Read Time:20 Minute

ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പുതിയ തന്മാത്രകളെ നിർമ്മിക്കുകയാണ് രസതന്ത്രജ്ഞരുടെ പ്രധാന ജോലി. പലപ്പോഴും പ്രകൃതിയിൽ കാണുന്ന ജൈവരാസവസ്തുക്കളേയും അവയുടെ കുടുംബത്തിൽപ്പെട്ട മറ്റ് തന്മാത്രകളേയും ഒക്കെ ശാസ്ത്രജ്ഞർ നിർമ്മിക്കാറുണ്ട്. ഇങ്ങനെ നിർമ്മിക്കുന്ന പുതിയ തന്മാത്രകൾ മരുന്നായും, ചായങ്ങളായും മറ്റ് അവശ്യ വസ്തുക്കളായും നമ്മുടെ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താറുമുണ്ട്. തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉപയോഗപ്രദമായ പുതിയ രാസവസ്തുക്കൾ നിർമ്മിക്കുന്ന ലളിതവും ഫലപ്രദവുമായ വിദ്യ കണ്ടെത്തുകയും അത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് കോശത്തിനകത്തെ ജൈവവസ്തുക്കളുടെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്ത  രസതന്ത്രജ്ഞരാണ് ഇത്തവണത്തെ നൊബേൽ പുരസ്കാരം നേടിയത്.  കരോലിൻ ആർ ബെർട്ടോസി , മോർട്ടെൻ  മെൽഡൽ, കെ ബാരി ഷാർപ്ലസ് എന്നിവർ രസതന്ത്രനൊബേൽ തുല്യമായി പങ്കിട്ടു.

ക്ലിക് കെമിസ്ട്രി, ബയോഓർതോഗണൽ കെമിസ്ട്രി എന്നീ മേഖലകൾക്ക് തുടക്കമിട്ടതും വികസിപ്പിച്ചതുമാണ് ഈ  ശാസ്ത്രജ്ഞരെ നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്. ക്ലിക് കെമിസ്ട്രി എന്ന സങ്കേതം വികസിപ്പിച്ചതിനാണ് മോർട്ടെൻ  മെൽഡൽ, കെ ബാരി ഷാർപ്ലസ് എന്നിവർ നൊബേലിന് അർഹരായത്. കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായ ഷാർപ്ലെസിന് ഇത് രണ്ടാം തവണയാണ് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിക്കുന്നത്. 2001 ലും അദ്ദേഹം നൊബേൽ നേടിയിരുന്നു. മോർട്ടെൻ മെൽഡൽ ഡെന്മാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിൽ പ്രൊഫസറാണ്.  സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രൊഫസറായ കരോലിൻ ആർ ബെർട്ടോസിയാണ് 2003 ൽ ബയോഓർതോഗണൽ കെമിസ്ട്രി എന്ന ശാഖയ്ക്ക് തുടക്കമിട്ടത്. രസതന്ത്ര നൊബേൽ നേടുന്ന എട്ടാമത്തെ വനിത കൂടിയാണ് ഇവർ. സമ്മാനത്തുകയായ പത്ത് മില്യൺ സ്വീഡിഷ് ക്രോണർ മൂന്ന് ജേതാക്കളും തുല്യമായി പങ്കിടും.

തന്മാത്രകളെ ക്ലിപ്പിട്ട് ചേർക്കാം 

ഏറ്റവും മികച്ച രാസപരീക്ഷണശാല പ്രകൃതിയാണ്. ജീവശരീരത്തിൽ കാണപ്പെടുന്ന രാസവസ്തുക്കളോളം സങ്കീർണ്ണതയും കാര്യക്ഷമതയും  മനുഷ്യനിർമ്മിത വസ്തുക്കൾക്ക് നേടാനായിട്ടുണ്ടോ എന്ന് സംശയമാണ്. അപ്പോൾ ഉപയോഗപ്രദമായ വസ്തുക്കൾക്കായി പ്രകൃതിയെ ആശ്രയിക്കുക തന്നെയാണ് എളുപ്പ വഴി. മരുന്നുകളായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ പലതും സസ്യങ്ങളിലും, ജന്തുക്കളിലും, സൂക്ഷ്മജീവികളിലും കാണപ്പെടുന്നവയോ അവയ്ക്ക് സമാനമായ ഘടനയുള്ളവയോ ആണ്. അതേസമയം ജീവികളിൽ നിന്ന് ഇവ വേർത്തിരിച്ചെടുത്ത് മാത്രം വ്യാവസായിക ആവശ്യങ്ങൾ നിറവേറ്റാനുമാവില്ല. അപ്പോൾ ഈ രാസവസ്തുക്കൾ കൃത്രിമമായി ഉത്പാദിപ്പിക്കേണ്ടി വരും. ജൈവതന്മാത്രകളിലെ അടിസ്ഥാനഘടന കാർബൺ-കാർബൺ ബന്ധനങ്ങളിലൂടെ നിർമ്മിക്കപ്പെട്ടതാണ്. കാർബൺ-കാർബൺ ബോണ്ടുകൾ മുറിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യുന്ന പ്രക്രിയ അത്ര എളുപ്പമല്ല. ഉദ്ദേശിക്കുന്ന രാസപ്രവർത്തനങ്ങൾക്ക് പുറമേ മറ്റനേകം ഉപപ്രവർത്തനങ്ങൾ കൂടി ഇതിനിടെ നടക്കും. സങ്കീർണ്ണമായ ജൈവരാസവസ്തുക്കളുടെ നിർമ്മാണ പ്രക്രിയ അനേകം ഘട്ടങ്ങളിലായി മാത്രമേ പലപ്പോഴും സാധ്യമാകാറുള്ളൂ. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന ഉപോത്പ്പന്നങ്ങൾ മാറ്റിക്കളഞ്ഞിട്ട് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുമാവൂ. ഇങ്ങനെ ഉണ്ടാകുന്ന  സമയനഷ്ടവും, രാസവസ്തുക്കളുടെ പാഴാകലും ഇത്തരം രാസപ്രവര്ത്തനങ്ങളെ ലാഭകരം അല്ലാതാക്കുന്നു. തുടക്കത്തിൽ എടുത്ത രാസവസ്തുക്കളുടെ അളവ് വെച്ച് നോക്കുമ്പോൾ വളരെ ചെറിയ ശതമാനം മാത്രമാകും അവസാനം കിട്ടുന്ന ഉത്പന്നത്തിന്റെ അളവ്. 2001 ലെ നൊബേൽ ജേതാവായ കെ ബാരി ഷാർപ്ലസ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി ആലോചിക്കുകയും കൂടുതൽ മെച്ചപ്പെട്ട സമീപനത്തിലൂടെ മാത്രമേ മരുന്നുകളുടെ വ്യാവസായിക ഉത്പാദനം മെച്ചപ്പെടുത്താൻ കഴിയൂ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

കെ ബാരി ഷാർപ്ലസ്

പല കഷണങ്ങൾ കൂട്ടിച്ചേർത്ത് വലിയ തന്മാത്രകൾ നിർമ്മിക്കുക എന്നതായിരുന്നു ഈ പ്രശ്നത്തിന് അദ്ദേഹം കണ്ട പരിഹാരം. കാർബൺ-കാർബൺ ബന്ധനങ്ങൾ നിർമ്മിക്കുന്നതിന് പകരം തന്മാത്രാ  ഭാഗങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കാൻ താരതമ്യേന എളുപ്പത്തിലുണ്ടാക്കാവുന്ന നൈട്രജൻ, ഓക്സിജൻ ബന്ധനങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. രണ്ട് ഭാഗങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ ‘ക്ലിക്’ ശബ്ദത്തോടെ കൂടിച്ചേരുന്ന ക്ലിപ്പുകൾ ബെൽറ്റുകളിലും മറ്റും കണ്ടിട്ടില്ലേ? അതിന് സമാനമായി വിവിധ തന്മാത്രകളെ കൂട്ടിച്ചേർക്കുന്ന ബന്ധനങ്ങൾ അഥവാ ക്ലിപ്പുകൾ രൂപീകരിക്കാൻ ഇവിടെ കൃത്യവും സൂക്ഷ്മവുമായ രാസപ്രവർത്തനങ്ങൾ ഉപയോഗിക്കുന്നു. അതേസമയം ക്ലിപ്പ് ഊരിയെടുക്കും പോലെ ഇവ തിരിച്ച് പഴയ രൂപത്തിലേക്ക് മാറാനും പാടില്ല, അതായത് സ്ഥിരതയുള്ള ബന്ധനങ്ങളാവണം നിർമ്മിക്കേണ്ടത്.  ലളിതമായ രാസപ്രവർത്തനത്തിലൂടെ കൂടുതൽ അളവ് ഉത്പന്നങ്ങൾ  നിർമ്മിക്കുക, മറ്റ് ലായകങ്ങൾ ഒഴിവാക്കി സാദ്ധ്യമെങ്കിൽ ജലം ലായകമായി ഉപയോഗിക്കുക തുടങ്ങിയ കുറേ മാർഗ്ഗനിർദ്ദേശങ്ങളും ഷാർപ്ലെസും കൂട്ടാളികളും മുന്നോട്ട് വെച്ചു. 

പ്രകൃതിയെ അനുകരിച്ചുകൊണ്ട് ചെറിയ തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന രസതന്ത്ര ശാഖയാണ് ക്ലിക് കെമിസ്ട്രി. ഉപോത്പ്പന്നങ്ങൾ കഴിയുന്നത്ര ഒഴിവാക്കി, ലായകങ്ങളുടെ സ്വാധീനം കുറച്ചുകൊണ്ട് നടത്തുന്ന ഈ രാസപ്രവർത്തനങ്ങൾ ഉയർന്ന അളവിൽ ഉത്പന്നങ്ങൾ നല്കുന്നു. ലായകങ്ങളുടേയും ഉപോത്പന്നങ്ങളുടെയും അഭാവം കാരണം ഇവ കൂടുതൽ പ്രകൃതി സൌഹൃദവുമാണ്.

പല ഓർഗാനിക് രാസപ്രവർത്തനങ്ങളും ഈ രീതിയിൽ നടത്താൻ അദ്ദേഹം ശ്രമിച്ചു. അസൈഡ് എന്നറിയപ്പെടുന്ന നൈട്രജൻ അടങ്ങിയ തന്മാത്രകളും ത്രി ബന്ധനമുള്ള കാർബൺ സംയുക്തങ്ങളായ ആൽക്കൈനുകളും തമ്മിൽ  കൂട്ടിച്ചേർത്ത് അഞ്ച് ആറ്റങ്ങൾ അടങ്ങിയ ട്രയസോൾ വലയ ഘടന രൂപപ്പെടുത്തുന്ന രാസപ്രവർത്തനം ഇതിലൊന്നായിരുന്നു. copper catalysed azide-alkyne cycloaddition എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഈ രാസപ്രവർത്തനം മോർട്ടെൻ  മെൽഡലും  ഷാർപ്ലസും സ്വതന്ത്രമായി ഒരേസമയം വികസിപ്പിച്ചു. മരുന്നുകളായി ഉപയോഗിക്കാവുന്ന പുതിയ രാസവസ്തുക്കൾ വികസിപ്പിക്കാനുള്ള അന്വേഷണത്തിലായിരുന്നു മോർട്ടെൻ മെൽഡൽ.

മോർട്ടെൻ മെൽഡൽ ഫോട്ടോ : Philip Davali / Ritzau Scanpix / AFP

സാധാരണ നടത്താറുള്ള ഒരു രാസപ്രവർത്തനം കോപ്പർ അയോണുകളുടെ സാന്നിധ്യത്തിൽ നടത്തിയപ്പോൾ വിചാരിച്ചതിന് വിഭിന്നമായ രണ്ടഗ്രങ്ങൾ കൂടിച്ചേർന്ന് ട്രയസോൾ വലയം രൂപപ്പെടുന്നതായി അദ്ദേഹം കണ്ടെത്തി. ഈ രാസപ്രവർത്തനം മറ്റ് പല തന്മാത്രകളേയും കൂട്ടിച്ചേർക്കാൻ ഉപയോഗിക്കാം എന്നും അദ്ദേഹം മനസ്സിലാക്കി. ഇതേവർഷം തന്നെ ഷാർപ്ലെസും ഇതേ കണ്ടെത്തൽ നടത്തി. ജലം മാധ്യമമായി ഈ രാസപ്രവർത്തനം നടത്താമെന്നും കണ്ടെത്തി. കൂടാതെ ക്ലിക് കെമിസ്ട്രിയുടെ അനന്ത സാധ്യതകൾ ഈ രാസപ്രവർത്തനം തുറന്നിടും എന്നുകൂടി അദ്ദേഹം പറഞ്ഞു. ഇന്ന് പലതരം തന്മാത്രകളെ കൂട്ടിച്ചേർക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്.

പുതിയ മരുന്നുകളുടെയും പൊളിമറുകളുടെയും ഉത്പാദനം, ഡി എൻ എ മാപ്പിംഗ്, നാനോകെമിസ്ട്രി എന്നിവയിലെല്ലാം ക്ലിക് കെമിസ്ട്രിക്ക് പ്രായോഗിക ഉപയോഗങ്ങളുണ്ട്. ക്ലിക് സങ്കേതം ഉപയോഗിച്ച് പോളിമറുകളിലേക്ക് ചാലകത, സൌരോർജ്ജ സംഭരണ ക്ഷമത, ആന്റിബാക്റ്റീരിയൽ സ്വഭാവം, uv കിരണങ്ങളെ ചെറുക്കാനുള്ള കഴിവ് തുടങ്ങിയ പല നൂതന സ്വഭാവങ്ങളും കൂട്ടിച്ചേർക്കാം. പ്ലാസ്റ്റിക്കും നിർമ്മാണത്തിനിടെ ചേർക്കുന്ന അനുബന്ധ വസ്തുക്കളും തമ്മിലുള്ള കൂടിച്ചേരൽ എളുപ്പമാക്കാനും ഈ സങ്കേതം ഉപയോഗിക്കാം. മരുന്നുകൾ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങളിലും വ്യാവസായിക ഉത്പാദനത്തിലും ക്ലിക് കെമിസ്ട്രിയുടെ സാധ്യതകൾ ഉപയോഗിക്കാം,

ഇനി തന്മാത്രകൾക്കുള്ളിലേക്ക്

1990 കളിൽ ജീവശാസ്ത്രം കൂടുതൽ സൂക്ഷ്മതലത്തിലുള്ള അന്വേഷണങ്ങൾക്ക് ഊന്നൽ നല്കാൻ തുടങ്ങി. ജീവനെ സംബന്ധിച്ച് സുപ്രധാനമായ തന്മാത്രകളായ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, ലിപിഡുകൾ തുടങ്ങിയവയുടെ കോശത്തിനകത്തെ പ്രവർത്തനം എങ്ങനെയാണ് എന്ന് പഠിക്കാനും ജീവികളുടെ ജനിതക ഘടന മനസ്സിലാക്കാനും ഒക്കെ തുടങ്ങിയത് ഇക്കാലത്താണ്. എന്നാൽ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു പ്രധാന ഗ്രൂപ്പായിരുന്നു ഗ്ലൈകനുകൾ. പലതരം പഞ്ചസാരകൾ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട സങ്കീർണ്ണ ഘടനയുള്ള ഈ കാർബോഹൈഡ്രേറ്റുകൾ രോഗപ്രതിരോധം അടക്കമുള്ള പ്രധാന പ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട്. പക്ഷേ ഇവയെപ്പറ്റി പഠിക്കാൻ അത്ര എളുപ്പമായിരുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ കരോലിൻ ആർ ബെർട്ടോസി ഗ്ലൈകനുകളിൽ ഗവേഷണം നടത്തിയിരുന്നു. ഗ്ലൈകനുകളിലേക്ക് ഒരു രാസകൊളുത്ത് കൂട്ടിച്ചേർക്കുന്നതിനെപ്പറ്റി അവർ ചിന്തിച്ചു.  ഇത് സാധ്യമായാൽ ഈ കൊളുത്തിലേക്ക് പ്രയോജനപ്രദമായ മറ്റ് ഭാഗങ്ങൾ , ഒരു ഫ്ലൂറസന്റ് തന്മാത്രയോ, മരുന്നായി ഉപയോഗിക്കാവുന്ന തന്മാത്രയോ എന്തുമാവാം, എളുപ്പത്തിൽ കൂട്ടിച്ചേർക്കുകയും അങ്ങനെ കോശത്തിനകത്തെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യാനുമാവും. പക്ഷേ കൊളുത്തായി കൂട്ടിച്ചേർക്കുന്ന തന്മാത്ര, കോശത്തിലെ മറ്റ് ഒരു വസ്തുവുമായും പ്രതിപ്രവർത്തിക്കാത്തതാകണം. ‘ബയോഓർതോഗണൽ’ എന്നാണ് ബെർട്ടോസി ഈ സ്വഭാവത്തെ വിശേഷിപ്പിച്ചത്. ആദ്യമായി അവർ കണ്ടെത്തിയ രാസക്കൊളുത്ത് ഒരു അസൈഡ് തന്മാത്രയായിരുന്നു. ഇതിനോട് പ്രകാശം പുറപ്പെടുവിക്കുന്ന ഒരു ഫ്ലൂറസന്റ് തന്മാത്രയെ ഘടിപ്പിക്കാനും ഗ്ലൈകനിൽ ഉൾപ്പെടുത്താനും അവർക്ക് കഴിഞ്ഞു. ഈ കണ്ടുപിടിത്തം കോശത്തിന് കേടുപാടുകൾ പറ്റാതെ അതിനകത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള അവസരമൊരുക്കി. എന്നാൽ അതുകൊണ്ടും അവർ തൃപ്തയായില്ല. അസൈഡ് കൊളുത്തിന്റെ കൂടുതൽ സാധ്യതകളെപ്പറ്റി അവർ ആലോചിച്ചു.

ഇതേ സമയത്താണ് ഷാർപ്ലെസും മെൽഡലും ക്ലിക് കെമിസ്ട്രി എന്ന ശാഖക്ക് രൂപം നല്കുന്നത്. അസൈഡിന് കോപ്പർ അയോണുകളുടെ സാന്നിധ്യത്തിൽ ആൽക്കൈനുമായി കൂടിച്ചേരാം എന്ന് അവർ തെളിയിച്ചിരുന്നു. പക്ഷേ കോപ്പർ അയോണുകൾ ഉപയോഗിച്ചാൽ അത് കോശം തന്നെ നശിക്കാൻ ഇടയാക്കും എന്നതായിരുന്നു ബെർട്ടോസി നേരിട്ട വെല്ലുവിളി. കോപ്പർ അയോണുകൾ ഉപയോഗിക്കാതെ വലയ രൂപത്തിലുള്ള ആൽക്കൈൻ ഉപയോഗിച്ച് വിജയകരമായി ഇതേ രാസപ്രവർത്തനം നടത്താനാകും എന്ന് അവർ കണ്ടെത്തി. strain-promoted alkyne-azide cycloaddition എന്നറിയപ്പെട്ട ഈ രാസപ്രവർത്തനം കോശങ്ങൾക്കുള്ളിലെ ഗ്ലൈകനുകളെ പിന്തുടരാൻ ഉപയോഗിക്കുകയും ചെയ്തു. വിവിധ കോശങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഈ രാസപ്രവർത്തനത്തെ മെച്ചപ്പെടുത്തി രോഗവ്യാപന പ്രക്രിയ നിരീക്ഷിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ട്യൂമർ സെല്ലുകളുടെ ഉപരിതലത്തിലെ ചില ഗ്ലൈകനുകൾ അവയെ രോഗപ്രതിരോധ വ്യവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നതായി ബെർട്ടോസിയും കൂട്ടരും കണ്ടെത്തി.

കരോലിൻ ആർ ബെർട്ടോസി

ഈ ഗ്ലൈകനുകളെ വിഘടിപ്പിക്കുന്ന ഒരു ആന്റിബോഡി കോശത്തിനകത്തെ എൻസൈമുകളുമായി അവർ ഘടിപ്പിച്ചു. കാൻസർ രോഗികളിൽ ഇപ്പോൾ ഈ മരുന്ന് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.  മറ്റ് പല ഗവേഷകരും ഇങ്ങനെ പലതരം ആന്റിബോഡികൾ കോശങ്ങളുമായി കൂട്ടിച്ചേർത്തു. ഇതുവഴി കോശങ്ങളുടെ ചിത്രങ്ങൾ എടുക്കലും, റേഡിയോ തെറാപ്പിയുമെല്ലാം ഇപ്പോൾ  കൂടുതൽ എളുപ്പമുള്ളതായിട്ടുണ്ട്.

കോശത്തിനകത്തെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് തടസ്സം വരുത്താതെ അവയ്ക്കുള്ളിൽ നടത്തുന്ന രാസപ്രവർത്തനങ്ങളാണ് ബയോഓർതോഗണൽ രാസപ്രവർത്തനങ്ങൾ. പ്രോട്ടീനുകളും, വിവിധ തരം കൊഴുപ്പുകളും അടക്കമുള്ള ജൈവതന്മാത്രകളുടെ പ്രവർത്തനം ജൈവവ്യവസ്ഥയ്ക്ക്  അപകടമൊന്നും സംഭവിക്കാതെ അതിനകത്തു വെച്ചു തന്നെ പഠിക്കാൻ ഈ ശാഖ വഴിയൊരുക്കി.

ന്യൂക്ലിയർ ഇമേജിംഗ്, റേഡിയോ തെറാപ്പി എന്നിവയിലൊക്കെ ബയോഓർതോഗണൽ രാസപ്രവർത്തനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കാൻസർ രോഗ ചികിത്സയെ കൂടുതൽ കൃത്യതയുള്ളതും ഫലപ്രദവുമാക്കാൻ ഈ രസതന്ത്ര ശാഖ സഹായിക്കും. ലാളിത്യത്തിൽ നിന്ന് സങ്കീർണ്ണതയിലേക്കും അവിടെ നിന്ന് ഔന്നത്യത്തിലേക്കും നയിക്കുന്ന കണ്ടെത്തലുകളാണ് ഈ വർഷത്തെ നൊബേൽ ജേതാക്കളെ പുരസ്കാരത്തിന് അർഹരാക്കിയത്.


പങ്കെടുക്കാം


ശാസത്രരംഗത്തെ നൊബേൽ പുരസ്കാരം 2022

ഈ വർഷത്തെ ശാസ്ത്ര നൊബേൽ പുരസ്കാരം – ലൂക്ക പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനങ്ങൾ

Happy
Happy
25 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
25 %
Surprise
Surprise
0 %

Leave a Reply

Previous post അത്ഭുത ഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾ അകലം പാലിക്കണം
Next post ഡാർട്ട് മിഷൻ വിജയകരം – ലക്ഷ്യമിട്ടതിലും 25 ഇരട്ടി വഴിമാറി ഛിന്നഗ്രഹം
Close