Read Time:17 Minute


ഡോ.വിനോദ് സ്കറിയ, ഡോ.ആനിഷ് ടി.എസ്.

കോവിഡ്-19 ന്റെ ജനിതക വ്യതിയാനങ്ങൾ ഇന്നൊരു വാർത്ത അല്ലാതായി മാറിയിട്ടുണ്ട്. കാരണം നമുക്ക് എല്ലാവർക്കും അറിയാം, അടിക്കടി ജനിതകവ്യതിയാനം സംഭവിക്കുന്ന ഒരു വൈറസാണ് കോവിഡിന് കാരണക്കാരനായ സാർസ് കൊറോണ വൈറസ്-2. ഇത്രയധികം ജനിതക വ്യതിയാനങ്ങൾ വളരെ വ്യാപകമായി സംഭവിക്കാനുള്ള ഒരു പ്രധാന കാരണം ഇതൊരു RNA വൈറസ് ആണ് എന്നതാണ്. ഡിഎൻഎ വൈറസുമായി താരതമ്യം ചെയ്താൽ, താരതമ്യേന അസ്ഥിരമായ ജനിതക തന്മാത്രകൾ ഉള്ള ആർഎൻഎ വൈറസുകളിൽ ജനിതകവ്യതിയാനം അഥവാ മ്യൂട്ടേഷൻ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അടിക്കടി ജനിതക വ്യതിയാനം സംഭവിച്ചു എന്ന് വരാം. RNA വൈറസുകളെ പരിഗണിച്ചാൽ താരതമ്യേന കുറച്ച് ജനിതകവ്യതിയാനം സംഭവിക്കുന്ന വൈറസുകളാണ് കൊറോണവൈറസ്, SARS CoV-2. ഇതിന് കാരണം ജനിതക വ്യതിയാനം സംഭവിക്കാതിരിക്കാൻ അല്ലെങ്കിൽ ഒരു പരിധിയിലധികം ജനിതക വ്യതിയാനങ്ങൾ സംഭവിക്കാതിരിക്കാൻ സഹായിക്കുന്ന ഒരു പ്രൂഫ് റീഡിങ് മെക്കാനിസം ഇവയിൽ ഉണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ വളരെ വലിയ ജനിതക വ്യതിയാനങ്ങൾ ഈ വൈറസിൽ സംഭവിക്കുന്നില്ല എന്നുള്ളതാണ് ഒട്ടേറെ വൈറോളജിസ്റ്റുകളുടെ അഭിപ്രായം.
ഒരുകണക്കിന് ഈ രോഗം ഇത്തരത്തിൽ നിലനിൽക്കുന്നതിന് ജനിതക വ്യതിയാനങ്ങൾ സംഭവിക്കാനിരിക്കുന്നത് ഒരു കാരണമാകുന്നുണ്ട്. കാരണം സാധാരണ ഗതിയിൽ ഇത്രത്തോളം വ്യാപകമായിട്ട് പകരുന്ന ഒരു രോഗം അടിക്കടിയുണ്ടാകുന്ന ജനിതക വ്യതിയാനങ്ങളാൽ ആദ്യം ഉള്ള രോഗത്തിൻറെ തീവ്രത വളരെ വളരെ കുറഞ്ഞ് അപ്രത്യക്ഷമായി രോഗം പൂർണമായും ഇല്ലാതായി പോവുകയോ, അല്ലെങ്കിൽ തീവ്രത വളരെ കുറഞ്ഞ് സമൂഹത്തിൽ നിലനിൽക്കുകയോ (ഒരു സാധാരണ ജലദോഷപ്പനി പോലെ) ചെയ്യുന്ന ഒരവസ്ഥയിലേക്ക് നീങ്ങി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിലുള്ള ഒരു സാധ്യത ഉണ്ടാകാതിരിക്കാൻ ഈ വൈറസിൽ ജനിതകവ്യതിയാനം അധികം സംഭവിക്കാതിരിക്കുന്നതിനുള്ള ഈ പ്രൂഫ് റീഡിംഗ് തന്ത്രം സഹായിക്കുന്നുണ്ട് എന്നാണ് കരുതുന്നത്.
അതേസമയം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വതന്ത്രമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു വൈറസ് എന്നുള്ള നിലയിൽ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. ഏതാണ്ട് പത്ത് ദിവസത്തിനുള്ളിൽ ഒന്ന് എന്ന നിലയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജനിതകവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഒരു ഏകദേശ കണക്ക്. പക്ഷേ, വൈറസിൽ എവിടെയെങ്കിലുമൊക്കെ ഉണ്ടാവുന്ന വ്യത്യാസങ്ങൾ വൈറസിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നില്ല. ഈ വൈറസ് ഇപ്പോൾ തന്നെ മനുഷ്യരിൽ വളരെയധികം വ്യാപിക്കാൻ ശേഷിയുള്ളതാണ് എന്നുള്ളത് കൊണ്ട് തന്നെ ഇനി ഉണ്ടാവുന്ന ജനിതക വ്യതിയാനങ്ങൾ ആ വൈറസിന്റെ സ്വാഭാവിക ശക്തിയെ കൂട്ടാനല്ല, മറിച്ച് കുറയ്ക്കാനാണ് കൂടുതൽ സാധ്യത. അതായത് ഈ ജനിതക വ്യതിയാനങ്ങൾ കോവിഡ്-19 പോലെ അതിവ്യാപന ശേഷിയുള്ള ഒരു വൈറസിന്റെ വ്യാപനത്തെ കുറയ്ക്കാൻ കാരണമാകാനാണ് സാധ്യത. ശാസ്ത്രത്തിൻറെ ഭാഷയിൽ ഇതിനെ “regression to mean”എന്ന് പറയും. അതായത് വളരെ തീവ്രത കാണിക്കുന്ന വൈറസിൽ ഉണ്ടാവുന്ന വ്യത്യാസങ്ങൾ വീണ്ടും തീവ്രത കൂട്ടുകയല്ല, മറിച്ച് ശരാശരിയിലേക്ക് അതിനെ താഴ്ത്തുക ആയിരിക്കും ചെയ്യുക എന്നാണ് പൊതുവേ വിലയിരുത്തുന്നത്.
ജനിതക വ്യതിയാനങ്ങളിൽ വൈറസിന്റെ സ്വഭാവത്തിൽ വ്യത്യാസം വരുത്തുന്നത് അതിന്റെ സ്പൈക് പ്രോട്ടീനിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ്. നമുക്കെല്ലാം അറിയാം, പുറത്തേക്ക് തള്ളി നിൽക്കുന്ന മുള്ളുകൾ പോലെയുള്ള ഭാഗം ഉപയോഗിച്ചാണ് ഈ വൈറസ് മനുഷ്യ ശരീരത്തിൽ കയറി കൂടുന്നത്. മനുഷ്യശരീരത്തിൽ മനുഷ്യരുടെ കോശങ്ങളിൽ തന്നെയുള്ള ACE-2 എന്ന റിസപ്റ്ററുകൾ ഈ മുള്ളുകൾ പോലെയുള്ള സ്പൈക് പ്രോട്ടീനുമായി യോജിക്കുകയും വൈറസ് പൊട്ടി അതിൻറെ ഉൾഭാഗത്തുള്ള ജനിതക പദാർത്ഥം കോശത്തിനുള്ളിലേക്ക് കടക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മനുഷ്യ കോശവുമായി സംയോജിക്കാൻ അവസരം നൽകുന്ന ഈ മുള്ളുകൾ പോലെയുള്ള സ്പൈക് പ്രോട്ടീനിൽ ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങൾ ആണ് ഈ വൈറസിനെ സ്വഭാവത്തിനെ പ്രധാനമായും നിർണയിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ സ്വഭാവത്തിലെ തീവ്രത കുറയ്ക്കാൻ ആണ് ജനിതക വ്യതിയാനങ്ങൾ പലപ്പോഴും കാരണമാകുന്നത്. പക്ഷേ അപൂർവമായി വൈറസിന്റെ തീവ്രത വർധിപ്പിക്കുന്ന രീതിയിലുള്ള ജനിതക വ്യതിയാനങ്ങളും സംഭവിക്കാറുണ്ട്. വൈറസിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന മുള്ളു പോലെയുള്ള സ്പൈക് പ്രോട്ടീനിൽ ഉണ്ടാകുന്ന വ്യത്യാസം വൈറസിന് അനുകൂലമായിട്ടാണ് സംഭവിക്കുന്നതെങ്കിൽ അത് മൂന്നു തരത്തിലുള്ള സ്വഭാവസവിശേഷതകൾ ഈ വൈറസിന് പ്രദാനം ചെയ്യാനുള്ള സാധ്യതയുണ്ട്.
  1. അതിലൊന്ന്  വ്യാപന സാധ്യത കൂടുക എന്നതാണ്. അതായത് വളരെ വേഗത്തിൽ, വളരെ കുറച്ചു വൈറസുകൾക്ക് തന്നെ മനുഷ്യന്റെ കോശങ്ങളുമായി സംയോജിക്കാൻ കഴിവ് ലഭിക്കാനുള്ള സാധ്യത. ഇങ്ങനെ വന്നാൽ വളരെ കുറച്ചു വൈറസുകൾക്ക് തന്നെ മനുഷ്യനെ രോഗിയാക്കി മാറ്റാൻ സാധിക്കും. ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് വൈറസ് വായുവിലൂടെ പകരാനുള്ള ശേഷി കൈവരിക്കുന്നതും പകരുന്നതും.
  2. വൈറസിന് കൈ വരാൻ സാധ്യതയുള്ള മറ്റൊരു സവിശേഷത ഏതെങ്കിലും രീതിയിൽ രോഗപ്രതിരോധശക്തി കൈവരിച്ചിട്ടുള്ള ആളുകളെ രോഗിയാക്കി മാറ്റാൻ ഉള്ള കഴിവാണ്. അതായത് മുൻപ് അസുഖം വന്ന് മാറിയവരിലോ, വാക്സിൻ സ്വീകരിച്ചവരിലോ രോഗം പകർത്താൻ ശേഷി കൈവരുന്ന സാഹചര്യം. അതായത് പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് ചിലപ്പോൾ ജനിതകവ്യതിയാനങ്ങളിലൂടെ ലഭിച്ചേക്കാം എന്ന് സാരം.
  3. മൂന്നാമത് ഒരു സവിശേഷതകൂടി സംഭവിക്കാൻ സാധ്യതയുണ്ട്. വളരെയധികം വൈറസുകൾ ശരീരത്തിൽ കയറുകയും പെരുകുകയും ചെയ്യുകയാണെങ്കിൽ ഒരുപക്ഷേ രോഗതീവ്രത വർധിക്കാനുള്ള സാധ്യതയും ഉണ്ട്.

ഇത് മൂന്നും ഒരുമിച്ച് വേണമെങ്കിലും സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തിൽ ജനിതക വ്യതിയാനങ്ങളിലൂടെ വൈറസിന് അനുകൂലമായ രീതിയിൽ സ്വഭാവ വ്യതിയാനം സൃഷ്ടിക്കുന്ന വൈറസുകളെ ലോകാരോഗ്യ സംഘടന വേരിയന്റ് ഓഫ് കൺസേൺ, അല്ലെങ്കിൽ വേരിയന്റ് ഓഫ് ഇന്ററസ്റ്റ് എന്ന് വിളിക്കുന്നു. Variant of concern വൈറസിന് അനുകൂലമായ ജനിതക മാറ്റങ്ങൾ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ട വൈറസുകളാണ്.ചില വൈറസിന്റെ പ്രത്യേകതകൾ കാരണം വൈറസിന് അനുകൂലമായ ജനിതക മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും പ്രത്യക്ഷത്തിൽ രോഗതീവ്രത കൂടുന്നതോ, വ്യാപന ശേഷി കൂടുന്നതോ ആയി കാണാത്ത വൈറസുകളാണ് Variant of interest.
C.1.2. വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തിൽ കടപ്പാട്  https://doi.org/10.1101/2021.08.20.21262342
2021 മെയ് മാസത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ വേരിയന്റ് ആണ് C .1.2. ഇത് തികച്ചും പുതിയ ഒരു വൈറസ് എന്നു പറയാനാവില്ല. ദക്ഷിണാഫ്രിക്കയിൽ ആദ്യ തരംഗം വീശിയടിച്ച സമയത്ത് ഏറ്റവും കൂടുതലായി കണ്ട C .1 എന്ന ശ്രേണിയിലുള്ള വൈറസിൽ തന്നെ പിന്നീട് രൂപമാറ്റം സംഭവിച്ചതാണ് C.1.2. ഇതുകൂടാതെ C.1 ൽ ജനിതകവ്യതിയാനം സംഭവിച്ച് രൂപപ്പെട്ട C.1.1 നെ മൊസാംബിക്കിൽ നിന്ന് മുൻപ് കണ്ടെത്തിയിരുന്നു. പക്ഷേ അത് തീവ്രമായ പ്രഹരശേഷി ഉള്ള ഒന്നായിരുന്നില്ല. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന C.1.2 സ്പൈക് പ്രോട്ടീനിൽ ഏറ്റവുമധികം ജനിതക വ്യതിയാനം കണ്ടെത്തിയിരിക്കുന്ന വൈറസാണ്. ഇതുവരെ നമ്മൾ കണ്ടെത്തിയ എല്ലാ വേരിയന്റുകളേക്കാൾ വ്യതിയാനം ഇതിൽ ഉണ്ടായിട്ടുണ്ട്. വ്യതിയാനങ്ങളുടെ ഒരു ശ്രേണി തന്നെ സംഭവിച്ചാണ് C.1.2 സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ആൽഫ എന്ന യുകെ സ്ട്രെയിനിലും ബീറ്റ എന്ന ദക്ഷിണാഫ്രിക്കൻ സ്ട്രെയിനിലും ഗാമ എന്ന ബ്രസീൽ സ്ട്രെയിനിലും കാണപ്പെട്ട പല ജനിതക വ്യതിയാനങ്ങളും C .1.2 ൽ കാണുന്നുണ്ട്. അത് മാത്രമല്ല ആൽഫ വൈറസിനെ കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാനും ബീറ്റ വൈറസിനെയും ഗാമ വൈറസിനെയും രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാനും പ്രാപ്തി ഉണ്ടാക്കിയ ജനിതക വ്യതിയാനങ്ങൾ C.1.2 ൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെയധികം കരുതലോടെ കൂടിയാണ് ശാസ്ത്രലോകം ഈ പുതിയ ജനിതക വ്യതിയാനത്തെ നോക്കിക്കാണുന്നത്. ഈ ജനിതക വ്യതിയാനങ്ങൾ ചിത്രത്തിൽ ചേർത്തിട്ടുണ്ട്.
സ്പൈക് പ്രോട്ടീനിൽ മാത്രം പതിനാലോളം ജനിതക വ്യതിയാനങ്ങളാണ് ഈ പുതിയ വേരിയന്റിൽ കാണുന്നത്. മനുഷ്യരുടെ കോശങ്ങളിൽ ACE-2 റിസപ്റ്ററുമായി ചേരുന്ന സ്പൈക് പ്രോട്ടീന്റെ ഭാഗത്ത് (receptor binding domain) മാത്രം മൂന്ന് ജനിതക വ്യതിയാനങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അത് മാത്രമല്ല ഈ വൈറസിന്റെ പുറം പാളി പൊട്ടി ജനിതക പദാർത്ഥത്തെ മനുഷ്യ ശരീരത്തിലേക്ക് കടത്തിവിടാൻ സഹായിക്കുന്ന ഫ്യൂറിൻ ക്ലിവേജ് സൈറ്റിലും (Furin cleavage site) ഒരു ജനിതകവ്യതിയാനം ഉണ്ട്. അതുകൊണ്ടുതന്നെ ജാഗ്രത വേണം എന്നാണ് ശാസ്ത്രലോകം കരുതുന്നത്.
C.1.2. വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തിൽ കടപ്പാട് https://doi.org/10.1101/2021.08.20.21262342
ദക്ഷിണാഫ്രിക്കയിൽ ഉള്ള ഏതാണ്ട് എല്ലാ പ്രവിശ്യകളിലും ഈ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിവരുന്നു. ഒൻപത് പ്രവിശ്യകളിൽ ആറ് എണ്ണത്തിലും ഇതുവരെ റിപ്പോർട്ടുണ്ട്. അതിനു പുറമെ ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും ആയി കുറെയേറെ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. മൗറീഷ്യസ്, സിംബാബ്വേ, ബോട്സ്വാന, ചൈന, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, UK, തുടങ്ങിയ പല രാജ്യങ്ങളിലും ഈ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇതുവരെ ലോകാരോഗ്യസംഘടന ഈ വൈറസിനെ “Variant of concern” ഗ്രൂപ്പിലോ “Variant of interest” ഗ്രൂപ്പിലോ ഉൾപെടുത്തിയിട്ടില്ല. എങ്കിലും variant of interest വിഭാഗത്തിൽ ഉൾപ്പെടുത്താനും പഠനവിധേയമാക്കാനും ഉള്ള സാധ്യത നിലനിൽക്കുന്നു.
ഈ വൈറസ് ഏറ്റവുമധികം വ്യാപിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് C .1.2 അല്ല. അവിടെയും നിലവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഡെൽറ്റ വകഭേദമാണ്. ഡെൽറ്റയേക്കാൾ കൂടുതൽ വേഗതയിൽ പകരാനുള്ള ശേഷി C.1.2 ന് ഇല്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. അതായത് ഇന്ത്യയിലും കേരളത്തിലും ഏറ്റവുമധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദത്തോളം വ്യാപനശേഷി ഇവർക്ക് ഉണ്ടാവാൻ സാധ്യത കുറവാണ് എന്നാണ് നിലവിലെ അനുമാനം.
കേരളത്തിൽ ഇപ്പോൾ വൈറസിന്റെ ജനിതക ശ്രേണി പഠിച്ചുകൊണ്ടിരിക്കുന്നു. വൈറസിനെ പൂർണമായി പഠിക്കുന്ന complete genomic study നമ്മളിപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് കൂടാതെ സ്പൈക് പ്രോട്ടീനെ കുറച്ചുള്ള പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ പുതിയ വകഭേദം കേരളത്തിലെത്തിയാൽ ഉടൻ തന്നെ കണ്ടെത്താൻ നമുക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനൊക്കെ വേണ്ടി കൂടുതൽ സാമ്പിളുകൾ നമ്മൾ പഠനത്തിന് വിധേയമാക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
രോഗവ്യാപനം കൂടുതൽ ഉണ്ടാകുന്ന ഇടങ്ങളിലൊക്കെ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആൽഫയും ബീറ്റയും ഗാമയും ഡെൽറ്റയും ഇപ്പോൾ C .1.2 ഉം നമ്മളെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രോഗവ്യാപനം തടയാൻ ആവശ്യമായ പെരുമാറ്റ രീതികളിൾക്ക് കൂടുതൽ ഊന്നൽ കൊടുക്കേണ്ടത് ആവശ്യമാണ്. മറ്റ് ജനിതക വ്യതിയാനങ്ങൾ തടയുന്നതു പോലെ വാക്സിനുകൾക്ക് C .1.2 നെ പ്രതിരോധിക്കാൻ ഒരുപക്ഷേ സാധ്യമായില്ലെങ്കിൽ പോലും രോഗാതുരതയും മരണവും പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഡോ.വിനോദ് സ്കറിയ, ഡോ.ആനിഷ് ടി.എസ്. എന്നിവർ ഇൻഫോക്ലിനിക്കിൽ എഴുതിയത്  Info Clinic
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കടൽ വെള്ളം 99.9 % ശുദ്ധീകരിക്കുന്ന മെംബ്രേയ്ൻ
Next post ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി
Close