ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി

 

2018-ൽ ചൊവ്വയിലെത്തിച്ച ഇൻ സൈറ്റ് ലാൻഡർ ഉപയോഗിച്ചുള്ള പഠനത്തിന്റെ ഫലമായാണ് ഈ ചുവന്ന ഗ്രഹത്തിന്റെ അദൃശ്യമായ അന്തർഭാഗങ്ങളെ അറിയാൻ സാധിച്ചത്.

ചൊവ്വയുടെ ഉൾവശം കടപ്പാട്: Chris Bickel/Science

ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തുന്നതിൽ നാസ വിജയിച്ചിരിക്കുന്നു. 2018-ൽ ചൊവ്വയിലെത്തിച്ച ഇൻ സൈറ്റ് ലാൻഡർ (Insight lander) ഉപയോഗിച്ചുള്ള പഠനത്തിന്റെ ഫലമായാണ് ഈ ചുവന്ന ഗ്രഹത്തിന്റെ അദൃശ്യമായ അന്തർഭാഗങ്ങളെ അറിയാൻ സാധിച്ചത്. ഇൻസൈറ്റ് ലാൻഡർ ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ച സൈസ്മോമീറ്റർ (Seismometer) വഴി ചൊവ്വയുടെ അന്തർഭാഗങ്ങളിൽ നിന്നുള്ള ചലനങ്ങളെ വിശകലനം ചെയ്യാൻ കഴിഞ്ഞു. ഭൂമിയെപ്പോലെ ചൊവ്വയുടെ ഉൾവശവും മൂന്ന് പാളികൾ ഉൾക്കൊള്ളുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തി – പുറംതോട്, ആവരണം, കാമ്പ് (crust, mantle, core). എന്നാൽ, ഈ പാളികളുടെ വലുപ്പവും ഘടനകളും രണ്ട് ഗ്രഹങ്ങളിലും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ചൊവ്വയുടെ പുറംതോട് ഗവേഷകർ പ്രതീക്ഷിച്ചതിലും വളരെ കനം കുറഞ്ഞതാണ്. 20 മുതൽ 37 കിലോമീറ്റർ വരെ ആഴവും രണ്ടോ മൂന്നോ ഉപപാളികളും ഇതിൽ അടങ്ങിയിരിക്കുന്നു. ആവരണമാകട്ടെ, 1560 കി.മീ. ആഴത്തിൽ വ്യാപിച്ചു കിടക്കുന്നു. പുറംകാമ്പ് ഉരുകി ദ്രാവകാവസ്ഥയിലാണ് കാണപ്പെട്ടത്. ഭൂമിയെപ്പോലെ ചൊവ്വയ്ക്ക് ടെക്റ്റോണിക് പ്ലേറ്റുകളില്ല (Tectonic plate). പക്ഷേ, തണുപ്പുമൂലം ഗ്രഹം ചെറുതായി ചുരുങ്ങുമ്പോഴുണ്ടാകുന്ന സമ്മർദ്ദങ്ങൾ കാരണം ചൊവ്വയുടെ പുറംതോടിൽ പൊട്ടലുകൾ രൂപം കൊള്ളുന്നു. ഇവയുടെ കമ്പനങ്ങളിലൂടെ സൈസ്മിക് തരംഗങ്ങളുടെ വേഗതയും ദൂരവും അളന്നാണ് ചൊവ്വയുടെ ആന്തരിക ഘടനകൾ മനസ്സിലാക്കിയത്.


അധികവയാനയ്ക്ക്

Scientists mapped the mysterious interior of Mars for the first time ever – Live Science

Leave a Reply