Read Time:42 Minute

കണ്ട്

കേട്ട്

തൊട്ട് അറിയുന്ന

ലോകങ്ങൾ

എന്താണ് നമ്മൾ അനുഭവിക്കുന്ന യാഥാർഥ്യം? അത് സാധ്യമാകുന്നതെങ്ങനെ ? മസ്തിഷ്ക ഭാഗങ്ങൾക്കുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും നമ്മുടെ യാഥാർഥ്യത്തെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു?.

2023 ആഗസ്റ്റ് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

ഒന്നും രണ്ടുമൊന്നുമല്ല, എൺപതു -നൂറു ബില്യൺ (100 ബില്യൺ -പതിനായിരം കോടി) ന്യൂറോണുകളാ ചതുർമുഖമായ, കഷ്ടിച്ച് ഒന്നേകാൽ കിലോഗ്രാമിൽ ലേശം കൂടുതൽ തൂക്കം മാത്രമുള്ള (ഏകദേശം 1350 g), മാംസളമായ മനുഷ്യമസ്തിഷ്ക പിണ്ഡത്തിൽ ഉള്ളത്. ഒരു സൗരയൂഥത്തെക്കാൾ സങ്കീർണ്ണമാണ് അതിന്റെ പ്രവർത്തനങ്ങൾ. മസ്തിഷ്കത്തെക്കുറിച്ച് അമേരിക്കൻ കവയിത്രിയായ എമിലി ഡിക്കിൻസൺ (Emily Elizabeth Dickinson. 1830-1886). എഴുതിയ ഒരു കവിതയുണ്ട്. (1862).



The Brain-is wider than the Sky
For-put them side by side,
The one the other will contain
With ease-and you-beside
The Brain is deeper than the sea
For-hold them-Blue to Blue
The one the other will absorb
As sponges-Buckets-do
The Brain is just the weight of God-
For-Heft them-Pound for Pound-
And they will differ-if they do-
As Syllable from Sound

അദ്ഭുതമെന്നു പറയട്ടെ, പുറം ലോകം ഒരിക്കലും കാണാത്ത ഈ ന്യൂറോണുകളാണ്, വെളിച്ചവും നിറങ്ങളും മണവും രുചിയും കേൾവിയും വേദനകളും സന്തോഷങ്ങളും സന്താപങ്ങളും എല്ലാം അറിയുന്നതും അറിയിക്കുന്നതും! പല ന്യൂറോണുകളും നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാവാത്ത പൊടിപോലുള്ള, നാലു മുതൽ നൂറുവരെ മൈക്രോണുകളുള്ള കോശങ്ങളാണ് (ഒരു മൈക്രോൺ = 0.001 മില്ലിമീറ്റർ). ഒരു കടുകുമണിക്കു പോലും 2.5 മില്ലിമീറ്റർ വരും. സർവവും അറിയുന്ന മസ്തിഷ്കത്തിന് സ്വയം ഒന്നുമറിയാനാവില്ല, വേദനപോലും. സർജൻ കത്തികൊണ്ടു വരഞ്ഞുകീറിയാൽപ്പോലും ലേശവുമില്ല, വേദന,

ബില്യണും ട്രില്യണുമൊന്നുമല്ല, സംഖ്യാതീതമെന്നു തന്നെ പറയണം. വെളിച്ചമായും ശബ്ദമായും മണമായും രുചിയായും സ്പർശമായും പിന്നെ അറിയാത്ത, അറിയാൻ സാധ്യവുമല്ലാത്ത, പേരുകൾ പോലുമില്ലാത്ത, പ്രചോദനങ്ങളാണ് ഓരോ സെക്കൻഡിലും നമ്മുടെ ചുറ്റിലും വന്നു ഭവിക്കുന്നത്.

തോമസ് വില്ലീസ് (1621-1675)

എങ്ങനെ ആ ന്യൂറോണുകൾ ഇവയൊക്കെ മനസ്സിലാക്കുന്നു എന്നത് പണ്ട് ഒരു കടങ്കഥയായിരുന്നു (എല്ലാം അറിഞ്ഞെന്നു കരുതുന്ന ഇന്നും, ആ കടങ്കഥകളുടെ പല കുരുക്കുകളും ഇനിയും അഴിക്കാനുണ്ട് എന്നതാണ് സത്യം), മസ്തിഷ്കത്തിനെ ആദ്യമായി വിശദമായി പഠിക്കാൻ ശ്രമിച്ചു, പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടീഷുകാരൻ തോമസ് വില്ലീസു (1621-1675) (ന്യൂറോളജി എന്ന പേര് പോലും അദ്ദേഹത്തിന്റെ സംഭാവനയാണ്) മുതൽ ഒരു പുരുഷായുസ്സു മുഴുവൻ മസ്തിഷ്ക ഗവേഷണവും സർജറിയും ചെയ്ത കാനഡയിലെ മോൺട്രിയൽ ന്യൂറോളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിൽഡർ പെൻഫീൽഡ് (1891-1976) വരെ സുല്ലു പറഞ്ഞു കൈയൊഴിഞ്ഞ മേഖലകളാണ്.

വിൽഡർ പെൻഫീൽഡ് (1891-1976)

അവയൊക്കെ പതിനെട്ടാം നൂറ്റാണ്ടുമുതൽ ന്യൂറോഫിസിയോളജിക്കാർ പേർത്തും പേർത്തും വരച്ചുവച്ച് മസ്തിഷ്ക സ്കെച്ചുകളും കേന്ദ്രങ്ങളുമാണ് ഇന്നും പരമസത്യമായി പഠിപ്പിക്കുന്നത്. അവ തെറ്റാണെന്നല്ല പക്ഷേ, മസ്തിഷ്കത്തിലെ ഒരു ന്യൂറോണും ഒരു കേന്ദ്രവും ഒറ്റയ്ക്കല്ല ഒന്നും അറിയുന്നതും ചെയ്യുന്നതും ഭരിക്കുന്നതും. അവയുടെ കൂട്ടായ്മ, കൊണ്ടും കൊടുത്തും അറിയുന്നത് പുറംലോകത്തെയാണ്, അറിഞ്ഞതിൻപ്രകാരം പ്രതികരിക്കുന്നതും അങ്ങനെതന്നെ. അവയൊക്കെ ആത്യന്തികമായി സ്വന്തം ജീവന്റെ ആവശ്യത്തിനു വേണ്ടിയാണ്.

പുറം ലോകത്തിന്റെ ദൃശ്യങ്ങൾ കാണാനും അവിടുള്ള ശബ്ദങ്ങളും മണങ്ങളും രുചികളും സ്പർശങ്ങളു മറിയാനും ഉള്ള ശ്രമമാണ് ജീവന്റെ ആദ്യത്തെ തുടിപ്പുകൾ മുതൽ തുടങ്ങുന്നത്. അവയുടെ പാരമ്യം എന്ന് ഇന്നു കരുതുന്നത് ചിന്തിക്കുന്ന മനുഷ്യന്റെ ഹോമോസാപിയൻസിന്റെ ശേഷികളാണ്. സത്യത്തിൽ അവയെത്ര നിസ്സാരമാണെന്ന് അറിഞ്ഞു തുടങ്ങുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നുള്ളത്. ഒരുപക്ഷേ, ഏറിയാൽ നാലോ അഞ്ചോ പതിറ്റാണ്ടുകൾക്കുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ മനുഷ്യ മസ്തിഷ്കത്തിനെ ശക്തിപ്പെടുത്താൻ ഉപയോഗിച്ചു തുടങ്ങുമ്പോൾ ഈ ശേഷികൾ നൂറുനൂറു മടങ്ങായി വർധിച്ചേക്കാം. കാണുന്ന പുറംലോകം

കാഴ്ച

പരിണാമഗതിയിൽ ഇന്ദ്രിയാനുഭൂതികളുടെ തുടക്കം സ്പർശനമാണങ്കിലും, സാമാന്യഗതിയിൽ ഏറ്റവും പ്രസക്തമായ അനുഭൂതി കാഴ്ചയാണ്. കണ്ണിൽ പതിക്കുന്ന രശ്മികൾ ഉത്തേജിപ്പിക്കുന്ന തരംഗങ്ങൾ ഓരോ കൺഞരമ്പു (Optic Nerve) വഴി പോകുന്നതും അവ ഓപ്റ്റിക് കയാസ്മ (Optic Chiasma) ആകുമ്പോൾ അതിലെ തന്തുക്കളിൽ പാതി നേരെ പിന്നിലേക്കും മറുപകുതി കുറുകേ തിരിഞ്ഞ് മറുഭാഗത്തേക്കും പോയി ഓപ്ടിക് ട്രാക്റ്റുകൾ ആകുന്നതും, അവ ഒരു ഇടത്താവള കേന്ദ്രത്തിൽ (Lateral Geniculate Body) ചെന്നു വീണ്ടും പുതിയ തന്തുക്കളായി (Optic radiation) മസ്തിഷ്കത്തിലെ പ്രാഥമിക കാഴ്ചാകേന്ദ്രമായ ഓക്സിപിറ്റൽ ലോബിൽ ചെന്ന് കാഴ്ചയായി പരിണമിക്കുന്നതുമാണ് സാധാരണ അറിയുന്ന കഥ.

ഓക്സിപിറ്റൽ ലോബിലെ പ്രധാന ദൃശ്യകേന്ദ്രമായ വി 1 (V1) ൽ ചിത്രങ്ങളായൊന്നും പതിയുന്നില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണ് കണ്ണിൽ നിന്ന് ഏകദേശം 130-140 മില്ലിമീറ്റർ അകലെയുള്ള ഓക്സിപിറ്റൽ ലോബിലെ വി 1 (V1) ഭാഗത്തിലായിരുന്നു കാഴ്ചയുടെ സർവതും നടന്നിരുന്നത് എന്നതു മാറി കാഴ്ചയുടെ ആദ്യവിവരണങ്ങൾ മാത്രം അറിയുന്ന ഒന്നായിട്ടാണ് അതിനെ ഇന്നു കരുതുന്നത്. ഏകദേശരൂപങ്ങളും ദിശകളും അരികുകളും പോലെയുള്ള പ്രാഥമിക കാര്യങ്ങളേ അവിടെ അറിയുന്നുള്ളൂ.

ഗബ്രിയേൽ ആന്റൻ

വി 1 (V1) ഭാഗത്തിനു കേടുവരാം. അവിടേക്കു പോകുന്ന രക്തക്കുഴലുകൾ അടഞ്ഞുപോകാം, അവിടെ മാംസവളർച്ചകൾ വരാം. തല ആഘാതങ്ങളുണ്ടായി ആ ഭാഗം മുഴുവൻ തകർന്നുപോകാം. അപ്പോഴാണ് അവിശ്വസനീയമായ പ്രശ്നങ്ങളുണ്ടാവുന്നത്. കാഴ്ച പൂർണ്ണമായി പോയി അന്ധനാകും, പക്ഷേ, അവർ ആ അന്ധത സമ്മതിക്കുക പോലുമില്ല. തനിക്ക് എല്ലാം കാണാം എന്നായിരിക്കും അവർ പറയുക. നടക്കാൻ ശ്രമിക്കും. വല്ലതിലും കാലു തട്ടി മറിഞ്ഞുവീഴും. ഇത്തരം ‘കോർട്ടിക്കൽ അന്ധത’ (Cortical blindness- Anton’s Syndrome) ഓക്സിപിറ്റൽ ലോബിലെ കേടുകൾ മൂലം വരാമെന്ന് ആദ്യം പറഞ്ഞത് ആസ്ട്രിയൻ ന്യൂറോസൈക്യാട്രിസ്റ്റായിരുന്ന ഗബ്രിയേൽ ആന്റനാണ് (1858-1933).

കാഴ്ചയുമായി ബന്ധപ്പെട്ട വേറെ പല ഭാഗങ്ങളും പിന്നീടുള്ള കാലങ്ങളിൽ കണ്ടുപിടിച്ചു. ഫ്യുസി ഫോം ഗൈറസ്സാണ് (Fusiform Cyrus) മുഖമറിയുന്നതെന്നും, കണ്ടതിന്റെ ദിശകളും സ്ഥാനവുമൊക്കെ മനസ്സിലാക്കുന്നത്, പൈറൈറ്റൽ ലോബാണെന്നും, കണ്ടവ എന്താണന്നും ഏതാണെന്നും മനസ്സിലാക്കുന്നതിനും അവയുടെ പേരുകളറിയുന്നതിനുമൊക്കെയുള്ള കേന്ദ്രങ്ങൾ ഏതാണെന്നും ഒക്കെ അറിഞ്ഞെങ്കിലും എങ്ങനെയാണ് ഓക്സിപിറ്റൽ ലോബിലെ കാഴ്ചാകേന്ദ്രമായ V1 ലേക്ക് അവയുടെ ബന്ധമുണ്ടാകുന്നതെന്ന് 1980-കളുടെ ആദ്യം വരെ ഒരു രൂപവുമില്ലായിരുന്നു.

ലെസ്ലി അംഗൻലീഡയും മോർട്ടിമർ മിഷ്കിനും

ന്യൂയോർക്കിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലെ മോർട്ടിമർ മിഷ്കിനും (Mortimer Mishkin 192 -2021) സഹപ്രവർത്തക ലെസ്ലി അംഗൻലീഡ (Leslie Ungerleider, 1946-2020)റുമാണ് ആ ചേരാതിരുന്ന കണ്ണികളെ യോജിപ്പിക്കുന്നത്. ഓക്സിപിറ്റൽ ലോബിന്റെ V1 ഭാഗത്തുനിന്നും രണ്ടു വൻപാതകൾ-ഒന്ന്, മുന്നോട്ടു ലേശം മുകളിലേക്കും (Dorsal Visual Pathway മേൽപ്പാത-ഉപരിസരണി), രണ്ടാമത്തേത്, മുന്നോട്ട് ലേശം താഴോട്ടുമായി (കീഴാത-അധോസരണി Ventral Visual pathway) പോകുന്നുണ്ടെന്ന് ആദ്യമായി വ്യക്തമാക്കിയത് 1982-ലാണ്.

V1-ൽ തുടങ്ങുന്ന കീഴാപാത ഓക്സിപിറ്റൽ ലോബിലെ മറ്റു കാഴ്ചാകേന്ദ്രങ്ങളേയും (V2, V3, V4 V5) കടന്ന് ഓർമ്മകളുടെ ഈറ്റില്ലമായ ടെമ്പറൽ ലോബിന്റെ കീഴ്ഭാഗത്തും വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് ലോബിലും ആണ് വ്യാപിക്കുന്നത്. കണ്ടവയുടെ അർഥങ്ങളും നിറങ്ങളും രൂപങ്ങളും മാത്രമല്ല, അവയുടെ പേരും അവയെ സംബന്ധിച്ച് പഴയ ഓർമ്മകളുടെ ഭണ്ഡാരവും തുറക്കും. കണ്ടവയുടെ മുഖങ്ങൾ അറിയും; ഈ മുഖമറിയൽ നിത്യജീവിതത്തിന് അതിപ്രധാനവുമാണ്. അതാണ് ശത്രുവാണോ മിത്രമാണോ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണോ അല്ലയോ എന്നുള്ളതെല്ലാം നിശ്ചയിക്കുന്നത്. കണ്ടവയെക്കുറിച്ചുള്ള വൈകാരികഭാവങ്ങളറിയാൻ വികാരകേന്ദ്രങ്ങളായ അമിഗ്ഡലയിലേക്കും പേപ്പസ് സർക്യൂട്ടിലുമൊക്കെ (Amygdala, Papez Circuit) ബന്ധപ്പെടണം.

ഈ കീഴ്പ്പാതയ്ക്ക് കേടുണ്ടായാൽ കണ്ടതറിയില്ല (Agnosia), അവയുടെ പേരറിയില്ല (Anomia) അതു വായിക്കാനും എഴുതാനും (Alexia, Agraphia) ആവില്ല. കണ്ടവയുടെ മുഖം മനസ്സിലാകാതെ പോകും (Prosopagnosia) അതിനെക്കാളും ബുദ്ധിമുട്ട് കണ്ടത് അതിപരിചയമുള്ള ആളാണെങ്കിലും ഏതോ കള്ളനാണെന്ന് കള്ളിയാണെന്നു തോന്നും. മുന്നിൽ വന്നു നിൽക്കുന്ന ഭാര്യ അവളെപ്പോലെ രൂപസാദൃശ്യമുള്ള ഏതോ ഒരു കള്ളിയാണന്ന് പറയുകയാണെങ്കിൽ ഉണ്ടാവുന്ന ദുരിതം ആലോചിച്ചാൽ മതി (Capgras Syndrome).

Graphic design: P.A. based on Logothetis (1999) and Zeki (2003)

V1-ൽ തുടങ്ങുന്ന മേൽപ്പാത പോയിച്ചെന്നെത്തുന്നത് പെറൈറ്റൽ ലോബിന്റെ മുഖ്യഭാഗത്തും ടെമ്പറൽ ലോബിന്റെ മുകൾഭാഗത്തുമാണ്. അവിടെയാണ് ഇടങ്ങളും ദൂരങ്ങളും ദേശകാലങ്ങളും മനസ്സിലാക്കുന്നത്. കൂട്ടത്തിൽ ചലനങ്ങളും അവയുടെ മാനങ്ങളും. ഇവയൊക്കെ നിത്യജീവിതത്തിൽ ഓരോ നിമിഷവും അറിയാതെ അറിയുന്ന, അതിനനുസരിച്ച് ശരീരത്തിലെ മറ്റു പല ഭാഗങ്ങളും ക്രമീകരിക്കുന്ന സംവിധാനങ്ങളാണ്. നാം എവിടെ നിൽക്കുന്നു, നമ്മുടെ കൈയും കാലും കഴുത്തും എങ്ങനെയാണ് എവിടെയാണ് എന്നതൊക്കെ നോക്കിയറിയണ്ട. സ്വയമാണ് ആ ബോധം വരുക. മുന്നിലെ ആളുടെ, കാലികളുടെ, പറവകളുടെ, ഈച്ചകളുടെ, ഇരമ്പിയോടുന്ന ലോറിയുടെ, കാറിന്റെ, ചലനങ്ങൾ ഒക്കെ കൃത്യമായി അറിയാൻ കഴിയണം. തൊടാൻ തോന്നുന്നിടത്ത് കൈ കൊണ്ടു ചെന്നെത്തണം. നോക്കിയാലും കണ്ടാലും വിരലുകൾ ചെല്ലേണ്ടിടത്തു ചെന്നില്ലെങ്കിൽ അതാണ് വിഷ്വൽ അറ്റാക്സിയ (Visual Ataxia). നമ്മളും നമ്മുടെ അംഗങ്ങളും എവിടെയാണ് എന്നതിന്റെ ദിശാബോധമുണ്ടാകണം.

സാധാരണ ഈ പാതയിടങ്ങൾ മാത്രമായി കേടാകാറില്ല. പക്ഷേ, അങ്ങനെയും സംഭവിക്കാം. മുന്നിൽ നിന്ന ആളെങ്ങനെ അകലത്തായി, ചാടിപ്പോയതാണോ എന്ന സംശയം. കെറ്റിലിൽ നിന്ന് കപ്പിലേക്കു ഒഴിച്ച് ചായവെള്ളം എന്തേ ഇങ്ങനെ മഞ്ഞു കട്ടകൾ പോലെ മുറിഞ്ഞുമുറിഞ്ഞു വീഴുന്നു വീഡിയോയിൽ ഒരു മുറൈ വന്തു പാർത്തായാ’ എന്ന നൃത്തം ചെയ്യുന്ന ശോഭനയ്ക്കു പകരമെന്തേ എത്രയോ ശോഭനമാരുടെ നൃത്തച്ചുവടുകൾ ഒന്നോടൊന്ന് എന്ന രീതിയിൽ കാണുന്നു? പ്രശ്നം ചലനങ്ങളും അവയുടെ തുടർച്ചയും കാണാതാവാതെ പോകുന്നതാണ്. അത് എക്കൈനെറ്റോപ്സിയ (കൈനസിസ് = ചലനം – Akinetopsia) എന്ന അവസ്ഥയാണ്.

ചിലപ്പോൾ കാണുന്നതൊന്നും പൂർണ്ണമാകുമില്ല, അവിടവിടെ ചായങ്ങളുടേയും ഇരുട്ടിന്റെയും നീർത്തെറിപ്പുകൾ മാത്രം. ബ്രജ്ഭൂമിയിലെ രാധാമാധവക്രീഡയുടെ ചിത്രം നോക്കുന്ന സമയത്ത് കൃഷ്ണനെ കാണാതെ രാധയെ മാത്രം കാണും. ചിത്രത്തിൽ കൃഷ്ണനെ തിരയുമ്പോൾ എന്തേ രാധ ആ ചായത്തെറിപ്പിൽ മറയുന്നു മുന്നിൽ കാണുന്ന റോഡിലൂടെ ഓടുന്ന കാറ് കാണുമ്പോൾ ചുറ്റുമുള്ളവയൊക്കെ അപ്രത്യക്ഷമാകും. റോഡിന്റെ ഓരം നോക്കുമ്പോൾ മുന്നിൽ പോകുന്ന കാറും സ്കൂട്ടറും സൈക്കിളുമൊക്കെ മറഞ്ഞുപോകുന്നു. എന്തേ ആ ചിത്രം മുഴുവൻ അല്ലെങ്കിൽ ആ റോഡുമുഴുവൻ കാണാതെയാകുന്നു? കണ്ടതൊന്നും പൂർണ്ണമാകാതെ അവിടവിടങ്ങൾ മാത്രം കാണുന്ന അവസ്ഥയാണ് സൈമൾട്ട്ഗ്നോസിയ (Simultagnosia).

റെസോ ബാലിന്റ് (1874-1929)

ഹംഗേറിയൻ ജൂതനായ റെസോ ബാലിന്റ് (1874-1929) ഒരു വൈദ്യവിദ്യാർത്ഥിയായിരുന്ന കാലം മുതൽ വൈദ്യ പ്രതിഭാസ അസാധാരണങ്ങൾ അന്വേഷിച്ചു നടക്കുന്ന പ്രകൃതക്കാരനായിരുന്നു. അന്നു മുതലേ ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിരുന്ന അദ്ദേഹം ഒരു ന്യൂറോസൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്ന സമയത്താണ് തലയ്ക്കു പിറകിൽ ആഘാതമേറ്റ ഒരു പാവത്താനെ കാണുന്നത്. അദ്ദേഹത്തിന് “എല്ലാം കാണും, പക്ഷേ, കാണുന്നത് കാണേണ്ടവയുടെ കഷ്ണങ്ങൾ മാത്രം. മറ്റുള്ളവ കാണാൻ കണ്ണൊന്നു ചലിപ്പിച്ചാൽ കണ്ടുകൊണ്ടിരുന്നത് ഇരുട്ടിലോ പശ്ചാത്തലവർണ്ണത്തിലോ മുങ്ങിപ്പോകും, മുന്നിലെ ദൃശ്യം മുഴുവനായി കാണാൻ കഴിയുകയില്ല (Simulta-gnosia). കണ്ടതിനെ ഒന്നു തൊടാൻ നോക്കിയാൽ കൈ ചലിച്ച് തുടങ്ങാൻ ഒരു മടി (Oculomotor apraxia) അഥവാ കൈ അങ്ങോട്ടു ചെന്നാൽ തന്നെ തൊടേണ്ടിടത്തല്ല ചെല്ലുന്നത്, ഒന്നു രണ്ടു വിറയൽ കഴിഞ്ഞാലേ ചെന്നു പറ്റൂ (Optic ataxia) എന്ന അവസ്ഥ. വലിയ കാര്യമായാണ് ബാലിന്റ് ഇതുമായി ബന്ധപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിച്ചെങ്കിലും അതിനു പ്രതീക്ഷിച്ച സ്വീകാര്യതയും പ്രശസ്തിയും കിട്ടിയത് അമേരിക്കയിലും ബ്രിട്ടണിലുമുള്ള ഗവേഷകരും അതു അംഗീകരിച്ചതിനുശേഷമാണ് ഇതിനെത്തുടർന്നാണ് ആ കൂട്ടം ലക്ഷണങ്ങൾക്ക് ബാലിന്റ്സ് സിൻഡ്രോൺ (Balint’s Syndrome) എന്ന പേരു പോലും കിട്ടിയത്.

കാഴ്ചയുടെ പൂർണ്ണത കിട്ടാൻ ഒന്നു തൊട്ടുകൂടി നോക്കിയാലേ തൃപ്തി പലപ്പോഴും തോന്നൂ എന്നുമുണ്ട്. അന്ധരായവരുടെ ഓക്സിപിറ്റൽ ദൃശ്യ ഭാഗങ്ങളിലേക്ക് സ്പർശത്തിന്റെയും സംസാരത്തിന്റെയും മേഖലകൾ വ്യാപിക്കും എന്നത് സത്യം. ബ്രയിൽ വായിക്കുന്ന എല്ലാ കാഴ്ച പരിമിതിയുള്ളവർക്കും വിരൽത്തുമ്പുകൾ തന്നെ ശരണം. റോസാ കുലഷ്കോവ (1955-78) എന്നൊരു ഇരുപത്തിരണ്ടുകാരി റഷ്യക്കാരിക്ക് വിരൽത്തുമ്പുകൾ മതിയായിരുന്നത്രേ, എഴുത്തുവായിക്കാൻ. കാഴ്ച പരിമിതരായ കുട്ടികളെ പഠിപ്പിക്കാൻച്ചെന്ന കാഴ്ചയുള്ള കുട്ടിയാണ് തമാശയ്ക്ക് ഇതു ചെയ്തുനോക്കിയത്.

ഇസിയ ലെവിയന്റിന്റെ എനിഗ്മ (Enigma by Isia Leviant)

കണ്ടതു മുഴുവൻ നിജമാണെന്ന് ആണയിട്ട് എല്ലാവരും പറയുമെങ്കിലും അവ മുഴുവൻ സത്യമാകണമെന്ന് നിർബന്ധമേയില്ല. അരണ്ട വെളിച്ചത്തിൽ വരമ്പുചാലിൽ ഒഴുകുന്ന നീണ്ടരൂപം പാമ്പിന്റേതാണെന്നും കരിഞ്ഞ വാഴയിലകളുടെ അനക്കം ഇരുട്ടത്ത് ഒളിഞ്ഞിരിക്കുന്ന കള്ളനാണെന്നും തോന്നുക സാധാരണ ഇല്യൂഷനുകളാണ് (Illusions). പക്ഷേ, അതുതന്നെ കലാരൂപമായി വളർത്തിയെടുത്ത വിശ്രുത ചിത്രകാരന്മാരുമുണ്ട്. ഇസിയ ലെവിയന്റിന്റെ എനിഗ്മയും (Enigma by Isia Leviant) യോഷി കിതാക്കോയുടെ ചുറ്റുന്ന സർപ്പങ്ങളും (Akiyoshi Kitako Rotating Snakes) നോക്കൂ…

യോഷി കിതാക്കോയുടെ ചുറ്റുന്ന സർപ്പങ്ങൾ (Akiyoshi Kitako Rotating Snakes

കണ്ണുകളെ പറ്റിക്കാനും എളുപ്പമാണ്. റോമിലെ സാന്തിഗ്നാസിയോ പള്ളി (Church of Sant’Ignazio) പണിഞ്ഞു വന്നപ്പോൾ പല കാരണങ്ങൾ കൊണ്ടും കപ്പോളപ്പണി (Cupola) ബാക്കിയായി. അതിബൃഹത്തായ ആ പണി തീർക്കാൻ പള്ളിക്കാരുടെ കൈയിലെ പണവും തീർന്നു. കൊല്ലം പലതു കടന്നുപോയിട്ടും കൂര പൂർണ്ണമായി പണിയാതെ കിടപ്പുമായി. അപ്പോഴാണ് അവിടത്തെ ഒരു ചിത്രകാരൻ പട്ടക്കാരൻ, ആനിയ പൊസ്സോ (Andrea Pozzo 1642-1709) ആ കുപ്പോളയ്ക്ക് പകരം അവിടെ ഒരു ചിത്രം വരച്ചു കൊടുക്കാമെന്ന് ഏല്ക്കുന്നത്. പരന്ന ആ തട്ടിലെ ചിത്രങ്ങളിന്നുമുണ്ട്. കണ്ടാൽ മുകളിലേക്കു കൂർത്തു പൊന്തുന്ന കൂരയേയും മാലാഖമാരേയും പുണ്യാളന്മാരേയും വരച്ച ആ പരന്ന ചിത്രം തരുന്നത് അത്യദ്ഭുതമായ ഒരു ഇല്യൂഷണറി ദൃശ്യമാണ് ട്രോംപെളെ.

Jesuit Church Vienna – Fresco with Trompe l’oeil – Andrea Pozzo – 1703

കഴിഞ്ഞില്ല, ഇനിയും പലതുണ്ട്. കണ്ടത് മറഞ്ഞെങ്കിലും അതുതന്നെ കണ്ടുകണ്ടിരിക്കുന്ന രീതിയുമുണ്ട്. അതു പാലിനോപ്സിയ (Palin opsia). കണ്ട വെളിച്ചം, കണ്ട ദൃശ്യം, കണ്ട ആൾ ഒക്കെ സെക്കൻഡുകളോ മിനിട്ടുകളോ തുടർന്നും കാണും. അവ ഓർക്കാതെയാണെങ്കിലും ഏറെ നാൾ കഴിഞ്ഞും പിന്നെയും കൺമുന്നിൽ വരും.

ഒട്ടും അസാധാരണമേ അല്ല വേറെ ചിലവ. കൺമുന്നിൽ കാണുന്നതെല്ലാം അകലെയകലെ ഉള്ളവയാണെന്നതും (Teleopsia), ചിലപ്പോൾ ആകാരം ചെറുതായി ചെറുതായി കുഞ്ഞു കുഞ്ഞായി പോകുന്നതും (Micropsia), നേരെ തിരിച്ച് കൺമുന്നിൽ വച്ചുതന്നെ വളർന്നുവളർന്നു ഭീമാകാരമാകുന്നതും (Macropsia) പല മൈഗ്രേൻ തലവേദനക്കാർക്കും പരിചയമായ ലക്ഷണങ്ങളാണ്. ലൂയി കരോൾ എന്ന പേരിലറിയപ്പെട്ട ചാൾസ് ലഡ്വിഗ് ഡോഗ്സൺ (1832-1898) ആലിസ് അദ്ഭുത ലോകത്തിൽ’ (Alice in Wonder land) എന്ന പുസ്തകം എഴുതിപ്പോയത് തന്റെ മൈഗ്രൈൻ കാരണമായെന്ന് സമർഥിക്കുന്നവരുണ്ട്. (ചിത്രം :  “Alice in Wonderland” – Digital painting  David Revoy )

തൊട്ടറിയുന്ന പുറംലോകം

കണ്ണുകളോളം സമർഥമല്ലെങ്കിലും തൊലിപ്പുറങ്ങളാണ് പുറംലോകം അറിയാനുള്ള ഏറ്റവും കഴിവുള്ള അവയവം. സാമാന്യഗതിയിൽ നാമതു സാധാരണ മനസ്സിലാക്കാറില്ലെങ്കിലും, തൊലിയാണ് ശരീരത്തിലെ ഏറ്റവും വലിയ അവയവം- തോലും അതിന്റെ അനുബന്ധങ്ങളായ നഖവും മുടിയും തോലിലെ ഗ്രന്ഥികളും. തോൽപ്പുറമാണ് പരമാനന്ദനിർവൃതി തരുന്ന അവയവയവും ചുംബനത്തിന്റെ, ഭോഗത്തിന്റെ സുഖം തരുന്നതും അതുതന്നെ. എന്തും തൊട്ടുനോക്കിയാലേ പലപ്പോഴും തൃപ്തിയാകൂ എന്നതും സത്യം. ജീവന്റെ ആദ്യഘട്ടങ്ങളിൽ തൊടൽ മാത്രമായിരുന്നു ആകെയുള്ള ഒരു ഇന്ദ്രി യസംവേദനം എന്നുകൂടി ഓർക്കണം.

അതാണ് പ്രതലങ്ങളുടെ സിഗ്ധതയും പാരുഷ്യവും ഒക്കെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത്. സിൽക്കിന്റെ മിനുസവും മൃദുലതയും പരുത്തിയുടെ പരുപരുപ്പും കല്ലിന്റെ കടുപ്പവും തീയുടെ ചൂടും മഞ്ഞിന്റെ തണുപ്പും കത്തിയുടെ മൂർച്ചയും മുറിവിന്റെ വേദനയും മൊബൈൽ ഫോണുകളുടെ കമ്പനങ്ങളും നുള്ളുകളുടെ മർദവും ഒക്കെ ത്വക്കാണ് നമ്മെ അനുഭവപ്പെടുത്തുന്നത്.

കണ്ണുകളില്ലാത്തവർ വിരൽത്തുമ്പുകളുടെ തോലുകളാണ് കണ്ണുകളായി മാറ്റുന്നത്. പേപ്പറുകളിൽ പ്രിന്റു ചെയ്തിരിക്കുന്ന ലേശം പൊങ്ങിയ പൊട്ടുകൾ അക്ഷരങ്ങളായി വായിക്കാനുള്ള സമ്പ്രദായം കുഞ്ഞുന്നാളിൽ കണ്ണുകൾ നശിച്ച് പതിനഞ്ചുവയസ്സുകാരൻ ലൂയി ബ്രയിലിന്റെ സംഭാവനയാണ്.

തൊട്ടാൽ, എടുത്താൽ, കണ്ണുകളില്ലാതെ തന്നെ എടുത്തതിന്റെ ആകൃതി മനസ്സിലാവും. പേന പേനയായും കല്ലു കല്ലായും മരുന്നുഗുളിക ഗുളികയായും ടെലിവിഷന്റെ റിമോട്ട് അതായുമൊക്കെ അറിയുന്നതാണ് സ്റ്റീറിയോനോസിസ് (Stereognosis). കാഴ്ചയുടേയും കേൾവിയുടേയും സഹായമില്ലാതെ, ത്രിമാനവസ്തുക്കളുടെ ആകാരവും രൂപവും സ്പർശനവും കൊണ്ട് മാത്രം മനസ്സിലാക്കുന്നത്. അതില്ലാതെ പോകുന്ന അവസ്ഥയാണ് അസ്റ്റീറിയോഗ്നോസിസ് (Astereognosis).

ഒരു വശത്തെ തൊലിപ്പുറത്തുനിന്ന് തുടങ്ങുന്ന ഇന്ദ്രിയാനുഭവങ്ങൾ മറുവശത്തെ മസ്തിഷ്കത്തിലെ പെറൈറ്റൽ ലോബിൽ (Contralateral Parietal lobe) ചെന്ന് തൊട്ടതെന്തെന്നും അതിന്റെ ത്രിമാനഘടകങ്ങൾ എന്താണെന്നും അറിഞ്ഞ്, അത് മുമ്പു കണ്ടിട്ടുള്ളതാണോ ഓർമ്മയിലുള്ളതാണോ പേരറിയുന്നതാണോ എന്നൊക്കെ തിരിച്ചറിയാൻ ടെമ്പറൽ ലോബിലും അതിനെക്കുറിച്ചുള്ള വികാരഭാവങ്ങൾ അറിയാൻ ലിംബിക് ലോബിലും ഒക്കെ പോയിക്കഴിഞ്ഞിട്ടേ മനസ്സിലാകൽ പൂർത്തിയാകൂ.

തൊലിപ്പുറത്ത് എഴുതിയാൽ (വലുപ്പം വേണം, പല തരത്തിൽ, കൈയിൽ ചെറുതു മതി, പുറത്തു കുറെ വലുപ്പത്തിലാവണം) അതു കാണാതെ തന്നെ വായിക്കാൻ കഴിയുന്ന പ്രത്യേകതയാണ് ഗ്രാഫീഷ്യ (Graphesia). മസ്തിഷ്കപെറൈറ്റൽ ടെമ്പറൽ ലോബുകളിലെ കേടുകൊണ്ട് (Agraphesthesia) അതില്ലാതെ പോകും. ഒരു തൂവൽസ്പർശം പോലും അതിവേദനയായി മാറുന്നതും (Allodynia), ഒരു വശത്തുതൊട്ടാൽ, വേദന വന്നാൽ അതു മറുവശത്താണെന്നു തോന്നുന്നതും (Somato-sensory Allocheria, വാക്കിനർഥം Allos Other, Chiria = Hand), സാധാരണവേദന ഒരു പരിധി കഴിഞ്ഞാൽ അതിദുസ്സഹമായ വേദനയാകുന്നതും (Hyperalgesia ഇതു കൂടുതലും തലാമസ്-പെറൈറ്റൽ ബന്ധസ്ഥാനങ്ങളിലാണ് വരുക) പെറൈറ്റൽ ലോബിലെ കേടുകൾ മൂലമാകാം.

പെറൈറ്റൽ ലോബിന്റെ കേടുകളിൽ ചിലത് വിചിത്രമാണ്. തളർന്നു കിടക്കുന്ന തന്റെ ഒരുവശത്തിന് ഒരു കേടുമില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നതും (Anosognosia), ആ വശത്തെ പൂർണ്ണമായി അവഗണിച്ചു കിടക്കുന്നതും (Hemineglect), ആ ഭാഗം തന്റേതേയല്ല എന്നു വിശ്വസിച്ച് അതെടുത്ത് കളയാൻ നിർബന്ധിക്കുന്നതും അവയിൽ ചിലതാണ്. ഇവയെക്കാളും ശല്യമായവയുമുണ്ട്. വലതുകൈകൊണ്ട് ചെയ്യുന്നതൊക്കെ ഇടതുകൈ തടുക്കും. ഷർട്ടിന്റെ ബട്ടൻസിട്ടതൊക്കെ ഇടതുകൈ അഴിക്കാൻ നോക്കും. വലതു കൈയ്യിലെടുത്ത ചോറുരുള ഇടതു കൈ തട്ടിത്തെറിപ്പിക്കും. അതേക്കാളും വഷളായി ഇടതുകൈ കൊല്ലാൻ വരെ ശ്രമിക്കും, കഴുത്തു പിടിച്ചു ഞെരിക്കും. രഹസ്യമായി കത്തിയെടുത്തു കുത്താൻ നോക്കും-ഏതോ അന്യഗ്രഹ ശത്രു ആവാഹിച്ചെന്നവണ്ണം അതു മാരകമാകും (Alien Hand Syndrome).

കേൾക്കുന്ന പുറംലോകം വിശ്വസിക്കാൻ പ്രയാസമാണ് എന്നാലും കാഴ്ചപരിമിതരെക്കാളും സാമൂഹിക വിഷമങ്ങൾ ഏറെ അനുഭവിക്കുന്നത് കേൾവി പരിമിതരാണ്. അവരുടെ ലോകം തീരെയങ്ങു ചുരുങ്ങും എന്നതാണ് സത്യം. 20-20,000 Hz ശബ്ദതരംഗങ്ങൾ ചെവിയിൽ കയറി ആ വിറയലുകൾ ചെവിക്കുള്ളിലെ മൂന്നു ചെറിയ എല്ലുകളിൽ (malleus, incus, and stapes) ഉച്ചത വർധിപ്പിച്ചാണ് ഉൾച്ചെവിയിലെ ജലത്തിൽ തങ്ങിക്കിടക്കുന്ന കോശങ്ങളുടെ നേർത്ത നാരുകളിൽ ഓളമടിച്ച് തീരെ നേർത്ത വൈദ്യുതി തരംഗങ്ങളായി, മസ്തിഷ്ക കാണ്ഡംവഴി കേൾവിയുടെ കേന്ദ്രങ്ങളിലേക്കു പോകുക.

കേട്ടത് ഭീതിജനകമായ ശബ്ദമാണെങ്കിൽ അവ മസ്തിഷ്കത്തിലെ കേൾവി കേന്ദ്രങ്ങളിലൊന്നും പോകേണ്ട കാര്യമില്ല, ഭയപ്പെടുത്തുന്ന ഭീകരമായ ഒച്ച, നായയുടെ കുര, പാമ്പിന്റെ ചീറ്റൽ, പെട്ടെന്നു പിറകിൽ കേൾക്കുന്ന ഹോൺ, അപ്രതീക്ഷിതമായ അപരിചിത ശബ്ദം ഇതൊക്കെ കേട്ടാൽ ആരും ഒന്ന് ഞെട്ടിത്തെറിക്കും. അതിന് മസ്തിഷ്ക കാണ്ഡത്തിൽ നിന്നു ഭയത്തിന്റെ കേന്ദ്രങ്ങളിൽനിന്നു സുഷുമ്നാ നാഡിയിലേക്കു പോകുന്ന പാതകൾ മതി. ചിലരുടെ ഞെട്ടൽ തെറിച്ചുപോകുന്ന തരത്തിലുള്ളതുമാകാം (ഹൈപ്പർ എക്സ്പ്ലെക്സിയ -Hyperekplexia).

സാധാരണ കേൾക്കുന്നവ, സംസാരവും പാട്ടും പരിസരങ്ങളിലുള്ള പശ്ചാത്തല ശബ്ദങ്ങളുമാണ്. മസ്തിഷ്കത്തിലെ കേൾവി കേന്ദ്രങ്ങളിൽപ്പെട്ടാൽ അവയുടെ പിച്ചും (pitch) ഒച്ചയും എന്താണ് അവയെന്നും എവിടെ നിന്നാണ് വരുന്നതെന്നുമൊക്കെ അറിയാം. സംസാരമാണെങ്കിൽ ഇടതു മസ്തിഷ്കത്തിലെ ഭാഷ കേന്ദ്രങ്ങളിലാവും പോകുക. സംഗീതം വലതു മസ്തിഷ്കത്തിന്റെ ധർമ്മമാണ്, പ്രാഥമികമായും. വളരെ ഒച്ച കുറഞ്ഞ പിറുപിറുക്കലുകൾ തൊട്ട് പരിസരമാകെ പ്രകമ്പനം കൊള്ളിക്കുന്ന ഭയാനകമായ ശബ്ദം വരെ കേഴ്വി കേന്ദ്രങ്ങൾ വിശകലനം ചെയ്യും. അവയുടെ പൊരുളും സാംഗത്യവും എവിടെ നിന്നാ വരുന്നതെന്നുമൊക്കെയുള്ളവ അറിയും. അവയുടെ സാമൂഹികവും വൈകാരികവുമായ പ്രസക്തികളു മൊക്കെ അറിയും. പ്രതികരണങ്ങൾ കേട്ടവയ്ക്ക് അനുസൃതമായിരിക്കും. പാമ്പിന്റെ സീൽക്കാരവും പേപ്പട്ടിയുടെ കുരയും പിന്നാലെ പമ്മി വരുന്ന കള്ളന്റെ കാലടിസ്വരവും ആദ്യം മനസ്സിലാക്കുന്നത് ഭീതിയറിയുന്ന അ മിഗ്ഡലയും അതിന്റെ അനുബന്ധ ഭാഗങ്ങളുമാണ്.

കേൾവി പരിമിതിയില്ലെങ്കിലും അറിയാവുന്ന ഭാഷയാണെങ്കിലും കേട്ടത് അറിയാതെ പോകുന്നത് അത്യപൂർവമായി സംഭവിക്കാറുണ്ട്. അതാണ് കേട്ടറിയായ്മ – Auditory Agnosia, കേൾവിയെ നിയന്ത്രിക്കുന്ന ഇടതു ടെമ്പറൽ ലോബിന്റെ കേടുകൊണ്ടുണ്ടാവുന്നത്. കേൾക്കും പക്ഷേ, കേട്ടതിനൊന്നും അർഥമില്ല. ഇതിനേക്കാളും അസാധാരണമാണ് ജന്മനാതന്നെ വരുന്ന കേട്ടറിയായ്മയുടെ വേറൊരു വകഭേദം. കേൾവിയുണ്ട് പക്ഷേ, കേട്ട സംസാരത്തിന്റെ അർഥം പിടികിട്ടില്ല, പ്രത്യേകിച്ചും മൂന്നുനാലുപേർ ഒരുമിച്ചുകൂടി സംസാരിക്കുമ്പോൾ, പാട്ട് പാട്ടായി തോന്നുകയുമില്ല. പുറമേ കേൾക്കുന്ന ശബ്ദങ്ങൾക്കും അർഥമില്ല, പൂച്ചയുടെ ‘ങ്യാവൂ’വും പട്ടിയുടെ കുരയും പശുവിന്റെ കരച്ചിലും കാക്കയുടെ “കാ’ ‘കാ’യുമൊക്കെ എന്തോ ശബ്ദമായി തോന്നും. കുഞ്ഞുനാൾ മുതൽ തുടങ്ങുന്ന പ്രശ്നം മരിക്കുന്നതുവരെ തുടരും. അത് കേൾവിയുടെ കേന്ദ്രങ്ങൾ ഭ്രൂണാവസ്ഥയിൽ വച്ചുതന്നെ മികവ് നേടാത്തതുകൊണ്ടാണ് (CAPD-Central auditory process-ing disorder).

മണവും രുചിയുമുള്ള ലോകങ്ങൾ

പരിണാമത്തിന്റെ ആദ്യഘട്ടങ്ങളിൽ സ്പർശനം കഴിഞ്ഞാൽ പിന്നെ വികസിച്ചത് രുചിയുടേയും മണത്തിന്റെയും അനുഭൂതികളാണ്. കടിച്ചുവായിലിട്ടതിന്റെ രുചി അരോചകമാണെങ്കിൽ തുപ്പിക്കളയണം. ഏക കോശജീവിയായ അമീബ പോലും പൊതിഞ്ഞുള്ളിലാക്കിയത് അതിനു അരുചിയാണെങ്കിൽ കളയും. രുചിക്കുകൂട്ടായി മണവും വേണം-സ്വാദാവണമെങ്കിൽ. കാക്കത്തൊള്ളായിരമാണ് രുചിയും മണവും. നമുക്ക് സാധാരണ അനുഭവവേദ്യമാകുന്ന മണങ്ങൾ അധികമൊന്നുമുണ്ടാവില്ല. എന്നാലും, ഒരു മില്യണിലേറെ (1,000,000,000,000) മണങ്ങളറിയാൻ നമുക്ക് കഴിവുണ്ടെന്ന് ഗവേഷകരും.

മണങ്ങളുടെ മസ്തിഷ്ക കേന്ദ്രങ്ങൾ ടെമ്പറൽ ലോബിന്റെ മുനമ്പുകളിലാണ്. അവിടെനിന്നു ദൂരമധികമില്ല, രുചിയുടെ മസ്തിഷ്കകേന്ദ്രമായ, ഇൻസുലാർ കോർട്ടെക്സിലേക്ക് (Insular cortex). ഇവ വെവ്വേറെയായാണ് പ്രവർത്തിക്കുന്നതെന്നു തോന്നുമെങ്കിലും ഇവ തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. മണവും രുചിയുമാണ് ഓർമ്മകളെ ക്ഷണിച്ചു വരുത്തുന്നവ. ഫ്രഞ്ചു സാഹിത്യകാ രനായിരുന്ന മാർസൽ പ്രോസ്റ്റിന്റെ (Marcel Proust 1871-1922) “നഷ്ട കാലത്തെ തിരഞ്ഞ്’ (In Search of Lost Time) എന്ന വിഖ്യാതമായ നോവലിൽ വെണ്ണയിലുണ്ടാക്കിയ ഒരു കേക്കു ചായയിൽ മുക്കി കഴിക്കുന്ന ബാല്യകാല ഓർമ്മ വിവരിക്കുന്നതു പോലുള്ള രുചിയോർമ്മകൾ നമുക്ക് ഓരോരുത്തർക്കും ഉണ്ടാവും.

മാർസൽ പ്രോസ്റ്റിന്റെ (Marcel Proust 1871-1922)

മണത്തിനും അതുപോലെ ഓർമ്മകളെയുണർത്താനുള്ള കഴിവുണ്ട്. മനുഷ്യന്റെ കാലമായപ്പോഴേക്കും മണത്തിന്റെ പ്രസക്തി കുറഞ്ഞെങ്കിലും പല ജീവികൾക്കും മണമാണ് തൊടൽ പോലെ പ്രധാനം. മണമൊട്ടുമറിഞ്ഞു കൂടാതെ പോകൽ അത കണ്ടു പ്രധാനമായി സാധാരണ കരുതാറില്ലെങ്കിലും കഴിക്കുന്നതിന്റെ രുചിയുടെ പകുതിയും മണമാണ്. ചൂടുള്ള ചായയോ കാപ്പിയോ മണമില്ലാത്തവനു വെറും “വാട്ടവെള്ളം പോലെ തോന്നു. മൂക്കിലെ പഴുപ്പു കയറലും തലയ്ക്കു പറ്റുന്ന ആഘാതങ്ങളുമാണ് മണം പോകാനുള്ള കാരണങ്ങളിൽ പ്രധാനം. ചിലപ്പോൾ തലയ്ക്ക് ചെറിയ ഒരു തട്ടുമതി ധാരാളം സുഷിരങ്ങളുള്ള അരിപ്പപോലത്തെ ഒരു എല്ലിൽ കഷണത്തിലൂടെ (cribriform plate of the ethmoid bone) പോകുന്ന ഒരു തലമുടിനാരിനെക്കാളും നേരിയ അനവധി അനവധി മണഞരമ്പുകൾ പൊട്ടിച്ചിതറിപ്പോകാൻ. അത്യപൂർവമാണ് ജന്മനാ തന്നെ മണമറിയായ്മ വരുന്നത്. കാൽമാൻ സിൻഡ്രോം (Kallmann Syndrome) എന്ന രോഗാവസ്ഥയിൽ മണമൊന്നും അറിയില്ല.

പല ജീവികൾക്കും മണമറിയുക എന്നത് ജീവനു തന്നെ പ്രധാനമായ ഒന്നാണ് പല ജീവികൾക്കും. വെള്ളത്തിൽ ഒരു തുള്ളി ചോരയുടെ ഗന്ധം മതി ഒരു സ്രാവിനു കിലോ മീറ്ററുകളകലെ നടക്കുന്ന ഏതോ മീനിന്റെ ഇരപിടുത്തമറിയാനും പങ്കു കിട്ടാൻ പാഞ്ഞുചെല്ലാനും. എന്നോ കൊന്നു വലിച്ചിഴച്ചുകൊണ്ടു പോയി അകലെയെവിടെയോ കുഴിച്ചിട്ടവന്റെ കുപ്പായത്തിന്റെ മണം ലേശം മതി പരിശീലനം കിട്ടിയ നായയ്ക്ക് അവനെ കൊണ്ടുപോയ വഴിയും അവന്റെ കുഴിമാടവും പോലീസിനു കാണിച്ചുകൊടുക്കാൻ. ഇരുപതു-ഇരുപത്തഞ്ചു കിലോമീറ്ററകലെയുള്ള കുടിവെള്ളത്തിന്റെ മണവും മദം പൊട്ടിയ ആണാനയുടെ മദജലത്തിന്റെ ഗന്ധവും ഒക്കെ ആനകൾക്ക് അറിയാനാകും.

പക്ഷേ, മനുഷ്യന് ഗന്ധശക്തി കുറവാണ്. എന്നാലും, മണമറിയാതെയുള്ള മണമറിയിൽ നമുക്കുമുണ്ട്. ഫിറമോണുകളുടെ (Pheromones) അറിയാതെ അറിയുന്ന നേരിയ ഗന്ധമാണ് ലൈംഗികതയുടെ ഒരു ചോദന. പക്ഷേ, സാധാരണ ഗന്ധങ്ങളുളവാക്കുന്ന ഓർമ്മകളും വൈകാരികഭാവങ്ങളും ഒക്കെ നിത്യജീവിതത്തിൽ അവശ്യമാണ്. കണ്ടതും തൊട്ടതും മണത്തതും രുചിച്ചതും ആയവയുടെ ഓർമ്മകളാ എന്തിനേയും കൊള്ളണോ തള്ളണോ എന്നു തീരുമാനിക്കുന്നതും.

പഞ്ചേന്ദ്രിയ സ്മൃതികൾക്കുമപ്പുറം

നമ്മൾ അറിയുന്ന പഞ്ചേന്ദ്രിയജ്ഞാനങ്ങൾക്കുമപ്പുറം, ത്രിമാനഭാവങ്ങൾക്കുമപ്പുറം എന്തെല്ലാമുണ്ട് എന്നതിനെക്കുറിച്ചുള്ള അറിവ് സാധാരണ ശ്രദ്ധയിൽപ്പെടാറുപോലുമില്ല. ഇലക്ട്രിക്കൽ തരംഗങ്ങളറിയാനും (Electroreceptors) കാന്തികതരംഗങ്ങളറിയാനും (Magnetoreceptors), ജലത്തിലെ നേരിയ മർദവ്യത്യാസങ്ങളറിയാനും തീരെ നിസ്സാരമായ കെമിക്കലുകളറിയാനും (Chemore-ceptors), വെളിച്ചത്തിന്റെ ഇൻഫ്രാറെഡും അൾട്രാവയലറ്റ് തരംഗങ്ങളറിയാനും നമുക്ക് സാധ്യമല്ല. മാറ്റൊലികൾ കൊണ്ട് ഇരതേടാൻ (Echo location) പോകുന്ന ജീവികളുടെന്നും നാം ഓർക്കാറേ ഇല്ല. ത്രിമാന ഭാവങ്ങൾക്കുപരി ഫിസിക്സിലും ഗണിതത്തിലും മാത്രമല്ല, കലകളിൽ പോലും (പ്രത്യേകിച്ചും ചിത്രകലയിൽ) ചതുർമാനഭാവങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.

നാം അവയൊന്നും അനുഭവിക്കാത്തതുകൊണ്ട്, അവ ഇല്ല എന്നു പറയുന്നതിൽ അർഥമില്ല. ഒരുപക്ഷേ, നാളെയൊരു കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നമുക്ക് അവ നിത്യാനുഭവങ്ങളായി മാറുമായിരിക്കും. ആ സാങ്കേതികവിദ്യകളുടെ കടന്നുകയറ്റം തരാൻ പോകുന്ന അറിവുകളുടെ പരിധികൾ ഇന്നു പ്രവചിക്കാൻ പോലുമാവില്ല.


കേൾക്കാം

എം സി നമ്പൂതിരിപ്പാടിന്റെ സ്‌മരണാർത്ഥം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏർപ്പെടുത്തിയ ശാസ്ത്രസാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രഗത്ഭനായ ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡോ.കെ.രാജശേഖരൻ നായർ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ


അനുബന്ധ വായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Climate Change Adaptation – ഉപന്യാസരചനാ മത്സരം
Next post പെൺകരുത്തിന്റെ ത്രസ്റ്ററിൽ ഇന്ത്യൻ ബഹിരാകാശ കുതിപ്പ്…
Close