ കാർബൺ വിപണി 2026 ലെ സജ്ജമാകൂ.   

കാർബൺ നികുതി

ഒരു രാജ്യം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും കാർബൺ ഉൽസർജനത്തിന്മേൽ ചുമത്തുന്ന ഒരു തരം മലിനീകരണ നികുതിയാണ് (pollution tax) കാർബൺ നികുതി (carbon tax).  കാർബൺ ഉൽസർജനത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക ചെലവുകൾ ദൃശ്യമാക്കുക എന്നതാണ് കാർബൺ നികുതികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഉയർന്ന തോതിൽ ഉൽസർജനം നടത്തുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ പോലുള്ള ഒരു ഫോസിൽ ഇന്ധനം കത്തിക്കുമ്പോൾ, അതിന്റെ ഭൂരിഭാഗവും CO2 ആയി പരിവർത്തനം ചെയ്യപ്പെടുന്നു. അധിക ഹരിതഗൃഹവാതക ഉൽസർജനം കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നതിനാൽ, ഉൽപ്പന്ന ചക്രത്തിലെ ഏത് ഘട്ടത്തിലും അവയിലുള്ള കല്പിത കാർബണിന് മേൽ (embedded carbon) നികുതി ചുമത്തുന്നതിലൂടെ ഈ ബാഹ്യ സ്വാധീനം കുറയ്ക്കാൻ കഴിയും.

കാർബൺ ഡയോക്സൈഡ്, മീതയിൻ, നൈട്രസ് ഓക്സൈഡ്, ഫ്ലൂറിനേറ്റഡ് വാതകങ്ങൾ തുടങ്ങിയ വ്യത്യസ്ത തരം ഹരിതഗൃഹ വാതകങ്ങൾക്ക് കാർബൺ നികുതി ചുമത്താം. ഓരോ രാജ്യത്തിന്റെയും കാർബൺ നികുതിയുടെ വ്യാപ്തി വ്യത്യസ്തമാണ്. ഉദാഹരണത്തിന്, സ്പെയിനിന്റെ കാർബൺ നികുതി ഫ്ലൂറിനേറ്റഡ് വാതകങ്ങൾക്ക് മാത്രമേ ബാധകമാകൂ.  ഇതിനു വിപരീതമായി, അൽബേനിയ, ലിച്ചെൻ‌സ്റ്റൈൻ, ലക്സംബർഗ് എന്നീ രാജ്യങ്ങൾ അവരുടെ മൊത്ത ഹരിതഗൃഹ വാതക ഉൽസർജനത്തിന്റെ 72 ശതമാനത്തിലധികത്തിനും  കാർബൺ നികുതി ചുമത്തുന്നുണ്ട്. 

പൊരുത്തപ്പെടൽ (adaptation) 

യഥാർത്ഥമോ പ്രതീക്ഷിക്കുന്നതോ ആയ കാലാവസ്ഥാ ദുരന്തങ്ങൾക്കോ ​​അവയുടെ പ്രത്യാഘാതങ്ങൾക്കോ ​​പ്രതികരണമായി പ്രകൃതിയിലോ മനുഷ്യ വ്യവസ്ഥകളിലോ വരുത്തുന്ന   ക്രമീകരണങ്ങളാണ് ‘പൊരുത്തപ്പെടൽ’(adaptation). കാലാവസ്ഥാ മാറ്റത്തിന്റെ പ്രതികൂല ഫലങ്ങൾ മുൻകൂട്ടി കാണുകയും അവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ തടയുന്നതിനോ കുറയ്ക്കുന്നതിനോ ഉചിതമായ നടപടി സ്വീകരിക്കുക എന്നതാണ് ഇതിനർത്ഥം. സമുദ്രനിരപ്പ് ഉയരുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി കടൽത്തീര പ്രതിരോധങ്ങൾ നിർമ്മിക്കുന്നത് പോലുള്ള പ്രവർത്തികൾ, ഉയർന്ന ചൂട് നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക, ഉഷ്ണതരംഗങ്ങളിൽ ദുർബലരായ കുടുംബാംഗങ്ങളെയും അയൽക്കാരെയും പരിശോധിക്കുക, തുടങ്ങിയവ  പൊരുത്തപ്പെടൽ നടപടികളുടെ ഉദാഹരണങ്ങളാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്നുള്ള (ഉദാഹരണത്തിന്, സമുദ്രനിരപ്പ് ഉയരൽ, കൂടുതൽ തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ, അല്ലെങ്കിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ പോലുള്ളവ) അപകടസാധ്യതകൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. 

ശരിയായി മനസ്സിലാക്കേണ്ട കാര്യം പ്രാദേശികമായി ശരിയാക്കാൻ പറ്റുന്ന കാര്യമല്ല കാർബൺ എമിഷനും ആഗോള താപനവും എന്നതാണ്. കാലാവസ്ഥാ മാറ്റം ഒരു ആഗോള പ്രശ്നമാണെങ്കിലും, കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്തങ്ങ ഫലങ്ങൾ  പ്രാദേശിക തലത്തിലാണ് അനുഭവപ്പെടുക. പ്രളയം, ഉരുൾപൊട്ടൽ, വരൾച്ച, കടലാക്രമണം,  കാട്ടുതീ, ഉഷ്ണതരംഗങ്ങൾ എന്നിവ   എല്ലായിടത്തും  ഒരേ പോലെ അനുഭവപ്പെടുകയില്ല.  ഇവ ഉണ്ടാകുന്നതിൽ പ്രാദേശികസാഹചര്യങ്ങളാണ് പ്രധാന പങ്ക് വഹിക്കുന്നത്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  പൊരുത്തപ്പെടലിന്റെ  മുൻനിരയിൽ പ്രവർത്തിക്കേണ്ടി വരും. ലോകമെമ്പാടുമുള്ള നഗരങ്ങളും പ്രാദേശിക സമൂഹങ്ങളും സ്വന്തം കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രാദേശികമായി പൊരുത്തപ്പെടൽ നടപടികൾ എന്ന് പറഞ്ഞാൽ ദുരന്തം ഉണ്ടായതിനുശേഷമുള്ള പ്രവർത്തനങ്ങൾ മാത്രമല്ല. ഒരു പ്രത്യേക പ്രദേശത്ത് ദുരന്തങ്ങൾ ആവർത്തിച്ച് വരുന്നെങ്കിൽ കാരണങ്ങൾ ഉണ്ടാകും. അവയുടെ പരിഹാരം അല്ലെങ്കിൽ കുറയ്ക്കൽ എന്നിവയും പെടും. 

കേരളം പലതരം പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകാറുണ്ട്. വെള്ളപ്പൊക്കം, സുനാമി, ഭൂകമ്പം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റുകൾ, കാട്ടുതീ, വരൾച്ച, സമാനമായ മറ്റു കാലാവസ്ഥ സംബന്ധമായ സംഭവങ്ങൾ എന്നിവ ഇതിൽ  ഉൾപ്പെടുന്നു. ഇത്തരം കാലാവസ്ഥ അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ സംഭവങ്ങൾ സ്വഭാവിക കാരണങ്ങൾക്ക് പുറമെ, മനുഷ്യന്റെ പ്രവൃത്തികൾ തീവ്രതരമാക്കുന്നു. തത്ഫലമായി, സ്വത്ത് നഷ്ടം, മരണങ്ങൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവ സംഭവിക്കുന്നു.  കേരളത്തിന്റെ പർവതപ്രദേശങ്ങളിൽ ഇടക്കിടെയുണ്ടാകുന്ന ഉരുൾപൊട്ടൽ അഥവാ മണ്ണിടിച്ചിൽ ആശങ്കാജനകമാണ്. മഴയുടെ തീവ്രതയാണ് മണ്ണിടിച്ചിലിന് കാരണമാകുന്ന നിർണ്ണായക ഘടകം. ആഗോളതാപനം മൂലമുണ്ടാകുന്ന മഴയുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ മാറ്റങ്ങളുടെ ഫലമായി സമീപ ദശകങ്ങളിൽ മണ്ണിടിച്ചിലിന്റെ ആവൃത്തിയും തീവ്രതയും വർദ്ധിച്ചിട്ടുണ്ട്.

അറബിക്കടലിലെ താപനില വർദ്ധിച്ചതിനാൽ കേരളത്തിലെ മഴയുടെ രീതികളിൽ സമീപകാലത്ത് കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ട്, മഴ കൂടുതൽ കാലം നീണ്ടുനിന്നിരുന്നു.  എന്നാൽ സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് മേഘസ്ഫോടന തരത്തിലുള്ള മഴയിലേക്കുള്ള മാറ്റമാണ്. ചെറിയ പ്രദേശങ്ങളിൽ ഹ്രസ്വകാലത്തേക്ക് തീവ്രമായ മഴ പെയ്യുന്നതിനാൽ ഇത് ഉയർന്ന വേഗതയിൽ താഴേക്ക് വെള്ളം വേഗത്തിൽ ഒഴുകാൻ കാരണമാകുന്നു.

തീവ്ര കാലാവസ്ഥാ സംഭവങ്ങളിൽ നിന്ന് കൂടുതൽ ആഘാതമേൽക്കാനുള്ള സാധ്യതയെ കുറയ്ക്കാനുതകുന്ന പദ്ധതികൾ ഭരണകൂടങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് കാര്യക്ഷമമായ ഒരു പൊരുത്തപ്പെടൽ രീതിയാണ്. ഉദാഹരണത്തിന്,  ജീവിതോപാധികളുടെ വൈവിധ്യവൽക്കരണം, ആരോഗ്യ ഇൻഷുറൻസ്, ദുർബല വിഭാഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, ശുദ്ധജല ലഭ്യത ഉറപ്പാക്കൽ ഒക്കെ  ഇതിനുള്ള മാർഗങ്ങളിൽ പെട്ടവയാണ്. ഇത്തരം ക്ഷേമനടപടികൾ കാലാവസ്ഥാ അഭയാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ സഹായകമാണ്. ഗുരുതരമായ സാഹചര്യങ്ങളിൽ ജനസമൂഹങ്ങളെ ഒന്നാകെ മാറ്റിപ്പാർപ്പിക്കുന്നതും ഒരു പൊരുത്തപ്പെടൽ മാർഗമാണ്. 

കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടുന്നതിനുള്ള മാർഗങ്ങൾ 

വർദ്ധിച്ചുവരുന്ന താപനിലയും, തുടർന്നുള്ള മറ്റു  പ്രശ്നങ്ങളും നമുക്ക് അഭിമുഖീകരിച്ചേ മതിയാകൂ.  ഇവയുമായി എങ്ങനെ പൊരുത്തപ്പെടാം എന്നതിന്റെ ചില ഉദാഹരണങ്ങൾ കൊടുക്കുന്നു. 

പ്രളയം, ഉരുൾപൊട്ടൽ, ഭൂകമ്പം, കാറ്റ്  തുടങ്ങിയ ഭീഷണികൾ നിലനില്ക്കുന്ന പ്രദേശങ്ങളിൽ  നിർമ്മിതികൾ പണിതുയർത്തുന്നത് ദുരന്ത സാധ്യത കണക്കിലെടുത്ത് വേണം. 

കടൽഭിത്തികൾ നിർമ്മിക്കുന്നതും കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നതും കടലാക്രണവും, സമുദ്രനിരപ്പ് ഉയരുന്നതിൽ നിന്നും ആളുകളെയും കെട്ടിടങ്ങളെയും സംരക്ഷിക്കാൻ സഹായിക്കുന്നു. ചില സന്ദർഭങ്ങളിൽ, കടലിനോട് വളരെ അടുത്ത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിത്താമസിക്കേണ്ടി വരും. 

അടിസ്ഥാന സൗകര്യങ്ങൾ (infrastructure)  ഉയർത്തുക എന്നതിനർത്ഥം വെള്ളപ്പൊക്കത്തിൽ നിന്നുള്ള  കേടുപാടുകൾ ഒഴിവാക്കാൻ റോഡുകൾ, പാലങ്ങൾ, വീടുകൾ എന്നിവ കൂടുതൽ ഉയർത്തി നിർമ്മിക്കുക എന്നാണ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ വീട് വെക്കുന്നത് വിലക്കുന്നതും മാറ്റിത്താമസിപ്പിക്കുന്നതുമൊക്കെ പൊരുത്തപ്പെടൽ നടപടികളിൽ ഉൾപ്പെടും.  

കാലാവസ്ഥാ മാറ്റം ഇടയ്ക്കിടെയുള്ളതും കഠിനവുമായ വരൾച്ചയ്ക്ക് കാരണമാകുന്നു, ജലലഭ്യതയും കുറയുന്നു. വെള്ളം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെയും അത് പുനരുപയോഗം ചെയ്യുന്നതിലൂടെയും, എല്ലാവർക്കും ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയും. ചോർച്ചയുള്ള പൈപ്പുകൾ ശരിയാക്കുക, മഴവെള്ളം ശേഖരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടുന്നതിന് വനങ്ങൾ, തണ്ണീർത്തടങ്ങൾ, കാവുകൾ, പുൽമേടുകൾ തുടങ്ങിയ പ്രകൃതിദത്ത പ്രദേശങ്ങളെ സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. നിലം നികത്തൽ, വനനശീകരണം എന്നിവക്കെതിരെ ജാഗ്രത പാലിക്കണം. ഈ ലാൻഡ്സ്കേപ്പുകൾ കാർബൺ സിങ്കുകളായി പ്രവർത്തിക്കുന്നത് കൂടാതെ ജലലഭ്യതയും സൂക്ഷ്മകാലാവസ്ഥയും  (microclimate)  മെച്ചപ്പെടുന്നതിനും കാരണമാകുന്നു. അതായത് അവ പുറത്തുവിടുന്നതിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നു. നഗര പ്രദേശങ്ങളിൽ പാതയോര വൃക്ഷങ്ങൾ,  അലങ്കാര വൃക്ഷങ്ങൾ,  പച്ചതുരുത്തുകൾ, പാർക്കുകൾ എന്നിവ സൃഷ്ടിക്കുന്നത് പ്രാദേശികമായി ചൂട് കുറയാൻ സഹായിക്കുന്നു. 

വന്യജീവികളുടെ സാന്നിധ്യം മനുഷ്യരുടെ താൽപ്പര്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ്  പൊതുവിൽ ‘മനുഷ്യ-വന്യജീവി സംഘർഷം’ (human-animal  conflict) എന്നു പറയുന്നത്. വന്യജീവികളെയും അവയുടെ ആവാസ വ്യവസ്ഥകളെയും പിന്തുണയ്ക്കുന്നത് നമുക്ക് അതിജീവിക്കാൻ ആവശ്യമായ നിർണായക ആവാസവ്യവസ്ഥ സേവനങ്ങൾ നിലനിർത്തുകയും കാർബൺ ചക്രത്തെയും വേർതിരിക്കലിനെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. വന്യജീവികളും മനുഷ്യരുമായി നിരന്തരം സംഘർഷങ്ങൾ ഉണ്ടാവുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കി പരിഹാരങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.  

മനുഷ്യന് ആവശ്യമുള്ളത്ര ഭക്ഷണം കൃഷിചെയ്തുണ്ടാക്കണമെങ്കില്‍ സൂര്യപ്രകാശം, മഴ, ഊഷ്മാവ് തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങള്‍ അനുകൂലമായിരിക്കണം. ഇവയില്‍ മാറ്റം വരുന്നത് കാര്‍ഷികോല്പാദനത്തേയും ഭക്ഷ്യോല്പാദനത്തേയും ബാധിക്കും. കാലാവസ്ഥാ മാറ്റം ഇന്ത്യയിലെ കൃഷിയെ ബാധിക്കാൻ പോകുന്നത് പ്രധാനമായും വരൾച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ  എന്നിവയിലൂടെയാണ്. വരൾച്ച ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും വഴിവെക്കും. ഇത് ദാരിദ്ര്യത്തിലേക്കും പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.  കൂടാതെ ഗ്രാമപ്രദേശങ്ങളിൽ  ഉണ്ടാകുന്ന വരുമാനക്കുറവ് സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കും.  കാലാവസ്ഥാ ദുരന്തങ്ങളെ നേരിടുന്നതിനും, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യോജിച്ച തരത്തില്‍ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. കാര്‍ഷിക ഗവേഷണ മേഖലയില്‍ വന്‍ മുതല്‍മുടക്ക് വേണ്ടി വരുന്ന ഒരു രംഗം കൂടിയാണിത്. 

കൃഷി മേഖലയിലെ പൊരുത്തപ്പെടൽ രീതികൾ കാലാവസ്ഥാ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കെല്പുള്ളവയാകണം. പ്രധാനപ്പെട്ട   പൊരുത്തപ്പെടൽ രീതികൾ താഴെ കൊടുക്കുന്നു. 

കാലാവസ്ഥാ പ്രതിരോധം (resilience)  

കാലാവസ്ഥാ പ്രതിരോധം (resilience) എന്നത് സാമൂഹിക ക്ഷേമത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങൾ മാത്രം വരുത്തിക്കൊണ്ട് അപകടകരമായ കാലാവസ്ഥാ സംഭവങ്ങളുടെ ആഘാതങ്ങൾക്ക് തയ്യാറെടുക്കാനും പ്രതികരിക്കാനും വീണ്ടെടുക്കാനുമുള്ള ശേഷിയാണ്.  അടിസ്ഥാന സൗകര്യങ്ങൾ, നയരൂപീകരണം, സേവനങ്ങൾ, ആസൂത്രണം, വിദ്യാഭ്യാസം, ആശയവിനിമയം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അതുപോലെ തന്നെ, കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിന്, കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതങ്ങളെ നേരിടാനും വീണ്ടെടുക്കാനുമുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് സമഗ്രവും ബഹുമുഖവുമായ സമീപനം ആവശ്യമാണ്.

‘പൊരുത്തപ്പെടൽ’, ‘പ്രതിരോധം’ എന്നിവ നയരൂപീകരണത്തിലും അക്കാദമിക് വ്യവഹാരങ്ങളിലും പലപ്പോഴും പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്. അവ പരസ്പര പൂരക ആശയങ്ങളാണെങ്കിലും, പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളുണ്ട്. അടിസ്ഥാനപരമായി, പൊരുത്തപ്പെടൽ എന്നത് ഒരു ജീവിയെ ഒരു പുതിയ പരിതസ്ഥിതിയിൽ നന്നായി അതിജീവിക്കാൻ കഴിയുന്ന തരത്തിൽ മാറ്റുന്ന ഒരു പ്രക്രിയയെയോ പ്രവർത്തനത്തെയോ സൂചിപ്പിക്കുന്നു. അതേസമയം ‘പ്രതിരോധം’  എന്നത് ആഘാതങ്ങളെ മുൻകൂട്ടി കാണാനും നേരിടാനും അവയുടെ ആഘാതങ്ങളിൽ നിന്ന് സമയബന്ധിതമായും കാര്യക്ഷമമായും കരകയറാനുമുള്ള ശേഷിയെയോ കഴിവിനെയോ സൂചിപ്പിക്കുന്നു. പ്രതിരോധം പലപ്പോഴും പൊരുത്തപ്പെടലുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊരുത്തപ്പെടൽ എന്നത് യഥാർത്ഥമോ പ്രതീക്ഷിക്കുന്നതോ ആയ കാലാവസ്ഥയുമായും അതിന്റെ ഫലങ്ങളുമായും പൊരുത്തപ്പെടുന്ന പ്രക്രിയയാണെങ്കിലും, പ്രതിരോധം എന്നത് ഈ പ്രത്യാഘാതങ്ങൾക്ക് തയ്യാറെടുക്കാനുള്ള യഥാർത്ഥ ശേഷിയാണ്. പ്രത്യേകിച്ച് അപകടകരമായ കാലാവസ്ഥാ സംബന്ധിയായ സംഭവങ്ങളിൽ നിന്ന് ഒഴിവാകാനുള്ള  ശേഷി. 

ഒരു ദൂരന്തമുണ്ടായാൽ ഉടൻ തന്നെ അതുമായി പൊരുത്തപ്പെടാനും അതിജീവിക്കാനുമുള്ള  തന്ത്രങ്ങളുണ്ടായിരിക്കണം. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ  ഉടൻതന്നെ പരിഹരിക്കപ്പെടണം. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ (early warning systems, EWS), പൊതുജന അവബോധ പ്രചാരണങ്ങൾ എന്നിവയുൾപ്പെടെ തന്ത്രങ്ങളിലെ മാറ്റം നിർണായകമാകും. സമയബന്ധിതമായി മുന്നറിയിപ്പുകൾ നൽകാനും ഭാവിയിലെ ഭീഷണികളോട് പ്രതികരിക്കാൻ ആളുകളെ പ്രാപ്തരാക്കാനും ഫലപ്രദമായ EWS ആവശ്യമാണ്. ഉദാഹരണത്തിന്, ഉരുൾപൊട്ടൽ സാധ്യത ചിത്രീകരിക്കുന്ന ഉയർന്ന റെസല്യൂഷൻ ഭൂപടങ്ങൾ താമസക്കാരുടെ ശ്രദ്ധയിൽപ്പെടുത്തണം. അപകടസാധ്യത കുറയ്ക്കൽ, ശേഷി വർദ്ധിപ്പിക്കൽ, ദുരന്ത പ്രതിരോധം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്.

ജനങ്ങളുടെ പിന്തുണയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും  ആവശ്യമാണ്. 2018 ലെ വെള്ളപ്പൊക്കത്തിനുശേഷം, കേരളം ഈ ദിശയിൽ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവസ്ഥാ മാറ്റം കൈകാര്യം ചെയ്യുന്നതിനായി ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഭാവിയിൽ ദുരന്തങ്ങൾ ഒഴിവാക്കാൻ, അതിജീവന മേഖലയിൽ കൂടുതൽ അറിവ് സൃഷ്ടിക്കേണ്ടതുണ്ട്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും അത് ഇത്തരം പ്രകൃതി ദുരന്തങ്ങൾക്ക് എങ്ങനെ കാരണമാകുന്നു എന്നതിനെക്കുറിച്ചും അവബോധം ഉണ്ടായിരിക്കണം. കാലാവസ്ഥാ ദുരന്തങ്ങളിൽ നിന്നുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിലുള്ള ഗവേഷണം, നിരീക്ഷണ സംവിധാനങ്ങൾ, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയ്ക്ക് ധനസഹായം ലഭ്യമാക്കണം.

കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള രീതികളുടെ ഉദാഹരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്:

കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി

മാറുന്ന കാലാവസ്ഥയോടും പരിസ്ഥിതിയോടും ഇണങ്ങുന്ന കാർഷിക രീതികൾ വഴി വിളകളുടെ ഉൽപാദനക്ഷമത നിലനിർത്തുകയും ഉയർത്തുകയുമാണ് ‘കാലാവസ്ഥയെ വെല്ലുന്ന കൃഷി’ (Climate Smart Agriculture, CSA)   അഥവാ ‘കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി’ (Climate Resilient Agriculture) കൊണ്ട് ഉദ്ദേശിക്കുന്നത്.

CSA മൂന്ന് പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിടുന്നു: സുസ്ഥിരമായി കാർഷിക ഉൽപ്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുക; കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക; സാധ്യമാകുന്നിടത്തെല്ലാം ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കുകയും അല്ലെങ്കിൽ നീക്കം ചെയ്യുകയും ചെയ്യുക. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ലഘൂകരണം (mitigation), പൊരുത്തപ്പെടൽ (adaptation),  പ്രതിരോധം (resilience)എന്നിവയെല്ലാം കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി എന്ന ആശയത്തിൽ അടങ്ങിയിരിക്കുന്നു.  

ലോക ഭക്ഷ്യ കാർഷിക സംഘടന പറയുന്ന പ്രകാരം നാലു മികച്ച കാര്യങ്ങളെ CSA പിന്തുണയ്ക്കുന്നു: മികച്ച ഉൽപ്പാദനം, മികച്ച പോഷകാഹാരം, മികച്ച പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം എന്നിവയാണവ.  ഇങ്ങിനെ ചെയ്യുമ്പോൾ ആരും പിന്നിലായി പോകാതെയും നോക്കണം (Leaving  no one behind (LNOB) ഐക്യരാഷ്ട്രസഭയുടെ വികസന കാഴ്ചപ്പാട് ആണ്). കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി എങ്ങിനിയായിരിക്കുമെന്ന് തീരുമാനിക്കുന്നത് പ്രാദേശിക, സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക, കാലാവസ്ഥാ ഘടകങ്ങളെ ആശ്രയിച്ചാണ്.  ദേശീയ ഭക്ഷ്യസുരക്ഷയും ഉപജീവന സുരക്ഷയും, വികസന ലക്ഷ്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം സുസ്ഥിരതയിൽ ഊന്നിയുള്ള ഉൽപ്പാദനക്ഷമതാ വർദ്ധനവ്, പ്രതിരോധശേഷി, ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കൽ അഥവാ നീക്കം ചെയ്യൽ എന്നിവ സാധ്യമാക്കുന്ന കൃഷിരീതികളാണ് CSAയിൽ ഉൾപ്പെടുകകേരളത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളെപ്പോലെ വ്യാവസായിക കൃഷി കേരളത്തിലില്ല എന്ന കാര്യം ആദ്യമേ മനസ്സിൽ വെക്കണം. അത് പോലെ തന്നെ, വടക്കേ ഇന്ത്യയിലെപ്പോലെ ഖരീഫ്, റാബി എന്നീ കൃഷിക്കാലങ്ങളെ കേന്ദ്രീകരിച്ചുള്ള സീസണൽ വിളകളല്ല നമ്മുടെ പ്രധാന വിളകൾ എന്നതും ഓർക്കണം.  ചിരസ്ഥായി വിളകളും പുരയിടാധിഷ്ഠിത കൃഷിയും ആധിപത്യം സ്ഥാപിക്കുന്ന ഇവിടെ പുനരുജ്ജീവന കൃഷിയുടെ (regenerative agriculture) തത്വങ്ങൾ മിക്കവാറുമൊക്കെ നാമറിയാതെ തന്നെ ഉൾച്ചേരുന്നുന്നുണ്ട് എന്ന വാസ്തവവും  അംഗീകരിക്കണം. നമ്മുടെ കൃഷി കാർബൺ ന്യൂട്രൽ മാത്രമല്ല കാർബൺ നെഗറ്റീവുമാണ് എന്ന  യാഥാർത്ഥ്യവും കണക്കിലെടുക്കണം.  സുസ്ഥിര വികസനവും ഭക്ഷ്യസുരക്ഷയും കൈവരിക്കാൻ കാലാവസ്ഥക്കനുസരിച്ച് കൃഷിയിൽ  മാറ്റങ്ങൾ കൊണ്ട് വരണം. സംയോജിത തന്ത്രങ്ങളാണ് ആവശ്യം. ഇത് വഴി കാർഷിക രംഗത്ത് കാലാവസ്ഥാമാറ്റം ഉയർത്തുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ നേരിടാനാകും.


CLIMATE DIALOGUE

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശൃംഖലകൾ തകർക്കാൻ ഒരു പ്ലാൻ ബി – Kerala Science Slam
Close