ഡോ. ആരതി ശശികുമാർ
വേണ്ട സാഹചര്യങ്ങളൊരുക്കിയാൽ കൂട്ടുകാർക്കും ഒരു ശലഭോദ്യാനം തുടങ്ങാനാവും… എങ്ങനെയെന്നറിയാൻ വായിച്ചോളൂ…
ചിത്രലഭങ്ങളെത്തേടി നമ്മൾ പോകുന്നതു പോലെ ശലഭങ്ങൾ നമ്മളെ തേടിയെത്താൻ വിദ്യാലയത്തിലോ വീട്ടിലോ നമുക്ക് ഒരു ശലഭോദ്യാനം ഉണ്ടാക്കിയാലോ?
അതിനായി സ്ക്കൂളിൽ അധികം മരങ്ങളൊന്നും ഇല്ലാത്ത, നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാൻ. ചെടികൾ നട്ടുപിടിപ്പിക്കുന്നതിനു മുമ്പ് ചിത്രശലഭങ്ങളെ നിരീക്ഷിക്കുന്നതിനായി ശലഭോദ്യാനത്തിനകത്ത് ഒരു നടപ്പാത ക്രമീകരിക്കാനും, ശലഭോദ്യാനത്തിൽ ഈർപ്പം നിലനിർത്തുന്നതിനും അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ജലധാരയോ ആമ്പൽക്കുളമോ സജ്ജീകരിക്കാം. ശലഭോദ്യാനം ഒരുക്കുന്നതിനോടൊപ്പം നിങ്ങൾ വീട്ടിലും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും കാണുന്ന ചിത്രശലഭങ്ങളെ നിരീക്ഷിച്ച് രേഖപ്പെടുത്തേണ്ടതുണ്ട്. അതുവഴി വിവിധതരം ചിത്രശലഭങ്ങളെ കാണാനും അവ തേൻ കുടിക്കാനും മുട്ടയിടാനുമായി ആശ്രയിക്കുന്ന സസ്യങ്ങളെ കണ്ടെത്താനും നിങ്ങൾക്ക് കഴിയും.
ശലഭോദ്യാനത്തിൽ ഉണ്ടാകേണ്ട സസ്യങ്ങൾ
നിങ്ങളുടെ പ്രദേശത്തു കാണുന്ന പൂമ്പാറ്റകളുടെ ആതിഥേയ സസ്യങ്ങളെയാണ് പ്രധാനമായും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കേണ്ടത്. ചില പൂമ്പാറ്റകളെ കൂട്ടത്തോടെ ആകർഷിക്കുന്ന കിലുക്കി പോലെയുള്ള ചെടികൾ ഉറപ്പായും വേണം. പൂച്ചെടികൾ നടുമ്പോൾ നടപ്പാതയുടെ ഇരുവശങ്ങളിലുമായി ഉയരം കുറഞ്ഞ ചെടികളും അവയ്ക്ക് പുറകിലായി ഉയരമുള്ള ചെടികളും നട്ടുപിടിപ്പിക്കാൻ ശ്രദ്ധിക്കണം.
ചെത്തി, ചെണ്ടുമല്ലി, കോസ്മോസ്, കുഫിയ, ബട്ടൻറോസ്, സീനിയ, പെന്റാസ്, കൃഷ്ണകിരീടം, ചെമ്പരത്തി, മുല്ല, കണിക്കൊന്ന, എരുക്ക്, വെള്ളീലം, മുള്ളീലം, തകര, കറിവേപ്പ്, നാരകം, കൂവളം, ഇലമുളച്ചി, അലങ്കാരപ്പനകൾ, ഗരുഡക്കൊടി, പാണൽ, മുസാണ്ട, വള്ളിപ്പാല, മുള, അരളി തുടങ്ങിയവയും നടാം.
നിരീക്ഷിക്കാം ശലഭങ്ങളെ…
ശലഭോദ്യാനത്തിൽ ചെടികൾ നട്ട് പൂക്കൾ വന്നു തുടങ്ങിയാൽ ചിത്രശലഭങ്ങളും ഓരോന്നായി വന്നു തുടങ്ങും. അങ്ങനെ അതിഥികളായി വരുന്ന ചിത്രശലഭങ്ങളുടെ പ്രത്യേകതകൾ (പേര്, ശാസ്ത്രനാമം, കുടുംബം) രേഖപ്പെടുത്തി വയ്ക്കാൻ കൂടി ശ്രദ്ധിക്കണം. ആദ്യമൊക്കെ തേൻ കുടിച്ച് പറന്നു പോയവർ പതുക്കെ പതുക്കെ നമ്മുടെ ശലഭോദ്യാനത്തിലെ സ്ഥിരം താമസക്കാരായി മാറുന്നത് നമുക്ക് കാണാൻ കഴിയും.
പ്രശസ്ത ശലഭോദ്യാനങ്ങൾ
1988 അമേരിക്കയിലെ ഫ്ലോറിഡയിൽ 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കോക്കനട്ട് ക്രീക്കാണ് ലോകത്തിലെ ആദ്യത്തെ ചിത്രശലഭോദ്യാനം. കർണാടകയിലെ ബെനർഘട്ട നാഷണൽ പാർക്കിലാണ് ഇന്ത്യയിലെ ആദ്യത്തെ ശലഭോദ്യാനം സ്ഥിതി ചെയ്യുന്നത്. തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 27 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അനൈഘട്ട് റിസർവ് വനത്തിലെ ശലഭോദ്യാനമാണ് ഏഷ്യയിലെ ഏറ്റവും വലിയ ശലഭോദ്യാനം. കേരളത്തിലെ ആദ്യത്തെ ശലഭോദ്യാനം 1996ൽ കേരള വനഗവേഷണ കേന്ദ്രത്തിന്റെ തൃശൂർ പീച്ചിയിലുള്ള സ്ഥാപനത്തിലാണ് ആരംഭിച്ചത്. 2006-ൽ തെന്മലയിൽ ഏഴര ഏക്കറിൽ ഒരുക്കിയിട്ടുള്ള ശലഭോദ്യാനമാണ് കേരളത്തിലെ പ്രധാനപ്പെട്ട മറ്റൊന്ന്.
ജൈവവൈവിധ്യം കണ്ടറിഞ്ഞ് നടപ്പാതകളിലൂടെ നടക്കാനും മുട്ട മുതൽ പൂമ്പാറ്റ വരെയുള്ള വിവിധ ശലഭങ്ങളുടെ ജീവിതഘട്ടങ്ങൾ അടുത്തറിയാനും ഇവിടെ വന്നാൽ സാധിക്കും.
ശലഭോദ്യാനം നിർമിക്കാൻ സഹായം
ഞങ്ങളുണ്ടാക്കിയ ശലഭോദ്യാനം
2018 ഒക്ടോബർ രണ്ടിനാണ് ആലത്തൂർ ശ്രീ നാരായണ കോളേജിൽ 10 സെൻറ് സ്ഥലത്ത് ഞങ്ങൾ ശലഭങ്ങൾക്ക് പാർക്കാൻ ഒരിടം ഒരുക്കിയത്. നാരകക്കാളി, നാട്ടുറോസ്, കൃഷണശലഭം എന്നീ ചിത്രശലഭങ്ങളാണ് ആദ്യമായി വന്നതെങ്കിൽ ദിവസങ്ങൾ കഴിയുന്തോറും വൈവിധ്യമാർന്ന ശലഭങ്ങൾ കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണ് ഉണ്ടായത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 6 കുടുംബങ്ങളിൽ പെട്ട 96 വ്യത്യസ്തതരം ചിത്രശലഭങ്ങളെ ശലഭോദ്യാനത്തിൽ നിന്ന് കണ്ടെത്താനായിട്ടുണ്ട്. അപൂർവമായി മാത്രം കാണുന്ന സ്ലേറ്റ് ഫ്ലാഷ്, യവനതളിർനീലി, വെള്ളിവരയൻ തുടങ്ങിയവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
കടപ്പാട് : ശാസ്ത്രകേരളം 2021 നവംബർലക്കം