Read Time:21 Minute

കാലാവസ്ഥാ സുരക്ഷ : ഓർമ്മകൾ ഉണ്ടായിരിക്കണം

2022 നവംബർ 6 മുതൽ 18 വരെ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ (Sharm El Sheikh)  നടക്കുന്ന COP27 ന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാസുരക്ഷയെ സംബന്ധിച്ച് ഓർമ്മിക്കേണ്ട കാര്യങ്ങൾ

ഡോ.ഗോപകുമാർ ചോലയിൽ എഴുതുന്നു…


കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾക്ക് കടിഞ്ഞാണിടുക എന്ന ഉദ്ദേശ്യത്തിൽ 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ (COP15) കൈകൊണ്ട സുപ്രധാന തീരുമാനമായിരുന്നു താപവർദ്ധനാ പരിധി 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുകയെന്നത്. എന്നാൽ, അതിനുശേഷം കാലാവസ്ഥാ ഉച്ചകോടികൾ പലതുകഴിഞ്ഞിട്ടും മേൽ ആഹ്വാനം ഇപ്പോഴും ആഹ്വാനമായിത്തന്നെ തുടരുന്നു. അതിന്നിടയിൽ, താപവർധനാപരിധി 2.0 ഡിഗ്രി ആയി പരിമിതപ്പെടുത്തി തീരുമാനിക്കുന്നതാണ് അഭികാമ്യവും കൂടുതൽ പ്രായോഗികവും എന്ന വാദം പ്രബലമാവുകയും ചെയ്യുന്നു. 1.5 ഡിഗ്രി ആയാലും, അതല്ല 2.0 ഡിഗ്രി ആയാലും താപവർധനാപരിധി മേൽ അതിർവരമ്പുകൾ ലംഘിക്കപ്പെടാതെ എങ്ങനെ നിലനിർത്താം എന്ന വിഷയം സംബന്ധിച്ച് ചർച്ചകളോ സംവാദങ്ങളോ ഏതാണ്ട് നിലച്ചമട്ടാണ്. ഈ വിഷയത്തിൽ തുടരുന്ന ആപത്കരമായ മൗനം ഭഞ്ജിക്കുവാൻ ഒരു ഉന്നതാധികാരകമ്മീഷന് രൂപം നൽകാനുള്ള തീരുമാനമുണ്ടായത് അങ്ങനെയാണ്. കാലാവസ്ഥാവ്യതിയാനത്തോടുള്ള അനുകൂലനതന്ത്രങ്ങൾ മെച്ചപ്പെടുത്തുക, അന്തരീക്ഷത്തിൽ നിന്ന് കാർബൺഡയോക്‌സൈഡ് നീക്കംചെയ്യൽ പ്രക്രിയ കാര്യക്ഷമമാക്കുക, താപലഘൂകരണാർത്ഥം നൂതനസാങ്കേതികവിദ്യകൾ അവതരിപ്പിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള 15 ഇന നിർദ്ദേശങ്ങൾ നടപ്പാക്കൽ ഘട്ടത്തിലാണ്. താപനം നിയന്ത്രണവിധേയമായി നിലനിർത്തുവാൻ സമൂഹം അവലംബിക്കേണ്ട പ്രവർത്തനശൈലികൾ എന്തൊക്കെയാണെന്നും അവ പ്രായോഗികതലത്തിൽ വരുത്തുന്ന പക്ഷം സമൂഹത്തിന്റെ പ്രവർത്തന രീതികളെയും താത്‌പര്യങ്ങളെയും എപ്രകാരം ബാധിക്കുമെന്നുമുള്ള വിഷയങ്ങൾ നിയുക്തമായ ഉന്നതാധികാരകമ്മീഷൻ പരിശോധിച്ച് കണ്ടെത്തും.

ആഗോളതാപനം കുറക്കുവാൻ അവശ്യംവേണ്ട പ്രാഥമിക ഉപാധി ഹരിതഗൃഹവാതക ഉത്സർജനത്തിൽ കുറവ് വരുത്തുകയെന്നതാണ്. എന്നാൽ, ഇതിന് പുറമേ  മറ്റെന്തെങ്കിലും നടപടികൾ കൂടി വേണ്ടിവരുമോ എന്നതും പരിശോധിക്കപ്പെടും. കാലിഫോർണിയ യൂണിവേഴ്സിറ്റി പരിസ്ഥിതി-നിയമ വിഭാഗം പ്രൊഫസർ ആയ എഡ്‌വേഡ്‌ പാഴ്‌സൺ (Edward Parson) താപനം താഴ്ത്തുന്നതിൽ കാലാവസ്ഥാ എഞ്ചിനീറിങ്ങിന്റെ സാദ്ധ്യതകൾ വിലയിരുത്തുവാൻ ഒരു കമ്മീഷൻ രൂപീകരിക്കുകയെന്ന ആശയം 2017ൽ മുന്നോട്ട് വെച്ചിരുന്നു.

താപനാധിക്യം എന്ന പ്രശ്നത്തെ ലോകം എപ്രകാരം നേരിടും എന്ന വിഷയം ഇപ്പോഴും വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നില്ലായെന്ന് വേണം കരുതാൻ. ഈ വിഷയത്തിന്റെ ആപത്ക്കരമായ വ്യാപ്‌തി വേണ്ടത്ര ഗൗരവത്തോടെ ഉൾക്കൊണ്ടാൽ മാത്രമേ താപനപരിധി 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യപ്രാപ്തിക്കാവശ്യമായ പ്രവർത്തന ശൈലികളിലേക്ക് ലോകം നീങ്ങുകയുള്ളു. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ നിലവിലെ അംഗീകൃത പരിധിയായ 1.5 ഡിഗ്രി അതിക്രമിക്കുവാനുള്ള സാധ്യതകൾക്കാണ് മുൻ‌തൂക്കം. കാലാവസ്ഥാസംരക്ഷണ ശൈലികൾ പരിപൂർണ്ണമായി അനുവർത്തിച്ചാൽ പോലും 2030-ഓടെ അല്ലെങ്കിൽ അങ്ങേയറ്റം ഈ നൂറ്റാണ്ടിന്റെ മധ്യത്തോട് കൂടിയെങ്കിലും 1.5 ഡിഗ്രി  വരെ താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുന്നു.

അന്തരീക്ഷത്തിൽ നിന്ന് അധിക കാർബൺ നീക്കം ചെയ്യുവാൻ ഒന്നുകിൽ വനവത്കരണം പോലുള്ള ജൈവപരിഹാരരീതികൾ പരീക്ഷിക്കാം; അതല്ലെങ്കിൽ അന്തരീക്ഷത്തിൽ നിന്ന് കാർബൺഡയോക്‌സൈഡ് നേരിട്ട് നീക്കംചെയ്യുന്നത് പോലുള്ള സാങ്കേതികവിദ്യകൾ അനുവർത്തിക്കാം. ആദ്യത്തെ രീതിയിൽ ഭക്ഷ്യോൽപാദനത്തിനുള്ള വയലുകൾക്കും കൃഷിയിടങ്ങൾക്കും പകരം വനങ്ങൾ നട്ട്പിടിപ്പിക്കുന്നത് ഭക്ഷ്യോത്പാദനരംഗത്ത് സംഘർഷാവസ്ഥയും വെല്ലുവിളികളും ഉയർത്തും എന്നതിനാൽ അത് പ്രായോഗികതലത്തിൽ കൊണ്ടുവരുന്നത് എളുപ്പമല്ല. അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യുന്ന സാങ്കേതികവിദ്യയാകട്ടെ വളരെയധികം ഊർജ്ജം ആവശ്യമായതും ചെലവേറിയതുമാണ്. ഐ പി സി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപവർദ്ധനവ് 2.0 ഡിഗ്രി പരിധി ഭേദിക്കാതെ നിർത്തുവാൻ അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യേണ്ടത് വളരെയേറെ അടിയന്തിര പ്രാധാന്യമർഹിക്കുന്ന വിഷയമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

വളരെ ത്വരിതഗതിയിൽ, വളരെ ഫലപ്രദമായി ഉത്സർജനം വെട്ടിക്കുറക്കുക എന്നത് മാത്രമാണ് ഫലപ്രദമായ പോംവഴി. എന്നാൽ, ഇത് അസാധ്യമാകുന്ന പക്ഷം വ്യോമഗതാഗതം, കൃഷി, വ്യവസായം എന്നീ മേഖലകൾ പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനോ അഥവാ അന്തരീക്ഷത്തിലേക്ക് എത്തിച്ചേരാതിരിക്കുന്നതിനോ ഇതര മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. 2050-മാണ്ട് വരെ ഓരോ വർഷവും 5 ബില്യൺ ടൺ കാർബൺഡയോക്‌സൈഡ് എങ്കിലും അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്താൽ മാത്രമേ താപവർധനാപരിധി 2.0 ഡിഗ്രി യിൽ താഴെയായി നിയന്ത്രിച്ച് നിർത്തുവാനുള്ള ശ്രമങ്ങൾ പോലും സാക്ഷാൽക്കരിക്കപ്പെടുകയുള്ളു. മാത്രമല്ല, ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ പ്രതിവർഷം നീക്കംചെയ്യേണ്ട കാർബൺഡയോക്‌സൈഡിന്റെ അളവ് 13 ബില്യൺ ആയി ഉയർത്തുകയും വേണം. ഈ വിഷയത്തിൽ ഉണ്ടാകുന്ന കാലതാമസം കാലാവസ്ഥാസംരക്ഷണ ശ്രമങ്ങൾക്ക് കനത്തപ്രഹരമേല്പിക്കും. കാലാവസ്ഥാസംരക്ഷണ നിർദ്ദേശങ്ങൾ താൽക്കാലികമായി പോലും അതിലംഘിക്കുന്നത് മനുഷ്യസമൂഹത്തിന് മാത്രമല്ല, ലോകത്തെമ്പാടുമുള്ള ആവാസവ്യൂഹങ്ങൾക്കും അത്യന്തം ഭീഷണിയാണ്. ഹിമപാളികൾ, കനത്തഹിമാനികൾ എന്നിവ ഉരുകിയൊലിക്കുന്നതും സമുദ്രനിരപ്പ് ഉയരുന്നതും പോലുള്ള താപനപ്രത്യാഘാതങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്താൻ ആയിരക്കണക്കിന് വർഷങ്ങൾ എടുത്തേക്കാം.

2030-മാണ്ടോടെ അന്തരീക്ഷത്തിൽ നിന്ന് പ്രതിവർഷം 100 മില്യൺ മെട്രിക് ടൺ കാർബൺഡയോക്‌സൈഡ് നീക്കം ചെയ്യുവാനുള്ള ഒരു സംരംഭത്തിന് യു.എസ്, കാനഡ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങൾ സഹകരണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ, കാലാവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ യു.എസ്, യു.കെ എന്നിവിടങ്ങളിൽ നടന്നുവരുന്ന ഗവേഷണ പദ്ധതികളെ പിന്തുണക്കുവാനും കാർബൺഡയോക്‌സൈഡ് നീക്കം ചെയ്യുവാൻ ഉതകുന്ന രീതിയിൽ യൂറോപ്യൻ യൂണിയൻ വികസിപ്പിക്കുന്ന പദ്ധതികൾക്ക് പിന്തുണ നൽകുവാനും ശ്രമങ്ങളുണ്ട്. ഗവേഷണം, സംരംഭകത്വം എന്നീ രംഗങ്ങളിൽ കാർബൺ നീക്കംചെയ്യൽസാങ്കേതികവിദ്യകൾക്ക് വളരെയധികം പ്രസക്തിയും സാദ്ധ്യതകളും ഉണ്ട്. ഇത്തരം സാങ്കേതിക വിദ്യകളുടെ പ്രവർത്തനച്ചെലവ് അധികം ഭാരിച്ചതല്ലെങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ അവയുടെ ഉപയോഗം ഉറപ്പാക്കാനാവൂ. പൊതുവേ, സർക്കാർ മേഖലകളെ അപേക്ഷിച്ച് സ്വകാര്യമേഖലയാണ് ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതായി കാണുന്നത്.

കാർബൺ നീക്കംചെയ്യൽ സാങ്കേതികവിദ്യകളിൽ ഗവേഷണത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ധനസഹായം നൽകുവാൻ ഭരണകൂടങ്ങൾ മുന്നോട്ട് വരണം. ഐക്യ രാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാന ചർച്ചകളിൽ ആകട്ടെ, ഈ വിഷയം ഒട്ടും തന്നെ പരിഗണിക്കപ്പെട്ടിട്ടില്ല. ഏതാനും ചില ഐ പി സി സി (IPCC) വിദഗ്ധരുടെ അഭിപ്രായത്തിൽ താപവർധന പരിധി 1.5 ഡിഗ്രി യിൽ പരിമിതപ്പെടുത്തേണ്ടത് ഇപ്പോഴത്തെ നിലയിൽ അനിവാര്യമാണ്; എന്നാൽ, 1.5 ഡിഗ്രി എന്നപരിധി അതിലംഘിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യങ്ങൾ വ്യാപകമായി ഉണ്ടാകുന്ന പക്ഷം അക്കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്താവുന്നതുമാണ്. ഫലത്തിൽ, ഉത്സർജനം പൂർണ്ണമായി നിർത്തിവയ്ക്കുവാൻ രാഷ്ട്രങ്ങൾ സമ്മതം നൽകിയിട്ടുണ്ടെങ്കിൽ പോലും അക്കാര്യത്തിൽ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന അത്രയും ഹരിത ഗൃഹവാതകങ്ങൾ ആഗിരണം ചെയ്യുക വഴിയാണ് ഇപ്പോൾ ‘നെറ്റ് സീറോ’ ഉത്സർജനം സാധ്യമാക്കാൻ പോകുന്നത്. ഉത്സർജ്ജനം നിർത്തിവക്കുന്നതിൽ മാത്രമല്ല, അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയകളിൽ വരെ എല്ലാ രാഷ്ട്രങ്ങൾക്കും ഉത്തരവാദിത്വവും പ്രതിബദ്ധതയും ആവശ്യമാണ്. എന്നാൽ, സമ്പന്നരായ പ്രമുഖവികസിത രാഷ്ട്രങ്ങൾ ഈയൊരു നിബന്ധനയോട് മുഖം തിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. മലിനീകൃതമായ അവസ്ഥയിലുള്ള ഊർജ-ഭക്ഷ്യ-വ്യവസായ മേഖലകളെ ശുദ്ധീകരിച്ചെടുക്കുവാൻ കനത്ത ചെലവ് വേണ്ടിവരും. കാർബൺ നീക്കം ചെയ്യുന്നതിലൂടെ അന്തരീക്ഷം ശുദ്ധീകരിക്കാമല്ലോ എന്ന് വാദിക്കുന്നവരാകട്ടെ, മലിനീകരണം നടത്തുന്നവരെ പിൻതുണയ്ക്കുകയും തുടർന്ന് മലിനമായ മേഖലകൾ ധാരാളം പണം ചെലവിട്ട് ശുദ്ധീകരിക്കുകയും ചെയ്യുക എന്ന സമീപനത്തിന്റെ വക്താക്കളാവുകയുമാണ് ചെയ്യുന്നത്. കാലാവസ്ഥാസുരക്ഷയുടെ കാര്യത്തിൽ കപടമായ ഹരിതസമീപനം മാത്രമാണ് ഇക്കൂട്ടർക്കുള്ളത്. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങൾ നീക്കംചെയ്യുവാൻ സാങ്കേതികവിദ്യകൾ ഉള്ളിടത്തോളം കാലം ഉത്സർജനത്തെക്കുറിച്ച് എന്തിന് വേവലാതിപ്പെടുന്നു എന്ന ഒരു മനോഭാവവും പൊതുസമൂഹത്തിൽ വ്യാപകമായി വരുന്നു.

ഈ ദശാബ്ദത്തിന്റെ അവസാനവും (2030) ഉത്സർജനം വെട്ടിച്ചുരുക്കൽ വേണ്ടത്ര കാര്യക്ഷമമല്ലായെങ്കിൽ കാർബൺനീക്കംചെയ്യൽ സാങ്കേതികവിദ്യകളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ഉത്സർജനം ഊർജസ്വലമായി തുടരുന്ന അവസ്ഥയിലാകട്ടെ കാർബൺ നീക്കംചെയ്യൽ പ്രക്രിയയും അത്രത്തോളം വിപുലമായ തോതിൽ അവലംബിക്കേണ്ടി വരും. അതിന്റെ ചെലവിലേക്കുള്ള നിക്ഷേപം, പദ്ധതി ആസൂത്രണങ്ങൾ മുതലായവയെല്ലാം ഇപ്പോഴേ കരുതി വയ്‌ക്കേണ്ടതുണ്ട്. ജിയോഎഞ്ചിനീയറിങ്ങിന്റെ സാധ്യതകളുപയോഗിച്ച് ഭൂമിയിലെത്തിച്ചേരുന്ന സൗരവികിരണത്തോത് നിയന്ത്രിക്കുക വഴി ചൂട്കുറയ്ക്കുക എന്ന പ്രക്രിയയാവട്ടെ അന്തരീക്ഷത്തിൽനിന്ന് കാർബൺനീക്കംചെയ്യപ്പെടുന്ന പ്രക്രിയയെപ്പോലെതന്നെ വൈദഗ്ധ്യവും സൂക്ഷ്മതയും ആവശ്യപ്പെടുന്ന ഒന്നാണ്. മാത്രമല്ല, ഇത് പ്രായോഗിക തലത്തിലേക്കെത്തിക്കുവാൻ ധാരാളം കടമ്പകൾ കടക്കേണ്ടതുമുണ്ട്.

2021ൽ COP26 നടക്കുന്നതിനു മുന്പേ രാഷ്ട്രങ്ങൾ മുന്നോട്ട് വച്ച വാഗ്ദാനങ്ങളും ഉറപ്പുകളും പരിശോധിച്ച് വിലയിരുത്തിയത് പ്രകാരം താപവർധനാപരിധി 2.0 ഡിഗ്രിയിൽ താഴെയായി നിലനിർത്തപ്പെടുവാനുള്ള പ്രായോഗികസാധ്യത 50 ശതമാനം മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, രാഷ്ട്രങ്ങൾ സ്വമേധയാസമർപ്പിച്ച നിരുപാധികമായ ഉറപ്പുകൾ എല്ലാംതന്നെ നിശ്ചിതസമയത്തിനുള്ളിൽ പൂർണ്ണമായി നടപ്പാക്കപ്പെട്ടാൽ താപവർധന 2.0 ഡിഗ്രിയിൽ താഴെയായി നിയന്ത്രിച്ച് നിർത്താനായേക്കും. 2030-മാണ്ടോടെ സമയബന്ധിതമായി നടപ്പാക്കാനുദ്ദേശിച്ച കാര്യങ്ങൾക്കു പുറമേ, 1.5 ഡിഗ്രി താപവർധനാപരിധി മറികടക്കാതിരിക്കുവാനുള്ള IPCC മാനദണ്ഡങ്ങൾ കൂടി പൂർണ്ണമായി സാക്ഷാൽക്കരിക്കുന്നതിനെയും ആശ്രയിച്ചിരിക്കും ഇത്തരം നടപടിക്രമങ്ങളുടെ ആത്യന്തികഫലം

എന്നാൽ, നടപ്പാക്കൽപ്രക്രിയകകളിൽ സ്വാർത്ഥപ്രേരിത ഇടപെടലുകൾ ഉണ്ടാകുന്നപക്ഷം താപവർധനാപരിധിക്ക് കൂടുതൽ കൂടുതൽ ഇളവുകൾ അനുവദിക്കേണ്ടി വരുന്ന അവസ്ഥ തീർച്ചയായും ഉണ്ടാകും. താപവർധനാ പരിധിയിൽ എത്രത്തോളം വെള്ളം ചേർക്കുന്നുവോ, അത്രത്തോളം അശുഭകരമായിരിക്കും അതിന്റെ ആത്യന്തിക ഫലസിദ്ധിയും. താപവർധന പരിധി 2.0 ഡിഗ്രിക്ക് ‘തൊട്ടു താഴെ” (just below) യായി നിലനിർത്തുക എന്നതിലാണ് രാഷ്ട്രങ്ങളും അവ നൽകിയ ഉറപ്പുകളും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ, 2.0 ഡിഗ്രിക്ക് “തൊട്ട് താഴെ” എന്ന നിലപാടിനപ്പുറം “ഏറെ താഴെ” (well below), കഴിയുമെങ്കിൽ 1.5 C എന്ന നിലപാട് സ്വീകരിക്കുന്നത്തിലൂടെ മാത്രമേ ഉദ്ദിഷ്ടഫലസിദ്ധി പ്രാപ്തമാവുകയുള്ളു. അതിന് വേണ്ടി, ഈ ദശകത്തിൽ തന്നെ ഉത്സർജനം ഗണ്യമായതോതിൽ വെട്ടിക്കുന്നതരത്തിലുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുകയോ, അതല്ലെങ്കിൽ ഉത്സർജനവും ആഗിരണവും തട്ടിക്കിഴിക്കുമ്പോൾ “നെറ്റ് സീറോ” അവസ്ഥയിൽ എത്തിച്ചേരാനുതകുന്ന നടപടിക്രമങ്ങൾ അടിയന്തിരമായി കൈകൊള്ളുകയോ ചെയ്യേണ്ടതാണ്.

2022 നവംബർ 6 മുതൽ 18 വരെ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ (Sharm El Sheikh)  നടക്കുന്ന COP27 ലും പ്രധാനമായും ഊന്നി പറയുന്ന വിഷയം കാലാവസ്ഥാ സംരക്ഷണം തന്നെയാണ്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കപ്പെടാറുള്ള കാലാവസ്ഥാഉച്ചകോടികളിൽ, കാലാവസ്ഥാ വ്യതിയാനം, താപനാധിക്യം എന്നിവയിലുള്ള ഉൽക്കണ്ഠകൾ പങ്കുവയ്ക്കപ്പെടുകയും അത്തരം സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള കർശനനിബന്ധന വ്യവസ്ഥകൾ ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുക പതിവുള്ളതാണ്. എന്നാൽ, പ്രയോഗികതലത്തിലെത്തുന്നതോടെ ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുവാൻ മാത്രമുള്ളവയായി തീരുന്നു എന്നതാണ് നിർഭാഗ്യകരം. താപവർധനാപരിധി ഇപ്പോൾ തീരുമാനിക്കപ്പെട്ടിട്ടുള്ള 1.5 ഡിഗ്രി  പോലും പ്രത്യാഘാതങ്ങളുടെ വ്യാപ്‌തി ലഘൂകരിക്കുവാൻ പര്യാപ്തമല്ല എന്നിരിക്കെ ഇക്കാര്യത്തിൽ എന്തുകൊണ്ട് ഇളവുകൾ അനുവദിക്കപ്പെടുന്നു എന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയപ്പെടേണ്ടതാണ്. തലേവർഷത്തെ കാലാവസ്ഥാഉച്ചകോടികൾ കൈക്കൊണ്ടതീരുമാനങ്ങൾ എത്രത്തോളം ലംഘിക്കപ്പെട്ടു എന്നതിന്റെ കുമ്പസാരമോ കുറ്റം പറച്ചിലോ നടത്താനുള്ള വേദികൾ മാത്രമായി പോവരുത് പിന്നീട് നടക്കുന്ന ഉച്ചകോടികൾ (COPകൾ). മറിച്ച്, ഓരോ ഉച്ചകോടിയിലെയും തീരുമാനങ്ങൾ എത്രത്തോളം നടപ്പാക്കാനായി എന്നതിന്റെ ചാരിതാർഥ്യത്തിലായിരിക്കണം അത്തരം വേദികൾ ഉദ്‌ഘോഷിക്കേണ്ടത്.


LUCA INTERACTIVES

കാലാവസ്ഥയും കാലാവസ്ഥാമാറ്റവും

കാലാവസ്ഥയുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ ക്രോഡീകരണം വായിക്കാം.. പദമേഘത്തിൽ തൊട്ട് ലേഖനങ്ങൾ വായിക്കാം

Happy
Happy
13 %
Sad
Sad
13 %
Excited
Excited
63 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post ഗ്രഹണക്കാഴ്ച്ചകൾ
Next post ജ്യോതിശ്ശാസ്ത്രരംഗം- പഠനാവസരങ്ങളും തൊഴിൽ സാധ്യതകളും – സെമിനാറിൽ പങ്കെടുക്കാം
Close