Read Time:13 Minute

ZTF അഥവ C/2022 E3 എന്ന ധൂമകേതു

ആകാശത്തൊരു ധൂമകേതു കറങ്ങി നടക്കുന്നതായി കേൾക്കുന്നല്ലോ, അതെ പറ്റി പറയാമൊ?

പറയാമല്ലൊ. C/2022 E3 എന്നാണ് അതിന്റെ പേര്. ZTF എന്നും പറയും. ഫെബ്രുവരി മൂന്നാമത്തെ ആഴ്ചവരെ ആകാശത്ത് കാണാനാകുമെന്നാണ് കരുതുന്നത്.

അങ്ങനെയോ? പക്ഷെ ഫെബ്രുവരി 1,2 തീയതികളിൽ കാണാനാകുമെന്നാണല്ലൊ പറഞ്ഞു കേട്ടത്.

അതും ശരിയാണ്.

ZTF ന്റെ സഞ്ചാരപാത. ചിത്രത്തിനു കടപ്പാട് – https://starwalk.space/en

അതെന്താ അങ്ങനെ, കളിയാക്കുകയാണോ?

അല്ല, സത്യത്തിൽ ഇപ്പോഴും അത് മാനത്തുണ്ട്. എന്നാൽ കഷ്ടിച്ച് നമ്മുടെ കണ്ണിൽ പെടാവുന്നത്ര ചെറിയ വലിപ്പം അഥവാ തിളക്കം മാത്രമെ ഇപ്പോൾ അതിനുള്ളു. അതുകൊണ്ട്, ഏറ്റവും ഇരുണ്ട രാത്രിയിൽ, മേഘങ്ങളുടെയും മഞ്ഞിന്റെയും മറ്റും തടസ്സങ്ങളില്ലായെങ്കിൽ മങ്ങിയ ഒരു ചെറിയ തെളിച്ചം പോലെ അതിനെ കാണാനാകും. എന്നാൽ, നല്ല ബൈനോക്കുലറോ ടെലസ്കോപ്പോ ഉപയോഗിച്ചു നോക്കിയാൽ കുറെ കൂടി വ്യക്തമായി കാണാനാകും.

എങ്കിൽ പിന്നെ ഫെബ്രുവരി 1,2 തീയതികളിലെ പ്രത്യേകതയെന്താ?

ZTF ധൂമകേതുവിന്റെ സഞ്ചാരവഴിയിൽ അത് ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നത് ഫെബ്രുവരി 1, 2 തീയതികളിലാണ്. അതാണ് ആ തീയതികളുടെ പ്രത്യേകത. അപ്പോൾ അതിനെ ഏറ്റവും വ്യക്തമായി കാണാനാകും എന്ന പ്രതീക്ഷയിലാണ് നിരീക്ഷകർ.

ധൂമകേതുക്കൾക്ക് C/2022 E3 എന്നൊക്കെ എന്തിനാണ് പേരിട്ടിരിക്കുന്നത്? ചുഴലിക്കാറ്റിനൊക്കെ ഇടുന്നതുപോലെ ഗുലാബെന്നോ യാസ് എന്നോ ഒക്കെ നല്ല കിടുക്കാച്ചി പേരുകളിട്ടുകൂടെ?

കിടുക്കാച്ചി പേരുകളൊക്കെ മുമ്പ് ഇട്ടിരുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ വരവോടെ വളരെയധികം ധൂമകേതുക്കളെ ഓരോ വർഷവും കണ്ടെത്താൻ തുടങ്ങി. അപ്പോൾ പേരിടീലും ഓർത്തിരിക്കലുമൊക്കെ ബുദ്ധിമുട്ടായി. അങ്ങനെ 1994ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ധൂമകേതുക്കൾക്ക് ഒരു നാമകരണ പദ്ധതി തയ്യാറാക്കി. അതനുസരിച്ച് ഒരു ധൂമകേതുവിനെ കണ്ടെത്തിയ വർഷം, ഏത് അർദ്ധമാസമാണ് അതിനെ കണ്ടെത്തിയത് എന്ന് സൂചിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് അക്ഷരം, പിന്നെ ആ അർദ്ധമാസത്തെ എത്രാമത്തെ കണ്ടെത്തലാണ് അതെന്നു സൂചിപ്പിക്കുന്ന ഒരു സംഖ്യ – ഇത്രയും ചേർന്നാൽ ധൂമകേതുവിന്റെ പേരായി.

മനസ്സിലായില്ല. ഒരുദാഹരണം പറയാമോ?

ഉദാഹരണത്തിന് നമ്മളിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ZTFന്റെ പേര് C/2022 E3 എന്നാണല്ലൊ. ഇതിൽ 2022 അതിനെ കണ്ടെത്തിയ വർഷമാണ്. E എന്ന അക്ഷരം സൂചിപ്പിക്കുന്നത് മാർച്ചിലെ ആദ്യ പകുതിയിലാണ് അതിനെ കണ്ടെത്തിയത് എന്നാണ്. Eയുടെ കൂടെയുള്ള 3 സൂചിപ്പിക്കുന്നത് മാർച്ച് ആദ്യ പകുതിയിൽ കണ്ടെത്തിയ മൂന്നാമത്തെ ധൂമകേതുവാണ് ZTF എന്നുമാണ്.

2022ന്റെ കാര്യം മനസ്സിലായി, പക്ഷെ E എങ്ങനെയാണ് മാർച്ചിലെ ആദ്യപകുതിയായത് എന്നു മനസ്സിലായില്ല.

അതായത് ഓരോ മാസത്തെയും രണ്ട് പകുതികളാത്തി തിരിക്കുന്നു. അവയ്ക്ക് A,B,C,D,E എന്നിങ്ങനെ അക്ഷരങ്ങൾ നൽകുന്നു. ജനുവരി ആദ്യപകുതിയിലാണെങ്കിൽ A എന്നും രണ്ടാം പകുതിയിലാണെങ്കിൽ B എന്നും അക്ഷരങ്ങൾ വർഷത്തിനു ശേഷം നൽകും. ഫെബ്രുവരി ആദ്യപകുതിയിലാണെങ്കിൽ C എന്നും ഫെബ്രുവരി രണ്ടാം പകുതിയിലാണെങ്കിൽ D എന്നും മാർച്ച് ആദ്യപകുതിയിലാണെങ്കിൽ E എന്നും മാർച്ച് രണ്ടാം പകുതിയിലാണെങ്കിൽ F എന്നുമുള്ള അക്ഷരങ്ങൾ വർഷത്തിനു ശേഷം നൽകുന്നു. ഇപ്രകാരം ഡിസംബർ അവസാനമാണ് ഒരു ധൂമകേതുവിനെ കണ്ടെത്തുന്നത് എങ്കിൽ ഇരുപത്തിനാലാമത്തെ അക്ഷരമായ X ആയിരിക്കും അതിന്റെ പേരിന്റെ കൂടെയുള്ള വർഷത്തിനു ശേഷം ചേർക്കുക.

മനസ്സിലായി, 2024 ഏപ്രിൽ മാസം ആദ്യപകുതിയിൽ അഞ്ചാമതായി കണ്ടെത്തിയ ധൂമകേതുവിന്റെ പേര് 2024 G5 എന്നായിരിക്കും അല്ലെ.

വളരെ ശരി.

വർഷത്തിനു മുമ്പ് C എന്നൊരു അക്ഷരവും ഉണ്ടല്ലോ, ധൂമകേതുവിന്റെ ഇംഗ്ലീഷ് വാക്കായ കോമറ്റ് എന്നതിന്റെ സൂചകമാണോ അത്?

അല്ല. വർഷത്തിനു മുമ്പുള്ള ഈ അക്ഷരം ധൂമകേതുവിന്റെ ആവർത്തനസ്വഭാവത്തെ സൂചിപ്പിക്കുന്നു. ചെറിയ കാലത്തിനുള്ളിൽ ആവർത്തിച്ചു വരുന്നവയെ സൂചിപ്പിക്കാൻ P എന്ന അക്ഷരവും ദീർഘകാലത്ത് ആവർത്തിച്ചു വരുന്നവയെ സൂചിപ്പിക്കാൻ C എന്ന അക്ഷരവും ഉപയോഗിക്കുന്നു.

അതൊക്കെ ശരി C/2022 E3 നെ ചുരുക്കി ZTF എന്നു പറയുന്നുണ്ടല്ലോ, അതിന്റെ കാരണം എന്താ?

ധൂമകേതുക്കൾക്ക്, അത് കണ്ടെത്തിയ ആളുമായി ബന്ധപ്പെടുത്തി ഒരു വിളിപ്പേര് നൽകാറുണ്ട്. ഹാലിയുടെ കോമറ്റ് എന്നൊക്കെ കേട്ടിട്ടില്ലെ. Zwicky Transient Facility എന്ന ജ്യോതിശാസ്ത്ര സർവ്വേയുടെ ഭാഗമായി ബ്രൈസ് ബോളിനും ഫ്രാങ്ക് മാസ്സിയും ചേർന്നാണ് C/2022 E3-യെ കണ്ടെത്തുന്നത്. Zwicky Transient Facility എന്നതിന്റെ ചുരുക്കെഴുത്തായാണ് C/2022 E3-ക്ക് ZTF എന്ന വിളിപ്പേര് കിട്ടിയത്.

2022 ഡിസംബർ 26-ന് അരിസോണയിലെ പേസണിൽ ക്രിസ് ഷൂർ എടുത്ത C/2022 E3 ZTF ധൂമകേതുവിന്റെ ഫോട്ടോ. കടപ്പാട്: Chris Schur
2022 ഡിസംബർ 26-ന് അരിസോണയിലെ പേസണിൽ ക്രിസ് ഷൂർ എടുത്ത C/2022 E3 ZTF ധൂമകേതുവിന്റെ ഫോട്ടോ. കടപ്പാട്: Chris Schur

ZTF-നെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങൾ കൂടി പറയാമോ?

അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന പലോമർ ഒബ്സർവേറ്ററിയിലെ സാമുവൽ ഓഷിൻ എന്ന ടെലിസ്കോപ്പും അതിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ആധുനിക ക്യാമറയും ഉപയോഗിച്ചുള്ള ബഹിരാകാശ സർവ്വെയാണ് സ്വിക്കി ട്രാൻസ്യന്റ് ഫസിലിറ്റി അഥവ ZTF. 2022 മാർച്ച് 2നാണ് ആദ്യമായി C/2022 E3-യെ നിരീക്ഷിക്കുന്നത്. തുടക്കത്തിൽ അതൊരു ഛിന്നഗ്രഹമാണെന്നാണ് കരുതിയത്. തുടർന്നുള്ള നിരീക്ഷണങ്ങളിൽ അതൊരു ധൂമകേതുവാണെന്ന് തെളിഞ്ഞു. വളരെ ഘനീഭവിച്ച ഒരു കോമ (പുറംപാളി) ആ സമയത്ത് അതിനുണ്ടായിരുന്നു. നവംബറോടെ അതിന് പച്ചനിറത്തിലുള്ള കൂടുതൽ പ്രകാശമാനമായ ഒരു കോമയും മഞ്ഞനിറത്തിലുള്ള ഒരു ധൂമവാലും വളരെ മങ്ങിയ ഒരു അയോൺ വാലും ദൃശ്യമായി. ഡിസംബറോടെ വടക്ക് ദിശയിലേക്ക് നീങ്ങിയ ZTF ഇപ്പോൾ ധ്രുവനക്ഷത്രത്തിനടുത്തായാണ് കാണുപ്പെടുന്നത്. 2023 ജനുവരി 12ന് അത് സൂര്യന് ഏറ്റവും അടുത്ത് എത്തിയിരുന്നു. ഫെബ്രുവരി 1ന് അത് ഭൂയിയോട് ഏറ്റുവും അടുത്ത് (0.28 AU) എത്തും.

ZTF ധൂമകേതുവിനെ നിരീക്ഷിക്കുന്നതിനുള്ള സമയവും സ്ഥാനവും പറയാമോ?

2023 ഫെബ്രുവരി 1ന് രാത്രി 10.15, ZTFന്റെ സ്ഥാനം.
2023 ഫെബ്രുവരി 1ന് രാത്രി 10.15, ZTFന്റെ സ്ഥാനം.

നിലവിൽ ZTF ധ്രുവ നക്ഷത്രത്തിനടുത്തായാണ് കാണപ്പെടുന്നതെന്നു പറഞ്ഞല്ലൊ. ജനുവരി 28ന് കേരളത്തിൽ നിന്നു നോക്കുമ്പോൾ അത് രാത്രി 9 മണിയോടെ വടക്കെ ചക്രവാളത്തിൽ അല്പം കിഴക്കായി ഉദിക്കുകയും ധ്രുവ നക്ഷത്രത്തെ ചുറ്റി മുകളിലേക്കുയരുകയും ചെയ്യും. 29ന് പുലർച്ചെ 4.30-ഓടെ അത് പരമാവധി ഉയരത്തിലെത്തും. അടുത്ത ദിവസം വൈകിട്ട് 7 മണിയോടെ വടക്കെ ചക്രവാളത്തിൽ ഉദിക്കുന്ന ZTF ജനുവരി 30ന് പുലർച്ചെ 3 മണിയോടെ ധ്രുവനക്ഷത്രത്തിനു മുകളിൽ, പരമാവധി ഉയരത്തിലായി ദൃശ്യമാകും. ഇപ്രകാരം തുടർന്നുള്ള ദിവസങ്ങളിൽ ZTF-നെ കാണാനാകുന്ന സമയവും സ്ഥാനവും പട്ടികയായി നൽകിയിട്ടുണ്ട്. ഫെബ്രുവരി 1ന് രാത്രി 10.20ന് അത് ധ്രുവനക്ഷത്രത്തിനു മുകളിൽ എത്തും. തുടർന്ന് പുലർച്ചയോടെ അസ്തമിക്കും. ഫെബ്രുവരി 1ന് പകൽ 2.15-ഓടെ ഉദിക്കുന്ന ZTFനെ സന്ധ്യമുതൽ തന്നെ വടക്കെ ചക്രവാളത്തിനു മുകളിലായി കാണാനാകും. രാത്രി 9.50ന് ധ്രുവനക്ഷത്രത്തിനു മുകളിൽ പരമാവധി ഉയരത്തിലായി കാണാം. ഫെബ്രുവരി 1,2 തീയതികളിൽ നഗ്നനേത്രങ്ങൾ കൊണ്ട് അതിനെ കാണാനാകും എന്ന് പ്രതീക്ഷിക്കുന്നു. മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അതിന്റെ ചിത്രങ്ങളും പകർത്താനാകും. തുടർന്നുള്ള ദിവസങ്ങളിൽ ഇടവം രാശിയുടെ ഭാഗത്തേക്ക് നീങ്ങുന്ന ZTF നെ വ്യത്യസ്ത സമയങ്ങളിൽ ഉപകരണങ്ങളുടെ സഹായത്താൽ നിരീക്ഷിക്കാനാകും.

2023 ഫെബ്രുവരി 2, രാത്രി 09.40 ന് ZTF ന്റെ സ്ഥാനം
2023 ഫെബ്രുവരി 2, രാത്രി 09.40 ന് ZTF ന്റെ സ്ഥാനം
തീയതിപരമാവധി ഉയരത്തിൽ കാണാനാകുന്ന ഏകദേശ സമയംസ്ഥാനം
ജനുവരി 2904.30 amധ്രുവനക്ഷത്രത്തിനടുത്ത്
ജനുവരി 3003.00 am
ജനുവരി 3101.00 amകരഭം (Camelopardalis) എന്ന നക്ഷത്രഗണത്തിൽ
ജനുവരി 3111.10 pm
ഫെബ്രുവരി 110.10 pm
ഫെബ്രുവരി 209.40 pm
ഫെബ്രുവരി 309.10 pm
ഫെബ്രുവരി 408.47 pm
ഫെബ്രുവരി 508.36 pmഓറിഗയിലെ കാപെല്ല എന്ന നക്ഷത്രത്തിനടുത്ത്

ZTF ന്റെ നിരീക്ഷണത്തിനു സഹായകമായ പട്ടിക – ധൂമകേതുവിനെ പരമാവധി ഉയരത്തിൽ കാണാൻ കഴിയുന്ന സമയവും സ്ഥാനവും സൂചിപ്പിച്ചിരിക്കുന്നു. സമയം അരമണിക്കൂർ വരെ വ്യത്യാസം ഉണ്ടാകുാം. കടപ്പാട്: sky tonight app.

ZTF ന്റെ പാത കാണിക്കുന്ന ചാർട്ട്

ZTF ന്റെ പാത

C/2022 E3 ZTF

കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ

Happy
Happy
19 %
Sad
Sad
0 %
Excited
Excited
56 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post ഇന്ത്യ : ശാസ്ത്രപഠനവും ജാതിമതിലും  
Next post COMET LUCA – ധൂമകേതു പതിപ്പ് സ്വന്തമാക്കാം
Close